Karimizhi

The World of Malayalam Stories

തുടർക്കഥകൾ

മയിൽപ്പീലി : ഭാഗം 23

രചന – നെച്ചു നസ്രിൻ

സൂരജ് ലൈബ്രറിയിൽ നിന്ന് നടന്നു വരികയായിരുന്നു. അപ്പോളാണ് അന്ന അവന്റെ മുന്നിലേക്ക് വന്നത്. അവൻ അവളെ തന്നെ നോക്കി. നല്ല ഭംഗിയുള്ള പെൺകുട്ടി. പിങ്ക് കളറിൽ ഫ്ലോറൽ വർക്ക്‌ ഉള്ള ഒരു ഫ്രോക്ക് ആയിരുന്നു അന്നയുടെ വേഷം.കളർ ചെയ്ത് ഭംഗിയാക്കിയ മുടിയിഴകൾ ഇടയ്ക്കിടെ അവളുടെ മുഖത്തേക്ക് വീഴുന്നുണ്ട്. സൂരജ് മനസിലാകാതെ അവളെ നോക്കി. തന്റെ ക്ലാസ്സിലൊന്നും അവളെ കണ്ടതായി ഓർക്കുന്നില്ല.എന്നാൽ അന്ന അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവന്റെ ചങ്കിൽ പറ്റിപ്പിടിച്ചു കിടക്കുന്ന ലോക്കറ്റിലേക്ക് അവളുടെ കണ്ണുകൾ എത്തിനിന്നു. ആ ലോക്കറ്റിനോടവൾക്ക് അസ്സൂയ തോന്നി.

സൂരജിന് അന്നയുടെ നോട്ടവും ഭാവവും ആരോചകമായി തോന്നി. “എന്ത് വേണം”?. “എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്”. “എന്ത് കാര്യം”?. “അത് മറ്റൊന്നുമല്ല. എന്റെ പേര് അന്ന. അന്ന സൂസൻ വർഗീസ്‌.ഞാൻ ഇന്നലെ നിങ്ങളുടെ പാട്ട് കേട്ടിരുന്നു. ഇറ്റ് വാസ് ബ്യൂട്ടിഫുൾ. അപ്പോൾ തൊട്ട് എനിക്ക് നിങ്ങളെ ഇഷ്ടാണ്. ഇഷ്ട്ടം എന്ന് വെച്ചാൽ വല്ലാത്തൊരിഷ്ടം തോന്നുന്നുണ്ട്. ആഹാരം കഴിക്കുമ്പോളും , പഠിക്കുമ്പോളും , അങ്ങനെ എല്ലായ്പോഴും ഞാൻ നിങ്ങളെകുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അത്രമേൽ നിങ്ങളെ ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു”. തന്റെ മുഖത്തേക്ക് പ്രണയാതുരമായി നോക്കികൊണ്ടാണ് അവളത്രയും പറഞ്ഞത് . അവളുടെ കണ്ണുകൾക്ക് വല്ലാത്ത തിളക്കമുണ്ട്. ഒരു കൂസലുമില്ലാതെയാണ് അവൾ സംസാരിക്കുന്നത്.

