18/04/2026

കിടപ്പുമുറിയുടെ വാതിലിൽ ചാരി, ഹേമ നിന്നു. അവൾക്കഭിമുഖമായി മഹേഷും. അവൾ, അയാളെ ഗാഢം പുണർന്നു. അവളുടെ ചുണ്ടുകളിൽ, അയാൾ അമർത്തി ചുംബിച്ചു.

രചന – രഘു കുന്നുമ്മക്കര

വിജിത
……………………………………………………………………

കിടപ്പുമുറിയുടെ വാതിലിൽ ചാരി,
ഹേമ നിന്നു.
അവൾക്കഭിമുഖമായി മഹേഷും.
അവൾ, അയാളെ ഗാഢം പുണർന്നു.
അവളുടെ ചുണ്ടുകളിൽ, അയാൾ അമർത്തി ചുംബിച്ചു.
അവളുടെ ഉടലിനപ്പോൾ പനിച്ചൂടുണ്ടായിരുന്നു.
മഹേഷിൻ്റെ കൈകൾ കൂടുതൽ ദൃഢമായി.
അവൾ, ഏറെ സാവധാനം അവൻ്റെ മുഖത്തെയടർത്തി മാറ്റി.
പതിയേ, മന്ത്രിച്ചു.

”അതേയ്, ഞാനും മോനും നാലുദിവസം ഇവിടെയാണെന്നു വച്ച്,
വല്ലാണ്ട് അടിച്ചു പൊളിക്കാനൊന്നും പോകണ്ടാ ട്ടാ,
കഴിയുമെങ്കിൽ, നാളെ രാത്രി ഇങ്ങോട്ടു തന്നെ വരണം.
ഭാര്യവീട്ടിൽ, രണ്ടുദിവസം തുടർച്ചയായി വന്നാൽ നാണക്കേടൊന്നൂല്ല്യാ ട്ടാ.
സന്ധ്യയ്ക്ക്,
കൂട്ടുകാരുടെ കൂടെ,
വല്ലാണ്ട് കമ്പനി കൂടാന്നു കരുതണ്ടാ ട്ടാ;
ഞാൻ, ഇടയ്ക്കിടക്കു വിളിച്ചു ശല്ല്യപ്പെടുത്തും.
ഭക്ഷണമൊക്കെ, നേരത്തിനു കഴിക്കണം.
എല്ലാം, അമ്മയെടുത്തു തരും.
എന്നാ, മോൻ വേഗം പോകാൻ നോക്ക്”

മഹേഷ്, കട്ടിലിൽ സുഖമായുറങ്ങുന്ന പത്തുവയസ്സുകാരൻ്റെ നെറ്റിയിൽ ചുംബിച്ചു.
വാതിൽ തുറന്ന്, പുറത്തേക്കു നടന്നു.
പൂമുഖം വരേ, ഹേമയും മാതാപിതാക്കളും അവനേ അനുഗമിച്ചു.
പോർച്ചിലെ കാർ സ്റ്റാർട്ടായി.
അതു സാവധാനം, നിരത്തിലേക്ക് ഒഴുകിയിറങ്ങി, തിരക്കുകളിലലിഞ്ഞു.

ഹേമയുടെ വീട്ടിൽ നിന്നും,
പതിനഞ്ചു കിലോമീറ്ററിലധികം ദൂരമുണ്ട് മഹേഷിൻ്റെ വീട്ടിലേക്ക്.
ഗ്രാമത്തിൻ്റെ വിശുദ്ധികളുടെ വഴിയോരക്കാഴ്ച്ചകൾ നിരന്ന,
തിരക്കു തീരെ കുറവായ വീഥിയിലൂടെ കാർ സാവധാനം നീങ്ങി.
ഓണത്തിൻ്റെ ആലസ്യത്തിലാകാം,
കടകൾ മിക്കവാറും അടഞ്ഞു കിടക്കുന്നു.
നിരത്തിലുള്ള യാത്രികരിൽ ഭൂരിഭാഗം പേരും,
നല്ലപാതിയുടെ ഭവന സന്ദർശകരാണെന്ന് മഹേഷിനു തോന്നി
കാർ, മുന്നോട്ടു നീങ്ങി.

നഗരത്തിലേക്കുള്ള വഴിത്തിരിവു പിന്നിടുമ്പോഴും,
വഴികളിലെ തിരക്കിനു വ്യതിയാനം സംഭവിച്ചിരുന്നില്ല.
എതിരേ വന്ന ട്രക്കിനു വശമൊഴിഞ്ഞു നൽകാൻ,
കാർ നന്നായി വേഗത കുറച്ചു.
നാട്ടുവഴിയെ പ്രകമ്പനം കൊള്ളിച്ച്,
ചരക്കു ലോറി കടന്നു പോയി.
കാർ മുന്നോട്ടെടുക്കുന്നതിനിടയിലാണ്, വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങിയാടുന്ന,
ആ ഫ്ലക്സ് ബോർഡ് ശ്രദ്ധയിൽപ്പെടുന്നത്.

മരണമറിയിച്ച്, ചിത്രം ഇളകിയാടി.
‘ആദാരഞ്‌ജലികൾ’ എന്നു തലക്കെട്ടു പേറിയ ചിത്രത്തിനു കീഴേ,
വലിയ അക്ഷരങ്ങൾ നിരനിരന്നു.

ശ്രീമംഗലത്ത് ജയപ്രകാശ് ഭാര്യ
വിജിതാ ജയപ്രകാശ് (38)
സംസ്കാരം ചൊവ്വാഴ്ച്ച, സ്വവസതിയിൽ.

