23/04/2026

മയിൽപ്പീലി : ഭാഗം 19

രചന – നെച്ചു നസ്രിൻ

ളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പീലി പ്രഭാകരനും സുഭദ്രക്കും പ്രിയപ്പെട്ടവളായി. സ്വന്തം മകളായി കണ്ടവർ അവളെ സ്നേഹിക്കാൻ തുടങ്ങി. സുഭദ്ര അവൾ കോളേജിൽ പോയി തിരികെ വരുന്ന വരെ അവളെ കാത്തിരിക്കാൻ തുടങ്ങി. കോളേജിൽ നിന്ന് വന്നാലുടൻ അവൾ പരീക്ഷയുടെ കാര്യങ്ങളും കോളേജിലെ വിശേഷങ്ങളും വാ തോരാതെ പറയുന്നത് സുഭദ്ര പുഞ്ചിരിയോടെ കേൾക്കും. അലമാരയിലേക്ക് തുണികൾ അടുക്കി വെയ്ക്കുമ്പോളാണ് പ്രഭാകരൻ മുറിയിലെ കട്ടിലിൽ വന്നിരുന്നത്. “നമ്മളെടുത്ത ഒരു തെറ്റായ തീരുമാനത്തെ ദൈവം ആയിട്ട് തിരുത്തിയതാകാം അല്ലെടോ”?. “എന്താ പ്രഭേട്ടാ എനിക്ക് മനസിലായില്ല”. “അല്ലടോ വീണ നമുക്ക് ചേരുന്നതല്ലെന്ന് ദൈവത്തിനു തോന്നിയിട്ടുണ്ടാകും അതല്ലേ നമുക്ക് പീലി മോളെ തന്നത്.അവൾ നല്ല കുട്ടിയാണ്”. “അത് പിന്നെ പറയാനുണ്ടോ. ശെരിക്കും പറഞ്ഞാൽ നിശ്ചയത്തിനല്ലേ ഞാൻ പീലിയെ ആദ്യമായി കാണുന്നത്.

ഇവിടെ വന്നപ്പോ തീർത്ഥ എന്നോട് ചോദിച്ചു വീണയെ കാണുന്നതിന് മുൻപ് പീലിയെ കണ്ടിരുന്നേൽ നമ്മളാ വിവാഹമല്ലേ നടത്തുവോളെന്ന്. അന്ന് അവളങ്ങനെ ചോദിച്ചപ്പോ എന്റെ മനസ്സിൽ ആശയകുഴപ്പമായിരുന്നു”. “എല്ലാം ദൈവ നിശ്ചയം ആയിരിക്കുമെടോ. പക്ഷേ ഒരു സങ്കടം എന്താണെന്നു വെച്ചാൽ സൂരജും പീലിയും ഇപ്പോളും അപരിചിതരെ പോലെയാണ്. എന്തിനു ഒരു വീട്ടിൽ ജീവിക്കുന്നെന്ന് പോലും അവരുടെ മനസ്സിൽ ഇല്ലെന്നാണ് എനിക്ക് ഇത്രയും ദിവസം കൊണ്ട് മനസിലായത് “. “മ്മ്മ് പരസപരം ഒന്ന് നോക്കുക കൂടി ചെയ്യാറില്ല അവർ.എന്റെ കുഞ്ഞുങ്ങളുടെ മനസിന്റെ വേദന മാറ്റി സന്തോഷം കൊടുക്കണേ ഭഗവാനെ”.

