08/05/2026

ജീവന്റെ പാതി : ഭാഗം 04

രചന – രോഹിണി ആമി

പാവം ഒരു പെൺകുട്ടി……. ചമയങ്ങൾ തൊട്ടു തീണ്ടാത്ത ഒരു പാവം കുട്ടി…….ജ്യോതി……

രണ്ടു രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞു ഏട്ടൻ കരഞ്ഞു മനസ്സ് തണുപ്പിച്ചപ്പോൾ എന്നോട് മനസ്സ് തുറന്നതാണ്……. അവളെ നേരിൽ കാണുന്ന പോലെ തോന്നി ഇന്ദൂന്…….

ക്ലാസ്സിൽ തനിച്ചിരിക്കുന്നതു കണ്ടപ്പോൾ ഒന്നു കയറിയതാണ്…….. ഒരു പഠിപ്പിസ്റ്റ് ആയിതോന്നി…….. സീനിയർസ് നെ കണ്ടിട്ടും തല ഉയർത്താതെ ബുക്കിലേക്ക് നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ഒന്നു പേടിപ്പിക്കാൻ തോന്നി…… അഹങ്കാരം ഉണ്ടെങ്കിൽ അതൊന്നു കുറയ്ക്കാനും…….. തുടക്കമിട്ടതും ഞാൻ തന്നെയായിരുന്നു……. എല്ലാത്തിനും തലയും കുനിച്ചു മറുപടി പറയുന്ന ഒരു കുട്ടി……. അപ്പോഴാണ് അച്ഛന്റെ കാൾ വരുന്നതും അമ്മ ഹോസ്പിറ്റലിൽ ആണെന്ന് അറിയുന്നതും……. അപ്പോൾ തന്നെ തിരിച്ചതാണ് അവിടെ നിന്നും………. അധികം പേടിപ്പിക്കരുതെന്ന് കൂട്ടുകാരെ പറഞ്ഞേൽപ്പിച്ചു…….. ഞങ്ങളുടെ കൂട്ടത്തിൽ രണ്ടു ഗേൾസ് ഉണ്ടായിരുന്ന ധൈര്യത്തിലും മറ്റാരേക്കാളും കൂടുതൽ കൂട്ടുകാരെ വിശ്വസിക്കാവുന്നതിനാലും ഞാൻ ഹോസ്പിറ്റലിലേക്ക് പോന്നു…….. തിരിച്ചൊന്നു ആ കുട്ടിയെ നോക്കിയപ്പോൾ എന്നെ നോക്കി കരയാറായി നിൽപ്പുണ്ടായിരുന്നു…….. ആ ക്ലാസ്സ്‌ റൂം വിടുമ്പോൾ……. ഒന്നുമില്ല……… പേടിക്കേണ്ട….. എന്ന് ജ്യോതിയെ കൈ കൊണ്ട് ആംഗ്യം കാണിച്ചു സമാധാനിപ്പിച്ചു………

പക്ഷെ……… ഞാൻ അറിഞ്ഞിരുന്നില്ല ഇന്ദൂട്ടി അവന്മാർ എന്നെ ചതിക്കുമെന്ന്…….. മാത്തുക്കുട്ടിയെ വിളിച്ചു ഞാൻ….. എന്താണ് സംഭവിച്ചതെന്നറിയാൻ………. അവന്റെ ശബ്ദത്തിലെ പേടിയിലും വിറയലിലും ഞാൻ മനസ്സിലാക്കി……. എന്തോ ഒന്ന് നടന്നിട്ടുണ്ടെന്ന്……… ഏതോ ഒരു ദരിദ്രവാസി പെണ്ണിന് വേണ്ടി കൂട്ടുകാരെ തള്ളിപ്പറയുന്നവനായി അവന്മാർക്ക് ഞാൻ……….പോലീസിൽ പറയണമെന്നുണ്ടായിരുന്നു എനിക്ക്…….. ഞാൻ മാത്രമേ പ്രതിസ്ഥാനത്തു ഉണ്ടാവൂന്നു തോന്നി…… ആ കേസ് ഒക്കെ അവരുടെ അപ്പന്മാർ ഒതുക്കി തീർക്കുന്നതിനിടയിലും ഞാൻ അന്വേഷിച്ചത് ജ്യോതിയെയാണ്……… അവളുടെ സ്ഥിതിയെന്താണെന്നാണ്……..

