രചന – ഊർമ്മിള മിഥിലാത്മജ
ഹോസ്പിറ്റലിൽ നിന്നു തിരിച്ചെത്തി… കുളിച്ചു റെഡിയായി ഗായത്രി പോകാൻ തയ്യാറായി നിൽക്കുമ്പോളും ദേവൂട്ടൻ നല്ല ഉറക്കം തന്നെയായിരുന്നു… നച്ചു ദേവൂന്റെ കൂടെ അവനടുത്തുന്ന് മാറാതെ കാവലിരുന്നു.. രണ്ടാളുടെയും നെറുകയിൽ ചെറിതായി മുത്തി യാത്രപറഞ്ഞിറങ്ങുമ്പോളെക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. സൂര്യൻ മാത്രമാണ് അവളെ യാത്രയാക്കാൻ പോയത്…നിറകണ്ണുകളോടെ അവളെ യാത്രയാക്കി തിരികെ വീട്ടിൽ എത്തിയ സൂര്യന് അവിടമൊരു മരണവീട് കണക്കെ തോന്നി.. തനിക്കു ചുറ്റുമുള്ള മുഖങ്ങളിലാകെ കണ്ണീരിന്റെ നിഴലാട്ടം… രാഖിയുടെ മടിയിൽ തലവച്ചു കിടക്കുന്ന കുരുന്നുകൾ കരഞ്ഞു തളർന്നിരുന്നു എന്നവന് മനസ്സിലായി. പറയുവാനോ ആശ്വസിപ്പിക്കുവാനോ വാക്കുകൾ കയ്യിലില്ല എന്ന് മനസ്സിലായ സൂര്യൻ നേരെ മുറിയിലേക്ക് നടന്നു..
മുറിയിലായിരിക്കുമ്പോളും അവനാകെ ഒറ്റപ്പെട്ടതുപോലെ തോന്നി.. ഇന്നലെവരെ തനിക്ക് കൂട്ടായി ഈ മുറിയിൽ സ്നേഹം കൊണ്ടു പൊതിയുന്ന ഒരു പെണ്ണുണ്ടായിരുന്നു.. അവളുടെ കളിചിരികളും പരിഭവങ്ങളും ഉണ്ടായിരുന്നു.. ഇന്നിവിടെ താൻ തീർത്തും ഒറ്റപ്പെട്ടുപോകുന്നു . അരികിൽ അവളുടെ സാന്നിധ്യം കൊതിക്കുന്നു… അവനറിയാതെ തന്നെ അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ നിറഞ്ഞൊഴുകിയിരുന്നു…എത്ര മണിക്കൂറുകൾ അങ്ങനെ കടന്നുപോയി എന്നത് അവനറിവുണ്ടായിരുന്നില്ല. കണ്ണുകളിലാകെ കുഞ്ഞിക്കൈകൾ തഴുകി നടന്നപ്പോളാണ് കണ്ണ് തുറന്നത് ..കുറുമ്പന്മാർ രണ്ടും കട്ടിലിൽ ഇരുപ്പുറപ്പിച്ചിരുന്നു. മെല്ലെ എഴുന്നേറ്റ് മുഖത്തൊരു ചിരി വരുത്തി അവരെ നെഞ്ചോടു ചേർത്ത് വീണ്ടും കാട്ടിലിലേക്ക് ചാഞ്ഞു…
ഗായു പോകണ്ടായിരുന്നുലേ സൂര്യാ…. ഗായു ഉള്ളപ്പോൾ എന്ത് രസായിരുന്നു.. എന്തിനാ നമ്മളെ ഒറ്റക്ക് വിട്ടിട്ട് ഗായു പോയത്… ഗായു ന് എന്ത് വേണമെങ്കിലും നമ്മൾ വാങ്ങിക്കൊടുക്കുമായിരുന്നല്ലോ??? സൂര്യന്റെ കയ്യിൽ പൈസയും ഉണ്ടായിരുന്നല്ലോ.. പിന്നെയും എന്തിനാ ഗായു നെ പറഞ്ഞു വിട്ടത്… ആ കുഞ്ഞുമിഴികളിൽ അവനോടുള്ള പരിഭവം നിറഞ്ഞു നിന്നിരുന്നു…അങ്ങനെയല്ല മക്കളെ.. എല്ലാ പെൺകുട്ടികളുടെയും