സുഭദ്ര ജ്യോത്സ്യരെ കാണാനായി വന്നതാണ്. നടന്ന സംഭവങ്ങളൊക്കെ അവർ ജ്യോൽസ്യർക്ക് വ്യക്തമാക്കി കൊടുത്തു. ” നമ്മൾക്ക് ഗ്രഹിക്കാൻ കഴിയുന്നതിനു അപ്പുറമാണ് സർവ്വേശ്വരന്റെ തീരുമാനങ്ങൾ. എന്തോ മറഞ്ഞിരിക്കുന്നുവെന്നു അന്ന് ഞാൻ സൂചിപ്പിച്ചിരുന്നില്ലേ. അതായിരിക്കാം ഇപ്പോ കുടുംബത്തിൽ വന്ന് കയറിയത്. ഒന്നും പേടിക്കണ്ട ഈശ്വര ചൈതന്യം ഇപ്പോ കുടുംബത്തിൽ കാണുന്നുണ്ട്. സർവ്വ ഐശ്വര്യമാണ് ഫലം. ദൈവ പ്രീതി പ്രധാനമാണല്ലോ”. “അത് കേട്ടാൽ മതി ജ്യോത്സ്യരെ. മനസ് നിറഞ്ഞു”. തിരികെ വീട്ടിലേക്കുള്ള വഴിയിൽ സുഭദ്രയുടെ മുഖവും മനസും പ്രസന്നമായിരുന്നു. പരീക്ഷയെല്ലാം കഴിഞ്ഞപ്പോൾ പീലിക്ക് ആശ്വാസം ആയി. അവൾ ഏതു നേരവും ഭദ്രയോടൊപ്പമായിരുന്നു. രാത്രി കിടക്കാൻ നേരം മാത്രം അവൾ മുറിയിലേക്ക് ചെല്ലും. സോഫയിലാണ് അവൾ കിടന്നുറങ്ങാറ്. സൂരജ് അവളുറങ്ങിയെന്ന് ഉറപ്പാകുമ്പോൾ റൂമിൽ വന്ന് കിടന്നുറങ്ങും. പീലി അവളുടെ ലോകത്തായിരുന്നു.

ഇത്ര നാളും ജീവിതത്തിൽ അന്യമായ സ്നേഹം എന്ന വിഭവത്തിന്റെ രുചി അവൾ ആവോളം നുകർന്നുകൊണ്ടിരുന്നു. പിറ്റേന്ന് രാവിലെ പീലി അടുക്കളയിൽ സുഭദ്രക്കൊപ്പം നില്കുകയായിരുന്നു. അടുക്കളയിൽ എന്തെങ്കിലുമൊക്കെ അവൾ ഭദ്രയെ സഹായിക്കും. അവളുടെ കലപില ഇല്ലാതെ സുഭദ്രക്കും പറ്റാതെ ആയി. “മോളെ സൂരജ് എണീറ്റില്ലേ”?. “അറിയില്ല അമ്മ”. “ആഹ് എങ്കിൽ മോളൊന്ന് പോയി വിളിക്ക്. എന്നിട്ട് നിങ്ങൾ രണ്ടാളും കൂടി അമ്പലത്തിലൊന്നു പോയിട്ട് വാ. കുറച്ച് വഴിപാടുകൾ ചെയ്യാനുണ്ട്. കഴിഞ്ഞ ദിവസം ഞാൻ നമ്മുടെ ജ്യോത്സ്യരെ കണ്ടിരുന്നു. എല്ലാം മംഗളമായി തന്നെ മുൻപോട്ട് പോകാൻ വേണ്ടിയാണ് “. പീലി പോകാൻ മടിച് നിൽക്കുന്നത് കണ്ട് സുഭദ്ര അവളെ ഉന്തി തള്ളി മുകളിലേക്കു വിട്ടു. പീലി മുറിയുടെ വാതിലിൽ ചെന്നു നിന്നു ഒരു സംശയത്തോടെ ഉള്ളിലേക്ക് കയറി.

