രചന – രോഹിണി ആമി
മുറിയിൽ നിന്നും ഇറങ്ങി വന്ന ഉണ്ണിയും അപ്പുവും അന്തംവിട്ടു നോക്കി നിൽക്കുവാണ്……. മഹേഷിന്റെ തോളിൽ തല ചായ്ച്ചു വെച്ചിരിക്കുന്ന അച്ചുവിനെ കണ്ടിട്ട് …. ഒപ്പം രണ്ടു അമ്മമാരും ചിരിച്ചു കയ്യും പിടിച്ചു കിച്ചണിലേക്ക് പോകുന്നതു കണ്ടിട്ടും…….
പാലട പ്രഥമൻ ഉണ്ടാക്കി എല്ലാവരെയും ടേബിളിൽ വിളിച്ചിരുത്തി കൊടുത്തു….. അച്ചു കുറച്ചെടുത്തു വായിൽ വയ്ക്കാൻ നേരം ഓക്കാനിച്ചു കൊണ്ടു ബാത്റൂമിലേക്ക് ഓടി….. മഹേഷ് അമ്മമാരെ നോക്കി…..
എന്താ നോക്കിയിരിക്കുന്നത്…… പോ അവളുടെ കൂടെ….. ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല…… ശ്രീ പറഞ്ഞു….. അമ്മമാർ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു…….
കേട്ടതും മഹി അച്ചുവിന്റെ പിന്നാലെ പോയി….. ഉണ്ണിയും അപ്പുവും അന്തംവിട്ടു നോക്കിയിരിക്കുകയാണ്….. കാര്യമറിയാതെ…. ശ്രീയാണ് പറഞ്ഞത്….. അപ്പു നീയൊരു മാമൻ ആകാൻ തയ്യാറായിക്കോ ന്ന് …..
ആദ്യം മനസ്സിലാകാത്തത് പോലെ നോക്കി പിന്നീട് അപ്പുവിന്റെ മുഖത്തു നാണം വന്നുകൂടി… മാമൻ….. അവൻ സ്വയം പറഞ്ഞു നോക്കി….
അച്ചു രണ്ടു അമ്മമാരുടെയും നടുവിൽ വന്നിരുന്നു….. മഹേഷിന്റെ അമ്മ അവളുടെ മുഖത്തും മുടിയിലും തലോടി…… ശ്രീ മകൾക്ക് കിട്ടുന്ന സ്നേഹം നോക്കിയിരുന്നു……….. എത്ര പെട്ടെന്നാണ് ശ്രീ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടു പിടിച്ചത്….. ഉണ്ണി ഓർത്തു….
എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു കിടക്കാൻ തയ്യാറായി…. ഉണ്ണി ശ്രീയെ കാത്തിരുന്നു…….. കുറച്ചേറെ പറയാനുണ്ട്….. കേൾക്കാനുണ്ട്….. അറിയാനുണ്ട്….. ശ്രീ മുറിയിൽ വന്നു……. രണ്ടു ബെഡ്ഷീറ്റെടുത്തു……. ഉണ്ണിയേട്ടൻ കിടന്നോളൂ……. ഞാനിന്ന് മഹിയുടെ അമ്മയുടെ കൂടെയാണ്……
എന്തെങ്കിലും പറയുന്നതിന് മുൻപ് ശ്രീ മുറിയിൽ നിന്നും പോയിരുന്നു…….
ഇന്ന് അച്ചുമോളെ പറഞ്ഞ് മനസ്സിലാക്കിയത് സ്വന്തം ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങൾ വച്ച് ആണെന്ന് മനസ്സിലായി………. ഇത്രയും ക്ഷമയുള്ള കാര്യപ്രാപ്തിയുള്ള അമ്മയുടെ മകളാണ് അച്ചു എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം ആണ്………. മഹിയുടെ അമ്മ പറഞ്ഞു……
ഞാൻ അച്ചുവിനെ കുറ്റം പറയില്ല മഹിയുടെ അമ്മേ…….
മഹിയുടെ അമ്മ അല്ല…. ചേച്ചി…. എന്നെ അങ്ങനെ വിളിച്ചോളൂ…….
