24/04/2026

നില : ഭാഗം 56

രചന – അഹാനിക അനു

ശ്യാമയുടെ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ശ്രേയ നിവിന്റെ റൂം പകുതി തുറന്നു കിടന്നത് കണ്ടു .
ആ റൂം ആരും തുറക്കാറില്ല ഇടയ്ക്ക് ജിതിന്റെ അച്ഛൻ അടിച്ചു വാരി തുടയ്ക്കുന്നതല്ലാതെ.
ശ്രേയ റൂമിന്റെ അടുത്തേക്ക് ചെന്ന് വാതിലിന്റെ വിടവിലൂടെ ഉള്ളിലേക്ക് നോക്കി.
പാറുവിനെ ചേർത്ത് പിടിച്ച നിവിന്റെയും തൃത്തയുടെയും ഫോട്ടോയിൽ നോക്കി നിൽക്കുന്ന ജിതിനെ കുറച്ച് നേരം നോക്കി നിന്നു.
കയ്യിലുള്ള ഫോട്ടോ ടേബിളിൽ വച്ചു തിരിഞ്ഞപ്പോളാണ് അവനെ നോക്കി നിൽക്കുന്ന ശ്രേയയെ കണ്ടത്.

” ഞാൻ ഒരു കാര്യം പറയട്ടെ ”

ശ്രേയ ഉള്ളിലേക്ക് കയറിയതും ജിതിൻ എന്നതാണെന്ന രീതിയിൽ അവളെ നോക്കി.

” ഇയാളുടെ അച്ഛനും അമ്മയ്ക്കും പ്രായമായി.
മനുഷ്യർക്കാണേൽ ഒട്ടും സന്തോഷമില്ലെങ്കിൽ നമ്മൾ കണ്ണടച്ച് തുറക്കുമ്പോളേക്കും തലയിൽ നര വരും. ഇവിടെ ഉള്ള പാവങ്ങൾക്ക് ഒരു മകൻ മാത്രമേ നഷ്ട്ടമായിട്ടുള്ളു. അതിന്റെ വേദന അവർക്ക് മരിക്കുന്ന വരെ ഉണ്ടാവും ഇല്ലെന്നല്ല പറയുന്നത്. പക്ഷെ താൻ കൂടെ ഇല്ലേ. എന്തിനാണ് അവരെ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്.
ഞാൻ വന്നിട്ട് ദിവസം കുറച്ചായി ഇപ്പോൾ അമ്മ പതുക്കെ എഴുനേറ്റു നടക്കേണ്ട ടൈമായി പക്ഷെ അവരത് ഒട്ടും ആഗ്രഹിക്കുന്നില്ല. അമ്മയ്ക്ക് കൂടി ആത്മവിശ്വാസം വേണം.
ഈ കിടപ്പിൽ തന്നെ ഇല്ലാതായാൽ മതിയെന്ന് അവർ വല്ലാതെ കൊതിക്കുന്നു.
എപ്പോളെങ്കിലും ആ റൂമിലേക്ക് വന്ന് എങ്ങനെ ഉണ്ടെന്ന് അന്വേഷിച്ചിട്ടുണ്ടോ.
ഒന്നും വേണ്ട ഞാൻ എന്തെങ്കിലും വാങ്ങി തരണോ എന്ന് ചോദിച്ചാലും മതി.
തന്നെ ഞാൻ മനസിലാക്കിയിട്ടുണ്ട്.
ചെയ്യാൻ പോയതിനെ ഓർത്ത് കുറ്റബോധം ഉണ്ട്.
ആ രണ്ട് പേരുടെയും മുന്നിൽ മനസ്സ് തുറന്നാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇയാൾക്കുള്ളൂ.
ഒന്ന് സംസാരിക്കാൻ പാടില്ലേ… അവരത് ആഗ്രഹിക്കുന്നുണ്ട്.

ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്ന ജിതിനെ നോക്കി ശ്രേയ തിരിഞ്ഞു.

” എന്നേ കൊണ്ട് കഴിയില്ലേടോ ”

ശ്രേയ മനസിലാവാതെ അവനെ നോക്കി.

“സംസാരിക്കണം എന്നുണ്ട് ബോധമില്ലാതെ ചെയ്ത് കൂട്ടിയതിനെല്ലാം മാപ്പ് പറയണമെന്നുണ്ട് പക്ഷെ ആരെയും ഫേസ് ചെയ്യാൻ കഴിയുന്നില്ല. പ്രത്യേകിച്ചു പാറുവിനെ. ആ മുഖം എന്നേ വല്ലാതെ വേദനിപ്പിക്കുന്നു. അറിഞ്ഞു കൊണ്ട് അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. എല്ലാം ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു.
ഇന്നവൾ എത്തിപ്പെടേണ്ട കൈകളിൽ തന്നെയാണ്. ഏട്ടതിയെക്കാളും ശ്രദ്ധയും കരുതലും പാറുവിന്റെ കാര്യത്തിൽ നിലയ്ക്ക് ഉണ്ടെടോ. അവളെ ചേർത്ത് പിടിക്കുന്ന കൈക്ക് വല്ലാത്ത കരുത്താണ്. ഇന്നലെ ഞാനത് വ്യക്തമായി കണ്ടതാണ്. ആർക്കേലും അങ്ങനെയൊക്കെ സ്നേഹിക്കാൻ കഴിയോ. ഇന്നലെ എല്ലാവരെയും കണ്ടിട്ട് പോലും സ്വന്തം മോളെ കുറിച്ച് അവൾ ചോദിച്ചിട്ടില്ല.
നിലയെ പോലെ അവൾ മാത്രേ ഉള്ളേടോ

