11/05/2026

അഗ്രഹാരം : ഭാഗം 50

രചന – നിവേദ്യ ഹരിഹരൻ

അനു പെട്ടെന്ന് ചുവടുവച്ചു തിരിഞ്ഞപ്പോഴാണ് അവളെ ത്തന്നെ നോക്കി നിൽക്കുന്ന അർജുനെ കണ്ടത്..

അവന്റെ നോട്ടത്തിൽ അവൾക്കെന്തോ വല്ലായ്മ തോന്നി…

നൃത്തം ചെയ്യുന്നത് നിർത്തിയിട്ട് സാരിയുടെ മുന്താണി ഇടുപ്പിൽ നിന്നും അഴിച്ചിട്ടു അവൾ..

താൻ നോക്കുന്നത് അനു കണ്ടു എന്നു മനസ്സിലായപ്പോൾ അർജുൻ അവളിൽ നിന്നും ദൃഷ്ടി വേഗം പിൻവലിച്ചു..

“അമ്മ .. അമ്മ പറഞ്ഞു താൻ ടെറസ്സിലാണെന്ന് അതു കൊണ്ട് വന്നതാ…

ഞാൻ വന്നതുകൊണ്ട് നിർത്തണ്ട ..
നടക്കട്ടെ…
മറ്റെവിടേക്കോ നോക്കി അലസമായ് പറഞ്ഞിട്ട്
അവൻ പടികൾ തിരിച്ചിറങ്ങാനാഞ്ഞു..

“നിങ്ങൾ അല്ലേ പറഞ്ഞത് എന്നെക്കൊണ്ട് ഒന്നും സാധിക്കില്ലെന്ന് …
ഇപ്പോ മനസ്സിലായോ …???

അനു അവൻ കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ അവൾ വിളിച്ചു പറഞ്ഞു..

“അതെന്തേലും ആവട്ടെ..
ഒൻപത് മണിയാകുമ്പോൾ ഒരുങ്ങി ഇറങ്ങിക്കോളണം എന്റെ കൂടെ…
ഓഫീസിലേക്ക്…
ഷാർപ്പ് 9 !!

അവളെ പകുതി ചരിഞ്ഞ് നോക്കിയിട്ട് അതും പറഞ്ഞവൻ താഴേക്ക് നടന്നു..

“മനസാക്ഷി ഇല്ലാത്ത മൃഗം.!
അനു ദേഷ്യത്തിൽ പിറുപിറുത്തു കൊണ്ട് മുഖം ഒരു വശത്തേക്ക് വെട്ടിച്ചു..

താഴെ ചെന്ന് ജയയോട് ഇതേപ്പറ്റി അവൾ പരിഭവ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു..

“എന്ത് പറയാനാ മോളെ ..
കണ്ണിൽ ചോരയില്ലാത്ത ഒരുത്തൻ ആയിപോയി എന്റെ വയറ്റിൽ വന്ന് പിറന്നത്..
മോളെ ഡാൻസ് സ്ക്കൂളിൽ വിടുന്ന കാര്യം ഞാനവനോട് രാവിലെ പറഞ്ഞു നോക്കി..
അവൻ അടുക്കുന്നില്ല..
ഞാനെന്ത് ചെയ്യാനാ..??
അവർ കൈമലർത്തി

“എന്നാലും അമ്മേ..
എനിയ്ക്കീ ഓഫിസ് ജോലിയൊന്നും ശരിയാവില്ല..
എനിക്ക് ഒട്ടും താൽപര്യം ഇല്ലാത്ത മേഖലയാണ് ഈ അക്കൗണ്ടിങ്ങ് സെക്ഷൻ..

ദേഷ്യവും സങ്കടവും കൊണ്ട് അനു സാരിത്തുമ്പ് കശക്കി ക്കൊണ്ടിരുന്നു…

“മോള് ഇന്ന് തൽക്കാലം അവന്റെ കൂടെ പോ ..
ഇല്ലെങ്കിൽ അവൻ ഈ വീട് ഇളക്കിമറിക്കും..
മോളോടും എങ്ങനെയൊക്കെ പെരുമാറും എന്ന് പറയാൻ പറ്റില്ല..