അവൾ ചെല്ലുമ്പോൾ സൂരജ് ഉറങ്ങുകയായിരുന്നു. അവളവന്റെ മുഖത്തേക്ക് നോക്കി നിന്നു.കാറ്റത്തു ഇടക്കിടക്ക് അവന്റെ മുടിയിഴകൾ മുഖത്തേക്ക് അനുസരണയില്ലാതെ പാറി വീഴുന്നു. കട്ടിയുള്ള പുരികക്കൊടികൾ. ശാന്തമായുറങ്ങുന്ന അവനെ അവൾ അരുമയോടെ നോക്കി. പെട്ടെന്നാണ് സൂരജ് ഉറക്കം വിട്ടുണർന്നത്. കണ്ണ് തുറന്നതും സൂരജ് തന്നെ നോക്കി നിൽക്കുന്ന പീലിയെയാണ് കാണുന്നത്. “എന്താ”?. “അത് അമ്മ വിളിക്കുന്നുണ്ട്. അമ്പലത്തിൽ പോകണമെന്ന് പറഞ്ഞു “. വിക്കി വിക്കി എങ്ങനെയോ അത്രയും പറഞ്ഞൊപ്പിച്ച് അവൾ വേഗത്തിൽ താഴേക്ക് പോയി. മുറിയിൽ നിന്നിറങ്ങി നെഞ്ചിൽ കൈ വെച്ച് ശ്വാസം നീട്ടി വലിച്ചു. അമ്പലത്തിലേക്കുള്ള വഴിയൊക്കെ പീലി ആദ്യമായി കാണുകയായിരുന്നു. അത്യാവശ്യം വലിയൊരു അമ്പലമായിരുന്നു.ഭഗവാന് മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ പീലിയുടെ മനസ്സിൽ തനിക്കിപ്പോ കിട്ടുന്ന സ്നേഹത്തെ ഒരിക്കലും തട്ടിപ്പറിക്കരുതേ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. അവധിയൊക്കെ കഴിഞ്ഞ് കോളേജിലേക്ക് വരാൻ രേഷ്മക്ക് വലിയ മടിയായിരുന്നു.

അവൾ കണ്ണാടിയ്ക്ക് മുന്നിൽ നിന്നു സ്വയം നോക്കി. കോളേജിലേക്ക് വരുന്നതിൽ നിന്നു അവളെ പിന്തിരിപ്പിക്കുന്ന ഏറ്റവും വലിയ കാര്യം ആനന്തും സാധികയുമാണ്. എന്തൊക്കെ കോലങ്ങളാണ് അവൾക്കവിടെ കാണേണ്ടി വരുക എന്നതാണ് അവളുടെ പ്രധാന ടെൻഷൻ. മനസിന്റെ ഉള്ളറയിൽ എത്രയൊക്കെ കുഴിച്ചു മൂടിയാലും ചില സമയങ്ങളിൽ അവ മനസിലേക്ക് പൊന്തി വരും. പ്രണയം അത് ചിലർക്ക് ആസ്വാദനമാണ് , ചിലർക്കത് ജീവിതമാണ് , ചിലർക്കത് വിരഹവും വേദനയുമാണ്. എത്രയൊക്കെ വേദന സമ്മാനിച്ചാലും അറിഞ്ഞുകൊണ്ട് ആ വേദനയെ വീണ്ടും വീണ്ടും മനസ് ആഗ്രഹിക്കും എന്നതാണ് സത്യം. കോളേജിൽ ചിലർ കൂട്ടം കൂട്ടമായി പുതുതായി വരുന്ന കുട്ടികളെ റാഗിങ് എന്ന പേരിൽ കളിപ്പിക്കുന്നുണ്ട്. നവാഗതർക്ക് സ്വാഗതം എന്ന വലിയ ബോർഡ് കോളേജിന് മുൻപിൽ വെച്ചിട്ടുണ്ട്. പല വർണ്ണത്തിലെ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. രേഷ്മക്ക് താൻ കോളേജിലേക്ക് ആദ്യമായി നടന്നു വന്ന ആ പുലരി ഓർമ വന്നു.

