20/04/2026

ഇടറാത:ഭാഗം 02

രചന – ഐഷ്മ ശ്രീജിത്ത്

മ്മുവിന് ആ മരവിപ്പിൽ നിന്നും മോചനം ഉണ്ടായില്ല. ഞാൻ ചേട്ടനെ പോലെ കണ്ട ആൾ ആണോ ഇപ്പൊ എന്നോട് ഇങ്ങനെ പെരുമാറിയത്. വീണ്ടും ഓർക്കുംതോറും അവളുടെ സങ്കടം കൂടിയതല്ലാതെ കുറഞ്ഞില്ല. അമ്മയോട് പറയണോ?? അമ്മ പറഞ്ഞിട്ടുണ്ടല്ലോ ആരെങ്കിലും മോശമായി പെരുമാറിയാൽ അമ്മയോടോ അച്ഛനോടോ പറയണമെന്ന്,,,, അമ്മയോട് പറഞ്ഞാൽ അച്ഛൻ അറിയില്ലേ, അപ്പോൾ അച്ഛൻ അയാളോട് ചോദിക്കില്ലേ??? അയ്യോ, അയാൾ അച്ഛനെ എന്തെങ്കിലും ചെയ്താലോ.. സ്കൂളിൽ ഒരു ക്ലാസ്സ്‌ വെച്ചിരുന്നല്ലോ ‘ഗുഡ് ടച്ച്‌ ബാഡ് ടച്ച്‌’ തിരിച്ചറിയണമെന്ന്. അങ്ങനെ ആരെങ്കിലും ബാഡ് ടച്ച്‌ ചെയ്താൽ വീട്ടുകാരോടോ ടീച്ചറിനോടോ പറയണമെന്ന് പറഞ്ഞിരുന്നല്ലോ.

ഞാൻ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാൽ ഞാൻ മോശം കുട്ടിയാണെന്ന് കരുതുവോ എല്ലാരും??? അമ്മുവിന്റെ മനസ് പല പല രീതിയിൽ സഞ്ചരിച്ചു കൊണ്ടേയിരുന്നു.എങ്ങനെ ഈ കാര്യം അമ്മയോട് പറയും?? അമ്മ അറിഞ്ഞാൽ ആകെ ഒച്ചപ്പാടും ബഹളവും ഒക്കെയാകും എന്നൊക്കെ ഓർത്തിട്ട് അമ്മുവിന്റെ പേടി കൂടി. അമ്മ അറിഞ്ഞാൽ എന്നേ വഴക്ക് പറയുമോ എന്നൊക്കെയുള്ള തെറ്റായ ചിന്തകൾ വരെ അമ്മുവിനുണ്ടായി. (ഒരു പന്ത്രണ്ടു വയസ്സുകാരിക്ക് പ്രതികരിക്കുന്നത് ഒരു പരിധിയുണ്ട്. അവരുടെ ഉള്ളിൽ ഒരു പേടി ഉണ്ടാകും താൻ ഇത് പുറത്ത് പറയുമ്പോൾ മറ്റുള്ളവരുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് ഓർത്തിട്ടു കൂടി, ഇന്ന് ഇപ്പോ സ്ഥിതി ഇതല്ല പ്രതികരിക്കും ആരായാലും, പക്ഷേ പ്രതികരിക്കാൻ പറ്റാത്തവരും ഉണ്ട്. നമുക്കിടയിലും ഉണ്ടാകും അമ്മുവിനെപോലെ ഉള്ളവർ.) വൈകിട്ട് അമ്മ വന്നപ്പോൾ വീടാകെ അടച്ചുപൂട്ടിയിട്ടിരിക്കുന്നു, സീത കതകിൽ തട്ടി വിളിച്ചുകൊണ്ടേയിരുന്നു…

