രചന – രോഹിണി ആമി
ജനി കണ്ണു തുടച്ചു……… സിദ്ധു സാർ എല്ലാം കേട്ടുകാണുമോ…… എന്നെ അഭിയേട്ടൻ ചേർത്തു പിടിച്ചതൊക്കെ കണ്ടുകാണില്ലെ…….. എന്താ വിചാരിച്ചിട്ടുണ്ടാവുക…….
അഭിയെ സിദ്ധു മുൻപ് കണ്ടിട്ടുള്ളത് കൊണ്ടു പ്രത്യേകിച്ച് ഇതാരാണ് ന്ന് ചോദിക്കേണ്ടി വന്നില്ല…… സിദ്ധു ഉള്ളിലേക്ക് കയറിവന്നിട്ട് പറഞ്ഞു……..
ഇന്നാണ് അറിഞ്ഞത്…….. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇന്നലെ നിന്നെ തനിച്ചാക്കില്ലായിരുന്നു……… എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ എടുത്തോ…….. നീ എന്റെ കൂടെ വരുന്നു……. സിദ്ധു മുഖവുര ഇല്ലാതെ പറഞ്ഞു……
ജനി ഇല്ലാന്നുള്ള രീതിയിൽ തലയാട്ടി…….
നിന്നോട് വരാനാ പറഞ്ഞത്……. സിദ്ധു ദേഷ്യത്തിൽ പറഞ്ഞു…..
ജെനി ഞെട്ടി ഒരു ചുവട് പിന്നിലേക്ക് മാറി…….
പിന്നെ പതിയെ മുറിയിലേക്ക് പോയി…… സർട്ടിഫിക്കേറ്റ്സും ആവശ്യത്തിന് ഡ്രെസ്സും ഒരു ബാഗിൽ എടുത്തു………….
പുലിയെപ്പോലെ നിന്നവൾ പൂച്ചയെപ്പോലെ ആയതു അഭി അത്‍ഭുതത്തോടെ നോക്കി നിന്നു……
പോകാം…….. സിദ്ധു ചോദിച്ചു…..
അവൾ തലയാട്ടി…….. സിദ്ധു ബാഗ് വാങ്ങി വെളിയിലേക്കിറങ്ങി……..
ജനി അഭിക്കരികിലേക്കു വന്നു പറഞ്ഞു……
അഭിയേട്ടൻ എന്നെയോർത്തു പേടിക്കണ്ട……. ആ വീട്ടിൽ ഞാൻ സുരക്ഷിത ആണ്…….. ഒരപേക്ഷ ഉണ്ട്…….. അനിക്കുട്ടൻ എന്നെങ്കിലും വന്നാൽ അവനു അവകാശപ്പെട്ടത് കൊടുക്കണം…… എനിക്കൊന്നും വേണ്ട…….. പിന്നെ…. അച്ഛൻ പറഞ്ഞത് നമ്മുടെ മനസ്സിൽ ഇരിക്കട്ടെ…….. വേറാരും അറിയണ്ട……… പ്രത്യേകിച്ച് അനിക്കുട്ടൻ…….
അഭി തല കുനിച്ചു………ആ കണ്ണുകൾ നിറഞ്ഞിരുന്നുവെന്ന് ജനിക്ക് മനസ്സിലായി…….
അഭിയേട്ടനെ മനസ്സിലാക്കാൻ ജനിക്ക് പറ്റും… …….. ഞാനെന്റെ വിഷമം കൊണ്ട് പറഞ്ഞുപോയതാ എല്ലാം….. ഞാൻ തനിച്ചായപ്പോൾ ഓടി വന്നല്ലോ…… അത്രയും മതി ജനിക്ക് നടന്നതെല്ലാം മറക്കാൻ…… വിഷമിക്കരുത്………. പൊക്കോട്ടെ ഞാൻ……… ജനി ചോദിച്ചു……
എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ വിളിക്കുവോ എന്നെ…….. അഭി ചോദിച്ചു….
