രചന – അയിഷ അക്ബർ
മറ്റന്നാളാണ് നീതുവും ജീവനും വിരുന്നിനു വരുന്നത് …..
നേരത്തെ തന്നെ എത്തിയേക്കണേ മോനെ….
ആളും ആരവങ്ങളും ഒഴിഞ്ഞ ആ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ ശങ്കരൻ ആദിയോയി പറഞ്ഞു…..
അവൻ പുഞ്ചിരിയോടെ സ്വീകരിച്ചു….
അവന്റെ മനസ്സപ്പോൾ മറ്റു പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു……
കാറിൽ കയറിയപ്പോഴാണ് തിരക്കുകളൊഴിഞ്ഞു അവളെയൊന്ന് അടുത്ത് കിട്ടിയ പോലെ അവന് തോന്നിയത്…..
ആ കത്തുകളുടെ കാര്യം എങ്ങനെ അവളോട് ചോദിച്ചു തുടങ്ങുമെന്നറിയാതെ അവൻ കുഴങ്ങി…..
അവളോടെന്തെങ്കിലും പറഞ്ഞു തുടങ്ങാൻ ശ്രമിക്കുമ്പോഴേക്കും സീറ്റിലേക്ക് ചാരി അവൾ കണ്ണുകളടച്ചു കിടന്നിരുന്നു….
ക്ഷീണം കാരണമായിരിക്കാം….
എന്നാൽ മനസ്സ് മുഴുവൻ തിങ്ങി നിറഞ്ഞു നിൽക്കുന്നത് തനിക്കല്ലേ….
അവളുടെ ഹൃദയം ഇത് പോലെ എത്ര തവണ തിങ്ങി നിറഞ്ഞിട്ടുണ്ടാവും….
എത്ര തവണ തനിക്ക് വേണ്ടി ആ മിഴികൾ നിറഞ്ഞിട്ടുണ്ടാവും…..
തന്നോടുള്ള അവളുടെ സ്നേഹം സത്യമായത് കൊണ്ടായിരിക്കില്ലേ വിധി തങ്ങളെ കോർത്തിണക്കിയത്…..
എങ്കിലും എന്ത് കൊണ്ടായിരിക്കും അവളെന്റെ മുന്നിൽ വരാതിരുന്നത്…..
ഞാനാണ് ആ കത്തുകളെഴുതിയതെന്ന് ആശ്വതിയെ കൊണ്ട് പറയിച്ചതും അവളാവുമോ…. എന്തിന്….
അന്ന് നീതുവെന്നല്ല മറ്റൊരാളെയും ഞാൻ മനസ്സ് കൊണ്ട് പ്രണയിച്ചിട്ടില്ല…..
അവളെന്റെ മുന്നിൽ അന്ന് വന്നിരുന്നെങ്കിൽ ഞങ്ങളെ ചേർത്ത് വെക്കാൻ ദൈവത്തിനിത്രയും കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു…..
അവൻ ചിരിച്ചു….. അവളെ തനിക്ക് തന്നതിലുള്ള സന്തോഷമാണോ…. അറിയില്ല….
തനിക്ക് തന്നെ അറിയാൻ കഴിയാത്ത ഒരു മായാ ലോകത്താണ് താൻ……
മുഖത്ത് പാറി വീണ അവളുടെ മുടിയിഴകളെ തട്ടി മാറ്റാനായി അവളെ തലോടുന്ന കാറ്റിനോട് പോലും അസൂയ തോന്നിയിരുന്നവനന്നേരം…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൻ കുളിച് ഫ്രഷ് ആയി മുറിയിലേക്ക് വന്നപ്പോഴേക്കും അവളെ നിദ്ര കൂട്ടി കൊണ്ട് പോയിരുന്നു……
അവളെയവനല്പ നേരം കണ്ണിമ വെട്ടാതെ നോക്കി നിന്നു…..
എന്തൊക്കെയോ തുറന്ന് സംസാരിക്കണമെന്ന് കണക്കു കൂട്ടി വന്നതാണ് ഇങ്ങനെ ഉറക്കം കൊണ്ട് പോയത്…..
ശരീരത്തിന് ക്ഷീണമുണ്ടെങ്കിലും മനസ്സിലെ അളവറ്റ സന്തോഷമാണോ ഈ ഉറക്കം വരായ്മക്ക് കാരണമെന്ന് അവനോർത്തു……
വിളിച്ചുണർത്തി ചോദിച്ചാലോ ആ കത്തിന്റെ കാര്യം….
ഏയ്…. ഉറക്കച്ചടവിൽ അവളുടെ മുഖത്തെ ഭാവങ്ങൾ ഒപ്പിയെടുക്കാൻ കഴിയാതെ വരും…..