അവളുടെ ചുണ്ടിൽ ആ ഓർമകളിൽ കുതിർന്നൊരു പുഞ്ചിരി നിറഞ്ഞു. അപ്പോളാണ് അവളെ നോക്കി നിൽക്കുന്ന ആനന്ദിനെ അവൾ കണ്ടതും. അവൾ നോക്കിയപ്പോൾ അവൻ പെട്ടെന്ന് നോട്ടം മാറ്റി എങ്ങോട്ടോ നടന്നു മാറി. രേഷ്മ ഹൃദയമിടിപ്പിനെ വരുതിയിലാക്കി തലകുനിച്ചിരുന്നു. എത്രയൊക്കെ ബോൾഡ് ആണെന്ന് പറഞ്ഞാലും സ്നേഹിക്കുന്ന പുരുഷന്റെ നോട്ടത്തിൽ ഒന്ന് പതറിപോകും. പ്രണയത്തിന്റെ മായാജാലം. സാധിക അവനോട് എത്രത്തോളം ചേർന്നിരിക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം അവൻ ഒഴിഞ്ഞ മാറികൊണ്ടിരുന്നു.അവൻ അവന്റെ ഫ്രണ്ട്സിനോട് പോലും സംസാരിക്കാൻ സാധിക അനുവദിക്കാറില്ല. ആനന്ദ് തിരിച്ചൊന്നും പറയാതെ ഉള്ളിലൊതുക്കി നടന്നു. പീലി ഒരു വൈറ്റ് കളർ അനാർക്കലി ധരിച്ചാണ് വന്നത്.

അവളൊരു മാലാഖയെ പോലെ രേഷ്മക്ക് മുന്നിൽ വന്നു നിന്നു. അവർ പരസ്പരം ആശ്ലേഷിച്ചു. “എന്റെ പീലി ഇന്ന് ജൂനിയർസ് വരുന്ന ദിവസമായിട്ട് കൂടി നിനക്കിത്തിരി നേരത്തെ വന്നൂടാരുന്നോ”?. “ഞാൻ നേരത്തെ വന്നിട്ടെന്തിനാ”?. “ഒന്നുല്ല നമുക്ക് ആരെലേം എക്കെ റാഗ് ചെയ്യാമെടി”. “ആഹ് എന്നിട്ട് വേണം അവർ പോയി കംപ്ലയിന്റ് കൊടുക്കാൻ”. ” ഓഹ് പിന്നെ ഒന്ന് തവള ചാടി കാണിക്കുകയോ അദൃശ്യമായ സൈക്കിൾ ചവിട്ടി കാണിക്കുന്നത് ഒക്കെ വലിയ പ്രശ്നമാണല്ലോ”. ” നിനക്ക് വട്ടാ”. “യസ് ഐ അഡ്മിറ്റ്‌ ഇറ്റ്. അതൊക്കെ പോട്ടെ. എങ്ങനുണ്ട് നിന്റെ ഭർത്താവ്”. ” ആർക്കറിയാം”. “എടി പൊട്ടി ഞാൻ നിന്റെ ഭർത്താവിന്റെ കാര്യമാണ് ചോദിച്ചത്. അല്ലാതെ നാട്ടിലുള്ളവരുടെ കാര്യമല്ല”. “അതിന് ഭർത്താവാണെന്ന് പുള്ളിക്ക് കൂടി തോന്നണ്ടേ”?. ” നിനക്കാ തോന്നലുണ്ടോ”?. …….. ” അല്ല അപ്പൊ നിങ്ങളൊന്നും സംസാരിക്കാറില്ലേ”. “ഇല്ല”. “ഏഹ് നി എന്തോന്നടി ഈ പറയുന്നത്.

