10/05/2026

അഗ്രഹാരം : ഭാഗം 47

രചന – നിവേദ്യ ഹരിഹരൻ

എബി ആ പേപ്പർ മടക്കി ആന്റണിയെ ഏൽപ്പിച്ചു.

“ഡോക്ടർ പേടിക്കണ്ട..
ഞാൻ കാരണം അവൾക്ക് ജീവിതം ഇല്ലാതാവില്ല..
ഈ പേപ്പറിലെ കാരണം കൊണ്ടും !!
എബിയുടെ ശബ്ദം കരുത്തുറ്റതായിരുന്നു.

അവളെ ഞാൻ മിന്നുകെട്ടാം..
സമ്മതം..
പക്ഷെ എനിക്ക് കുറച്ച് സമയം തരണം.

അവൻ താടിയുഴിഞ്ഞു കൊണ്ട് ആന്റണിയോടായി പറഞ്ഞു.

ആന്റണിയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നെങ്കിലും പെട്ടെന്ന് തന്നെ അതു മാഞ്ഞു..

“അതല്ല എബി…
അറിയാല്ലോ …
എപ്പോ വേണമെങ്കിലും അവളിതേപറ്റി മനസ്സിലാക്കും…
നോർമൽ ലൈഫിലേക്ക് ആയ ശേഷം അവളിത് അറിഞ്ഞാൽ പിന്നെ അവളുടെ അവസ്ഥ എന്താകും..?

അവൾക്കിത് താങ്ങാൻ പറ്റില്ല..
വീണ്ടും ആത്മഹത്യ ശ്രമം എന്തേലും ചെയ്താലോ ..
ഈ വിവാഹത്തിന് പോലും ചിലപ്പോൾ സമ്മതിച്ചെന്നും വരില്ല..
എബിടെ ഭാവി ജീവിതം ഓർത്തിട്ട്…

സോ എബിയ്ക്ക് സമ്മതമാണെങ്കിൽ നമുക്കിത് എത്രയും വേഗം നടത്തിക്കൂടെ..
കൊച്ചിനെ തന്റെ തലയിൽ കെട്ടിവയ്കുന്നതായി എബിയ്ക്ക് തോന്നരുത്..
താനൊരു ഡോക്ടർ കൂടിയല്ലേ ..
കാര്യങ്ങൾ തനിയ്ക്ക് മനസ്സിലാകുമല്ലോ..

ആന്റണിയ്ക്ക് ശബ്ദം ഇടറുന്നുണ്ടായിരുന്നു..

“എബിയോടല്ലാതെ എനിയ്ക്ക് മറ്റൊരാളോട് ഇതേപ്പറ്റി യാചിക്കാനും കഴിയില്ല..
ചെയ്യുന്നത് വലിയ തെറ്റ് തന്നെയാ..
അറിയാം…

പക്ഷെ ഞാൻ വേറെ എന്ത് ചെയ്യും..
ഒരേ അമ്മയുടെ വയറ്റിൽ പിറന്നു പോയില്ലേ…
അവളുടെ സങ്കടം എനിക്ക് താങ്ങാൻ പറ്റില്ല.

ആന്റണിയുടെ സംസാരം കേട്ട് എബി ധർമ്മസങ്കടത്തിലായി..

കൂൾഡ്രിംഗ്സുമായി അപ്പോൾ ഏബൽ അവർക്കടുത്തേക്കു ചെന്നു

“എനിയ്ക്ക് അങ്ങോട്ട് വരാമോ..?
അവൻ പുഞ്ചിരിച്ചു ..

“ഓഹ് ഷുവർ..!!
ആന്റണിയും ഒന്നു ചിരിച്ചു..

എബിയുടെ മുഖഭാവം കണ്ടപ്പോൾ ഏബലിനു മനസ്സിലായി കാര്യമായി എന്തോ അവർക്കിടയിൽ സംഭവിച്ചിട്ടുണ്ടെന്ന് ..

“എടുക്ക് ഡോക്ടറെ..
അവൻ ട്രേ ആന്റണിയ്ക്ക് നേരെ നീട്ടി..