“താൻ എന്താ തമാശ പറയുകയാണോ”?. “എന്നെ കണ്ടിട്ട് നിങ്ങൾക്ക് തമാശ പറയുന്നത് പോലെ തോന്നുന്നോ?. എനിക്ക് നിങ്ങളെ മാത്രമേ സ്നേഹിക്കാൻ ആകൂ”. “കുട്ടി ഞാൻ തന്നെ കാണുന്നതേ ഇപ്പോളാണ്. നിങ്ങളെ പാഠിപ്പിക്കുന്നില്ലെങ്കിൽ കൂടിയും ഞാൻ ഒരു അധ്യാപകനാണ്. ആ ഒരു കണ്ണിൽ കൂടിയല്ലാതെ മറ്റൊരു രീതിയിൽ താൻ എന്നെ കാണാൻ പാടില്ല. പിന്നെ ഇതൊക്കെ ഈ പ്രായത്തിൽ തോന്നുന്നു അട്ട്രാക്ഷൻ മാത്രമാണ്”. “മതി. എനിക്ക് നിങ്ങടെ ഉപദേശമല്ല വേണ്ടത്. സ്നേഹമാണ്. കളങ്കമില്ലാത്ത സ്നേഹം. ഞാൻ നിങ്ങളെ സ്നേഹിച്ചത് ആദ്യം കണ്ട ആ നേരം തൊട്ടാണ്. പിന്നെ നിങ്ങൾക്കെന്താ എന്നെ സ്നേഹിച്ചാൽ.എന്നെ കാണാൻ ഭംഗിയില്ലേ. എന്റെ പപ്പാ വർഗീസ്‌ അറിയപ്പെടുന്നൊരു ബിസിനസ് മാനാണ്. നിങ്ങൾക്ക് എന്നെ സ്നേഹിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല മിസ്റ്റർ സൂരജ്”. ” നിനക്ക് വട്ടാണോ?. ഞാൻ ഇത് വരെ മര്യാദയുടെ ഭാഷയിലെ സംസാരിച്ചിട്ടുള്ളൂ. ആ രീതി താൻ ആയിട്ട് മാറ്റരുത്. വഴിയിൽ നിന്ന് മാറിക്കെ”.

“ഇപ്പോ നിങ്ങൾ പൊക്കോ. പക്ഷേ ഈ അന്നയുടെ ജീവിതത്തിലെ പുരുഷൻ , അത് നിങ്ങൾ മാത്രമായിരിക്കും. അന്നയ്ക്ക് സ്വന്തമായുള്ളതെല്ലാം ഇനി നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്” . സൂരജിന് ദേഷ്യം അടക്കാനായില്ല. അവൻ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു. കോളേജ് ആയതിനാലും അവളൊരു വിദ്യാർത്ഥി ആയതിനാലുമാണ് അവളോട് ഞാൻ ഒന്നും പ്രതികരിക്കാതിരുന്നത്. അവന് കോപം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.ടേബിളിൽ തല ചായ്ച്ചു അവൻ കിടന്നു. അപ്പോളും ഭാവമേതുമില്ലാതെ തന്റെ മുൻപിൽ നിന്ന് സംസാരിച്ച അന്നയുടെ മുഖം അവന്റെ മനസിലേക്ക് ഓടിയെത്തി. അഹങ്കാരി. അവൾക്ക് തന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് അംഗീകരിക്കാൻ അവൻ തയ്യാറല്ലായിരുന്നു. അപ്പോളവന്റെ മനസ്സിൽ ഒറു പൂവിന്റെ നേർമയുള്ള പീലിയുടെ മുഖം കടന്നു വന്നു.അവന്റെ നെഞ്ചകം കുളിരു കൊള്ളുന്നത് അവൻ തിരിച്ചറിഞ്ഞു.

സുഖമുള്ളൊരു നോവായി പീലി അവന്റെ ഹൃദയത്തിന്റെ ഉള്ളറയിൽ അവൻ , ആരും അറിയാതെ സൂക്ഷിച്ചിരുന്നു. ക്ലാസ്സിലേക്ക് പോകാൻ തോന്നാതെ അവൻ പുറത്തേക്ക് ഇറങ്ങി. കുറച്ച് നേരം സ്വസ്ഥമായി എവിടെയേലും പോയി ഇരിക്കാമെന്ന് ഓർത്തു കാറിനടുത്തേക്ക് നടന്നപ്പോളാണ് മരച്ചുവട്ടിൽ ജീവൻ പീലിയോട് സംസാരിക്കുന്നതവൻ കണ്ടത്. ചിരിച്ച് കളിച് സംസാരിക്കുന്ന പീലിയെ കണ്ടതും അവന് നിയന്ത്രണം നഷ്ടമായി. അവൻ കണ്ണുകൾ അവരിൽ നിന്നു മാറ്റി.അന്ന കണ്ണിൽ പ്രണയം നിറച്ച് കുറച്ചു മാറി നിന്ന് അവനെ നോക്കുകയായിരുന്നു.എല്ലാം കൂടി അവന്റെ തലക്ക് ഭ്രാന്ത് പിടിപ്പിച്ചു. അവൻ വേഗത്തിൽ വന്ന് പീലിയെ പിടിച്ച് വലിച്ചു കാറിൽ കയറ്റി. ജീവൻ ,എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ നോക്കി. സൂരജ് വളരെ വേഗതയിൽ കാർ ഓടിച്ചു.

