രചന – അഞ്ജു തങ്കച്ചൻ
വിരുന്നുകാർ എല്ലാവരും പോയിക്കഴിഞ്ഞപ്പോഴേക്കും നയന വല്ലാതെ തളർന്നിരുന്നു.
ഇതുവരെയും ഒന്നും കഴിച്ചില്ലല്ലോ എന്ന് അപ്പോഴാണവൾ ഓർത്തത്.
വന്നവരെ സൽക്കരിക്കുന്ന തിരക്കിൽ സമയം കിട്ടിയില്ലെന്നു വേണം പറയാൻ.കുഞ്ഞിനെ ഓരോരുത്തരും മാറി മാറി എടുത്ത് കൊഞ്ചിച്ചു കൊണ്ടുനടന്നത് കൊണ്ട് മോന്റെ കാര്യത്തിൽ ആശ്വാസം ഉണ്ടായിരുന്നു.
അല്ലെങ്കിലും ഓമനത്തമുള്ള അവനെ കണ്ടാൽ ആർക്കാണ് എടുക്കാതിരിക്കാൻ കഴിയുക.അവന്റെ അച്ഛന്റെ ഭംഗി അതേ പോലെ കിട്ടിയിട്ടുണ്ട് അവന്.
അവൾ അടുക്കളയിൽ ചെന്ന് ഒരിലയിട്ട് സദ്യ ആസ്വദിച്ചു കഴിക്കുമ്പോഴാണ് സന്ധ്യ അങ്ങോട്ട് ചെന്നത്.
ആഹാ… കൊച്ചമ്മ ആരോട് ചോദിച്ചിട്ടാ ഇതൊക്കെ എടുത്തത്,നിനക്ക് വല്ല അച്ചാറും കൂട്ടി കഴിച്ചാൽ പോരേ.
ആരോടാ ചോദിക്കണ്ടത്? ഇതൊക്കെ ഞാനല്ലേ ഉണ്ടാക്കിയത് അപ്പോൾ ഞാൻ കഴിച്ചെന്നു വച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല.
അവളുടെ മറുപടി കേട്ട്,പൊട്ടിവന്ന ചിരി മറച്ചുവച്ച് സന്ധ്യ അവളെ നോക്കി കണ്ണുരുട്ടി.
ഓഹ് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറി പെണ്ണിന്.
നയന ഒന്നും മിണ്ടാതെ കഴിക്കുന്നതിൽ മാത്രം ശ്രെദ്ദിച്ചു.
സാമ്പാറിൽ നിന്നും മുരിങ്ങക്കോലിന്റെ ഒരു കഷ്ണമെടുത്തു കടിച്ചുകൊണ്ട് നയന സന്ധ്യയെ ഒളിക്കണ്ണിട്ട് നോക്കി.
അവളുടെ ആ നോട്ടം കണ്ടിട്ട്,ഇനിയിവിടെ നിന്നാൽ താൻ പൊട്ടിച്ചിരിച്ചു പോകും എന്ന് തോന്നിയപ്പോൾ സന്ധ്യ അടുക്കളയിൽ നിന്നും മുറിയിലേക്ക് പോയി.
എന്താ അമ്മേ ഒരു ചിരിയൊക്കെ? തമാശ വല്ലതും ആണെങ്കിൽ എന്നോടും കൂടെ പറ ഞാനും ചിരിക്കാം വൈഗ മോൾ പറഞ്ഞു.
ഹേയ് തമാശ ഒന്നുമല്ല, നിന്റെ നയന ചേച്ചി ക്ക് ഇപ്പോൾ ഇത്തിരി ധൈര്യം ഒക്കെ വന്നിട്ടുണ്ട്.
അമ്മയിൽ നിന്നും പകർന്നതായിരിക്കും.
ഓ… വല്യ വർത്താനം പറയാതെ പോയിരുന്നു പഠിക്കു പെണ്ണേ..
ശരി,അവിടുത്തെ ഇഷ്ട്ടം പോലെ, കൈ തൊഴുതുകൊണ്ട് വൈഗ പറഞ്ഞതും, സന്ധ്യ കളിയായി അവളുടെ തോളിൽ ഒരു നുള്ള് കൊടുത്തു.