അമ്മയെ ഓർത്ത് മോള് ഒന്ന് ക്ഷമിക്ക്..
നാളെ അച്ഛനോട് പറഞ്ഞ് ഞാനിതിന് എന്തേലും ഒരു സമാധാനം ഉണ്ടാക്കാം പോരെ..??

“എനിക്കു വയ്യമ്മേ…
അനുവിന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു..

“അമ്മയ്ക്ക് അറിയാം മോളെ ..
ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ട് തന്നെയാ..
പക്ഷെ നമ്മൾ എന്ത് ചെയ്യാനാ..
ഒറ്റയാന്റെ സ്വഭാവാ അവന്..
ഇടഞ്ഞാൽ പിന്നെ ഇവിടെ യുദ്ധക്കളമാക്കി മാറ്റും..
അതൊന്നും കാണാൻ വയ്യാഞ്ഞിട്ടാ ..

പേടിച്ചിട്ടാ …
എന്റെ മോള് ഇന്ന് അവന്റെ കൂടെ പോണം.
ജയ അവളുടെ കയ്യിൽ മൃദുവായി അമർത്തി..

യാചിക്കുന്നവരോട് എങ്ങനെ എതിർത്തു പറയും…
അനു സംഘർഷത്തിലായി..
മനസ്സില്ലാ മനസ്സോടെ ജയയോട് സമ്മതം പറഞ്ഞ് അവൾ മുറിയിലേക്ക് നടന്നു..

അനു ചെല്ലുമ്പോൾ അർജുൻ കുളി കഴിഞ്ഞ് റെഡിയാവാൻ തുടങ്ങിയിരുന്നു..

ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു കൊണ്ട് കബോഡിൽ നിന്നും ഡ്രസ്സ് എടുത്ത് ബാത്ത് റൂമിലേക്കു കയറിയവളെ പാളിയൊന്നു നോക്കി അവൻ ..
ആ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി തെളിഞ്ഞു..

അർജുൻ ഫുഡ് കഴിച്ച് കഴിഞ്ഞപ്പോഴേക്കും അനു ഒരുങ്ങി ഇറങ്ങി താഴേക്ക് വന്നിരുന്നു…

“മോള് കഴിക്കുന്നില്ലേ..??
ജയ ചോദിച്ചു..

“വേണ്ടമ്മേ…
വിശപ്പില്ല…

അവളുടെ മുഖത്ത് നിറഞ്ഞു നിന്ന നിരാശ കണ്ടപ്പോൾ ജയക്കെന്തോ അവളെ നിർബന്ധിക്കാൻ തോന്നിയില്ല…

“അതെന്താ വിശപ്പില്ലാത്തത്..
കഴിച്ചിട്ട് പോകുന്നുള്ളു നമ്മൾ…
അമ്മ ദോശ പ്ലേറ്റിലേക്ക് വെക്ക് …

സെറ്റിയിലേക്ക് അമർന്നിരുന്നു കൊണ്ട് തെല്ലുറക്കെ അർജുൻ അതു പറഞ്ഞപ്പോൾ യാന്ത്രികമായിത്തന്നെ ജയയുടെ കൈകൾ നീണ്ട് പാത്രത്തിൽ നിന്നും ദോശയും ചട്ണിയും പ്ലേറ്റിലേക്കിട്ടു..

അനു ദയനീയമായി ജയയെ നോക്കി..

ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്കു നോക്കാതെ താൻ നിസ്സഹായ ആണെന്ന മട്ടിൽ അവർ അടുക്കളയിലേക്കു പോയി..

“നോക്കി ഇരിക്കാതെ വേഗം കഴിക്ക്…
സമയം പോകുന്നു.

