11/05/2026

ശ്രുതി : ഭാഗം 17

രചന – ഭദ്ര രുദ്ര

അധിക ദേഷ്യം വന്നു ഞാൻ അവളുടെ പിറകെ ഓടി . ഓട്ടത്തിനിടയിൽ ഞാൻ ആരെയും ശ്രദ്ധിക്കാൻ നിന്നില്ല . ഓടികൊണ്ടിരുന്ന ഞാൻ പെട്ടെന്ന് ആരേയോ ഇടിച്ചു നിലത്തുവീണു . നിലത്തുവീണു ദേഷ്യത്തോടെ നോക്കുമ്പോഴാണ് , എന്നെ തന്നെ അന്തം വിട്ടു നോക്കി നിൽക്കുന്ന ആ വ്യക്തിയെ ഞാൻ കണ്ടത് ……..

“””” ആർമി “””””

പരിസരബോധമില്ലാതെ ഞാൻ അങ്ങനെ വിളിച്ചു പോയി .

” വാട്ട്‌ ”

ആർമി വായും പൊളിച്ച് എന്നെ നോക്കി ചോദിച്ചു .

” എന്നെ നിലത്ത് ഇടിച്ചിട്ടിട്ട് വാട്ട് എന്ന് ചോദിക്കുന്നോ ”

” നിൻറെ മുഖത്ത് എന്താ കണ്ണില്ലേ , ആ ഉണ്ടല്ലോ മത്തങ്ങ പോലെ രണ്ടെണ്ണം , പിന്നെ നീ എവിടെ വായും പൊളിച്ച് നോക്കി നടക്കായിരുന്നെടി ”

ഇത്തവണ വാ തുറന്നത് ആർമിയുടെ കൂടെയുണ്ടായിരുന്ന അവൻറെ ഫ്രണ്ട് ആയിരുന്നു .

” ഡോ , എടീ പോടീ എന്നൊക്കെ തൻറെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി , ഇങ്ങോട്ട് വിളിക്കാൻ വരണ്ട ”

എൻറെ സംസാരം കേട്ടപ്പോൾ ആർമി ചെറുതായൊന്നു ചിരിച്ചു .

” ഒരാൾ നിലത്ത് വീണു കിടക്കുമ്പോൾ ഇങ്ങനെ തന്നെ നിന്ന് ചിരിക്കണം കേട്ടോ ”

ഞാനത് പറഞ്ഞപ്പോൾ ആർമി പെട്ടെന്ന് ചിരി നിർത്തി എനിക്ക് നേരെ കൈനീട്ടി . ആദ്യം ആ കൈ പിടിക്കണോ വേണ്ടെയോ എന്നൊരു കൺഫ്യൂഷൻ വന്നെങ്കിലും എനിക്ക് നേരെ നീട്ടിയ കൈകളിൽ ഞാൻ എൻറെ കരം വെച്ചുകൊടുത്തു .

ആർമി എന്റെ കൈകളിൽ മുറുകെ പിടിച്ചു , അവന് അഭിമുഖമായി നിർത്തി .

” ഒന്നും പറ്റിയില്ലല്ലോ അല്ലേ ”

” ഇല്ല ”

” ഡാ നീ വരാൻ നോക്ക് , ഇവൾക്ക് നാവ് കുറച്ചു കൂടുതലാണ് ”

” ഡോ ഉത്സവം കാണാൻ വന്ന ഉത്സവം കണ്ടു പോണം . അല്ലാതെ ഇവിടെ വരുന്ന പെൺപിള്ളേരുടെ വായിൽ നോക്കി അവരുടെ നാവിന്റെ നീളം അളക്കാൻ വന്നാലുണ്ടല്ലോ , മോൻ വിവരമറിയും ”

ഞാനത് പറഞ്ഞപ്പോൾ അവൻ ഒന്നൊതുങ്ങി , രണ്ട് കയ്യുംകെട്ടി എന്നെത്തന്നെ കള്ളനോട്ടം നോക്കി നിൽക്കുകയാണ് നമ്മുടെ ആർമി . അപ്പോൾ ഞാൻ അവനെയൊന്നു നോക്കി പുരികമുയർത്തി എന്തെ എന്ന് ചോദിച്ചപ്പോൾ , ഒന്നുമില്ലെന്ന് അവൻ കണ്ണടച്ച് കാണിച്ചു .