അച്ഛൻ വിളിക്കുമ്പോൾ ഞാൻ പറയുന്നുണ്ട് അമ്മ എന്നെ എപ്പോഴും പിച്ചുന്നത്.
എന്നാൽ നീ ചെന്ന് പറയ്.
വൈഗമോൾ കെറുവിച്ച് കൊണ്ട് ബുക്കുമെടുത്ത് മുറ്റത്തേക്ക് ഇറങ്ങി പോയി
************
പിറ്റേന്ന് നയന പാത്രം കഴുകികൊണ്ട് നിൽക്കുമ്പോഴാണ് സന്ധ്യ അടുത്തേക്ക് വന്നത്.
നിന്നോട് ഒരു കാര്യം പറയാനുണ്ട്.
എന്താ ചേച്ചീ.
നിന്റെ ഭക്ഷണത്തെക്കുറിച്ച് എല്ലാരും നല്ല അഭിപ്രായമാണ് പറഞ്ഞത്.
ഉം.
ഞങ്ങളുടെ കോളേജ് ഹോസ്റ്റലിൽ കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കുന്ന ചേച്ചിക്ക് എന്തോ രോഗംകാരണം ഇനി വരാൻ ഒക്കില്ല എന്നാണ് പറയുന്നത്.
ഞാനപ്പോൾ അവരോട് നിന്റെ കാര്യം പറഞ്ഞു.
നിനക്ക് പറ്റുമോ ആ കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ,അവിടെ താമസിക്കാൻ സൗകര്യവുമുണ്ട്.നല്ല സാലറി അവർ തരും.
ചേച്ചീ…. ചെറിയ കുഞ്ഞിനേയും കൊണ്ട് ഞാൻ എങ്ങനാ
നിനക്കറിയാമല്ലോ,അത് സിസ്റ്റേഴ്സ് നടത്തുന്ന കോളേജാണ്.അതും പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്ഥാപനം
അവിടെ സഹായത്തിനു മറ്റൊരു ചേച്ചി കൂടെ ഉണ്ട്.ചേച്ചി ഇച്ചിരി പ്രായമായതാണ് അതുകൊണ്ട് ഒരുപാട് ജോലികൾ ഒന്നും ചെയ്യാൻ ഒക്കില്ല.
അത്യാവശ്യം സഹായിക്കാൻ അവർ ഉണ്ടാകും ആരുമില്ലാത്ത ഒരു പാവമാണ് അവർ.അതുകൊണ്ടാണ് സിസ്റ്റേഴ്സ് അവരെ അവിടെ നിർത്തിയിരിക്കുന്നത്.
ഒന്നുവല്ലെങ്കിലും നിന്റെ കുഞ്ഞിനെ ശ്രെദ്ദിക്കാൻ എങ്കിലും അവരെക്കൊണ്ട് പറ്റും.
നിനക്ക് പറ്റുമെങ്കിൽ ഇന്ന് പറയണം.ഇല്ലെങ്കിൽ അവർ വേറെ ആളെ നോക്കും.
ചേച്ചി ഞാൻ പൊക്കോളാം.അവൾക്ക് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.
പക്ഷെ ഇവിടെ ജോലി ആര് ചെയ്യും?അവൾ വല്ലായ്മയോടെ ചോദിച്ചു.
ഇവിടുത്തെ ജോലി എനിക്ക് ചെയ്യാവുന്നതേ ഉളളൂ,നീ വന്ന് ചോദിച്ചപ്പോൾ ഞാനിവിടെ നിന്നെ നിർത്തിയെന്നെ ഉളളൂ.
പോകാൻ തയ്യാറാണെങ്കിൽ ഇന്ന് വൈകുന്നേരം ഞാൻ അവിടെ കൊണ്ടാക്കാം.
നീ വീട്ടിൽ പോയി കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ എടുത്ത് വച്ചോ,ഞാൻ ക്ലാസ്സ് കഴിഞ്ഞ് വണ്ടിയുമായി നിന്റെ വീട്ടിലേക്ക് വന്നേക്കാം.
ഗൗരവത്തോടെ പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങുന്ന സന്ധ്യയുടെ കൈകളിൽ നയന പൊടുന്നനെ പിടിച്ചു.
സന്ധ്യ നയനയെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.
