സ്വയംവരം
ആ മെസേജിനു മറുപടിയൊന്നും ജഗൻ അയച്ചില്ലെങ്കിലും അതവൻ വായിച്ചിരുന്നു.
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. അവൾക്കുള്ളിൽ ഓരോ ദിവസവും ജഗനെ കുറിച്ചുള്ള ചിന്തകൾ അല്ലാതെ മറ്റൊന്നും ഇല്ലാതായി തുടങ്ങി.
അവളുടെ സങ്കടങ്ങൾ എന്നും ആദ്യം മനസിലാക്കിയത് അവനായിരുന്നു അവൾ കുട്ടൂസൻ എന്ന് വിളിക്കുന്ന അവളുടെ ഏട്ടൻ അജിത്.
“എന്താ വാവേ നീയിന്ന് സങ്കടത്തിൽ ആണല്ലോ?”
“അങ്ങനെ ഒന്നും ഇല്ല ഏട്ടാ എനിക്ക് കുഴപ്പമൊന്നുമില്ല.”
“കള്ളം പറയല്ലേ വാവേ കാര്യം പറയ് എന്ത് പറ്റി?”
പിന്നെയവൾ കള്ളം പറയാൻ നിന്നില്ല. അജിത്തിനോട് എല്ലാകാര്യങ്ങളും തുറന്നു പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ് അവൻ അവളെ നോക്കിയൊന്ന് ചിരിച്ചു,
“എന്റെ വാവേ അവൻ നല്ലവനാണ്, അതുകൊണ്ടല്ലേ അവൻ നിന്നോട് കാര്യങ്ങളെല്ലാം സത്യസന്ധമായി തുറന്നു പറഞ്ഞത്?”
“അതെ അതുകൊണ്ടാവും അല്ലെ ഓർക്കാൻ ഓർമകളൊന്നും തന്നിട്ടില്ലെങ്കിലും എനിക്കയാളെ മറക്കാൻ പറ്റാത്തത്?”
അതിന് അജിത് മറുപടിയൊന്നും പറഞ്ഞില്ല, അല്ലെങ്കിലും അതിനൊരു മറുപടി അവനില്ലായിരുന്നു.
എങ്കിലും അജിത് അവളോട് ഒരു കാര്യം പറഞ്ഞു,
“നിനക്ക് ഇപ്പോൾ അവനെ ഇഷ്ടമാണ്, എങ്കിലും നീയവന് ഒരുവർഷം സമയം കൊടുക്കണം, അവന് നിന്നെ സ്നേഹിക്കാനാവുമെങ്കിൽ ആ ഒരു വർഷത്തിനുള്ളിൽ അവനത് സ്വയം തിരിച്ചറിയും.”
“ഉറപ്പാണോ?”
“അതെ വാവേ നിന്റെ സ്നേഹം സത്യമെങ്കിൽ ജഗൻ നിനക്കായി തിരിച്ചുവരും.”
ആ വാക്കുകൾ അവൾക്ക് തെല്ലൊരു ആശ്വാസം നൽകുന്നതായിരുന്നു.
അടുത്ത ദിവസം മുതൽ വീണ്ടുമവൾ കോളേജിൽ പോയി തുടങ്ങി.
അങ്ങനെയിരിക്കെയാണ് കോളേജിൽ നിന്നും അവസാന പ്രൊജക്റ്റ് ലഭിച്ചത്. അതവൾക്ക് ഒരുപാട് പ്രാധാന്യമുള്ളതായിരുന്നു, ഒരു മാസത്തെ സമയമായിരുന്നു ആ പ്രൊജക്റ്റ് ചെയ്തു തീർക്കുന്നതിനായി ലഭിച്ചത്, പിന്നീടുള്ള ദിവസങ്ങളിൽ അവൾ മുഴുവൻ പ്രൊജക്റ്റിന്റെ തിരക്കിലായിരുന്നു.
ജഗനെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തില്ലെങ്കിലും അവളുടെ മനസ്സിൽ ജഗൻ മാത്രമായിരുന്നു,
എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് അവൾ ആ പ്രൊജക്റ്റ് സമർപ്പിച്ചു. പിന്നെയുള്ള ദിവസങ്ങളിൽ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നു അവൾ.
പരീക്ഷാ ദിവസങ്ങളും കടന്നുപോയി. പിന്നെയൊരു കാത്തിരിപ്പായിരുന്നു,റിസൾട് വരുന്നതിനായി….
മാസങ്ങൾ വീണ്ടും പോയ്കൊണ്ടിരുന്നു, റിസൾട് വന്നു തരക്കേടില്ലാത്ത മാർക്കൊടെ അവൾ ഡിപ്ലോമ സ്വന്തമാക്കി.
അന്നവൾ അവന് പാസായതിന്റെ സന്തോഷം അറിയിച്ചു കൊണ്ട് മെസേജ് അയച്ചു, അതിനവൻ തിരിച്ചും മെസേജ് അയച്ചതോടെ അവൾക്ക് സന്തോഷത്തിനു അതിരുകളില്ലായിരുന്നു.
പിന്നെയും വിവാഹലോചനകൾ വന്നെങ്കിലും അവളതിനൊന്നും താല്പര്യം പ്രകടിപ്പിച്ചില്ല.ജോലി അന്വേഷണമായിരുന്നു അപ്പോഴവൾക്ക്. അങ്ങനെ ഒരുനാൾ ഒരു സുഹൃത്ത് മുഖേന മറ്റൊരു രാജ്യത്ത് അവൾക്ക് ജോലി ശരിയായി.
അന്നവൾ പോകുന്നതിനു മുൻപായി ജഗനെ കാണണമെന്നുണ്ടായിരുന്നെങ്കിലും അവൻ നാട്ടിൽ ഇല്ലാതിരുന്നതിനാൽ അതിനവൾക്കായില്ല.
അൽപ്പം വിഷമത്തോടെ അവൾ പിറന്ന നാടിനോട് യാത്രപറഞ്ഞു.
ദീർഘ നേരത്തെ യാത്രയ്ക്കൊടുവിൽ അവൾ മറ്റൊരു രാജ്യത്ത് എത്തി. ആദ്യമൊക്കെ അവൾക്കവിടെ പൊരുത്തപ്പെടാൻ ആകുന്നുണ്ടായില്ല. ജോലിയും തിരക്കുകളുമൊക്കെയായി പതിയെ പതിയെ അവൾ അവിടവുമായി പൊരുത്തപ്പെട്ടു തുടങ്ങി.
വർഷം രണ്ട് കഴിഞ്ഞു.നാട്ടിലേയ്ക്കുള്ള യാത്രക്കായി ഒരുക്കങ്ങൾ കഴിഞ്ഞ് അവൾ നാട്ടിലേക്ക് യാത്രതിരിച്ചു.
നാട്ടിലെത്തിയതും അടുത്ത ദിവസം തന്നെ അവൾ അടുത്തുള്ള ദേവീക്ഷേത്രത്തിലേയ്ക്ക് തൊഴാൻ പോയി. തൊഴുതിറങ്ങി തിരിച്ചുവരുമ്പോഴാണ് ആൽമരത്തിനു ചുവട്ടിലായി അവളെ ഒരാൾ കാത്തുനിൽക്കുന്നുണ്ടായിരുന്നത്.
അതവനായിരുന്നു പാർവതിയുടെ പ്രണയം ജഗന്നാഥ്.
അവരുടെ മിഴികൾ തമ്മിൽ കൊരുത്തതും മനോഹരമായ ഒരു പുഞ്ചിരി അവർ പരസ്പരം കൈമാറി.
“എനിക്കറിയാമായിരുന്നു ഇന്ന് നീയിവിടെ വരുമെന്ന്…..”
“അതെങ്ങനെ നാട്ടിലേക്ക് വരുന്നത് പോലും ഞാൻ ഏട്ടനെ അറിയിച്ചിരുന്നില്ലല്ലോ?”