ആഗ്രഹം ആണ് സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി എന്നത്.. നാളെ ഗായുന് എന്തെങ്കിലും ആവശ്യം വന്നാൽ അപ്പോൾ ഗായു സൂര്യന്റെ മുൻപിൽ കൈനീട്ടി നിൽക്കണ്ടേ?? സൂര്യന് അപ്പോൾ ഗായുന്റെ ആവശ്യം നിറവേറ്റാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ ഗായു ന് അപ്പോൾ തോന്നില്ലേ ആ ജോലി ഉണ്ടായിരുന്നെങ്കിൽ ന്ന്. അപ്പോൾ ഗായുന് നമ്മളോട് ദേഷ്യം തോന്നില്ലേ നമ്മൾ സമ്മതിക്കാത്തത് കൊണ്ടാണ് പോകാൻ പറ്റാത്തത് ന്ന്… മാത്രവുമല്ല ഇത്രയും നന്നായി പഠിച്ചുവന്ന ഗായുവിനെ വീട്ടുജോലി ചെയ്യാൻ ഇവിടെ പിടിച്ചു നിർത്തുന്നത് നമ്മൾ ചെയ്യുന്ന തെറ്റല്ലേ .. ഇന്ന് നമ്മൾ ഇത്തിരി വേദനിച്ചാലും നാളെ ഗായു നമ്മളെ വെറുക്കാതിരിക്കാൻ നമ്മൾ ഗായുനെ ജോലിക്ക് വിട്ടേ മതിയാകു…അപ്പോൾ ഇപ്പൊ ഗായുന് നമ്മളോട് സ്നേഹം കൂടുമായിരിക്കും അല്ലേ സൂര്യാ.. കുറുമ്പുകളുടെ മുഖത്തു വീണ്ടും സന്തോഷം തിരിച്ചെത്തിയിരുന്നു… അവരുടെ സ്നേഹം സൂര്യന് ഒരത്ഭുതമായി തോന്നി അവനവരെ ഇറുകെ പുണർന്നു.. എങ്ങനെയാണ് നിങ്ങൾക്കിങ്ങനെ സ്നേഹിക്കാൻ കഴിയുന്നത് മക്കളെ.. ജീവിതത്തിലെ ഓരോ സെക്കന്റിലും നിങ്ങളെന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു… ആ രാത്രിയങ്ങനെ കഴിഞ്ഞു പോയി കൊണ്ടിരുന്നു. നെഞ്ചോടൊട്ടി കിടന്ന ദേവൂനേം നച്ചൂനേം ഒന്നുകൂടി ചേർത്ത് പിടിച്ചു സൂര്യനും ഉറക്കത്തിലേക്ക് വഴുതി വീണു…
🍂🍂🍂🍂🍂🍂🍂🍂🍂🍂
ഹെലോ സൂര്യ ദേവൂട്ടന് പനികുറഞ്ഞോ???
പിറ്റേന്ന് കാലത്ത് സൂര്യൻ പറമ്പിൽ പണി ചെയ്തു നിൽക്കുമ്പോളാണ് ഗായു ന്റെ കോൾ..ആഹാ താൻ അതും ഓർത്തോണ്ടിരിക്കുവാണോ?? അവനിന്നലേ തന്നെ പനിയൊക്കെ മാറി ദേ രണ്ടും കൂടെ ഇവിടെ കിടന്നു കളിക്കുന്നുണ്ട്?എനിക്കിവിടെ പിന്നെ എന്താ ആലോചിക്കാൻ ഉള്ളത്.. നാളെയാ ജോയിൻ ചെയ്യണ്ടത്. അതുകൊണ്ട് ഇന്ന് അങ്കിളിന്റെ വീട്ടിൽ.. ആന്റി ടെ കൂടെ ഇന്ന് ഇവിടൊക്കെ ഒന്നു കറങ്ങാൻ പോകണം . ആന്റി ഭയങ്കര സന്തോഷത്തിൽ ആണ് .. കുറെയായി ഇവിടെയൊക്കെ വന്നിട്ട്.. ആഹ ഇയാളവിടെ കറങ്ങിനടപ്പാലെ പാവം ഞാനും ന്റെ ചെക്കന്മാരും രണ്ട് മാസം ആവാൻ നോക്കിയിരിക്കാന്നു മറന്നു പോവണ്ട ട്ടോ??
