18/04/2026

ഹോസ്റ്റലിൽ നിന്നു ബാഗും ആയി റൂമിന് പുറത്തേക്കു ഇറങ്ങുമ്പോൾ അവൾ എല്ലാം എടുത്തിട്ട് ഉണ്ടെന്നു ഒന്ന് കൂടെ ഉറപ്പ് വരുത്തി…..

രചന – അന്നു ലിയ

ഹോസ്റ്റലിൽ നിന്നു ബാഗും ആയി റൂമിന് പുറത്തേക്കു ഇറങ്ങുമ്പോൾ അവൾ എല്ലാം എടുത്തിട്ട് ഉണ്ടെന്നു ഒന്ന് കൂടെ ഉറപ്പ് വരുത്തി….. കൂട്ടുകാരിയോട് യാത്ര പറഞ്ഞു അവൾ പുറത്തേക്കു നടന്നു… ബസ് സ്റ്റോപ്പിൽ എത്തി ബസ് കയറി അവൾ ഒരു സൈഡ് സീറ്റിലായി ഇരുന്നു…. ഫോൺ എടുത്തു ഇച്ഛ💛 എന്നു സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് മെസ്സേജ് ടൈപ്പ് ചെയ്തു…. “ഇച്ഛാ…. ഞാൻ ബസിൽ കയറി…. അരമണിക്കൂറിൽ അവിടെ എത്തും…. എത്താറാകുമ്പോൾ വിളിക്കാമേ…. ” സെന്റ് ആയി അപ്പോൾ തന്നെ ആ നമ്പറിൽ നിന്നും റിപ്ലൈ കിട്ടി.. “ഓക്കേ അമ്മുസേ… ” അവന്റെ മെസ്സേജ് വായിച്ച ശേഷം അവൾ ഫോൺ തിരികെ ബാഗിൽ വെച്ച് സീറ്റിലേക്ക് ചാരി ഇരുന്നു….. ബസിന്റെ യാത്രയ്ക്കോപ്പം പിറകിലേക്ക് മറയുന്ന പുറം കാഴ്ചകൾ പോലെ അവളുടെ ഓർമ്മകളും പിറകിലേക്ക് പാഞ്ഞു…. 🌸🌸🌸🌸

കോളേജിൽ നിന്നു വന്ന ശേഷം കുളി കഴിഞ്ഞു ഹോസ്റ്റൽ റൂമിൽ ഇരിക്കുക ആയിരുന്നു അവൾ…. മെസ്സേജർ നോട്ടിഫിക്കേഷൻ ടോൺ കേട്ടപ്പോഴേ അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…. അവൾ ചിരിയോടെ ഫോൺ കൈയിൽ എടുത്ത് മെസ്സേജ് ഓപ്പൺ ചെയ്തു….. “ഗുഡ് ഈവെനിംഗ് അമ്മുസേ… ” “ഗുഡ് ഈവെനിംഗ് ചേട്ടായി” “അതേ….. ഇന്നത്തെ ദിവസത്തിന്റെ പ്രേത്യേകത എന്താണ് എന്നു അമ്മുസിനു അറിയാമോ?? “. “ഇല്ലല്ലോ… എന്താ…. ” “ശരിക്കും അറിയില്ലേ??? ” “ഇല്ല ചേട്ടായി എന്താ??? ” “അതൊക്കെ ഓർമ്മ വേണേൽ സ്നേഹം വേണം…. നമ്മൾ മിണ്ടാൻ തുടങ്ങിയിട്ട് ഒരു വർഷം ആയി…. ” “ഈ….. തിരക്കിന് ഇടയിൽ ഞാൻ മറന്നു പോയി…. ചോറി…” “അതാണ് ഞാൻ പറഞ്ഞത് സ്നേഹം വേണം….. ” “അങ്ങനെ പറയല്ലേ ചേട്ടായി….. എനിക്ക് സ്നേഹം ഒക്കെ ഉണ്ട്… ” “ഉണ്ടോ????? ശരിക്കും സ്നേഹം ഉണ്ടോ???” “മ്മ്മ്…. “അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞെങ്കിലും അവൾ ഒരു മൂളലിൽ മറുപടി ഒതുക്കി….

“എങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞാൽ സമ്മതിക്കുമോ? “അവൻ ആകാംഷയോടെ ചോദിച്ചു.. “എന്താ??? ” “നമുക്ക് ഇന്ന് ഒരു വീഡിയോ കാൾ ചെയ്യാം?? മിണ്ടാൻ തുടങ്ങിയിട്ട് ഒരു വർഷം ആയെങ്കിലും നമ്മൾ തമ്മിൽ ഇതുവരെ കണ്ടിട്ട് ഇല്ലല്ലോ.” അവന്റെ മെസ്സേജ് കണ്ടതും അവൾ അതിലേക്ക് നോക്കി ആലോചനയോടെ ഇരുന്നു. എത്ര മിണ്ടിയിട്ട് ഉണ്ടെന്നു പറഞ്ഞാലും എന്തോ വീഡിയോ കാൾ ചെയ്യാം നേരിൽ കാണാം എന്നൊക്കെ കേട്ടപ്പോൾ അവളുടെ ഉള്ളിൽ ഒരു പരവേശം നിറയുന്നത് അവൾ അറിഞ്ഞു. “അമ്മൂ…നീ ചായ കുടിക്കാൻ വരുന്നില്ലേ??? “ആലോചനയുടെ ഇരിക്കുമ്പോഴാണ് അപ്പുറത്തെ റൂമിലെ ട്രീസ ഡോർ തുറന്നു വന്നു ചോദിക്കുന്നത്. “ദാ വരുന്നു. ” “ചേട്ടായി. ഇവിടെ ചായ കുടിക്കാൻ സമയം ആയി ഞാൻ വന്നിട്ട് മെസ്സേജ് അയക്കാമേ. “അത്രേം മെസ്സേജ് അയച്ചു ഫോണിൽ ഓഫ്‌ ചെയ്തു അവൾ ട്രീസയ്ക്ക് ഒപ്പം നടന്നു. മെസ്സിലെ ശബ്ദകോലാഹലങ്ങൾക്ക് ഇടയിലും സുഹൃത്തുക്കളുടെ സംസാരണങ്ങൾക്ക് ഇടയിലും അവളുടെ മനസ്സിൽ അവനായിരുന്നു.അമ്മുവിന്റെ ഓർമ്മകൾ ഒരു വർഷം പിറകിലേക്ക് പാഞ്ഞു. 🌸🌸🌸🌸

കോളേജിൽ വന്ന ആദ്യ നാളിൽ അപ്രതീക്ഷിതമായിയാണ് കുട്ടികൾ ആരിൽ നിന്നോ ഇവിടെ പ്രവൃത്തിക്കുന്ന ഒരു സംഘടനയെ പറ്റി അറിയുന്നത്. “തണൽ” അറിഞ്ഞപ്പോൾ ആദ്യം ഒരു കൗതുകമായിരുന്നു. പിന്നീട് ചിന്തിച്ചപ്പോൾ അതിലെ നന്മ തിരിച്ചറിഞ്ഞു.കാഴ്ച ഇല്ലാത്തവർക്ക് പഠിക്കാൻ സഹായിക്കാൻ ഓഡിയോസ് റെക്കോർഡ് ചെയുക അതാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശം.അധികം ഒന്നും ചിന്തിക്കാതെ തന്നെ അതിൽ ചേർന്നു.വായിച്ചു റെക്കോർഡ് ചെയ്യാൻ ഉള്ള മെറ്റീരിയൽ കൈപറ്റി. ഒപ്പം കേരളത്തിൽ ഉടനീളം തണലിന്റെ ഭാഗമായവർ ഉള്ള അവരുടെ മെസ്സേഞ്ചർ ഗ്രൂപ്പിലും അവർ ആഡ് ചെയ്തു. എല്ലാം തുടങ്ങുന്നത് പിന്നീട് എന്നോ കൂട്ടുകാരിയ്ക്ക് വേണ്ടി പാടി റെക്കോർഡ് ചെയ്ത ഒരു പാട്ട് ഈ ഗ്രൂപ്പിലേക്ക് അറിയാതെ സെന്റ് ആയതുമുതലാണ്. അബദ്ധം മനസ്സിലായതും ഓഡിയോ ഡിലീറ്റ് ചെയ്തു. രാത്രി കിടക്കാൻ വന്നപ്പോഴാണ് മെസ്സേഞ്ചറിൽ ഒരു മെസ്സേജ് റിക്വസ്റ്റ് കാണുന്നത്. അമ്മു അത് എടുത്ത് നോക്കി. ആൽഫി എന്നാണ് ആളുടെ പേര് ..നിറചിരിയോടെ ഒരാൾ അയാളുടെ മുഖച്ഛായ ഉള്ള ഒരു സ്ത്രീയുടെ കൂടേ നിൽക്കുന്നതാണ് ഡിപി. ഒരു ഹായ് അയച്ചിട്ടുണ്ട് ഒപ്പം അമേയാ.. പാട്ട് ഞാൻ കേട്ടാരുന്നു നന്നായിരുന്നു എന്നൊരു മെസ്സേജും.ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ താങ്ക്യൂ എന്നു റിപ്ലൈ ചെയ്തു.

