രചന – കണ്ണന്റെ മാത്രം
രുദ്രൻ പറഞ്ഞ ലൊക്കേഷനിൽ എത്തിയതും വിച്ചു രുദ്രനെ വിളിച്ചു…
നിങ്ങൾ എത്തിയോ… രുദ്രൻ ഫോൺ എടുത്തതും ചോദിച്ചു..
ആ താഴെ എത്തിയിട്ടുണ്ട്…
എങ്കിൽ ഫോർത് ഫ്ലോർ ഫ്ലാറ്റ് നമ്പർ 43B യിലേക്ക് പോരെ. ഞങ്ങൾ ഇവിടെ ഉണ്ട്….
ഓക്കേ ഏട്ടാ.. വിച്ചു അതും പറഞ്ഞുകൊണ്ട് ഫോൺ വച്ചിട്ട് കാറിൽ നിന്ന് ഇറങ്ങി അവന്റെ ഒപ്പം തന്നെ ആമിയും ആഗ്നസ് സിസ്റ്ററും ഇറങ്ങി…
വരൂ.. അവൻ മുന്നിൽ നടന്നു.. അവന്റെ പിന്നിലായി അവരും..
43B യുടെ മുന്നിൽ ചെന്ന് നിന്ന് കാളിങ് ബെൽ അടിച്ചതും അഭി വാതിൽ തുറന്നിരുന്നു. മൂന്നാളും ഉള്ളിലേക്ക് കയറിയതും അഭി വാതിൽ ലോക്ക് ചെയ്യ്തു..
പിയ ആമിയെയും ആഗ്നസ് സിസ്റ്ററിനെയും സോഫയിലേക്ക് ക്ഷണിച്ചു…
ഇതേതാടാ സ്ഥലം.. ഞാൻ രുദ്രേട്ടന്റെ ഫ്ലാറ്റിലേക്ക് ആകും എന്നാ ആദ്യം കരുതിയത്.. പിന്നെ ലൊക്കേഷൻ കണ്ടപ്പോൾ ആണ് അങ്ങോട്ട് അല്ല എന്ന് മനസിലായത്…വിച്ചു അഭിയോട് സ്വകാര്യത്തിൽ ചോദിച്ചു..
അവിടെ ഒക്കെ നമ്മൾ നിരീക്ഷണത്തിൽ ആയിരിക്കും എന്നാ രുദ്രേട്ടൻ പറയുന്നത്. ഇത് ആളുടെ ഏതോ ഫ്രണ്ടിന്റെ ഫ്ലാറ്റ് ആണെന്ന്.. അവർ ഒക്കെ പുറത്ത് സെറ്റൽഡ് ആണ്… അപ്പൊ പിന്നെ ഇവിടെ ആക്കാം ഈ വക കൂടിക്കാഴ്ചകൾ എന്ന്.. അഭി പറഞ്ഞു…
ആ…അതു ശരിയാ.. അതു പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർത്തത്.. വിച്ചു അതുപറഞ്ഞുകൊണ്ട് വേഗം അവന്റെ ഫോൺ എടുത്ത് അവിടെ ആഗ്നസ് സിസ്റ്ററിനെ നോക്കി നിന്നിരുന്ന രണ്ടുപേരുടെയും ഫോട്ടോ കാട്ടികൊടുത്തു..ആഗ്നസ് സിസ്റ്റർ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ബസ് ഇറങ്ങുന്നത് വരെ ഇവർ അവരുടെ പിന്നാലെ ഉണ്ടായിരുന്നു… വിച്ചു പറഞ്ഞു..
മ്മ്.. എല്ലാവരുടെയും പിന്നിൽ ആളുകൾ ഉണ്ട് നമ്മളെ ശ്രദ്ധിക്കാനായി…. എന്തായാലും നീ ഇത് താ രുദ്രേട്ടന് കാണിക്കട്ടെ.. അഭി അതും പറഞ്ഞുകൊണ്ട് വിച്ചുവിന്റെ ഫോണും വാങ്ങി രുദ്രന്റെ അടുത്തേക്ക് പോയി…
രുദ്രേട്ടാ… ആഗ്നസ് സിസ്റ്ററിന്റെ മുന്നിലെ സെറ്റിയിൽ ആയി ഇരുന്ന് അവർ ഒന്ന് സെറ്റ് ആകാൻ വെയിറ്റ് ചെയ്യുകയായിരുന്ന രുദ്രൻ അഭിയുടെ വിളികേട്ടതും അവനെ തിരിഞ്ഞു നോക്കി..