പീലിക്ക് തൊണ്ടയിൽ എന്തോ തടഞ്ഞു നിൽക്കുമ്പോലെ തോന്നി. അവൾ ഉമിനീരിറക്കി അവനെ നോക്കി. ചുവന്നു തുടുത്ത മുഖത്തോടെ ഡ്രൈവ് ചെയ്യുകയാണ് അവൻ. അവൾ സീറ്റിൽ കയ്യമർത്തി പിടിച്ചു. വണ്ടിയുടെ നിയന്ത്രണം വിട്ടു ചെറുതായി വണ്ടിയൊന്ന് പാളിയതും സൂരജ് വേഗത്തിൽ സഡൻ ബ്രേക്കിട്ട് വണ്ടി ഓരത്തേക്ക് നിർത്തി.പീലിയുടെ തലമുൻപിൽ ചെന്നിടിച്ചു ചോര പൊടിഞ്ഞു. അവൻ വേഗം അവളുടെ നെറ്റിയിലെ മുറിവിൽ തൊട്ടു . അവൾ വേദന കൊണ്ട് എരിവ് വലിച്ചു. ഫസ്റ്റ് എയ്ഡ്‌ ബോക്സിൽ നിന്ന് പഞ്ഞിയും മരുന്നുമൊക്കെ എടുത്തു അവളുടെ മുറിവിലവൻ വെച്ച് കൊടുത്തു .നിറഞ്ഞു വരുന്ന പീലിയുടെ കണ്ണിലേക്കു സൂരജ് നോക്കി. വേദന നിറഞ്ഞിരുന്നു കണ്ണുകളിൽ. ആ നീലകണ്ണുകളുടെ ആഴങ്ങളിൽ അവൻ മുങ്ങി താഴും പോലെ തോന്നി അവന്. ആ കണ്ണുകളിൽ നോക്കിയതും മനസിലെ പിരിമുറുക്കം മാറുന്നത് പോലെ തോന്നി സൂരജിന് .എന്ത് മായാജാലമാണ് ആ നീല കണ്ണുകളിൽ ഉള്ളതെന്ന് സൂരജ് ആലോചിച്ചു.അവളുടെ മുഖം കൈകുമ്പിളിൽ എടുക്കാനാവാൻ തോന്നി. മനസിനെ ശാസിച്ചു അവൻ നേരെയിരുന്നു.

രണ്ടാളും ഒന്നും പറഞ്ഞില്ല. സംസാരത്തന് തുടക്കം കുറിച്ചത് സൂരജായിരുന്നു. ” എടൊ”. “വേണ്ട വീണ്ടും ഒരു സോറി പറഞ്ഞു സ്വയം താഴണ്ട. എനിക്ക് കോളേജിലേക്ക് പോയാൽ മതി”. അവനൊന്നും മിണ്ടാതെ അവളെ കോളേജിലാക്കി തിരികെ പോയി.രേഷ്മയോട് കാര്യം പറഞ്ഞതും രേഷ്മ എന്തെല്ലാമോ പറഞ്ഞു . സൂരജ് തിളച്ചു മറിയുന്ന മനസുമായി നേരെ പോയത് മലമുകളിലേക്കാണ് . ഒരു മരത്തണലിൽ കുറച്ച് നേരം കിടന്നു. അഭിയെ വിളിച്ചു ഇങ്ങോട്ട് വരാൻ പറഞ്ഞു . അവന് മാത്രമേ മനസിന്റെ ഈ വെപ്രാളം മാറ്റാൻ കഴിയൂ. അഭി നടന്നു സൂരജിനരികിലിരുന്നു. സൂരജിന്റെ വലിഞ്ഞു മുറുകിയ മുഖവും അവന്റെ വരുതിയിലല്ലാത്ത ശരീര ഭാഷയും അവനെത്രത്തോളം സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് അഭി ഊഹിച്ചു. ഇത്രയും നാളിനിടയിൽ അവനെ ഇങ്ങനെ കണ്ടിട്ടില്ല.ഇത് വരെയുള്ള എല്ലാ കാര്യവും അവൻ അഭിയോട് പറഞ്ഞു .

