രചന – സുധീ മുട്ടം
ഇന്നലെ ആയിരുന്നു വിവാഹം,, എന്റെ മകളുടെ.. കൊട്ടും കുരവയും ആളുകളൊന്നും ഇല്ലാതെ അമ്പലനടയിൽ വെച്ചായിരുന്നു. പതിവ് തിരക്കുകളോ ആൾ ബഹളങ്ങളോ ഇല്ലാതെ അവൾ സുമംഗലിയായി,,പതിനെട്ട് വയസ്സ് പൂർത്തിയാക്കിയ ദിവസം.ഇഷ്ടപ്പെട്ടവന്റെ കൂടെ ജീവിച്ചാൽ മതിയെന്ന് മകൾ നിലപാടെടുത്തത്തോടെ പതിനെട്ട് വർഷം വളർത്തി വലുതാക്കിയ മാതാപിതാക്കൾ കുറഞ്ഞ സമയത്തിൽ അവളുടെ ആരുമല്ലാതായി.
“ഇപ്പോൾ പഠിക്കുന്ന പ്രായമാണ്,എല്ലാം കഴിയുമ്പോൾ അനുയോജ്യനായൊരു പുരുഷന്റെ കയ്യിൽ പിടിച്ചു ഏൽപ്പിക്കും.ഇത് മക്കളിൽ മാതാപിതാക്കൾക്കുളള കടമയാണ്”വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല അതിനു മുമ്പേ മകൾ ചോദിച്ച ചോദ്യം എന്റെ നെഞ്ചിലേക്ക് തറച്ചു കയറി.“അമ്മയുടെ മാതാപിതാക്കൾക്കും ഇതേ പ്രതീക്ഷയായിരുന്നില്ലേ?എന്നിട്ടും അമ്മ അച്ഛനെ വിവാഹം കഴിച്ചത് സ്വന്തം ഇഷ്ട പ്രകാരമായിരുന്നില്ല?”
നെഞ്ചിൽ തുളഞ്ഞു കയറിയ ചോദ്യത്തിന് കഠാരയെക്കാൾമൂർച്ചയേറിയിരുന്നു.മറുപടി നൽകാൻ എന്നിൽ വാക്കുകൾ ഉണ്ടായിരുന്നില്ല. കാരണം ഒരിക്കൽ വീട്ടുകാരെ ധിക്കരിച്ച് ഇഷ്ടപ്പെട്ട പുരുഷന്റെയൊപ്പം മാതാപിതാക്കളുടെ കണ്മുമ്പിൽ വെച്ച് ഇറങ്ങിപ്പോയവളാണ് ഞാനും.ഒരേയൊരു മകളുടെ ചോദ്യത്തെ എതിരിടാൻ കഴിയാതെ അകത്തെ മുറിയിലേക്ക് ഞാൻ വലിഞ്ഞു.കിടക്കയിൽ വീണ് കണ്ണീരൊഴുക്കുമ്പോഴും വർഷങ്ങൾക്ക് മുമ്പേ അച്ഛൻ പറഞ്ഞത് വീണ്ടും ചെവിയിൽ മുഴങ്ങി.“നാളെ നീയും ഒരമ്മയാകും..അപ്പോൾ മനസ്സിലാകും ഞങ്ങൾ അനുഭവിച്ച വേദനകൾ”
അച്ഛൻ പറഞ്ഞത് ശരിയാണെന്ന് പിന്നീടുള്ള ജീവിതം കൊണ്ട് എനിക്ക് മനസ്സിലായി.തൊഴിൽരഹിതനായ ഭർത്താവിന്റെ കൂടെ ഇറങ്ങി പുറപ്പെടുമ്പോൾ ആദർശങ്ങളിൽ ഞാൻ മുറുക്കി പിടിച്ചു. ആദർശമല്ല ജീവിതം അത് ജീവിക്കുമ്പോഴെ അനുഭവിച്ചറിയാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞു.
പലദിവസങ്ങളിൽ അരപ്പട്ടിണിയുമായി മുണ്ടും മുറുക്കി ജീവിച്ചു.അപ്പോഴാണ് അറിയുന്നത് ഒരു കുഞ്ഞ് ജീവൻ എന്റെ ഉദരത്തിൽ ഉടലെടുത്തെന്ന്.അറിയാവുന്ന പണികൾ ചെയ്തു കിട്ടിയ കാശുകൊണ്ട് വയറ് നിറയെ കഴിച്ചു.ജനിക്കാൻ പോകുന്ന കുഞ്ഞിന് പോഷകാരക്കുറവു കൊണ്ട് യാതൊരു കുഴപ്പം സംഭവിക്കരുതേന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. ഉള്ളുരുകി സർവ്വേശ്വരനോട് പ്രാർത്ഥിച്ചു.