നിലയെ കുറിച്ച് പറയുമ്പോൾ അവന്റെ കണ്ണിലെ തിളക്കവും നഷ്ട്ട വേദനയും ശ്രേയ തിരിച്ചറിഞ്ഞു.
അവളെ നോക്കി വരണ്ട ചിരി ചിരിച്ചു ജിതിൻ പുറത്തേക്ക് ഇറങ്ങി. പുറത്ത് നിന്ന് അവർ പറയുന്നത് കേട്ട അച്ഛൻ കണ്ണുകൾ തുടച്ചു ശ്യാമയുടെ റൂമിലേക്ക് കടന്നു.

🌻🌻🌻🌻🌻🌻🌻

പുറത്തേക്ക് ഇറങ്ങിയ രാജേഷ് തിരിച്ചു റൂമിലേക്ക് വന്ന് ശ്രുതിയോട് കൂടെ വരാൻ ആവശ്യപ്പെട്ടു. ആരോടും ഒന്നും മിണ്ടാതെ ഇരുന്ന അവൾ രേവതിയെ നോക്കി അച്ഛന്റെ കൂടെ ഇറങ്ങി.
രാജേഷിന്റെ കാർ പോവുന്നിടം ശ്രദ്ധിച്ചു ശരത്ത് നെറ്റി ചുളിച്ചു തല ചെരിച്ചു. ശ്രുതിയുടെ കണ്ണുകൾ ചുറ്റും നോക്കി കണ്ടു

” നോക്കണ്ട. അവിടേക്ക് തന്നെയാണ് എല്ലാത്തിനുമുള്ള ഉത്തരം അവിടെയാണ് ഉള്ളത് ”

കണ്ണ് രണ്ടും കൂട്ടി ചിമ്മി ചിരിച്ചു രാജേഷ് കാർ തുറന്നിട്ട ഗേറ്റിലൂടെ ഉള്ളിലേക്ക് കടത്തി.

” ഈ വീട് ആരുടേതാണ് ”

ശരത്ത് ഇറങ്ങാൻ നേരം രാജേഷിനോട് ചോദിച്ചു.

” രേവതി. അവളുടെ പേരിലുള്ള വീടാണ്. ആരും വരാറില്ല. ഒരാൾ ഒഴികെ ”

എവിടെയും തൊടാതെയുള്ള രാജേഷിന്റെ സംസാരത്തിൽ ശരത്തിന് ഒന്നും മനസിലായില്ല. ശ്രുതിയും ഇതേ അവസ്ഥയിലായിരുന്നു. ഇങ്ങനൊരു വീടുള്ള കാര്യം ആരും തന്നെ പറഞ്ഞിട്ടില്ല. രണ്ട് പേരോടും ഇറങ്ങാൻ പറഞ്ഞു രാജേഷ് പുറത്തേക്കിറങ്ങി.

” എല്ലാം അവസാനിപ്പിക്കുന്ന നിമിഷം നിന്നേ ഞാൻ ഇവിടെ പ്രതീക്ഷിച്ചിരുന്നു. ”

ഡോറിന് മുകളിൽ കൈ താങ്ങി രാജേഷ് പറയുന്നത് കേട്ട് വീടിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച ഇന്ദ്രൻ പെട്ടെന്ന് തിരിഞ്ഞു നോക്കി. അയാളുടെ മുഖം പതറിയിരുന്നു. കാറിൽ നിന്നിറങ്ങിയ ശരത്തിനെയും ശ്രുതിയെയും കണ്ടപ്പോൾ മുഖം ഇരുണ്ടു.

” നീ വാതിൽ തുറക്ക് . അതിന്റെ ഉള്ളിൽ ഉള്ളവൻ ജീവനോടെ ഉണ്ടോ എന്ന് നോക്കണ്ടേ. അമ്മാതിരി അടിയല്ലേ ഇവൻ കൊടുത്തത്.
മോളെ കാറിൽ നിന്ന് വെള്ളം എടുത്തോ ”

ശരത്തിന്റെ തോളിൽ കയ്യിട്ട് രാജേഷ് മുൻപിൽ നടന്നു തിരിഞ്ഞു നോക്കി ശ്രുതിയോടായി പറഞ്ഞു . ഇന്ദ്രന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഇന്ന് ഉണ്ണി വിളിച്ചു പറഞ്ഞപ്പോളാണ് നിരഞ്ജനെ കൊണ്ട് പോയ കാര്യം അറിഞ്ഞത്. ഇന്നലെ രാത്രി അച്ഛൻ വിലക്കിയത് കൊണ്ട് ആരെയും വിവരമറിച്ചില്ല.
മൂന്ന് പേരെയും നോക്കി നിൽക്കുന്ന ഇന്ദ്രന്റെ കയ്യിൽ നിന്നും കീ വാങ്ങി രാജേഷ് ഡോർ തുറന്നു അകത്തേക്ക് കയറി വരാൻ പറഞ്ഞു. ഉള്ളിൽ കയറിയ ശ്രുതി ചുറ്റും നോക്കി. ഇന്ദ്രന്റെ കണ്ണുകൾ മുകളിലേക്ക് നീളുന്നത് കണ്ട് രാജേഷ് ചിരിച്ചു കൊണ്ട് ശരത്തിന്റെ കയ്യിൽ നിന്നും കീ വാങ്ങി നിരഞ്ജൻ കിടക്കുന്ന റൂം തുറന്നു.

