11/05/2026

നാട്യം : ഭാഗം 14

രചന – നന്ദിത ദാസ്

ഇവിടം കണ്ടുപിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയോ വിനുവേട്ടാ… ??? ”

“ഹേയ് ഇല്ല… ഞാൻ ഇവിടൊക്കെ വന്നിട്ടുണ്ട്…

അല്ല എക്സാം എല്ലാം എങ്ങനെ ഉണ്ടായിരുന്നു…? ”

“ആഹ് വല്യ കുഴപ്പം ഇല്ലായിരുന്നു… ”

“ഇത് ഏത് യൂണിവേഴ്സിറ്റി ആണ് ”

” ‘രേവ ‘ യൂണിവേഴ്സിറ്റി… കേട്ടിട്ടുണ്ടോ? ”

” വൗ… കേട്ടിട്ടുണ്ടോന്നോ… നല്ല കിടിലൻ യൂണിവേഴ്സിറ്റി ആണല്ലോ… ”

“മ്മ്… അതുകൊണ്ട് അല്ലേ ഞാൻ ഇത്രയും ദൂരം ആണെങ്കിലും അത് തന്നെ സെലക്ട്‌ ചെയ്തത്…

പിന്നെ എന്റെ നന്ദു എവിടെ… ശരിക്കും മിസ് ചെയ്യുന്നുണ്ട് അവളെ… ”

“അവള് ഹാപ്പിയാണ്… പോരാത്തതിന് കൂടെ കണ്ണനും ഉണ്ട്… ”

“ഈശ്വരാ… എന്താകുമോ എന്തോ…
വഴക്കൊന്നും ഉണ്ടാകാതിരുന്നാൽ മതിയാരുന്നു… ”

“അതൊന്നും ഓർത്തു താൻ പേടിക്കേണ്ട…
അതൊക്കെ കണ്ണൻ നോക്കിക്കോളും
എന്തിഷ്ടമാ അവനു അവളെ… ”

“അവൾക്കും പെരുത്ത ഇഷ്ടം തന്നെയാണ്… അത് എനിക്കെന്നല്ല കണ്ണേട്ടനും അറിയാം… ”

“ഇപ്പോൾ എനിക്കും ഇല്ലേ… ”

“ഹഹ… കറക്റ്റ്…

വിനുവേട്ടൻ വാ ഞങ്ങളുടെ മിസ്സിനെ പരിചയപ്പെടുത്താം… ”

യാമി ക്ഷീണിച്ചിട്ടുണ്ട്…
വീട്ടിൽ നിന്നും മാറി നിന്നതിന്റെ ക്ഷീണം ആകാം…

അവളുടെ ഫ്രണ്ട്സിനെയും മിസ്സിനെയൊക്കെ വളരെ ഉത്സാഹത്തോടെ ആണ് അവൾ എനിക്ക് പരിചയപ്പെടുത്തി തന്നത്…

ഒടുവിൽ എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ നാട്ടിലേക്കു തിരിച്ചു…

മജെസ്റ്റിക് സ്റ്റേഷനിൽ നിന്നും കയറിയതുകൊണ്ടു ട്രെയിനിൽ സീറ്റിന്റെ കാര്യത്തിൽ വല്യ പ്രശ്നം ഉണ്ടായില്ല…

ഞങ്ങൾക്ക് രണ്ടാൾക്കും അടുത്തടുത്ത സീറ്റ്‌ തന്നെ കിട്ടി…

“എന്തുപറ്റി യാമി… നിനക്ക് സുഖം ഇല്ലേ…?? ”

“ഒരു ചെറിയ തലവേദന പോലെ…
വേറെ കുഴപ്പം ഒന്നുല്ല…

വിനുവേട്ടൻ നന്ദുനെ ഒന്ന് വിളിക്കു… ”

“മ്മ് ”

ഞാൻ ഫോൺ എടുത്തു നന്ദുനെ വിളിച്ചു… ബട്ട്‌ അവൾ ഫോൺ എടുത്തില്ല…

ഉടനെ തന്നെ കണ്ണനെ വിളിച്ചു…

“ഹലോ വിനയാ… നിങ്ങൾ തിരിച്ചോ? ”

