രചന – രോഹിണി ആമി
ഡെയ്സി കണ്ണു വലിച്ചു തുറക്കാൻ ശ്രമിച്ചു….. പറ്റുന്നില്ല… കൺപോളയ്ക്ക് ഒക്കെ കനം വെച്ചത് പോലെ…. കരഞ്ഞു കരഞ്ഞു എപ്പോഴാണ് ഉറങ്ങിയതെന്ന് പോലുമറിയില്ല…… എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വയറിൽ നല്ല വേദന…. പൊത്തിപ്പിടിച്ചു ഒന്നുകൂടി എഴുന്നേൽക്കാൻ ശ്രമിച്ചു…. ഇല്ല….. റോയിച്ചനെ ഒന്ന് വിളിക്കാൻ നോക്കിയപ്പോൾ ആളുണ്ടായിരുന്നില്ല കട്ടിലിൽ… ഇന്നലെ പറഞ്ഞതും പ്രവൃത്തിച്ചതും ഓർത്തപ്പോൾ കരച്ചിൽ തികട്ടി വന്നു…. ഞാൻ ചെയ്തത് എല്ലാം തെറ്റ് ആയിരുന്നോ കർത്താവേ….. ഒന്നും മനസ്സിലാവുന്നില്ലല്ലോ…. ഡെയ്സി ഒരുവിധം നിരങ്ങി നിരങ്ങി കട്ടിലിൽ പിടിച്ചു പതിയെ എഴുന്നേറ്റു… വയറിൽ കൊളുത്തിപ്പിടിച്ച പോലെ വേദന… ഇന്നലെ രാത്രിയിൽ മുതൽ കുഞ്ഞിന്റെ അനക്കം താനറിഞ്ഞിട്ടില്ല…. ഒരു പേടി മനസ്സിൽ തോന്നി…. വയറിൽ കൈ കൊണ്ടു താങ്ങി മനമുരുകി ദൈവത്തിനെ വിളിച്ചു…..
ഞാൻ പാപം ചെയ്തു എങ്കിൽ അതിനുള്ള ശിക്ഷ ഞാൻ തന്നെ അനുഭവിച്ചു കൊള്ളാമേ……എന്റെ കുഞ്ഞിനെ അതൊന്നും ബാധിക്കരുതേ കർത്താവേ….
റോയിച്ചനോട് പറയണം അല്ലെങ്കിൽ അമ്മച്ചിയോട്…….ഈശോയെ എന്റെ കുഞ്ഞ്……. ബലമില്ലാത്ത കാലുകൾ വലിച്ചു വലിച്ചു നടന്നു…… അടുക്കളയുടെ വാതിൽ പടിയിൽ റോയി ഇരിപ്പുണ്ട്…. അമ്മച്ചിയും റിൻസിയും അടുത്ത് ഇരിപ്പുണ്ട്… ആശ്വാസത്തോടെ അവർക്കരികിലേക്ക് ചെന്നു.. അവളെ കണ്ടതും റോയി കൈയ്യിലിരുന്ന കാപ്പി ഗ്ലാസ് അമ്മച്ചിയെ ഏൽപ്പിച്ചിട്ട് എഴുന്നേറ്റുപോയി…… ഡെയ്സിയെ അത് വല്ലാതെ വേദനിപ്പിച്ചെങ്കിലും അമ്മച്ചിക്കരികിലേക്ക് നടന്നു…..അവർ രണ്ടാളും പെട്ടെന്ന് റോയിയുടെ പിറകെ എഴുന്നേറ്റുപോയി….എപ്പോഴും ഇചേച്ചി എന്ന് വിളിച്ച് പുറകെ നടന്നിരുന്ന റിൻസി പോലുമൊന്നു നോക്കുന്നില്ല….. വെറുപ്പാണ് രണ്ടാളുടെയും മുഖത്ത്….അവരുടെ പ്രവൃത്തിയിൽ നിന്നും മനസ്സിലായി ഇന്നലെ റോയിച്ചൻ പറഞ്ഞതെല്ലാം കേട്ടു എന്ന്…… എന്റെ അവസ്ഥ ഞാൻ ആരോടു പറയും കർത്താവെ …. പറഞ്ഞാലും വിശ്വസിക്കാൻ ആരുമുണ്ടാവില്ല….. മനസ്സിലെയും ശരീരത്തിലെയും വേദന സഹിച്ച് ഡെയ്സി ഇരുന്നു……. മറ്റുള്ളവരുടെ അവഗണനയെക്കാൾ മനസ്സ് നീറിയത് കുഞ്ഞിന്റെ അനക്കമില്ലായ്മയാണ്………. ചങ്കു പൊട്ടുവാണ് അതോർത്തിട്ട്…….