” ഹാ ഏട്ടൻ ഇന്നലെ ഉറങ്ങിയില്ലായിരുന്നോ ഒരേ ഇരിപ്പ് തന്നെയാണല്ലോ ”

രാജേഷിന്റെ സംസാരത്തിൽ പരിഹാസം നിറഞ്ഞിരുന്നു. നിരഞ്ജൻ തല ചെരിച്ചു പല്ല് കടിച്ചു.

” ഇനി അത് കൂടിയേ പൊട്ടിക്കാനുള്ളൂ.. ബാക്കി എല്ലാം ശരത്ത് ശേരിയാക്കിയിട്ടുണ്ട് ”

പാന്റ് ചെറുതായി പൊക്കി നിരഞ്ജന് നേരെ ഇരുന്നു കെട്ടിയിട്ട കൈ അഴിച്ചു എഴുനേൽപ്പിക്കാൻ നോക്കി. ബലം പ്രയോഗിച്ചു ഇരിക്കുന്ന നിരഞ്ജനെ രാജേഷ് സൂക്ഷിച്ചു നോക്കി.

” ഇപ്പോൾ കിട്ടിയ ദയ പിന്നീട് കിട്ടിയെന്ന് വരില്ല. ഇതിന്റെ ഉള്ളിൽ നിന്ന് പുറത്ത് കടക്കില്ല. ”

രാജേഷിന്റെ മുഖം മാറിയത് കണ്ട് നിരഞ്ജന് അവനെ പിടിച്ചു എഴുനേറ്റു. കാലിന് നീര് വച്ചത് കൊണ്ട് നടക്കാൻ കഴിഞ്ഞിരുന്നു.

” ഏട്ടാ.. എന്താ പറ്റിയത് ”

പുറത്തേക്ക് ഇറങ്ങിയ നിരഞ്ജനെ കണ്ട് ടെൻഷനോടെ അടുത്തേക്ക് വന്ന ഇന്ദ്രനെ കനപ്പിച്ചുള്ള നോട്ടം കൊണ്ട് രാജേഷ് തടഞ്ഞു ശരത്തിനെ നോക്കി. അടുത്തുള്ള ചെയർ നീക്കി അവൻ അയാളെ ഇരുത്താൻ സഹായിച്ചു.
ശരത്തിന് നിരഞ്ജനെ കാണും തോറും ദേഷ്യം ഇരച്ചു കയറി. പേടിച്ചു നിൽക്കുന്ന ശ്രുതിയുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി രാജേഷ് നിരഞ്ജന് നേരെ കൊടുത്തു. വേദനയൊന്നും വക വയ്ക്കാതെ അർത്തിയോടെ അത് കുടിക്കുന്ന നിരഞ്ജനെ നോക്കി ചിരിച്ചു രാജേഷ് മുന്നിൽ ഇരുന്നു.

” ഒരു ദയയും ഇല്ലാതെ രണ്ട് പേരെ നീ ഈ വീട്ടിൽ അടച്ചിട്ടല്ലോ നിരഞ്ജ. ഇപ്പോൾ എന്ത് തോന്നുന്നു ”

രാജേഷിന്റെ വാക്കുകൾക്ക് വല്ലാത്ത മൂർച്ചയുള്ള പോലെ തോന്നി. എല്ലാം കരുതിയുള്ള വരവാണെന്ന് രണ്ട് പേർക്കും മനസിലായി.

” ഞാൻ പറഞ്ഞിരുന്നു ഉണ്ണിയേട്ടനോട് എന്റെ പിറകെ വരരുതെന്ന്. എല്ലാം വേണ്ടെന്ന് വച്ചു മനഃപൂർവം മറന്ന് ജീവിക്കുന്ന എന്നേ കുത്തി പൊക്കിയാൽ ഓരോരുത്തരെയും നശിപ്പിക്കാൻ എനിക്കറിയാമെന്ന്.
ഇനി വൈക്കുന്നതെന്തിന് അവസരം നിങ്ങളായി ഉണ്ടാക്കിയ സ്ഥിതിക്ക് ഒന്നും മറയ്ക്കാതെ തുറന്നു പറ. എന്റെ മകളും ശരത്തും പിന്നെ എനിക്കും കേൾക്കണം നിങ്ങളുടെ വായയിൽ നിന്ന് തന്നെ. ”

മുന്നിലേക്ക് നീങ്ങി മുട്ടിൽ കൈ വച്ചു രാജേഷ് നിരഞ്ജനെ നോക്കി.

” ഇന്ദ്ര എന്താ മിണ്ടാതെ നിൽക്കുന്നത്. പറയുന്നില്ലേ ”

” അച്ഛാ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. അച്ഛന്റെ സ്വന്തം ഏട്ടന്മാർ തന്നെയല്ലേ. ഇവർ എന്ത് ചെയ്തുവെന്നാണ് പറയുന്നത്. അച്ഛന്റെ നല്ലതിന് വേണ്ടി കൂടെ നിന്നതല്ലേ ഇവർ . അമ്മ…. അമ്മയല്ലേ എല്ലാത്തിനും കാരണം. അച്ഛനെ ചതിച്ചത് അമ്മയല്ലേ ”

ശ്രുതിയുടെ വാക്കുകളിൽ രേവതിയോടുള്ള അനിഷ്ട്ടം കലർന്നിരുന്നു.
പറഞ്ഞു കഴിഞ്ഞതും അവൾക്ക് രാജേഷ് ഒന്ന് പൊട്ടിച്ചിരുന്നു. വീഴാൻ പോയ ശ്രുതിയെ ശരത് താങ്ങി.