“ആഹ് തിരിച്ചു… ട്രെയിനിൽ ആണ്…
നന്ദു എവിടെ… അവളെ വിളിച്ചിട്ട് എടുക്കുന്നില്ലലോ… ”

“അവൾ ഫോൺ എടുത്തിട്ടില്ലെന്നു തോന്നുന്നു… ഞങ്ങൾ പുറത്താണ് ചുമ്മാ ഒന്ന് ചുറ്റിക്കറങ്ങാൻ ഇറങ്ങിയതാണ്…

നന്ദു ശരിക്കും ഹാപ്പി ആണ്… ഫുൾ ടൈം ആദിക്കുട്ടന്റെ കൂടെയാ… ഞാൻ കൊടുക്കണോ…? ”

“ആഹ് കൊടുക്കു… യാമിക്കു നന്ദുനോട് സംസാരിക്കണമെന്ന്… ”

“ഹലോ… ഡി.. നന്ദു… എന്നെ മറന്നോ നീ… ദുഷ്ടേ… ”

“ഒന്ന് കാണാതാകുമ്പോൾ മറക്കാൻ പറ്റുന്നതാണോ പെണ്ണേ നമ്മുടെ സ്നേഹം…

നീ ഒന്ന് പെട്ടെന്ന് വാ… ഇവിടെ ഒരുപാട് കാര്യങ്ങൾ ഉണ്ട് നിന്നോട് പറയാൻ…

എല്ലാരും നിന്നെ കാത്തിരിക്കുവാ…
ഒന്ന് പെട്ടെന്ന് വാടി… ”

“ആഹ് ഒരു ചിറകു ഉണ്ടെങ്കിൽ ഞാൻ അങ്ങ് പറന്നു വന്നേനെ… നേരം ഒന്ന് ഇരുട്ടി വെളുത്തോട്ടെ മോളെ…
ഞാൻ പെട്ടെന്ന് അങ്ങെത്തും… ”

“ഒക്കെ… ടേക് കെയർ ഡിയർ… ബൈ സീ യൂ ടുമാറോ… ”

“ഒക്കെ ഡി ബൈ… ”

“എന്താ നന്ദു.. യാമി എന്താ പറഞ്ഞത്? ”

“അവളെ ഞാൻ മറന്നോന്നു ചോദിച്ചു…
അവൾക്കു അറിയില്ലലോ അവളെ ഞാൻ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന്… ”

“ഞാൻ ഒരു കാര്യം ചോദിച്ചാൽ നന്ദു സത്യം പറയുമോ? ”

“മ്മ് കണ്ണേട്ടൻ ചോദിക്കു… ”

“എപ്പോൾ എങ്കിലും നീ എന്നെ മിസ് ചെയ്തിട്ടുണ്ടോ… അറിയാൻ ഒരു ആഗ്രഹം അതാ ചോദിച്ചത്… ”

“കണ്ണേട്ടന്റെ മനസ്സിൽ എന്താ തോന്നുന്നത്… ഉണ്ടെന്നോ ഇല്ലെന്നോ? ”

“ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം… ”

“മ്മ് എങ്കിൽ അങ്ങനെ തന്നെ വിശ്വസിച്ചോളു… ”

“സത്യം… ”

“മ്മ് ”

“എനിക്കറിയാരുന്നു…
പിന്നെ എന്തിനാ നന്ദു ഇങ്ങനെ വാശി പിടിക്കുന്നത്…

നമുക്കൊരുമിച്ചു ജീവിച്ചു കൂടേ… ”

“ഇഷ്ടപ്പെടുന്ന എല്ലാർക്കും ഒന്നിക്കാൻ കഴിഞ്ഞെന്നു വരില്ലല്ലോ കണ്ണേട്ടാ…

എനിക്ക് ഒരു ഉറപ്പും തരാൻ പറ്റില്ല… ”

“ഞങ്ങൾക്ക് ഉറപ്പുണ്ട് നന്ദു… എല്ലാം ശരിയാകും…

നിനക്ക് നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടെന്നാണ് ഡോക്ടർ മനു പറഞ്ഞത്… ”