“അതായത് രമണാ. നിനക്കാ പെണ്ണ് ഇഷ്ട്ടം പറഞ്ഞതിൽ ദേഷ്യമുണ്ട്. പിന്നെ പീലി ആ ജീവനോടെ മിണ്ടുന്നതു ഇഷ്ടമല്ല. ദാറ്റ്‌ മീൻസ് യു ആർ ഇൻ ലവ്”. “പോടാ” ” പൊത്തും പോടുമൊന്നുമല്ല. നമുക്ക് ഇഷ്ടമുള്ള ഒരാൾ മറ്റൊരാളോട് മിണ്ടുന്നതൊക്കെ നമുക്ക് ഈഗോ അടിക്കുമെടാ. ഇതിപ്പോ ജീവൻ എങ്ങാനും പീലിയെ കേറി പ്രൊപ്പോസ് ചെയ്യുമോ എന്നൊരു പേടിയുമുണ്ട് താനും. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എനിക്കതാ തോന്നുന്നത്”. ” പിന്നെ നീ ആരാ കണിയാനോ?. എഴീച്ചു പോടെ”. “ഞാൻ ആരാണ് എന്നതല്ലല്ലോ പീലി നിനക്കാരാണ് എന്നതാണ് ഇവിടെ ചോദ്യം. മറ്റേ പെണ്ണിന്റെ കാര്യം , അവൾ കുറച്ച് നാൾ പിറകെ നടന്നു ഒന്ന് വിരട്ടി കഴിയുമ്പോൾ പൊക്കോളും. നീ ഒന്ന് സ്വയം ആലോചിച് നോക്ക്. പീലിയെ കാണുമ്പോ ഉള്ളിന്റെ ഉള്ളിൽ എന്തേലും തോന്നാറുണ്ടോ. അവളെ കാണാതിരുന്നാൽ കാണണമെന്ന് മനസ് പറയുമോ , കണ്ടാൽ വീണ്ടും കാണാൻ തോന്നുമോ അങ്ങനൊക്കെ.

അപ്പോ ഒരുത്തരം നിനക്ക് കിട്ടും. അന്ന് നീ എന്നെ വിളിക്കണം. ഇപ്പോ ഇവിടെ കിടക്കാതെ വീട്ടിലേക്ക് പോകാൻ നോക്ക്”. അഭി പോയി കഴിഞ്ഞ് വീണ്ടും അവൻ കൈ രണ്ടും തലക്ക് കീഴെ വെച്ച് മലർന്നു കിടന്ന് വെറുതെ ആകാശത്തിലേക്ക് നോക്കി. അഭി ചോദിച്ചതിനുള്ള ഉത്തരം കണ്ടുപിടിക്കാൻ അവനായില്ല. ആ ചോദ്യങ്ങളെല്ലാം പലവുരു അവൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ഉറങ്ങാനായി കിടന്നപ്പോളാണ് ഇന്ന് നടന്ന സംഭവങ്ങൾ പീലിയുടെ മനസിലേക്ക് കടന്നു വന്നത്. നെറ്റിയിലെ കുഞ്ഞു മുറിവിനെ കുറിച്ച് അമ്മ ചോദിച്ചെങ്കിലും ബസിൽ തട്ടിയെന്ന് നുണ പറഞ്ഞു . ജീവൻ സർ കുറച്ച് ദിവസമായി തന്നോടെന്തോ പറയാനും ചോദിക്കാനുമുള്ള പോലെയാണ്. ഇന്നത് പറയാനായി വന്നപ്പോളാണ് സൂരജേട്ടൻ വന്ന് പിടിച്ച് കൊണ്ട് പോയത്. അതെന്തായിരിക്കും എന്നവൾ തലങ്ങും വിലങ്ങും ആലോചിച്ചു.സൂരജിന്റെ കോപം നിറഞ്ഞ മുഖം വീണ്ടും അവളുടെ മനസിലേക്ക് വന്നു .