അവളുടെ മനസ്സിൽ അടക്കി വെച്ച വികാരങ്ങളൊക്കെ പുറത്തു കാണാൻ പറ്റുന്ന ഒരു സമയത്തായിരിക്കണം അവളോടത് ചോദിക്കേണ്ടത്…..
അതിനിനി കുറച്ചു സമയമെടുത്താലും കുഴപ്പമില്ല……
അവൻ അവളുടെയാരികത്തായി അവളെ നോക്കി കിടന്നു…. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അമ്മേ…. ഞങ്ങളിറങ്ങുവാണ്…..
അവരത്തുന്നതിനു മുന്പേ എത്തണം…
നീതുവും ജീവനും വിരുന്നിനു വരുന്ന ദിവസമായത് കൊണ്ട് തന്നെ ആദിയും ശിവയും നേരത്തെ പുറപ്പെട്ടു….
അവരെത്തുന്നതിനു മുന്പേ എല്ലാ ജോലികൾക്കും ലക്ഷ്മിയുടെ കൂടെ ശിവയുമുണ്ടായിരുന്നു…..
ഭക്ഷണമൊക്കെ വാങ്ങാമെന്ന് കരുതി…. ലക്ഷ്മിയെ കൊണ്ടൊറ്റക്ക് കൂട്ടിയാൽ കൂടില്ല….
ശങ്കരനത് പറയുമ്പോൾ ആദിയും ശരി വെച്ചു…..
ദേ…. അവരെത്തി…..
ശങ്കരനും ആദിയും മുറ്റത്തേക്കിറങ്ങി….
പുതു മണവാട്ടിയായി അണിഞൊരുങ്ങിയ നീതുവിന് പിറകെ ജീവനും ഇറങ്ങി…..
നീതുവിന്റെ മുഖത്ത് അങ്ങേയറ്റം സന്തോഷം തുളുമ്പി നിന്നു…..
ജീവനും പുഞ്ചിരിച്ചു…..
നീതു കയറി വരുമ്പോൾ തന്നെ ശിവയെ പുച്ഛത്തോടെയൊന്ന് നോക്കി…..
ലക്ഷ്മി അവളെ ചേർത്ത് പിടിച്ചു….
നീതു വന്നതും ലക്ഷ്‌മിയുടെ ഭാവത്തിൽ വന്ന മാറ്റം ശിവ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….
അത് വരെ താൻ സഹായത്തിനു വേണമെന്നുള്ളത് കൊണ്ടാവാം നല്ല രീതിയിൽ തന്നോട് പെരുമാറിയത്…
നീതു വന്നതും മുഖത്തെ ഗൗരവവും അഹങ്കാരവും കണ്ട് ശിവക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….
അല്ലെങ്കിലും കാര്യം നടക്കാൻ ഏതറ്റം വരെ പോകാനും ചെറിയമ്മക്ക് പറ്റുമെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു….
ഇത് ജീവനെനിക്ക് ഇന്നലെ വാങ്ങി തന്നതാണമ്മേ……
നീതു വിരലിലെ കല്ല് വെച്ചൊരു മോതിരം കാണിച്ചത് പറയുമ്പോൾ ലക്ഷ്മിക്ക് സന്തോഷമായി….
ഇതൊന്നും ഉറക്കെ പറയേണ്ട മോളേ…. ചിലരൊക്കെ കേട്ട് നിന്ന് കണ്ണ് വെക്കുന്നുണ്ടാവും….
ശിവയെ നോക്കി ലക്ഷ്മിയത് പറയുമ്പോൾ അവൾ കഴുത്തിലെ തിളങ്ങുന്ന മാലയിൽ പിടിച്ചു അവർ കാണാം പാകത്തിലൊന്നു ശെരിയാക്കി…..
അത് ആദി വാങ്ങി കൊടുത്തതാണെന്ന് അറിയുന്നത് കൊണ്ട് തന്നെ ലക്ഷ്മിയുടെയും നീതുവിന്റെയും മുഖമൊന്നു ചുരുങ്ങി…..
അവരോട് പറയാതെ പറയുന്ന വാക്കുകളെ അവർക്ക് രണ്ട് പേർക്കും വായിച്ചെടുക്കാൻ കഴിഞ്ഞത് കൊണ്ടാവാം അവളെ നോക്കിയവർ മുഖം കനപ്പിച്ചു നിന്നത്…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭക്ഷണം കഴിക്കുമ്പോഴും അരികിലായിരിക്കുന്ന ആദിയെയും ജീവനെയും നീതു മാറി മാറി നോക്കി….
