24/06/2026

മാഷേ ഒരു കഥയെഴുതുവോ?

മാഷേ ഒരു കഥയെഴുതുവോ?

മനസൊന്നു തണുക്കണം. ഇത്തിരി വാത്സല്യം വേണം.

ആ… നോക്കാം മാഷേ.
നോക്കാം എന്നുപറഞ്ഞാൽ ചെയ്യണം. അതൊരു പ്രതീക്ഷയല്ലേ? നമ്മളു പറ്റില്ല എന്നൊരു വാക്ക് പറയും വരെ കാത്തിരിക്കാനുള്ള ഒരു പ്രതീക്ഷ.

ടേബിൾ ലാംപ് ഓൺ ചെയ്തു. തുറന്നിട്ട ജനാവാതിലിലൂടെ തണുത്ത കാറ്റു അനുവാദം ചോദിക്കാതെ അകത്തേക്ക് കയറി വരുന്നുണ്ട്. മനസിനെയും ശരീരത്തെയും കുളിരണിയിപ്പിച്ചുകൊണ്ട്.

മുറ്റത്തെ ചാമ്പങ്ങ മരത്തിൽ നിറയെ പഴുത്ത ചാമ്പങ്ങകൾ നിറഞ്ഞു നിൽക്കുന്നു . തൊഴുത്തിന് മുന്നിൽ തെളിയിച്ച മഞ്ഞ വെളിച്ചത്തിൽ മഞ്ഞിൽ മുങ്ങി നിൽക്കുന്ന ചാമ്പങ്ങകൾക്കെല്ലാം നല്ല തിളക്കം. ഒരുപാട് ചാമ്പക്കകൾ നിലത്തു കൊഴിഞ്ഞു കിടക്കുന്നു. ഇന്നിതു ആർക്കും വേണ്ടാതെ.

കുട്ടികാലത്തു ആണെങ്കിൽ താഴെ പോയിട്ട് മരത്തിൽ പോലും ഒന്നും ഉണ്ടാവാറില്ല. കണ്ണനും. അച്ചുവും. ഹരികുട്ടനും ഞാനും എല്ലാവരും ചേർന്നാൽ നിലത്തു വീഴാൻ പോയിട്ട് മുകളിൽ ഉള്ളതുകൂടി തീർക്കും.

ഞങ്ങളു ആൺകുട്ടികൾ മരത്തിൽ കയറി കുലുക്കുമ്പോൾ പെൺകുട്ടികൾ താഴെ പാവാട മടക്കി പിടിക്കും. അടർന്നു വീഴുന്നതെല്ലാം മണ്ണ് പറ്റാതെ കഴിക്കാൻ.

അടുക്കളയിൽ നിന്നു ഉപ്പും. മുളകും എടുത്തിട്ട് പിന്നാമ്പുറത്തെ കുഞ്ഞിഇറയത്തു വന്നിരുന്നു കഴിക്കുമ്പോൾ ഉണ്ടല്ലോ ഹോ. ആ ഒരു അനുഭൂതിയെ ഏതു വാക്കുകൾ കൊണ്ടാണ് എഴുതി ചേർക്കുക.

ആ ഓർമകളിൽ കൂടി സഞ്ചരിക്കാൻ പോലും എന്തു രസമാണ്.

കിഴക്കേലെ ദിവാകരേട്ടന്റെ മുറ്റത്തു വെളിച്ചമുണ്ട്. രാധേടത്തി കാത്തിരിക്കയാകാം ഒരുപക്ഷേ. ആഴ്ചയിൽ ഒരു ദിവസമേ ദിവാകരേട്ടൻ വരുള്ളൂ. വരുമെന്ന് പറഞ്ഞിട്ടൊന്നുമുണ്ടാകില്ല എന്നാലും അവസാന ബസ് പോകുന്ന വരെയും ഉമ്മറത്തെ വെളിച്ചം തെളിഞ്ഞു കാണാം.