“താങ്ക്സ്…
ആന്റണി ഒരു ഗ്ലാസ് എടുത്തു..

“എന്താ ഇച്ചായാ..
എന്നോടു പറയാൻ പറ്റുന്ന ഇഷ്യു ആണോ…
മുഖം വല്ലാതിരിക്കുന്നു..
അവൻ സംശയത്തോടെ എബിയുടെ മറുപടിയ്ക്ക് കാതോർത്തു.

“സീക്രട്ട്സ് ഒന്നുമില്ല ഏബൽ..
ഞാൻ ആഷ്മിയായിട്ട് എബിയ്ക്ക് പ്രൊപ്പോസൽ ആയിട്ട് വന്നതാ..
എബിയ്ക്കും ഇന്ററസ്റ്റ് ഉണ്ടെങ്കിൽ…

ഗ്ലാസ്സിൽ ഒന്നു മുത്തിക്കൊണ്ട് ആന്റണി പറഞ്ഞു നിർത്തി.

“പ്രപ്പോസൽ…??
അതിന് ആഷ്മിടെ ഹെൽത്ത് ഓക്കെയായോ ഡോക്ടർ..

“മ്ഹ് ..
ഫിസിക്കലി അവൾക്ക് നല്ല ഇംപ്രൂവ്മെന്റ് ഉണ്ട്..
ബട്ട് മെന്റലി …
അയാൾ എബിയെ ഒന്നു നോക്കി..

“മെന്റൽ ഹെൽത്തിനുള്ള മെഡിസിൻ തന്റെ ബ്രദർ മാത്രം ആണ് ഏബൽ …
അതു കൊണ്ടു തന്നെ എബിയുടെ കാലു പിടിക്കാൻ കൂടിയാ ഞാനിങ്ങോട്ട് വന്നത്..

ഏബൽ ഒന്നു പകച്ചു…
താഴേക്ക് ദൃഷ്ടി പായിച്ചു നിൽക്കുന്ന എബിയിലേക്കായി അവന്റെ നോട്ടം..

“എന്നിട്ട് ഇച്ചായന്റെ മറുപടിയെന്തായിരുന്നു..??
എബിയിൽ നിന്നും കണ്ണുകൾ പിൻവലിച്ച് വീണ്ടും ആന്റണിയെ നോക്കിക്കൊണ്ടവൻ ചോദിച്ചു..

“ഇയാൾക്ക് സമ്മതമാണ്..
പക്ഷേ സമയം വേണമെന്ന്..
ഞങ്ങൾടെ കൈയ്യിൽ ഇല്ലാത്തതും അതാ …
ദിവസം ചെല്ലും തോറും ആഷി വളരെ ഡൗൺ ആണ് ഏബൽ ..
അയാളുടെ സ്വരം തളർന്നു.

“ഡോണ്ട് വറി ഡോക്ടർ..
ഇച്ചായനും ഇപ്പോ ഒരു ചെയ്ഞ്ച് ആവശ്യമാണ്…
ഞാൻ സമ്മതിപ്പിച്ചോളാം..
ഞങ്ങൾ അപ്പനോടും അമ്മച്ചിയോടും ആലോചിച്ചിട്ട് എത്രയും വേഗം ഡോക്ടറെ വിളിക്കാം..

എബി അവനെ കൂർപ്പിച്ചൊന്നു നോക്കി.

പക്ഷെ ആന്റണിയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു..

“ഓഹ്.. താങ്ക്യൂ ഏബൽ…
താങ്ക്സ് എലോട്ട്..!!
അയാൾ സ്നേഹപൂർവ്വം ഏബലിന്റെ കൈകൾ പിടിച്ചു കുലുക്കി..

“എന്നാ ഞാൻ ഇറങ്ങട്ടെ എബി…
എനിയ്ക്ക് മനസ്സിന് ഇപ്പോ ഒരൽപ്പം ആശ്വാസം തോന്നുന്നു..
നിങ്ങൾ ആലോചിച്ചിട്ട് വിളിക്ക്..