ഇല്ല…… ഒരിക്കലുമില്ല……. ഇനി നമ്മൾ തമ്മിൽ കാണാതിരിക്കാൻ ശ്രമിക്കും ഞാൻ……. അതാവും രണ്ടാൾക്കും നല്ലത്…… ജനി അതുംപറഞ്ഞു വെളിയിലേക്കിറങ്ങി…….. പിറകെ അഭിയും…….
വീടു പൂട്ടി…….. അമ്മയുടെ അടുത്ത് ഒന്നുകൂടി പോയി……… സുമേച്ചിയോട് യാത്ര പറഞ്ഞു…… കാറിൽ കയറാൻ നേരമാണ് ചിക്കുവിനെ ഓർത്തത്…… അവനെവിടെ…… കണ്ടില്ലല്ലോ…..
ചിക്കൂ…… ജനി വിളിച്ചു…..
അതിനുള്ള മറുപടി കിട്ടിയത് കാറിന്റെ പിറകിലെ സീറ്റിൽ നിന്നായിരുന്നു…… ജനി നന്ദിയോടെ സിദ്ധുവിനെ നോക്കി ചിരിച്ചു……
കാർ കണ്ണിൽനിന്നും മറയുംവരെ അഭി നോക്കിനിന്നു……. ഇപ്പോൾ മനസ്സിലാവുന്നുണ്ട് ജനി അനുഭവിച്ച വേദന…….. സ്വന്തമെന്ന് കരുതുന്നവർ മറ്റൊരാൾക്കൊപ്പം പോകുന്നത് കാണുമ്പോൾ…….
എന്തിനാ അഭി വന്നത്……… സിദ്ദു ചോദിച്ചു….
ഞാൻ തനിച്ചായെന്നറിഞ്ഞപ്പോൾ വന്നതാ….. കൊണ്ടുപോകാൻ………
എങ്ങോട്ട്……..
വീട്ടിലേക്കോ……. അല്ലെങ്കിൽ ഹോസ്റ്റലിലേക്കോ മറ്റോ……. അങ്ങനെയാ പറഞ്ഞത്……..
എന്നിട്ടെന്താ പോകാഞ്ഞത്……… പോയിക്കൂടായിരുന്നോ……
പോകണമായിരുന്നോ ഞാൻ……
വേണ്ട……..
ജനിക്കും സിദ്ധുവിനും മനസ്സിലായില്ല അവരെന്താ പറഞ്ഞതെന്ന്……… മനസ്സിന്റെ ഉള്ളിൽ നിന്നും ആരോ പറയിപ്പിച്ചതുപോലെ…..
പിന്നീട് വീടെത്തും വരെ രണ്ടാളും ഒന്നും മിണ്ടിയില്ല…… ചിക്കു മാത്രം രണ്ടാളെയും മാറി മാറി നോക്കിയിരുന്നു……
വീടെത്തിയതും രാധമ്മ ജനിയെ കെട്ടിപ്പിടിച്ചു…… മുടിയിൽ തലോടി…….
സാരമില്ല കേട്ടോ…….. ഈ അമ്മ ജീവനോടെ ഉള്ളപ്പോൾ നീ തനിച്ചാവില്ല……. ഇനി നീ എങ്ങോട്ടും പോകണ്ട……… ഇവിടെ അമ്മയുടെ കൂടെ കഴിയാം…….. എന്നും…….
ജനിക്കതിന് തലയാട്ടണമോ വേണ്ടയൊന്ന് അറിയില്ലായിരുന്നു……
സിദ്ധു സാറും ചിക്കുവും പെട്ടെന്ന് അടുത്തു…… അവനെ പല കാര്യങ്ങൾ ചെയ്യാനും ട്രെയിനിങ് കൊടുത്തു……… ഇപ്പോൾ ന്യൂസ് പേപ്പർ എടുത്തു കൊണ്ട് കൊടുക്കുന്നത് ചിക്കുവാണ്…..