അവിടെ നിന്നും പതിയെ അവർ തമ്മിൽ ഒരു സൗഹൃദം ആരംഭിക്കുകയായിരുന്നു. ആൽഫി അമ്മുവിന് എന്നും ഒരു അത്ഭുതം ആയിരുന്നു. വളരെയേറെ കാര്യങ്ങൾ തമ്മിൽ സംസാരിച്ചിട്ടും അമ്മുവിന്റെ ഒരു ഫോട്ടോയോ തന്റെ നമ്പറോ അവൻ ചോദിച്ചിട്ടില്ല. തങ്ങളുടെ ജീവിതത്തെപ്പറ്റി ഒക്കെ തമ്മിൽ അവർ മണിക്കൂറുകൾ സംസാരിച്ചു.തമ്മിൽ ആരോ എന്നോ പറഞ്ഞു വെച്ച ഒരു ബന്ധം പോലെ അവർ ഒന്നിച്ചു. അപ്രതീക്ഷിതമായി നടന്ന അമ്മയുടെ മരണത്തിനു ശേഷം നാട്ടിൽ നിൽക്കാൻ വയ്യാതെയാണ് ആൽഫി ഗൾഫിലേക്ക് ജോലിയായി പോകുന്നത്.ഒറ്റപ്പെടലിൽ നിന്നും ഉള്ള ഒളിച്ചോട്ടത്തിന്റെ ഭാഗമായിയാണ് തണൽ എന്ന കൂട്ടായ്മയിൽ ചേരുന്നതും.അമ്മു വന്നതിനു ശേഷം നഷ്ടപ്പെട്ടു പോയ ചിരികൾ തന്നിലേക്ക് തിരിച്ചു വരുന്നത് അവൻ അറിഞ്ഞിരുന്നു.അവൻ തന്നെ പലപ്പോഴും അത് അമ്മുവിനോട് പറഞ്ഞിട്ടുമുണ്ട്.സുഹൃത്ത് എന്നതിലുപരി അമ്മയുടെ സഹോദരിയുടെ അല്ലേൽ അതിനുമപ്പുറം ചില സ്ഥാനങ്ങൾ അമ്മുവിനു ആൽഫിയുടെ ജീവിതത്തിൽ ആൽഫി നൽകി. 🌸🌸🌸🌸🌸

ചായ കുടിച്ചു തിരികെ റൂമിൽ എത്തുമ്പോൾ അവളെ കാത്തു ആൽഫിയുടെ മെസ്സേജ് ഉണ്ടായിരുന്നു. “അമ്മൂ..കാണാൻ ഇഷ്ടം ഇല്ലേൽ വേണ്ടടാ…ഇത്രേം നാൾ പരിചയം ആയല്ലോ.. എന്നെ വിശ്വാസം ആയി കാണുമെന്നു ഓർത്താണ് ഞാൻ ചോദിച്ചത്.. സോറി അത് വിട്ടേക്ക്.. ” മെസ്സേജ് വായിച്ചതും അവൾക് എന്തോ സങ്കടം തോന്നി.. താനും ആഗ്രഹിക്കുന്നില്ലേ ചേട്ടായിയെ ഒന്ന് കാണാൻ.. അവൾ മനസ്സിൽ ഓർത്തു.. പിന്നെ രണ്ടും കല്പ്പിച്ചു വീഡിയോ കാൾ ചെയ്തു.. “അമ്മൂസേ.. “നിറ ചിരിയോടെ ഒപ്പം അത്ഭുതത്തോടെ ആൽഫി കാൾ എടുത്തതും അവളെ നോക്കി വിളിച്ചു.. “എന്തോ.. “അമ്മു ചിരിയോടെ മറുവിളി കെട്ടു… അതുകേൾക്കേ അവന്റെ ചുണ്ടിൽ ഒരു ചിരി സ്ഥാനം പിടിച്ചു… പിന്നീട് ഈ വീഡിയോ കോളുകൾ അവർക്കിടയിൽ ദിനചര്യയുടെ ഭാഗമായി മാറി..ഓരോ ദിവസവും ഇരുവർക്കും അവസാനിക്കുന്നത് തമ്മിൽ അന്ന് നടന്നത് എല്ലാം പങ്കു വെച്ചുകൊണ്ടാകും.. സൗഹൃദം എന്നതിലുപരി ആ ബന്ധം വളർന്നത് അറിഞ്ഞിട്ടും മൗനം പാലിച്ച അമ്മുവിനോട് ആൽഫി തന്നെ അവന്റെ പ്രണയം വെളിപ്പെടുത്തി..മൗനമായിരുന്നു അവളുടെ മറുപടിയെങ്കിലും അവന് അവളുടെ കണ്ണിൽ പടർന്ന നനവും ചുണ്ടിൽ തെളിഞ്ഞ ചിരിയും മാത്രം മതിയായിരുന്നു.. തമ്മിൽ ബന്ധനങ്ങൾ ഇല്ലാതെ അവർ ഇരുവരും അവരായി തന്നെ നിന്നു സ്നേഹിച്ചു… കുറവുകളെ അറിഞ്ഞു കഴിവുകളെ പ്രശംസിച്ചു അവർ ഇരുവരും പ്രണയിച്ചു…. ആത്മാവിൽ അലിഞ്ഞു ചേർന്ന പ്രണയം…… 🌸🌸🌸🌸🌸