എന്തിനാണ് സൂരജേട്ടന് തന്നോടിത്ര ദേഷ്യം. ചില സമയത്ത് എന്തോ അലിവോടെ നോക്കുന്നത് കാണാം ,ചില നേരത്ത് ആരാണ് എന്ന് പോലും അറിയാത്ത പോലെ , ചില സമയത്ത് അത്യധികം ദേഷ്യത്തോടെ. അവൾക്കവനെ മനസിലാക്കാനേ കഴിഞ്ഞില്ല. അവൾ കണ്ണുകൾ പൂട്ടി കിടന്നു. പക്ഷേ ഉറങ്ങാനായില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവിൽ അവൾ മെല്ലെ എണീറ്റു . സൂരജ് ഉറങ്ങിയിട്ടുണ്ടായിരുന്നു. അവൾ ശബ്ദം ഉണ്ടാക്കാതെ ബുക്കുകൾ ഇരിക്കുന്ന ഷെൽഫിൽ നിന്നൊരു ബുക്ക് എടുത്തു ബാൽക്കണിയിലേക്ക് നടന്നു.അവൾ ചുറ്റിനും നോക്കി. ബാൽക്കണിയിൽ ഒരുപാട് ചട്ടികളിലായി റോസാചെടികൾ നട്ടിരിക്കുന്നു. പല നിരത്തിലുള്ളവ. ഈ ദിവസത്തിനിടയിൽ ഒരിക്കലും താൻ ഇങ്ങോട്ട് കടന്ന് വന്നിട്ടില്ല. ഇത് സൂരജേട്ടന്റെ മാത്രം സ്പേസ് ആയിരുന്നുവല്ലോ. അവളൊരു പൂവിനെ നാസികത്തുമ്പിനോട് ചേർത്ത് ആ സുഗന്ധം ആഞ്ഞു വലിച്ചു. വല്ലാത്തൊരു അന്തരീക്ഷമായിരുന്നു അവിടെ. നല്ല നിറഞ്ഞ നിലാവ്. ചെറുതായി മഞ്ഞുണ്ട്. അവളാ ബീൻ ബാഗിലേക്കിരുന്നു. ബുക്കിന്റെ പുറം ചട്ട അവളപ്പോളാണ് കണ്ടത്. അതൊരു കവിതയായിരുന്നു.

“റോബർട്ട്‌ ബ്രൗണിങ്” എന്ന പ്രശസ്ത എഴുത്തുകാരന്റെ “The last ride together”എന്ന അതി മനോഹരമായ കവിത. അവളത് മുഴുവൻ വായിച്ചു. നഷ്ടമായ ഒരു പ്രണയ ബന്ധത്തെ കുറിച്ചും ആ പ്രണയിനിയുമായി പോകുന്ന ഒരു കുതിര സവാരിയെ കുറിച്ചും വളരെ മനോഹരമായ വിധം വരച്ചു കാണിച്ചിരിക്കുകയാണ് ബ്രൗണിങ്. കവിതയിലെ ഓരോ വരികളും കവിയുടെ ശുഭാപ്തിവിശ്വാസത്തെ എടുത്തു കാണിക്കുന്നതാണ് .ആ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നാണ് അയാൾ ആഗ്രഹിക്കുന്നത്. പീലി ഓരോ വരികളിലും ഓരോ ചിത്രങ്ങൾ കണ്ടു. അവളുടെ കണ്ണിലേക്കു പതിയെ ഉറക്കം സ്ഥാനം പിടിച്ചു.ബുക്ക്‌ നെഞ്ചോട് ചേർത്തു പിടിച്ച് പീലി ഉറങ്ങി. ഇടക്ക് ഉണർന്ന സൂരജ് സോഫയിൽ പീലി ഇല്ലെന്ന് അറിഞ്ഞു ബെഡിൽ നിന്നെണീറ്റു. അവൻ റൂമിലാകെ അവളെ തിരഞ്ഞു.