പമ്മി നടക്കുന്ന പെണ്ണിനെ വിശ്വസിക്കരുത് എന്ന് പറയുന്നത് എത്ര സത്യമാണ്…..,. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ എത്ര ശീലാവതി ആണ്…….പാവം പിടിച്ചവൾ…… എന്റെ മോനെ വിഷമിപ്പിച്ച ഇവൾ ഗതി പിടിക്കില്ല… വയറ്റിലുള്ള പെണ്ണിനെ ഇറക്കി വിട്ടെന്ന പാപം വേണ്ടെന്ന് അവൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇറക്കി വിടാത്തത്……അമ്മച്ചി കരഞ്ഞുകൊണ്ട് പതം പറയുന്നുണ്ട്….. അടുത്തുതന്നെ എല്ലാം കേട്ടു കൊണ്ട് റിൻസിയും……..
തനിക്ക് നേരെ വരുന്ന ശാപവാക്കുകൾ ഡെയ്സി മനസ്സുകൊണ്ട് സ്വീകരിച്ചു…… വേണ്ടിയിരുന്നില്ല റോയിച്ചാ ഇത്രയും ദയ കാണിച്ചെന്നെ ശിക്ഷിക്കേണ്ടായിരുന്നു ……. ഇറക്കിവിടാമായിരുന്നില്ലേ എന്നെ …… റോയ് വരുന്നതും കാത്തിരുന്നു ഡെയ്സി…… പറഞ്ഞാൽ വിശ്വസിക്കില്ല എങ്കിലും തന്റെ ഭാഗത്തെ ന്യായം പറയാൻ……
റോയി വന്നപ്പോൾ ഡെയ്സി അടുത്ത് ചെന്നു കയ്യിൽ പിടിച്ചു ദയനീയമായി നോക്കി…… ഡെയ്സിയുടെ മുഖത്തേക്കും കൈകളിലേക്കും ദേഷ്യത്തിൽ തിരിച്ചു നോക്കി….. കൈ ശക്തിയിൽ കുടഞ്ഞെറിഞ്ഞു…………. റോയിച്ചാ ഞാൻ പറയുന്നത് കൂടിയെന്നു കേട്ടിട്ട് എന്നെ ശിക്ഷിച്ചാൽ പോരെ….. ഇങ്ങനെ അവഗണിക്കരുത്…..എനിക്ക് ശരിക്കും വിഷമം വരുന്നുണ്ട്…..ഞാൻ തെറ്റ് ചെയ്തിട്ടില്ല റോയിച്ചാ…..കർത്താവാണെ സത്യം…..
അപ്പോൾ ഞാൻ കണ്ടതൊന്നും സത്യമല്ലെന്ന്……….നാണമില്ലേ നിനക്ക് അവന്റെ വിഴുപ്പ് എന്റെ തലയിൽ കെട്ടിവയ്ക്കാൻ……… കൊച്ചിന്റെ തന്ത അവൻ ആണെന്ന് സമ്മതിക്കാൻ പറ അവനോട്…….. അവന്റെ ഭ്രാന്ത് ഒക്കെ വെറും അഭിനയം ആണെന്ന് എനിക്കറിയാം…….. ഓ…..ഇതിനുമാത്രം ഭ്രാന്ത് ഒന്നും ബാധകമല്ലല്ലോ അല്ലേ……. ഡെയ്സിയുടെ വയറു ചൂണ്ടി റോയി ചോദിച്ചു…………ഡെയ്സിയ്ക്ക് കരച്ചിൽ കാരണം പറയാൻ വെച്ചത് ഒന്നും പുറത്തേക്ക് വന്നില്ല…….
നിനക്കറിയുമോ…….വേറെ ഏത് അവന്റെ കുഞ്ഞ് ആയിരുന്നാലും ഞാൻ നിനക്ക് മാപ്പ് തന്നു കൂടെ കൂട്ടിയേനെ…… പക്ഷേ ഇത്…… അവന്റെ കുഞ്ഞാണെന്ന് ഓർക്കുമ്പോൾ കൊല്ലാനുള്ള ദേഷ്യം ഉണ്ട് നിനക്കറിയുമോ……….. ശരീരത്തിന് ഭാരമില്ലാത്തത് പോലെ തോന്നി ഡെയ്സിയ്ക്ക്……. സ്വന്തം കുഞ്ഞിനെയാണ് റോയിച്ചൻ കൊല്ലുമെന്ന് പറയുന്നത്……. ഡെയ്സിക്ക് ചെവി കൊട്ടിയടയ്ക്കും പോലെ തോന്നി…….