“അതാരാണ് ഈ ഞങ്ങൾ…
കണ്ണേട്ടന് എങ്ങനെ അറിയാം ഡോക്ടർ മനുനെ? ”

“ഞങ്ങൾ എന്ന് പറഞ്ഞാൽ നിന്നെ സ്നേഹിക്കുന്ന ഓരോരുത്തരും…

മനു എന്റെ സുഹൃത്തിന്റെ സുഹൃത് ആണ്… ”

“ഓഹോ അപ്പോൾ എല്ലാം എല്ലാരും കൂടി ഒത്തുകൊണ്ട് ആണ് അല്ലേ…

ചുമ്മാതല്ല അച്ഛൻ ഞങ്ങളുടെ കൂടേ കണ്ണേട്ടനെ പറഞ്ഞു വിട്ടേക്കുന്നത് അല്ലേ…. ”

“നിന്റെ സമ്മതം മാത്രം മതി…
അച്ഛനും ഏട്ടന്മാരും എല്ലാരും കൂടെ തന്നെ കാണും പ്ലീസ്… ”

“ഹരിയേട്ടൻ വരുന്നുണ്ട്… ഞാൻ പോവാ… ”

അല്ലെങ്കിലും ഈ പെണ്ണ് ഇങ്ങനെ ആണ്…

പിടിവീഴും എന്നു കാണുമ്പോൾ ഒരൊറ്റ മുങ്ങൽ ആണ്…

ഹും എവിടെ വരെ പോകും… നമുക്ക് കാണാം…

സന്ധ്യക്കു വിഷ്‌ണു ക്ഷേത്രത്തിലൊക്കെ കയറി തൊഴുതിട്ടാണ് ഞങ്ങൾ വീട്ടിലേക്കു മടങ്ങിയത്…

ശരിക്കും നല്ല സ്ഥലം ആണ് പാലക്കാട്‌… പ്രതേകിച്ചും നമ്മുടെ പട്ടാമ്പി… സംഗീത സാന്ദ്രമായ അന്തരീക്ഷം…

വന്ന ഉടനെ ആദിയെയും കൊണ്ട് അപ്പാവുടെ മുറിയിലേക്കാണ് ഞാൻ പോയത്…

അവിടെ ഞങ്ങളെ പ്രതീക്ഷിച്ചെന്നപോലെ വാതിൽക്കലേക്കു തന്നെ നോക്കി അക്ഷമനായി അപ്പ…

“ക്ഷേത്രത്തിൽ ഒന്ന് പോയതാ അപ്പാ…
കാത്തിരുന്നു മടുത്തോ??

പിന്നേ നാളെ രാവിലെ അപ്പാ കണ്ണുതുറക്കുമ്പോൾ മുന്നിൽ ലെച്ചു ഉണ്ടാകും കേട്ടോ…

പെട്ടെന്ന് കിടക്ക വിട്ടു എഴുന്നേറ്റോണം… അല്ലെങ്കിൽ ലെച്ചു വീണ്ടും പിണങ്ങി പോകും കേട്ടോ… ”

ആ മുഖം ഒന്നുകൂടി വിടർന്നു…
വിറയ്ക്കുന്ന ആ കൈകളിൽ ഞാൻ എന്റെ കൈ ചേർത്തു വെച്ചു…

“വരും… ഉറപ്പാണ്… ഇത് നന്ദുന്റെ വാക്കാണ്… ”

അപ്പയ്ക്കുള്ള മരുന്നും കൊടുത്തിട്ടാണ് ഞാൻ ആ റൂമിൽ നിന്നും ഇറങ്ങിയത്…

ലെച്ചുന്റെ അമ്മ ഒരു പാവം ആണ്… ഇതൊക്കെ കണ്ടു എപ്പോളും കരയും…

ഇവരെയൊക്കെ ചേർത്തു പിടിച്ചു ഒന്ന് ആശ്വസിപ്പിക്കാൻ ആരെങ്കിലും എപ്പോളും ഈ വീട്ടിൽ തന്നെ ഉണ്ടാകുന്നത് നല്ലതാണെന്നു എനിക്ക് തോന്നി…