എന്താ അഭി…
ഏട്ടാ.. ഇത് നോക്ക്.. ആഗ്നസ് സിസ്റ്റർ ഹോസ്പിറ്റലിന് പുറത്ത് ഇറങ്ങിയപ്പോൾ തൊട്ട് അവരെ വാച്ച് ചെയ്തിരുന്നവർ ആണ്..
അഭി വിച്ചുവിന്റെ ഫോണിലെ ഫോട്ടോ കാട്ടികൊണ്ട് പറഞ്ഞു..
മ്മ്.. ഇവന്മാരെ തന്നെ ആണ് ഞാൻ എന്റെ ഫ്ലാറ്റിന്റെ മുന്നിലും കണ്ടത്…താൻ ആ ഫോട്ടോ എന്റെ ഫോണിലേക്ക് ഒന്ന് അയച്ചേ.. അവർക്കുള്ള ഞാൻ കൊടുത്തുകൊള്ളാം.. അഭി വേഗം ആ ഫോട്ടോ രുദ്രന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു.. രുദ്രൻ ആർക്കോ അത് അയച്ചുകൊടുത്തു. പിന്നെ നേരെ ഫോൺ എടുത്ത് ആരെയോ വിളിച്ചു…
അഷ്റഫെ ഞാൻ ഒരു ഫോട്ടോ അയച്ചിട്ടുണ്ട്. അവന്മാരെയും അവരെ കുറിച്ചുള്ള എല്ലാ ഡീറ്റൈൽസും എനിക്ക് വേണം.. അവരെ പൊക്കുന്നത് തല്ക്കാലം മറ്റാരും അറിയണ്ട….
ശരി സാർ.. ഞാൻ നോക്കാം..അഷ്‌റഫ് മറുപടി പറഞ്ഞതും രുദ്രൻ ഓക്കേ പറഞ്ഞ് ഫോൺ വച്ചു…
അവന്മാരുടെ കാര്യം ഇനി അഷ്‌റഫ് നോക്കിക്കോളും.. രുദ്രൻ അഭിയെ നോക്കി പറഞ്ഞു…
രുദ്രേട്ടാ ആ ഓഫീസർ.. അഭി മുഴുവനാക്കാതെ നിർത്തി..
നല്ലവനാടോ.. അയാളുടെ ട്രാക്ക് റെക്കോർഡ് പരിശോധിച്ചിരുന്നു ഞാൻ… അഭിയുടെ സംശയത്തിന് മറുപടി എന്നതുപോലെ രുദ്രൻ പറഞ്ഞു…
അഭിയും രുദ്രനും സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ആണ് പിയ അവിടെ വന്നിരുന്നത്.. അതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് ആയി…
ആഗ്നസ് എനിക്ക് ഒരേഒരു കാര്യമേ അറിയേണ്ടു.. എന്ത് നേട്ടത്തിന് വേണ്ടിയാണ് താൻ മിത്രയുടെയും കശ്യപിന്റെയും കൊലപാതകത്തിന് കൂട്ട് നിന്നത്…
സാർ… അങ്ങനെ പറയല്ലേ.. മിത്രമോള് എനിക്ക് എന്റെ അനിയത്തി തന്നെ ആയിരുന്നു.. ആ അവരുടെ കൊലപാതകത്തിന് ഞാൻ അറിഞ്ഞുകൊണ്ട് കൂട്ട് നിൽക്കുമോ… അവർ കരഞ്ഞുകൊണ്ട് പറഞ്ഞു…
പിന്നെ എന്താണ് സംഭവിച്ചത്.. നിങ്ങൾ ആണ് കാശിയെയും മിത്രയേയും അവസാനം കണ്ടത്.. നിങ്ങൾ അവരുടെ കാറിൽ കയറി പോകുന്നത് cctv യിൽ കണ്ടു. പിന്നെ അവരെ എല്ലാവരും കാണുന്നത് മരണപെട്ടിട്ടാണ് എന്താ ഇതിനൊക്കെ അർത്ഥം…. രുദ്രൻ ഗൗരവത്തോടെ ചോദിച്ചു..