കണ്ടക്ടർ തോളിൽ തട്ടി വിളിച്ചപ്പോളാണ് അമ്മു ബോധത്തിലേക്ക് വരുന്നത്…. അവൾ ചുറ്റും ഒന്ന് നോക്കി ബസിൽ നിന്നും ഇറങ്ങി…. സ്റ്റാൻഡിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോൾ അവളുടെ മനസ്സിൽ പൊട്ടി മുളച്ച വികാരത്തെ എന്ത് പേരിട്ടു വിളിക്കണം എന്ന് അവൾക് അറിയില്ലായിരുന്നു…. നേരിൽ കാണാതെ പ്രണയിച്ച രണ്ടു വർഷങ്ങൾ….തന്റെ ജീവനായവനും ആയുള്ള ആദ്യ കൂടിക്കാഴ്ച… രണ്ടു വർഷമായി കാത്തിരുന്നു നിമിഷം….. കൺകോണിൽ ഉരുണ്ടു കൂടിയ കണ്ണീർ കാഴ്ചയെ മറച്ചതും അവൾ പുറം കൈയാൽ അത് തുടച്ചു നീക്കി… ഫോൺ എടുത്ത് ആൽഫിയെ വിളിക്കാൻ തുനിഞ്ഞതും എതിർ വശത്ത് മരത്തണലിൽ ഇരിക്കുന്ന ആൽഫിയെ അമ്മു കണ്ടു… അവിടേക്ക് നടന്നു… 🌸🌸🌸🌸🌸

“കവിത കുറിക്കുവാൻ കാമിനി ആയി ഓമനിക്കാൻ എന്റെ മകളായി കനവുകൾ കാണുവാൻ കാർവർണ്ണനായ് നീ ഓമനിക്കാൻ ഓമൽ കുരുന്നായി വാത്സല്യമേകുവാൻ അമ്മയായ് നീ നേർ വഴി കാട്ടുന്ന തോഴിയായ് പിന്നെ എൻ ജീവന്റെ സ്പന്ദനം പോലും നിൻ സ്വരരാഗ ലയ ഭവ താളം ആയി അറിഞ്ഞതല്ലേ നീ അറിഞ്ഞതല്ലേ ” തന്റെ ആവിശ്യപ്രകാരം അമ്മു ഒരിക്കൽ പാടി അയച്ച പാട്ട് വീണ്ടും കേട്ടുക്കൊണ്ട് ഇരിക്കുകയാണ് ആൽഫി… “അവളിലെ ഗായികയെ ഏറ്റവും അഭിനന്ദിച്ചിട്ടുള്ളത് താൻ ആണെന്ന് എന്നും അമ്മു പറയുമായിരുന്നു ” ആൽഫി മനസ്സിൽ ഓർത്തു…. അമ്മുവിന്റെ സ്വരത്തിൽ ഓരോ വരികളും ഒപ്പം ഓർമ്മകളും അവനിലേക്ക് ഒഴുകി എത്തി…. “ഇത് നമുക്ക് വേണ്ടി എഴുതിയ പാട്ട് പോലെ ഇല്ലേ അമ്മൂസേ… ” “അതെന്താ ഇച്ഛാ… ” “ഈ ഓരോ വരിയും നീ എനിക്ക് ആരൊക്കെ ആണെന്നാ അമ്മു പറയുന്നത്… ” പണ്ടത്തെ സംഭാഷത്തിന്റെ ഓർമ്മയിൽ ആൽഫി ഒന്ന് ചിരിച്ചു…കൈയിൽ ആരോ തട്ടി വിളിക്കുന്നത് അറിഞ്ഞാണ് ആൽഫി കണ്ണുകൾ തുറന്നത്…. തന്റെ മുന്നിൽ അമ്മുവിനെ കണ്ടു അവന്റെ ഉള്ളം നിറഞ്ഞു…. നാളുകളായി കാത്തിരുന്നു നിമിഷം….. അടുത്ത നിമിഷം അവന്റെ കണ്ണുകൾ അവളുടെ കണ്ണിന് ചുറ്റുമുള്ള കറുപ്പിലും വീങ്ങിയ കൺപോളകളിലും ക്ഷീണിച്ച രൂപത്തിലും തറഞ്ഞു നിന്നു… അവന്റെ ഉള്ളം ഒന്ന് വിങ്ങി…. ഓർമ്മയിൽ അമ്മുവും ആയി ഉള്ള സംഭാഷണം കടന്നു വന്നു…. 🌸🌸🌸🌸🌸🌸