അറിയോ ഇന്ദൂട്ടി…… ജ്യോതിയെ വേറൊരു ഹോസ്പിറ്റലിലേക്ക് മാറ്റുവാണ്……. ഞാൻ കാരണം ആ പാവം കുട്ടി…….. ഈശ്വരാ ഏതു നേരത്താണോ ആ ക്ലാസ്സിൽ അവളുടെ അടുത്തേക്ക് പോകാൻ തോന്നിയത്……. അവളുടെ ശാപം ഞാൻ എവിടെ കൊണ്ടു തീർക്കുവോ……. എനിക്കറിയില്ല……… ഏട്ടൻ സ്വയം തലക്കടിച്ചു……… മുഖം പൊത്തി…….. വിരലിനിടയിൽ നിന്നും ഒഴുകി വരുന്ന കണ്ണുനീരിൽ നിന്നും മനസ്സിലായി ആ സംഭവം ഏട്ടന്റെ മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടെന്ന്……..പിന്നീട് ഏട്ടനൊപ്പം ഞാനും ഉണ്ടായിരുന്നു ജ്യോതിയെ അന്വേഷിക്കാൻ…….

പിന്നീട് ഏട്ടന്റെ ചിരിച്ച മുഖം ഞാൻ കണ്ടിട്ടില്ല……… എപ്പോഴും റൂമിൽ തന്നെ……. പഴയ കൂട്ടുകെട്ട് ഉപേക്ഷിച്ചു……. വീടും കോളേജും മാത്രമായി…….. ഇടയ്ക്കിടെ സ്വയം തലയിൽ അടിക്കും…….. കുറ്റബോധം ഏട്ടനെ പാടേ ഇല്ലാതാക്കി…….. അല്ലെങ്കിലും ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാൻ അറിയാത്ത ഏട്ടന് താൻ കാരണം ഒരു മനുഷ്യജീവിതം ഇല്ലാതായല്ലോ എന്നോർത്തപ്പോൾ ദിവസങ്ങൾ പോകേ നീറി നീറി സ്വയം ഇല്ലാതായി ………. ഓരോ ഹോസ്പിറ്റലും കയറിയിറങ്ങി ജ്യോതിയെ അന്വേഷിച്ചു…….. ഒന്നു കണ്ട് മാപ്പു പറയാൻ….. താടിയും മുടിയും വളരുന്നത് പോലും ശ്രദ്ധിച്ചില്ല ഏട്ടൻ……. ഒരു ഭ്രാന്തനെപ്പോലെ………. അച്ഛനും അമ്മയ്ക്കും ഒരു നോവായി മാറി ഏട്ടൻ…….

ഒരു പരിധി വരെ ഏട്ടന്റെ മാറ്റത്തിന്റെ കാരണം താനാണ്ന്ന് ഇന്ദു ഓർത്തു…… എപ്പോഴും കൂടെ ഇരുന്ന്……… തനിച്ചിരിക്കാൻ സമയം കൊടുക്കാതെ……….. തമാശകൾ പറഞ്ഞു…….തന്നോട് മാത്രമേ ഏട്ടൻ ചിരിച്ച് സംസാരിക്കൂ…….. പോകെപ്പോകെ ജ്യോതിയെന്ന പേര് ഏട്ടന്റെ നാവിൽ നിന്നും വരാതായി……… എങ്കിലും തനിച്ചിരിക്കുമ്പോൾ രണ്ടു കയ്യാലെ മുടിയിൽ പിടിച്ചു വലിക്കും…….. തലയിൽ സ്വയം അടിച്ചു പ്രാകും………. മനസ്സിൽ നിന്നും ആ സംഭവം വിട്ടു മാറിയിട്ടില്ല എന്നാണ് ഡോക്ടർ പറഞ്ഞത്……… സമയം പിടിക്കും……..