ശ്രീ ഒന്ന് പുഞ്ചിരിച്ചു……. അച്ചുവിനെ വളർത്തിയതും കാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്നതും അവളുടെ അച്ഛനാണ്…… ഒരാണിന്റെ കണ്ണിലൂടെയാണ് അവൾ കുടുംബം എന്തെന്നറിഞ്ഞത്…….. അവിടെ വിട്ടുവീഴ്ചയും ക്ഷമയും സഹനവും കുറച്ചു കുറവായിരിക്കും……….
അപ്പോൾ ശ്രീ പറയുന്നതൊന്നും കേട്ടിരുന്നില്ലേ അച്ചു…….
അതിനും അവളെ കുറ്റം പറയാനാവില്ല ചേച്ചീ……. എന്റെ വാക്കിനു വില തരേണ്ടയാൾ അതു തന്നില്ല….. അതു കണ്ടാണ് മക്കൾ വളർന്നത്….. ഒരു വഴക്ക് ഒഴിവാക്കുകയായിരുന്നു ഞാൻ ഇവിടെ….. പിന്നെ അതൊരു ശീലമായി……
സാരമില്ല…… ഇന്ന് മഹേഷിനെ അച്ചു മനസ്സിലാക്കിയില്ലേ….. അതുപോലെ അവളുടെ അമ്മയെയും അവൾ മനസ്സിലാക്കും….. എനിക്കുറപ്പുണ്ട്……..
ശ്രീ പതിയെ മൂളി…… അതൊരു പുതിയ സഹോദര ബന്ധത്തിന്റെ തുടക്കമായിരുന്നു…… രണ്ടാളും പലതും സംസാരിച്ചും… പൊട്ടിച്ചിരിച്ചും….. തമാശ പറഞ്ഞും ഉറക്കത്തെ മാറ്റി നിർത്തി….. ഉറങ്ങാൻ തുടങ്ങിയപ്പോൾ ശ്രീ അറിഞ്ഞു… മനസ്സ് ഇന്ന് ശാന്തമാണ്……. കണ്ണിനിന്ന് റെസ്റ്റും……
രാവിലെ കാപ്പികുടി ഒക്കെ കഴിഞ്ഞു അവർ പോകാൻ തയ്യാറായി….. അടുക്കളയിൽ നിന്നിരുന്ന ശ്രീയെ അച്ചു പിറകിൽ കൂടി കെട്ടിപ്പിടിച്ചു……. തോളിൽ ഉമ്മ വെച്ചു…..
സോറി അമ്മേ…… എന്നോടു ക്ഷമിക്കണം….. ഒരു പെണ്ണായി ഇരുന്നിട്ട് കൂടി അമ്മയെ മനസ്സിലാക്കാഞ്ഞതിന്……. സങ്കടപ്പെടുത്തിയതിനു……..അച്ചു പൊട്ടിക്കരഞ്ഞു….
ശ്രീ അച്ചുവിനെ മുന്നിലേക്ക് നിർത്തി നെറ്റിയിൽ ചുണ്ടു ചേർത്ത് വെച്ചു….
സാരമില്ല…… ഈ സമയത്തു ഇങ്ങനെ കരഞ്ഞു കൂടാ…… അമ്മയോട് എന്തു കുറുമ്പും കാട്ടിക്കൊ…. അമ്മയ്ക്കതു പൊറുക്കാൻ സാധിക്കും……. പക്ഷേ അവിടെ ആരോടും കുശുമ്പ് കാട്ടരുത്….. എല്ലാവരും പാവമാണ്….. നിന്റെ സ്വന്തവും….. നിന്റെ കണ്ണുനീർ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല മഹിക്ക്……. അത്രയ്ക്ക് സ്നേഹമുണ്ട് നിന്നോട് അവനു……. കേട്ടോ…..
അച്ചു എല്ലാം കേട്ടു തലയാട്ടി…..
ഉടനെ ഒരു ഡോക്ടർ നെ കാണണം…. എത്രയും പെട്ടെന്ന് …..
രണ്ടാളോടും കൂടി ശ്രീ പറഞ്ഞു…. ഇറങ്ങാൻ നേരം മഹി ശ്രീയുടെ കയ്യിൽ പിടിച്ചു ഒരുമ്മ കൊടുത്തു…..
താങ്ക്സ് അമ്മേ….. അച്ചൂനെ തിരികെ തന്നതിന്…… പിന്നെ ഞാൻ അപ്പോഴത്തെ ദേഷ്യം കൊണ്ടു പറഞ്ഞതാണ് അങ്ങനെ…. അമ്മയെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം എന്നോട്…..