ഇപ്പോൾ എല്ലാരും ഒരു ഒറ്റപ്പെട്ട അവസ്ഥയിൽ ആണ്…

ആദി ഉള്ളതുകൊണ്ട് മാത്രം ഹരിയേട്ടനും അമ്മയും ജീവിച്ചു പോകുന്നു എന്നു മാത്രം…

വീടിനു ഒരു ഉണർവ്വ് ഇല്ലാത്തതുപോലെ…

അല്ലെങ്കിലും എങ്ങനെ ഉണർവ്വ് ഉണ്ടാകാനാണ്…
ഈ വീട്ടിലെ വിളക്കല്ലേ ചുമരിൽ മാലയിട്ട് ഇരിക്കുന്നത്….

യാമി ഇവിടെ വന്നാൽ തന്നെ എത്ര ദിവസം അവൾക്ക് ഇവിടെ നിൽക്കാനാകും…

എനിക്കും പെട്ടെന്ന് നാട്ടിൽ പോയല്ലേ പറ്റുള്ളൂ…

മരിക്കുന്നതിന് മുൻപ് മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തോന്നി…

ലെച്ചുന്റെ അച്ഛൻ യാമി മൂലം സുഖപ്പെടുക ആണെങ്കിൽ ആകട്ടെ എന്നു കരുതി… പക്ഷേ ഓർക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു….

രാത്രിയിൽ ആദി എന്റെ ഒപ്പം കിടന്നോട്ടെ എന്ന് പറഞ്ഞതാണ് പക്ഷേ ഹരിയേട്ടൻ സമ്മതിച്ചില്ല…
ആ നെഞ്ചിൽ കിടത്തി ഉറക്കിയാലേ ആൾക്ക് തൃപ്തി വരുള്ളൂ എന്ന് പറഞ്ഞു…

**********************

“തനിക്കു ഇപ്പോൾ എങ്ങനെ ഉണ്ട് യാമി… കിടക്കണമെങ്കിൽ കിടന്നോളു… ”

“കുഴപ്പമില്ല വിനുവേട്ടാ…. കിടക്കണമെന്നുണ്ട് പക്ഷേ എങ്ങനെ? ഇരുന്നു ഉറങ്ങാൻ അല്ലേ പറ്റുള്ളൂ… റിസർവേഷൻ ഇല്ലെങ്കിൽ
ഇങ്ങനെയൊക്കെ തന്നെയാണ്… കൂടേ ഇരിക്കുന്നവരൊക്കെ ഒന്ന് മാറിപോലും തരില്ല… ”

“മ്മ് അതും ശരിയാണ്… വിരോധം ഇല്ലെങ്കിൽ എന്റെ തോളിൽ തല വെച്ചു കിടന്നോളു… ”

“ഹേയ് അതൊന്നും വേണ്ട വിനുവേട്ടാ… എനിക്ക് ഇതൊക്കെ ശീലമാണ്… കണ്ടിന്യൂസ് ആയിട്ട് പ്രോഗ്രാം ഉള്ളപ്പോൾ മിക്കദിവസവും ബസിനുള്ളിൽ തന്നെ ഇരുന്നു ഉറങ്ങിയിട്ടുണ്ട്… ”

“യാമി ഒരുപാട് പ്രോഗ്രാം ചെയ്തിട്ടുണ്ട് അല്ലേ… ഒരുപാട് സ്ഥലത്തു പോയിട്ടുണ്ടോ പ്രോഗ്രാമിന്? ”

“ആഹ് ഗ്രൂപ്പ്‌ ബേസ്ഡ് പ്രോഗ്രാം ആണ് കൂടുതലും ചെയ്തിട്ടുള്ളത്… കേരളത്തിൽ പ്രോഗ്രാം ചെയ്യാത്ത ഒരു സ്ഥലവും കാണില്ല… ”

“അപ്പോൾ പട്ടാമ്പിയിൽ ഇതിനു മുൻപ് വന്നിട്ടുണ്ടോ യാമി? ”

