The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഗായത്രി സുരേന്ദ്രൻ
സന്ധ്യ അതിന്റെ അവസാനത്തെ പകുതിയിൽ എത്തിയിരിക്കുന്നു. കടലാസുകളെ സ്വന്തമാക്കിയ അഗ്നിയും അന്ത്യശ്വാസം വലിക്കാനൊരുങ്ങുകയാണ്.എരിയട്ടെ മനസ്സിലും പ്രണയത്തിന്റെ അവസാന കനലും കെട്ടടങ്ങട്ടെ…
ഇതു ചിതയാണ് പ്രണയം മരിച്ചന്നു കൂട്ടിയ ചിത.
ചാരം മണ്ണിൽ ഇഴുകിച്ചേരും പോലെ പ്രണയത്തിന്റെ ഓർമ്മകൾ പോലും ജീർണ്ണിക്കട്ടെ ഇല്ലാതെയാകട്ടെ…….കണ്ണുനീർ തുളുമ്പാതെ വരണ്ട കണ്ണുകളോടെ അവൾ എഴുന്നേറ്റു.
ഒരടി പോലും പതറാതെ മുന്നോട്ട് നടന്നു.
ഒരുമാറ്റത്തിന്റെഅനിവാര്യതയെന്നോണം….പിന്നീടൊരു യുദ്ധമായിരുന്നു സ്വന്തം മനസിനോടു തന്നെ ഏറെക്കുറെ ജയിക്കാനും തുടങ്ങി.
ഒരു നോക്കു കൊണ്ടു പോലും ആളുടെ ഭാഗത്തേയ്ക്ക് ശ്രദ്ധ പതിപ്പിച്ചില്ല.
അസ്വസ്ഥതകൾ ഉണ്ടാക്കിയില്ല.പഠിച്ചു… ഒരോ വരിയും ഒരോ അക്ഷരങ്ങളെയും വാശിയിലെന്നോണം ഹൃദിസ്ഥമാക്കി.അലക്ഷ്യമായി മനതാരിൽ വേദന പകരുമെന്നു തോന്നിയ ചിന്തകളെ മനപ്പൂർവ്വം അകറ്റി നിർത്തി….പരിശ്രമങ്ങൾ ഏറെക്കുറെ വിജയിച്ചു.
സാർ എപ്പോഴും പഴയപടി തുടർന്നു. ക്ലാസുകൾ മനോഹരമായി എടുത്തു തന്നു. തെറ്റുകൾ കണ്ടാൽ കണ്ണുപൊട്ടും വിധം ശാസിച്ചു ഓരോരുത്തരേയും നേർവഴിക്കു നടത്തി….എന്തു കൊണ്ടോ പിന്നെ കണ്ണിന് മുന്നിൽ ആളുടെ പഴയ വശ്യമായ പുഞ്ചിരി കണ്ടില്ല. കാണാത്തതാണോ അതോ തേടിച്ചെല്ലാത്തതോ എന്ന് അറിയില്ല.
പണ്ടൊക്കെ അതു കാണുവാൻ ആഗ്രഹിച്ചു ഒരുപാടലഞ്ഞതാണ് ഓരോ നിമിഷവും ആളെ നിരീക്ഷിച്ചാണ് എപ്പോഴെങ്കിലും അങ്ങനെ ഒരു കാഴ്ച കണ്ണിനു മുന്നിൽ തെളിയുക…..ഇപ്പോൾ ആ നിഴൽ വെട്ടത്തിനു അടുത്തു പോലും പോകാറില്ല.
അഥവാ അടുത്തു ആളുടെ സാമീപ്യം അറിയുകയാണെങ്കിൽ പതിയെ ഒഴിഞ്ഞുമാറി നടക്കും…ആളത് ഒരിയ്ക്കലും ഗൗനിച്ചിരുന്നില്ല.
ഓരോ ദിനങ്ങളും വേഗതയാർജിച്ചു കടന്നുപോയതായ് തോന്നി.മൂന്നാം സെമസ്റ്റർ തൊട്ടു ഇംപ്രൂവ്മെന്റ് എക്സാം എഴുതാൻ അപേക്ഷിച്ചു അവൾ. ആദ്യ സെമെസ്റ്ററുകൾ താരതമ്യേന എളുപ്പമായിരുന്നു.