മ്മ്…. അതൊന്നും സാരമില്ല…. പോയി വരൂ…. മഹേഷിന്റെ കവിളിൽ തലോടി പറഞ്ഞു……..
അപ്പുവിന്റെ മാറിവന്ന മുഖം ശ്രദ്ധിച്ചത് ഉണ്ണി മാത്രമാണ്…….
കാറിൽ കയറും മുൻപ് ചേച്ചി വന്നു ശ്രീയുടെ കവിളിൽ തലോടി ചേർത്തു പിടിച്ചു…..
ഇനിയും വരണം……. ശ്രീ പറഞ്ഞു…. അവർ സ്നേഹത്തോടെ തലയാട്ടി……
അച്ചു പോയപ്പോൾ വിഷമം തോന്നിയില്ല… പക്ഷേ…… ചേച്ചി പോയപ്പോൾ എന്തോ ഒന്ന് മനസ്സിൽ നിന്നും അകന്നു പോകുംപോലെ…..
കണ്ണു തുടച്ചു അകത്തേക്ക് കയറി…… അപ്പു ക്ലാസ്സിൽ പോയി…… ഉണ്ണി ജോലിക്കും….. ശ്രീദേവി പഴയ പോലെ തന്റെ മാത്രം അടുക്കളയിലേക്കും……. ലാൻഡ് ഫോൺ ബെല്ലടിക്കുന്നതു കേട്ടിട്ടാണ് ഓടിച്ചെന്നു എടുത്തത്…… അച്ചുവായിരുന്നു….. എത്തിയെന്നു പറയാൻ……. ചെറിയൊരു അത്ഭുതം ഉണ്ടായിരുന്നു ശ്രീക്ക്…… ആദ്യമായിട്ടാണ് ശ്രീയുടെ വീട്ടിലുള്ളവർ അല്ലാതെ ശ്രീക്കു ഒരു കാൾ വരുന്നത്…..
വീട്ടിൽ നിന്നും ഇവിടെ ആരുമില്ലാത്തപ്പോഴേ കാൾ വരൂ….. എങ്കിലേ ശ്രീ മനസ്സ് തുറന്നു സംസാരിക്കൂ എന്ന് അവർക്കറിയാം ….
വൈകുന്നേരം ഉണ്ണി വീട്ടിൽ വന്നപ്പോൾ വിരുന്നക്കാരുണ്ടായിരുന്നു …… ശ്രീയുടെ സഹോദരങ്ങൾ……. അത്രയും നേരം ശ്രീയോട് ചിരിച്ചു സംസാരിച്ചു കൊണ്ടിരുന്ന അവരുടെ മുഖം ഉണ്ണിയെ കണ്ടപ്പോൾ ഗൗരവം വന്നു നിറഞ്ഞത് അയാൾ ശ്രദ്ധിച്ചു……
എല്ലാവരോടും സംസാരിച്ചിട്ട് ഇപ്പോ വരാമെന്നു പറഞ്ഞു ഫ്രഷ് ആവാൻ പോയി….. എല്ലാവരും ഒരുമിച്ചു ഇരുന്നപ്പോൾ ശ്രീയുടെ മൂത്ത ജ്യേഷ്ഠൻ പറഞ്ഞു……
ഞങ്ങൾ വന്നത്….. മറ്റന്നാൾ കുടുംബക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറുകയാണ്….. അച്ഛമ്മക്ക് ഒരാഗ്രഹം…… ദേവിയെ കൊണ്ടു വിളക്കു തെളിയിക്കണം പരദേവതക്ക്…… അവളാണല്ലോ കുടുംബത്തിലെ പ്രധാന പെണ്ണും……. അടുത്ത ഉത്സവത്തിന് ആരെല്ലാം കാണുമെന്നു അറിയില്ലല്ലോ…… അച്ചമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത് ഞങ്ങളുടെ കടമയാണ്…….