“അമ്മു വാതിൽ തുറക്ക്…” “ഈ പെണ്ണിത് എന്തെക്കുവാ??? എടി വാതിൽ തുറക്ക്…” “പഠിക്കാൻ പറഞ്ഞു ഇരുത്തിയിട്ട് കിടന്നുറങ്ങി കാണും അത് ഇങ്ങനെ ഒരു പെണ്ണ്…” സീത പിറുപിറുത്തുകൊണ്ട്, അടുക്കള വശത്തേക്ക് നടന്നു കയ്യും കാലും മുഖവും കഴുകുവാൻ തുടങ്ങി. അപ്പോഴേക്കും അമ്മു വാതിൽ തുറന്നിരുന്നു. കതക് തുറക്കുന്ന ശബ്ദം കേട്ട് സീത പറഞ്ഞു “നല്ല ഉറക്കം ആയിരുന്നല്ലേ പൊന്നുമോൾ, ആ മുറ്റമെങ്കിലും ഒന്ന് അടിച്ചു വാരി ഇട്ടൂടായിരുന്നോ??” സീത തിരിഞ്ഞതും കണ്ണും മുഖവുമൊക്കെ ചുവന്ന വീർതിരിക്കുന്ന അമ്മുവിനെയാണ് കണ്ടത്. “എന്താടി എന്താപറ്റിയെ, നീ കരഞ്ഞോ??” സീത വീണ്ടും ചോദിചിട്ടും ഒന്നും മിണ്ടാതെ നിക്കുന്ന അമ്മുവിനെ കണ്ടിട്ട് അവർക്ക് ദേഷ്യവും ആധിയും ഒരേസമയം തോന്നി. “കൊച്ചേ പറ, എന്താ പറ്റിയത്?? ഇതെന്ത് കോലമാ നിന്റെ??” “അമ്മേ എനിക്ക് തലവേദനയെടുക്കുന്നു, ഭയങ്കര വേദന ഞാൻ ഉറങ്ങിപ്പോയി.” അമ്മു എങ്ങനെയോ ഒരു കള്ളം പറഞ്ഞു.

“അതിന് നീ കരഞ്ഞോ, പെൺപിള്ളേരായാൽ കുറച്ചു വേദനയൊക്കെ സഹിക്കണം, അതിനു ഇങ്ങനെ മോങ്ങിയിട്ട് എന്താ കാര്യം,, അതെങ്ങനെയാ അച്ഛൻ പുന്നാരിപ്പിച്ചു വെച്ചിരിക്കയല്ലേ,, ഒരു ചെറിയ വേദനപോലും സഹിക്കാൻ പറ്റില്ല പെണ്ണിന്..” ഇതും പറഞ്ഞു അവർ അടുക്കളയിലോട്ട് കയറിപ്പോയി. അമ്മു ഓർക്കുവായിരുന്നു അമ്മ എന്നും ഇങ്ങനെ ആയിരുന്നു, ഞാൻ പറയുന്നതൊന്നും കാര്യമാക്കില്ല, പിന്നെയും അച്ഛനാണ് എന്തിനും സപ്പോർട്ട് നിക്കുന്നത്. എന്നാലോ കൂടുതലും അമ്മ പറയുന്നതിനെ അച്ഛൻ എതിർക്കുകയുമില്ല. അമ്മു അമ്മയുടെ പുറകെ അടുക്കളയിലേക്ക് ചെന്നു, എങ്ങനെ അമ്മയോട് അവതരിപ്പിക്കും എന്ന ടെൻഷനിൽ.പെട്ടെന്ന് പുറത്തു ബെൽ അടിച്ചു, സീത അമ്മുവിനെ നോക്കി കൊണ്ട് വാതിൽ തുറക്കാൻ പോയി. അമ്മ എങ്ങനെ പ്രതികരിക്കും എന്ന ആലോചനയിൽ ആണ് അമ്മു. പേടിച്ചിട്ട് കയ്യൊക്കെ ഐസുപോലെ തണുത്തു. “ആ ജോ ആയിരുന്നോ,

ഇന്ന് നേരത്തെ വന്നോ സെയിൽ കഴിഞ്ഞു??” അമ്മു ഒന്ന് ഞെട്ടി. അയാൾ വീണ്ടും എന്തിനാ വന്നേ?? അമ്മുവിന് വല്ലാത്ത ഒരു പ്രയാസമൊക്കെ തോന്നി. ഛർദിക്കാൻ വരുന്നപോലെയൊക്കെ തോന്നുന്നു. “അമ്മു ചായ എടുത്തേ..” “വേണ്ട ചേച്ചി ഞാൻ ഇറങ്ങുവാ ദേ ഈ മീൻ തരാൻ വന്നതാ, കറി വെച്ചിട്ട് കുറച്ചു തന്നാൽ മതി.” എന്ന് പറഞ്ഞു കൈയിൽ ഇരുന്ന മീനിന്റെ കവർ സീതയുടെ കയ്യിൽ കൊടുത്തിട്ട് ആശ്വാസത്തോടെ ജോ പോകാൻ ഇറങ്ങി. “ഒരുത്തിയെ പഠിക്കാൻ ഇരുത്തിയിട്ട് ദേ കിടന്നുറങ്ങുവായിരുന്നു മോനെ, ചോദിച്ചപ്പോ പറയുവാ തലവേദന ആയിരുന്നെന്നു, പരീക്ഷ ഇങ്ങടുത്തു എന്ത് എഴുതുമോ എന്തോ ഈ പെണ്ണ്…” “സാരമില്ല ചേച്ചി കൊച്ചല്ലേ, തലവേദന വെല്ല ചെന്നികുത്താകും, അവളോട് കുറച്ചു നേരം കിടക്കാൻ പറ.ഞാൻ ചെല്ലട്ടെ കുറച്ചു കണക്കു എഴുതാൻ ഉണ്ട്.” എന്ന് പറഞ്ഞു ജോ പോയി.അവൾ ആരോടും ഒന്നും പറയാതിരുന്നതിൽ സമാധാനം തോന്നി,ഉള്ളിൽ പിടിക്ക പെടാതെ ഇരുന്ന സന്തോഷവും. സീത ചെന്നു നോക്കുമ്പോൾ അടുക്കള തിണ്ണയിലിരുന്നു കാര്യമായി ആലോചിക്കുന്ന അമ്മുവിനെ കണ്ട്,