” അമ്മ എന്ത് ചെയ്‌തുവെന്ന് . പറ അമ്മ ചെയ്തുവെന്നാണ് നീ പറയുന്നത്.
പറ നിരഞ്ജ രേവതി തെറ്റ് ചെയ്തിട്ടുണ്ടോ.
ഇന്ദ്ര പറ എന്റെ രേവതി തെറ്റ് ചെയ്തിട്ടുണ്ടോ.
ആരാ അവളെ ചതിച്ചത്. ആരാ അവളെ വേശി ആക്കിയത്…….. ആരാ അവളെ ചതിച്ചതെന്ന് ”

നിമിഷ നേരം കൊണ്ട് മാറിയ രാജേഷിന്റെ ഭാവം കണ്ട് ശ്രുതി പേടിച്ചു ശരത്തിനെ മുറുകി പിടിച്ചു. ശരത്തും അതേ അവസ്ഥയിലായിരുന്നു,. ദേഷ്യത്തിൽ നിരഞ്ജന്റെ കയ്യിലെ കുപ്പി പിടിച്ചു വാങ്ങി അവന്റെ മുഖത്തേക്ക് ചീറ്റി പോക്കറ്റിൽ കരുതിയ എസൻസ് എടുത്തു മുറിവിലേക്ക് ഒഴിച്ചു രാജേഷിനെ ഒന്ന് തടയാൻ കൂടി ആർക്കും കഴിഞ്ഞിരുന്നില്ല. നിരഞ്ജന്റെ കരച്ചിലിൽ ചെവി അമർത്തി പിടിക്കാൻ തോന്നി.

” പറ നിരഞ്ജ ആരാ എന്റെ രേവതിയെ ചതിച്ചത്…..
എന്റെ രേവതിയെ ചതിച്ചതാരാണ് ”

അടുത്തുള്ള കസേര എടുത്തു വീശി അടിക്കാൻ പോയതും രാജേഷിന്റെ കയ്യിൽ പിടി വീണിരുന്നു.

” ഞാൻ… ഞാനാണ് അവളെ ചതിച്ചത് .
ഞാനാണ് അവളെ വേശിയാക്കിയത്. എന്റെ ആവശ്യം കഴിഞ്ഞ് ഞാനാണ് അവളെ ചവച്ചു തുപ്പിയത്. നിനക്ക് എന്നേ കൊല്ലാം എന്നോടുള്ള ദേഷ്യം എന്തിന് ഇവനോട് തീർക്കുന്നു. ”

ഇന്ദ്രന്റെ വാക്കുകൾ കേട്ട് രാജേഷ് ശരത്തിന്റെ ഷർട്ട്‌ കൂട്ടി പിടിച്ചു അവന്റെ നെഞ്ചിൽ മുഖം മറിച്ച ശ്രുതിയെ നോക്കി.

” കേട്ടോ ശ്രുതി നീ. നിന്റെ അമ്മയെ ചവച്ചു തുപ്പിയതാണെന്ന്. ഒന്നും പറയാനില്ലേ നിനക്ക്. ഇത്രയും വർഷം വളർത്തിയ അമ്മയെ മറ്റുള്ളവരുടെ വാക്ക് കേട്ട് നീ ഒരു നിമിഷം വെറുത്തില്ലേ.”

ശ്രുതിക്ക് ശബ്ദം നഷ്ട്ടപെട്ടിരുന്നു.