ആദ്യം നിന്നെ വീട്ടിൽ കൊണ്ടു വിടാം എന്നാണ് കരുതിയത്……. വേണ്ട അത് നിങ്ങൾക്ക് രണ്ടാൾക്കും കൂടുതൽ സൗകര്യമാകും…….. എന്നെ ചതിച്ചതിനുള്ള ശിക്ഷയായി നീ ഇവിടെ ഉണ്ടാവണം…… അങ്ങനെ നീയും അവനും സുഖിക്കണ്ട…… പിന്നെ ഒരു കാര്യം……ആ ജന്തു വരുമ്പോൾ ഞാൻ ആണ് അതിന്റെ അപ്പച്ചൻ എന്നൊക്കെ പറഞ്ഞു വന്നാൽ എന്റെ തനി സ്വഭാവം നീ അറിയും….. റോയി കൈ ചൂണ്ടി പറഞ്ഞു…….
ഡെയ്സിയെ കുറച്ചുനേരം സൂക്ഷിച്ചു നോക്കി…..എന്നിട്ട് നീട്ടി ഒരു തുപ്പു കൊടുത്തു…… ത്ഫൂ….ഒരു പതിവ്രത….. ദൈവത്തിനു വേണ്ടപ്പെട്ടവൾ പോലും……… റോയി ദേഷ്യത്തിൽ അവളെ കടന്നു പോയി……. എന്നിട്ട് തിരിഞ്ഞു നോക്കി പറഞ്ഞു……… കുറെനാൾ എനിക്കൊപ്പം കിടന്നതല്ലേ…… അതിന്റെ കൂലി ആയിട്ട് കുറച്ചുനാൾ ഞാൻ ചിലവിനു തന്നോളാം…… ഒന്നുമല്ലെങ്കിലും അവന്റെ കൊച്ചിന്റെ ആരോഗ്യംഎന്റെ വിയർപ്പിൽ നിന്ന് ആണെന്നെങ്കിലും പറയാമല്ലോ……. എനിക്കും എവിടെയെങ്കിലും ഒന്ന് ജയിക്കേണ്ട…….. റോയി കടന്നുപോയി…..
ആരുമൊന്നു തന്റെ ഭാഗം കേൾക്കാൻ നിന്ന് തരുന്നില്ല……. റിൻസി തന്റെ തലവെട്ടം കാണുമ്പോളെ വെട്ടിത്തിരിഞ്ഞു പോവുകയാണ്……. വേദന സഹിക്കാൻ കഴിയാതെ വന്നപ്പോൾ അമ്മച്ചിയോട് പറഞ്ഞു വേദനയാണെന്ന്…… കുഞ്ഞിന് അനക്കമില്ലെന്ന്……
ഈ നേരത്തും വേണ്ടാത്തത് കാണിക്കുമ്പോൾ ഓർക്കണമായിരുന്നു മുകളിലിരുന്ന് ഒരുവൻ ഇതെല്ലാം കാണുന്നുണ്ടെന്ന്……. അനുഭവിക്ക് നീ……..അമ്മച്ചി പറയുന്നത് കേട്ടപ്പോൾ ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് തോന്നി…… തനിയെ മുറിയിൽ പോയിരുന്നു വയറിൽ തടവി……. അമ്മച്ചിയെ നീയും കൂടി വിഷമിപ്പിക്കല്ലേ വാവേ……. താങ്ങാൻ പറ്റുന്നില്ല എനിക്ക്……….. കണ്ണുനീര് വയറിൽ വീണു……….ശക്തിയിൽ ഒന്ന് ചവിട്ടി കുഞ്ഞ്……. വേദനയോടൊപ്പം ഒരു ആശ്വാസത്തിന്റെ കരച്ചിലും വെളിയിലേക്ക് വന്നു……..കരുണാമയനായ കർത്താവിന് അവൾ ഒരായിരം നന്ദി പറഞ്ഞു……..
വയറിൽ കൈവെച്ചിരിക്കുന്ന ഡെയ്സിയോട് റോയ് പറഞ്ഞു……. വലിയ വലിയ ആശുപത്രികളിൽ കൊണ്ടുപോകാൻ ഒന്നും എനിക്ക് ആവതില്ല……. കയ്യിൽ പൈസ വരുമ്പോൾ വേണേൽ കൊണ്ടു പോകും……… അത്രയും നാൾ വേദനയുണ്ടെങ്കിൽ സഹിച്ചേ പറ്റൂ …….
വേണ്ട….പോകേണ്ട…… ഡെയ്സി റോയിയെ നോക്കാതെ പറഞ്ഞു….