അത്ഭുതവും അമ്പരപ്പുമായിരുന്നു അവളിൽ.
“അതൊരു രഹസ്യം.”
അതും പറഞ്ഞവൻ അവളെനോക്കി ചിരിച്ചു.
പക്ഷെ അവളവനെ വിട്ടില്ല,
“നിനക്ക് ഒരു ശിവാംശ് നെ അറിയുമോ?”
അവസാനം അവൻ ചോദിച്ചു.
കുറച്ചൊന്നു ആലോചിച്ച ശേഷം അവൾ അറിയാമെന്നു തലയാട്ടി.
“അറിയാം എന്റെ എഫ്.ബി സുഹൃത്താണ്, അല്ല എന്റെ ഫ്രണ്ട്നെ ഏട്ടനെങ്ങനെ അറിയാം?”
അത് കേട്ട് അവൻ വീണ്ടും ചിരിച്ചു.
“എന്റെ പൊട്ടിപ്പെണ്ണേ ഇനിയും നിനക്കൊന്നും മനസിലായില്ലേ? അത് ഞാൻ തന്നെയാണെടോ ഈ ജഗൻ.”
അതുകേട്ടവൾ ഒന്ന് ഞെട്ടി. ഇത്രയും കാലം താനറിയാതെ അവൻ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നോർത്ത് അവളുടെ കണ്ണുകൾ പെയ്യാനായി വെമ്പിനിന്നു . ഒന്നും പറയാതെ അവൾ പോകാനൊരുങ്ങി.
പെട്ടെന്നാണ് അവളുടെ കൈയ്യിൽ ഒരു പിടുത്തം മുറുകിയത്,
“വേണ്ട……കൈവിട്…….”
പക്ഷെ ആ കൈ അവൻ വിട്ടില്ലെന്ന് മാത്രമല്ല ഒന്നുകൂടി മുറുകെ പിടിക്കുകയും ചെയ്തു.
“എടൊ എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്, എന്നിട്ട് നീ പൊയ്ക്കോ.”
അതോടെ അവനെ കേൾക്കാനായി അവൾ അവനഭിമുഖമായി നിന്നു,
“എടൊ അന്ന് നീ പറഞ്ഞില്ലേ എന്നെ ഇഷ്ടമാണെന്ന് അന്ന് ഞാനത് കാര്യമായി എടുത്തില്ല, പക്ഷെ നീ പറഞ്ഞ വാക്കുകൾ അതെന്നെ ചിന്തിപ്പിച്ചു എനിക്ക് വേണ്ടി കാത്തിരിക്കുമെന്ന്. എന്തിന് വേണ്ടിയാണ് ഉപാധികളില്ലാതെ നീയെന്നെ സ്നേഹിക്കുന്നത്?
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ തിരിച്ചറിയുകയായിരുന്നു നീയെനിക്ക് ആരാണെന്ന് അന്നുമുതൽ ഞാൻ നിനക്കൊപ്പമുണ്ട് ശിവാംശ് എന്ന കള്ളപേരിൽ, പലപ്പോഴായി സത്യങ്ങൾ തുറന്നു പറയണമെന്ന് ആലോചിച്ചു പക്ഷെ അപ്പോഴൊക്കെയും എനിക്കതിനു ധൈര്യമില്ലായിരുന്നു പക്ഷെ ഇപ്പോഴത് നിന്നോട് പറയാതെ വയ്യ…….എനിക്ക് നിന്നെ ഇഷ്ടമാണ് പെണ്ണെ, ഇനിയുള്ള ജീവിതം മുഴുവൻ എനിക്ക് സ്നേഹിക്കാൻ എന്നെ സ്നേഹിക്കാൻ നീയെനിക്കൊപ്പം വേണം.”
അത് കേട്ടതും സർവ്വനിയന്ത്രണവും വിട്ടവൾ കരഞ്ഞു തുടങ്ങിയിരുന്നു. പിന്നൊന്നും നോക്കാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ആ നിമിഷം അവന്റെ കരങ്ങൾ അവളെ വരിഞ്ഞു മുറുക്കി.