ഇവളെ ഉണ്ണി വിടില്ലെന്ന് അറിയാമെന്നതു കൊണ്ടാണ് അച്ഛൻ വരാഞ്ഞത്….. ദേവിയുടെ വാടിയ മുഖം കാണാൻ സാധിക്കില്ലെന്ന് പറഞ്ഞു…… അവളെക്കൊണ്ട് തന്നെ വിളക്കു വെപ്പിക്കാമെന്ന് അച്ഛമ്മക്ക് ഞങ്ങൾ വാക്ക് കൊടുത്തു പോയി….. ഉണ്ണിയുടെ കാലു പിടിച്ചിട്ടാണെങ്കിൽ കൂടി അത് നടത്തിക്കൊടുത്തേ പറ്റൂ ഞങ്ങൾക്ക്…….
ഞങ്ങളിൽ ആരെങ്കിലും വന്നു അന്ന് രാവിലെ ദേവിയെ കൊണ്ടുപോയി ചടങ്ങു കഴിഞ്ഞു അപ്പോൾ തന്നെ തിരിച്ചു കൊണ്ടുവിടാം…… സമ്മതിക്കണം……. ഒരപേക്ഷ ആണ്…….
ശ്രീയുടെ വീട്ടിൽ അവൾ എല്ലാവർക്കും ദേവിയാണ്……
ശ്രീയുടെ ഉള്ളം വിങ്ങി….. സ്വന്തം സഹോദരന്മാർ ഭർത്താവിനോട് കെഞ്ചുവാണ്……. അതു കാണാൻ സാധിക്കാതെ ശ്രീ ഉള്ളിലേക്ക് പോകാൻ തുടങ്ങി……
നാളെ ഞങ്ങൾ എല്ലാവരും വരും അങ്ങോട്ട്….. പിന്നെ ഉത്സവം കൊടിയിറങ്ങിയിട്ടേ തിരിച്ചു പോരു……..
തിരിഞ്ഞു നിന്ന ശ്രീ ഞെട്ടി ഉണ്ണിയെ നോക്കി….. ശ്രീ മാത്രമല്ല…… ക്ലാസ്സ് കഴിഞ്ഞു വന്ന അപ്പുവും ആങ്ങളമാരും ഉണ്ണിയെ തന്നെ നോക്കിയിരുന്നു….. ആദ്യം വിചാരിച്ചു ചുമ്മാ പറയുവാണെന്ന്…… അതല്ല… എന്നു മനസ്സിലായത് സഹോദരങ്ങളോട് ഇന്നിനി പോകണ്ട…… ഇവിടെ കൂടാം എന്ന് ഉണ്ണി പറയുന്നത് കേട്ടപ്പോഴാണ്…..
ആദ്യമായിട്ടാണ് അളിയൻ ഇങ്ങനെ സൽക്കരിക്കുന്നത്……… മുൻപൊക്കെ വന്നാൽ ഒന്നോ രണ്ടോ വാക്കുകൾ മാത്രം സംസാരിക്കും…… അതുകൊണ്ടു തന്നെ പെങ്ങളെ കാണും….. കാര്യം പറയും…… ചായ കുടിച്ചിട്ട് പോകും….. അതാണ് പതിവ്……
എന്നാണ് വ്രതം തുടങ്ങുന്നത്……. ഉണ്ണിയാണ്..
നാളെ മുതൽ….. ഏട്ടൻ പറഞ്ഞു….
അപ്പോൾ ഇന്ന് കുഴപ്പമില്ല…… ഉണ്ണി പറഞ്ഞു….. എന്നിട്ട് പോയി റെഡി ആയി വന്നു….. അനിയനെയും കൂട്ടി ഇറങ്ങാൻ തുടങ്ങി…….
ഓഹ്……. കുപ്പി വാങ്ങാനാണ്….. എല്ലാവരും കഴിക്കും….. പക്ഷേ കുറച്ചു മാത്രം……. വീട്ടിൽ അച്ഛനെ പേടിച്ചു ഈ സാധനം അടുപ്പിക്കാറില്ല……… അവരിറങ്ങാൻ നേരം വീണ്ടും ലാൻഡ് ഫോൺ ബെല്ലടിച്ചു….. അപ്പു എടുത്തിട്ട് പറഞ്ഞു…..
അമ്മക്കാണ്……. ചേച്ചിയാ…..
ഈ പെണ്ണിന് ഇതെന്താ….. ഒരു ദിവസം എത്ര പ്രാവശ്യം വിളിക്കും….. അങ്ങോട്ടും ഇങ്ങോട്ടും നടന്നു മടുത്തു……
ശ്രീയുടെ വായിൽ നിന്നും അറിയാതെ വീണതാണ്…..