ഈ വീട്ടിലെ സന്തോഷം കെട്ട അന്ന് മുതൽ തന്റെ വീട്ടിലെ സന്തോഷവും മാഞ്ഞതാണ്……. എന്റെ ഏട്ടൻ ചെയ്യാത്ത തെറ്റിനാണ് ജീവൻ പക പോക്കാൻ നോക്കുന്നത്……. ഏട്ടനെ ആ പഴയ അവസ്ഥയിലേക്ക് തള്ളിയിടാൻ തന്നെക്കൊണ്ട് ഇനി ആവില്ല…….. ജ്യോതിയുടെ നാവിൽ നിന്നും ഞാൻ കേൾപ്പിക്കും ജീവനെ…. എന്റെ ഏട്ടന്റെ നിരപരാധിത്വം….. അന്നിറങ്ങും ഞാനീ വീട്ടിൽ നിന്നും……… ഒരുറച്ച തീരുമാനം എടുക്കുകയായിരുന്നു ഇന്ദു…….

ഇങ്ങനെ ഒരു കിടപ്പും…….. ഇങ്ങനൊരു അവസ്ഥയും തനിക്ക് പരിചയമില്ലാത്തതാണ്…………. ഇനി ശീലിച്ചേ മതിയാവൂ…….അറിയില്ല ഇനിയെന്തൊക്കെ നേരിടേണ്ടി വരുമെന്ന്…….. തളരില്ല ഞാൻ……… ജീവൻ ഒന്ന് ശരിക്കും അന്വേഷിച്ചിരുന്നെങ്കിൽ ഇതിന്റെ സത്യാവസ്ഥ അറിയാമായിരുന്നു…….. ഞാൻ സത്യം പറഞ്ഞാലും അത് വിശ്വസിക്കില്ല……. ഏട്ടനെ രക്ഷിക്കാൻ പറയുന്നതാണെന്നേ കരുതൂ……. വേണ്ട……. ജീവന്റെ മനസ്സിൽ ഉള്ളത് അങ്ങനെ തന്നെ ഇരിക്കട്ടെ……… അറിയുമ്പോൾ അറിഞ്ഞാൽ മതി……..

പക്ഷേ ഈയൊരു രാത്രി ഞാൻ മറക്കില്ല ജീവൻ …….. വിശ്വാസവഞ്ചന കാട്ടിയതിന്……… എന്റെ ജീവിതത്തിന് ഒരു വിലയും കൊടുക്കാഞ്ഞതിന്…….. കണ്ണിലൂടെ സ്നേഹം കാണിച്ചു വഞ്ചിച്ചതിന് ….. അതും പുണ്യമെന്നു കരുതുന്ന ഈ താലി വെച്ച് ഒരു ഡ്രാമ കളിച്ചതിന്….. ഉത്തരം പറഞ്ഞേ മതിയാവൂ ജീവൻ……… എന്റെ മുന്നിൽ ഒരിക്കൽ തല കുനിച്ചു നിൽക്കേണ്ടി വരും നിങ്ങൾക്ക്……. സത്യം എന്റെ കൂടെയെങ്കിൽ…….

ഉറങ്ങാനും പറ്റുന്നില്ല……. ജീവൻ ആണ് മനസ്സ് നിറയെ…….. ജീവൻ പറഞ്ഞ ഓരോ വാക്കും തികട്ടി വരുന്നു…….. ഈ ലോഹത്തിന് ഇത്രയും ശക്തിയുണ്ടോ……. അന്യനൊരാളെ മനസ്സിൽ നിന്നും പറിച്ചെറിയാൻ കഴിയാത്ത വിധം സ്നേഹിക്കാൻ………… ഇല്ല ഞാൻ ആരേയും സ്നേഹിക്കില്ല……….ജീവൻ പറഞ്ഞത് പോലെ ആ നിഴൽവെട്ടത്തു പോകില്ല ഞാൻ…… ഏട്ടനെ കുരുതി കൊടുത്തിട്ടുള്ള ഒരു ബന്ധവും എനിക്ക് വേണ്ട……… രക്തബന്ധം തന്നെയാണ് വലുത്…….. എന്റെ ലക്ഷ്യം ഇപ്പോൾ വേറെയാണ്………. സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു………… താലി എടുത്തു ടോപ്പിനുള്ളിലേക്കിടുമ്പോളെക്കും ഒരു തുള്ളി കണ്ണുനീർ ഒഴുകി ഇറങ്ങിയിരുന്നു……… പൊട്ടിക്കരയാൻ ഇന്ദുവിന്റെ അഭിമാനം അവളെ സമ്മതിച്ചില്ല………..