ഇനിയുള്ള യാത്ര അവർ ഒരുമിച്ചു തുടങ്ങട്ടെ…..
ഒരു ഭാഗം കൂടിവേണം,അവർ ഒന്നിക്കണം എന്ന് കുറച്ച് പേരെങ്കിലും ആഗ്രഹിച്ചത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു ഭാഗം ഞാൻ എഴുതിയത്. ഒട്ടും കോൺഫിഡൻസ് ഇല്ല എനിക്ക്, കാരണം ജഗന്റെ തീരുമാനം മാറുമോ എന്നറിയില്ല,എങ്കിലും………. പാർവതിയുടെ പ്രണയത്തിനായി………..
✍️മൈഥിലിസ്വയംവരം
“എങ്കിൽ കുട്ടിയെ വിളിച്ചോളൂ…..”
വന്നവരിലൊരാൾ പറഞ്ഞത് കേട്ട് പാർവതിയുടെ അമ്മ അവളെ വിളിച്ചു.
കൈയ്യിൽ ചായ നിറച്ച ട്രെയുമായി അവൾ പതിയെ നടന്നുവന്നു, ഓരോരുത്തർക്കുമായി ചായ നൽകി.
പയ്യനും ചായ കൊടുത്തു, അപ്പോഴവൻ അവളെ സാകൂതം നോക്കി.ഫോട്ടോയിൽ കണ്ടതിനേക്കാൾ സുന്ദരിയാണ്.
ഇളം നീലയും ഗോൾഡനും കലർന്ന സാരിയായിരുന്നു അവൾ അന്ന് ധരിച്ചത് സുന്ദരിയായിരുന്നെങ്കിലും മുഖം മ്ലാനമായിരുന്നു എങ്കിലും അതവൾ ഒരു പുഞ്ചിരിയിലൂടെ മറച്ചു പിടിച്ചു.
ചായ കുടിച്ചു കഴിഞ്ഞു പരസ്പരം സംസാരിക്കാനായി പാർവതിയും അയാളും മുറ്റത്തേക്കിറങ്ങി,
കുറച്ച് നേരം രണ്ടുപേരും മൗനമായിരുന്നു. അവൾ വേറെങ്ങോ മിഴികൾ പായിച്ചു നിൽക്കുകയായിരുന്നു. അതുമനസിലാക്കിയ അവൻതന്നെ സംസാരിച്ചു തുടങ്ങി,
“ഞാൻ അഖിൽ, അഖിൽ പരമേശ്വർ. ബാംഗ്ലൂർ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. തന്റെ ഫോട്ടോ കണ്ടതും എനിക്കൊരുപാട് ഇഷ്ടമായി, തനിക്കെന്നെ ഇഷ്ടമായോ?”
പെട്ടെന്നൊരു മറുപടി കിട്ടാതെ അവൾ നിന്ന് കുഴങ്ങി, അതുമനസിലാക്കിയ അവൻ അവളെ നോക്കി ഒരിക്കൽ കൂടി പുഞ്ചിരിച്ചു,
“സാരമില്ലെടോ പെട്ടെന്നൊരു മറുപടി വേണമെന്നില്ല താൻ സമാധാനത്തോടെ ആലോചിച്ച് ഒരു മറുപടി തന്നാൽ മതി.”
അതവൾക്ക് ആശ്വാസമായിരുന്നു. അവൾ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
അവരെല്ലാം പോയതും പാർവതി മുറിയിൽ കയറി വാതിലടച്ചു.
‘എന്താണ് തനിക്ക് സംഭവിക്കുന്നത്, തനിക്ക് അയാളോട് പ്രണയമാണോ എന്തുകൊണ്ടാണ് നല്ലൊരു ബന്ധം വന്നിട്ടും താൻ ഇങ്ങനെ?’