ഞാൻ വാങ്ങിത്തന്ന മൊബൈൽ എവിടെ നിന്റെ…… മൂത്ത ഏട്ടൻ ചോദിച്ചു…..
അത്…… മൊബൈൽ ഒന്നും യൂസ് ചെയ്യാനറിയില്ല ഏട്ടാ….. അതവിടെയിരുപ്പുണ്ട്…..
അപ്പു തന്റെ മൊബൈൽ എടുത്തു മറയ്ക്കുന്നത് ഉണ്ണി ശ്രദ്ധിച്ചു……
ഇത്രയും പഠിച്ച നിനക്കു ഒരു മൊബൈൽ ഉപയോഗിക്കാൻ അറിയില്ലേ…… കഷ്ടം തന്നെ…….
ഏട്ടൻ കൊണ്ടുകൊടുത്ത മൊബൈൽ ശ്രീ ഒന്നു കണ്ടിട്ടു കൂടിയില്ല എന്ന് ഉണ്ണിയോർത്തു……
വീട്ടിലിരിക്കുന്ന അമ്മക്കെന്തിനാ ഇത്രയും നല്ല മൊബൈൽ…… അതും പറഞ്ഞു അന്നു തന്നെ അപ്പു അത് കൈക്കലാക്കി…… കണ്ടു നിന്നിരുന്ന താനും ഒന്നും പറഞ്ഞില്ല……
ശ്രീ ഓടിപ്പോയി കാൾ അറ്റൻഡ് ചെയ്തു…..
അമ്മാവന്മാർ ഉണ്ടെന്നും ഇന്നു പോകുന്നില്ലെന്നും പറഞ്ഞപ്പോൾ അവൾക്കിങ്ങോട്ടു വരണം….. അച്ചുവിനെ ശാസിച്ചു ഫോൺ വെച്ചു ശ്രീ…… ഏട്ടൻ നോക്കിയപ്പോൾ ശ്രീ പറഞ്ഞു……
ഇന്നു രാവിലെ പോയതേ ഉള്ളൂ ഏട്ടാ….. ഇപ്പോൾ ഇങ്ങോട്ട് വരണമെന്ന്…… നിർബന്ധം പിടിക്കുവാ….മഹിയോടും വീട്ടുകാരോടും ചോദിച്ചു സമ്മതമാണെങ്കിൽ വരാൻ പറഞ്ഞു……..
അമ്മാവന്മാർക്ക് ഒരുപാട് സന്തോഷം തോന്നി അച്ചുവിന്റെ പുതിയ വിശേഷം കേട്ടപ്പോൾ……..
വൈകിട്ട് ഉണ്ടാക്കാനുള്ള സ്പെഷ്യൽ എല്ലാം ഉണ്ണി വാങ്ങിക്കൊണ്ട് വന്നു ശ്രീയെ ഏൽപ്പിച്ചു…….. ഇടയിൽ സഹായം എന്തെങ്കിലും വേണമോയെന്നു ചോദിക്കാൻ ഉണ്ണി അടുക്കളയിൽ വന്നു……. അവിടെ ശ്രീയും അനിയനും എന്തൊക്കെയോ പറഞ്ഞു ചിരിച്ചു പാചകത്തിലാണ്……. അവളെ സഹായിക്കാനാണ് ഇടയ്ക്കു വച്ചു അവൻ മുങ്ങിയത്…….. ഉണ്ണിക്കു വലിയ നിരാശ തോന്നി…….. കുറച്ചു നേരം ശ്രീയുടെ കൂടെ നിൽക്കാമെന്ന് വെച്ചു വന്നതാണ്…….
ആദ്യമായിട്ടാണ് അടുക്കളയിൽ ശ്രീയുടെ ചിരി ഉയർന്നു കേൾക്കുന്നത്……. ശ്രീ ഇതിലുണ്ടെന്ന് അറിയില്ലായിരുന്നു മുൻപ്…….അപ്പുവിന്റെ റൂമിൽ നോക്കി….. മൊബൈലിൽ ആണ്….. ഒന്നുമില്ല പറയാൻ….. അതുപോലെ തിരിച്ചു പോന്നു…….