ഓഹോ അങ്ങനെ ആയിരുന്നോ?? ഞാൻ അറിഞ്ഞില്ലല്ലോ. അവൾ അവനെ കളിയാക്കി മറുപടി പറയുമ്പോളേക്കും നച്ചു അവന്റെ കയ്യിൽ ന്ന് ഫോൺ തട്ടിപ്പറിച്ചു കഴിഞ്ഞിരുന്നു ഗായു… ഞാനാ നച്ചുവാ ഗായുന് സുഖവാണോ അവിടെ?? എപ്പോഴാ ചെന്നത്?ആഹാ ആരിത് ന്റെ കുറുമ്പന്മാര് എന്താ പരിപാടി… ഗായുന് സുഖവാടാ .. ഇന്നലെ രാത്രി ഇങ്ങെത്തി… പിന്നെ കുട്ടിമണീസ് കാപ്പികുടിയൊക്കെ കഴിഞ്ഞോ ???പിന്നെ കഴിഞ്ഞല്ലോ ??? ഞങ്ങള് സൂര്യന്റെ കൂടെ പറമ്പില… ദേവൂട്ടന്റെ ആയിരുന്നു മറുപടി. ആഹാ അമ്പട കള്ളച്ചെറുക്കാ നീ പനിയും പിടിച്ചു കളിച്ചു നടക്കുവാണോ ?? വെയിലത്തു കിടന്ന് ഓടിക്കളിക്കാതെ തണലത്ത് കേറി ഇരിക്ക് ട്ടോ…ആ അതൊക്കെ ഇരുന്നോളാം.. പിന്നെ ഗായു എപ്പോഴാ വരുന്നേ??ഞാനിന്നലെ ഇങ്ങോട്ട് വന്നതല്ലേ ഒള്ളു ദേവൂട്ട… ഇനി രണ്ടുമാസം കഴിഞ്ഞല്ലേ വരാൻ പറ്റു.അപ്പുറത്തെ മൗനം അവളിലും വേദന സൃഷ്ടിച്ചു ഏങ്കിലും അവൾ അത് സമർത്ഥമായ് മറച്ചുകൊണ്ട് സംസാരം നിർത്തി…കുരുന്നുകളിൽ വീണ്ടും സങ്കടം നിറയുന്നത് സൂര്യൻ വേദനയോടെ നോക്കിനിന്നു…ഗായു നമ്മളെയൊക്കെ മറന്നെന്നു തോന്നുന്നല്ലേ ദേവൂ… നച്ചു സങ്കടത്തോടെ പറഞ്ഞു…ഏയ് ഗായു പുതിയ സ്ഥലത്തു ചെന്നതല്ലേ അതിന്റെ സന്തോഷം ആവും .. സാരമില്ല കുറച്ച് ദിവസം കഴിഞ്ഞു സൂര്യൻ നമ്മളെയും കൊണ്ടുപോകും ദേവു അവനെ ആശ്വാസിപ്പിച്ചു…
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
ശരിയാണ് പെണ്ണിന്റെ മനസ്സ് ഇനിയും ചുരുളഴിയാത്തൊരു രഹസ്യം തന്നെയാണ്.. ഒരുവളെ പൂർണമായും മനസ്സിലാക്കുക എന്നത് ഒരു പുരുഷന് ഒരിക്കലും സാധിക്കാത്ത കാര്യവും.സ്നേഹം എന്ന കടലിനെ മാത്രംലക്ഷ്യമാക്കി ഒഴുകുന്ന ഒരു പുഴപോലെയാണ് പെൺമനസ്സെന്ന് പലപ്പോഴും തോന്നാറുണ്ട്…ചിലപ്പോഴൊക്കെ
സ്നേഹം കൊണ്ട് മാത്രം കീഴ്പ്പെടുത്താൻ പറ്റുന്ന പോരാളിയെപ്പോലെ… മറ്റുചിലപ്പോൾ പ്രണയം മാത്രം കൈപ്പറ്റുന്ന ദാസിയെപ്പോലെ.. എത്രകണ്ടവളെ സ്നേഹിക്കുന്നുവോ അത്രമേൽ അവൾ നമ്മുടെ കാൽക്കീഴിൽ സ്വയം തളച്ചിടുന്നു…
അമ്മയെപ്പോലെചിലർ….