” ഇത്രയും നാൾ അവൾ എങ്ങനെയാണ് ജീവിച്ചതെന്ന് നിനക്കറിയോ. ഒരു ദിവസം പോലും കരയാത്തതില്ല .
ആ ഡയറി കാണുന്നില്ല എന്ന് അവൾ പറഞ്ഞപ്പോൾ തന്നെ അത് നീ എടുത്തതാകുമെന്ന് ഞാൻ ഊഹിച്ചിരുന്നു . അവൾക്കത് നിന്റെ കയ്യിൽ നിന്ന് വാങ്ങാമായിരുന്നു.. ആരും കാണാതെ നശിപ്പിക്കാമായിരുന്നു.
ചെയ്തില്ല അവൾ…. രേവതി അത് ചെയ്യില്ല. ഒരിക്കൽ നീ എല്ലാം അറിയുമെന്ന് അവൾ പറഞ്ഞു. അല്ലേൽ അറിയണം എന്ന് കരുതി തന്നെയാണ് അത് നിന്റെ എടുത്തു നിന്ന് തിരികെ വാങ്ങാതിരുന്നത് . പക്ഷെ നീയത് എന്റെ ഡയറി ആണെന്ന് തെറ്റ് ധരിച്ചു. അത് വായിച്ചത് മുതൽ എന്നോടായിരുന്നു അൽച്ച. ഇവിടെക്ക് വരണമെന്ന് വാശി പിടിച്ചപ്പോളും നിനക്ക് സത്യങ്ങൾ അറിയണമായിരുന്നു. എല്ലാം മനസിലാക്കി തന്നെയാണ് ഇങ്ങോട്ട് വന്നത്. കൃഷ്ണപുരത്തേക്ക് എത്തിപ്പെടാൻ നീ ചെയ്തതെല്ലാം മനസിലായിരുന്നു.
തറവാടിന്റെ ചുറ്റും നിന്റെ വണ്ടി പോവുന്നതും
കോളേജിലേക്കെന്ന് പറഞ്ഞു നീ കൃഷ്ണപുരത്തേക്ക് പോയതെല്ലാം ഞാൻ അറിഞ്ഞിരുന്നു. അത് തടയാൻ നിന്ന എന്നേ അവളാണ് എതിർത്തത് . നമ്മൾ കാരണം നിനക്ക് ആരെയും അറിയാതെ പോവരുത് അവരുടെയും സ്നേഹം കിട്ടാതെ പോവരുതെന്ന് പറഞ്ഞു. എനിക്ക് അറിയാമായിരുന്നു നിന്റെ മനസ്സിൽ ഇവർ ഓരോരുത്തരും വിഷം നിറയ്ക്കുമെന്ന്. എന്നാൽ അതൊന്നും എന്നേ ബാധിച്ചിരുന്നില്ല….
അറിയേണ്ടിരുന്നത് ഒന്ന് മാത്രം ആ മകൾ… ”

രാജേഷ് ഇന്ദ്രന് നേരെ തിരിഞ്ഞു

” നീ മുകളിൽ പോയി എല്ലാം എടുത്തു വാ ”

പ്രതികരിക്കാതെ നിൽക്കുന്ന ഇന്ദ്രനെ രാജേഷ് മുകളിലേക്ക് തള്ളി.

” പോ ഇന്ദ്ര ഇനി നിന്നാൽ ഞാൻ ഒന്ന് പൊട്ടിച്ചെന്ന് വരും ”

എല്ലാവരെയും നോക്കി ഇന്ദ്രൻ മുകളിലേക്ക് നടന്നു. ഇറങ്ങി വന്നപ്പോൾ കയ്യിൽ പൊട്ടിയ ഫോട്ടോയും ആൽബവും ഉണ്ടായിരുന്നു. അത് പിടിച്ചു വാങ്ങി രാജേഷ് ടേബിളിലേക്ക് എറിഞ്ഞു.

” നോക്ക് ശ്രുതി. ”

രാജേഷിന്റെ ശബ്ദം ഉയർന്നതും ശ്രുതി ഞെട്ടി ശരത്തിന്റെ കൈ മുറുകി പിടിച്ചു ഫോട്ടോയിലേക്ക് നോക്കി.
ഇന്ദ്രനും രേവതിയും കൈ കുമ്പിളിളോളം ഉള്ള കുട്ടിയെ എടുത്തു നിൽക്കുന്ന ഫോട്ടോ. ശ്രുതിയും ശരത്തും ഞെട്ടി രാജേഷിനെ നോക്കി. അയാളുടെ മുഖം ഇന്ദ്രനിലും നിരഞ്ജനിലുമായിരുന്നു. രേവതിയുടെ മുഖത്തേ ചിരി കാണെ ശ്രുതിക്ക് വേദന തോന്നി. ശരത് വിശ്വസിക്കാൻ കഴിയാതെ ആൽബം മറച്ചു . എല്ലാത്തിലും രേവതിയും ഇന്ദ്രനും നിറഞ്ഞു നിൽക്കുന്നു. അധികവും ഈ വീട്ടിൽ നിന്ന് എടുത്ത ഫോട്ടോസ് ആണ്.
ശ്രുതിക്ക് തല ചുറ്റുന്ന പോലെ തോന്നി. വീഴാൻ പോയ അവളെ ശരത് പിടിച്ചു സോഫയിൽ ഇരുത്തി.
ശ്രുതിയെയും ശരത്തിനെയും നോക്കി രാജേഷ് അവളുടെ കയ്യിൽ നിന്നും ഫോട്ടോ വാങ്ങി അതിലേക്ക് നോക്കി ചിരിച്ചു.

” ഈ ഫോട്ടോയിൽ ഉള്ളത് ആരാണെന്നറിയോ ശരത്തിന്. ”

ശരത്ത് രാജേഷിനെ നോക്കി അതേയെന്ന് തലയനക്കി

” രേവതിയെ അല്ല ഈ കുട്ടിയെ ”

അതിന് ഇല്ലേന്ന് തല ചലിപ്പിച്ചു.

” തന്റെ നില ആരും ഇല്ലാത്തവൾ അല്ലെടോ. അവൾക്ക് അച്ഛനുണ്ട് അമ്മയുണ്ട് ഈ നാടറിയുന്ന വലിയൊരു കുടുംബമുണ്ട് ”

ശരത്ത് കേട്ടത് വിശ്വസിക്കാൻ കഴിയാതെ വിറയലോടെ നിന്നു.

” സത്യമാണ് പറയുന്നത് എന്റെ രേവതിയുടെ മകളാണെടോ അവൾ. ഇവൻ കാരണം അനാഥയായവൾ. ”

ഇന്ദ്രനെ ചൂണ്ടിയപ്പോൾ മുഖത്ത് ദേഷ്യം ഇരച്ചു കയറിയിരുന്നു .