കൈക്കൊരു തട്ട് വെച്ചുകൊടുത്തിട്ട് പറഞ്ഞു “പെൺപിള്ളേർ ആയാൽ കുറച്ചു മര്യാദ വേണം, ഒരാൾ ഉമ്മറത്തു വരുമ്പോ ചായയോ വെള്ളമോ എന്തേലും കൊണ്ട് കൊടുക്കണം, അതെങ്ങനാ ഒരു അനുസരണയും ഇല്ലാതെ അല്ലേ വളർന്നു വരുന്നേ കുരുത്തംകെട്ടത്..” അമ്മു ഒന്നും മിണ്ടാതെ എഴുന്നേറ്റ് മുറയിലേക്ക് നടന്നു.ഞാൻ എന്ത് പറഞ്ഞാലും അമ്മ മുഖവിലക്ക് എടുക്കില്ല. ആരോടും പറയണ്ട, അയാളെ കാണാതെ ഒളിച്ചു നടക്കാം എന്ന് തന്നെ അമ്മു മനസ്സിൽ കരുതി. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി. ഇടക്ക് ജോയെ കാണേണ്ടി വരും എന്നതൊഴിച്ചാൽ വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ആനന്ദും സീതയും കൂടി ഒരു കല്യാണത്തിന് പോയത്. പരീക്ഷ ആയതിനാൽ അമ്മുവിനെ കൂടെ കൊണ്ട് പോയില്ല.കല്യാണ വീട്ടിൽ നിന്ന് തിരികെ വരാൻ വൈകുമല്ലോ എന്ന് ഓർത്ത് ആനന്ദ് ജോയെ വിളിച്ചു, അമ്മുവിന് കൂട്ടിരിക്കാൻ ഏൽപ്പിച്ചു. സ്കൂൾ വിട്ടുവന്ന് കുളിച്ചു ചായ കുടിക്കാൻ ഇരിക്കുമ്പോൾ ആണ് ജോ അമ്മുവിന്റെ അടുത്തേക്ക് വരുന്നത്.

“ആഹാ അമ്മൂട്ടി ചായ കുടിക്കാൻ പോകുവാണോ ” എന്ന് ചോദിച്ചുകൊണ്ട് ജോ ഇറയത്ത് ഇരുന്നു. പേടിച്ചിട്ട് അമ്മുവിന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഇറങ്ങി ഓടിയാലോ, എന്നൊക്കെ ചിന്തിച്ചു നിൽക്കുമ്പോൾ ജോ പറഞ്ഞു “ഞാനും ചായ കുടിച്ചില്ല, കൊച്ച് ചെന്നു ചേട്ടായിക്ക് കൂടി എടുത്തോണ്ട് വാ…” അവൾ പേടിച്ചു നിക്കുന്നത് കണ്ടു എന്തോ പറയാൻ തുടങ്ങിയ ജോയുടെ ഫോൺ റിങ് ചെയ്തു.ഫോൺ നോക്കി കൊണ്ട് ജോ അമ്മുവിനോട് പറഞ്ഞു “കൊച്ച് ഒരു കട്ടൻചായ എടുക്ക് അപ്പോഴേക്കും ഞാൻ ഈ കണക്കൊന്ന് നോക്കി പറഞ്ഞുകൊടുക്കട്ടെ..” ജോ തറവാട്ടിലേക്ക് പോയപ്പോൾ അമ്മു ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി ചായക്ക് വെള്ളം വെച്ചു. അപ്പോഴാണ് അവൾക്ക് ഓർമ വന്നത് കൂട്ടിക്കാരിയോട് തന്റെ അനുഭവം പറഞ്ഞപ്പോൾ അവൾ പറഞ്ഞത് അയാൾക്ക് വെല്ല സോപ്പുപൊടിയും കലക്കി കൊടുക്കാൻ ആയിരുന്നു.