സാഹചര്യങ്ങൾക്കനുസരിച്ചു മാറാനും.. അകലങ്ങളിൽ ഇരുന്നു ഹൃദയം പങ്കുവക്കാനും അവൾക്ക് പ്രേത്യേക കഴിവുതന്നെയാണ്.. മനുഷ്യമനസ്സിന്റെ വ്യതിയാനങ്ങളെ അവളോളം മനസ്സിലാക്കാൻ ഒരു പുരുഷനും ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം… കുടിലിലും കൊട്ടാരത്തിലും ഒരേ സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്ന ചിലർ ഗായത്രിയെപ്പോലെ..രണ്ടുപേരും പെണ്ണാണ് പക്ഷെ ഒരാൾ കുടുംബം എന്ന വ്യവസ്ഥിതിയിൽ മനസ്സുടക്കി ഭർത്താവിനും മക്കൾക്കും മാത്രമായി ജീവിതത്തിന്റെ നല്ല ഭാഗവും വീട്ടിലും അടുക്കളയിലും ചിലവിടുമ്പോൾ.. മറ്റൊരുവൾ ജീവിതം എന്ന ലക്ഷ്യപൂർത്തീകരണത്തിനായി ഓഫീസിലും പുറത്തുമായ് സമയം ചിലവിടുന്നു.. രണ്ടുപേരുടെയും ലക്ഷ്യം ഒന്നാണ് കുടുംബം എന്നത് … എന്നാൽ ചിലരതിനെ വൈകാരികമായി കാണുമ്പോൾ മറ്റു ചിലർ അത് തന്റെ കടമയായി ഏറ്റെടുക്കുന്നു..സൂര്യന്റെ മനസ്സിൽ രണ്ടുസ്ത്രീകൾ ഉഗ്രതേജസ്സോടെ വെട്ടിത്തിളങ്ങി നിന്നു.. ഒന്നു നിറചിരിയോടെ തന്നെ വീട്ടിലേക്കു സ്വീകരിക്കുന്ന അമ്മയും.. സ്വപ്നസാക്ഷാത്കാരത്തിനായി പറന്നുയരുന്ന ഭാര്യയും… അവനവരോട് ബഹുമാനം തോന്നി… അവരുടെ സ്നേഹത്തോട് അസൂയയും..
🍂🍂🍂🍂🍂🍂🍂🍂🍂
രണ്ടു ദിവസങ്ങൾ പിന്നെയും ഇഴഞ്ഞു നീങ്ങി… രാവിലെയും വൈകിട്ടും മുടങ്ങാതെ അവളുടെ കാൾ അവനെ തേടിയെത്തി… സങ്കടം നിഴലിച്ച മുഖങ്ങളിൽ വീണ്ടും പുഞ്ചിരി നാമ്പിട്ടു തുടങ്ങി… മനുഷ്യമനസ്സ് അങ്ങനെയുമാണ്. മുറിവേറ്റ ഓർമകൾക്ക് മേൽ മറവിയെന്ന മുറിവൈദ്യം കൊണ്ടത് ആശ്വാസം പകരാൻ ശ്രമിച്ചുകൊണ്ടേയിരിക്കും…പകലിന്റെ ഓട്ടപ്പച്ചിലുകൾക്ക് അറുതി വരുത്തി ഇരുട്ടിന്റെ കരിമ്പടം പുതച്ചു ഗ്രാമം ഉറക്കത്തിലേക്ക് വഴുതിവീണപ്പോഴാണ്.. സൂര്യന്റെ ഫോണിലേക്ക് ഗായത്രിയുടെ കാൾ വന്നത്…ഹലോ എന്താടോ ഈ നേരത്ത് ഉറക്കമൊന്നുമില്ലേ??എന്തെന്നറിയില്ല സൂര്യാ ഉറക്കം വന്നില്ല… എല്ലാവരും എന്ത്യേ ഉറങ്ങിയോ??ആഹാ അത്കൊള്ളാം നട്ടപാതിരാത്രിക്ക് വിളിച്ചു എല്ലാവരും എന്ത്യേ ന്നോ???ആ നട്ടപാതിരാത്രി ആണോ ഞാനോർത്തു പട്ടാപ്പകൽ ആവുംന്ന്..നാക്കിനൊരു കുറവുമില്ലല്ലേ ന്റെ പൊന്നെ…ആ അത് കുറയും ന്ന് തല്ക്കാലം മോൻ മനക്കോട്ട കെട്ടണ്ട കേട്ടോ….ഓഹ് അങ്ങനെയുള്ള ദുരാഗ്രഹങ്ങളൊന്നും എനിക്കില്ലടൊ., നാളെ വർക്ക് ഉള്ളതല്ലേ മോളുപോയി ഉറങ്ങാൻ നോക്ക്.. എനിക്ക് ഉറക്കം വരുന്നു…