” ഇല്ല ഞാൻ വിശ്വസിക്കില്ല ”

ശരത് നിഷേധാർത്തത്തിൽ തല വെട്ടിച്ചു.

” സത്യമാണ് ശരത്ത് പച്ചയായ സത്യം. സ്നേഹിച്ച പെണ്ണിനെ ഇല്ലാതാക്കാൻ ശ്രമിച്ച ഇവന് സ്വന്തം ചോരയെയും ഇല്ലാതാക്കാൻ കഴിയും. അതും ഈ വീട്ടിൽ വച്ചു തന്നെ. നിരഞ്ജനെ പോലുള്ള ക്രിമിനലുകൾ കൂടെ ഉണ്ടാവുമ്പോൾ ധൈര്യം കൂടും. ”

” ഇല്ല. ഞാൻ ആരെയും ഇല്ലാതക്കാൻ ശ്രമിച്ചിട്ടില്ല. അതും എന്റെ രേവതിയെ.
എന്നേ കൊണ്ട് കഴിയില്ല. ”

ഇന്ദ്രൻ മുന്നിലേക്ക് നീങ്ങി ശബ്ദമുയർത്തി പറഞ്ഞു .

” സഹതാപമല്ല ഇന്ദ്ര എനിക്ക് നിന്നോട് പുച്ഛമാണ് ഈ കണ്ണ് നീർ കാണുമ്പോൾ തോന്നുന്നത് .
പറ നീ നിന്നേ ജീവന് തുല്യം സ്നേഹിച്ച അവളെ എന്തിന് വേണ്ടെന്ന് വച്ചു.”

ഇന്ദ്രൻ നിറഞ്ഞ കണ്ണുകളോടെ നിരഞ്ജനെ നോക്കി. അവിടെ ഭാവവിത്യാസം ഇല്ല മുഖത്ത് ഇഷ്ട്ടക്കേട് വ്യക്തമായി കാണാം.
തനിക്കിവിടെ സത്യം പറയുകയല്ലാതെ നിവർത്തി ഇല്ലേന്ന് മനസിലാക്കി കണ്ണുകൾ അമർത്തി തുടച്ചു സ്റ്റെപ്പിൽ ഇരുന്നു

” ഇഷ്ട്ടമായിരുന്നു അവളെ ഒരുപാട്. ഒരുപക്ഷെ എന്നേക്കാളെറേ.
ഓർഫണാണെന്ന് അറിഞ്ഞപ്പോൾ അത് കൂടുകയല്ലാതെ കുറഞ്ഞില്ല.
ഇഷ്ട്ടം തുറന്നു പറഞ്ഞ നിമിഷം എടുത്തടിച്ച പോലെ ഇഷ്ട്ടമല്ലേന്ന് പറഞ്ഞ അവളെ എന്തോ വിട്ട് കളയാൻ തോന്നിയില്ല. ശല്യം സഹിക്കാൻ കഴിയാതെ അല്ലേൽ കാണുന്നിടത്തെല്ലാം എന്റെ സാനിധ്യം അറിഞ്ഞത് കൊണ്ടോ പതുക്കെ വെറുപ്പ് ഇഷ്ട്ടമായി.
വീട്ടിൽ സമ്മതിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
സ്ത്രീധനമായി കാറും സ്വർണവും പ്രതീക്ഷിച്ചിരിക്കുന്ന അമ്മയ്ക്ക് ഓർഫണായ ഇവളെ സ്വീകരിക്കാൻ കഴിയില്ലായിരുന്നു .
ഒരുമിച്ചു ജീവിക്കണമെന്ന എന്റെ വാശിക്ക് പുറത്താണ് അവൾ കൂടെ വന്നതും ആരുമറിയാതെ അവളുടെ പേരിൽ ഈ വാങ്ങിയതും .
ഒരുപക്ഷെ രജിസ്റ്റർ മാര്യേജ് ചെയ്താൽ എത്രയൊക്കെ മറച്ചു വച്ചാലും വീട്ടിലുള്ളവർ അറിയുമായിരുന്നു . പതുക്കെ മതിയെന്ന തീരുമാനം ഒരുമിച്ചു എടുത്തതായിരുന്നു.
പാലക്കാടായിരുന്നു ആ സമയം ഞാൻ വർക് ചെയ്തിരുന്നത്. ജോലി റിസൈൻ ചെയ്ത കാര്യം എല്ലാവരിൽ നിന്നും മറച്ചു വച്ചു .
സംശയം തോന്നാതിരിക്കാൻ ഇടയ്ക്ക് വീട്ടിൽ പോയി നിൽക്കും .
ഒരു വർഷം ഒപ്പം ജീവിച്ചു. അതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു ജീവൻ വളരുന്നുണ്ടെന്നറിഞ്ഞത്. ഒഴിവാക്കാൻ ഞാൻ ആവശ്യപ്പെട്ടെങ്കിലും രേവതി സമ്മതിച്ചില്ല. ഞാനും ആഗ്രഹിച്ചിരുന്നു എന്നതാണ് വാസ്തവം.
പിന്നീട് കാത്തിരിപ്പായിരുന്നു.
ആ ചോര കുഞ്ഞിനെ ഈ കയ്യിലാണ് വാങ്ങിയത്. ഈ നെഞ്ചിലേക്കാണ് ചേർത്ത് വച്ചത് ആ സന്തോഷം ഇന്നും പറഞ്ഞറിക്കാൻ കഴിയില്ല”

ഇന്ദ്രൻ തേങ്ങലോടെ കണ്ണുകൾ തുടച്ചു.