വാച്ചിലേക്ക് നോക്കി അർജുൻ ആജ്ഞാപിച്ചു.

അനുവിന്റെ ഉള്ളിൽ ഓരോ നിമിഷവും അവനോടുള്ള ദേഷ്യം കൂടിക്കൊണ്ടിരുന്നു..

കഴിച്ചെന്നു വരുത്തി എഴുന്നേൽക്കുമ്പോൾ രൂക്ഷമായൊരു നോട്ടം അവളിൽ നിന്നും അർജുനിലേക്ക് പതിച്ചു..

അവനാ നോട്ടം നിസ്സാരമായി അവഗണിച്ചുകൊണ്ട് സിറ്റ് ഔട്ടിലേക്കു നടന്നു..

കാറിൽ വച്ച് ഇരുവരും ഒന്നും സംസാരിച്ചില്ല..
അനു പുറം കാഴ്ചകളിൽ മാത്രം മുഴുകിയിരുന്നു..

ഡ്രൈവിങ്ങ് സീറ്റിലെ ആളിലേക്ക് ഒരിക്കൽ പോലും അവളുടെ ദൃഷ്ടി പതിച്ചില്ല..
പക്ഷെ അർജുന്റെ കണ്ണുകൾ ഇടക്കിടെ അവളിലേക്ക് പാറി വീണു കൊണ്ടിരുന്നു..

പാറിപ്പറക്കുന്ന അവളുടെ മുടിയിഴകളും ചെറുതായി ഇളകിക്കൊണ്ടിരുന്ന കാതിലെ ജിമിക്കിയും അവനിൽ എന്തൊക്കെയോ പ്രത്യേക അനുഭൂതി നിറച്ചു കൊണ്ടിരുന്നു..

ഒരു വലിയ ബിൽഡിംഗിന്റെ മുന്നിൽ കാർ ചെന്നു നിന്നു ..

“ഇറങ്ങ്…
സ്ഥലമെത്തി..

സീറ്റ് ബെൽറ്റ് അഴിക്കുന്നതിനിടയിൽ അവൻ പറഞ്ഞു..

അനു മറുപടിയൊന്നും കൊടുക്കാതെ ഡോറ് തുറന്ന് പുറത്തിറങ്ങി..

ബിൽഡിംഗിൽ വച്ചിരുന്ന വലിയ ബോർഡിലെ അക്ഷരങ്ങൾ കണ്ട് അനു ഒന്ന് ഞെട്ടി..

“ധ്വനി .. ഡാൻസ് അക്കാഡമി

അനു പരവേശത്തോടെ അർജുനെ നോക്കി..
അവൻ അവളെ ശ്രദ്ധിക്കാതെ കാറിന്റെ കീ പാന്റിന്റെ പോക്കറ്റിലേക്ക് ഇട്ടു കൊണ്ട് അകത്തേക്ക് നടന്നു..

“ഇ.. ഇവിടെ… എന്തിനാ ..??
അവന്റെ പിന്നാലെ നടക്കുമ്പോൾ ചെറിയ വിക്കലോടെ അനു ചോദിച്ചു

“ഒരു കിലോ മത്തി വാങ്ങാൻ വന്നതാ…
എന്താ തനിക്ക് കുഴപ്പമുണ്ടോ …?
അർജുന്റെ മുഖത്ത് പുച്ഛം വിടർന്നു.

ഇയാളോട് മിണ്ടാതിരിക്കുന്നതാ നല്ലത്.
അവൾ ആത്മഗതം പറഞ്ഞു കൊണ്ട് അവന്റെ കൂടെ നടന്നു..

ഓഫീസ് റൂം എന്ന് തോന്നിക്കുന്ന ഒരു ചെറിയ റൂമിലേക്ക് അവർ കയറി..

അകത്ത് അൽപ്പം പ്രായമുള്ള എന്നാൽ കാണാൻ കുലീനത്വമുള്ള ഒരു സ്ത്രീ അവരെ കാത്തിട്ടെന്ന പോലെ ഇരിക്കുന്നുണ്ടായിരുന്നു..