അത്യാവശ്യം നല്ല മാർക്കാണ്…
ബാക്കിയുള്ളത് ശരാശരിയിൽ നിന്നും മെച്ചപ്പെടുത്തണം. രാത്രി ഉറക്കമിളച്ചു പഠിച്ചു തുടങ്ങി. പഴയ നോട്ടുകൾ ശേഖരിച്ചു വായിച്ചു. അറിയാത്തതൊക്കെയും ചോദിച്ചു മനസിലാക്കി.
മാസങ്ങൾ പിന്നേയും കടന്നു പോയ്ക്കൊണ്ടിരുന്നു.
പാറുവിന്റെ ഇരുപത്തി മൂന്നാം പിറന്നാളോടു കൂടി അച്ഛൻ അവളുടെ കല്യാണ ആലോചനകൾ തുടങ്ങി.
ഇരുപത്തിനാലിനകം അവളെ ഭദ്രമായ കൈകളിൽ പിടിച്ചു ഏൽപ്പിക്കണം എന്നായിരുന്നു ആഗ്രഹം….
ആലോചനകൾ മുറയ്ക്കു വന്നു തുടങ്ങിയപ്പോഴാണ് അച്ഛൻ അവളുടെ ജാതകം നോക്കിച്ചത്.
ഇരുപത്തി അഞ്ചിനേ മംഗല്യയോഗം ഉണ്ടാകൂ എന്നറിഞ്ഞപ്പോൾ തൽക്കാലത്തേയ്ക്ക് കല്യാണാലോചനയ്ക്ക് ഒരു അർധവിരാമം കുറിച്ചു…..
ബിരുദം അവസാനവർഷത്തിന്റെ അവസാനമാസത്തിലേയ്ക്ക് കാലചക്രം ചെന്നടുത്തു.
വേനൽക്കാറ്റിൽ വിളഞ്ഞ കതിരുകൾ കൊയ്തെടുത്ത പാടത്ത് നെല്ലിൻ കുറ്റികളും ഉതിർന്നു വീണ നെന്മണികളും ബാക്കിയായി….കൊയ്തെടുത്ത കറ്റകൾ പാടത്തിനതിരിൽ വേർതിരിച്ചു വച്ചിരിക്കുന്നു.
പച്ചത്തത്തകളും കൊറ്റികളും മാടത്തകളും അരിപ്രാവും വയലോരത്തു പാറിപ്പറന്നു നെന്മണികൾ കൊത്തിയെടുത്തു…..ചൂടുകാലത്തിന്റെ ആരംഭമായിട്ടും വയലിൽ ഒഴിയാത്ത കാറ്റാണ്. അത് ഉഷ്ണത്തെ പറത്തി കൊണ്ടുപോകും.
മനസ്സിലെ ഉഷ്ണത്തിനും ഇപ്പോൾ തെല്ലൊരു കുറവുണ്ട്. ജനിക്കും മുൻപേ ശ്വാസം മുട്ടി മരിച്ചുപോയ പ്രണയത്തെ ഭൂതകാലത്തിന്റെ ദുഃഖച്ഛവികളിൽ മറവു ചെയ്തു കഴിഞ്ഞു….
പഴയതു പോലെ എന്തോ ചിരിക്കാൻ കഴിയുന്നില്ല എന്തുകൊണ്ടെന്നത് തീർത്തും അജ്ഞാതമാണ്.
അച്ഛനും പാറുവും പറഞ്ഞുതുടങ്ങിയിരുന്നു കുഞ്ഞോൾ വല്യ കുട്ടി ആയ മാതിരി ഉണ്ടെന്ന്…..
പച്ചയിൽ നിന്ന് പഴുത്തുവെന്നപോലെ….താനേ പഴുത്തതോ തല്ലിപ്പഴുപ്പിച്ചതോ എന്നതിലേ സംശയം ഉള്ളൂ….ക്ലാസിലും പതിവിലും നിശബ്ദയായി നിലകൊണ്ടു. പക്ഷേ കൂനിക്കൂടി ഇരുന്നതല്ലെന്നു മാത്രം. കിട്ടുന്നത്ര സമയവും പഠനവും സംശയങ്ങളുമായി ഓടിക്കൊണ്ടിരുന്നു….
