ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്
—————————————————————–
“I hate you നേഹ”
“വാട്ട്?”
“അതേടീ %%@%#*#&. എനിക്ക് നിന്നെ ഇഷ്ടമല്ല.”
ഈ വർത്തമാനം പറയുന്നത് എന്റെ പ്രിയൻ.. പ്രേമഭാജനം ജിക്കുവാണ്. അല്ലെങ്കിലും ചെക്കന് ഇച്ചിരി കുറുമ്പ് കൂടുതലാ. എന്നോടാ കളി! !
“ഹ ഹ.. നല്ല തമാശ ജിക്കു. ഇന്ന് നമ്മുടെ ലവ് ആനിവേഴ്സറി ആയിട്ടിങ്ങനെ ചിരിപ്പിക്കാതെ. ഗിഫ്റ്റും മേടിക്കാതെ വന്നതും പോരാഞ്ഞിട്ട് ഡയലോഗ് അടിക്കുന്നു.”
“നീ ചിരിച്ചോ. ഇത് നിന്റെ അവസാനത്തെ ചിരിയാ.”
“നിനക്ക് തമാശ കുറച്ചു കൂടുന്നുണ്ട് ജിക്കു.”
“ഇത് തമാശയല്ല. എന്റെ ചെറിയ ഒരു പ്രതികാരം.”
“ഒന്ന് പോടാ ചെക്കാ. പ്രതികാരം പോലും. എന്തിനാ ഇന്നലെ ഞാൻ കടിച്ചത്തിനോ?”
“ഹ്മ്മ്. 3 കൊല്ലം ഞാൻ നിന്റെ പുറകെ പട്ടിയെ പോലെ നടന്നു. ഒന്ന് തിരിഞ്ഞു കൂടി നോക്കിയില്ല നീ. വാലന്റയ്ൻ ഡേയ്ക്ക് നിന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ നീ എന്താ ചെയ്തേ? എല്ലാവരുടെയും മുന്നിൽ വച്ചു എന്നെ തല്ലി. ഞാൻ നാണംകെട്ടു. അതിനു മാത്രം എന്ത് വലിയ തെറ്റാ ഞാൻ ചെയ്തേ? നിന്നെ സ്നേഹിച്ചതോ?”
“അത് നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ നടന്നതല്ലേ ജിക്കു? പക്വതയില്ലാത്ത പ്രായം. എനിക്ക് പേടിയായിരുന്നു, നീ പുറകെ നടക്കുന്നത് വീട്ടിൽ അറിഞ്ഞലോയെന്ന്. അപ്പച്ചൻ അറിഞ്ഞാൽ എന്നെ കൊന്നു തളളും. ചോദ്യവും പറച്ചിലുമൊന്നുമുണ്ടാകില്ല. അതുകൊണ്ടാ ടീച്ചറിനോടൊക്കെ ഞാൻ കംപ്ലയിന്റ് ചെയ്തേ. എന്നിട്ടും നീ തിരുത്തിയില്ലല്ലോ.”
“നിനക്ക് നിന്റെ കാര്യം മാത്രം. എന്റെ അവസ്ഥ എന്തായിയെന്ന് നീ അറിഞ്ഞോ. ഇന്നുവരെ എന്നെ വാക്ക് കൊണ്ട് പോലും നോവിക്കാത്ത അപ്പച്ചൻ, എന്നെ തെങ്ങിൽ കെട്ടിയിട്ടു തല്ലി. എന്നെ സ്കൂൾ മാറ്റി. ഇഷ്ടമുള്ള കോഴ്സ് പഠിക്കാൻ സമ്മതിച്ചില്ല. എല്ലാം അപ്പച്ചൻ പറയുമ്പോൾ പോലെ. പെണ്ണുപിടിയന്റെ അപ്പൻ എന്ന് നാട്ടുകാർ വിളിക്കുന്നത് കേട്ടാ മരിച്ചേ.”
“ഞാൻ നിന്നോട് ക്ഷമ ചോദിക്കാൻ ഇരുന്നതാ. പക്ഷേ അപ്പോഴത്തേക്ക് നീ സ്കൂൾ മാറി.”
“നീ ക്ഷമ ചോദിച്ചാൽ എനിക്ക് നഷ്ടപെട്ടത്തൊക്കെ തിരിച്ചു കിട്ടുമോ?. അന്ന് മുതലേ ഞാൻ കരുതിയതാ, നിന്നെ വെറുതെ വിടില്ലയെന്ന്. ദൈവം നല്ലവനാ. നിന്നെ എന്റെ ജോലിക്കാരിയാക്കി. ഇപ്പോ എന്റെ കാൽ ചുവട്ടിൽ.”
“നിനക്ക് ഭ്രാന്തായോ ജിക്കു. എന്തൊക്കെയാ പറയുന്നേ?”
“എനിക്ക് ഭ്രാന്താണ്. എന്നെ ഭ്രാന്തനാക്കിയത് നീയാ. ഇന്ന് ഞാൻ വിജയിച്ച ദിവസത്തിന്റെ മൂന്നാം വാർഷികം. നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ട് 3 വർഷം. 3 വർഷം എന്നെ പിറകെ നടത്തിച്ച നിന്നെ കൊണ്ട് , ഇത്രയും കാലം എന്റെ ദാസി പണി ചെയ്യിപ്പിച്ചു. വാട്ട് എ ഫൺ!”
“ചതിക്കാനായിരുന്നെങ്കിൽ എന്തിനാ എല്ലാവരുടെയും അടുത്ത്, നിന്റെ പെണ്ണാണെന്ന് പറഞ്ഞു പരിചയപെടുത്തിയത്. എന്തിനാ ഈ 3 കൊല്ലം. കാര്യം കഴിഞ്ഞപ്പോഴേ പൊക്കൂടായിരുന്നോ?”
