രചന – നന്ദിത ദാസ്
“എന്താ എബി താമസിച്ചത്? പെട്ടെന്ന് വരാമെന്നു പറഞ്ഞു പോയിട്ട്? ”
“ഇത് കൊള്ളാല്ലോ… എന്നെ ചോദ്യം ചെയ്യാൻ നീ ആരാ എന്റെ ഭാര്യയോ? ”
“മ്മ് ചിലപ്പോൾ ആകേണ്ടി വരും ”
“എന്താ…. മോളു വല്ലതും പറഞ്ഞാരുന്നോ? ”
“ഹേയ്… ഞാൻ ഒന്നും പറഞ്ഞില്ല…. ”
“മ്മ്… എങ്കിൽ നീ പോയി കഴിക്കാൻ എന്തെങ്കിലും എടുത്ത് വെയ്ക്കു… നല്ല വിശപ്പ്”
“തനിക്കു വിശക്കുമ്പോൾ വല്ലതും വെച്ചുണ്ടാക്കി തരാൻ ഞാൻ ആരാ തന്റെ ഭാര്യയോ? ”
“ശ്ശോ… ഗോൾ തിരിച്ചടിച്ചു അല്ലേ ഭയങ്കരി…. തത്കാലം നീ എന്റെ കെട്ടിയോളാണെന്നു അങ്ങ് സങ്കല്പിച്ചോ”
“പിന്നെ… തന്റെ ഒരു സങ്കല്പം… അങ്ങനെ തന്റെ സങ്കല്പത്തിൽ മാത്രം ഉള്ള ഭാര്യാ പദവി എനിക്ക് വേണ്ട…. ”
“പിന്നെ എങ്ങനെ ഉള്ള പദവിയാണാവോ മാഡത്തിനു ആവിശ്യം… അത് പറഞ്ഞിട്ട് മോള് പോയാൽ മതി… ”
പോകാൻ തുടങ്ങിയ എന്റെ കൈകളിൽ എബി പിടുത്തമിട്ടു….
“കയ്യിന്നു വിടുന്നുണ്ടോ…. ”
“വിട്ടില്ലെങ്കിൽ എന്ത് ചെയ്യും… പറ കേൾക്കട്ടെ… ”
“കേൾക്കാൻ ഒന്നുല്ല… ചങ്കിനിട്ടു നല്ല ഇടി കിട്ടും ”
“ആഹ് എങ്കിൽ അതൊന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യം… ”
എബി എന്റെ കൈ രണ്ടും പുറകിലേക്കു കൂട്ടി പിടിച്ചു … എന്റെ കാതിനരുകിലേക്കു മുഖം കൊണ്ടു വന്നു പറഞ്ഞു…
“ഇനി എങ്ങനെ നീ ഇടിക്കും… ”
എബിയുടെ നിശ്വാസം എന്റെ പിൻകഴുത്തിൽ തട്ടിയപ്പോൾ മൊത്തം കൈയിന്നു പോയ അവസ്ഥയിൽ ആയി ഞാൻ…
എബി എന്നെ ഒന്നൂടി അവനിലേക്ക് അടുപ്പിച്ചു നിർത്തി…
“മറുപടി ഇല്ലേ നിനക്ക്…. എന്തൊരു ചാട്ടം ആയിരുന്നു… ഇപ്പോൾ എന്തുപറ്റി… ”
എന്റെ മറുപടി ഒന്നും കിട്ടാത്തതുകൊണ്ട് എബി എന്റെ കൈയിലെ പിടിവിട്ടു എന്നെ എബിക്ക് നേരെ തിരിച്ചു നിർത്തി… നിറഞ്ഞു തുളുമ്പാറായ കണ്ണുകൾ ഉയർത്തി ഞാൻ എബിയെ നോക്കി…
“എന്തിനാടോ കരയുന്നത്… തനിക്കു വേദനിച്ചോ… സോറി ഞാൻ പെട്ടെന്ന്…. ”
മറുപടി ഒന്നും കൊടുക്കാതെ ഞാൻ നേരെ ബാൽക്കണിയുടെ ആരഭിത്തിയിൽ കൈകൾ ഊന്നി നിന്നു…
എബി പുറകെ വന്നു…
“തന്നോട് ഞാൻ അങ്ങനെ ചെയ്തത് ഇഷ്ടം ആയില്ലേ തനിക്കു… ”
“അതൊന്നും അല്ല എബി…. ഒന്നുല്ല ”