എബിയുടെ ചുമലിൽ ചെറുതായി തട്ടിക്കൊണ്ട് ആന്റണി കാറിൽ കയറി…

അയാൾ പോകുന്നതും നോക്കി ദയനീയമായി എബി നിന്നു..

ഏബൽ നിറഞ്ഞ സ്നേഹത്തോടെ അവനെ ചേർത്തു പിടിച്ചു.

❣️❣️❣️❣️❣️

ജയ അടുക്കളയിൽ നിൽക്കുമ്പോൾ
കുഞ്ഞുണ്ണിയെയും കൊണ്ട് നിമ്മി അങ്ങോട്ടു ചെന്നു..

“മോന് പാൽ എടുത്ത് വച്ചിട്ടുണ്ട് നിമ്മി…
ബോട്ടിലിലേക്ക് പകർത്തിയിട്ടില്ല…

കുഞ്ഞുണ്ണിയെ കളിപ്പിച്ചുകൊണ്ട് ജയ പറഞ്ഞു.

“അമ്മ ഇവനെ പിടിക്ക്..
ഞാൻ പകർത്തിക്കോളാം..

ജയ നിമ്മിയിൽ നിന്നും കുഞ്ഞിനെ വാങ്ങി..

“അമ്മേ.. എനിയ്ക്കൊരു സംശയം..
കുറച്ചു ദിവസായി ഇതിങ്ങനെ മനസ്സിൽ കിടക്കുന്നു..

“എന്ത് സംശയം ..??
ജയ പുരികം പൊക്കി നിമ്മിയെ നോക്കി

“അല്ലാ…
അനു നമ്മുടെ അജുവിനെ ഇഷ്ടപ്പെട്ട് തന്നെയല്ലേ കല്യാണം കഴിച്ചത് ന്ന് …

“അതെന്താ നിമ്മി ഇപ്പോ അങ്ങനൊരു തോന്നൽ..??

“അവരുടെ പെരുമാറ്റം കാണുമ്പോൾ ഒരു സംശയം..
ഇരുവരും തമ്മിൽ കളിചിരികൾ ഒന്നുമില്ല..
എന്തിന് സംസാരം പോലും കുറവ്..

പാൽ പകർത്തുന്നതിനിടയിൽ ജയയെ ചരിഞ്ഞൊന്നു നോക്കി നിമ്മി.

“എനിയ്ക്കും തോന്നിയിരുന്നു ആ സംശയം..
അപ്പോ ഞാനോർത്തു വീട് മാറി നിൽകുന്നതിന്റെ ബുദ്ധിമുട്ട് ആകുമെന്ന്..
അവർ തമ്മിൽ അടുത്ത് വരുന്നതും അല്ലേ ഉള്ളു…
ജയ നെടുവീർപ്പിട്ടു.

“ഹേയ്.. ഇത് അതൊന്നും അല്ലമ്മേ..
അവർ തമ്മിൽ എന്തോ പ്രശ്നം ഉണ്ട്…
അനുവിനോട് അമ്മ ഒന്നു ചോദിച്ച് നോക്ക് ..
എന്നോടു പറയാൻ ബുദ്ധിമുട്ട് കാണും ..

ബോട്ടിൽ അടച്ചു കൊണ്ട് കുഞ്ഞിനെയും എടുത്ത് നിമ്മി പുറത്തേക്ക് പോയി..

ജയയുടെ മനസ്സിൽ വേവലാതി നിറഞ്ഞു..

കഴുകിയ ഡ്രസ്സ് വിരിച്ച് കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നതായിരുന്നു അനു ..

“ഹാ മോള് വന്നോ…
എവിടായിരുന്നു ഇതുവരെ ..
ഞാൻ അന്വേഷിക്കുവായിരുന്നു..

“ഞാൻ ടെറസ്സിൽ ഡ്രസ്സ് വിരിച്ചിടാൻ പോയതാമ്മേ…

“എന്തിനാ അതൊക്കെ ചെയ്യണത്..
രാധ ചെയ്യുമായിരുന്നല്ലോ..