ആധിയേക്കാൾ എന്ത് കൊണ്ടും നല്ലത് ജീവനാണെന്നുള്ള ഒരു ഉറപ്പിക്കലിനായി അവൾ രണ്ട് പേരെയും മാറി മാറി വീക്ഷിച്ചു കൊണ്ടിരുന്നു……
ആദിയുടെ വ്യക്തിത്വത്തിനു അല്പം കനം കൂടിയത് കൊണ്ടാണ് അവളുടെ മുഖം വാടിയത്…
അവളുടെ മനസ്സിനെ അവൾക്ക് വിശ്വസിപ്പിക്കണമായിരുന്നു ജീവനാണ് മികച്ചതെന്ന്…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ഭ ക്ഷണം കഴിച്ചു കഴിഞ്ഞു ജീവനെ മുറിയിൽ കിടത്തി നീതു ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു….
വൈകുന്നേരം ചായക്കുള്ള പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ലക്ഷ്മിയപ്പോൾ….
ഇതൊക്കെ അമ്മ ഒറ്റക്കാണോ ഉണ്ടാക്കുന്നത്….. അവളെവിടെ….?
ചോദിക്കുമ്പോൾ നീതുവിന്റെ മുഖത്ത് ദേഷ്യം കണ്ടിരുന്നു….
ഓഹ്… അവള് പള്ളിയുറക്കത്തിനു പോയതാവും….. ഒന്നും പറയാനും പറ്റില്ലല്ലോ…. തമ്പിരാട്ടിയല്ലേ ഇപ്പൊ…..
ലക്ഷ്മി ചിറി കോട്ടിയത് പറഞ്ഞപ്പോൾ നീതുവിന് സഹിക്കുന്നില്ലായിരുന്നു….
തമ്പുരാട്ടിയൊക്കെ ഈ വീടിനു പുറത്ത്….. ഇവിടെയിപ്പോഴും അവൾ അടുക്കളക്കാരിയാണെന്ന് അമ്മ ഓർമിപ്പിക്കാത്തത് കൊണ്ടാണിതൊക്കെ……
അതവളെ പേടിയായത് കൊണ്ടല്ലെടീ….. നിന്റെ ജീവന്റെ സ്വഭാവം അവനെ പോലെയാണോയെന്നറിയുന്നത് വരെ ആദിയെ നമ്മുക്കാവശ്യമുണ്ട്…..
ആദിയെ പോലെയാണെങ്കിൽ നിന്റെ ഭാഗ്യം….. അല്ലെങ്കിൽ നീയവനെ അങ്ങനെ ആക്കിയെടുക്കണം……
ലക്ഷ്മി പലതും കണക്ക് കൂട്ടിയാണ് അത് പറയുന്നതെങ്കിലും ആദിയെ പുകഴ്ത്തുന്നത് അധിക നേരം കേട്ട് നിൽക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല…..
അല്ലെങ്കിലേ ഹൃദയം ജീവനും ആധിക്കും നടുവിലാണ്… അതിനിടയിൽ അമ്മയുടെ പുകഴ്ത്തൽ അസ്സഹനീയമാണ്…..
അവളൊന്നും മിണ്ടിയില്ല….
നീതു……
ആ വിളി ആദിയുടേതാണെന്ന് മനസ്സിലാക്കാൻ അവൾക്ക് മുഖത്ത് നോക്കേണ്ടിയിരുന്നില്ല…..
ഒത്തിരി നാളുകൾക്ക് ശേഷം കേട്ട മനോഹരമായ ആ വിളിയെ അവൾ ആസ്വദിക്കുകയായിരുന്നു..
അടുക്കളയുടെ വാതിലിനോട് ചാരി അവൻ നിന്നിരുന്നു…..
സദാ കാണുന്ന പുഞ്ചിരി ആ മുഖത്തു പറ്റിപ്പിടിച്ചിരുന്നു…..
നീതു ഒന്ന് വരാവോ…. അങ്ങേയറ്റം സൗമ്യമായത് ചോദിക്കുമ്പോൾ നീതുവിന്റെ കണ്ണുകൾ വിടർന്നു….
ഏട്ടൻ വിളിക്കുന്നത് കേട്ടില്ലേ…. ചെല്ല് മോളേ….
ലക്ഷ്മി ഉത്സാഹത്തോടെ അവളെ തട്ടി….
അവൾ അവന് പിറകിലായി നടന്നു……
നല്ല സുന്ദരിയായിട്ടുണ്ട്….
ആദിയത് പറയുമ്പോൾ കേട്ടത് വിശ്വസിക്കാനാവാത്ത പോലവൾ നോക്കി നിന്നു….