ഭർത്താവ് ഉപേക്ഷിച്ചിട്ടും ജനിച്ച കുഞ്ഞ് ജീവിക്കാനുള്ള ആവേശമെന്നിൽ ഉണർത്തി. മുന്നോട്ടുള്ള ജീവിതം മകൾക്ക് വേണ്ടിയാണ്. എനിക്ക് നേടാൻ കഴിയാതെ പോയത് ഇവളിലൂടെ നേടിയെടുക്കണം.കത്തി ജ്വലിക്കുന്ന യവ്വനത്തിനു മുകളിൽ പലരും വട്ടമിട്ടു പറന്നു എങ്കിലും എല്ലാവരെയും ആട്ടിപ്പായിച്ചു.മാന്യമായ തൊഴിൽ ചെയ്തു ആശയോടെ ഏക കണ്മണിയെ വളർത്തി വലുതാക്കി.എത്രവരെ പഠിക്കണോ അത്രയും വരെ പഠിപ്പിക്കാൻ എന്നിലെ അമ്മ തയ്യാറായിരുന്നു.
മകൾ ആവശ്യപ്പെട്ടതൊക്കെ വാങ്ങി നൽകിയത് എനിക്ക് ആസ്വദിക്കാൻ കഴിയാഞ്ഞത് അവൾക്കൊരു കുറവാകരുതെന്ന് കരുതി.ടിക്ക് ടോക്ക് ചെയ്യാൻ സ്മാർട്ട് ഫോൺ വാങ്ങി നൽകിയപ്പോഴും ഉപദേശമായി പറഞ്ഞു.“മോളേ നീയൊരു പെണ്ണാണ്..നീ വേണം നിന്നെ സൂക്ഷിക്കാൻ”മകൾ സന്തോഷത്തോടെ തലകുലുക്കി സമ്മതിക്കുമ്പോഴും ഞാനറിഞ്ഞില്ല എന്റെ തകർച്ച വീണ്ടും തുടങ്ങിയെന്ന്.ഒടുവിൽ ഏതോ ഒരു പയ്യനുമായി അവൾ പ്രണയത്തിലാണെന്ന് അറിഞ്ഞ ഞാൻ തകർന്നു പോയി.ഉപദേശിച്ചു നോക്കി ഫലമുണ്ടായില്ല.
ഓരോന്നും ഓർത്ത് കരഞ്ഞു തളർന്ന ഞാൻ പതിയെ എഴുന്നേറ്റു.. ഏക മകളാണ് അവളുടെ ഇഷ്ടം പോലെ പ്രണയിച്ച പയ്യനെ വിവാഹം കഴിപ്പിച്ചു കൊടുക്കാമെന്ന് തീരുമാനം എടുത്തു. അവളെ മുറിയിലാകെ തിരഞ്ഞെങ്കിലും നാലായി മടക്കി വെച്ചൊരു കത്താണ് ലഭിച്ചത്..“ഞാൻ പോകുന്നു.. ഇപ്പോൾ ഒളിച്ചോടി വിവാഹം കഴിക്കുന്നതാണ് ട്രൻഡ്..എന്നെ തിരക്കി വരരുത് ഞാൻ ഇനി വരില്ല”കണ്ണുനീർ കാഴ്ചയെ മറച്ചു..കയ്യിൽ പിടിച്ച എഴുത്തിലേക്ക് മിഴിനീർ അടർന്ന് വീണു എങ്കിലും ഞാൻ മൗനമായി പ്രാർത്ഥിച്ചു..
“എവിടെ ആയിരുന്നാലും നീ ദീർഘ സുമംഗലി ആയിരിക്കട്ടേ.”അമ്മയുടെ പൂർണ്ണത അറിഞ്ഞവൾക്ക് ഇങ്ങനെ പ്രാർത്ഥിക്കാനേ കഴിയൂ..അടുത്ത ദിവസം അയൽപ്പക്കത്തെയൊരു കുട്ടിയാണ് വൈറലായ മകളുടെ ടിക്ക് ടോക്ക് വീഡിയോ എന്നെ കാണിക്കുന്നത്. അവളുടെ ആഗ്രഹം പോലെ കൊട്ടും കുരവയും ആളുകളുമില്ലാതെ വിരലിൽ എണ്ണാവുന്ന കുറച്ചു ആൾക്കാർ മാത്രം കൂടിയ അവളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു..
ഒന്നുമല്ലാത്ത ഇളം പ്രായത്തിൽ വിവാഹിതയായ മകൾക്കായി എന്റെ മനസ്സ് തകർന്നപ്പോൾ പതിനേഴാം വയസ്സിൽ ഇറങ്ങിപ്പോയ മകളെ ഓർത്ത് എന്റെ അച്ഛനും അമ്മയും എത്രയേറെ കരഞ്ഞിട്ടുണ്ടാകണം…മരിച്ചു തലക്ക് മുകളിൽ നിൽക്കുന്ന മാതാപിതാക്കളെ മനസ്സിൽ സ്മരിച്ചു…എന്റെ ചുണ്ടുകൾ വിറച്ചു..“മാപ്പ്…എന്ന രണ്ടക്ഷരത്തിനായി….

by