ഒന്നിച്ചൊരു വീട്ടിൽ ഒന്നിച്ചൊരു മുറിയിൽ ആയിരുന്നിട്ടും നിങ്ങൾ ഒന്നും സംസാരിക്കാറ് പോലുമില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞാൻ പൊട്ടിയൊന്നുമല്ല”. “രേഷു. ഞങ്ങൾ പരസ്പരം നോക്കാറ് പോലുമില്ല. ഞാനാ വീട്ടിലുണ്ടെന്ന് സൂരജേട്ടനോ സൂരജ് ഏട്ടൻ അവിടുണ്ടെന്ന് ഞാനോ ചിന്തിക്കാറില്ല. സൂരജേട്ടന് വീണയെ ഇഷ്ടമായിരിക്കണം. എന്നോട് പറഞ്ഞതാണ് ഭാര്യയുടെ സ്ഥാനത്തു എന്നെ കാണാൻ കഴിയില്ലെന്ന്”. “പിന്നെ ഉപ്പിലിട്ട് വെയ്ക്കാനാണോ അയാൾ നിന്നെ കെട്ടിയത്. ഒരു കാര്യം ഉറപ്പാണ് ഇഷ്ടമില്ലാത്ത കല്യാണം കഴിഞ്ഞാലുള്ള ക്‌ളീഷേ ഡിവോഴ്സ് ഇവിടുണ്ടാവില്ല. നി വേണം പുള്ളിയുടെ മനസ് മാറ്റിയെടുക്കാൻ”. “ഞാനോ”?. “അത് പോട്ടെ നിനക്ക് സൂരജേട്ടനെ ഇഷ്ടമാണോ”?. “അറിയില്ല”. ” എങ്കിൽ അറിയണം. നി സൂരജേട്ടനെ ഇഷ്ടപ്പെടണം.

നിങ്ങളൊന്നിച്ചു കുറെ നാൾ ജീവിക്കേണ്ടതാണ്. അതും ഹാപ്പി ആയി അടിച്ചു പൊളിച്ചു. അല്ലാതെ അവാർഡ് ഫിലിം പോലെ ഒന്നും പറ്റില്ല”. ……… “നി ഇങ്ങോട്ട് നോക്കിക്കേ. നമുക്ക് ധൈര്യമായി പ്രണയിക്കാൻ പറ്റുന്ന ഒരാൾ ആണ് നമ്മുടെ ഭർത്താവ്. നി ഒന്ന് പ്രണയിച്ചു നോക്കിക്കേ. അത് സുഖമുള്ള ഒരു ഫീൽ ആണ്”. “ഓഹ് ഗുരുവിനു ദക്ഷിണ വെയ്ക്കണോ ആവോ”. “പോടീ. നീ വേണം സൂരജേട്ടന്റെ തപസ്സു ഇളക്കേണ്ടത്. സൂരജേട്ടന് നീ ഇല്ലാതെ പറ്റില്ല എന്നും പറഞ്ഞ് നിന്റെ പിറകെ വരണം”. “എന്നിട്ടെന്തേ ആനന്ദ് വരാത്തത്”. “അതിനവൻ എന്റെ ഭർത്താവ് അല്ലല്ലോ”. പീലി രേഷ്മക്കൊപ്പം വരാന്തയിൽ നിൽക്കുമ്പോളാണ് അവളാ കാഴ്ച കണ്ടത്. പീലിയുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. എന്തിനെന്നറിയാത്തൊരു ഭയം അവളെ പൊതിഞ്ഞു. രേഷ്മയുടെ കയ്യിലവൾ മുറുക്കെ പിടിchu. പീലിയുടെ സംഭ്രമം തിരിച്ചറിഞ്ഞ രേഷ്മ പീലി എങ്ങോട്ടാണ് നോക്കുന്നത് എന്ന് നോക്കിയതും കണ്ടത് തങ്ങൾക്ക് നേരെ രൂക്ഷമായ നോട്ടത്തോടെ നിൽക്കുന്ന അവനെയാണ്.