“ഹേയ്.. കുഴപ്പമില്ല അമ്മേ..
അതൊക്കെ വീട്ടിൽ ഞാൻ തന്നാ ചെയ്യാറ്..
അനു ചിരിച്ചു..

“അല്ലേലും പെൺകുട്ടികൾ ജോലി ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല…
പെൺകുട്ടികൾ മാത്രം അല്ല ട്ടോ ആൺകുട്ടികളും..

ആദിയും അജുവും ആദ്യമൊക്കെ എന്നെ നന്നായ് സഹായിക്കുമായിരുന്നു..
ഇപ്പോ ഓഫിസിൽ ഒക്കെ പോകുന്നതു കൊണ്ട് സമയം ഇല്ലല്ലോ ഒന്നിനും…
ജയ ഏതോ ഓർമ്മയിൽ പറഞ്ഞു..

“ഇത് ചപ്പാത്തിനുള്ള മാവാണോ അമ്മേ…
ഞാൻ പരത്താം..

“ആഹ് അതെ മോളെ ..
അത് രാധ ചെയ്തോളും..
അവൾ പുറത്തെന്തോ പണിയിലാ ..

“രാധേടത്തി വന്നോട്ടെ…
അതുവരെ ഞാൻ ചെയ്യാം..
വെറുതെയിരുന്നു മടുത്തു..
അവൾ ഹാങ്ങറിൽ നിന്നും ഏപ്രൺ എടുത്ത് ദേഹത്തിട്ടു..

“ശ്ശോ.. വേണ്ട മോളെ ..
ജയ അവളെ വിലക്കി..

“സാരമില്ലമ്മേ…
ഒരു ചിരിയോടെ അവൾ ചപ്പാത്തി പരത്താൻ തുടങ്ങി..

ജയ പതിയെ അവൾക്കടുത്തേക്കു ചെന്നു.

“ഞാനൊരു കാര്യം ചോദിച്ചാൽ മോള് സത്യം പറയോ..??

“എന്താമ്മേ …?
ചപ്പാത്തി പരത്തൽ നിർത്തിയിട്ട് അനു ജയയെ നോക്കി..

“തെറ്റാണെങ്കിൽ മോളിത് മറന്നേക്ക്..
അമ്മയ്ക്ക് ഒരു സംശയം അതാ …
ജയ പരുങ്ങി.

“അമ്മ പറഞ്ഞോളു..
പൊടി നിറഞ്ഞ കൈത്തലം കൊണ്ട് നെറ്റിമേൽ ഒന്നു തുടച്ചു അനു

“മോള് .. മോള് അജുവിനെ ഇഷ്ടപ്പെട്ട് തന്നെയാണോ വിവാഹം ചെയ്തത്..??

ജയയുടെ മുഖത്ത് ഭീതിയും ആകാംക്ഷയും ഒരുപോലെ നിറഞ്ഞിരുന്നു.

അനു ഒന്നു ഞെട്ടി..
പിന്നെ ചോദ്യം കേൾക്കാത്ത മട്ടിൽ വീണ്ടും ചപ്പാത്തി പരത്തിക്കൊണ്ടിരുന്നു..

“മോള്.. മറുപടി ഒന്നും പറഞ്ഞില്ല..
ജയ വീണ്ടും ചോദിച്ചു.

അനുവിന്റെ ഭാവം മാറി..

“ഇതിനു ഞാൻ എന്ത് മറുപടിയാണ് അമ്മയ്ക്ക് തരേണ്ടത്..
അമ്മയുടെ മകൻ ഭീഷണി പെടുത്തി എന്നെ സ്വന്തമാക്കിയെന്നോ …?
അതോ എന്റെ അമ്മ നിർബന്ധിച്ച് ഇതിന് സമ്മതിപ്പിച്ചെന്നോ …??