കാമ്പസ്സിലെ എല്ലായിടങ്ങളിലും കണ്ണു തുറന്നു കണ്ടു.
പഠനത്തിന്റെ മടുപ്പിക്കുന്ന ഇടവേളകളിൽ ഏതെങ്കിലും ഒരു ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുസ്തകവുമായി ലൈബ്രറിയുടെ നാലു ചുവരുകൾക്കു പുറത്തു വിശാലമായ അന്തരീക്ഷത്തിൽ തെളിഞ്ഞ വാനത്തിനു കീഴെ ചെന്നിരിക്കും…..എല്ലാം കണ്ടും അറിഞ്ഞും പുതിയ അനുഭവങ്ങൾ അവൾ നേടി. ഏകാന്തമായ പ്രയാണമായിരുന്നെന്നു മാത്രം.പലരും പറഞ്ഞതിൽ പിന്നെയാണ് അവൾക്ക് അവളുടെ ചുണ്ടുകളിൽ നിന്നു ചിരി മാഞ്ഞത് മനസിലാക്കാൻ സാധിച്ചത്.
പലവുരു നിലക്കണ്ണാടിയുടെ മുന്നിൽ നിന്നു ചുണ്ടുകൾ കൈവിരൽ കൊണ്ട് വിടർത്തിയെടുത്ത് പഴയ ചിരിയുടെ ശേഷിപ്പുകളെ കണ്ടെത്താനുള്ള അവളുടെ പരിശ്രമവും വൃഥാവിലാകുകയാണ് ചെയ്തത്..
ചുണ്ടുകൾവലിച്ചുനീട്ടിയപ്പോൾമുഖംവികൃതമാകുന്നതല്ലാതെ ചിരി ഇല്ല. ആ ശ്രമം അവിടെ ഉപേക്ഷിച്ചു.
അവൾ മാറിപ്പോയിരിക്കുന്നു എന്ന് സ്വയം മനസിലാക്കി…..ഒരാളുടെ പുഞ്ചിരി തേടിപ്പോയി സ്വന്തം മന്ദസ്മിതം നഷ്ടപ്പെട്ടു തിരിച്ചു വരേണ്ടി വന്ന അവസ്ഥ…..അവൾ നിർവികാരത മൂടുപടമായണിഞ്ഞു തുടങ്ങി…ആയിടെ എഴുതിയ ഇംപ്രൂവ്മെന്റ് എക്സാമുകളുടെ മാർക്കുകൾ വന്നപ്പോൾ എല്ലാറ്റിനും ഉയർന്ന നിലവാരത്തിലുള്ള സംഖ്യകൾ സ്വന്തമാക്കിയപ്പോഴും അവൾക്കു നിർവികാരതയായിരുന്നു…
അപ്പോഴേയ്ക്കും പഴയ ഓർമ്മകളെ ക്ലാവുപിടിച്ച താഴിനുള്ളിൽ ചേർത്തിരുന്നു അവൾ.അവസാനവർഷ പരീക്ഷകൾ തുടങ്ങി. മറന്നതും മറക്കാത്തതുമായ ഓർമ്മകൾ നൽകിയ ആ കലാലയത്തിലെ അവസാന ദിനങ്ങൾ അവൾ സ്വയം മറന്നു ആസ്വദിച്ചു….
അപ്പോഴേയ്ക്കും എന്തുകൊണ്ടോ വിശ്വനാഥ് ലോങ് ലീവ് എടുത്തു പോയി എന്നറിഞ്ഞു. പക്ഷേ എന്തുകൊണ്ടെന്ന് തിരക്കിയില്ല….പിന്നീടങ്ങോട്ട് പരീക്ഷാടൂടായിരുന്നു. കൊണ്ടു പിടിച്ച തിരക്ക്.