താഴെ പോയിട്ടുണ്ടോ എന്നറിയാൻ അവൻ വാതിൽ തുറക്കാൻ പോകുമ്പോളാണ് ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന് കിടന്നത് അവൻ ശ്രദ്ധിച്ചത്. ചെന്നു നോക്കുമ്പോൾ ബുക്ക്‌ മാറോടു ചേർത്തു പിടിച്ച് ശാന്തമായി ഉറങ്ങുകയാണ് പീലി. അവനവളുടെ അടുത്തേക്ക് ചെന്നു. അവളുടെ സൗന്ദര്യത്തിൽ അസൂയ പൂണ്ടു ചന്ദ്രൻ പോലും മേഘങ്ങൾക്കിടയിൽ ഒളിച്ചു നിന്നു. നക്ഷത്രങ്ങൾ കണ്ണിമ ചിമ്മി തുറന്നു. ഒരിളം കാറ്റ് അവരെ തഴുകി കടന്നു പോയി. സൂരജ് ഒന്നാകെ കുളിർന്നു പോയി. നന്നായി മഞ്ഞു പെയ്യുന്നുണ്ട്. ഇങ്ങനെ കിടന്നാൽ പനി വരുമെന്ന് തോന്നിയ സൂരജ് പതിയെ അവളെ ഉണർത്താതെ കൈകളിൽ കോരിയെടുത്തു. അവളുടെ മുഖം അവന്റെ നെഞ്ചോരം അമർന്നു. അവന്റെ ഉള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നതവൻ അറിഞ്ഞു.

സോഫയിലേക്ക് കിടത്തി പുതപ്പെടുത്തു പുതച് കൊടുത്തു. അവളുടെ മുടിയിഴകൾ മുഖത്ത് നിന്ന് മാടിയൊതുക്കി വെച്ചു. തിരികെ ബെഡിൽ വന്ന് പീലിക്കഭിമുഖമായി കിടന്നു. അവളുടെ ശരീരത്തിന്റെ ചൂട് ഇപ്പോളും അവനിലുള്ളത് പോലെ തോന്നി. അവൻ വലം കൈ ഇടനെഞ്ചിൽ ചേർത്തു ഒന്ന് കണ്ണടച്ചു. പതിയെ ആ ചുണ്ടിൽ പ്രണയത്തിൽ കുതിർന്നൊരു പുഞ്ചിരി വിരിഞ്ഞു. അതെ പുഞ്ചിരിയോടെ അവനുറങ്ങി. ഇതൊന്നും അറിയാതെ പീലി അപ്പോളും ഉറക്കമായിരുന്നു. രാവിലെ പീലിയുണർന്നു നോക്കുമ്പോൾ അവൾ സോഫയിലാണെന്ന് മനസിലാക്കി. അവളാകെ ആശയകുഴപ്പത്തിലായി.ഇന്നലെ ബാൽക്കണിയിലുരുന്ന് ഉറങ്ങിയത് മാത്രമേ ഓർമയുള്ളൂ. പിന്നെ എപ്പോളാണ് താൻ ഇവിടെ വന്ന് കിടന്നതെന്ന് അവൾക്കറിയില്ലായിരുന്നു. കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ പീലി കുളിക്കാനായി പോയി. കുളി കഴിഞ്ഞ് തിരികെ വരുമ്പോ സൂരജ് എണീറ്റു ബാൽക്കണിയിലേക്ക് പോകുന്നതവൾ കണ്ടു. “പീലി എനിക്കൊരു ചായ കിട്ടുമോ”?. പീലി പകച്ചു സൂരജിനെ നോക്കി. മറുത്തൊന്നും പറയാതെ തലയാട്ടി സമ്മതം മൂളി അവൾ താഴെക്കിറങ്ങി.

അവളപ്പോൾ ചിന്തിച്ചത് സൂരജ് തന്നോട് ചായ ആവശ്യപ്പെട്ടതിനെ കുറിച്ചായിരുന്നു. ഇത് പതിവില്ലാത്തതാണ്. സാധാരണ അമ്മയോട് നേരിട്ട് വന്ന് ചായ വാങ്ങി കുടിക്കാറേ ഒള്ളു . ഇന്നെന്തു പറ്റിയെന്നവൾ ചിന്തിച്ചു. ചായ കൊണ്ട് ബാൽക്കണിയിലേക്ക് ചെല്ലുമ്പോൾ ചെടികൾക്ക് വെള്ളം ഒഴിക്കുകയായിരുന്നു സൂരജ്. പീലിയുടെ മുഖത്തേക്ക് നോക്കികൊണ്ട് ചായ വാങ്ങി ഒരു കവിൾ മൊത്തി കുടിച്ചു. പീലിയുടെ കണ്ണുകൾ റോസാപൂവുകളിൽ അലഞ്ഞു നടക്കുകയായിരുന്നു. വെള്ളത്തുള്ളികൾ പൂവിന്റെ ഇതളുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്. വല്ലാത്തൊരു സുഗന്ധം അവിടമാകെ നിറഞ്ഞു നിന്നിരുന്നു. സൂരജ് പീലിയെ തന്നെ നോക്കുകയായിരുന്നു. അവൾ കാണാതെ അവന്റെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു. “നമുക്കിന്നു വൈകിട്ട് ഒരിടം വരെ പോകാം” “എവിടേക്ക്”?. “ഇവിടടുത്തൊരു ക്ഷേത്രമുണ്ട്”. “അമ്മയോട് കൂടി ചോദിക്കണം “. “മ്മ്മ് “. കോളേജിൽ എല്ലാവരും ആർട്സ് ഡേയുടെ തിരക്കിലായിരുന്നു.