സാർ.. എനിക്ക് ഭർത്താവില്ല മൂന്ന് പെൺകുഞ്ഞുങ്ങൾ ആണ്.. ആ മൂന്നിനേം വളർത്താനായിട്ടാ ഞാൻ ഈ കഷ്ടപ്പെടുന്നത്.. എന്നിട്ട് അവരെ ആരെങ്കിലും പിടിച്ചു വച്ചിട്ട് അവർ പറഞ്ഞതുപോലെ ഞാൻ ചെയ്തില്ലെങ്കിൽ എന്റെ കുഞ്ഞുങ്ങളെ അവർ നശിപ്പിച്ചു കൊല്ലും എന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യണം.. 8 വയസ്സുള്ള എന്റെ ഇളയമോളുടെ ഉടുപ്പൊക്കെ ഊരിമാറ്റി അവളുടെ കുഞ്ഞ് ശരീരത്തിലൂടെ ഒരുത്തൻ കൈ ഇഴക്കുന്ന വീഡിയോ ഇട്ട് തന്നാൽ അത് കണ്ടിട്ട് ഞാൻ എന്ത് ചെയ്യണം… മിത്രമോളെയും ആ സാറിനെയും അവർ പറയുന്നിടത്ത് എത്തിച്ചില്ലെങ്കിൽ അവർ എന്റെ കുഞ്ഞുങ്ങളെ…. ആഗ്നസ് മുഴുവനാക്കാൻ കഴിയാതെ പൊട്ടികരഞ്ഞു..
ഹേയ്.. കരയല്ലേ.. പിയ അവരുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.. അവർ പറയുന്നത് കേട്ടപ്പോൾ ആ കുഞ്ഞുങ്ങളെ തൊട്ടവനെ കൊല്ലാൻ ഉള്ള ദേഷ്യം ആണ് രുദ്രനും അഭിക്കും ഒക്കെ വന്നത്…
ആഗ്നസ് എന്തിന് വേണ്ടിയാ മിത്രയേയും കാശിയെയും അവർ ഇല്ലാതെ ആക്കിയത് എന്ന് അറിയോ തനിക്ക്… അവർ ഒന്ന് ഒക്കെ ആയതും രുദ്രൻ ചോദിച്ചു..
അറിയാം സാർ.. മിത്രമോൾക്ക് ആ ഹോസ്പിറ്റലിൽ നടക്കുന്ന അവയവകടത്തിനെ പറ്റി വിവരം കിട്ടി.. ഞാനും കൂടിയാണ് അതിന്റെ വിവരങ്ങൾ ഓരോന്നും ശേഖരിച്ചത്..
എങ്ങനെയാ മിത്ര ഇത് അറിഞ്ഞത്. ജോയിൻ ചെയ്തിട്ട് അധികം നാള് ആയിട്ടില്ലല്ലോ.. രുദ്രൻ ചോദിച്ചു..
അത് മിത്രമോള് ജോയിൻ ചെയ്ത സമയത്താണ് സ്‌കറിയ ഡോക്ടർക്ക് എന്തോ ആക്‌സിഡന്റ് പറ്റി റസ്റ്റിൽ ആവുന്നത്. ആ ഡോക്ടറുടെ രോഗികളെ മുഴുവൻ വിനായകൻ ഡോക്ടർ ആണ് നോക്കി കൊണ്ടിരുന്നത്. വിനായകൻ ഡോക്ടർ ലീവ് ആയ ദിവസം ഒരു ഒൻപതോ പത്തോ വയസ്സുള്ള കുട്ടിയേ വയറുവേദനയെ തുടർന്ന് അങ്ങോട്ട് കൊണ്ടുവന്നു. സ്‌കറിയ ഡോക്ടറുടെ രോഗി ആയിരുന്നു അത്. വിനായകൻ സാർ ഇല്ലാത്തത് കൊണ്ടാണ് മിത്രമോളുടെ അടുത്തേക്ക് കൊണ്ട് വന്നത്.. ഹോസ്പിറ്റൽ ചാരിറ്റി രോഗി ആയിരുന്നു അത്..
എന്നിട്ട്.. എന്തായിരുന്നു ആ കുട്ടിയുടെ വയറുവേദനക്ക് കാരണം… പിയ ചോദിച്ചു..