ഞാൻ ഇതിനൊക്കെ എങ്ങനെയാ ചേച്ചിയോട് നന്ദി പറയുക.അവൾ നയനയുടെ കൈകളിൽ അമർത്തി ചുംബിച്ചു. ദൈവത്തിന്റെ കൈകളാ ഇത്.
സന്ധ്യ അവളെ ഇറുക്കെ പുണർന്നു.
ഞാൻ നിന്നോട് ദേഷ്യത്തിൽ പെരുമാറിയത്, നിന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ല കുട്ടീ.
എനിക്കറിയാം ചേച്ചി.
നിനക്കവിടെ പറ്റില്ല, പണികൂടുതലാണ്, കുഞ്ഞിനെ ശ്രെദ്ദിക്കാൻ പറ്റുന്നില്ല എന്നൊക്കെ തോന്നിയാൽ ഇങ്ങ് പോരേ..
ആരുമില്ല എന്നൊന്നും കരുതരുത്.
ഇല്ല ചേച്ചി… ഞാൻ എങ്ങനെയും അവിടെ പിടിച്ചു നിൽക്കും. എനിക്കതിനുള്ള മനസുറപ്പുണ്ട്.
അവർ പോകുന്നതിൽ വൈഗമോൾക്ക് വലിയ സങ്കടമായിരുന്നു.
കുഞ്ഞിനെ കൈയിൽ നിന്ന് വയ്ക്കാതെ അവൾ അവനെയും കൊണ്ട് നടപ്പായിരുന്നു.
വൈകുന്നേരം സന്ധ്യ കറുമായി വന്ന് അവളെ ഹോസ്റ്റലിൽ എത്തിച്ചു.
മൂന്ന് നിലയിൽ തീർത്ത അത്ര വലുതല്ലാത്ത കെട്ടിടമാണ്.
താഴത്തെ നിലയിൽ ഇടതുവശത്തായിട്ടാണ് അവൾക്ക് താമസിക്കാനുള്ള മുറി. മുറിക്ക് രണ്ടു വാതിൽ ഉണ്ട്. മുറി തുറന്ന് പുറത്തേക്കിറങ്ങിയാൽ പാചകപ്പുരയിൽ എത്താം.
സഹായത്തിനെന്നു പറഞ്ഞ ചേച്ചി അറുപത്തിയഞ്ചിന് മുകളിൽ പ്രായമുള്ള മെലിഞ്ഞ ഒരാളാണ്
അവൾക്കവിടം ഇഷ്ട്ടമായി, ആരെയും പേടിക്കാതെ ഉറങ്ങാമല്ലോ.
സന്ധ്യ പോകാൻ നേരത്ത് കുഞ്ഞ് അവൾക്ക് നേരെ കൈകൾ നീട്ടി. അവൾ എടുത്തതും അവളുടെ മൂക്കിൽ പല്ലുമുളയ്ക്കാത്ത മോണകൊണ്ട് അവൻ കടിക്കുകയും പതിയെ അവളുടെ തോളിൽ പതുങ്ങി കിടക്കുകയും ചെയ്തു.
അവന്റെ സ്നേഹപ്രകടനങ്ങൾ കണ്ട് നയന നോക്കി നിൽക്കുകയായിരുന്നു.
അവന് അന്നം കൊടുക്കുന്ന കൈകളാണ് അത്. തിരിച്ചറിവ് ആകാത്ത പൊടിക്കുഞ്ഞാണെങ്കിലും അവന് അറിയാം ആ കൈകളിൽ അവൻ സുരക്ഷിതനാണെന്ന്.
കുഞ്ഞിനെ തീരുതെരെ ഉമ്മ വച്ചിട്ട് നയനയുടെ കൈയിൽ കുഞ്ഞിനെ കൊടുത്തിട്ട് ,യാത്ര പോലും പറയാതെ
സന്ധ്യ വേഗം കാറിൽ കയറി ഓടിച്ചു പോയി.
കണ്ണുനീർ ആരും കാണരുതെന്ന് നിർബന്ധമുള്ള ആ ഗൗരവക്കാരിയുടെ ഉള്ളം നിറയെ സ്നേഹമാണെന്ന്, നയനക്കറിയാം.
കാർ കണ്ണിൽ നിന്നും മറയുന്നത് വരെ നയന നോക്കി നിന്നു.
***********
തുടരും.

by