രാധമ്മക്ക് ഇപ്പോൾ ജനി മാത്രം മതി…… ജനി വന്നതിനു ശേഷം അടുക്കളയിൽ പണിയെടുത്തിരുന്ന ചേച്ചിക്ക് കുറച്ചു വിശ്രമം കിട്ടിത്തുടങ്ങി…….. അങ്ങനെ ഒരിക്കൽ എന്തോ ചെയ്തുകൊണ്ട് നിൽക്കുമ്പോൾ സിദ്ധു സാർ വന്നു അടുത്ത് നിന്നു…………..
നീയെന്താ ഇവിടെ…..
ചുമ്മാ ഇരുന്നപ്പോൾ കയറിയതാ…….
നിന്നെ ഇവിടെ അടുക്കളയിൽ പണിയെടുപ്പിക്കാൻ കൊണ്ടുവന്നതല്ല………
പിന്നെ…….
അതു പിന്നെ…………… സിദ്ധു ഒന്നും പറയാതെ പോയി……
സിദ്ധുവിനോട് സംസാരിക്കുന്നത് ജനിയല്ലന്നു അവൾക്ക് തോന്നി …….. വേറാരൊ ഉള്ളിലിരുന്ന് പറയിപ്പിക്കും പോലെ….
നാളെയാണ് അമ്മയുടെ കർമ്മങ്ങൾ ചെയ്യേണ്ടത്…….. എങ്ങനെയാ സിദ്ധു സാറിനോട് പറയുക…….. ഒരു ശല്യമായാലോ……. എങ്കിലും എങ്ങനാ കർമങ്ങൾക്ക് മുടക്കം വരുത്തുക….. ഓരോന്ന് ആലോചിച്ചു ജനിക്ക് നല്ല വിഷമം വന്നു…….
പിറ്റേന്ന് രാവിലെ സിദ്ധു സാർ വന്നു റെഡി ആവാൻ പറഞ്ഞു….. എങ്ങോട്ടാ….. എന്തിനാ….. എന്നൊന്നും പറഞ്ഞില്ല……. ദേഷ്യപ്പെട്ടാലോ എന്നോർത്ത് ജനിയും ഒന്നും ചോദിച്ചില്ല……
വണ്ടി ചെന്നു നിന്നത് വീട്ടിലാണ്…….. കർമം ചെയ്യിക്കുന്ന ആളും…… സുമേച്ചിയും ചേട്ടനും ഉണ്ടായിരുന്നു…….. എല്ലാം കഴിയും വരെ സിദ്ധു സാർ കൂടെ ഉണ്ടായിരുന്നു…………
വീടെല്ലാം ക്ലീൻ ചെയ്യുമ്പോളേക്കും ഞാൻ തിരിച്ചു വരാമെന്നു പറഞ്ഞു സിദ്ധു പോയി…….
തൂപ്പും തുടക്കലും ഒക്കെ കഴിഞ്ഞപ്പോഴേക്കും നേരം കുറെയായി……… പൊടിയടിച്ചതിനാലാവും ജനിക്ക് തുമ്മലും ജലദോഷവും പിടിച്ചത് ……
തിരിച്ചു പോകും വഴി മെഡിക്കൽ ഷോപ്പിൽ കയറി സിദ്ധു………. ജനി കണ്ണടച്ച് കിടക്കുകയാണ്….. ആകെ ക്ഷീണിച്ചിരുന്നു അവൾ…………..
ആരോ തുമ്മുന്നത് കേട്ടാണ് ജനി കണ്ണു തുറന്നത്……… സിദ്ധു സാറാണ്……… നനഞ്ഞിരിക്കുന്നു……. അവൾ വെളിയിലേക്കു നോക്കി മഴയുണ്ട്……. ജനി സാരിയുടെ തുമ്പെടുത്തു സിദ്ധുവിന്റെ തല തോർത്തിക്കൊടുത്തു……… അയാൾ അതു വാങ്ങി മുഖം അമർത്തി തുടച്ചു……
രണ്ടാളും ബോധം വന്നപോലെ മുഖത്തോട് മുഖം നോക്കി…..