അതെന്തോ ഗ്യാസ് കയറിയതോ മറ്റോ ആയിരുന്നു.. പക്ഷേ.. ആ കുട്ടിയുടെ വയറ് ഞെക്കി നോക്കുന്നതിന്റെ ഇടയിൽ ആണ് ഒരു സർജറി കഴിഞ്ഞ പാട് മിത്രമോള് കാണുന്നത്.. അതെന്താണെന്ന് അവരോട് ചോദിച്ചപ്പോൾ കിഡ്നി സ്റ്റോണിന് വേണ്ടി സർജറി ചെയ്തതാണെന്ന് ആണ് പറഞ്ഞത്.. കിഡ്നി സ്റ്റോൺ റിമൂവൽ ചെറിയ ഒരു പ്രൊസീജിയർ ആണ്. അതിന് ഇവിടെ ഇങ്ങനെ ഇത്ര വലിയ ഒരു പാട്… മിത്ര മോള് വേഗം അവരുടെ കൈയിൽ ഉള്ള സ്കാനിങ് റിപ്പോർട്ടും ഹോസ്പിറ്റൽ റെക്കോർഡ്സിൽ ഉള്ളതും ഒക്കെ നോക്കി..പക്ഷേ അതിൽ എല്ലാം ആ കുഞ്ഞിന് ഒരു കിഡ്നി തന്നെ ഉള്ളൂ. പക്ഷേ മിത്രക്ക് സംശയം തീരുന്നുണ്ടായിരുന്നില്ല..അവൾ അവരോട് പണ്ടത്തെ സ്കാനിങ് റിപ്പോർട്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ വേറെ ഏതോ ഒരു ഹോസ്പിറ്റലിൽ സ്കാൻ ചെയ്ത റിപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞു.. പക്ഷേ അത് അവരുടെ വീട്ടിൽ ആണെന്ന് ആണ് പറഞ്ഞത്… മിത്രമോൾക്ക് ഇനിയും രോഗികൾ ഉള്ളതുകൊണ്ട് അവരുടെ കൂടെ പോകാൻ പറ്റില്ല എന്ന് അറിയാം.. ഇതിനെ കുറിച്ച് ഇന്ന് അറിഞ്ഞില്ലെങ്കിൽ സമാധാനം ഉണ്ടാവുകയും ഇല്ല ആൾക്ക്… അവൾ വിഷമിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു ഞാൻ അവരുടെ കൂടെപോയി റിപ്പോർട്ട് വാങ്ങി വരാം എന്ന്..ആദ്യം സമ്മതിച്ചില്ലെങ്കിലും അതല്ലാതെ വേറെ വഴി ഇല്ല എന്ന് അറിയുന്നതുകൊണ്ട് മിത്രമോൾ സമ്മതിച്ചു.. ഞാൻ അവരുടെ കൂടെ പോയി റിപ്പോർട്ട് വാങ്ങാൻ ആയിട്ട്.. വലിയ പഠിപ്പും വിവരവും ഒന്നും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ ആയതുകൊണ്ട് ഞങ്ങൾ പറഞ്ഞ മുട്ടുന്യായങ്ങൾ അവർ വിശ്വസിച്ചു. അവരുടെ കൂടെപ്പോയ എനിക്ക് അവർ ആ കുഞ്ഞിന്റെ അതുവരെ ഉള്ള റിപ്പോർട്ടുകൾ മുഴുവൻ തന്നു. അതുംകൊണ്ട് തിരികെ വന്ന ഞാൻ നേരെ മിത്രമോളുടെ അടുത്തേക്കാണ് പോയത്. ഞാൻ അവിടെ ചെല്ലുമ്പോൾ ദത്തൻ ഡോക്ടർ അവിടെ ഉണ്ടായിരുന്നു. എന്തോ കാര്യമായ സംസാരത്തിൽ ആയിരുന്നു അവർ. എന്നെ കണ്ടതും എന്നെ ഒന്ന് നോക്കിയിട്ട് അയാൾ പുറത്തേക്ക് പോയി..
ഞാൻ വേഗം കാബിൻ ഡോർ കുറ്റിയിട്ടുകൊണ്ട് കൈയിൽ ഉള്ള റിപ്പോർട്ടുകൾ മോൾക്ക് കൊടുത്തു.. അതിലെ ഓരോ ഡീറ്റൈൽസിലൂടെയും കടന്നുപോയ മോള് അവസാനം കൈ തലയിൽ താങ്ങി കുനിഞ്ഞിരുന്ന് കരയുന്നത് ആണ് കണ്ടത്.. കാര്യം ചോദിച്ച എന്നോട് ആദ്യം ഒന്നും മിണ്ടിയില്ലെങ്കിലും പിന്നെ പറഞ്ഞത് കേട്ടതും പ്രതീക്ഷിച്ചത് ആയിരുന്നെങ്കിൽ കൂടി ഞാൻ ഞെട്ടിയിരുന്നു..
