The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ശ്രീഭദ്ര
ആരാ രാഗിണി……? ഏറെ നേരമായി ആ മുറിയിൽ തളംകെട്ടി നിന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് നിത്യ ചോദിച്ചു. ഫോണിൽ എന്തോ കാര്യമായി പരതിക്കൊണ്ടിരുന്ന വിവേകിന്റെ വിരലുകളെ അവളുടെ ആ ചോദ്യം നിശ്ചലമാക്കി. രാഗിണി………. രാഗിണി എന്റെ കൂടെ ഓഫീസിൽ വർക്ക് ചെയ്യുന്ന കുട്ടിയാണ്…… നിത്യ ഒന്നും മിണ്ടിയില്ല, മൗനം….., എനിക്കവളെ ഇഷ്ടമാണ് നിത്യാ…… ഇഷ്ടം…..? ഇഷ്ടമെന്ന് പറഞ്ഞാൽ……? നിത്യ സംശയഭാവത്തിൽ ഒരു പുരികമുയർത്തി വിവേകിന് നേരെ നോക്കി. വീണ്ടും മൗനം…. അമ്മ നിന്നോടൊന്നും പറഞ്ഞില്ലേ….? നീ തന്നെ പറയുന്നതാവും ഉചിതം…. അവൾ ഞാൻ ഇല്ലെങ്കിൽ ജീവിക്കില്ല എന്ന് പറയുന്നു……. അപ്പോൾ ഞാനോ….. ! എനിക്ക് അറിയില്ല, നീ എന്നെയൊന്നു മനസിലാക്ക് പ്ലീസ്…… നിത്യ നെടുവീർപ്പോടെ ഓർത്തു, താൻ അല്ലാതെ തന്റെ വിവേകിനെ വേറെ ആരാ മനസിലാക്കുക…. അവളുടെ വിരലുകൾ സ്വിച്ബോർഡിലേക്ക് നീങ്ങി. മങ്ങിയ വെളിച്ചം മുറിയിൽ പടർത്തി ലൈറ്റുകളെല്ലാം കണ്ണുപൂട്ടി.
അവന്റെ ശ്വാസം അവളുടെ കാതിൽ വന്നു പതിച്ച് ശരീരം ചൂടുപിടിച്ചു. നിത്യ മെല്ലെ തിരിഞ്ഞു കിടന്നു, അവന്റെ കണ്ണുകൾ നിറഞ്ഞത് ആ അരണ്ടവെളിച്ചത്തിലും അവൾ തിരിച്ചറിഞ്ഞു. എന്നോട് ദേഷ്യമുണ്ടോ നിനക്ക്…..? വിവേകിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എനിക്ക് എന്തിനാ ദേഷ്യം…… എന്നെ വെറുക്കരുത് നീ….. വെറുപ്പോ…., നിന്നെയോ….? ഞാൻ എന്തിന് നിന്നെ വെറുക്കണം….. എനിക്ക് വേണ്ടി നീ രണ്ടര കൊല്ലത്തോളം നീ കാത്തിരുന്നു. എന്നിട്ട് നിനക്ക് വേണ്ടി നമുക്കിടയിൽ ഒരാളെ കൊണ്ടുവരാൻ എനിക്കായില്ല, നിന്നെ തെറ്റ് പറയാനാവില്ല, നിന്റെ ഭാഗത്തു തെറ്റില്ല. അവൾ അവനെ ന്യായീകരിക്കാൻ ശ്രമിച്ചു. അവൻ അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു, അവളുടെ മനോവികാരം മനസിലാക്കിയിട്ടെന്നവണ്ണം കണ്ണുനീരും സംയമനം പാലിച്ചു. ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനാകാത്ത സ്ത്രീകൾക്ക് പ്രണയിക്കപ്പെടാൻ അവകാശമില്ലേ…… അപ്പോഴും അവളുടെ മനസ്സിനെ ആ ചോദ്യം മധിച്ചുകൊണ്ടിരുന്നു.