“ഒന്നുല്ലന്നു പറയണ്ട… നിന്നെ എനിക്ക് നന്നായി അറിയാല്ലോ…. ”
“എന്ത് അറിയാം…. തനിക്കൊന്നും അറിയില്ല…. അറിയാമായിരുന്നേൽ ഞാൻ പറയാതെ തന്നെ എന്റെ മനസ്സിൽ എന്താണെന്നു എബി മനസ്സിലാക്കുമായിരുന്നു ”
“ആരാ പറഞ്ഞത് നിന്റെ മനസ്സ് എനിക്ക് അറിയില്ലെന്ന്… നിന്റെ മനസ്സ് എനിക്കും… എന്റെ മനസ്സ് നിനക്കും നന്നായി അറിയാം… ഞാൻ പറയണമെന്ന് നീയും നീ പറയണമെന്ന് ഞാനും ആഗ്രഹിക്കുന്ന ഒരേ ഒരു കാര്യം… എന്താ സത്യമല്ലേ…? ”
“മ്മ്…. എങ്കിൽ എബി പറ എന്നോട്…. ”
“അത് വേണ്ട… നീ പറ എന്നോട്…. ലേഡീസ് ഫസ്റ്റ്ന്നു അല്ലേ… ”
“ഈ കാര്യത്തിൽ ലേഡീസിനു അല്ല ജന്റ്സിനു തന്നെയാ മുൻഗണന… ”
“സർപ്രൈസ് തരാന്ന് പറഞ്ഞത് നീ അല്ലേ… ഒന്ന് പറ കൊച്ചേ… ഇനിയും പറഞ്ഞില്ലേൽ ദാ ഈ വായനക്കാരെല്ലാം നമ്മളെ കണ്ടം വഴി ഓടിക്കും പറഞ്ഞേക്കാം… ”
“അവര് പറയുന്നത് ഈ എബി എന്ത് കിണാപ്പൻ ആണെന്നാണ്… സോ പെട്ടെന്ന് പറഞ്ഞോ ”
“അങ്ങനെ എന്നെ ഇപ്പോൾ ആരും കിണാപ്പൻ ആക്കണ്ട… ഞാൻ തന്നെ പറഞ്ഞേക്കാം…
നീ ഇങ്ങു എന്റെ അടുത്തേക്ക് വന്ന് എന്റെ കണ്ണുകളിലേക്കു ഒന്ന് നോക്കിയേ ”
“മ്മ്… ഒക്കെ നോക്കി ”
“എന്ന് തൊട്ടു തുടങ്ങി പെണ്ണേ നിനക്കെന്നോട് ഈ മൊഹബത്…. ”
“അത് ഞാൻ പോലും ഓർക്കുന്നില്ല എബി… പെട്ടെന്നൊരു ദിവസം നമ്മുടെ സൗഹൃദത്തിലേക്കു പ്രണയം കടന്നു വന്നപ്പോൾ വല്ലാത്തൊരു പേടി ആയിരുന്നു മനസ്സിൽ ”
“എന്തിന്? ”
“എബി എന്നെ ഒരു നല്ല സുഹൃത്തായി കണ്ടിട്ട് ഞാൻ ആ ലിമിറ്റ് മറികടന്നു എന്ന് തനിക്കു തോന്നിയാൽ ഈ സൗഹൃദം വരെ നഷ്ടമാകുമോന്നു ഞാൻ ഭയന്നു… പപ്പക്ക് കൊടുത്ത വാക്ക് വീണ്ടും തെറ്റിക്കേണ്ടി വരുമല്ലോ എന്ന ഭയം വേറെ ഒരു ഭാഗത്തു… ”
“ഈ സെയിം ചിന്താഗതി തന്നെ ആയിരുന്നു എനിക്കും… അതൊക്കെ പോട്ടെ പിന്നെ തനിക്കു എങ്ങനെ മനസിലായി എനിക്ക് ഇഷ്ടം ആണെന്ന്… ”
“ഇടക്ക് എപ്പോഴോ തന്റെ സംസാരത്തിൽ നിന്ന് തന്നെ ഞാൻ അത് മനസിലാക്കി… പിന്നേ അന്ന് കുടിച്ചിട്ട് വന്നില്ലേ… അന്ന് എബി എന്നോട് മനസ്സ് തുറന്നു സംസാരിച്ചു അപ്പോൾ ആണ് ഞാൻ ശരിക്കും ഉറപ്പിച്ചത് ”
“ഹിഹി… എങ്കിൽ ഞാൻ ഒരു സത്യം പറയട്ടെ ”
“എന്ത്? ”