പിറ്റേന്ന് രാവിലെ എഴുന്നേറ്റു ഇന്ദു…. നോക്കിയതേ ജ്യോതിയെയാണ്……. അവൾ എഴുന്നേറ്റിരുന്നോ…….. കണ്ണു തുറന്നു കിടക്കുന്നു….. തന്നെ നോക്കി…….. മുഖം ചുളിഞ്ഞിരിക്കുന്നു…… എന്തോ ഒരു ബുദ്ധിമുട്ട് ഉള്ളതുപോലെ……. അടുത്ത് ചെന്നു……… ജ്യോതി……… ന്ന് വിളിച്ചു……. അവൾ കണ്ണടച്ച് കളഞ്ഞു……. പക്ഷേ എന്തോ ഒന്ന് അവളെ അസ്വസ്ഥതയുണ്ടാക്കുന്നു……..

പതിയെ പോയി അവൾക്കരികിൽ ഇരുന്നു……..

ഞാൻ ഇന്ദു…….. ഇന്ദ്രന്റെ പെങ്ങൾ ആണ്…… എനിക്കും നിനക്കും അറിയാം എന്റെ ഏട്ടന്റെ നിരപരാധിത്വം……. അത് തെളിയിക്കും വരെ ഞാൻ നിന്റെ കൂടെ ഇവിടെ ഉണ്ടാവും……… ഒരു കൂട്ടുകാരി ആയിട്ട് കാണാൻ സാധിക്കുന്നില്ലെങ്കിൽ ഹോം നഴ്സ് ആയിട്ട് കണ്ടാൽ മതി……. അതിൽ കൂടുതൽ ബന്ധം നമ്മൾ തമ്മിൽ ഉണ്ടാവില്ല…….. ഇപ്പോൾ എന്താ ഞാൻ ചെയ്യേണ്ടത്…….

ഇന്ദു ജ്യോതിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…….. അവൾ നോട്ടം മാറ്റിക്കളഞ്ഞു…….. ഇന്ദു ആകെയൊന്ന് നോക്കി…… യൂറിൻ ബാഗ് നിറഞ്ഞിരിക്കുന്നു…… ഇനി അതാവുമോ കാര്യം…….. ഇന്ദു മൊബൈൽ എടുത്തു ഗൂഗിളിൽ സേർച്ച്‌ ചെയ്തു………. ഏകദേശം അതിൽ പറഞ്ഞിരിക്കും പോലെ ഇന്ദു ചെയ്തു……… സാവകാശം……….. ജ്യോതിയുടെ കണ്ണിലെ ദേഷ്യം കണ്ടില്ലെന്നു വെച്ചു……..

മുറിയുടെ ഡോർ കുറ്റിയിട്ടു…….. എന്നിട്ട് ജ്യോതിയുടെ ഡ്രസ്സ്‌ മാറ്റി ശരീരം തുടച്ചു കൊടുത്തു…….. പുറത്തു വെള്ളം തൊട്ടപ്പോൾ കണ്ണടച്ച് പിടിച്ചു……… ചുവന്നു ചെറിയ ചെറിയ കുരുക്കൾ……. എപ്പോഴും ഒരേ രീതിയിൽ കിടക്കുന്നതിന്റെ………….. പൌഡർ ഇട്ടു ഡ്രസ്സ്‌ ധരിപ്പിച്ചു……… മുടി ഒതുക്കി കെട്ടി…….. ഏട്ടൻ പറഞ്ഞത് മുടി ഒരുപാട് ഉണ്ടെന്നാണ്……. പക്ഷേ ഇതിപ്പോൾ……. തോളൊപ്പമേ ഉള്ളൂ……. വെട്ടിക്കളഞ്ഞതാവും……… പില്ലോ എടുത്തു കട്ടിയിൽ വെച്ചിട്ട് ചെരിച്ചു കിടത്തി………. മുൻപ് കണ്ട ബുദ്ധിമുട്ട് ഇപ്പോൾ ആ കണ്ണിൽ ഉണ്ടായിരുന്നില്ല…….