“ആഹ് അർജുൻ വാ..വാ..
ഞാൻ കാത്തിരിക്കുകയായിരുന്നു..
ഇതാണല്ലേ വൈഫ്.. അനുശ്രീ..
അവർ വിശാലമായി പുഞ്ചിരിച്ചു..

“അതേ ആന്റി…
അർജുൻ വളരെ പരിചിത ഭാവത്തിൽ ചിരിച്ചു.

“താൻ കലാമണ്ഡലത്തിന്റെ പ്രോഡക്ട് ആണല്ലേ…
ഞാനുമതേ..
പക്ഷെ ഒരു പാട് വർഷം മുൻപാണെന്നേ ഉള്ളു..

“ഓഹ് സോറി..
എന്നെ പരിചയപ്പെടുത്തിയില്ലല്ലോ..
എന്റെ പേര് പത്മ…
ഈ അക്കാഡമിടെ ഓണർ ആണ്…

എല്ലാ ടൈപ്പ് ഡാൻസും നമ്മൾ ഇവിടെ പഠിപ്പിക്കുന്നുണ്ട്…
ഓരോന്നും ഓരോ സെക്ഷൻ ആയിട്ട് തിരിച്ചിട്ട് പ്രഗത്ഭരായ ഫാക്കൽട്ടീസ് ആണ് ക്ലാസുകൾ എടുത്ത് കൊടുക്കുന്നത്..

ഈശ്വരാനുഗ്രഹം കൊണ്ട് വളരെ നല്ല രീതിയിൽ നടന്നു പോകുന്ന സ്ഥാപനമാണ് ധ്വനി..

ഈ കുടുംബത്തിലേക്ക് അനുശ്രീക്കും ഹാർദ്ദവമായ സ്വാഗതം…

“താങ്ക്യൂ മാഡം…
തനിക്കു ചുറ്റും നടക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നുണ്ടായില്ല എങ്കിലും ഇനി മുതൽ താനിവിടത്തെ ഡാൻസ്ടീച്ചർ ആയിരിക്കുമെന്ന് അവൾക്ക് ഏകദേശ ധാരണ കിട്ടി..

അർജുനെ അവളൊന്നു സംശയത്തോടെ നോക്കി എങ്കിലും പത്മയുമായി കാര്യമായ സംസാരത്തിലായിരുന്നു അവൻ …

കുറേ നേരത്തെ സംസാരത്തിനു ശേഷം പത്മയോട് നന്ദി പറഞ്ഞ് ഇരുവരും അവിടെ നിന്നിറങ്ങി…

കാറിനടുത്തേക്കു നടക്കുമ്പോൾ അനുവിന്റെ കണ്ണുകൾ അർജുനിൽ തന്നെ പതിഞ്ഞു നിന്നു..

“അപ്പോ ഓഫീസിലെ ജോലി..??

പതിഞ്ഞ ശബ്ദത്തിൽ അനു ചോദിച്ചു..

“അത് ആ പണി അറിയുന്ന പിള്ളേർ കൃത്യമായി ചെയ്തോളും..
താൻ തനിയ്ക്ക് അറിയുന്ന പണി ചെയ്താ മതി…

“ഇതങ്ങ് നേരെ ചൊവ്വേ പറഞ്ഞാ പോരായിരുന്നോ ..
എന്തൊക്കെ പ്രകടനം ആയിരുന്നു.
അനു ചിറി കോട്ടി.

“അതിലൊരു ത്രില്ലില്ലാ അനു…
തന്റെ സങ്കടം കാണുന്നത് എനിക്കിപ്പോ ഒരു ഹരമായി പോയി…

ചിരിയോടെ അവനതു പറയുമ്പോൾ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..

“മനസാക്ഷിയില്ലാത്ത മൃഗം..

തുടരും