ഹോ എന്റെ ദൈവമേ ഇങ്ങനൊരു അൺറൊമാന്റിക് മൂരാച്ചി കെട്യോനെ ആണല്ലോ നീയെനിക്ക് തന്നത്… അവൾ പരിഭവം പറഞ്ഞു…നീയിങ്ങു വാ കേട്ടോ?? സൂര്യന്റെ റൊമാൻസ് എന്തുവാ ന്ന് ഞാൻ നിനക്ക് കാണിച്ചു തരാം … ഇപ്പൊ തല്ക്കാലം മോള് പോയി കിടക്ക്…അതിന് നിങ്ങൾ വാതിൽ തുറന്നാലല്ലേ എനിക്ക് ഉറങ്ങാൻ പറ്റു.. എത്രനേരമായി ഞാൻ ഈ വാതുക്കൽ കൊതുകുകടിയും കൊണ്ട് നിൽക്കുന്നു.. എഹ്… എന്തുവാ…കുന്തവാ … വായും പൊളിച്ചു നിൽക്കാതെ വന്നു വാതിൽ തുറക്ക് മനുഷ്യ…ഒറ്റ ഓട്ടത്തിന് സൂര്യൻ പോയി വാതിൽ തുറക്കുമ്പോളേക്കും ആ വീട്ടിലെല്ലാവരും ഉണർന്നിരുന്നു..വാതുക്കൽ പെട്ടിയും ഭാണ്ഡവുമായി വന്നു നിൽക്കുന്ന അവളെ അവരെല്ലാവരും അത്ഭുതത്തോടെ നോക്കിനിന്നു… അവളെ കാണെ ആ മുഖങ്ങളിലെല്ലാം ചിരി പരന്നു…
കണ്ണും തിരുമ്മി എഴുന്നേറ്റ് വന്ന കുറുമ്പന്മാർ കണ്ടത് ചിരിയോടെ നിൽക്കുന്ന ഗായത്രിയെയാണ് ഒറ്റഓട്ടത്തിന് അവളെ കെട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു കുറുമ്പന്മാർ..ഗായു എന്താ ഇത്രപെട്ടന്ന്.. നച്ചു ന്റെ ചോദ്യം ആയിരുന്നു അത്…അയ്യടാ നിനക്കൊക്കെ എന്നെ കാണാതെ ഇരിക്കാൻ പറ്റുവെങ്കിലും എനിക്ക് അങ്ങനെ പറ്റില്ലട്ടോ??ന്റെ കുറുമ്പന്മാരും കുടുംബവും ഒന്നുമില്ലാതെ എനിക്ക് പറ്റില്ല… ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ട് പോലെ ആയിരുന്നു എനിക്ക്… പിന്നെ ന്നെ കാണാതെ ന്റെ കുറുമ്പന്മാർ ഉറങ്ങില്ലന്നറിയാവുന്നോണ്ട് ജോലി വേണ്ടന്ന് വച്ചിങ് പോന്നു…എന്നിട്ട് ദേ ഇവിടെ വന്നുനോക്കുമ്പോൾ ഉണ്ട് പോത്തുപോലെ കിടന്നുറങ്ങുവാ കുരങ്ങന്മാർ അവൾ ദേവൂട്ടന്റെയും നച്ചൂട്ടന്റെയും ചെവിക്ക് പിടിച്ചു.അവരവളെ ഇറുക്കി കെട്ടിപ്പിടിച്ചു…