ഇന്ദു റൂം ആകെയൊന്ന് നോക്കി…….. എ സി ഓഫ്‌ ചെയ്തിട്ടു ജനാലകൾ തുറന്നു…….. നേരം വെളുത്തു വരുന്നതേ ഉള്ളൂ………. ഡെറ്റോളിന്റെ മണത്തെ അകറ്റി ചെറിയൊരു കുളിർ കാറ്റ് അകത്തേക്ക് കയറി……….. ജ്യോതിയുടെ കണ്ണുകൾ വിടർന്നു വന്നത് കണ്ടപ്പോളേ മനസ്സിലായി മുൻപ് ജനാല തുറന്നിട്ടേയില്ലെന്ന്…….. ഒരുപക്ഷേ ഇങ്ങനെ ഒരു ജീവൻ ഉള്ളതായി ആരും അറിയരുതെന്ന് വിചാരിച്ചിട്ടാവും…….. സഹതാപം കൊണ്ട് ആരും വരാതിരിക്കാനും…… ഒരു കാഴ്ച വസ്തു ആവാതിരിക്കാനും ആയിരിക്കും……

അമ്മ ഹോസ്പിറ്റലിൽ നിന്നു വീട്ടിലേക്കു വന്നപ്പോൾ നോക്കിയിരുന്നത് താനാണ്……. ആ ഒരു അനുഭവം വെച്ച് എളുപ്പമായിരുന്നു കുറച്ചൊക്കെ……… ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക്ക് പോയി….. കുളിച്ചു ഫ്രഷ് ആയി വന്നു ………. ഡോർ തുറന്നതും….. അമ്മ അകത്തേക്ക് കയറി വന്നു…….. ജ്യോതിയെ ആകെയൊന്ന് നോക്കിയിട്ട് അത്ഭുതത്തോടെ ഇന്ദുവിനെ നോക്കി……….

എന്താ ജ്യോതിക്ക് കഴിക്കാൻ കൊടുക്കുക……. പറഞ്ഞു തന്നാൽ മതി…. ഞാൻ ഉണ്ടാക്കിക്കോളാം……….. ഇന്ദു അമ്മയെ നോക്കാതെ പറഞ്ഞു……….

മോളേ ഇന്ദു…….. ഞാൻ…….

വേണ്ട…….. ഇന്ദു കൈകൊണ്ടു തടഞ്ഞു……. മകൻ പറഞ്ഞിരിക്കുന്നത് ഞാനുമായി ഒരു ബന്ധവും ഇല്ലെന്നാണ്……. ഈ വീട്ടിൽ ഉള്ളവർക്കും അങ്ങനെ തന്നെയാണ് പോലും …….. ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു………. എന്നെ ജ്യോതിയുടെ അമ്മ കൃഷ്‌ണേന്ദു വെന്ന് വിളിച്ചാൽ മതി……… അത് അങ്ങനെ കേൾക്കാനാണ് ഇപ്പോൾ എനിക്കിഷ്ടം……….

അതുംപറഞ്ഞു ഇന്ദു വെളിയിലേക്ക് പോയി…….. കിച്ചണിൽ പോയി ചായ വെച്ചു……. അപ്പോഴേക്കും അമ്മ എത്തി……..

ജ്യോതിക്ക് ചായ ആണോ അതോ പാലോ……. അമ്മയുടെ കയ്യിൽ ഒരു കപ്പ്‌ ചായ കൊടുത്തിട്ട് ചോദിച്ചു……..