“ഉവ്വ്… വന്നിട്ടുണ്ട്… അതും പ്രോഗ്രാം സംബന്ധമായി വന്നതാണ്… ”

അപ്പോൾ യാമി വന്നിട്ടുണ്ടെന്ന് ഉറപ്പാണ്…
ലെച്ചുനെ കുറിച്ച് ചോദിക്കാൻ തന്നെ ഞാൻ ഉറപ്പിച്ചു…

“യാമിക്കൊരു ലക്ഷ്മിയെ അറിയുമോ? ”

“ഏത് ലക്ഷ്മി? ”

“പട്ടാമ്പിയിൽ ഉള്ള ഒരു ലക്ഷ്മി… ”

“ഹേയ് ഇല്ല… എനിക്ക് അങ്ങനെ പേഴ്‌സണൽ ആയി അവിടെ ഉള്ളവരെ ഒന്നും അറിയില്ല…

എന്താ വിനുവേട്ടാ അങ്ങനെ ചോദിച്ചത്? ”

“നീ ശരിക്കൊന്നു ഓർത്തു നോക്കു… ഇവിടെ പ്രോഗ്രാമിന് വന്നപ്പോൾ നീ ലക്ഷ്മിയെ കണ്ടിരുന്നോ? അവൾ നിന്നെ വിളിച്ചിരുന്നു… അത് ഓർക്കുന്നുണ്ടോ? ”

“ഇല്ല… ഒരുപാട് നാളായതല്ലേ ഓർമ വരുന്നില്ല… ”

“ഒക്കെ… എങ്കിൽ വേറെ ഒരു കാര്യം ചോദിച്ചോട്ടെ… തൃശൂർ വെച്ചു തിരുവമ്പാടി ക്ഷേത്രത്തിൽ ഒരു പ്രോഗ്രാം നീ ക്യാൻസൽ ചെയ്തു പോയത് ഓർക്കുന്നുണ്ടോ? ”

“ഉവ്വ്… ഓർക്കുന്നുണ്ട്… ഒരിക്കലും മറക്കാൻ പറ്റില്ല… സ്റ്റേജിൽ കയറാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് എനിക്ക് അത് ക്യാൻസൽ ചെയ്തു മടങ്ങേണ്ടി വന്നത്… ”

“അന്ന് എന്തായിരുന്നു ആ പ്രോഗ്രാം ക്യാൻസൽ ചെയ്തത്…? ”

“അത്.. അത് പിന്നെ…
നന്ദുന്റെ ബോഡി പെട്ടെന്ന് വീക്കായി…
അവൾക്കു എന്നെ കാണണമെന്ന് പറഞ്ഞപ്പോൾ അപ്പുവേട്ടൻ എന്നെ വന്നു കൂട്ടികൊണ്ടു പോയതാണ്…

ഞാൻ ചെല്ലുമ്പോൾ അവൾ ഐ സി യു ഇൽ ആയിരുന്നു… ”

“നന്ദുന്റെ കാര്യം നീ എന്നോട് പറയണമെന്നില്ല… എല്ലാം ഞാൻ അറിഞ്ഞതാണ്… നന്ദുവിനെ ട്രീറ്റ് ചെയ്യുന്ന ഡോക്ടർ മനു എന്റെ സുഹൃത് ആണ്… ”

“അപ്പോൾ എല്ലാം അറിഞ്ഞിട്ടാണോ…
നന്ദുന് അറിയുമോ വിനുവേട്ടന് അറിയാമെന്നു… ”

“ഹേയ് ഇല്ല… താനായിട്ട് ഇനി അവളോട്‌ പറയാനും പോകണ്ട… ”

“മ്മ് ”

“അതൊക്കെ പോട്ടെ… ഞാൻ പറഞ്ഞു വന്നത് ലക്ഷ്മിയുടെ കാര്യമല്ലേ…

ദാ നീ ഈ ഡയറിയുടെ ഈ പേജ് മുതൽ ഒന്ന് വായിച്ചു നോക്കു… ”

“ഇതാരുടെ ഡയറിയാണ്… എന്താ ഇതിൽ? ”