“ആദ്യമായി അമ്മൂട്ടൻ എന്നെ കാണുമ്പോൾ എന്താ ചെയ്യാ??? “ഫോണിലേക്ക് നോക്കി ആൽഫി ചോദിച്ചു…. “ഞാൻ……. ഹാ.. ഞാൻ ഓടി വന്നു കെട്ടിപ്പിടിക്കും… ” “അയ്യോ അപ്പോൾ എല്ലാരും കാണില്ലേ….” “കണ്ടോട്ടെ… ആര് കണ്ടാലും എനിക്ക് ഒന്നുമില്ല…. എന്റെ ഇച്ഛ അല്ലേ…. ” “ആണോ..? “അവന് കുറുമ്പൊടെ ചോദിച്ചു.. “അതേ…. എന്റെ ഇച്ഛയാണ് എന്റെ മാത്രം ഇച്ഛയാണ്… എന്താ അല്ലേ….” “ആന്നേ….. അമ്മൂസിന്റെ ഇച്ഛയാണ്.. “ഈ… അമ്മൂനെ കാണുമ്പോൾ ഇച്ഛ എന്താ ചെയ്യാ?? ” “അതോ… അമ്മൂസിനു കെട്ടിപ്പിടിക്കാൻ വേണ്ടി കൈകൾ വിടർത്തി നില്കും…”അവൻ ചിരിയോടെ പറഞ്ഞതും അവളും ചിരിച്ചു…. 🌸🌸🌸

“നമുക്ക് അങ്ങോട്ട്‌ മാറി നിൽക്കാം ഇവിടെ ആകെ വെയിൽ അല്ലേ…. “അമ്മുവിന്റെ സംസാരം കേട്ടാണ് ആൽഫി ബോധത്തിലേക്ക് വരുന്നത്. “മ്മ്മ്.. വാ… “അവളുടെ കൈ പിടിച്ചു അവന് മുന്നോട്ടു നടന്നു… അടുത്തുള്ള ഹോട്ടലിൽ കഴിക്കാൻ ഇരിക്കുമ്പോഴും അമ്മുവിന്റെ കണ്ണുകൾ തന്നിൽ പതിയാതെ ചുറ്റും ഓടി നടക്കുന്നത് നോക്കി ഇരിക്കുകയാണ് ആൽഫി… പഴയ കുസൃതിയോ തിളക്കമോ ആ കണ്ണുകളിൽ ഇല്ലെന്നു അവന് കണ്ടു…. “അമ്മൂ… ” “മ്മ്മ്… “അമ്മു ഞെട്ടി ആൽഫിയെ നോക്കി… “എന്നാ ഹോസ്റ്റൽ വാക്കേറ്റ് ചെയുന്നത്..? ” “നാ… നാളെ കഴിഞ്ഞു.. ” “മ്മ്മ്… എന്നോട് ഒന്നും ചോദിക്കാൻ ഇല്ലെടാ?? “അവന്റെ ശബ്ദം ഒന്ന് ഇടറി. “പുതിയ ജോലി…? “പൂർത്തിയാക്കാതെ അമ്മു നിർത്തി. “19 മുതൽ പോയി തുടങ്ങണം.. “ആ തീയതി കേട്ടതും അവളുടെ കണ്ണിലെ നോവ് അവനും മനസ്സിലായിരുന്നു.