അച്ഛനു ഒരേ നിർബന്ധം ആയിരുന്നു പരീക്ഷാ ദിവസം പുലർച്ചേ പാറുവിനോടൊപ്പം കാവിൽ തൊഴുതു കഴിഞ്ഞു പോയാൽ മതിയെന്ന്…അച്ഛനു വരണമെന്നുണ്ടായിരുന്നു. പക്ഷേ ഈയിടെ ആയി മേലുവേദനയും വയ്യായ്കയും കുറേശ്ശെ ഉണ്ട്.
ഇടയ്ക്കിടെ നെഞ്ചു വേദനയെന്നും പറഞ്ഞു ജീരകം വറുത്തു വെള്ളം വയ്ക്കും.
അതു കുടിക്കും.
കുറേത്തവണ പിറകേ നടന്നു പാറുവും താനും പറഞ്ഞു സ്വൈര്യം കൊടുക്കാഞ്ഞിട്ടു ക്ലിനിക്കിൽ പോയതാണ്. പ്രത്യേകിച്ചു പ്രശ്നങ്ങളു കാര്യങ്ങളുമൊന്നും ഇല്ലെന്നാണ് പറഞ്ഞത്…പ്രായം ഏറിവരികയല്ലേയെന്നു പറഞ്ഞു അച്ഛനതു വിട്ടു.
ദിനവും കാവിൽ പോയി ആത്മാർത്ഥമായി പ്രാർത്ഥിച്ചു തന്നെ പരീക്ഷ എഴുതാൻ പോയി. അവസാനദിവസം പരീക്ഷ കഴിഞ്ഞു എല്ലാവരും ഒന്നു ഒരുമിച്ചിരുന്നു.ക്യാമ്പസിന്റെ കോണിൽ മരത്തണലിൽ ഇരുന്നു കഥകൾ പറഞ്ഞു തമ്മിൽത്തമ്മിൽ കളി പറയാൻ മത്സരിച്ചു.ഒരുമിച്ചു എല്ലാവരും തേൻമിഠായി നുണഞ്ഞു.
ഏറെ വൈകിയാണ് അന്നു പിരിഞ്ഞത്.തിരികെ പോരുമ്പോൾ ലൈബ്രറിയിൽ കൊടുക്കാനുണ്ടായിരുന്ന അവസാന പുസ്തകവും കൊടുത്തു രെജിസ്റ്ററിൽ ഒപ്പിട്ടു.ഇത്രയും കാലം ഏറ്റവും കൂടുതൽ ചെലവഴിച്ച ഇടമാണിവിടം. ഓരോ മുക്കും മൂലയും തനിക്കു സുപരിചിതമാണ് ഓരോ ബുക്കുകളിലൂടെയും കൈവിരലോടിച്ചിട്ടുണ്ട്…..തിരിച്ചു പോരും മുൻപ് ലൈബ്രറിയിലെ ചേച്ചി വിളിച്ചു. കുറച്ചു നേരം സംസാരിച്ചു. തിരികെ നടന്നു പാർക്കിംഗിലൂടെ ഗേറ്റ് കടക്കുമ്പോഴാണ് ഒരു ബൈക്ക് മുൻപിൽ നിർത്തിയത്. ദ്രുപത് ആയിരുന്നു.ചുണ്ടുകൾ കൊണ്ടു ജീവനില്ലാതെ ചിരിച്ചു.
“എന്താടോ ഇത്രേം വൈകിയേ….തന്റെ പരീക്ഷകളൊക്കെ കഴിഞ്ഞൂല്ലേ….””ഉം……..”
ഞങ്ങളുടെ പ്രാക്ടിക്കൽസ് കഴിയാൻ ഏകദേശം ഈ നേരാവും..ഇന്നു ഞാൻ നേരത്തെയാ… താനൊറ്റയ്ക്കേ ഉള്ളോ??””അതെ…
ലൈബ്രറിയിൽ ഒന്നുകയറാനുണ്ടായിരുന്നു…””തന്നെ ഇപ്പോ അങ്ങനെ കാണാറില്ല അതുകൊണ്ട് വിശേഷങ്ങൾ തിരക്കാനും പറ്റീല്ല.