എന്റെ അച്ഛന്റെ തിരക്കുകൾ കാരണം എനിക്ക് നഷ്ട്ടമായിപോയൊരു ബല്യമുണ്ടായിരുന്നു.. ഒറ്റക്കിരുന്നു മടുത്ത ഒരു ബാല്യം.. എന്നോട് സംസാരിക്കാനോ ഞാൻ പറയുന്നത് കേൾക്കാനോ ആരുമില്ലാത്ത കാലം.. ഇവിടെ വന്നപ്പോളാ എനിക്കെല്ലാവരും ഉണ്ടായത്… അച്ഛനും അമ്മയും അനിയന്മാരും എല്ലാവരും… ഒരിക്കൽ ഞാനൊഴുക്കി തീർത്ത കണ്ണുനീരിന്റെ ഫലമായിട്ട ദൈവം എന്റെ കയ്യിലേക്ക് ഈ കുടുംബം വച്ച് തന്നത്.. അത് വേണ്ടന്ന് തട്ടിത്തെറിപ്പിച്ചു പോകാൻ എനിക്ക് പറ്റില്ല അച്ഛാ.. അതുകൊണ്ട ഞാൻ തിരിച്ചു പോന്നത്.. ദേവനെ നോക്കിയായിരുന്നു അവളത് പറഞ്ഞത്..അയാളുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു.. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി നിന്നപ്പോൾ വാത്സല്യത്തോടെ അവളുടെ നിറുകയിൽ തലോടുക മാത്രം ചെയ്തു ദേവൻ…അല്ലടോ തന്റെ ആഗ്രഹം അല്ലായിരുന്നോ ആ ജോലി..അത്…ഒരു അതും ഇല്ല സൂര്യ അതിലും വലുതാണ് എനിക്ക് ഈ കുടുംബം.. പിന്നെ സൂര്യൻ പേടിക്കുന്നപോലെ ഈ കുടുംബം കാരണം ആണ് എനിക്ക് ജോലിക് പോകാൻ പറ്റാതത് എന്ന ഒരു പരാതിയും എനിക്കുണ്ടാവില്ല. ഇതെന്റെ വീടാണ് സൂര്യാ.. ഞാൻ ഇവിടുത്തെ പെണ്ണും പിന്നെ ഞാനെങ്ങനെ അങ്ങനെ ചിന്തിക്കും. ഇനിയും എന്നെ മറ്റൊരാളായി കാണാതിരിക്കാൻ ശ്രമിച്ചൂടെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു…
അതെ എന്റെ കുഞ്ഞുവാവക്ക് അച്ഛമ്മേടെ ദോശപ്പാപ്പം കഴിക്കാൻ വിശക്കുന്നുണ്ട് കേട്ടോ… രാഖിയെ നോക്കിയവൾ നാണത്തോടെ പറയുമ്പോളേക്കും അവരോടിയവളുടെ അടുത്തെത്തിയിരുന്നു… അവളെ സൂര്യന്റെ നെഞ്ചിൽ നിന്നടർത്തി മാറ്റി അവരവളുടെ നെറുകയിൽ തുരുതുരാ ഉമ്മ കൊടുത്തു …അവൾ പറയുന്നത് വിശ്വസിക്കാനാവാതെ അവളെ നോക്കി നിൽക്കുകയായിരുന്നു. ദേവനും സൂര്യനും…ദേവൻ മെല്ലെ വന്നവളുടെ നെറുകയിൽ തലോടി അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു… അപ്പോളും അവളുടെ കണ്ണുകൾ സൂര്യനിൽ തന്നെ ആയിരുന്നു…അവനും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. അവന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ ജലകണങ്ങൾ മിന്നിത്തുടങ്ങിയിരുന്നു.. മെല്ലെ അവളെ തന്നോട് ചേർത്ത് നിർത്തി സൂര്യൻ അവളുടെ നെറുകയിൽ ചുംബിക്കുമ്പോളേക്കും ദേവൂട്ടൻ ദേഷ്യപ്പെട്ടു തുടങ്ങിയിരുന്നു.. ഗായുന് വിശക്കുന്നു ന്നല്ലേ പറഞ്ഞത് അപ്പോളേക്കും എല്ലാവരുംകൂടി കെട്ടിപ്പിടിച്ചു ഉമ്മകൊടുക്കുവാണോ ചെയ്യുന്നേ.. കഴിക്കാൻ കൊടുക്കുവല്ലേ വേണ്ട..