“അന്ന് ഞാൻ കുടിച്ചിട്ടൊന്നും ഇല്ലായിരുന്നു… വാച്ച്മാൻ ചേട്ടൻ വിളിച്ചു പറഞ്ഞിരുന്നു നീ വന്നിട്ടുണ്ടെന്ന്… എന്റെ ഉള്ളിലിരുപ്പ് നിന്നെ അറിയിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്മെന്റ് അതാരുന്നു അന്ന് പ്ലാൻ… അന്ന് ഞാൻ ഉറങ്ങി കഴിഞ്ഞെന്നും പറഞ്ഞു നീയും മനസ്സ് തുറന്നില്ലേ… സത്യത്തിൽ അന്ന് എഴുന്നേറ്റു തുള്ളി ചാടാനാ തോന്നിയത്… പക്ഷേ നിന്റെ മുന്നിൽ കുറച്ചു ഡ്രാമ കളിക്കാമെന്നു കരുതി…. ”
“ഓഹോ അപ്പോൾ എല്ലാം പ്ലാനിങ് ആയിരുന്നു അല്ലേ… പക്ഷേ ആ മദ്യത്തിന്റെ നാറ്റമോ? ”
“അതൊരുതരം പെർഫ്യൂം ആണ്… മിക്ക പെർഫ്യൂമിലും ആൽക്കഹോൾ ഉണ്ടല്ലോ… ഇതൊരു ഫ്രണ്ടിനെ കൊണ്ടു രാത്രിക്കു രാത്രി സംഘടിപ്പിച്ചതാണ്… അന്ന് ലേറ്റ് ആയതും ഇത് സംഘടിപ്പിക്കാൻ വേണ്ടിയാണു…. ”
“മ്മ് കൊള്ളാല്ലോ… എബിക്ക് എപ്പോളാ എന്നോട് ഇഷ്ടം തോന്നിയത് ”
“നിന്നോട് സംസാരിക്കുന്ന ഓരോ നിമിഷവും ഒരിക്കലും നീ എന്നെ വിട്ടു പോകരുതേ എന്നായിരുന്നു എന്റെ മനസ്സിൽ…. നിന്നെ ആർക്കാടി പെണ്ണേ ഇഷ്ടപ്പെടാത്തത്… അന്ന് സാരി ഉടുത്തു എന്റെ മുന്നിൽ വന്നപ്പോൾ… ആദ്യമായി കോഫി ഉണ്ടാക്കി തന്നപ്പോൾ…. അന്ന് നവീനുമായി റെസ്റ്റോറന്റിൽ കണ്ടുമുട്ടിയപ്പോൾ ഓടി വന്ന് എന്റെ നെഞ്ചോടു ചേർന്ന് നിന്നപ്പോൾ… അങ്ങനെ അങ്ങനെ നിന്നെ കാണുമ്പോൾ എല്ലാം എന്റെ ഉള്ളിലെ പ്രണയം ഇങ്ങനെ മൂത്ത് നരച്ചു മനസിൽ തന്നെ ഒതുക്കി…. ഇപ്പോളാണ് ശ്വാസം ഒന്ന് നേരെ വീണത്…
ഇനി എന്നോട് പറ ഐ ലവ് യൂ ന്നു ”
“ലവ് യു എബി… ലവ് യു സോ മച്ച്…. എന്നെ മനസിലാക്കിയതിനു… എന്റെ മനസ്സ് കണ്ടറിഞ്ഞതിനു… ഒരുപാട് സ്നേഹിച്ചതിനു… തന്ന കെയറിങ്ങിനു… സ്നേഹം കൊണ്ടു വീട്ടണം എനിക്ക് ഈ കടങ്ങൾ എല്ലാം… ”
“ലവ് യു ടു ഡിയർ…. ”
ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു ഞങ്ങൾക്ക്… ഒരേ പോലെ പരസ്പരം അംഗീകരിക്കാൻ കഴിയുന്നവർ തമ്മിൽ ഒരു ലൈഫ് ഉണ്ടെങ്കിൽ അത് കൂടുതൽ കളർഫുൾ ആകും…
“അതെ… വെച്ച് നീട്ടിക്കൊണ്ടു പോകാൻ ഒന്നും ഞാൻ ഇല്ല… ഇനി കാത്തിരിക്കാൻ വയ്യ… ഈ കഴുത്തിൽ ഒരു മിന്നുകെട്ടി കൂടെ കൂട്ടണം എനിക്ക് നിന്നെ… ”