സോറി……. സിദ്ധു സാരിയുടെ തുമ്പ് വിട്ടിട്ട് പറഞ്ഞു……
ജനി ഒന്നും മിണ്ടാതെ വെളിയിലേക്ക് നോക്കി……..അവിടെ ഒരാൾ ഇമ ചിമ്മാതെ ഇങ്ങോട്ടു തന്നെ നോക്കി നിൽക്കുന്നത് ജനി കണ്ടു…….. അവൾ മുഖം തിരിച്ചു കളഞ്ഞു ……
ദിവസങ്ങൾ കഴിയും തോറും ജനിക്ക് താനിത് ഏതു ബന്ധത്തിന്റെ പേരിലാണ് ഇവിടെ നിൽക്കുന്നതെന്ന് തോന്നിത്തുടങ്ങി……. സിദ്ധു സാറിന് എന്നെങ്കിലും ഒരു ആലോചന വന്നാൽ താനൊരു ബാധ്യത ആവില്ലേ…… ഇപ്പോൾ തന്നോട് അധികം മിണ്ടാറു കൂടിയില്ല സിദ്ധു സാർ…….. ഒരു ഒഴിഞ്ഞു മാറൽ…….. താനൊരു ബുദ്ധിമുട്ട് ആയിത്തുടങ്ങിയോ…….. തനിച്ചിരുന്നുള്ള ജനിയുടെ ചിന്തകൾ രാധമ്മ ശ്രദ്ധിക്കാൻ തുടങ്ങി……
അമ്മേ ഞാൻ ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ കയറിക്കോട്ടെ…… എത്രയാണെന്നു വച്ചാ ഇവിടെ ഇങ്ങനെ…….. നിങ്ങളെയും കൂടെ ബുദ്ധിമുട്ടിക്കാൻ…..
വേണ്ട…… നീ ഇനി ഒരിടത്തും പോകണ്ട……. ഇവിടെ ഇരുന്നു മുഷിഞ്ഞെങ്കിൽ എന്താ വേണ്ടതെന്ന് പറ……… അമ്മ ഏർപ്പാടാക്കാം…….
അതൊന്നും വേണ്ട അമ്മ………… ഇപ്പോൾ തന്നെ ഒരുപാട് ചെയ്തു എനിക്കുവേണ്ടി……..
നിനക്കത്ര നിർബന്ധമാണെങ്കിൽ സിദ്ധുവിനോട് ചോദിക്ക്……….. എന്നിട്ട് എന്താണെന്നുവെച്ചാൽ ചെയ്തോ……… ഇവിടെ നിന്നും പോകണമെന്ന് മാത്രം പറഞ്ഞേക്കരുത്………
സിദ്ധു വൈകുന്നേരം വന്നപ്പോൾ ജനി ചായ കൊണ്ടു കൊടുക്കുന്നതിനിടയിൽ ഈ കാര്യം എടുത്തിട്ടു…………
അതെന്താ…….. നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകും വിധം ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ………
അങ്ങനെയൊന്നുമില്ല…….. എത്രനാൾ ഞാൻ ഇവിടെ നിൽക്കും ……. നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് ഒരു പരിധിയില്ലേ…….. സാർ വിചാരിച്ചാൽ എനിക്ക് ഏതെങ്കിലും ഹോസ്പിറ്റലിൽ കയറാൻ പറ്റും…….
അതേ…… ഞാൻ വിചാരിച്ചാൽ പറ്റും………. പക്ഷേ…… ഞാൻ വിചാരിക്കുന്നില്ല……. ഇപ്പോൾ നീ എങ്ങോട്ടും പോകുന്നില്ല………. പോകാറാകുമ്പോൾ ഞാൻ പറയാം…….ജനിയെ നോക്കാതെ സിദ്ധു പറഞ്ഞു…..
ദുഷ്ടൻ……… ജനി പിറുപിറുത്തു……

by