എനിയ്ക്ക് .. എനിയ്ക്ക് ഇഷ്ടല്ല അമ്മയുടെ മോനെ…
അനു ചപ്പാത്തിക്കോൽ കൊണ്ട് കിച്ചൺ സ്ലാബിൽ അടിച്ചു..

ജയ ഒരു നിമിഷം സ്തബ്ദയായി നിന്നു പോയി..

“എനിക്കു വെറുപ്പാ അയാളെ ..

അത് പറയുമ്പോൾ അനുവിന്റെ മുഖം ചുവന്നിരുന്നു..
കണ്ണുകൾ കലങ്ങി മറിഞ്ഞു..
അവൾ നിന്നു കിതച്ചു

ജയ അതേപടി നിൽക്കുവായിരുന്നു ..

ഏതാനും മിനിട്ടുകൾക്ക് ശേഷമാണ് അനുവിന് പരിസര ബോധം ഉണ്ടായത്..
പകച്ചു കൊണ്ട് ജയയെ നോക്കവെ കണ്ണിമ ചിമ്മാതെ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ജയ

“അത്.. അമ്മേ..ഞാൻ..
അവളൊന്നു വിക്കി..

“എനിക്ക് അറിയില്ലായിരുന്നു മോളെ ഇതൊന്നും…
ജയയുടെ മുഖം വല്ലാതെയായി..
കൺകോണിൽ നീർ തുള്ളികൾ കാണാറായി..

“അമ്മ ക്ഷമിക്കണം..
ഞാനൊരു ആവേശത്തിൽ ..
ജയയുടെ മുഖഭാവം കണ്ട് അനുവും അസ്വസ്ഥയായി..

“എന്റെ മകന്റെ ഭാഗം പറയുന്നതല്ല..
സത്യസന്ധമായി പറയുന്നതാ..
അവന് നിന്നെ ഒരുപാട് ഇഷ്ടാ…
മോള് അവന് പ്രാണനാ ..
അവന്റെ ഉള്ളം തൊട്ടറിഞ്ഞ് കണ്ടിട്ടുണ്ട് ഞാൻ..
അതുകൊണ്ട് പറയുന്നതാ..

അനു അവരെ കേട്ടു നിന്നു..
പ്രതികരണമേതുമില്ലാതെ..

“വാശിക്കാരനാ അജു ..
ആഗ്രഹിക്കുന്നത് നേടുന്ന പ്രകൃതം..
പക്ഷെ ആത്മാർത്ഥത ഉള്ളവനാ ..
കഴിയുമെങ്കിൽ എന്റെ മോള് അവനെ മനസ്സിലാക്കാൻ ശ്രമിക്കണം..

അനുവിന് മനസ്സിൽ ദേഷ്യം ഇരമ്പി വന്നെങ്കിലും ജയയുടെ ആ സംസാരത്തിൽ അവൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല..

“പെണ്ണിനെ നേടേണ്ടത് ഭീഷണിപ്പെടുത്തിയല്ല എന്ന് പണ്ടേ ഞാനവനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്..
എന്നിട്ടും അവനത് ചെയ്തെങ്കിൽ അവനു വേണ്ടി മോളോട് ഞാൻ മാപ്പ് ചോദിക്കുന്നു..
വലിയ തെറ്റാ അവൻ ചെയ്തത്..

ജയ സാരിതലപ്പുകൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു

എന്തു പറയണം എന്നറിയാതെ നിൽക്കുകയായിരുന്നു അനു ..

നിങ്ങളുടെ മകനെ എനിക്ക് ഒരിക്കലും സ്നേഹിക്കാനാവില്ലെന്ന് ഇവരോടെങ്ങനെ പറയും…

“അമ്മ എന്നോട് ക്ഷമിക്ക്..

അതും പറഞ്ഞ് ഏപ്രൺ അഴിച്ച് ഹാങ്ങറിലേക്ക് തന്നെയിട്ടു കൊണ്ട് അനു മുറിയിലേക്ക് നടന്നു.

തുടരും

 

സ്നേഹം ഡിയേഴ്സ്
❤️❤️❤️❤️❤️