അച്ഛനും ചേച്ചിയും സുഖമായി ഇരിക്കുന്നുവോ??”
“സുഖം തന്നെ….”തന്റെ സംസാരം കേട്ടാൽ മനസ്സിലാകും തീരെ വയ്യാന്ന്. ഇനീം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല.തനിക്കു തലവേദന വല്ലതും ഉണ്ടോ??””കുറേശ്ശെ…നേരത്തെ ഇല്ലാർന്നു ഇപ്പോ….ചെറുതായിട്ട്…”പറയുമ്പോഴേയ്ക്കും തല പൊട്ടിപ്പിളരും പോലെ വേദനിച്ചു. ഒരുപാട് നേരം സംസാരിച്ചിട്ടാണോ…അതോ പരീക്ഷാ തിരക്കിൽ നേരാം വണ്ണം ആരോഗ്യം ശ്രദ്ധിക്കാഞ്ഞിട്ടോ അറിയില്ല…
“ഉം…. അതു തന്നെ കാണുമ്പോ തന്നെ മനസിലാവുംതനിക്കു വിരോധം ഇല്ലെങ്കിൽ താന് പിറകിൽ കയറൂ ഞാൻ വീട്ടിലാക്കാം….””ഏയ്…
അതൊന്നും വേണ്ടാ ദ്രുപത്…ഇതിപ്പോ പൊയ്ക്കോളും…”അങ്ങനെ പറയുമ്പോഴും അവളും ആരെങ്കിലും വന്നു ഒന്ന് വീട്ടിൽ എത്തിച്ചു തന്നിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു…കണ്ണിനു ഭാരമുണ്ട് തലയ്ക്കാണെങ്കിൽ സന്തുലിതാവസ്ഥ നഷ്ടപ്പെടും പോലെ.”നല്ല ആളാണ് പറയണത് തന്നെ കണ്ടാൽ അറിയാം ഇതുപോലെ നടന്നു സ്റ്റോപ്പ് വരെ പോലും എത്തില്ല എന്ന്.അതിനു മുന്നേ താൻ എവിടെയെങ്കിലും തലകറങ്ങി അലച്ചുതല്ലി വീണിട്ടുണ്ടാവും.അധികം വാശി പിടിക്കാതെ.
അഞ്ചുമണി കഴിഞ്ഞതല്ലേയുള്ളൂ ഞാൻ സ്റ്റോപ്പിൽ കൊണ്ടാക്കാം.”അധികം എന്തെങ്കിലും പറയാൻ വയ്യ. അവന്റെ വാക്കുകളെ അനുസരിച്ചു വല്ല വിധേനയും ബൈക്കിൽ കയറി. അതുകൊണ്ട് പെട്ടെന്നു സ്റ്റോപ്പിലെത്തി.
അവിടെ നിന്നും ബസ്സ് കയറിപോയ്ക്കോളാമെന്നു പറഞ്ഞിട്ടു അവൻ സമ്മതിച്ചില്ല.
ഓട്ടോ പിടിച്ചിട്ടു വരാമെന്നു പറഞ്ഞു വൈകാതെ ഓട്ടോ വരുത്തിച്ചു തന്നു.വയ്യാത്തതു കൊണ്ടു ഒറ്റയ്ക്ക് പോകേണ്ടെന്നു പറഞ്ഞു കൂടെ ഓട്ടോയിൽ അവനും വന്നു.ഡോ…”മൗനം മാത്രം തളംകെട്ടി നിന്നതു ഭേദിച്ചത് വീണ്ടും ദ്രുപത് ആയിരുന്നു…
“ആഹ് പറയൂ ദ്രുപത്…””ഇപ്പോ പ്രയാസം ഒന്നും ഇല്ലല്ലോ അല്ലേ??”ഏയ്.. ഇല്ല…””ഓ…. ഞാനതു വിട്ടു പോയേനെ തന്നോടു പറയാൻ…
എന്തായാലും ഞങ്ങൾ വീട്ടിൽ വന്നു ക്ഷണിക്കും, എങ്കിലും തന്നോടു ആദ്യമേ പറയണ്ടേ…”നിറഞ്ഞ ചിരിയോടെ അവൻ എന്താണ് പറയാൻ തുടങ്ങുന്നതെന്ന് തെല്ലു കൗതുകപൂർവ്വം നോക്കി.