പിന്നീടുളള ദിവസങ്ങളിൽ അവൾ കാണുകയായിരുന്നു അവളുടെ ഇഷ്ടങ്ങൾക്കതീതമായുള്ള ആ മുറിയിലെ മാറ്റങ്ങൾ. അവയിൽ അവളെ ഏറ്റവും വിഷമിപ്പിച്ചത് അവരുടെ കല്യാണഫോട്ടോ ഇരുന്നിടത്ത് ഇന്ന് കൃഷ്ണവിഗ്രഹം എന്ന മാറ്റമായിരുന്നു. രാഗിണി കൃഷ്ണഭക്തയാണത്രേ…. അതേ രാഗിണി കൃഷ്ണഭക്തയാണ്, അവിടെ തന്റെ കല്യാണഫോട്ടോക്ക് എന്ത് പ്രസക്തി. മാറ്റങ്ങൾക്ക് തീവ്രത കൂടിയതോടെ അവൾ ആ മുറിയിൽ നിന്നും കുടിയൊഴിഞ്ഞു. അവൾക്ക് വേണ്ടി ഒരു മുറി തയ്യാറായിരുന്നു, അവിടെ അവളുടെ അതിഥികളായി പുതിയ കട്ടിലും മേശയും ചെയറും ഡ്രസിങ്ടേബിളും എത്തിയിരുന്നു. രാഗിണിക്ക് വേണ്ടി വിവേക് മാത്രമല്ല ആ വീട് മുഴുവൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു, അവൾ പുഞ്ചിരിച്ചു. പുതിയ വീട്ടുകാരിയുടെ വരവൊരുക്കത്തിനുവേണ്ടി അവളും ഓടിനടന്നു. എല്ലാവരും അവളെ അത്ഭുതക്കണ്ണുകളോടെ നോക്കി. അമ്മ അവൾക്ക് വേണ്ടി കണ്ണുനിറച്ചു, അവൾ പുഞ്ചിരിച്ചുകൊണ്ട് അവരെ ആശ്വസിപ്പിച്ചു, നീറുന്നമനസോടെയാണെന്നുമാത്രം…… രാഗിണിയുടെ വരവോടെ നിത്യ തന്റെ മുറിയിൽ ഒതുങ്ങിക്കൂടി. എന്നാൽ വിധി അവിടെയും അവളെ വെറുതെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.
ചുമരിലെ കലണ്ടറിലെ മാസങ്ങൾ തന്റെ ശരീരത്തിലെ ചുമന്നവാകപ്പൂക്കളുടെ വരവിന്റെ താമസമറിയിച്ചു. നടുക്കത്തോടെ അവൾ തിരിച്ചറിഞ്ഞു തന്റെ ജീവനിലും ജീവിതത്തിലും ഒരു കുഞ്ഞുജീവൻ തുടിക്കുന്നുണ്ടെന്ന്. നിത്യ ആ വലിയ കുടുംബത്തിൽ നിന്നും വേർപെട്ട് തന്റെ കുഞ്ഞിലേക്ക് മാത്രം ഒതുങ്ങിക്കൂടി. പക്ഷെ അവളുടെ ശരീരമാറ്റങ്ങൾ മനസിലാക്കാൻ വിവേകിന്റെ അമ്മക്ക് അധികം നാൾ വേണ്ടി വന്നില്ല. ഗർഭം ധരിച്ചില്ലെങ്കിലും അവർ അവളുടെ അമ്മയായി…. സ്വന്തം ചോര അല്ലെങ്കിൽ പോലും അദ്ദേഹം അവളുടെ അച്ഛനായി…. കൂടെപ്പിറപ്പല്ലെങ്കിലും വിവേകിന്റെ അനിയൻ വിനോദ് അവളുടെ സ്വന്തം അനിയനായി… സ്വന്തത്തേക്കാൾ അവർ അവൾക്ക് സ്വന്തമായി മാറുകയായിരുന്നു. അവൾ ആവശ്യപ്പെടും മുന്നേ അച്ഛൻ മുറ്റത്തെ മാവിൽ നിന്നും മാങ്ങ പൊട്ടിച്ചു.
