19/04/2026

സത്യഭാമ : ഭാഗം 01

രചന – അയിഷ അക്ബർ

ത്യ ഭാമ…… അവനെ പോലൊരു തല്ലു കൊള്ളിക്ക് ഞാനെന്റെ കൊച്ചിനെ കൊടുക്കാൻ സമ്മതിക്കത്തില്ല….. വിറക്കുന്ന ശബ്ദത്തോടെ ആ വൃദ്ധയത് പറയുമ്പോൾ കേട്ട് നിന്ന ജയയുടെ മുഖം മാറുന്നുണ്ടായിരുന്നു… അതെങ്ങനെ ശെരിയാകും ശാരതാമ്മേ….. മാധവൻ മഹേഷിന് കൊടുക്കാനുള്ള പണത്തിനു പകരമായല്ലേ അവൻ ഭാമയെ ചോദിച്ചത്……. കേട്ട് നിന്നിരുന്ന മഹേഷിന്റെ അച്ഛൻ കേശവൻ അല്പം ദേഷ്യത്തോടെ തന്നെയാണത് പറഞ്ഞത്…. മാധവൻ മരിച്ചു ഇവിടെ നിന്നിറങ്ങിയതല്ലേ ഉള്ളൂ…. അവന്റെ പണം എങ്ങനെയെങ്കിലും ഞങ്ങൾ തന്ന് വീട്ടിക്കോളാം….. അതിനു പകരമായി അവനെ പോലൊരാൾക്ക് അവളെ തരാൻ പറ്റില്ല…… അതും പറഞ്ഞ് കൊണ്ട് പിന്നീടൊരു വാക്കിനു പോലും കാത്തു നിൽക്കാതെ ശാരതാമ്മ അകത്തേക്ക് പോയി…. ജയയുടെ മുഖത്ത് കനപ്പിച്ചൊന്നു നോക്കി കേശവനും അവിടെ നിന്നിറങ്ങി…… ജയ എന്ത് പറയണമെന്നറിയാതെ നിന്നുരുകി…..

അത്രയും പണം എവിടെ നിന്നെടുത്തു കൊടുക്കുമെന്ന് വിചാരിച്ചാ തള്ളക്കും പേരക്കുട്ടിക്കും ഇത്ര അഹങ്കാരം…… അടുക്കള പുറത്തെ തിണ്ണയിൽ ചുമരിനോട് തല ചേർത്ത് കിടക്കുന്ന ഭാമ തലയുയർത്തി ജയയെയൊന്നു നോക്കി….. അവളുടെ മിഴികൾ ഉറക്കമില്ലാത്ത രാവുകളിലേക്ക് ചൂണ്ടി കാണിക്കുന്നുണ്ടായിരുന്നു.. അടക്ക കുത്തി പൊട്ടിച്ചു കൊണ്ടിരുന്ന ശാരതാമ്മയും ജയയെ കണ്ടില്ലെന്നു നടിച്ചു….. ഇതാ ചേച്ചീ….. കട്ടൻ കാപ്പി…. കയ്യിലൊരു സ്റ്റീൽ ഗ്ലാസുമായി ഭാമക്കരികിലേക്ക് വന്ന അനഘയെ ജയ തുറിച്ചു നോക്കി….. കൊണ്ട് കൊടുക്കെടീ റാണിക്ക്….. രാജ കുമാരനെ കാത്തിരിക്കുന്ന ഇരിപ്പല്ലേ….. ജയയുടെ സംസാരം അവളോടല്ലെന്ന മട്ടിൽ അവൾ ഗ്ലാസ്‌ ചുണ്ടോടു ചേർത്തു….. അതേടീ അവൾ റാണി തന്നെയാ…..അതിലെന്താ നിനക്കിത്ര സംശയം….. മുറുക്കാൻ വായിലിട്ട് കൊണ്ട് ശാരതാമ്മ പറഞ്ഞത് ജയയെ അക്ഷരാർത്ഥത്തിൽ ചൊടിപ്പിച്ചിരുന്നു……