വാ ഗായു ഞാൻ എടുത്തു തരാം അവൻ അവളുടെ കയ്യിൽ പിടിച്ചു മെല്ലെ നടക്കാൻ തുടങ്ങി…
രാഖി അവന്റെ തോളിൽ പിടിച്ചവനെ തനിക്കഭിമുഖമായി നിർത്തി.. അവനുമുൻപിൽ മുട്ടുകുത്തിയിരുന്നു.അതെ ദേവൂട്ട… ഗായു പറഞ്ഞത് അച്ഛമ്മേടെ ദോശപ്പാപ്പം കഴിക്കാൻ ഗായുന്റെ കുഞ്ഞുവാവക്ക് വിശക്കുന്നു എന്ന…അതിന് ഗായുന് കുഞ്ഞുവാവ ഇല്ലല്ലോ.അവൻ വീണ്ടും സംശയത്തോടെ ചോദിച്ചു…ഗായുന് കുഞ്ഞുവാവ ഉണ്ട് ദേ ഇവിടെ.. വയറിലേക്ക് ചൂണ്ടിക്കാണിച്ചു ഗായത്രിയാണ് ആവനോട് മറുപടി പറഞ്ഞത്…ദേവൂട്ടനും നച്ചൂട്ടനും അവളെ വട്ടം കെട്ടിപ്പിടിച്ചു.. അവളുടെ സാരി മെല്ലെ നീക്കി അവർ കുഞ്ഞുവാവക്ക് മുത്തം കൊടുത്തു അവളവരുടെ നെറുകയിൽ മെല്ലെ തലോടി…പിന്നീട് ആ വീട് അവളെ കഴിപ്പിക്കാനുള്ള താത്രപ്പാടിൽ ആയിരുന്നു…അച്ഛനും അമ്മയും മൂന്ന് ആൺമക്കളും കൂടി അവളെ നിലത്തും തറയിലും വക്കാതെ കൊണ്ട് നടക്കുകയായിരുന്നു ആ ദിവസങ്ങളിൽ …
🍂🍂🍂🍂🍂🍂🍂🍂🍂
ഹലോ കുഞ്ഞുവാവേ ചെറിയച്ഛൻ ദേവൂ കാളിങ് വാവച്ചി വല്ലതും കഴിച്ചായിരുന്നോ?? വിശക്കുന്നുണ്ടേൽ ഒരു സിഗ്നൽ കൊടുത്താൽ മതി കേട്ടോ ചെറിയച്ഛൻ ആഹാരം അങ്ങെത്തിക്കാംതിണ്ണയിൽ ഗായത്രിയുടെ മടിയിൽ കിടന്നു കൊണ്ട് അവളുടെ നിറവയറിൽ ചെവി വച്ച് സംസാരമാണ് ദേവൂവും നച്ചുവുംആഹാ അതെന്ത് സിഗ്നൽ ആട . അവർക്കടുത്തായി ഇരിക്കുന്ന സൂര്യൻ സംശയത്തോടെ അവരെ നോക്കി.. ഓഹ് ഈ സൂര്യന് ഒരു കുന്തവും അറിയില്ല അത് കുഞ്ഞിപ്പെണ്ണും ചെറിയച്ഛൻമാരും തമ്മിലുള്ള കരാറാ… കുഞ്ഞിപ്പെണ്ണിന് വിശക്കുമ്പോള അവള് ഗായുനെ ചവിട്ടുന്നത്….അല്ലെ ഗായു…അവൻ ആകാംഷയോടെ അവളെ നോക്കി…