” എന്നെ ഹോസ്പിറ്റലിൽ വച്ചായിരുന്നു ഏട്ടൻ കണ്ടത്”

ഇന്ദ്രൻ നിരഞ്ജനെ നോക്കി

” കുഞ്ഞു സ്വപ്നങ്ങൾ കൊണ്ട് പണിത ഞങ്ങളുടെ ജീവിതം അവസാനിച്ച നാളുകളായിരുന്നു പിന്നീട് അങ്ങോട്ട്. പത്ത് ദിവസം വെറും പത്ത് ദിവസം മാത്രമാണ് ഞാൻ രേവതിയുടെയും മകളുടെയും കൂടെ നിന്നത്.
ഏട്ടനും അമ്മയും ഇവളെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി . ഭീഷണിയല്ല വേണ്ടി വന്നാൽ അത് ചെയ്യുമെന്നും അറിയാമായിരുന്നു.
എന്നേ എന്ത് ചെയ്താലും കുഴപ്പമില്ല.
അവർക്ക് എന്തേലും സംഭവിക്കുന്നത് മാത്രം എനിക്ക് താങ്ങാൻ കഴിയില്ല. ഏട്ടൻ വന്നതും അമ്മ സംസാരിച്ചതും ഒന്നും തന്നെ ഞാൻ രേവതിയോട് പറഞ്ഞിരുന്നില്ല.
അവൾ സെയ്ഫായിരിക്കാനാണ് ഞാൻ ആഗ്രഹിച്ചതും അതിന് വേണ്ടിയാണ് തിരിച്ചു വീട്ടിലേക്ക് വന്നതും .
അന്നവൾ മോളെയും കൊണ്ട് തറവാട്ടിലേക്ക് കയറി വന്നപ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. വേശി എന്ന് അമ്മ ഒരായിരം വട്ടം എന്റെ മുൻപിൽ നിന്ന് പറഞ്ഞപ്പോളും ശബ്ദമുയർത്താനോ എതിർക്കാനോ കഴിഞ്ഞില്ല.
എല്ലാം എന്റെ തെറ്റായിരുന്നു.
ഇവർ പറയുന്നതെല്ലാം കേട്ട് ഒരു പാവയെ പോലെ ചലിച്ചിട്ടും രേവതിയെ ഇല്ലാതാക്കാൻ അമ്മയും ഏട്ടനും പ്ലാൻ ചെയ്തത് നീ പറഞ്ഞാൻ ഞാൻ അറിഞ്ഞത്.
ആ നിമിഷം മനസ്സിൽ തീരുമാനിച്ചതായിരുന്നു ഞാൻ കാരണം രേവതി ഇനിയും വിഷമിക്കരുത്. എനിക്കറിയാം അവളെ ഞാൻ ഇല്ലെങ്കിലും അവൾ മോൾക്ക് വേണ്ടി മാത്രം ജീവിക്കുമെന്ന്.
അപ്പോൾ തോന്നിയ ചിന്തയിൽ അവളുടെ ജീവിതം നശിക്കരുത് ആളുകളുടെ മുന്നിൽ അച്ഛനില്ലാത്ത കുട്ടിയെ വളർത്തി പരിഹാസ കഥാപാത്രമാവരുതെന്ന് കരുതി അവൾ കാണാതെ വീട്ടിൽ നിന്ന് മോളെ എടുത്തു ഓർഫണെജിന് മുന്പിൽ ഉപേക്ഷിച്ചു.

ഇന്ദ്രൻ പറയുന്ന വാക്കുകൾ ഓരോന്നും ശ്രുതിക്ക് കത്തി കുത്തിയിറക്കുന്ന വേദന തോന്നി. ശരത്തിന് നിലയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു.