ഓഹ്….. അങ്ങേര് അവൾക്ക് വേണ്ടി ബാക്കി വെച്ചു പോയത് കോടിക്കണക്കിനു സ്വത്തല്ലാ ….. മൂക്ക് മുട്ടെ കടമാണ്…… കഷ്ടപ്പെടുന്ന നേരത്ത് എന്റെ ചേട്ടന്റെ മോൻ അപ്പച്ചിയെ കരുതിയാണെന്നും പറഞ്ഞ് കൊടുത്തതാ…. എന്നിട്ട് പറഞ്ഞ സമയത്തിനപ്പുറം കഴിഞ്ഞിട്ടും അതിയാനെ കൊണ്ട് തിരിച്ചു കൊടുക്കാനായില്ലെന്ന് മാത്രമല്ല….. പകരം ഇവളെ മതിയെന്ന് പറഞ്ഞപ്പോൾ അതും പറ്റില്ല…… ജയയുടെ കത്തി കേറിയുള്ള സംസാരം അച്ഛനിലേക്ക് എത്തിയപ്പോൾ ഭാമയുടെ ഉള്ളൊന്നു പിടഞ്ഞു….. വാക്ക് കൊണ്ട് പോലും നോവിക്കാത്ത എപ്പോഴും പുഞ്ചിരിച്ചു കാണുന്ന അച്ഛൻ വേദനിപ്പിക്കുന്ന ഓർമയായി ബാക്കി നിന്നു….. അമ്മയൊന്നു നിർത്താവോ…. അച്ഛൻ പോയിട്ട് ആ മണം പോലും വിട്ടിട്ടില്ല…. അതിനു മുന്പേ….. ഭാമയുടെ ശബ്ദം അങ്ങേയറ്റം ദയനീയമായിരുന്നു…. പിന്നീടൊന്നും പറയാൻ നിൽക്കാതെ ജയ അകത്തേക്ക് പോയി…. നിറഞ്ഞു വന്ന കണ്ണുനീർ തുടക്കുമ്പോൾ കൈകളിൽ അനഘ അമർത്തി പിടിച്ചിരുന്നു….. ഇടത് കൈ കൊണ്ട് അവളെ തന്നോട് ചേർത്ത് നിർത്തുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.. കണ്ണിൽ കാണുന്നതിനെ മനസ്സിന് താങ്ങാൻ കഴിയാത്തത് കൊണ്ടായിരിക്കും ശാരതാമ്മ ദൂരേക്ക് നോക്കിയിരുന്നത്…..

പാട വരമ്പത്തു കൂടെ നടക്കുമ്പോൾ ചൂടിയിരുന്ന കുട തെങ്ങിൻ തോപ്പിലേക്കെത്തിയപ്പോൾ കൂട്ടിയപ്പോഴാണ് അവിടെ നിൽക്കുന്ന മഹേഷിനെ ഭാമ കാണുന്നത്…… ഭാമേ….. കണ്ടില്ലെന്ന മട്ടിൽ നടക്കാൻ തുടങ്ങിയതും ആ വിളി അവളുടെ കാലുകളെ പിടിച്ചു നിർത്തി…… നേരെ ചൊവ്വേ കല്യാണം ആലോചിച്ചു വന്നപ്പോൾ നിനക്കെന്നെ വേണ്ട പോലും…. അവൻ പുച്ഛത്തോടെ ചിരിച്ചു….. അവളൊന്നും മിണ്ടിയില്ല…. നിന്നെ കണ്ടിട്ട് തന്നെയാഡീ നിന്റച്ഛന് ഞാൻ പണം കൊടുത്തത്….. അതിനു പകരം നീയെന്നെ സ്വീകരിക്കുകയില്ലാതെ നിങ്ങൾക്ക് മുമ്പിൽ മറ്റൊരു വഴിയുമില്ല….. ഒന്നിമല്ലെങ്കിൽ ഞാൻ നിന്റെ മുറ ചെറുക്കനല്ലെടീ….. ചിരിച്ചു കൊണ്ടവന്നത് പറയുമ്പോൾ ഭാമ പുഞ്ചിരിച്ചു….. മുറ ചെറുക്കാനൊക്കെ തന്നെ…… എന്നാലിപ്പോ പറഞ്ഞ കാര്യം ഭാമ ജീവനോടെ ഉള്ളിടത്തോളം നടക്കില്ല….. അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു പകരം വന്ന ഗൌരവം അവനങ്ങനെ അൽപ നേരം നോക്കി…. അവന്റെ നോട്ടത്തിന് മുഖം കൊടുക്കാതെ അവൾ നടന്നകന്നു…….