“അപ്പ… അപ്പ ഒക്കെ എന്നെപ്പറ്റി ചോദിച്ചില്ലേ?? എന്നോട് വെറുപ്പ് ആകും അല്ലേ?? “അവനെ നോക്കാതെ അവൾ നോട്ടം ദൂരേക്ക് പായിച്ചു. “ഇല്ലടാ..അമ്മൂസ് അറിഞ്ഞുകൊണ്ട് അല്ലല്ലോ.. എനിക്ക് വേണ്ടി നീ വീട്ടിൽ നിന്നും അനുഭവിച്ചത് ആർക്കറിയില്ലേലും എനിക്ക് അറിയാല്ലോ… ആരോടും മിണ്ടാതെ വീട്ടിൽ നീ കഴിച്ചു കൂട്ടിയതും എനിക്ക് വേണ്ടി അവരുടെയൊക്കെ അടികൊണ്ടതുമെല്ലാം എനിക്ക് അറിയാല്ലോ.. നിന്നെ.. നിന്നെ കുറ്റക്കാരിയാക്കാൻ ഞാൻ ആരെയും ഒരിക്കലും സമ്മതിക്കില്ലടാ.. “അമ്മു എല്ലാം കേട്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ഭക്ഷണം കഴിക്കുമ്പോഴും അവർക്ക് ഇടയിൽ മൗനം തളം കെട്ടി നിന്നു… ഹോട്ടലിനു പുറത്തേക്കു ഇറങ്ങിയതും അമ്മു ബാഗിൽ നിന്നും ഒരു കവർ പുറത്തേക്കു എടുത്തു…. “Birthdayയ്ക്ക് തരാൻ വാങ്ങി വെച്ചിരുന്നതാ.. തരാതെ ഇരിക്കാൻ തോന്നിയില്ല.. ” ആൽഫി ഒരു ചെറു ചിരിയോടെ ആ കവർ തുറന്നു നോക്കി…

അതിൽ ഒരു ഷർട്ട്‌ ആയിരുന്നു അതും അവന്റെ പ്രിയപ്പെട്ട യെൽലോ കളർ… അത് നിവർത്തി നോക്കിയതും പോക്കറ്റിനോട് ചേർന്നു ബ്ലാക്ക് ആൻഡ് റെഡ് കോമ്പിനേഷനിൽ A എന്ന ലെറ്റർ എംബ്രൊയിഡറി ചെയ്തിരിക്കുന്നത് അവന് കണ്ടു.. “ഇത് അമ്മൂസ് ചെയ്തതാണോ? ” “മ്മ്മ്….. ” വീണ്ടും അവന്റെ കണ്ണുകൾ കവറിന് ഉള്ളിലേക്ക് നീണ്ടു അതിൽ കിടക്കുന്ന കാർഡ് അവന് കൈയിലേക്ക് എടുത്തു.. Ameya weds David 19/11/2020 അതിലൂടെ അവൻ വിരലുകൾ ഒന്ന് ഓടിച്ചു…ബദ്ധപ്പെട്ട് ചുണ്ടിൽ ഒരു ചിരി ഉറപ്പിച്ചു അമ്മുവിനെ ഒന്ന് നോക്കി…. അവൾ ദൃഷ്ടി ദൂരെ എവിടെയോ പതിപ്പിച്ചു നിൽക്കുകയായിരുന്നു… “അമ്മൂസിനു തരാൻ ഞാൻ ഒന്നും കൊണ്ടുവന്നില്ലല്ലോ.. അമ്മൂട്ടന് എന്താ വേണ്ടേ?? ” “അമ്മൂന് ഒന്നും വേണ്ടാ… ഇത്രേം ഒക്കെ ആയിട്ടും അമ്മൂനെ കുറ്റപ്പെടുത്താതെ ചേർത്തു നിർത്തുന്നുണ്ടല്ലോ അത് മതി.. എല്ലാ വാശിയും സാധിച്ചു തരണ പോലെ ആദ്യം ആയും അവസാനമായും കാണണം എന്ന് വാശി പിടിച്ചപ്പോൾ കാണാൻ വന്നാലോ അതുമതി.. ” “മ്മ്മ്.. ” “ഞാൻ എന്നാ പൊയ്ക്കോട്ടേ… “നിറഞ്ഞു വരുന്ന അവന്റെ കണ്ണിലേക്കു നോക്കി അമ്മു ചോദിച്ചു..