ഭക്ഷണം എടുത്തു വച്ചപ്പോഴാണ് വെളിയിൽ ഒരു വണ്ടിയുടെ സൗണ്ട് കേട്ടത് …….. അച്ചു ചാടിത്തുള്ളി അകത്തേക്ക് വന്നു…… ശ്രീ താടിക്കു കയ്യും കൊടുത്തു നിന്നു പോയി…..
അമ്മാവന്മാരുമായി അത്രയും അടുപ്പം ഇല്ലെങ്കിലും എല്ലാവർക്കും അടുത്തു വന്നു കൊഞ്ചി വർത്തമാനം പറയുകയാണ് അവൾ …..
പിറകെ കയറി വന്ന മഹി ശ്രീയെ നോക്കിപറഞ്ഞു…….
ഒരു സമാധാനം തന്നിട്ടില്ല അമ്മേ….. അമ്മാവന്മാരെ കാണണമെന്നു പറഞ്ഞു നിന്ന് ചിണുങ്ങുവായിരുന്നു……. കുഞ്ഞുപിള്ളേരെപ്പോലെ……. അവസാനം അമ്മയാണ് പറഞ്ഞത് കൊണ്ടുപോകാൻ… . മഹി കുറുമ്പോടെ അച്ചുവിനെ നോക്കി….. അവളൊന്ന് വെളുക്കെ ചിരിച്ചു കാണിച്ചു…..
ശ്രീ എന്തോ അച്ചുവിനോട് ദേഷ്യത്തിൽ പറയാൻ തുടങ്ങിയതും ഓക്കാനിച്ചു കൊണ്ടു അടുക്കളപ്പുറത്തേക്ക് ഓടി…….
ചുമ്മാതാ അമ്മേ……. നമ്മൾ വഴക്കൊന്നും പറയാതിരിക്കാനുള്ള അടവാണ്…… വണ്ടിയിൽ വച്ചും ഇങ്ങനായിരുന്നു…… നോക്കിക്കോ കിച്ചണിൽ പോയിരുന്നു എന്തേലും തട്ടുവായിരിക്കും അവൾ…….
മഹിയുടെ വർത്തമാനം കേട്ടു എല്ലാവരും ചിരിച്ചു…. ..
അല്ലെങ്കിലും ഞങ്ങൾ അങ്ങോട്ടു വരാനിരിക്കുകയായിരുന്നു…… വീട്ടിലേക്കു ക്ഷണിക്കാൻ…. ഉത്സവം കൊടിയേറുകയാണ്….. നീ ഈ വീട്ടിൽ വന്നിട്ട് ആദ്യത്തെ ഉത്സവമല്ലേ……. എല്ലാവരും വേണം……… ഏട്ടൻ പറഞ്ഞു…..
ചേച്ചിയെ എന്താ മഹീ കൊണ്ടുവരാഞ്ഞത്….. ശ്രീ ചോദിച്ചു…….
ഇന്നലെ ഒരേയൊരു ദിവസം അച്ഛനെ തനിച്ചാക്കിയതിന്റെ പരിഭവം പറഞ്ഞു തീർന്നിട്ടില്ല അമ്മയോട്……. എന്റെ അറിവിൽ ആദ്യമായിട്ടാ രണ്ടാളും പിരിഞ്ഞു നിൽക്കുന്നത്…. ദേവമ്മയെ ഒരുപാട് ഇഷ്ടമായി അമ്മക്ക്…… അതാണ് ഇന്നലെ ഇവിടെ നിന്നത്….
ശ്രീ മഹിയെ നോക്കി ഒന്നു ചിരിച്ചു…..
ദേവമ്മ……. സഹോദരങ്ങളുടെ മക്കളെല്ലാം അങ്ങനെയാണ് വിളിക്കുക ശ്രീയെ……
എല്ലാവർക്കും വിളമ്പി കൊടുത്തു നിന്നിരുന്ന ശ്രീയുടെ കയ്യിൽ പിടിച്ചു മഹി അടുത്തിരുത്തി……
എല്ലാവരും ആവശ്യത്തിന് വിളമ്പിയെടുത്തോളും….. അന്യരൊന്നുമല്ലല്ലോ……. അമ്മ ഇവിടിരിക്കു ആദ്യം …..
ആങ്ങളമാരും അതേറ്റു പിടിച്ചു….