ഭാമയെ എനിക്ക് തരികയാണെങ്കിൽ അപ്പച്ചിയുടെ തെക്കെപുറത്തെ പറമ്പ് ഞാൻ തിരിച്ചങ്ങോട്ട് തന്നെ തരാം….. മഹേഷിന്റെ വാക്കുകൾ ജയയുടെ കാതുകളിൽ അലയടിച്ചു…. തനിക്ക് തറവാട്ട് സ്വത്തിൽ നിന്ന് കിട്ടിയ ഓഹരിയാണാ പറമ്പ്…. അത്രയേറെ കഷ്ടപ്പെട്ട സമയത്താണ് അത് മഹേഷിന് കൊടുത്ത് താൻ പണം വാങ്ങിയത്… അതും മാധവേട്ടൻ പോലുമറിയാതെ… അത് തിരിച്ചു കിട്ടുക യെന്ന് പറയുമ്പോൾ എന്തോ നിധി കിട്ടുന്ന പോൽ മനസ്സ് ആനന്ദത്തിലാണ്…… എന്നാൽ അമ്മയും ഭാമയും സമ്മതിക്കില്ല….. എങ്ങനെയെങ്കിലും ഈ വിവാഹം നടത്തണമെന്ന ഉദ്ദേശത്തിൽ തന്നെയാണ് ഭാമയുടെ മുറിയുടെ വാതിൽ ജയ തുറന്നത്….. മോളുറങ്ങിയോ….. ജയയുടെ മധുരം പുരട്ടിയ വാക്കിൽ തിരിഞ്ഞു കിടക്കുകയായിരുന്ന ഭാമ കൈകളിൽ തല വെച്ചു കിടന്നിരുന്ന അനഘയെ താഴേക്ക് കിടത്തി എഴുന്നേറ്റു……

മോളേ…. മോൾക്കറിയാമല്ലോ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ….. അമ്മക്ക് നിന്നെ ഇഷ്ടമില്ലാന്നിട്ടാണ് ഈ വിവാഹത്തിന് നിർബന്ധിക്കുന്നതെന്ന് നിനക്ക് തോന്നുന്നുണ്ടോ…. ചെറിയൊരു തല്ല് കൊള്ളിത്തരം ഉണ്ടെങ്കിലും മഹേഷ്‌ നല്ലവനാഡീ….. നിന്നെയെന്ന് വെച്ചാൽ ജീവനാ….. പോരാത്തതിന് പൂത്ത കാശും…… അവനെ കുറിച്ചുള്ള വർണ്ണനകളിൽ ജയയുടെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞപ്പോൾ ഭാമ അവരെ കടുപ്പിച്ചൊന്നു നോക്കി…… പെട്ടെന്ന് തന്നെ അവരുടെ പുഞ്ചിരി മാഞ്ഞു പകരം ദുഖത്തെ കൂട്ട് പിടിച്ചു… ഇരിക്കുന്ന ഈ കൂര കൂടി കളഞ്ഞാലേ നിന്റെ വാശി തീരുവെങ്കിൽ അമ്മയിനിയൊന്നും പറയുന്നില്ല….. നിനക്ക് വേണ്ടി കൂടിയാണ് പറയുന്നതെന്ന് മറക്കരുത്….. ഇനിയും അവനീ വീടിന്റെ പടി കേറിയിറങ്ങിയാൽ പിന്നീടൊരു ആവശ്യം മോളോട് പറയാൻ അമ്മയീ ലോകത്ത് ഉണ്ടായെന്ന് വരില്ല….. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ജയ അവിടെ നിന്നും എഴുന്നേറ്റ് പോകുമ്പോൾ ദീർഘ നിശ്വാസത്തോടെ ഭാമ നോക്കി…..

അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല….. അമ്മ എപ്പോഴും ഞാനുമായി വഴക്ക് തന്നെയായിരുന്നു….. എന്നാൽ ഒരു നോട്ടം കൊണ്ട് പോലും നോവിക്കാതെ ഒരു ആത്മാർത്ഥ സുഹൃത്തായി രണ്ട് പേരെയും ഹൃദയത്തോട് ചേർത്ത് വെച്ചത് അച്ഛനായിരുന്നു…. അമ്മക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല…. പ്രകടിപ്പിക്കാതെ വെക്കുന്ന സ്നേഹം ഒന്നിനും ഉപകരിക്കാതെ പൂത്തു പോകുമെന്നൊക്കെ അച്ഛൻ പറയാറുണ്ട്….. അമ്മ ആവശ്യപ്പെട്ടതിനേക്കാൾ അച്ഛന്റെ കടം തന്നെ വല്ലാത്തൊരു ആശങ്കയിൽ പെടുത്തുന്നു….. സ്വന്തം കാലിൽ പെൺകുട്ടികൾ നിൽക്കണമെന്ന് പറഞ്ഞ് അച്ഛനെന്നെ പഠിപ്പിച്ചൊരു നേഴ്സ് ആക്കി….. അതിൽ നിന്നു കിട്ടുന്നത് കൊണ്ടൊരിക്കലും മഹേഷേട്ടന്റെ കടം വീട്ടാൻ കഴിയില്ല….. മാത്രവുമല്ല…. എന്നെ പഠിപ്പിക്കാൻ അച്ഛനുണ്ടായിരുന്നു…. എന്നാൽ അനഘ മോൾക്ക് ഞാനല്ലേയുള്ളു….. ഭാമ പതിയേ അടുത്ത് കിടക്കുന്ന അനഘയുടെ മുടിയിഴകളിൽ തലോടി….