പാല്……. ആ ശബ്ദത്തിന്റെ വിറയൽ ഇന്ദുവിന് മനസ്സിലായി……… എല്ലാം അറിഞ്ഞ സ്ഥിതിക്ക് എനിക്ക് ഇങ്ങനെയേ ഇനി പറ്റു…… അമ്മയെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമിക്കു……… ഒരുപാട് സ്വപ്‌നങ്ങൾ കൊണ്ട് കയറി വന്നതാ ഞാനീ വീട്ടിൽ…….. ഒരാൾ പോലും എന്റെ അവസ്ഥ മനസ്സിലാക്കിയില്ല…….. അമ്മ പോലും…… ഇവിടെ ആരെയെങ്കിലും സ്നേഹിച്ചാൽ ഞാൻ നെഞ്ചുപൊട്ടിയാകും തിരികെ ഇറങ്ങേണ്ടി വരുന്നത്……. ആ വേദന ഞാൻ താങ്ങില്ല………. ഇന്ദു മനസ്സിൽ പറഞ്ഞു…….. പാൽ എടുത്തു അമ്മയെ കടന്നു നടന്നു…….. ആ കണ്ണുകൾ തനിക്കു മേലെയാണെന്ന് ഇന്ദു അറിഞ്ഞു………. ജ്യോതിക്കരികിലേക്ക് പോകേ കണ്ടു മുറി തുറന്നു വരുന്ന ജീവനെ……… നോക്കാനേ പോയില്ല…….. അല്ലെങ്കിലും അന്യരെ ഈ ഇന്ദു നോക്കാനേ പോകാറില്ല……..

ജ്യോതിക്കരുകിൽ ചെന്നിട്ടു അവളെ നേരെ കിടത്തി…….. പില്ലോ എടുത്തു വെച്ചു തല പൊക്കിവെച്ചു…… ഗ്ലാസ്സിൽ നിന്നും ഒരു സ്പൂണിലായി കോരി കൊടുത്തു……. വാ തുറന്നില്ല…….. ദൃഷ്‌ടി മാറ്റി കിടന്നു……. വാ തുറക്കും വരെ സ്പൂൺ മാറ്റാതെ പിടിച്ചു ഇന്ദു………. ഒടുവിൽ വാ തുറന്നു കൊടുത്തു ജ്യോതി…….. അത് വായിലേക്ക് ഒഴിച്ചു കൊടുത്തതും അതിലും സ്പീഡിൽ തിരിച്ചു ഇന്ദുവിന്റെ ശരീരത്തിലേക്ക് വീണു……… ജ്യോതി തുപ്പിയതാണ്………. ഇന്ദു ആദ്യം വല്ലാതായി എങ്കിലും…… സ്വന്തം ശരീരം തുടയ്ക്കാതെ വീണ്ടും ജ്യോതിക്ക് സ്പൂണിൽ കോരി കൊടുത്തു…… ജ്യോതി കുടിക്കാൻ കൂട്ടാക്കാതെ തുപ്പിക്കൊണ്ടേയിരുന്നു……. ഇന്ദു അത് കാര്യമാക്കാതെ കൊടുത്തു കൊണ്ടേയിരുന്നു…….. ഒടുവിൽ ജ്യോതിക്ക് തോൽവി സമ്മതിക്കേണ്ടി വന്നു…… ഓരോ സ്പൂൺ പാലും അവൾ ഇറക്കാൻ തുടങ്ങി….. ജ്യോതിയുടെ ചുണ്ടും മുഖവും തുടച്ചു കിടത്തുമ്പോൾ ഇന്ദുവിന് മനസ്സിലായി ജ്യോതിയുടെ നോട്ടം തന്നിലാണെന്ന്…… അത് ശ്രദ്ധിക്കാതെ ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക്ക് നീങ്ങവേ വാതിലിനരികിൽ നിൽക്കുന്ന ജീവനെ കണ്ടു…… ഇവിടെ നടന്നതെല്ലാം കണ്ടെന്നു ആ നിൽപ്പ് കണ്ടാലറിയാം…..