ഓരോന്ന് ആലോചിക്കവേ വീണ്ടും അവളുടെ മനസ്സിൽ ആ മുഖം തെളിഞ്ഞു വന്നു, ജഗന്റെ അവളുടെ മനസ് കീഴടക്കിയ ജഗന്നാഥന്റെ,
ഒരുപാട് തവണയൊന്നും കണ്ടിട്ടില്ലാത്ത, മര്യാദയ്ക്കൊന്ന് സംസാരിച്ചിട്ട് പോലും ഇല്ലായിരുന്ന ജഗനെ ഓർക്കേ അവളുടെയുള്ളം തണുക്കുന്നതവൾ അറിഞ്ഞു.
കുറ്റിത്താടിയും കട്ടി മീശയും അവന്റെ മുഖത്തെ കൂടുതൽ സുന്ദരനാക്കുന്നു.
കുറച്ച് നേരം അവൾ എന്ത് ചെയ്യണമെന്ന് ആലോചിച്ചു,
അല്പനേരത്തെ ആലോചനയ്ക്കൊടുവിൽ ഉറച്ചൊരു തീരുമാനമെടുത്ത ശേഷം ഫോണെടുത്ത് ജഗൻ എന്ന് സേവ് ചെയ്ത് വെച്ചിരുന്ന നമ്പറിലേക്കവൾ ഡയൽ ചെയ്തു,
ഫോൺ റിങ് ചെയ്യുന്നതിനേക്കാൾ ഉച്ചത്തിൽ അവളുടെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു,എങ്കിലും അവൻ കാൾ എടുക്കുന്നതിനായി അവൾ കാത്തിരുന്നു,
എന്നാൽ അവൻ കാൾ അറ്റൻഡ് ചെയ്തില്ല, തിരക്കായിരിക്കുമെന്നവൾ കരുതിയെങ്കിലും എന്തിനോ വേണ്ടി അവളുടെ മിഴികൾ നിറഞ്ഞൊഴുകി.
കണ്ണീർ അമർത്തിത്തുടച്ചു അവൾ കട്ടിലിലേയ്ക്ക് കിടന്നു.
ഓരോന്ന് ആലോചിച്ചവൾ കണ്ണടച്ചിരുന്നു,
സമയം പൊയ്ക്കൊണ്ടിരുന്നു, ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് പിന്നീട് അവൾ കണ്ണുതുറന്നത്.
അത് ജഗന്റെ കാൾ ആയിരുന്നു.
“ഹലോ ”
കാൾ അറ്റൻഡ് ചെയ്ത് അവൾ ചെവിയോട് ചേർത്തു,
“എന്താടോ വിളിച്ചേ, ഞാൻ ഡ്യൂട്ടിയിൽ ആയിരുന്നു അതാ ഫോൺ എടുക്കാഞ്ഞേ.”
“അത്…… അത് പിന്നെ……ഞാൻ……എനിക്കൊരു കാര്യം പറയാൻ……..”
അവൾ വാക്കുകൾക്കായി പരതി.
“എന്താ എന്താടോ തനിക്കൊരു പരിഭ്രമം, എന്തിനാണ് താനെന്നെ വിളിച്ചത്?എന്താണെങ്കിലും പറയ്.”
‘അതെ പറയണം പറഞ്ഞെ പറ്റൂ. ’
അവൾ മനസിലോർത്തു കൊണ്ട് ശ്വാസമോന്ന് ആഞ്ഞു വലിച്ചു.
“ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ട് പക്ഷെ അത് ഏട്ടൻ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല, പക്ഷെ ഇപ്പോഴെങ്കിലും എനിക്കത് പറഞ്ഞെ പറ്റൂ…. ”
“എന്തിനാ ഇപ്പോൾ ഒരു മുഖവുര എന്താണേലും പറയ്.”
“എനിക്ക്…….എനിക്ക്…… എനിക്കറിയാം നമ്മൾ പരസ്പരം അധികം കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല,എങ്കിലും ഏട്ടനെ ഒരുപാട് ഇഷ്ടമാണ് എനിക്ക് എന്ന് ഇപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്.”