“പപ്പയോടു വന്ന് സംസാരിക്കു എബി… പപ്പ സമ്മതിക്കും… എനിക്കുറപ്പുണ്ട്… ”
“വരുന്നുണ്ട്… താമസിക്കാതെ തന്നെ… നമ്മുടെ കല്യാണത്തിന് പപ്പയുടെ പഴയ ദിൽനയെ നാട്ടിൽ എത്തിച്ചു ഒരിക്കൽ കൂടി നമുക്കു പപ്പയെ ഞെട്ടിക്കണം കേട്ടോ… ”
“അത് ഉറപ്പായും വേണം… എബിയുടെ വീട്ടിൽ സമ്മതിക്കുമോ? മറ്റേ ആ ആലോചന ഉറപ്പിക്കുമോ? ”
“പിന്നേ എന്റെ ഇഷ്ടം ഇല്ലാതെ എങ്ങനെ വിവാഹം ഉറപ്പിക്കാനാ… അതിനെക്കുറിച്ചു പിന്നെ ആരും എന്നോട് സംസാരിച്ചിട്ടില്ല… നീ ടെൻഷൻ അടിക്കണ്ട… ഈ ദിൽന എബിക്കുള്ളതാ…. ”
“കൂടുതൽ അടുത്തോണ്ടു വരണ്ടട്ടോ…. എന്തെങ്കിലും വേണ്ടാതീനം കാണിച്ചാൽ മുൻപത്തെ പോലെ അല്ല നല്ല ഇടി കിട്ടുമേ ഉറപ്പാ… ”
“ഓഹ്… എങ്കിൽ ഞാൻ വരുന്നില്ല… കെട്ടൊന്നു കഴിഞ്ഞോട്ടെ നിന്നെ ഞാൻ ശരിയാക്കി തരാം… ”
“മം കാണാം… ആരു ആരെയാ ശരിയാക്കുന്നതെന്നു? ”
“കാണാം മോളെ… പിന്നെ എനിക്ക് മിക്കവാറും സിംഗപ്പൂർ പോവാനുള്ള ജോബ് വിസ റെഡി ആകും… അതിന് മുൻപ് കല്യാണം നടത്തണം ”
“അയ്യോ അപ്പോൾ ഞാൻ ഒറ്റക്കാവില്ലേ… നാട്ടിൽ നിന്നാൽ മതി എബി… എന്തിനാ ഒരുപാട് സമ്പത്തു… ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കാം… എന്റെ കൂടെ ഉണ്ടാകണം എപ്പോളും ”
“എന്റെ വല്യ ആഗ്രഹമാണ് ആ ജോബ്… ഒരിക്കൽ ഒരുത്തിക്കു വേണ്ടി വേണ്ടാന്ന് വെച്ചതാ… ഇനി തള്ളി കളഞ്ഞാൽ അത് ശരി ആകില്ല… താൻ പേടിക്കണ്ടടോ തന്നേ കൂടെ കൊണ്ടുപോയിരിക്കും കേട്ടോ… ”
“മം ”
“അത് പറഞ്ഞപ്പോൾ പെണ്ണിന്റെ വോൾടേജ് കുറഞ്ഞല്ലോ… ”
“കുറഞ്ഞിട്ടൊന്നും ഇല്ല… പെട്ടെന്ന് കേട്ടപ്പോൾ ഒരു സങ്കടം ”
“മ്മ് പോട്ടെ… നമുക്ക് നാളെ നാട്ടിലേക്കു ഒന്ന് പോയാലോ… ഞാൻ വീട്ടിൽ പോയി കാര്യങ്ങളൊക്കെ ഒന്ന് അവതരിപ്പിക്കാം… ”
“ഞാൻ പോയിട്ട് വന്നതല്ലേ ഉള്ളു…
എബി പോയിട്ട് വാ… ഞാൻ വീട്ടിലെ അഡ്രെസ്സ് തരാം… പപ്പക്ക് ഇഷ്ടായാൽ എന്നെ നാട്ടിലോട്ട് വിളിപ്പിക്കുമല്ലോ അപ്പോൾ ഞാൻ വന്നോളാം… ”
“ഒക്കെ എങ്കിൽ ഞാൻ നാളെ തന്നെ നാട്ടിലോട്ട് തിരിക്കാം… ബാക്കി വിശേഷം ഇനി നാട്ടിൽ നിന്നും…. ”
“ഞാനും കാത്തിരിക്കുന്നു എബി…. അവിടുത്തെ വിശേഷങ്ങൾക്കായി ”
(തുടരും )

by