പെട്ടെന്ന് ഫ്രണ്ടിന്റെ കൂടെ അവിടെ നിന്നും പോവാൻ തുടങ്ങിയ ആർമിയെ ഞാൻ തടഞ്ഞു .

” അങ്ങനെയങ് പോവ്വാണോ മാഷേ ”

” എന്താ മോൾക്ക് വേണ്ടത് ? ”

ആർമിയുടെ കൂട്ടുകാരൻറെതായിരുന്നു ആ ചോദ്യം .

” എനിക്കെന്താ വേണ്ടതെന്ന് , നിങ്ങളുടെ ഈ ഫ്രണ്ടിന് അറിയാം ”

ഞാൻ ആർമി നോക്കി ഒരു കള്ളച്ചിരി പാസാക്കി . അപ്പോൾ ഒന്നും മനസ്സിലാവാതെ അണ്ടികളഞ്ഞ അണ്ണാനെപ്പോലെ നിൽക്കുവാണു ആർമിയുടെ ഫ്രണ്ട് . ആർമിയുടെ ഫ്രണ്ട് പതിയെ ആർമിയുടെ നേരെ തിരഞ്ഞെടുത്ത ഞാനാരാണെന്ന ഭാവത്തിൽ ചോദിച്ചു . ആർമി അതിനുള്ള ഉത്തരം അവൻറെ ചെവിയിൽ ആയി പറഞ്ഞു .

” ഓഹോ ഇതാണോ നിൻറെ ഉണ്ണിയാർച്ച ”

ആർമിയുടെ ഫ്രണ്ട് പെട്ടെന്ന് എന്നെ നോക്കി അവനോട് ചോദിച്ചു . ഞാൻ ആർമിയെ തന്നെ ഒന്ന് തറപ്പിച്ചു നോക്കി . അവന് ഒരു വല്ലാത്ത ചിരി പാസാക്കുകയാണ് .

” നടക്കട്ടെ അളിയാ , എന്നാൽ നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ഇവിടെയൊക്കെത്തന്നെ കാണും ”

അതും പറഞ്ഞ് ഞങ്ങൾക്കിടയിൽനിന്ന് അവൻ മാറിനിന്നു തന്നു . ആർമി ചിരിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി , ഞാൻ മുഖം വീർപ്പിച്ചു വന്നപ്പോൾ തന്നെ ആർമിക്ക് കാര്യം മനസിലായി .

” ഡോ താൻ മുഖം വീർപ്പിക്കൊന്നും വേണ്ട , തന്റെ സ്വഭാവത്തിനു പറ്റിയ പേര് തന്നെയാണ് ഉണ്ണിയാർച്ച എന്നത് . ”

“ഉവ്വോ , അറിയില്ലായിരുന്നു ആരും പറഞ്ഞതുമില്ല . ”

എൻറെ ഭാഷ ശൈലി കേട്ടിട്ട് ആണെന്ന് തോന്നുന്നു ആർമി വല്ലാത്ത ഒരു ചിരി ചിരിച്ചു .

” അല്ലാ , താൻ എന്താ എന്നെ വിളിച്ചത് ആർമി എന്നോ ? ”

അത് കേട്ടപ്പോൾ ഞാൻ എന്റെ മുഴുവൻ പല്ലും പുറത്തേക്കിട്ടു ഒന്ന് ചിരിച്ചു കാണിച്ചു ചിരിച്ചു .

” അതോ അത് തന്നെ കണ്ടാൽ ഒരു ആർമിക്കാരന്റെ ലുക്ക് ഉണ്ട് . പിന്നെ എനിക്ക് തന്റെ പേര് അറിയില്ലായിരുന്നു അതുകൊണ്ട് ആർമി എന്നുവിളിച്ചു . ”

” ആർമി നല്ല പേര് തന്നെ , അത്ര മോശമൊന്നുമല്ല ”

” ആരാ പേരിട്ടതെന്ന് നോക്കണേ , ഈ ശ്രുതി അല്ലേ അത് അത്ര മോശമാവില്ല ”