ഒരു സഞ്ചിയിൽ അപ്പുവിനുള്ള പലഹാരമായിരിക്കാം. അല്ലെങ്കിൽ ബസ് സ്റ്റാൻഡിൽ നിന്നു വാങ്ങിയ കപ്പലണ്ടി പൊതികളായിരിക്കാം. അപ്പുവിന്റെ സന്തോഷം. അല്ല അതിനപ്പുറം കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം അവന്റെ അച്ഛനെ കണ്ടതിന്റെ സന്തോഷം ആയിരിക്കാം ആ കുഞ്ഞു മനസ്സിൽ.

ദിവാകരേട്ടൻ വരുന്ന ദിവസം ആ ബൾബിനു പതിവിലേറെ പ്രകാശം എനിക്കു തോന്നിയിരുന്നു.

അല്ലെങ്കിലും പ്രതീക്ഷകൾ യഥാർഥ്യമാകുമ്പോൾ അതിനൊരു വല്ലാത്ത തിളക്കമാണ് അല്ലേ?

കടലാസുകൾക്കുമേൽ പേന ചലിക്കുന്നത് ചിന്തകളാണല്ലോ.

വാക്കുകൊടുത്തവൾക്ക്. മനസിനെ തണുപ്പിക്കുന്ന വാത്സല്യം നിറഞ്ഞ കഥയാണ്‌ വേണ്ടത്.

അമ്മയോളം വാത്സല്യം നമ്മളൊക്കെ വേറെ ഇവിടെ നിന്നെങ്കിലും അനുഭവിച്ചിട്ടുണ്ടോ.?

ഉണ്ടെങ്കിൽ പറയണം. വെട്ടുകല്ല് കൊണ്ടു അര മതിൽ കെട്ടിയ കിണറ്റിൽ നിന്നു തൊട്ടിയിൽ വെള്ളം കോരി നിറച്ചു. തലവഴി ഒഴിക്കുമ്പോൾ കിട്ടുന്ന ഒരു തണുപ്പും എനിക്കു മഞ്ഞുമലകൾ തേടിയുള്ള യാത്രയിൽ കിട്ടിയിട്ടില്ല.

ചെറുപയർ പൊടിയും. വാസന സോപ്പിന്റെയും തേച്ചുരച്ച ചകിരിയുടെ ചുട്ടുനീറ്റവും കൂടി ചേർന്ന കുളിക്കു എന്തൊരു അഴകാണ്.
പോരാത്തത് കോട്ടൺ സാരികൊണ്ട് ഒന്നുടെ തല തോർത്തി പിന്നാമ്പുറത്തെ അമ്മിതറയിൽ വെച്ചിരിക്കുന്ന രാ സ്നാദിപൊടി ഒരു നുള്ള് എടുത്തു നെറുകയിൽ ഇട്ടു തരുന്നതിന്റെ വാത്സല്യം വേറെ എവിടുന്നാ ഈയൊരു ജീവിതത്തിൽ കിട്ടിയിട്ടുള്ളത്.

കുളികഴിഞ്ഞാൽ വീട്ടിലെ ഗുരുവായൂരപ്പന്റെ ഫോട്ടോടെ മുന്നിൽ നിന്നു ഒരു പ്രാർത്ഥനയുണ്ട് . കളങ്കമില്ലാത്തതു എന്തോ അതിനെയാകും പ്രാർത്ഥന എന്ന് വിളിക്കുക അല്ലേ? ഈശ്വരാ ഭഗവാനെ എല്ലാവർക്കും നല്ലതു വരുത്തണേ ആർക്കും ഒരു ആപത്തും വരുത്തല്ലേ…

എത്ര നിഷ്കളങ്കമായിരുന്ന പ്രാർത്ഥനകൾ പോലും.

പ്രാത്ഥിച്ചുകഴിഞ്ഞാൽ കഴിക്കാൻ കിട്ടുന്ന ചിരട്ടപുട്ടും കടലകറിയും. ചിലപ്പോഴൊക്കെ ദോശ ഇഡലി ചമ്മന്തി എല്ലാം രുചിയാണ്. ഇപ്പോൾ എഴുതുന്ന പേനക്കുപോലും കൊതി തോന്നുന്ന രുചി.