മിക്ക കുട്ടികളും പ്രാക്റ്റീസ് ചെയ്യുന്നതിൽ മുഴുകിയിരുന്നു. രേഷ്മയും പീലിയും വരാന്തയിലൂടെ നടന്നു വരുമ്പോളാണ് സാധിക അവർക്കെതിരെ വരുന്നത് കണ്ടത് അവളെ നോക്കാതെ രേഷ്മ നടന്നു. “എന്താടീ എന്നെ നോക്കാൻ പോലും നിനക്കിപ്പോ പേടിയാണോ”?. “എന്റെ സേച്ചി നിന്നെ പേടിയാണെന്ന് പറയുന്നതിലും ഭേദം ഞാൻ വല്ല കടലിലും ചാടുന്നതാ. നിന്നോടെനിക്ക് പുച്ഛം മാത്രമേയുള്ളൂ. എന്നോട് വഴക്കിന് വന്നിട്ട് നിന്റെ ആ കോന്തൻ വരുമ്പോൾ ഡ്രാമ കാണിക്കാനാണേൽ സേച്ചി പോകാൻ നോക്ക്”. “നിന്നെ ഞാൻ എടുത്തോളാമെടി”. “എങ്കിൽ നി എടുത്തിട്ട് പോയാൽ മതി”. രേഷ്മ അവളുടെ കയ്യിൽ കയറി പിടിച്ച് എടുക്കാനാകും വിധം കൈ വിടർത്തി നിന്നു. സാധിക ദേഷ്യത്തിൽ കൈ തട്ടി മാറ്റി. “ഇത്രേയുള്ളൂ നീ. കഷ്ടം എന്നെ എടുക്കാൻ വിധം വളർന്നിട്ടില്ല. വളർച്ചയെത്തുമ്പോൾ നീ വാ കേട്ടോ”.

രേഷ്മ പീലിയുടെ കൈ ചേർത്തു പിടിച്ചു നടന്നു. “ആഹ് നീ കത്തിക്കേറിക്കോ. പക്ഷേ അണയാൻ പോകുന്ന തീയുടെ ആളികത്തൽ മാത്രമാണിത്”. സാധികയുടെ കണ്ണിൽ പകയെരിഞ്ഞു. ഇടക്ക് തിരിഞ്ഞ് നോക്കിയ പീലി അവളുടെ മുഖത്തെ ദേഷ്യം കണ്ടു. അവളുടെ കണ്ണുകളിൽ പീലി കണ്ടത് വന്യമായ ഭാവമായിരുന്നു.പീലിക്ക് നെഞ്ചിനുള്ളിൽ എന്തോ വലിഞ്ഞു മുറുകി.അരുതാത്തതെന്തോ നടക്കാൻ പോകുന്നെന്ന് അവളുടെ മനസിലിരുന്നു ആരോ പതം പറയും പോലെ. “രേഷു അവളെന്തൊക്കെയോ കരുതിക്കൂട്ടിയ മട്ടാണ്. നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്”. “ഓഹ് അവളെന്താ ചെയ്യാനാ. ചിലപ്പോ കൊന്ന് കളയുമായിരിക്കും. എന്നാലും അവളെ പേടിച്ചു ഒളിച്ചിരിക്കാനൊന്നും രേഷ്മയെ കിട്ടില്ല “. തുടരും

LEAVE A RESPONSE