” പവൻ “. അവൻ തിരികെ വന്നുവെന്നു അവർക്ക് മനസിലായി. പീലിയെ നോക്കി ഒന്നുമില്ലെന്നർത്ഥത്തിൽ രേഷ്മ കണ്ണടച്ച് കാണിച്ചു . അവനെ നോക്കി രേഷ്മ നന്നായി പുച്ഛിച്ചു ചിരിച്ചു. രേഷ്മയുടെ പരിഹാസത്തിലുള്ള ആ ചിരി പവന്റെ ചങ്കിൽ കൊണ്ടു . മുറിവിൽ നിന്നു കറുത്ത കട്ട ചോര ഒഴുകുന്നത് അവൻ മനസിലാക്കി. അവന്റെ കണ്ണിൽ ആളി കത്തിയ പകയുടെ അഗ്നി രേഷ്മ കണ്ടില്ല. പീലിയുടെ മനസ്സിൽ അപ്പോളും ഭയം അലയടിക്കുന്നുണ്ടായിരുന്നു. രേഷ്മ എന്നാൽ കൂളായിരിക്കുകയായിരുന്നു. ഒരു പെണ്ണിന്റെ ഏറ്റവും വലിയ ശക്തി ആത്മവിശ്വാസമാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.ഒരു കൂട്ടം പെൺകുട്ടികൾ ക്ലാസ്സിന്റെ മൂലക്ക് ഒത്തുകൂടി എന്തൊക്കെയോ കുശുകുശുക്കുന്നത് കണ്ടാണ് രേഷ്മ അങ്ങോട്ട് ചെന്നത്. കാര്യം അറിഞ്ഞവൾ സന്തോഷത്തിൽ ഓടി പീലിക്കരികിലേക്ക് വന്നു.

“എന്താണ് ഇത്ര സന്തോഷം”?. “സന്തോഷിക്കാനുള്ള വകയുള്ളത് കൊണ്ട് തന്നെ. നി അറിഞ്ഞോ നമ്മുടെ മാത്തൻ സർ ട്രാൻസ്ഫർ ആയി. ജേക്കബ് സാറും പോയി”. “അയ്യോ കഷ്ടായി പോയി”. “അയ്യടാ. അവളുടെ ഒരു സങ്കടം. നേരത്തെ അറിഞ്ഞിരുന്നേൽ നിന്നേം ആ ബോറൻ മാത്തൻ സാറിന്റെ കൂടെ ഞാൻ പറഞ്ഞു വിട്ടേനെ”. “പോടീ”. “അത് മാത്രമല്ല അവർക്ക് പകരം വന്നത് നല്ല ചുള്ളൻ രണ്ട് സാറുമ്മാരാ .കാണാൻ അടിപൊളിയാത്രെ”. “നീ കണ്ടോ”?. “ഇല്ല കേട്ടു”. “ഏഹ്”!. “എടി നമ്മട ബി ബി സീ ബിനിത പറഞ്ഞതാ. അവൾ കണ്ടെന്നു. ഹോ എന്തൊരു സമാദാനം. ഒന്നുമില്ലേലും ഒരു ദർശന സുഖമെങ്കിലും കിട്ടുമല്ലോ”. “ആഹ് നോക്കിയിരുന്നോ. ചിലപ്പോ എടുത്ത് ദൂരെയെറിയും”. ക്ലാസ്സിലേക്ക് വെളുത്തു നല്ല ആരോഗ്യദൃഢഗാതനായ ഒരു ചെറുപ്പക്കാരൻ കടന്നു വന്നു.