” തെറ്റായിരുന്നു രാജേഷ്. എല്ലാം തെറ്റായിരുന്നു.
മോളെ അന്വേഷിച്ചു ആ രാത്രി അവൾ വീടിന്റെ മുന്നിൽ നിന്ന് കെഞ്ചി കരഞ്ഞത് ഓർക്കുമ്പോൾ സഹിക്കാൻ കൂടി കഴിയില്ല.
എന്റെ പെണ്ണാണെന്ന് പറയാൻ ഉയർന്ന നാക്കിനെ ഏട്ടന്റെ കൈ കരുത്തിൽ അടക്കി പിടിച്ചു നിർത്തി.
എന്നേ കൊണ്ട് തന്നെ അവളോട് ഈ പടിയിൽ നിന്ന് ഇറക്കാൻ ആവശ്യപ്പെട്ടു
എല്ലാവരും തോൽപ്പിക്കുന്ന കൂട്ടത്തിൽ എന്നേ വല്ലാതെ വേദനിപ്പിച്ചത് നീയാണ് രാജേഷ്.
എല്ലാം കണ്ട് നിശബ്ദമായി നിന്ന നീ ഒരു നിമിഷം കൊണ്ട്
ഇവൾ ഇന്ദ്രന്റെ പെണ്ണല്ല എന്റെ പെണ്ണാണെന്ന് ഇവൾക്ക് നഷ്ട്ടമായത് ഇന്ദ്രന്റെ ചോരയല്ല എന്റെ ആണെന്ന് പറഞ്ഞ നിമിഷം മരിച്ചതാടാ ഞാൻ.
ആരെയും വക വയ്ക്കാതെ അവൾക്ക് വേണ്ടി നീ വീട് വിട്ട് ഇറങ്ങിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ ഭീരു ആയി പോയിരുന്നു ഞാൻ .
അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മായയെ കൂടെ കൂട്ടിയപ്പോളും അവളെ സ്നേഹിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നു. ഇന്നും ഈ നിമിഷം വരെ എനിക്ക് അവളോട് ആത്മാർത്ഥ പുലർത്താൻ കഴിഞ്ഞിട്ടില്ല.
രേവതിയെ വിവാഹം കഴിച്ച് നീ വീട്ടിൽ വന്നപ്പോളും നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല . രേവതി പോലും അപരിചിതരെ പോലെയാണ് പെരുമാറിയത്.
വേദനിച്ചു… വല്ലാതെ….ഒത്തിരി..
അപ്പോൾ അവളുടെ അവസ്ഥയും എനിക്ക് മനസിലാക്കാം .സംരക്ഷിക്കാമെന്ന് വാക്ക് കൊടുത്ത പുരുഷന്റെ മുന്നിൽ നിന്ന് തന്നെ അവൾ വേശി ആണെന്ന് പറയുമ്പോൾ പെണ്ണിന്റെ മാനസികാവസ്ഥ ചിന്തിക്കാം
അമ്മയോട് കയർത്ത് ഇനിയൊരു തിരിച്ചു വരവ് ഇല്ലെന്ന് പറഞ്ഞു നീ ഇറങ്ങിയപ്പോൾ പേടിയായിരുന്നു. ഇനി കാണാൻ കഴിയില്ലേ എന്ന്.
നിങ്ങൾ പോയതിൽ പിന്നെ ഞാൻ മോളെ കാണാൻ പോയിരുന്നു. മദർ കാണിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ തിരിച്ചിറങ്ങി.
ഇന്ന് വരെ അവളെ ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ലെടോ. ഈ വീട് പോലും ഇത്ര വൃത്തിയിൽ കൊണ്ട് നടക്കുന്നത് രേവതിയെ ഓർത്താണ്.. ആ റൂമിൽ ഒരുപാട് ഓർമ്മകൾ ഉണ്ട്…
അവളെ അല്ലാതെ ആരെയും എനിക്ക് ഇനി സ്നേഹിക്കാനും കഴിയില്ല. ”

” മതി.. നിർത്താം ഇന്ദ്ര. എങ്ങനെ കഴിയുന്നു ഒരു ഉളുപ്പുമില്ലാതെ നിനക്ക് ഇപ്പോളും അവളെ ഇഷ്ട്ടമാണെന്നും അവളെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ കഴിയില്ല എന്ന് പറയാൻ . പെണ്ണിന്റെ പിറകെ നടക്കാനും തിരിച്ചു ഇഷ്ട്ടമെന്ന് പറയിപ്പിക്കാനും ആരെക്കൊണ്ടും പറ്റും അവളെ തന്റെടത്തോടെ നോക്കാൻ നട്ടലുള്ളവന് മാത്രേ കഴിയൂ.
നിനക്കത് ഇല്ലായെന്ന് നീ തെളിച്ചതാണ്.
നീ രേവതിയെ മനസിലാക്കിയിട്ടില്ല.. അറിയാൻ ശ്രമിച്ചിട്ടില്ല ”

രാജേഷ് ദേഷ്യത്തിൽ പറഞ്ഞു ഇന്ദ്രന്റെ അടുത്തേക്ക് നടന്നു.

” അവളെ ഞാൻ മനസിലാക്കിയില്ല എന്ന് മാത്രം പറയരുത്. എനിക്ക് അല്ലാതെ മാറ്റാർക്കാണ് അവളെ മനസിലാക്കാൻ കഴിയുക ”

ഇന്ദ്രന്റെ കണ്ണുകൾ ചുവന്നു.

” ആവശ്യം കഴിഞ്ഞ് ചവച്ചു തുപ്പിയാൽ അവൾ പിറകെ വരില്ല എന്നതാണോ നീ അവളിൽ മനസിലാക്കിയത്. ”

” രാജേഷ് …. “..

ഇന്ദ്രൻ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു.

” ശബ്ദം ഉയർത്തേണ്ട…ഭയക്കില്ല. ഇനി ഇതിൽ കൂടുതൽ ഉയർന്നാലും. ”

” അവളെ ഞാൻ സ്നേഹിച്ചില്ല എന്ന് മാത്രം പറയരുത് രാജേഷ്…
രേവതിക്ക് എന്തേലും പറ്റുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയില്ല. അന്ന് സുധി നിങ്ങളെ ഇല്ലാതാക്കാൻ വണ്ടി… ”

” ഇന്ദ്ര….. “.

പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്നേ നിരഞ്ജന്റെ ശബ്ദം ഉയർന്നു. ഇന്ദ്രൻ അബദ്ധം പറ്റിയ പോലെ മുഖം തിരിച്ചു. രാജേഷിന്റെയും ശരത്തിന്റെ ശ്രുതിയുടെ കണ്ണുകൾ സംശയം കൊണ്ട് കുറുകി.

🦋 തിരികെ വരും 🦋