“നിന്നെ വിശ്വസിപ്പിക്കാനാണ് എല്ലാവരുടേയും അടുത്ത് പരിചയപ്പെടുത്തിയത്. പിന്നെ 3 വർഷത്തെയെങ്കിലും അനുഭവം വേണ്ടേ, ജീവിതകാലം മുഴുവൻ നിനക്ക് ഓർത്തിരിക്കാൻ! ഇനി നിന്നെ ആർക്ക് വേണം ! എന്റെ ആവിശ്യം തീർന്നു. എല്ലാം നഷ്ടപെട്ടത്തോർത്ത് നീ ജീവിതകാലം മുഴുവൻ കരയണം. കരഞ്ഞു കരഞ്ഞു നീ തീരണം.”
“നഷ്ടപ്പെട്ടത് ഓർത്തു കരഞ്ഞു വിലപിക്കുന്നത് പഴയ പെണ്ണ്. ഞാനാ കൂട്ടത്തിൽ പെടില്ല.”
“ഇത്രയും സംഭവച്ചിട്ടും നിന്റെ തന്റേടത്തിന് ഒരു കുറവുമില്ലല്ലോ. നിന്റെ ശരീരത്തിനും മാനത്തിനും ഒരു വിലയും നീ കൊടുക്കുന്നില്ലേ?. വെരി സ്രയ്ജ്ജ്.”
“അതിന്റെ വില ഒരു പെണ്ണിനോളം വലുതായി മറ്റാർക്കറിയാം! ഞാൻ ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചു. അയാൾക്ക് പൂർണ്ണ മനസോടെ സമർപ്പിച്ചതാണ് അതെല്ലാം. അതിൽ എനിക്ക് കുറ്റബോധമില്ല. അദ്ദേഹം ഇപ്പോ ജീവനോടെയില്ല. നീ വേറെ ആരോ ആണ്.”
“ഹാ ഹാ ഗുഡ് നേഹ. നീ അങ്ങനെ തന്നെ ആശ്വസിച്ചോളൂ. എനിവേ ഗുഡ് ബൈ. ഇന്ന് കൂട്ടുകാർക്ക് ഒരു ബ്രേക്ക് അപ്പ് പാർട്ടി കൊടുക്കുന്നുണ്ട്. പറ്റുമെങ്കിൽ വാ. അപ്പോ വരട്ടെ.”
എല്ലാം പറഞ്ഞു അവസാനിപ്പിച്ചു സന്തോഷത്തോടെ അവൻ ഇറങ്ങി, എന്നെ ഇരുട്ടിലാക്കി. പിടിച്ചു വച്ചതെല്ലാം അണപ്പൊട്ടി പുറത്തേക്ക് ഒഴുകി. ഇതിൽ കൂടുതുൽ പിടിച്ചു വയ്ക്കാൻ എനിക്കായില്ല. എന്റെ തോൽവി അവന് മുന്നിൽ പ്രദർശിപ്പിക്കാൻ ഞാനാഗ്രഹിച്ചില്ല. അതായിരുന്നു എന്നെ അത്രയും നേരം പിടിച്ചു നിര്‍ത്തിയ ശക്തി. ഉപേക്ഷിച്ചു പോകല്ലേയെന്ന് മനസ്സിലുണ്ടായിരുന്നു. പക്ഷേ അതും പറഞ്ഞ് അവന്റെ കാല് പിടിക്കാൻ തോന്നിയില്ല.
വർഷങ്ങൾ 2 കഴിഞ്ഞിട്ടും എനിക്കൊന്നും മറക്കാൻ പറ്റിയില്ല, ജിക്കുവിനെ വെറുക്കാനും. അവനെ ഞാൻ ഇപ്പോഴും എന്തിനെന്നില്ലാതെ സ്നേഹിച്ചു കൊണ്ടേയിരുന്നു. ആരോ പണ്ട് പറഞ്ഞ പോലെ ” എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്” വച്ച് കൊണ്ട്.
ഫോൺ നോട്ടിഫിക്കേഷൻ ശബ്ദം കേട്ടാണ് പഴയ ഓർമകളിൽ നിന്ന് ഉണർന്നത്. ലിബിനായിരുന്നു. എനിക്ക് ചെറുപ്പം മുതലേയറിയാം. ഒന്നിച്ചു കളിച്ചു വളർന്നവർ. എല്ലാരും പറയും ലിബിന്റെ ഭാര്യയാകുന്ന പെണ്ണ് ഭാഗ്യം ചെയ്തവളാണെന്ന്. ശരിയാണ് അത്രയ്ക്ക് നല്ലവനാണ്. മെസ്സേജ് എടുത്തു നോക്കി.
“എനിക്കെല്ലാം അറിയാവുന്നതല്ലേ നേഹ. നീ എന്നോട് ഒന്നും മറച്ചു വെച്ചിട്ടില്ലല്ലോ. പിന്നെ എന്താ പ്രശ്നം ? സിംമ്പതിയോ ഔദാര്യമോ ഒന്നുമല്ല. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായത് കൊണ്ടാണ്. വന്നൂടെ എന്റെ പാതിയായി ?”
“എന്നോട് ക്ഷമിക്കൂ. എനിക്കാവില്ല” എന്ന് മറുപടി കൊടുത്തപ്പോൾ കൺകോണുകൾ നിറഞ്ഞു, വിരോധാഭാസമെന്ന പോലെ എന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.
~ ശാരി പി പണിക്കർ ( ചാരു )

by