Karimizhi

The World of Malayalam Stories

Malayalam short stories

രണ്ടാം കെട്ടുകാരി

രണ്ടാം കെട്ടുകാരി
…………………………..

അന്നവർ രണ്ടു പേരുടെയും രണ്ടാമാദ്യരാത്രിയായിരുന്നു .

” കെട്ടിയോൻ ചത്ത് കൊല്ലം ഒന്നായില്ല അപ്പഴക്കും മറ്റൊരുത്തനെ കണ്ടെത്തിയവള് ,എങ്ങനെ കഴിയുന്നു ഇതിനൊക്കെ , അവൻ മരിച്ചന്ന് എന്താരുന്നു നിലവിളിം ,നെഞ്ചത്തടിം എന്നിട്ടിപ്പോ …ഒക്കെ അവൾടെ അഭിനയാ .. മൂദേവി കാലെടുത്തു വെച്ചു കുടുംബം നശിച്ചു ”

അന്ന് രാവിലെത്തൊട്ട് അവളുടെ ആദ്യ അമ്മായമ്മ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു , അവരെങ്ങനെ പറയാതിരിക്കും ?

” പാവം എന്റെ മോള് ,സ്നേഹിച്ചും ജീവിച്ചും കൊതി തീരുംമുൻപ് ദൈവം അവനങ്ങ് വിളിച്ചില്ലെ , മുറീന്ന് പോലും പുറത്തിറങ്ങാതെ അവൾ എത്ര കാലം ജീവിക്കും . ഇങ്ങനെ പോയാ അവളെ ഭ്രാന്തിയായി കാണേണ്ടി വരും മാത്രണോ ഇവിടെയിനി ഒരാണൊരുത്തനും കൂടിയില്ലെ ,നാളവനൊരു പെണ്ണ് കെട്ടണ്ടെ ,എത്ര നാളാ അവനവളെ നോക്കാ, എന്റെ കണ്ണീര് കണ്ടാ അവളിതിന്‌ സമ്മതിച്ചത് .ഇതെങ്കിലും നന്നായാ മതിയാരുന്നു..”

അതായാളുടെ വീടായിരുന്നു …. രണ്ടാം കെട്ടുകാരൻത്തന്നെ…. ഭാര്യ മരിച്ചതാണ് പ്രസവത്തിൽ കൂടെ കുഞ്ഞും …
പെങ്ങന്മാരുടെ നിർബന്ധമായിരുന്നു ഈ വിവാഹം .

അന്ന് ചെറിയൊരു ചാറ്റൽ മഴയുണ്ട് .കല്യാണം കഴിഞ്ഞ് അന്നുത്തന്നെ എല്ലാവരും പോയി .ആ വീടിന്റെ ഒരു മുറിയിലേക്കും അവൾ കയറിയില്ല .അകത്ത് ചുവരിൽ ഒരു പെൺകുട്ടിയുടെ ചിത്രമുണ്ട് .അതായിരിക്കണം അയാളുടെ ആദ്യ ഭാര്യ ! രാവിലെ കത്തിച്ച ആ തിരി ഇപ്പോഴും കത്തുന്നുണ്ട് .
ചിരിച്ച് സുന്ദരമായൊരു ഫോട്ടോ ,,,

‘ എന്റെ ഭാര്യയാണ്

അവളൊന്നു തിരിഞ്ഞു നോക്കി

അല്ല .. അതായിരുന്നു ഭാര്യ ,,,, പെട്ടെന്ന് എന്തു പറയണമെന്നറിയാതെ അയാൾ പതറിയപ്പോൾ അവൾ പറഞ്ഞു

മനസ്സിലായി

അടുക്കള അപ്പുറത്താണ് ട്ടോ , ഒക്കെ
അലകോലമാണടോ , അവള് പോയെ പിന്നെ ഒന്നൂല്ലാ … പെങ്ങള് നിർബന്ധിച്ചിട്ടാ ഈ കല്യാണം

അവളൊന്നു മൂളി തിരികെ നടന്നു .കഴുത്തിലെ പുതിയ താലി അവളൊന്നു നോക്കി ഇന്നലെ വരെ മറ്റൊരു താലിയായിരുന്നു .. നെഞ്ചിന് വല്ലാത്തൊരു കനം , അവൾ ബാഗ് തുറന്ന് അയാളുടെ ഫോട്ടോ നോക്കി ,മരണം വരെ ചിരിച്ചിട്ടെ കണ്ടിട്ടുള്ളു ,ഒരെറ്റ് കണ്ണീര് അതിലേക്ക് വീണു

ഇതാണോടോ തന്റെ

അവളൊന്നു തിരിഞ്ഞ് നോക്കി ഫോട്ടോ പെട്ടെന്ന് ബാഗിൽ വെച്ചു

അതെന്തിനാ ബാഗിൽത്തന്നെ വെച്ചെ അതീ ചുവരിൽ തൂക്കിക്കോളു ,നമ്മുടെയൊക്കെ ജീവിതത്തിന്റെ പകുതിയും ഇവരൊക്കെയല്ലെ ..
ഇങ്ങ് തരൂ ഞാൻ തൂക്കിയിടാം …
ഒരാണിയടിച്ച് അയാളത് തൂക്കി .രണ്ടു പേരും ചുവരിലേക്ക് നോക്കി. ജീവിതം എങ്ങോട്ടാണ് പോകുന്നത് .രണ്ടു പേരുടെയും പ്രാണൻ ആ ചുവരിലാണ് ,,

ആ രാത്രി വളരെ വേദനാജനകമാണ് .നാണം പൊതിഞ്ഞ പണ്ടെപ്പോഴോ മറന്ന ആ രാത്രിക്കു പകരം വീർപ്പുമുട്ടുന്ന ഏതോ ഒരു രാത്രി …

തനിക്ക് വിഷമമില്ലേടോ

ഉം

ഇഷ്ടമുണ്ടായിട്ടാവില്ലാലെ ഈ കല്യാണം

അവളൊന്നും പറഞ്ഞില്ല

ആരൊക്കെയോ തീരുമാനിക്കുന്നതല്ലെ നമ്മുടെ ജീവിതം … ഇനിയെത്ര കാലം ഉണ്ടെന്നറിയില്ല , ശരിയാവുമായിരിക്കും അല്ലെ . ഞാൻ മിക്കതും പട്ടിണിയാ … അവളുള്ളപ്പോ എപ്പഴും ഓരോന്നുണ്ടാക്കി തരും ,പോയപ്പോ വിശപ്പു പോലും കൊണ്ടുപോയി , രാത്രിയിങ്ങനെ ഒറ്റക്ക് കിടക്കുമ്പോ നെഞ്ച് വിങ്ങും

അവളൊന്നു തിരിഞ്ഞ് നോക്കി. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു പൊട്ടിക്കരയാൻ വെമ്പി നിൽക്കുന്ന മുഖമായിരുന്നയാൾക്കപ്പോ …

പതിയെ അവൾ അയാളെ തലോടി …
വിഷമിക്കല്ലെ ദേ… അവർക്ക് സങ്കടവും ..

ചുവരിൽ തിരികൾ കൂടുതൽ പ്രഭയോടെ കത്തുന്നുണ്ടായിരുന്നു , ചന്ദനത്തിരിയുടെ ഗന്ധം മുറിയാകെ പടർന്നു കഴിഞ്ഞിരുന്നു ,, ആ രാത്രി നീണ്ടു കിടന്നു പിന്നെയൊരു നാളെക്കായി…

നയന സുരേഷ്

LEAVE A RESPONSE