മഹിയാണ് ശ്രീക്കു ഭക്ഷണം വിളമ്പി കൊടുത്തത്….. മഹിയുടെ ഭക്ഷണം തീരുന്നതിനു അനുസരിച്ചു ശ്രീ അവനു വിളമ്പിക്കൊടുത്തോണ്ടിരുന്നു…… അസൂയ നിറഞ്ഞ രണ്ടു കണ്ണുകൾ അവരെ നോക്കിയിരിപ്പുണ്ടായിരുന്നു…… അപ്പുവിന്റെ….
പ്ലേറ്റിൽ ഭക്ഷണം തീർന്നപ്പോൾ അപ്പു കുറച്ചു കാത്തു….. അമ്മ വിളമ്പിത്തരുമെന്നു പ്രതീക്ഷിച്ചു……. ഇല്ല……. മകളെയും മരുമകനെയും ഊട്ടിക്കുവാണ്….. അച്ചു ഇടയ്ക്കിടെ വാ പൊളിക്കുന്നുണ്ട്…… അമ്മ അവൾക്കു വാരിക്കൊടുക്കുന്നു…… അമ്മ വേറൊരു ലോകത്താണ്…… അപ്പുവിന് കൂടുതൽ ഒന്നും കഴിക്കാൻ തോന്നിയില്ല….. അവൻ എണീറ്റു പോയി കൈ കഴുകി…….
ഉണ്ണി അവന്റെ ചെയ്തികൾ ഒക്കെ നോക്കിക്കണ്ടു…… മഹി എല്ലാവരോടും അനുവാദം ചോദിച്ചു എണീറ്റു പോയി കൈ കഴുകി……..
അളിയന്റെ സെലെക്ഷൻ കൊള്ളാം…… മര്യാദയും ബഹുമാനവും ഉള്ള പയ്യനാണ്…. അച്ചുവിന്റെ ഭാഗ്യം…..
മൂത്ത അമ്മാവന്റെ പ്രശംസയിൽ അച്ചു ഒന്നുകൂടി ഒന്നു തലയുയർത്തി ഇരുന്നു….
അല്ലേലും മഹി നല്ലവനാ ഏട്ടാ….. എന്നെ സ്വന്തം അമ്മയായിട്ടു തന്നെയാ കാണുന്നത്….. വീട്ടുകാരും നല്ലവരാണ്……. ശ്രീയും ഏറ്റുപിടിച്ചു…..
ശ്രീയും അച്ചുവും കൂടി ടേബിൾ ക്ലീൻ ചെയ്തു….. പണിയൊതുക്കി ഹാളിലേക്ക് വന്നു……. എല്ലാവരും സൊറ പറഞ്ഞിരിക്കുവാണ്……..
നമുക്കിന്നു എല്ലാവർക്കും ഇവിടെ ഹാളിൽ കിടന്നാലോ…… ഏട്ടൻ ചോദിച്ചു……
ഓ…. അതിനെന്താ…… ഉണ്ണി പറഞ്ഞു…
അടിപൊളി…….. മഹിയും പിൻതാങ്ങി…..
കട്ടിലിൽ കിടന്ന ബെഡ് എടുത്തു നിലത്തേക്കിട്ടു…… അച്ചു ശ്രീയെ കെട്ടിപ്പിടിച്ചു കിടന്നു…… അപ്പു മനസ്സില്ല മനസ്സോടെ വന്നു കിടന്നു…… അവസാനം മിണ്ടിയത് ആരെന്നറിയാതെ എല്ലാവരും ഉറക്കത്തിലേക്ക് വീണു…….
എഴുന്നേറ്റപ്പോൾ കുറച്ചു താമസിച്ചു ശ്രീ…… അച്ചുവിന്റെ ചുരിദാർ ഒക്കെ നേരെയിട്ട് പുതപ്പിച്ചിട്ട് അടുക്കളയിലേക്ക് നടന്നു…. ഇടയിൽ ഒന്നു തിരിഞ്ഞു നോക്കി…..
ഉണ്ണി ചെരിഞ്ഞു ശ്രീയെ നോക്കി കിടക്കുവാണ്…….
ചായ ഇപ്പോ തരാം ഉണ്ണിയേട്ടാ……… ഇന്നു കുറച്ചു താമസിച്ചു……
പതിയെ ഒന്നു തലയാട്ടി ഉണ്ണി ശ്രീയുടെ പോക്ക് നോക്കി കിടന്നു……..
തുടരും……..

by