അവൾ പതിയേ എഴുന്നേറ്റ് നടന്നു മുത്തശ്ശിയുടെ കട്ടിലിനോരതായിരുന്നു…. അരികിലായി വെച്ചിരുന്ന വെറ്റിലയിൽ ചുണ്ണാമ്പ് തേച് അടക്ക പൊട്ടിക്കുന്ന ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ശാരതാമ്മ കണ്ണുകൾ തുറന്നു…… ഉറക്കം എഴുന്നേറ്റാലുടനെ മുത്തശ്ശിക്ക് ഇത് വായിലിടണം….. പൊട്ടിച്ച അടക്ക വെറ്റിലക്കുള്ളിലാക്കി അവൾ മുത്തശ്ശിക്ക് നീട്ടി …. അവളുടെ നീളൻ കൺപീലികളിൽ മിഞ്ഞി മായുന്ന ദുഖത്തിന്റെ നിഴലിനെ അവർ തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ അത് കൈകളിൽ വാങ്ങിയെങ്കിലും വായിലേക്കിട്ടില്ല…… എന്താ കുട്ടീ…. എന്താ നിനക്ക് പറ്റിത്…… അവളുടെ മുടിയിഴകളിൽ തലോടിയത് ചോദിക്കുമ്പോൾ അവൾ മിഴികളുയർത്തി അവരെ നോക്കി….. ഞാൻ…..ഞാൻ മഹേഷേട്ടനെ തന്നെ വിവാഹം കഴിച്ചാലോ മുത്തശ്ശി….. അതും പറഞ്ഞവൾ ആ മടിയിലേക്ക് ചാഞ്ഞു….

അവളുടെ കണ്ണുകളിൽ നിന്നും ഇറ്റ് വീഴുന്ന കണ്ണുനീർ അവരുടെ കാലുകളിൽ തട്ടി നിന്നു…. എന്താപ്പോ പെട്ടെന്നങ്ങനെ തോന്നാൻ….. ഈ കല്യാണത്തോടെ അച്ഛന്റെ കടം വീടും അമ്മയുടെ മനപ്രയാസം തീരും അനഘ മോളുടെ കാര്യവും…… അപ്പോ നിന്റെ കാര്യമോ…. അവൾ പറഞ്ഞത് മുഴുവനാകുന്നതിനു മുന്പേ ശാരത ചോദിച്ചു … ഭാമക്ക് പറയാൻ മറുപടിയുണ്ടായിരുന്നില്ല…. ഞാൻ ഒരാളുടെ കാര്യത്തിന് വേണ്ടി എല്ലാവരെയും വിഷമിപ്പിക്കാനാവില്ല മുത്തശീ….. ഈ ജന്മം എന്റെ വിധി അതായിരിക്കും….. അങ്ങനെ നടക്കട്ടെ….. നിറഞ്ഞു വന്ന മിഴികൾ തുടക്കാൻ പോലും നിൽക്കാതെ അവളവിടെ നിന്നും നടന്നകന്നു….. മഹേഷേട്ടനുമായുള്ള വിവാഹത്തിന് തനിക്ക് സമ്മതമാണെന്ന് പറയുമ്പോൾ അമ്മ തന്നെ ചേർത്ത് പിടിച്ചു ചുംബിച്ചു…. അച്ഛൻ പറഞ്ഞത് എത്ര വലിയ തെറ്റായിരുന്നു… അമ്മക്ക് മനോഹരമായി സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്നുണ്ടല്ലോ…. അവൾക്ക് പുച്ഛം തോന്നി…. സന്തോഷം വരുമ്പോൾ പ്രകടിപ്പിക്കേണ്ടതാണോ സ്നേഹം….. അരികിലുള്ള ആൾക്ക് നമ്മുടെ ശ്വാസം കൊണ്ട് പോലും തിരിച്ചറിയാൻ കഴിയുന്നതല്ലേ സ്നേഹം….