ഇന്ദു കുറച്ചു നേരം ഭിത്തിയിൽ ചാരി നിന്നു…… സാരമില്ല ഇന്ദൂട്ടി……. നിനക്ക് ഒരു അനിയത്തി ഇതേപോലെ ഉണ്ടായിരുന്നുവെങ്കിൽ നീ നോക്കില്ലായിരുന്നോ അവളെ…….. അതുപോലെ കണ്ടാൽ മതി…… ഇത് അവളുടെ കുറുമ്പുകളിൽ ഒന്നായി കണ്ടാൽ മതി…….സ്വയം പറഞ്ഞു……. ഒഴുകാൻ തുടങ്ങിയ കണ്ണുനീരിനെ ഇന്ദു ശാസിച്ചു നിർത്തി……

പെട്ടെന്ന് ആണ് ഇന്ദു ഓർത്തത് തുപ്പുന്നതും വായിൽ നിന്നും ഒലിച്ചിറങ്ങുന്നതും രണ്ടും രണ്ടല്ലേ…… അപ്പോൾ ജ്യോതിക്ക് ശക്തിയിൽ പലതും ചെയ്യാൻ കഴിയും…… ചിലപ്പോൾ തന്നോടുള്ള ദേഷ്യത്തിൽ പെട്ടെന്നു ചെയ്തതാവാം…… പിന്നീട് ഇന്ദു കുളി പെട്ടെന്നാക്കി……. ഏട്ടന്റെ കയ്യിൽ എന്റെ സംശയത്തിനുള്ള ഉത്തരം ഉണ്ടാവും….. ഏട്ടനെ വിളിക്കണം…… എത്രയും പെട്ടെന്നു…….

കുളിച്ചിറങ്ങിയപ്പോൾ കണ്ടു ജ്യോതിയുടെ അടുത്തിരിക്കുന്ന ജീവനെ………. മൊബൈൽ എടുത്തു ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…… എതിരെ അച്ഛൻ വരുന്നുണ്ടായിരുന്നു…….. ഒതുങ്ങി നിന്നു കൊടുത്തു…….. അച്ഛൻ എന്നെയോ ഞാൻ അച്ഛനെയോ നോക്കാൻ പോയില്ല……. എല്ലാവർക്കും ഞാൻ ശത്രു പക്ഷത്താണ്……

മിറ്റത്തേക്കിറങ്ങി ഏട്ടനോട് തന്റെ സംശയം ചോദിച്ചു……… ആർക്കാ…… എന്തിനാ എന്നൊക്കെ ചോദ്യങ്ങൾ ഉണ്ടായി…… അതിൽ നിന്നുമെല്ലാം സമർത്ഥമായി രക്ഷപെട്ടു….. ഇതൊരു തുടക്കം മാത്രം…….. പോകെപ്പോകെ ഇനിയുമെത്ര കള്ളങ്ങൾ പറയേണ്ടിയിരിക്കുന്നു…….

അയാളുടെ ഉള്ളിലെ പേടി കൊണ്ടാവും ഒന്നിനും ശ്രമിക്കാത്തത്……… ചില സമയത്തു ബോഡി അറിയാതെ ഇങ്ങനെ ചില കാര്യങ്ങൾ ചെയ്തെന്നു വരും……. അത് ഓരോ സിറ്റുവേഷൻ അനുസരിച്ചിരിക്കും …….. എങ്കിലും നീ പറഞ്ഞ അവസ്ഥയിൽ കിടക്കുന്ന ഒരാൾ ഇങ്ങനെ റീയാക്ട് ചെയ്തെങ്കിൽ അതൊരു സന്തോഷത്തിനുള്ള വകയുണ്ട് ഇന്ദൂട്ടി ……. റിക്കവർ ചെയ്യാൻ അധികം കാലതാമസം ഉണ്ടാവില്ല…… പക്ഷേ അതിന് അവർ കൂടി ശ്രമിക്കണം…… മനസ്സിലുള്ള പേടി ദൂരെ കളയണം…….. മരുന്നിനൊപ്പം തന്നെ കൂടെ ഒരാൾ ഉണ്ടെന്നുള്ള ധൈര്യം കൊടുക്കണം…… ഫലം ഉണ്ടാവും…….. നീ ആർക്ക് വേണ്ടിയാ ഇപ്പോൾ ഇങ്ങനെയൊക്കെ ചോദിക്കുന്നെ……..