കോലൻ ചീർപ്പു കൊണ്ടു ചീകി ഒതുക്കി വെക്കുന്ന മുടിയും. കല്ലിൽ ഉരച്ചു നെറ്റിയിൽ തൊടുന്ന ചന്ദനത്തിന്റെ തണുപ്പിനും എല്ലാം വാത്സല്യമാണ്. തണുപ്പാണ്. അമ്മയെന്ന രണ്ടക്ഷരത്തിന്റെ അനുഭൂതിയാണ്.

ടാ… വാടാ..
പടിക്കലു എത്തിയിട്ടുണ്ടാകും കൂട്ടുകാർ.

അമ്മയോട് കൈ വീശി കാണിച്ചു.. പിന്നേം പിന്നേം തിരിഞ്ഞു നോക്കി ഒരു ഓട്ടമാണ് കൂട്ടുകാരുടെ അടുത്തേക്ക്.

അന്ന് അമ്മയെന്താവും ചിന്തിച്ചിണ്ടാവാ.. എന്നറിയോ? ആലോചിച്ചു നോക്കിയിട്ടുണ്ടാവോ?

കുരുത്തകേടൊന്നും ഒപ്പിക്കാതെ തിരിച്ചുവരണേ എന്നാവോ.? അതോ എന്റെ മക്കള് നന്നായിവരണേ എന്നാവോ?

ആയിരിക്കും അല്ലേ? ആരാ ഇന്നു വരെ അമ്മയോട് അങ്ങിനെ ചോദിച്ചേക്കണേ അല്ലേ?

ഒരു പക്ഷേ അന്നവർ ചിന്തിച്ചത് എങ്കിലും നമ്മളു മക്കള് ഓർത്തിരുന്നെങ്കിൽ ഇന്നു തണൽ വീട്‌ എന്നറിയപ്പെടുന്ന വൃദ്ധസദനങ്ങൾ ഉണ്ടാവില്ലായിരിക്കും അല്ലേ?

പങ്കു വെച്ചു കഴിച്ച മാങ്ങയും. കോലൻ പുളിയും. ചാമ്പങ്ങയും. പേരക്കയും എല്ലാം സ്നേഹമാണ് സൗഹൃദമാണ്.

അവല് നനച്ചതും. മധുരകിഴങ്ങു പുഴുങ്ങിയതും. അരി വറുത്തു കട്ടൻ ചായയിലിട്ട് തന്നതും. അവരു നിറഞ്ഞിട്ടല്ല നമ്മളെങ്കിലും നിറയട്ടെ എന്ന് കരുതിയാണ്.

കാലങ്ങൾ കഴിഞ്ഞാലും ചിലതൊന്നും മറക്കാത്തത് നല്ലതാണ് മാഷേ. എന്നും ആ കുട്ടികളായിരിക്കാനല്ല ആ നിഷ്കളങ്കതയെങ്കിലും കാത്തുസൂക്ഷിക്കാൻ.

ദിവാകരേട്ടന്റെ കയ്യിലെ പൊതിയേക്കാൾ കൂടുതൽ അച്ഛനെ കണ്ട സന്തോഷം ഉള്ള അപ്പുവിനെ പോലെ. സ്നേഹം നിറഞ്ഞതാകട്ടെ ഓരോ മനസുകളും.

വാത്സല്യവും സ്നേഹവും ഇതിൽകൂടുതൽ ഞാനെവിടെയും അനുഭവിച്ചിട്ടില്ലാത്തതിനാൽ എന്റെ വരികളും അവിടെത്തി നിൽക്കുന്നു എന്ന് വിശ്വസിച്ചുകൊണ്ട് കഥയ്ക്ക് വേണ്ടി എഴുതി തുടങ്ങിയ എഴുത്തു എന്റെ സ്വാർത്ഥതയിലും ഇഷ്ടങ്ങളിലും ഒതുങ്ങി ഇവിടെ നിന്നുപോകുന്നു.

സ്നേഹപൂർവ്വം
ശ്രീജിത്ത്‌ ആനന്ദ്
തൃശ്ശിവപേരൂർ