എല്ലാം അവളുടെ അടവാടാ…….സഹതാപം കിട്ടുമെന്ന് വിചാരിച്ചു ഇങ്ങനെയൊന്നും ചെയ്യേണ്ട എന്ന് പറഞ്ഞേക്ക് അവളോട്……… ഞാനും മൂന്ന് പ്രസവിച്ചതാ……… അമ്മച്ചി അപ്പുറത്ത് നിന്ന് പറയുന്നത് കേട്ടു……….. റോയ് ഒന്നും പറയാതെ പോകുന്നത് കണ്ടപ്പോൾ ഡെയ്സി കയ്യിൽ പിടിച്ചുനിർത്തി……. റോയിച്ചാ…….ഞാൻ പറയുന്നത് ഒന്നു കേൾക്കുമോ ദയവുചെയ്ത്………
മാറിനിൽക്കെടി അങ്ങോട്ട്…….തൊടരുത് എന്നെ……. അവൻ തൊട്ട നിന്നെ എനിക്ക് അറപ്പാണ്……… ഈ മുറിയിൽ കിടക്കാൻ ഇടം തന്നത് എന്റെ ദയ മാത്രമാണ്…….. ഒരു ഗർഭിണിയോട് കാണിക്കുന്ന അലിവ്……….. റോയി കൈ തട്ടിമാറ്റി പറഞ്ഞു…….
ഞാൻ റോയിച്ചന്റെ സ്ഥാനത്ത് വേറെ ആരെയും കണ്ടിട്ടില്ല……… ശിവ എന്നെ തൊട്ടതൊന്നും ആ ഒരർത്ഥത്തിലല്ല റോയിച്ചാ……… എന്നെ ഒന്നു മനസ്സിലാക്കുമോ….. ഡെയ്സി കൈകൂപ്പി പറഞ്ഞു…….
റോയ് ചിരിച്ചു…. പൊട്ടി പൊട്ടി ചിരിച്ചു…….. നിന്നെ അവൻ തൊട്ടത് പിന്നെ ഏത് അർത്ഥത്തിലാണ്…… ഞാൻ എന്താ പൊട്ടൻ ആണെന്ന് കരുതിയോ നീ……. ചൊറിഞ്ഞു വരുന്നുണ്ട് എനിക്ക്…….. കെട്ടിക്കാൻ പ്രായമായ ഒരു പെണ്ണു വീട്ടിലുണ്ട് അല്ലെങ്കിൽ ഇതിനുള്ള മറുപടി ഞാൻ തന്നേനെ…….. റോയി ചാടി തുള്ളി കടന്നുപോയി………
ആ വീട്ടിൽ ഡെയ്സി തനിച്ചായി…… റോയി രാത്രിയിൽ എപ്പോഴെങ്കിലും വരും…….. മദ്യത്തിന്റെ മണമില്ലാത്ത സമയമുണ്ടായിരുന്നില്ല……. അമ്മച്ചി അവളെ അതും പറഞ്ഞു പ്രാകാൻ തുടങ്ങി…… വിശപ്പ് സഹിക്കാൻ കഴിയാതെ ആകുമ്പോൾ മാത്രം എന്തെങ്കിലും പേരിന് കഴിക്കും………അമ്മയുടെ വിഷമം മനസ്സിലാക്കിയത് പോലെ കുഞ്ഞും ബഹളം ഉണ്ടാക്കാറില്ല…… കൊതിയൊന്നും തോന്നിപ്പിച്ചു മനസ്സും വിഷമിപ്പിക്കാറില്ല…….. അമ്മയുടെ വിഷമത്തിൽ കൂട്ടു കൂടി കുഞ്ഞും കൂടുതൽ സമയം മിണ്ടാതെയായി………..
രണ്ടു മൂന്നു ദിവസത്തിനുശേഷം അപ്പച്ചനും അമ്മച്ചിയും വെപ്രാളപ്പെട്ട് വന്നപ്പോഴാണ് അറിഞ്ഞത് റോയിച്ചന്റെ അമ്മച്ചി ഇതെല്ലാം മറിയചേടത്തിയോട് പറഞ്ഞിരുന്നുവെന്ന്…… എല്ലാവർക്കും മുന്നിലും ഡെയ്സി തലകുനിച്ചു നിന്നു…….. മകളെ ശിവയ്‌ക്കൊപ്പം കാണാൻ പാടില്ലാത്തത് പോലെ കണ്ടെന്നും….. ശിവയുടെ കുഞ്ഞാണ് അവളുടെ വയറ്റിൽ ഉള്ളത് എന്നും കൂടി അറിഞ്ഞപ്പോൾ ഓടി വന്നതാണ് എന്താണ് കാര്യം എന്ന് അറിയാൻ…… ഡെയ്സിയുടെ കോലം കണ്ടപ്പോൾ തന്നെ അമ്മച്ചിയുടെയും അപ്പച്ചന്റെയും കണ്ണുനിറഞ്ഞു…….. അവളെ ഒന്ന് തലോടി അപ്പച്ചൻ ചോദിച്ചു……. എന്താ മോളെ എന്താ പറ്റിയത്……. എന്തൊക്കെയാ എന്റെ മോളെ പറ്റി ഇവരൊക്കെ പറയുന്നത്……… അപ്പച്ചനോട് പറയ് സത്യം എന്താന്ന് വെച്ചാൽ …… ഡെയ്സി ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു………
എന്ത് പറയാനാ അവൾ ….. കെട്ടിക്കാൻ പ്രായമായ പെണ്ണിനെ സൂക്ഷിക്കേണ്ടത് അമ്മയുടെ കടമയാണ്…….. അവൾ കണ്ണ് തെറ്റിച്ചു പോയെങ്കിൽ അത് അവളുടെ മാത്രം തെറ്റല്ല…….. റോയിയുടെ അമ്മച്ചി പറഞ്ഞു…….