അവൾക്ക് കൊതി തോന്നിയപ്പോൾ അമ്മ അടുക്കളയിൽ കായ വറുത്തുകോരി. കിലോമീറ്ററുകൾ താണ്ടി വിനോദ് എത്തിയപ്പോൾ ആ മുറിയിൽ ബിരിയാണിയുടെയും മസാലദോശയുടെയും മണം പടർന്നു. ഏഴാം മാസം തുടക്കം മുതൽ ഒടുക്കം വരെയും നാട്ടിൽ നിന്നെത്തുന്ന അമ്മയെയും കൂടെ കുപ്പിവളകൊഞ്ചലിനെയും നിത്യ കാത്തിരുന്നു. ഒടുവിൽ നേർച്ച പോലെ വിവേകിന്റെ ഫോണിലേക്ക് നാട്ടിൽ നിന്നൊരു കാൾ വന്നു എന്നറിഞ്ഞപ്പോൾ അമ്മയുടെ ചുമലിൽ വീണു നിത്യ നിശബ്ദം തേങ്ങി. കാലിൽ നീര് ഇരുണ്ടുകൂടി വേദനയിൽ പുളഞ്ഞപ്പോൾ ഉറക്കമൊഴിഞ്ഞു കൂട്ടിരുന്നു വിനോദും അമ്മയും അച്ഛനും. ഒടുവിൽ ഉള്ളിലെ അതിഥി പുറത്തേക്ക് വിരുന്നുവരാൻ തയ്യാറെടുത്തപ്പോൾ നിത്യ അലറിക്കരഞ്ഞു. ആ നിലവിളിയിൽ വീടുണർന്നപ്പോഴും വിവേകിന്റെ മുറിയിലെ ലൈറ്റുകൾ മാത്രം മിഴികൾ പൂട്ടി.
ഏറെ നേരത്തെ പോരാട്ടത്തിനൊടുവിൽ നിത്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ലേബർറൂമിന് പുറത്ത് നിന്ന് അച്ഛനും അമ്മയും വിനോദും കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശ്വാസത്തോടെ ദീർഘശ്വാസമെടുത്തു. നിത്യ കുഞ്ഞിനെ നോക്കി, തൊട്ടാൽ ചോര പൊടിയും പോലെ…… അവൾ കുഞ്ഞിനെ വിളിച്ചു, സൂര്യഗായത്രി……… അവളുടെ വിളി ആരും കേട്ടില്ല, നിത്യ പിന്നെയും പിന്നെയും വിളിച്ചു. ഇല്ല ആരും കേൾക്കുന്നില്ല, അവൾ ഉറക്കെ വിളിച്ചു, സൂര്യഗായത്രി….. നിത്യ കണ്ണുചിമ്മി, അച്ഛന്റെ നെഞ്ചിൽ ചാഞ്ഞു അലറിക്കരയുന്നുണ്ട് അമ്മ, അച്ഛന്റെ കണ്ണും നിറഞ്ഞൊഴുകുന്നു. ഏങ്ങിക്കരയുന്ന വിനോദിന്റെ കൈയിൽ കണ്ണുകൾ പൂട്ടി സുഖമായ് ഉറങ്ങുകയാണ് തന്റെ മോള്, നിത്യ പിന്നെയും പിന്നെയും വിളിച്ചു, അവളുടെ വിളികൾക്ക് മീതെ കരഞ്ഞുകൊണ്ട് വിനോദ് കുഞ്ഞിനോടൊപ്പം നിത്യയുടെ ചലനമറ്റ ശരീരവും ഏറ്റുവാങ്ങി……