സിനിമയിലൊക്കെ ഇങ്ങനെ കണ്ടിട്ടുണ്ടല്ലോ, മരിച്ചൊന്നും പോകില്ല അപ്പോ കുഴപ്പമില്ലായിരിക്കും,അമ്മു ഒട്ടും മടിച്ചില്ല തേയിലയും പഞ്ചസാരയും ഇട്ട് കൂടെ കുറച്ചു സോപ്പുപൊടിയും ചേർത്ത് ചായ പകർത്തി. മുൻപ് ഇങ്ങനെ ഒന്നും ചെയ്തിട്ടില്ലാത്തത് കൊണ്ട് കയ്യും കാലുമൊക്കെ നന്നായി വിറക്കുന്നുണ്ടായിരുന്നു,ചായ ഗ്ലാസിൽ പകർന്നു ഒന്ന് മണത്തു നോക്കി ചെറുതായിട്ട് സോപ്പുപൊടിയുടെ മണമുണ്ട് എന്തേലും ചോദിച്ചാലോ എന്നൊക്കെ ഓർത്തു അമ്മു ഇറയത്തേക്ക് നടന്നു. അപ്പോഴേക്കും ജോ എത്തിയിരുന്നു. “ആ കൊച്ച് മിടുക്കിയാണല്ലോ ഇത്രവേഗം ചായ ആയോ..” എന്ന് ചോദിച്ചു ചായ വാങ്ങി കുടിച്ചു. അമ്മുവിന് പിടിക്കപ്പെടുമോ എന്ന പേടി ആയിരുന്നു. പക്ഷേ അവളുടെ ഭാഗ്യത്തിന് ജോ ഒന്നും മിണ്ടിയില്ല. ചായ മുഴുവൻ കുടിച്ചു. “അമ്മു എന്താ എന്നെ കാണുമ്പോൾ ഇപ്പൊ മിണ്ടാതെ പോകുന്നെ?” ചായ കുടിച്ച ഗ്ലാസ്‌ ടീപോയിൽ വെച്ചിട്ട് അമ്മുവിനടുത്തേക്ക് നടന്നു കൊണ്ട് ജോ ചോദിച്ചു. അമ്മുവിന്റെ തോളിൽ പിടിച്ചു ജോ അവളെ തന്റെ ദേഹത്തേക്ക് അടുപ്പിച്ചു പിടിച്ചു. “പറ മോളെ, എന്തുപറ്റി?? അന്ന് അങ്ങനെ ചെയ്തത് കൊണ്ടാണോ?? എനിക്ക് മോളെ ഒത്തിരി ഇഷ്ടമായോണ്ട് അല്ലേ, മോൾ എന്തിനാ പേടിച്ചു കരഞ്ഞേ??” ജോ പറഞ്ഞുകൊണ്ട് അവളെ ഒന്നുകൂടി അവന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി.

അമ്മു കുതറുവാൻ തുടങ്ങി. “വിട് ചേട്ടായി, എന്നെ വിട് പ്ലീസ്. എനിക്ക് വേദനിക്കുന്നു. വിട് പ്ലീസ്…” അമ്മു കരഞ്ഞുകൊണ്ട് പറഞ്ഞു. “എന്തിനാ ഇങ്ങനെ കിടന്നു പിടക്കുന്നത്??ഞാൻ ഒന്നും ചെയ്യില്ല. ഒരു ഉമ്മ തന്നിട്ട് വിടാം.” “വേണ്ട, ചേട്ടായി വിട് എന്നെ…”എന്ന് പറഞ്ഞു അവന്റെ കയ്യിൽ മുറുക്കെ ഒരു കടി വെച്ചു കൊടുത്തു.വേദനിച്ചപ്പോൾ അവളെ വിട്ടു കൊണ്ട് കൈ പൊത്തിപിടിച്ചു, അമ്മുവിനെ ദേഷ്യത്തിൽ നോക്കി.അമ്മു പേടിച്ച് ജോയെ നോക്കി നിന്നു. അവൻ ദേഷ്യത്തിൽ അമ്മുവിനെ പിടിച്ചു വലിച്ചു, അപ്പോഴാണ് അവന്റെ വയറ്റിൽ ഒരു കൊളുത്തിപിടുത്തം ഉണ്ടായത്. അവന് നന്നയി വയറുവേദനിക്കാൻ തുടങ്ങി,പതിയെ അവളെ വിട്ടു അവൻ വയർ അമർത്തിപിടിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ വീട്ടിലേക് നടന്നു പോയി. അവൻ പോയപ്പോൾ ആണ് അമ്മുവിന് ആശ്വാസമായത്. തുടരും….