ഇല്ല റോയ് മോനെ……ഇത് സത്യമല്ല……..അവൾ അവിടെ തൂത്തുവാരാൻ ഒക്കെ പോകും എന്നുള്ളത് സത്യമാണ്……..പക്ഷെ അതിനപ്പുറം ഒന്നുമില്ല…… അവൾ തെറ്റ് ചെയ്യില്ല മോനെ…. എനിക്ക് ഉറപ്പുണ്ട്…… അപ്പച്ചൻ പറഞ്ഞു….
അപ്പോൾ ഞാൻ കണ്ടതും കേട്ടതും ഒക്കെ കള്ളമാണെന്ന്……..നിങ്ങളുടെ മകളെ പഴിചാരിയിട്ട് എനിക്ക് എന്ത് കിട്ടാനാ…….. ചോദിച്ചുനോക്കൂ മകളോട് പുറം പണി മാത്രമേ ഉണ്ടായിരുന്നുള്ളോ എന്ന്…… ഞാൻ കണ്ടതൊക്കെയും കള്ളമായിരുന്നുവെന്ന് ഇവൾ പറഞ്ഞാൽ ഞാൻ ഒരു മടിയും കൂടാതെ സ്വീകരിക്കും ഇവളെയും കുഞ്ഞിനെയും……. എല്ലാവരുടെയും നോട്ടം താഴേക്ക് നോക്കി നിൽക്കുന്ന ഡെയ്സിയുടെ മുഖത്തേക്കായി…… ഒന്നും മിണ്ടാതെ കേട്ടതും കണ്ടതും സത്യമല്ലെന്ന് പറയാതെ അനങ്ങാതെ നിന്നു…….
എല്ലാം സമ്മതിച്ചു നിൽക്കുന്ന ഡെയ്സിയുടെ അടുത്തേക്ക് അമ്മച്ചി ഓടി വന്നു………. ടീ പിഴച്ചവളേ……ഞങ്ങൾ എന്തുമാത്രം വിശ്വസിച്ചതാ നിന്നെ…….. നിന്നെ ഒരാളെ വിശ്വസിച്ചല്ലേ ഞങ്ങൾ ധൈര്യമായിട്ട് അങ്ങോട്ടേക്ക് വിട്ടത്…… എല്ലാം തുലച്ചില്ലേ നീ……. അമ്മച്ചി ഡെയ്സിയെ തലങ്ങും വിലങ്ങും തല്ലി…….. എല്ലാം ഏറ്റുവാങ്ങി ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ അനങ്ങാതെ നിന്നു………….. നിന്റെ ഇളയതുങ്ങളെ പോലും ഒന്ന് ഓർത്തില്ലല്ലോ നീ………ഇനി ഞാനെന്ത് ചെയ്യും കർത്താവേ……..അമ്മച്ചി തലയ്ക്ക് കയ്യും കൊടുത്തു പൊട്ടിക്കരഞ്ഞു…….
ദേ……ഇവിടെ യിട്ട് ഇങ്ങനെ തല്ലിക്കൊല്ലാൻ ഒന്നും പറ്റില്ല…… വല്ലോം ആയിക്കഴിഞ്ഞാൽ എന്റെ മോൻ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വരും…..റോയിയുടെ അമ്മച്ചി പറഞ്ഞു……..
എന്തു മാത്രം വിശ്വസിച്ചു…….എന്തു സ്നേഹിച്ചു…….എന്നിട്ടും അപ്പച്ചനോട് ഇങ്ങനെ ചെയ്തല്ലോ നീ …..അപ്പച്ചൻ അടുത്തു വന്നു ചോദിച്ചു…..