ഒന്നുമില്ല ഏട്ടാ…… അതൊരു ഫ്രണ്ട് ചോദിച്ചു അതാ…….

ഏത് ഫ്രണ്ട്……. ഞാനറിയാതെ……..

എല്ലാവരെയും ഏട്ടന് അറിയുവോ…….. എന്റെ ഒരു ഫ്രണ്ട്…… അത്രേയുള്ളൂ…….. ചുമ്മാ കുത്തിക്കുത്തി ചോദിച്ചോളും……..

അപ്പുറത്ത് നിന്നും ഏട്ടന്റെ ചിരി കേട്ടു……… ആ ടെൻഷനിലും ഇന്ദുവിന്റെ ചുണ്ടിലേക്കും അത് പടർന്നു…….. കാൾ കട്ട്‌ ചെയ്തു തിരിഞ്ഞതും ആരെയോ തട്ടി നിന്നു……. ജീവൻ…….. ദേഷ്യം കൊണ്ട് മുഖം തുടുത്തിരുന്നു…..

എന്താ ഏട്ടനും അനിയത്തിയും കൂടി ഒരു ചിരിയും കളിയും…….. എന്റെ അനിയത്തിയെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുവാണോ…….

ഇന്ദു ഒന്നും മിണ്ടാതെ മാറി നടന്നു……. ജീവൻ ഇന്ദുവിന്റെ കയ്യിൽ പിടിച്ചു നിർത്തി……..

നീയാരെന്നാ നിന്റെ വിചാരം……..ഫൂലൻ ദേവിയോ………. പറഞ്ഞിട്ട് പോയാൽ മതി നീ ……..

ഇന്ദു ആ കയ്യിലേക്കും ജീവന്റെ മുഖത്തേക്കും നോക്കി……..

എന്നോട് ആരുടേയും നിഴൽവെട്ടത്തു വരാൻ പാടില്ലെന്നാണ് ജീവൻ പറഞ്ഞിരിക്കുന്നത്……. ഞാൻ അത് അനുസരിക്കുന്നുണ്ട്…….. പിന്നെ ഞാൻ ആരോട് സംസാരിക്കണം ചിരിക്കണം…… ഇതൊക്കെ എന്റെ ഇഷ്ടം ആണ്…… ജീവൻ ഇതിൽ ഇടപെടേണ്ട…………

കയ്യിലെ പിടുത്തം മുറുകുന്നത് ഇന്ദു അറിഞ്ഞു……… നന്നായി വേദനിക്കുന്നുണ്ടെങ്കിലും മുഖത്ത് അത് പ്രകടമാക്കിയില്ല അവൾ…….

നിന്റെ കാര്യത്തിൽ ഈ വീട്ടിൽ ഞാൻ മാത്രമേ ഇടപെടൂ …….. ഞാൻ പറയുന്നതേ നീ കേൾക്കൂ………. നിന്നോട് എന്നെ പേര് വിളിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ………. ജീവൻ ഇന്ദുവിനെ അടുത്തേക്ക് പിടിച്ചു വലിച്ചു നിർത്തി ചോദിച്ചു…….

ജീവേട്ടാ ന്നു വിളിക്കാൻ മാത്രം ബന്ധമുണ്ടോ നമ്മൾ തമ്മിൽ………അങ്ങനെ വിളിക്കാൻ ഞാൻ നിങ്ങളുടെ ഭാര്യ അല്ല……. നിങ്ങൾ ഇന്നലെ അങ്ങനെയാണ് എന്നോട് പറഞ്ഞത്….. .. പിന്നെ സാർ എന്നു വിളിക്കാൻ നിങ്ങൾ കൂലി തന്നു നിർത്തുന്ന വേലക്കാരിയുമല്ല ഞാൻ…….. ജീവൻ എന്നു വിളിക്കുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ എന്റെ മുന്നിൽ വരാതിരിക്കുക……. അതേയുള്ളു പോംവഴി…… അത്രയും പറഞ്ഞിട്ട് ഇന്ദു കൈ വിടുവിക്കാൻ നോക്കി………..

തുടരും 💕💕