“ആദ്യം നീ അതൊന്ന് വായിക്കു… ”

ഡയറി വായിക്കുമ്പോൾ യാമിയുടെ മുഖത്തുണ്ടായ ഭാവ മാറ്റങ്ങൾ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

വായിച്ചതിനു ശേഷം അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു…

“ഞാൻ ഇപ്പോൾ ഓർക്കുന്നു വിനുവേട്ടാ…

ഒരു ലക്ഷ്മി എന്നെ വിളിച്ചിരുന്നു…

ഞങ്ങൾ കുറച്ചു സമയം സംസാരിക്കുകയും ചെയ്തു…

എന്നെ കാണാൻ വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ വന്നോളാൻ ഞാൻ പറയുകയും ചെയ്തു…

പക്ഷേ അങ്ങനെ ഒരാൾ എന്നെ തേടി വന്നില്ല…

ഞാൻ കണ്ടതും ഇല്ല…

പ്രോഗ്രാമിന്റെ തിരക്കിൽ ഞാൻ പിന്നെ ഈ കാര്യം മറന്നു പോകുകയും ചെയ്തു… ”

“അപ്പോൾ യാമി ലെച്ചുനെ കണ്ടിട്ടില്ല അല്ലേ….
പക്ഷേ അവൾ നിന്നെ കണ്ടിരുന്നു…
അവസാനമായി അവൾ വന്നതും നിന്നെ കാണാൻ ആയിരുന്നു…

ഒരു പക്ഷേ ആ ആക്‌സിഡന്റ് നടന്നില്ലായിരുന്നെങ്കിൽ ഉറപ്പായും നിങ്ങൾ തമ്മിൽ കണ്ടിരുന്നേനേ… ”

“എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല വിനുവേട്ടാ….

ലെച്ചു ആണ് എന്നെ വിളിച്ചതെന്ന്…

ഒടുവിൽ വീണ്ടും കറങ്ങി തിരിഞ്ഞു ഞാൻ ലെച്ചുന്റെ വീട്ടിൽ എത്താൻ പോകുന്നു… ”

“മ്മ് അതേ…
ലെച്ചു ആഗ്രഹിച്ചതും അതായിരുന്നു…
ഹരിക്കു കൊടുക്കാൻ അവൾ ആഗ്രഹിച്ച സർപ്രൈസ് ഗിഫ്റ്റ് ആയിരുന്നു യാമിക എന്ന യാമി… ”

“എനിക്കെന്തോ വല്ലാത്ത ഭയം വിനുവേട്ടാ…

ഞാൻ… ഞാൻ അവിടേക്ക് പോകണോ… ”

യാമിയുടെ മുഖം എല്ലാം വലിഞ്ഞു മുറുകി… കവിളൊക്കെ ചുവന്നു…
ചുണ്ടുകൾ വിറക്കുന്നുണ്ട്…

ഞാൻ അവളെ ചേർത്ത് പിടിച്ചു…

“ഹേയ് പേടിക്കണ്ടടാ… ഒന്നുല്ല…
ലെച്ചു പാവമാ…

അവിടെ ഉള്ളവരും അങ്ങനെ തന്നെയാണ്…

നീ ഉറങ്ങിക്കോ… ഞാൻ ഇല്ലേ കൂടെ… ”

സീറ്റിലേക്ക് ചാഞ്ഞു യാമി കണ്ണുകൾ അടച്ചു…

ക്ഷീണം കൊണ്ടു പെട്ടെന്ന് തന്നെ അവൾ ഉറങ്ങിപ്പോയി…

ഞാൻ പതിയെ അവളുടെ തല എന്റെ തോളിലേക്ക് ചേർത്തു വെച്ചു…

എല്ലാം ഈശ്വര നിശ്ചയം ആയിരിക്കും…

അല്ലാതെ എന്താ ഇതിപ്പോൾ എല്ലാം കറങ്ങി തിരിഞ്ഞു ഒരേ പോയിന്റിൽ തന്നെ എത്താൻ…

എല്ലാം ശുഭമായി തന്നെ അവസാനിക്കട്ടെ…

(തുടരും )