മകൾ തന്നിരുന്ന കാശ് എല്ലാം ഇങ്ങനെ സമ്പാദിച്ചത് ആവും……. അപ്പനും അമ്മയും അതൊട്ട് അന്വേഷിച്ചതുമില്ല….. നല്ല കുടുംബം തന്നെ…….എന്റെ മോന് ഇങ്ങനെ ഒരു വിധി ആയിപ്പോയല്ലോ കർത്താവെ…..റോയിയുടെ അമ്മച്ചി വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു……
റോയ് മോന്റെ തീരുമാനം എന്താ……എന്താണെങ്കിലും ഞങ്ങൾ അനുസരിക്കാം…..കൊല്ലാൻ പറ്റില്ലല്ലോ…മകളായി പോയില്ലേ…….അപ്പച്ചൻ തോളിൽ കിടന്ന തോർത്തെടുത്ത് കണ്ണുതുടച്ചു പറഞ്ഞു……..
എന്തായാലും ഈ അവസ്ഥയിൽ ഞാൻ ഇറക്കി വിടില്ല…….നാട്ടുകാർ എന്നെ പഴിക്കും……. പിഴച്ചതാണെങ്കിലും നിറവയർ വെച്ച് നടക്കുന്ന അവളുടെ ശാപം എന്റെ വീടിനും വീട്ടുകാർക്കും വേണ്ട…….. പ്രസവിക്കട്ടെ….. ഒന്നു രണ്ടു മാസം കൂടിയല്ലേ ഉള്ളൂ….. അതുകഴിഞ്ഞ് എന്താണെന്ന് വെച്ചാൽ നോക്കാം……റോയി പറഞ്ഞു……
അപ്പച്ചനും അമ്മച്ചിയും വാതോരാതെ മരുമകന്റെ നല്ല മനസ്സ് വാഴ്ത്തിപ്പാടി……. അതു കണ്ട് താൻ പെറ്റത് ദൈവപുത്രനെയാണെന്ന ഭാവത്തിൽ അഭിമാനത്തോടെ റോയിയുടെ അമ്മച്ചിയും……… തന്റെ ഭാഗം ഒന്ന് പറയാൻ അവസരമില്ലാതെ തെളിവ് എല്ലാം തനിക്ക് എതിരാണെന്ന് ബോധ്യത്തിൽ ഒന്നും മിണ്ടാതെ സ്വയം തൂക്കുകയർ ഏറ്റുവാങ്ങി ഡെയ്സി….
മുറ്റത്തേക്ക് ഒരു കാർ വന്നുനിന്നു…… ആരും ക്ഷണിക്കാതെ മാധവൻ അകത്തേക്ക് കയറി വന്നു……… പ്രാകി കൊണ്ടിരുന്ന അമ്മച്ചിയുടെ നാവ് പെട്ടെന്ന് താഴ്ന്നു പോയതുപോലെ………അദ്ദേഹം അകത്തേക്ക് കയറി എല്ലാവരെയും മാറി മാറി നോക്കി…… ഒടുവിൽ ആ നോട്ടം തലകുനിച്ചു നിൽക്കുന്ന ഡെയ്സിയിലെത്തി……. കണ്ണുകളിൽ അലിവ് നിറഞ്ഞു………
എല്ലാം നിങ്ങൾക്ക് അറിയാമായിരുന്നു അല്ലേ……..ഞാൻ നിങ്ങളെ വിശ്വസിച്ചല്ലേ അവളെ അങ്ങോട്ടേക്ക് പറഞ്ഞയച്ചത്….. പണത്തിനു മാത്രമേ ഞങ്ങൾക്ക് കുറവ് ഉള്ളൂ…….. അഭിമാനം വിറ്റ് ജീവിക്കേണ്ടി വന്നിട്ടില്ല ഇത് വരെ……… മകന്റെ തെറ്റിന്റെ പ്രതിഫലം ആയിരുന്നു ഇത്രയും നാൾ തന്നിരുന്നത് അല്ലേ ……വേണ്ടിയിരുന്നില്ല…… മാധവനെ നോക്കി ഇടറിയ ശബ്ദത്തിൽ അപ്പച്ചൻ പറഞ്ഞു……..
കറിയാച്ചാ……..ശിവ എന്റെ മകനാണ്…… ഈ മാധവന്റെ…….. തെറ്റ് ചെയ്താൽ തലയുയർത്തിപ്പിടിച്ച് സമ്മതിക്കാൻ കൂടി പഠിപ്പിച്ചിട്ടുണ്ട് ഞാനവനെ…….