“മ്മ്മ്… കുറ്റക്കാരി ആണെന്ന് ചിന്തിച്ചു ജീവിതം നശിപ്പിക്കരുത്… അപ്പയ്ക്കും അമ്മയ്ക്കും നല്ല മകൾ ആയിരിക്കണം… പുതിയ ജീവിതത്തിൽ സന്തോ….സന്തോഷമായി ഇരിക്കണം.. ” “മ്മ്മ്… “കൂടുതൽ ഒന്നും കേൾക്കാൻ കഴിവില്ലാത്ത പോലെ അവൾ തിരിഞ്ഞു നടന്നു… രണ്ടു ചുവടു വെച്ചതും അവൻ പിന്നിൽ നിന്നും അവളെ വിളിച്ചു.. “അമ്മൂ….. “അവൾ അവനെ തിരിഞ്ഞു നോക്കി അവിടെ തന്നെ നിന്നു. “എന്നെ ഒരു വട്ടം ഇച്ഛാ എന്ന് ഒന്ന് വിളിക്കുമോ?? നേരിട്ട് കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്… ഒരേഒരു വട്ടം.. “അമ്മു അവന്റെ മുഖത്തേക്ക് ഒരു നിമിഷം ഉറ്റു നോക്കി…. അടുത്ത നിമിഷം പരിസരം മറന്നു അവന്റെ നെഞ്ചിലേക്ക് പാഞ്ഞടുക്കുമ്പോൾ അപ്പനും അമ്മയ്ക്കും കൊടുത്ത വാക്കോ നാളെയെന്ന ചിന്തയോ അവളിൽ നിറഞ്ഞില്ല… നിസ്വാർത്ഥമായി തന്നെ സ്നേഹിച്ചവനെ മാത്രമേ അവൾ കണ്ടോള്ളൂ… അവന്റെ നെഞ്ചിലേക്ക് അവളുടെ ചുടുകണ്ണീർ പതിച്ചതും അവന്റെ കരങ്ങൾ അറിയാതെ തന്നെ അവളെ പൊതിഞ്ഞു പിടിച്ചു….

“ഇച്ഛാ….”തേങ്ങലുകൾ നേർത്തതും അവൾ വിളിച്ചു.. “എന്തോ.. ” “എനിക്ക്… എനിക്ക് എന്താ വേണ്ടത് എന്ന് ചോദിച്ചില്ലേ?? ” “മ്മ്മ്… ” “എനിക്ക് ഒരു ഒറ്റ ആവശ്യമേ പറയാൻ ഒള്ളൂ…. അത് ഇച്ഛ എനിക്ക് സാധിച്ചു തരണം.. ” “അമ്മൂസ് പറ.. ” “ഓർക്കരുത് എന്ന് ഞാൻ പറയില്ല പക്ഷെ ഇനി എന്നെ തിരക്കി വരരുത്… ദൂരെ നിന്നു എന്നെ കാണാൻ ആണേൽ പോലും വരരുത്… ഇച്ഛ എനിക്ക് വാക്ക് തരണം.. “അവന്റെ മുന്നിലേക്ക് വലത്തു കൈ നീട്ടികൊണ്ട് അവൾ പറഞ്ഞു.. അവളുടെ വാശികൾക്ക് മുന്നിൽ തോൽക്കുന്ന അവൻ ഇവിടെയും അത് തന്നെ ചെയ്തു.. അവളുടെ വലത്തു കൈയിൽ അവനും തന്റെ വലത്തു കരം ചേർത്തു.. അവന്റെ കണ്ണിലേക്കു ഒന്ന് നോക്കി അവൾ ഒന്ന് ഉയർന്നു അവന്റെ മുഖം മുഴുവൻ ചുംബിച്ചു.. ഒടുവിൽ അവന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു അവൾ തിരിഞ്ഞു നടന്നു… 💔 🌸🌸🌸🌸