” ഓഹോ , അതെന്തായാലും നന്നായി , ആർക്കെങ്കിലും പേരിടണമെങ്കിൽ നിന്നെ വിളിച്ചാൽ മതിയല്ലോ അല്ലേ ”

ആർമി നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു . ഞാനും അതിനൊരു നല്ല ചിരി മറുപടി നൽകി . ആർമിയെ കണ്ടു ഇങ്ങനെ സംസാരിക്കാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല . ഒട്ടും പ്രതീക്ഷിക്കാതെ ആർമിയെ ഇവിടെ വച്ച് കണ്ടപ്പോൾ മനസ്സിൽ എന്തോ വല്ലാത്ത സന്തോഷം തോന്നി . പെട്ടന്ന് ഞാൻ ആ പഴയ ഓർമ്മകളിലേക്ക് പോയി , ആർമി അന്ന് എന്നോട് അവസാനമായി സംസാരിച്ച വാക്കുകൾ എൻറെ കാതുകളിൽ മുഴങ്ങി കേട്ടു :::

“””””””””””” വിൽ യു പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ് , താൻ എന്താടോ എന്നെ കുറിച് കരുതിയത് ഞാൻ അത്രയ്ക്ക് ചീപ്പ്‌ ആണെന്നോ , തന്നെ കണ്ടപ്പോൾ ഒരു കുട്ടിത്തം തോന്നി , തന്നെ പോലൊരു ഫ്രണ്ടിനെ ഒരിക്കലും മിസ്സ്‌ ചെയ്യരുതെന്ന് തോന്നി . അത് കൊണ്ട് മാത്രമാണ് തന്നോട് സംസാരിച്ചത് . ബട്ട്‌ തന്റെ മനസ്സ് മുഴുവൻ ഒരു തരം ചീപ്പ്‌ ഈഗോ ആണ് . തന്റെ കയ്യിൽ ആവശ്യത്തിനും അനാവശ്യത്തിനും ക്യാഷ് ഉണ്ടാവും ബട്ട്‌ അത് കൊണ്ട് എന്നെ അളക്കാൻ വരരുത് . നിന്റെ സംസാരത്തിൽ നിന്നും ഒന്ന് മനസിലായി പ്രോഫിറ്റ് മാത്രം നോക്കുന്നവരുടെ ഇടയിലാണ് നീ ഇത്രയും കാലം ജീവിച്ചതെന്ന് . തന്റെ ഈ ഈഗോ മാറ്റിവെച്ചു കുറച്ചു നല്ല മനുഷ്യരുടെ കൂടെ ടൈം സ്പെന്റ്‌ ചെയ്ത് നോക്ക് അപ്പൊ അറിയാം ബന്ധങ്ങളുടെ വില . നീ കരുതുന്ന പോലെ പ്രണയം മാത്രമല്ല ബന്ധങ്ങളിൽ ഉള്ളത് , സഹൃദം എന്നൊരു ആത്മബന്ധം കൂടി ഉണ്ട് . എന്നെങ്കിലും ആ ബന്ധത്തിന്റെ വാല്യൂ അറിഞ്ഞിട്ടു മോളു വാ . ഞാൻ ഇവിടെയൊക്കെ തന്നെ കാണും . “”””””””””””””

അന്ന് എന്നോട് ദേഷ്യപ്പെട്ട് ബൈ പറഞ്ഞ് പോയിട്ട് പിന്നെ ഇന്നാണ് അവൻ എനിക്ക് മുഖം തരുന്നത് . അതിരുകടന്ന എൻറെ വാക്കുകൾക്കു മനസ്സുകൊണ്ട് എപ്പോഴും ഞാൻ അവനോട് ക്ഷമ ചോദിച്ചിരുന്നു . പക്ഷേ ഇന്നേവരെ , എന്നെ രക്ഷിച്ചത് ഒരു നന്ദിയോ , അവൻറെ മനസ്സിനെ അന്ന് വേദനിപ്പിച്ചതിന് ഒരു മാപ്പോ പറയാൻ കഴിഞ്ഞില്ല .

” ഡോ , താൻ ഇത് ഏതു ലോകത്താ ”

ആർമി എനിക്കു നേരെ വിരൽ ഞൊടിച്ചുകൊണ്ട് ചോദിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നത് . കുറച്ചുനേരം ആർമിയുടെ മുഖത്തേക്ക് നോക്കി നിന്നതിനുശേഷം , ഞാൻ പതിയെ ആർമിക്കുള്ള മറുപടി കൊടുത്തു .