അപ്പോൾ ഞാൻ കണ്ടത് എന്താണ്…….അത് സത്യമല്ലേ….. അവളെ കെട്ടിപ്പിടിച്ചു നിൽക്കാൻ ശിവ ആരാണ്……. നിങ്ങളുടെ മകനെ കാണാൻ ഇവൾ അവിടെ വരാറില്ലേ……അവന്റെ മുറിയിൽ പോകാറില്ലേ…..എന്നിട്ട് നിങ്ങൾ തടഞ്ഞുവോ ഇതുവരെ……… അപ്പോൾ മകനും ഇവൾക്കും വളം വച്ച് കൊടുത്തത് നിങ്ങളാണ്……….. എല്ലാവരെയും പറ്റിച്ചു ഇത്രയും കാലം ഇവനും അവളും ജീവിച്ചു………ഇനി ആരെയും പറ്റിക്കാൻ ഞാൻ സമ്മതിക്കില്ല………. റോയി പറഞ്ഞു…..
ഈ നിൽക്കുന്നത് നിങ്ങളുടെ മകളാണ് കറിയാച്ചാ……….അവൾ ചെയ്ത ഒരേ ഒരു തെറ്റ് ആർക്കും വേണ്ടാത്ത രണ്ടു ജീവനെ സ്നേഹിച്ചു എന്നത് മാത്രമാണ്…….. ആര് എന്ത് തന്നെ പറഞ്ഞാലും…… കണ്ടാലും കേട്ടാലും എന്റെ മോൾ തെറ്റ് ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ട്………. എന്റെ മകനേക്കാൾ വിശ്വാസം ആണ് എനിക്ക് ഇവളെ…….. മാധവൻ ഡെയ്സിയെ നോക്കി പറഞ്ഞു…….
എങ്കിൽ അത്രയും വിശ്വാസമാണെങ്കിൽ കൂടെ കൂട്ടിക്കോ ഇവളെയും കൂടെ… കളയണ്ട….. അവിടുത്തെ ചോര തന്നെയാ വയറ്റിൽ ഉള്ളതും….. ഡെയ്സിയെ പിടിച്ചു അദ്ദേഹത്തിന് നേരെ തള്ളിയിട്ടു റോയി പറഞ്ഞു……
രണ്ടടി മുന്നോട്ട് വച്ചു നിന്ന ഡെയ്സിയെ ചേർത്തു പിടിച്ചു മാധവൻ പറഞ്ഞു…… ഞാൻ കൊണ്ടുപോകുകയും ചെയ്യും പൊന്നു പോലെ നോക്കുകയും ചെയ്യും…. ഒടുവിൽ ദൈവം സത്യമെന്തെന്ന് അറിയിക്കുമ്പോൾ തിരികെ കൂട്ടാൻ വന്നേക്കരുത് ഒന്നും അങ്ങോട്ടേക്ക് …. മാധവൻ റോയിയുടെ നേരെ കൈചൂണ്ടി പറഞ്ഞു…… എന്നിട്ട് അവളുടെ താടിയിൽ പിടിച്ചു മുഖമുയർത്തി…….. എന്തിനാ നീയിങ്ങനെ തലയും കുനിച്ചു നിൽക്കുന്നെ.. ഇങ്ങനെ കണ്ടിട്ട് ശിവച്ഛന് സഹിക്കുന്നില്ല…… വരുന്നോ മോളേ എന്റെ കൂടെ….. അദ്ദേഹം ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി കാണിച്ചു……
ഇത് ഇവരെല്ലാം കൂടി എനിക്ക് വിധിച്ച ശിക്ഷയാണ്….. ഞാൻ അനുഭവിച്ചേ മതിയാവൂ….. ശിവച്ഛൻ വിഷമിക്കരുത്….. ഡെയ്സി അദ്ദേഹത്തിന് കേൾക്കാൻ മാത്രം ശബ്ദത്തിൽ പറഞ്ഞു……..
മാധവൻ റോയിക്ക് നേരെ നിന്നു കൊണ്ടു പറഞ്ഞു………. ഇപ്പോൾ അറിയില്ല നിനക്ക് ഇവളുടെ വില…
ഓ…. ആ വില കുറച്ചു ബാക്കി മതി എനിക്ക്…. മുഴുവനായും നിങ്ങൾ അങ്ങെടുത്തോ……. അത് മംഗലത്തു വീടിന് അവകാശപ്പെട്ടതാ……. അപ്പന്റെയാണോ മകന്റെയാണോന്ന് മാത്രമറിഞ്ഞാൽ മതി…….