ഒത്തിരി നാളുകൾക്ക് ശേഷം കേട്ട പ്രണാർദ്രമായ അവന്റെ വാക്കുകളിൽ അവൾ മതിമറന്നിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
[28/01, 3:57 pm] Aysha Akbar: പണ്ടത്തെ പോലെ ചിരിച് കൊണ്ട് നീതുവിനായുള്ള വാക്കുകൾ അവളെ അങ്ങേയറ്റം ആനന്ദത്തിലാക്കിയിരുന്നു..
ഇന്ന് നിന്നെ കാണുമ്പോൾ കുറ്റബോധം തോന്നുന്നു….
അന്ന് അൽപ നേരം കൂടി നിന്നെ കാത്തു നിന്നില്ലല്ലോയെന്ന്…. ആരുടെ വാക്കിനും ചെവി കൊടുക്കാതെ അവളെയെനിക്കറിയാം എന്നുറക്കെ വിളിച്ചു പറയാൻ ധൈര്യം കിട്ടാത്തതിനും…….
അവനവളെ നോക്കി…. ആ മുഖത്ത് അങ്ങേയറ്റം സങ്കടം അവൾക്ക് കാണാൻ കഴിഞ്ഞു……
ഇപ്പൊ പെട്ടെന്നിങ്ങനെ തോന്നാൻ….
അവൾ സംശയത്തോടെ ചോദിച്ചു….
നീ മറ്റൊരാളുടേതാവുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങി പോവുകയാണ് നീതു… ജീവനോടൊത് നിന്നെ കാണുമ്പോൾ ശ്വാസം വിലങ്ങുന്നത് പോലെ……
ആദിയുടെ കണ്ണുകൾ നിറഞ്ഞു വന്നു….
ആധിയേട്ടനായിരുന്നല്ലോ കല്യാണത്തോടെ മാറ്റം വന്നത്….. ഞാനെപ്പോഴും ആദിയേട്ടന്റെ ആ നീതു തന്നെയായിരുന്നു……
ഇപ്പോഴും ആദിയേട്ടനെ മറക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്…..
അവളുടെ സ്വരമിടറി…..
ആദി അങ്ങേയറ്റം സങ്കടത്തോടെ അവളെ നോക്കി…..
നമ്മൾ പണ്ട് പോയിരുന്നിരുന്ന ആ കുളക്കടവ് വരെ നമുക്കൊന്ന് കൂടി പോയാലോ…. കുറച്ചു നേരം അവിടെ പോയിരുന്ന് അന്നത്തെ പോലെ കുറച്ചു നേരം സംസാരിക്കാം…..
ഏറെ പ്രതീക്ഷയോടെ ആദിയത് പറയുമ്പോൾ നടക്കുന്നത് സ്വപ്നമാണോ എന്നറിയാതെ കുഴങ്ങി…
ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ ആദിയേട്ടന്റെ സ്നേഹം ഇതാ വീണ്ടും….
അവൾ ജീവൻ കിടക്കുന്ന മുറിയുടെ വാതിൽ അമർത്തിയടച്ചു…..
ആദിക്ക് പിറകിലായി നടക്കുമ്പോൾ അവളാ പഴയ നീതുവായി മാറുകയായിരുന്നു…..
അന്ന് താൻ എത്ര സന്തോഷത്തിലായിരുന്നുവെന്ന് മനസ്സ് വീണ്ടും വീണ്ടും അവളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു….
ആദിയേട്ടനെ നഷ്ടപ്പെട്ടതിനു ശേഷം തനിക്കതിന്റെ വില മനസ്സിലായ പോലെ ആധിയേട്ടനും സംഭവിച്ചിരുന്നിരിക്കാം……
അവർ കുളപ്പടവുകളിറങ്ങി….
അവിടെ കണ്ട രൂപം നീതുവിന്റെ കാലുകളെ നിശ്ചലമാക്കി…..
അവളുടെ മുഖത്തുണ്ടായിരുന്ന പ്രകാശം പെട്ടെന്ന് മാഞ്ഞു പോയി…..
ശിവാ….
അവളറിയാതെ വായിൽ നിന്നും ആ പേര് വീണിരുന്നു……
കുളത്തിലേക്ക് കാലുകളിട്ട് പിന്തിരിഞ്ഞിരിക്കുന്നവളെ മനസ്സിലാക്കാൻ അവൾക്കധിക നേരം വേണ്ടി വന്നില്ല…..
ആദിയേട്ടാ….. ശിവാ….
അവന്റെ മുഖത്തും പെട്ടെന്നൊരു ഞെട്ടൽ സ്ഥാനം പിടിച്ചു…..
രണ്ട് പേരും എന്ത് ചെയ്യണമെന്നറിയാതെ ശ്വാസം പിടിച്ചു നിന്നു……
(തുടരും )

by