” സോറി & താങ്ക്സ് ”

” എന്ത് ?
തനിക്ക് ഇതെന്താ പറ്റിയത് , ആകെ ഒരു മാറ്റം ”

” ഏയ് ഒന്നുമില്ല ”

ഒന്നും പറയാൻ കഴിയാതെ വാക്കുകൾ എന്നെ തൊണ്ടയിൽ തങ്ങിനിന്നു . എൻറെ അസ്വസ്ഥത മനസ്സിലാക്കിയിട്ടെന്നോണം ആർമി എന്നോട് ശാന്തമായ എവിടെങ്കിലും പോയി ഇരിക്കാം എന്ന് പറഞ്ഞു . ഞാൻ തലയാട്ടി , ആർമി നേരെ അമ്പലകുളക്കടവിലേക്ക് പോയി . ഞാനും യാന്ത്രികമായി തന്നെ അവൻറെ പിറകെ പോയി .

വളരെ ശാന്തമായ അമ്പലക്കുളം . ഒരു പ്രത്യേക നൊസ്റ്റാൾജിയ ഫിൽ ചെയ്യാൻ തുടങ്ങി . ഞാൻ പതിയെ കുളത്തിലെ പടവുകളിറങ്ങി .

” ശ്രുതി , പതിയെ കുളത്തിലെ പടവുകളിൽ നല്ല വഴുക്കുണ്ടാകും . ”

ഞാൻ അവന് ചെവി കൊടുക്കാതെ പതിയ കുളത്തിലെ പടവുകൾ ഇറങ്ങി . കുളത്തിലെ വെള്ളത്തിൽ കാൽ കഴുകി . ഒരു പ്രത്യേകതരം തണുപ്പുണ്ടായിരുന്നു ആ വെള്ളത്തിന് . അലയടിച്ചുകൊണ്ടിരുന്ന എന്റെ മനസ്സിനെ ശാന്തമാക്കാൻ ആ തണുപ്പിന് കഴിഞ്ഞു .

” ശ്രുതി , മതി താനിങ്ങ് കയറി പോര് ”

കല്ലുകളാൽ ചെത്തിപടുത്ത കുളത്തിലെ പടവിൽ ഇരിക്കുകയാണ് ആർമി . ഞാൻ പതിയെ അവന്റെ അരികിൽ പോയിരുന്നു .

” അതേയ് , ഞാനൊരു കാര്യം ചോദിച്ചാൽ എന്നോട് ദേഷ്യമൊന്നും തോന്നില്ലല്ലോ ? ”

” താൻ ചോതിചോടോ ”

” അത് , അത് വേറൊന്നുമില്ല ”

” മടിക്കാതെ ചോദിച്ചോളൂ ”

” ആർമിയുടെ ശരിക്കുള്ള പേര് എന്താ ? ”

പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട് ആർമി ചിരിക്കാൻ തുടങ്ങി .

” ഇതാണോ തനിക്ക് ചോദിക്കാനുള്ളത് ”

” അതെ ”

” ഇത് ചോദിക്കാനാണോ താനിത്രക്ക് മുഖവര ഇട്ടത് ”

” അതേ …… ”

” എൻറെ ഭഗവാനെ , ഇതിനെ എടുത്ത് ഈ കുളത്തിൽ എറിയാൻ തോന്നുന്നു . ”

” എന്തിനാ എന്നെ വഴക്കു പറയുന്നെ , എൻറെ പേര് ഞാൻ പറഞ്ഞത് കൊണ്ടല്ലേ ആർമി അറിഞ്ഞത് . എന്നാൽ , ആർമി ഇതുവരെ നിങ്ങളുടെ പേര് എന്നോട് പറഞ്ഞിട്ടില്ലല്ലോ ”

” ഓ ഇപ്പൊ തെറ്റ്കാരൻ ഞാനായി ”

” അതേല്ലോ , ആർമി തന്നെയാണ് തെറ്റുകാരൻ ”

” ഡീ പെണ്ണേ , എൻറെ പേര് ആർമി എന്നല്ല . ”