രാവിലെ പത്രം വായിച്ചുകൊണ്ടിരുന്ന ആൽഫിയുടെ ഹൃദയം വിങ്ങുന്നത് പോലെ അവനു തോന്നി.. കണ്ണുകൾ ക്ലോക്കിലേക്ക് നീണ്ടു…. 8മണി ആകുന്നു… 10മണിക്ക് ഓഫീസിൽ എത്തണം…പാതി വായിച്ച പത്രം മടക്കി വെച്ചു ആൽഫി ഒരുങ്ങാൻ പോയി…… പുറത്ത് മാനം കറുത്തിരുണ്ടിരുന്നു.. ശക്തമായ കാറ്റിൽ ഉമ്മറത്തെ ടേബിളിൽ കിടന്ന പത്രത്തിന്റെ താളുകൾ മറിഞ്ഞുകൊണ്ടിരുന്നു… അമ്മു ഇപ്പോൾ മണവാട്ടി ആയി പള്ളിയിൽ എത്തിയിട്ടുണ്ടാകും…. ഒരുങ്ങുന്നതിനിടയിൽ ഈ ചിന്ത മനസ്സിലേക്ക് വന്നതും ചിരിക്കാൻ അവൻ ഒരു പാഴ്ശ്രമം നടത്തി… 🌸🌸🌸🌸🌸 ഇതേ സമയം തലയിൽ നിറയെ വൈറ്റ് റോസെസ് വെച്ച്, വെള്ള ഗൗണും അണിഞ്ഞു ബന്ധുക്കളോടൊപ്പം അമ്മു പള്ളിയിലേക്ക് വന്നു..അവളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു.. 🌸🌸🌸🌸🌸

ആൽഫി ക്രൂശിതരൂപത്തിന് മുന്നിലും അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിലും നിന്നു പ്രാർത്ഥിച്ചു അപ്പനോട് യാത്ര പറഞ്ഞു ഇറങ്ങി….. പുറത്തേക്കു ഇറങ്ങുമ്പോൾ മാനത്തു മഴക്കാർ നിറഞ്ഞിരുന്നു…. കാറ്റിൽ പത്രത്താളുകൾ മുറ്റത്തേക്ക് പറന്നു പോയതും അതെടുക്കാൻ തുനിഞ്ഞ ആൽഫിയെ വിലക്കി അപ്പൻ അവനെ യാത്രയാക്കി… അപ്പനെ ഇറുകെ പുണർന്നു അനുഗ്രഹവും വാങ്ങി ആൽഫി മുന്നോട്ട് നടന്നു… അല്പനേരത്തിനു ശേഷം ഭൂമിയിലേക്ക് മഴ പതിഞ്ഞതും മുറ്റത്ത് ഒരു കോണിൽ കിടന്ന പത്രത്തിലെ പെൺകുട്ടിയുടെ ആത്മഹത്യാ വാർത്ത മഴിയിൽ കുതിർന്നു…. 💔 മഴയുടെ ആദ്യ തുള്ളികൾ ആൽഫിയുടെ യെല്ലോ കളർ ഷർട്ടിന്റെ പോക്കറ്റിന്റെ സൈഡിലായി വന്നു പതിച്ചതും അവൻ മഴത്തുള്ളി കൈകൾകൊണ്ട് തട്ടി കളഞ്ഞു..

നെഞ്ചിൽ കൈ പതിഞ്ഞതും അമ്മുവിന്റെ ചുംബനത്തിന്റെ ചൂടിപ്പോഴും അവിടെ തങ്ങി നിൽക്കുന്നതായി അവനു തോന്നി…. അവളെ ഒന്നുകൂടെ കാണാൻ ചേർത്തു പിടിക്കാൻ അവൻ കൊതിച്ചു…. അമ്മുവിന് കൊടുത്ത വാക്ക് ഓർത്തതും അവളുടെ സന്തോഷം കരുതി എപ്പോഴും ചെയുന്ന പോലെ ആഗ്രഹം അവൻ മനസ്സിൽ ഒതുക്കി… കുട നിവർത്തി മഴയിലൂടെ അവൻ മുന്നോട്ട് നീങ്ങി…. ആരുടെയൊക്കെയോ വാശിയ്ക്ക് മുന്നിൽ കുറേ ഏറെ സ്വപ്നങ്ങൾ ഈ ലോകത്ത് ബാക്കി വെച്ചു പോയവളുടെ കണ്ണീർ പോലെ മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു….. അവൾ അവനോടു ചേരാൻ കൊതിക്കും പോലെ കാറ്റിൽ മഴത്തുള്ളികൾ അവനിലേക്ക് വീണ്ടും പതിച്ചുകൊണ്ടിരുന്നു… അവസാനിച്ചു🤍