എന്തായിരുന്നു ആ റിപ്പോർട്ടിൽ… അറിയുന്നതാണെങ്കിലും ഒന്നുകൂടി ഉറപ്പിക്കാൻ എന്നതുപോലെ പിയ ചോദിച്ചു..
ഒരു കിഡ്നി സ്റ്റോൺ റിമൂവലിന് വന്ന കുഞ്ഞിന്റെ കിഡ്നി തന്നെ അവർ റിമൂവ് ചെയ്തിട്ടുണ്ടായിരുന്നു. തമാശ എന്താണെന്ന് വച്ചാൽ ഹോസ്പിറ്റൽ റെക്കോർഡ്സിൽ എല്ലാം അതിന് സമ്മതം ആണെന്ന് ആ കുഞ്ഞിന്റെ അച്ഛനും അമ്മയും ഒപ്പും ഇട്ടുകൊടുത്തിട്ടുണ്ട്..ഇത്രയും വലിയ ഒരു ചതി ആ കുഞ്ഞിനോട് ചെയ്തല്ലോ എന്ന് ആലോചിച്ചാണ് മിത്ര മോള് കരഞ്ഞത്.. കുറച്ചുനേരം എടുത്തു മിത്ര മോള് ഒന്ന് സ്റ്റേബിൾ ആവാൻ…പിന്നെ അങ്ങോട്ട് ഇനിയും എത്ര കേസുകൾ ഇങ്ങനെ ഉണ്ട് എന്നറിയാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ഞങ്ങൾ കുറച്ച് കഷ്ട്ടപെട്ടിട്ടാണെങ്കിലും കുറച്ച് അങ്ങനത്തെ കേസുകൾ കൂടി ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു… ഇതിന് പിന്നിൽ ഉള്ള ആരെയും വെറുതെ വിടാൻ പാടില്ല എന്നും പറഞ്ഞാണ് മോള് ആ തെളിവുകൾ മുഴുവൻ ആ കുട്ടിയുടെ ഭർത്താവിന് കൊടുത്തത്.. എത്രയും പെട്ടന്ന് ഇതിന് പിന്നിൽ ഉള്ളവർ ജയിലിൽ ആവും എന്നാണ് കൊല്ലപ്പെടുന്നതിന്റെ തലേന്ന് എന്നോട് മിത്രമോള് പറഞ്ഞത്…
ഒരു കാര്യം ചോദിക്കട്ടെ.. നിങ്ങൾ ഈ തെളിവുകൾ ശേഖരിച്ചത് മുഴുവൻ അവർ അറിയാതെ അല്ലേ പിന്നെങ്ങനെ ഈ തെളിവുകൾ അവരുടെ കൈയിൽ ഉണ്ടെന്ന് ശത്രുക്കൾ അറിഞ്ഞു…അഭി ചോദിച്ചു..
അറിയില്ല സാർ.. ഞങ്ങൾ അത്രയും ശ്രദ്ധിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യ്തത്. പിന്നെ അങ്ങനെ അവർ ഇതെല്ലാം അറിഞ്ഞു എന്ന് എനിക്ക് മനസിലാകുന്നില്ല… ആഗ്നസ് സിസ്റ്റർ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി…
നിങ്ങൾ രണ്ടുപേർ അല്ലാതെ മറ്റൊരാൾക്ക് നിങ്ങൾ ഈ എവിഡൻസ് കലറ്റ് ചെയ്യുന്നത് വേറെ ആർക്കെങ്കിലും അറിയാമായിരുന്നോ…
വേറെ ഞങ്ങൾ ആയിട്ട് ആകെക്കൂടെ മിത്രമോളുടെ ഭർത്താവോനോട് മിത്ര മോളുടെ ഭർത്താവിനോട് മാത്രം ആണ് പറഞ്ഞത്…
ഒന്നുകൂടി ഒന്ന് ആലോചിച് നോക്കിയേ വേറെ ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ എന്ന്… രുദ്രൻ ചോദിച്ചു..
ഇല്ല സാർ… അങ്ങനെ ആരും…. അവർ പറഞ്ഞു വന്നത് നിർതിയിട്ട് മിഴിഞ്ഞ കണ്ണോടെ രുദ്രനെ നോക്കി…
ആരാണയാൾ…. രുദ്രൻ നെഞ്ചിൽ കൈകെട്ടി ആ കസേരയിലേക്ക് ചാരി ഇരുന്നുകൊണ്ട് ചോദിച്ചു…
തുടരും…

by