” പിന്നെ എന്താണാവോ തമ്പുരാൻറെ പേര് ”

അപ്പോൾ അവൻ എണീറ്റ് നിന്ന് മുണ്ടിൻറെ ഒരു അറ്റം പിടിച്ച് , തോൾ ചരിച്ച് നമ്മുടെ ലാലേട്ടൻ പറയുന്ന പോലെ സ്റ്റൈലായി പറഞ്ഞു :

” ഞാൻ കണിമംഗലം കോവിലകത്തെ ജഗൻനാഥൻ തമ്പുരാൻ ”

അത് കേട്ട് എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല , ഞാൻ പൊട്ടി പൊട്ടിച്ചിരിക്കാൻ തുടങ്ങി . എന്റെ ചിരി കണ്ടപ്പോൾ ആർമി എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു .

” കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാന്റെ ശരിക്കുള്ള പേര് എന്താ ? ”

” അഭിരാം ”

” അഭിരാം . കൊള്ളാം പക്ഷേ എൻറെ ആർമി എന്ന പേരിന്റെ അത്ര പോര ”

” ഉവ്വോ ”

” ഉവ്വ് , എന്നാ ഇനി മുതൽ ഞാൻ അഭിറാമിനെ അഭി എന്നു വിളിക്കണോ ? അതോ റാം എന്ന് വിളിക്കാണോ ? ”

” താൻ തനിക്ക് ഇഷ്ടമുള്ളത് വിളിക്കെടോ , ബട്ട് തെറി മാത്രം വിളിക്കരുത് ” 😉

ആർമി ഒരു കള്ള ചിരിയോടെ പറഞ്ഞു .

” തനിക്ക് എത്ര വയസ്സായി ? ”

” അറിഞ്ഞിട്ടു എന്തിനാ ഈ ഉണ്ണിയാർച്ചക്ക് ? ”

” എനിക്കോ , എനിക്ക് നിന്നെ വീട്ടിൽ വന്നു ആണ് ചോദിക്കാനാണ് ”

😳😳😳😳😳 ആർമി ആകെ അന്തം വിട്ടു നിൽക്കുകയാണ് .

” എൻറെ പൊന്നു ആർമി ചോദ്യത്തിന് മേലെ ചോദ്യം ചോദിക്കാതെ ഒന്നും പറ ”

” എനിക്ക് 24 വയസ്സ് ആവുന്നു ”

” അപ്പൊ എന്നെക്കാൾ മൂത്തതാണ് അല്ലേ ”

” അല്ലെടി , ഞാൻ നിന്നെക്കാൾ ചെറുതാ . അവളുടെ ഒരു അടുപ്പിലെ സംശയം ”

” അതേയ് , ഞാൻ വേറെ ഒന്നും കൊണ്ടു ചോദിച്ചതല്ല . ആർമി എന്നെക്കാൾ മൂത്തത് ആയതു കൊണ്ട് പേരു വിളിക്കണോ അതോ , അഭിയേട്ട എന്ന് വിളിക്കണോ എന്ന് കരുതി ചോദിച്ചതാ ”

” അഭിയേട്ടൻ , ആ വിളി കേള്ക്കാന് സുഖമുണ്ട് . നീ എന്നെ അങ്ങനെ വിളിച്ചാൽ മതി ”

” ഹാ , എന്നാൽ അഭിയേട്ടൻ പറ എന്തൊക്കെയാ വിശേഷങ്ങൾ ? ”

“നമ്മൾക്കൊക്കെ എന്ത് വിശേഷം ? ഇവിടെ നിങ്ങൾക്കൊക്കെ അല്ലേ പല പല വിശേഷങ്ങൾ ”

” മനസിലായില്ല ”

” താൻ അവിടെ നിന്ന് മുങ്ങി ഇവിടെ പൊന്തുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ”

” അത് പിന്നെ എനിക്ക് അവിടെ പഠിക്കാൻ തോന്നിയില്ല ”

” അതുകൊണ്ടുതന്നെ അവിടുത്തെ പ്രശ്നങ്ങളിൽ നിന്നും ഇങ്ങോട്ട് ഒളിച്ചോടി വന്നുവല്ലേ ”

ഞാൻ അഭിയേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു .

” നിനക്ക് അവിടെ ഉണ്ടായ പ്രശ്നങ്ങൾ ഒക്കെ അറിയാൻ ഞാൻ കുറച്ച് വൈകി പോയി . എല്ലാം അറിഞ്ഞു നിന്നെ ഒന്ന് കാണാൻ വന്നപ്പോഴേക്കും , നീ കോളേജിൽ നിന്നും ടിസി വാങ്ങി പോയി എന്ന് അറിഞ്ഞത് . ഞാൻ നിന്റെ ഹോസ്റ്റലിൽ വന്നിരുന്നു . അവർക്ക് ആർക്കുംതന്നെ നീ എവിടേക്കാണ് പോയതെന്ന് അറിയില്ലായിരുന്നു . ഒരു വാക്കും പറയാതെ , എൻറെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നവൾ ആണ് നീ . നീ ആരാണെന്നും എന്താണെന്നും എനിക്കറിയില്ലായിരുന്നു . എന്നിട്ടും എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു . നിന്നെ വീണ്ടും കാണുമെന്ന് . ”

അഭിയേട്ടൻ ഇതൊക്കെ എൻറെ കണ്ണിൽ തന്നെ നോക്കിയാണ് പറഞ്ഞത് . ഇത്രയും എന്നോട് പറഞ്ഞു തീരുമ്പോഴേക്കും ആ കണ്ണുകളിൽ പലതരത്തിലുള്ള ഭാവങ്ങൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു . അഭിയേട്ടനെ ഇനിയൊരിക്കലും കാണാൻ കഴിയും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല . എന്നാൽ ഇപ്പോളിതാ എൻറെ തൊട്ടടുത്ത് വന്നിരിക്കുന്നു . ഒരു നിമിഷം ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു . ആ കണ്ണുകളിൽ എന്നോട് എന്തോ ഒരു പ്രത്യേകതരം സ്നേഹവും വാത്സല്യവും ഞാൻ കണ്ടു .

” അഭിയേട്ടാ , എൻറെ അന്നത്തെ സാഹചര്യം അതായിരുന്നു . ആരോടും ഒന്നും പറയാതെ ഒരു ഒളിച്ചോട്ടം . പെട്ടെന്ന് എനിക്ക് ജീവിതവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല , എങ്കിലും ഇന്ന് ജീവിതം ഞാൻ ആസ്വദിച്ചു ജീവിക്കുകയാണ് ”

” തനിക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു ആ നാട്ടിൽ നിന്നും പോകുന്നതിനു മുമ്പ് . ഒരുപക്ഷേ ആ പ്രശ്നം അത്രയും വഷളാകാതെ എനിക്ക് തന്നെ സംരക്ഷിക്കാൻ കഴിയുമായിരുന്നു . പക്ഷേഒരു വാക്ക് പറയാതെ താൻ പോയപ്പോൾ , മനസ്സ് എന്തുകൊണ്ടോ വല്ലാതെ വേദനിച്ചിരുന്നു . ”

അത്രയും എൻറെ കണ്ണുകളിൽ നോക്കി പറഞ്ഞൊപ്പിച്ചുകൊണ്ട് അഭിയേട്ടൻ കുളത്തിലേക്ക് നോക്കിയിരുന്നു . വളരെ പെട്ടെന്ന് തന്നെ ഞങ്ങൾക്കിടയിൽ വല്ലാത്തൊരു മൗനം കടന്നു വന്നു . രണ്ടുപേരും മൗനമായി കുളത്തിലെ ഓളങ്ങൾ നോക്കി ഇരുന്നു . എത്രനേരം അങ്ങനെ ഇരുന്നെന്ന് ഞങ്ങൾക്ക് പോലും അറിയില്ല .

” ഹാ നീ ഇവിടെ വന്ന് ഇരിക്കുകയായിരുന്നോ ? ”

മൗനത്തെ ഭേദിച്ച് കൊണ്ട് പെട്ടെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ ഇരുവരും ഒരുമിച്ച് തിരിഞ്ഞു . ഞങ്ങൾക്ക് പുറകിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ , ഞങ്ങൾ രണ്ടുപേരും ഇരിക്കുന്ന ഇടത്തു നിന്നും എണീറ്റു നിന്നു …..

( തുടരും )……………………………..