“എന്താടോ താനിപ്പോൾ ഇങ്ങനെ പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല, എന്നെ ഇഷ്ടപ്പെടാൻ എന്താണ് കാരണം?”
“എനിക്കറിയില്ല ഏട്ടാ എന്തുകൊണ്ടാണെന്ന്, പക്ഷെ ഒന്നറിയാം എനിക്ക് ഏട്ടനെ ഇഷ്ടമാണ്. ഇന്നൊരു പ്രൊപോസൽ വന്നിരുന്നു എനിക്കെന്തോ അപ്പോൾമുതൽ ഏട്ടന്റെ മുഖം മാത്രമാണ് മനസ്സിൽ..”
അവൾ പറയുന്നത് കേട്ട് അവനാകെ അമ്പരന്ന് പോയി, കുറച്ച് സമയത്തെ നിശബ്‍ദതയ്ക്കൊടുവിൽ അവൻ തുടർന്നു ,
“നിനക്കെന്നെ പറ്റി എന്തറിയാം?”
“കൂടുതൽ ഒന്നും അറിയില്ല എന്ന് മാത്രവുമല്ല അറിയാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല, എനിക്ക് ഏട്ടനെ ഇഷ്ടമാണ് അതെ അറിയൂ….. ”
“എന്നോട് ക്ഷമിക്ക് എന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടാവില്ല, കാരണം ഞാൻ എന്റെ ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു കുട്ടിയെ കണ്ടിരുന്നു, അവളിന്ന് എനിക്കൊപ്പമില്ലെങ്കിലും അവളെ മറന്നു മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ വയ്യാഞ്ഞിട്ട…..”
ആ വാക്കുകൾ അതവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
“എപ്പോഴോ എങ്ങനെയോ ഞാൻ ഇഷ്ടപ്പെട്ടു പോയ്, അതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഇങ്ങനെ സംസാരിച്ചത്.നാളെ എനിക്ക് തോന്നരുതലോ ഒരിക്കലെങ്കിലും പറയാമായിരുന്നു എന്ന്…..”
മറുപുറം നിശബ്‍ദമായിരുന്നു. മറ്റൊന്നും പറയാതെ അവൾ കാൾ കട്ട് ചെയ്തു.
നെഞ്ച് വിങ്ങുന്നുണ്ട്, കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് പക്ഷെ കണ്ണീർ തുടക്കാൻ അവൾ തയ്യാറായില്ല.
കരഞ്ഞു തീരട്ടെ.
സ്വയം കരുതി.
ദിവസം രണ്ട് കഴിഞ്ഞു, അവൾക്ക് ജഗനെ മറക്കാൻ കഴിയുമായിരുന്നില്ല അവൾ ഒരു മെസേജ് അവന് അയച്ചു,
‘ഏട്ടനെന്നെ സ്നേഹിക്കാൻ കഴിയില്ലായിരിക്കും അതുപോലെ ഏട്ടനെ മറക്കാനും എനിക്ക് കഴിയില്ല, ഇപ്പൊ വന്ന വിവാഹ ആലോചന ഞാൻ വേണ്ടെന്ന് പറഞ്ഞു, എന്നെങ്കിലും ഏട്ടനെന്നെ സ്നേഹിക്കാൻ പറ്റുമെങ്കിൽ ഞാൻ കാത്തിരിക്കും…….”
ജഗൻ പാർവതിയുടെ പ്രണയമാണ്, നിബന്ധനകളൊന്നുമില്ലാതെ അവൾ അവനെ പ്രണയിക്കുന്നു.അവളുടെ പ്രണയവുമായി അവൾ ജീവിക്കട്ടെ.
സ്വന്തമാക്കുന്നതിനേക്കാൾ ഭംഗിയുണ്ട് ഇങ്ങനെ പ്രണയിക്കുന്നതിൽ……….
✍️മൈഥിലി

by