പിന്നല്ലാതെ ഗായു മറുപടി പറഞ്ഞു..ഓഹോ അങ്ങനെയാണോ?? അല്ല കുഞ്ഞിപ്പെണ്ണാന്ന് ചെറിയച്ഛന്മാർ അങ്ങുറപ്പിച്ചോ?? ദേവനാണ്.. ചോദ്യം എറിഞ്ഞത്…അതെയതെ ഗായുനെപ്പോലെ ഒരു ചുന്ദരി വാവപ്പെണ്ണ്.. നച്ചു മറുപടി പറഞ്ഞു…എനിക്ക് ഉണ്ണിക്കണ്ണനെമതിയെങ്കിലോ ? ഗായു കുസൃതിയോടെ അവന്റെ മൂക്കിൽ പിടിച്ചു ചോദിച്ചു…എന്റെ ഗായു ഇത്രയും ഉണ്ണിക്കന്മാരെ കിട്ടിയിട്ടും മതിയായില്ലേ..ദേവു പരിഭവത്തോടെ സൂര്യനെയും നെച്ചുവിനെയും അവനെയും ചൂണ്ടി കാണിച്ചു.. രാഖിയും ദേവനും സൂര്യനും തലയുംകുത്തികിടന്നു ചിരി തുടങ്ങി… പതിയെ അതൊരു കൂട്ടച്ചിരിയിലേക്ക് വഴിമാറി….അമ്മേ… പെട്ടന്നാണ് ഗായത്രി ചെറുതായി കരഞ്ഞത്…എന്തുപറ്റി ഗായു ..ദേവുവും നച്ചുവും ആകാംഷയോടെ ചോദിച്ചു…ചവിട്ടുന്നെടാ… അവൾ ചിരിയോടെ മറുപടി പറഞ്ഞു…അമ്പടി കുഞ്ഞിപ്പെണ്ണേ നീ നല്ല പോളിംഗ് ആണല്ലോ.. അതും പറഞ്ഞു ദേവു അവന്റെ കയ്യിലിരുന്ന ആപ്പിൾ കഷ്ണം മുറിച്ചു ഗായത്രിയേ നിർബന്ധിപ്പിച്ചു കഴിപ്പിച്ചു…
ഹലോ കുഞ്ഞുവാവേ ചെറിയച്ഛൻ കൊടുത്തു വീട്ടിട്ടുണ്ടേ പുറത്ത് വന്നിട്ട് ബിക്കറ്റ് പാപ്പം വാങ്ങി തരാവേ..ഇത്തവണ നച്ചുന്റെ വക ആയിരുന്നു ഇൻഫെർമേഷൻ..വീണ്ടും ചിരിയൊച്ചകൾ ഉയർന്നു കേട്ടു… കളങ്കമേൽക്കാത്ത മനസ്സുമായി ആ കുടുംബം കാത്തിരുപ്പ് തുടർന്നുകൊണ്ടിരുന്നു.. അകത്തളങ്ങളിൽ നാളെ ഉയർന്നുകേട്ടേക്കാവുന്ന കുഞ്ഞിചിരികൾക്കും കൊഞ്ചിക്കരച്ചിലുകൾക്കുമായി..കുഞ്ഞിപ്പെണ്ണിന് അപ്പാപ്പം വാങ്ങിക്കാൻ ചെറിയച്ഛന്മാരുടെ കുടുക്ക ഓരോ ദിവസവും കനം വച്ചു വന്നു… കുഞ്ഞിക്കാലുകളിൽ കാത്തളകൾ കിലുക്കി ഒരു ഉണ്ണിക്കണ്ണനോ കുഞ്ഞിപ്പെണ്ണോ പടികടന്നു വരുന്നതും കാത്ത് വയലിൻ നടുവിലെ നാലുകെട്ടിന്റെ വാതിലുകൾ മലർക്കേ തുറന്നു തന്നെ കിടക്കുന്നു…
🍂🍂🍂🍂🍂🍂🍂🍂🍂🍂
ഇനി അവരുടെ സ്വർഗം.. ഇനിയവർ ജീവിക്കട്ടെ.. നമ്മുടെ യാത്ര ഇവിടെ അവസാനിക്കുന്നു…സൂര്യനുംഗായുവും കുഞ്ഞുവാവയും അവരുടെ കുടുംബവുംഎന്നും സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. അവസാനം നന്നായോ എന്നറിയില്ല.ഇഷ്ടം ആയാലും ഇല്ലേങ്കിലും നാല് വാരി എനിക്ക് വേണ്ടി..എല്ലാവർക്കും മറൂപടി തരാൻ പറ്റിയില്ല എക്സാം തിരക്കിൽ ആയിരുന്നു.. ദേഷ്യം ഒന്നും തോന്നേണ്ട ട്ടോ.. അപ്പോൾ ഇനി അടുത്ത കഥയും ആയി കാണാം….

by