എല്ലാവരും ഒരേപോലെ ഞെട്ടി റോയിയെ നോക്കി….. പിന്നെ ദേഷ്യം നിറഞ്ഞ മാധവന്റെ മുഖത്തേക്ക് നോക്കി…… ഡെയ്സി ചെവി പൊത്തി നിന്നു…….. ഒരിക്കലും കേൾക്കാൻ പാടില്ലാത്തത്……. അതും എല്ലാവരുടെയും മുന്നിൽ വെച്ചു…….
ഇപ്പോഴും ഒരാൾ പോലുമറിയാതെ കൊന്നു കുഴിച്ചു മൂടാനുള്ള ആരോഗ്യവുമുണ്ട് സമ്പത്തുമുണ്ട്……. അദ്ദേഹം റോയിയുടെ അടുത്തേക്ക് കാറ്റു പോലെ വരുന്നത് കണ്ടപ്പോൾ റോയിയുടെ അമ്മച്ചി കൈകൂപ്പി മുന്നിൽ നിന്നു….. ഒന്നും ചെയ്യല്ലേ…. അവൻ അറിവില്ലായ്മ കൊണ്ടു പറഞ്ഞതാ……..
നാവിനു എല്ലില്ലെന്നു കരുതി എന്തും പറയാമെന്നു കരുതരുത് നായേ….. പിഴുതെറിയും ഞാൻ……… മാധവന്റെ ചുവന്ന കണ്ണുകളിലേക്ക് നോക്കിയപ്പോൾ റോയി ഒന്നു പതറി…….. അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതുകൊണ്ടാവും മാധവൻ വെളിയിലേക്കിറങ്ങി……. പോരാൻ നേരം ഡെയ്സിയോടായി പറഞ്ഞു……. ആരുമില്ലെന്നൊരു തോന്നൽ വേണ്ടാട്ടോ…… ശിവച്ഛൻ ഉണ്ടാവും നിനക്ക് എന്റെ ജീവൻ പോകും വരെ………. ഒന്നും മിണ്ടാതെ അവളുടെ കവിളിൽ ഒന്നു തലോടിയിട്ട് അദ്ദേഹം പോയി………
മാധവൻ അദ്ദേഹം പറഞ്ഞിട്ട് പോയത് കേട്ടപ്പോൾ ഡെയ്സിയുടെ അപ്പച്ചൻ ഒന്നു കൂടി ചിന്തിച്ചു…….. ഭാര്യയെ ഒന്ന് നോക്കി…….ആ സംശയം അവിടെയുമുണ്ട്…… കാരണം ശിവയും മാധവൻ അദ്ദേഹത്തെയും നന്നായി അറിയാം…….. അവിടുത്തെ അമ്മയ്ക്ക് ഡെയ്സി എന്നാൽ ജീവനായിരുന്നു…….. ഡെയ്സിയും അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് ഉള്ളിൽ………. പക്ഷേ റോയി കണ്ടുവെന്ന് തറപ്പിച്ചു പറയുന്നു…… അത് എതിർക്കാൻ ഡെയ്സി ശ്രമിക്കുന്നുമില്ല…… ഒരു വാക്കു കൊണ്ടു പോലും മറുത്തു പറയുന്നില്ല…….. വിശ്വാസം ഇല്ലാതാക്കിയത് അവൾ തന്നെയാണ്…….. വീടിന് വെളിയിലുള്ള പണികൾ സഹായിക്കാനല്ലേ ഞാൻ മനസ്സില്ലാമനസ്സോടെയാണെങ്കിലും വിട്ടത്…….. ഇതുവരെ പറഞ്ഞിട്ടുണ്ടോ അവൾ വീടിനകത്ത് കയറുമെന്ന്…….. ശിവയെ കാണുമെന്ന്……… അപ്പോൾ റോയി പറയുന്നതിൽ എന്തൊക്കെയോ ഉണ്ടെന്നല്ലേ………… പ്രസവം അവിടെ വേണ്ട ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു വിടാതിരുന്നതാണ് റോയി………. ഇനിയിപ്പോൾ അത് വേണ്ട…… അവളെ വീട്ടിലേക്ക് വിടണം എന്ന് പറഞ്ഞപ്പോൾ റോയി സമ്മതിച്ചില്ല……. അതിന്റെ ഉദ്ദേശം ബാക്കിയുള്ളവർക്ക് മനസ്സിലായില്ലെങ്കിലും ഡെയ്സിയ്ക്ക് മനസ്സിലായി…….. ശിവ യോടുള്ള ദേഷ്യം തന്നെ കാരണം…… അവിടെ എങ്കിൽ ശിവ കാണാൻ വന്നാലോ എന്നുള്ള തോന്നൽ……..ശിവ സന്തോഷിക്കുന്നത് റോയിക്ക് സഹിക്കില്ല അതും ഡെയ്സിയിലൂടെ…..
ഉടനെ വരും…..

by