മരണവും,സംസ്കാരവും നടന്നിട്ട് രണ്ടു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.
മഹേഷ്, കാർ നിർത്തി..
ആ ഇളകിയാടുന്ന ചിത്രത്തിലേക്ക്, ദർശനമുറപ്പിച്ചു.
വെളുത്ത വട്ടമുഖത്ത്, ജ്വാലാമുഖം കണക്കേ സിന്ദൂരം.
വെള്ളാരം കണ്ണുകളിൽ,
കാലം സൂക്ഷിച്ച കഥകൾ വായിച്ചെടുക്കാം.
മഹേഷിൻ്റെ ചുണ്ടുകൾ മന്ത്രിച്ചു.
‘വിജിതാ’

കാർ, ഏറെ സാവകാശം മുന്നോട്ടു ചലിച്ചു.
മഹേഷിൻ്റെ സ്മൃതികൾ, ഏറെ പുറകിലേക്കും.
യൗവ്വനാരംഭം;
അതിസമ്പന്നതയുടെ ആഘോഷത്തിമിർപ്പുകളിൽ വിളഞ്ഞ ഹർഷങ്ങളുടെ കാലം.
കൂട്ടുകാരൻ്റെ അച്ഛൻ്റെ, നഗരത്തിലെ ബേക്കറിയിൽ തമ്പടിച്ച സായന്തനങ്ങൾ.
ആരുമറിയാതെ വലിച്ചു വലിച്ചെറിഞ്ഞ വിൽസ് കുറ്റികൾ;
ഒഴിഞ്ഞു തീർന്ന ബിയർ ബോട്ടിലുകൾ.

ബേക്കറിയ്ക്കപ്പുറത്തേ,
കുഞ്ഞു ടെലഫോൺ ബൂത്ത്.
അതിലിരിക്കുന്ന, അതിസുന്ദരിയായ വെള്ളാരം കണ്ണുകളുള്ള പെൺകൊടി.
അവളെ കാണാൻ മാത്രം, ബൂത്തിലെ നിത്യസന്ദർശകനായി മാറി.
ഇടുങ്ങിയ ചില്ലുകൂടിനെ, നീരാവിയാൽ ആവൃതമാക്കിയ ഫോൺ വിളികൾ.
വെറുതെ, ആരെയൊക്കെയോ വിളിച്ചു.
നിമിഷങ്ങൾക്കു വിലയായി ഒത്തിരി നാണയത്തുട്ടുകൾ നൽകി.
അവളേ പ്രണയിനിയാക്കുവാൻ, ഏറെ പരിശ്രമിക്കേണ്ടി വന്നു.

ഞായറാഴ്ച്ചകളിലെ സഞ്ചാരങ്ങൾ, അവിടെ തുടങ്ങുകയായിരുന്നു.
നാട്ടുകാരുടെ കണ്ണുവെട്ടിച്ച്, മോട്ടോർ ബൈക്കിലേറി ചെന്നെത്തിയ ഇടങ്ങൾ ഒത്തിരിയായിരുന്നു.
വീട്ടുകാർ, പ്രവാസത്തിനായി നിശ്ചയിച്ച ദിവസത്തിൻ്റെ തലേന്നായിരുന്നു അവസാന സംഗമം.
പ്രിയപ്പെട്ട ചങ്ങാതിയുടെ, ഒഴിഞ്ഞ വീട്ടിൽ അവളുമൊന്നിച്ചു കഴിഞ്ഞ പകൽ;
അവളുടെ വേർപ്പുഗന്ധം.
വിരഹത്തിന്റെ കണ്ണീരിൻ്റെ ഉപ്പുരുചി.

സമ്പത്ത് കൊയ്തെടുത്ത, പ്രവാസകാലം.
പഠിച്ചതേ പാടൂ എന്ന ചൊല്ലിനെ അന്വർത്ഥമാക്കി, അവിടേയും ബന്ധങ്ങളുണ്ടായി.
പെൺശരീരങ്ങൾ വിലയിട്ടു വാങ്ങി തൃഷ്ണകൾ ശമിപ്പിച്ചു.
ധനം, ഏറെ സമ്പാദിച്ചായിരുന്നു മടക്കം.
പിന്നെ, നാട്ടിൽ സ്ഥിരമാക്കി.
തരാതരത്തിൽ നിന്നും,
ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു.
കാലമെത്ര കടന്നുപോയി;
ഒരു വ്യാഴവട്ടം പിന്നിട്ടിരിക്കുന്നു.

മഹേഷ്, വീട്ടിലെത്തി.
കിടപ്പറയിലെ ഷെൽഫിൽ നിന്നും, വിലയേറിയ വിദേശമദ്യക്കുപ്പിയെടുത്തു രണ്ട് പെഗ്ഗോളം വിഴുങ്ങി.
പൊടുന്നനേ, മൊബൈൽ ഫോൺ റിംഗ് ചെയ്തു.
ഡിസ്പ്ലേയിൽ, ഹേമയുടെ മുഖം തെളിഞ്ഞു.
അയാൾ ഫോണെടുത്തില്ല.

മഹേഷിൻ്റെ മനസ്സിൽ,
ആ വെള്ളാരംകണ്ണുകൾ വിടർന്നു നിന്നു.
ഉന്മാദം പകരുന്ന വേർപ്പുഗന്ധം, മുറിയകമാകെ പ്രസരിക്കുന്ന പോലെ അനുഭവപ്പെട്ടു.
അയാൾ പിറുപിറുത്തു.

‘വിജിതാ’

തെല്ലിട നിശബ്ദമായ ശേഷം, മൊബൈൽ ഫോൺ വീണ്ടും, മണിയൊച്ച മുഴക്കിക്കൊണ്ടിരുന്നു.