ക്ലീൻ ഷേവ് ഫേസ്. എല്ലാവരെയും നോക്കി അയാൾ ഒന്ന് ചിരിച്ചു. പെൺകുട്ടികളിൽ മിക്കവരും നല്ല രീതിയിൽ ഇളിച്ചു കാണിച്ച് നിൽപ്പുണ്ട്. ആൺകുട്ടികൾ ഇതൊക്കെ എന്തെന്നുള്ള ഭാവത്തിലായിരുന്നു.”ജീവൻ” സ്വയം പരിചയപ്പെടുത്തി ശേഷം ഓരോരുത്തരെയായി പരിചയപെട്ടു. എല്ലാവരോടും വളരെ സൗമ്യനായാണ് ജീവൻ ഇടപെട്ടത്. ആദ്യ ദിവസം തന്നെ സ്റ്റുഡന്റ്സിനിടയിൽ നല്ലൊരു ഇമേജ് നേടിയെടുക്കാൻ ജീവനു സാധിച്ചു. രേഷ്മക്കും പീലിക്കും അരികിലെത്തിയപ്പോൾ ജീവൻ പീലിയെ സൂക്ഷ്മമായി കുറച്ച് നേരം നോക്കി നിന്ന ശേഷം തിരികെ പോയി. ക്ലാസ്സ്‌ കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ ജീവൻ ഒരിക്കൽ കൂടി പീലി ഇരിക്കുന്ന വശത്തേക്ക് നോക്കി. അവനപ്പോൾ മനോഹരമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പെൺകുട്ടികളെല്ലാം ജീവൻ സാറിനെ കുറിച്ച് വാ തോരാതെ പറയുന്നുണ്ടായിരുന്നു.

ജീവൻ സാറിന്റെ ചിരി ജീവൻ സാറിന്റെ നോട്ടം എന്നൊക്കെ ഓരോരുത്തരും അവരവരുടെ അഭിപ്രായം അറിയിച്ചു.രേഷ്മക്ക് ജീവനിൽ പ്രത്യേകിച്ചൊന്നും തന്നെ തോന്നിയില്ല. ” ആഹ് ബിനിത പറഞ്ഞതെന്താ ചുള്ളനാണെന്നല്ലേ. എന്നിട്ട് എനിക്കങ്ങനെയൊന്നും തോന്നിയില്ലല്ലോ. ശോ എന്തൊക്കെ പ്രതീക്ഷകളായിരുന്നു. വായിനോക്കി വെള്ളമിറക്കുന്നു , ക്ലാസ്സ്‌ കഴിയുന്നത് പോലും അറിയുന്നില്ല”. ആരോ സർ ക്ലാസിലേക്ക് വരുന്നു എന്ന് പറഞ്ഞതും എല്ലാവരും നിശബ്ദരായി. “ആഹ് അടുത്ത പവനായി വരുന്നുണ്ട്”. തീരെ താല്പര്യമില്ലാതെ രേഷ്മയത് പറഞ്ഞു ക്ലാസ്സിന്റെ വാതിലിലേക്ക് നോക്കിയതും അവൾ പോലും അറിയാതെ സ്വയം എണീറ്റു നിന്നു പോയി.

രേഷ്മ മാത്രമല്ല എല്ലാ പെൺകുട്ടികളും ചാടി എണീറ്റു. എന്തോ എഴുതികൊണ്ടിരുന്ന പീലി കാര്യം അറിയാതെ മുന്നോട്ട് നോക്കിയതും അവളും അത്ഭുതത്തോടെ എണീറ്റു നിന്നു. അവൾക്ക് കണ്ട കാഴ്ച വിശ്വസിക്കാനായില്ല. പുതുതായി വന്ന സാറിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ പൌഡർ ഇടുകയും , മുടി വിടർത്തി ഇടുകയും , ലിപ്സ്റ്റിക് ഇടുക തുടങ്ങിയ ചടങ്ങുകൾ മുറ പോലെ നടന്നു. രേഷ്മ പീലിയെ വലിച്ചു ബെഞ്ചിലേക്കിരുത്തി. അവളപ്പോളും നടുങ്ങി തരിച്ചിരിക്കുകയായിരുന്നു. അവനെ കണ്ട മാത്രയിൽ അവളുടെ ചുണ്ടുകൾ അവന്റെ പേര് ഉരുവിട്ടു “സൂരജേട്ടൻ ” തുടരും