ജയ ഈ സന്തോഷ വാർത്ത മഹേഷിനോട് വിളിച്ചു പറയുന്ന തിരക്കിലായിരുന്നു….. അമ്മേ ഇനിയും വെച്ച് താമസിപ്പിക്കേണ്ടെന്നാ അവര് പറയുന്നത്…. നാളെ തന്നെ നിശ്ചയിച്ചിടാൻ അവര് വരാമെന്നു പറഞ്ഞിട്ടുണ്ട്….. ജയ അത്യധികം സന്തോഷത്തോടെ അത് പറയുമ്പോഴും ശാരതാമ്മയുടെ മുഖം തെളിഞ്ഞിരുന്നില്ല…. എടീ….. അവളെ വിറ്റ് കാശ് വാങ്ങാൻ അവള് നിന്റെയാരാടീ…… നിന്റെ മോള് അനഘയെ ആയിരുന്നു അവൻ ചോദിച്ചതെങ്കിൽ നീ കെട്ടിച്ചു കൊടുക്കുമായിരുന്നോ….. ശാരത അല്പം ഉറക്കെ തന്നെ അത് ചോദിച്ചപ്പോൾ ഭാമ കേട്ട് കാണുമോയെന്ന ഭയത്തിലൊന്നു ചുറ്റും നോക്കി…. അവരാകെ ചൂളി പോയിരുന്നു….. പിന്നീടൊരു സംസാരത്തിനു നിന്നാൽ ശാരത ഉറക്കെ വിളിച്ചു പറയുമോയെന്ന് ഭയന്നിട്ട് തന്നെയാണ് ജയ ഒന്നും മിണ്ടാത്തെ അകത്തേക്ക് കയറിപ്പോയത്………

ഭാമേ…മഹേഷ് പണം ആവശ്യപ്പെടുന്നത് നിന്നെ കണ്ണിൽ കാണുന്നത് കൊണ്ടാണ്….. അത് കൊണ്ട് മോളിവിടെ നിന്ന് എത്രയും പെട്ടന്ന് മാറണം…. ശാരതാമ്മ ചെവിയോരം നിന്നത് പറയുമ്പോൾ ഭാമ കണ്ണു മിഴിച്ചവരെ നോക്കി…. പക്ഷെ….. എങ്ങോട്ട് മുത്തശ്ശി….. സ്ഥലമൊക്കെ ഞാൻ പറഞ്ഞ് തരാം…. പണ്ട് നിന്റച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്തേ സുഹൃത്താണ്….. നീയീ കത്തു അവന്റെ കൈയിൽ കൊടുത്താൽ മതി……. പക്ഷെ ഒരു കാരണവശാലും നീയീ കത്തു തുറക്കരുത്…… അവളുടെ കയ്യിൽ നീട്ടിയ ആ കടലാസ് കഷ്ണത്തിന് അത്രയേറെ മൂല്യമുണ്ടായിരുന്നെന്ന് ശാരതക്കറിയാമായിരുന്നെങ്കിലും ഭാമക്ക് അതിനെ കുറിച് ചിന്തിക്കാനൊന്നും പറ്റിയ അവസ്ഥയിലായിരുന്നില്ല……

എല്ലാവരുടെയും കണ്ണു വെട്ടിച്ചു ശാരത അവളെ യാത്രയാക്കുമ്പോൾ ആ കടലാസ് കഷ്ണം അവളുടെ കൈകളിലിരുന്നു ഞെരുങ്ങുന്നുണ്ടായിരുന്നു…. ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് മുൻപ് ഏൽപ്പിച്ച ആ നിധിയെ തിരിച്ചേൽപ്പിക്കാൻ മനസ്സുണ്ടായിട്ടല്ല….. അല്ലാതെ മറ്റ് വഴികളില്ലാഞ്ഞിട്ടാണെന്ന് ശാരതയുടെ മനസ്സ് അവരോടായി മന്ത്രിക്കുന്നുണ്ടായിരുന്നു…. (തുടരും ) ഭാഗ്യ ജാതകം പോലൊരു വലിയ കഥയൊന്നും മനസ്സിലില്ല…. വെറുതെ മനസ്സിൽ തോന്നിയൊരു ചിന്തയെ വാക്കുകളാക്കുന്നുവെന്നു മാത്രം……. കൂടെ കാണുമെന്ന വിശ്വാസത്തിൽ…. ❤