“അതേയ് ഒരു കല്യാണം ഉണ്ടേയ്..മെയ്യിൽ ആണ്. അതിനടുപ്പിച്ചു വന്നു ക്ഷണിക്കും. അപ്പോ തിരക്കു പറയാതെ അങ്ങു വന്നേക്കണം കേട്ടോ….””ആരുടെ കല്യാണമാ ദ്രുപത്?””വേറെ ആരുടെയാ…എന്റേട്ടന്റേത് തന്നെ.നിങ്ങളുടെ ഒക്കെ വിശ്വനാഥ് സാറിന്റെ…പുള്ളിക്കാരൻ ഇപ്പോ തിരക്കു ആയതു കൊണ്ട് ലീവ് എടുത്തേക്കുവല്ലേ…നിങ്ങളോടൊക്കെപറഞ്ഞിട്ടുണ്ടാവില്ലാന്നെനിക്ക് തോന്നി.അല്ലെങ്കിലേ ആൾ ജോലിയും ജീവിതവും കൂട്ടിക്കുഴയ്ക്കില്ല..ഇവിടെ ഒരു മുഖം അവിടെ ഒരു മുഖം.”അവനതു കളിയോടെ പറഞ്ഞപ്പോഴും ആദ്യത്തെ വാചകങ്ങൾക്ക് അപ്പുറം ഒന്നും തന്നെ ചെവിയിലേക്ക് എത്തിയിരുന്നില്ല.
നെഞ്ചിൽ നിന്നു കൈവിരൽ വരേയ്ക്ക് ഒരു നോവ് തികട്ടി വന്നതു അടക്കിപ്പിടിച്ചു ശ്വാസം വലിച്ചു വിട്ടു.
കണ്ണുകൾ പുറത്തേക്ക് അലക്ഷ്യമായി നട്ടു ഇരുന്നു..
കണ്ണുകൾക്കൊരു വല്ലാത്ത പുകച്ചിൽ….”ഡോ… താൻ കേട്ടോ…”ഏ….. ഏഹ് ഞാൻ….
സോറി തലവേദന കൊണ്ട്….””ഓഹ് ശരിയാ…
ഈ അവസ്ഥയിൽ ഇരിക്കുന്ന തന്റെ ചെവിക്ക് സ്വസ്ഥത തരാതെ സംസാരിച്ചു കൊണ്ട് ഇരുന്ന ഞാൻ എന്ത് മനുഷ്യനാ അല്ലേ….പോട്ടേ…
തന്റെ വീടെത്താറായല്ലോ….”വീടിനരികിലെ റോഡരികിൽ ഓട്ടോ നിർത്തി. ഏതോ ഒരു ബലത്തിൽ എഴുന്നേറ്റു.ദ്രുപത് യാത്ര പറയാനാണ് തയ്യാറെടുക്കയാണ്.”ദ്രുപത്, ആ പെൺകുട്ടിയുടെ പേരെന്താ…സാറിന്റെ…..””ഓ അതോ……
സ്റ്റെല്ല….”
എന്തുകൊണ്ടോ ആ പേരു കേട്ടപ്പോൾ പണ്ടു സാറിനൊപ്പം കണ്ട ആ മഞ്ഞുപോൽ നനുത്ത പെണ്ണിന്റെ അവ്യക്തമായ മുഖം ഓർമ്മ വന്നു.
“സാറിന്റേത് പ്രണയം ആയിരുന്നു അല്ലേ???””അതേല്ലൊ തനിക്കെങ്ങനെ അറിയാം..?!”ഒട്ടരത്ഭുതം അവന്റെ ചോദ്യത്തിൽ കലർന്നിരുന്നു…അറിയാം….പക്ഷേ………
മനസിലാക്കിയില്ല……..ഒരു നിമിഷം വൈകാതെ,
ഒരു യാത്രാനുവാദം പറയാൻ നിൽക്കാതെ, അവളാ വഴിയോരം ചേർന്ന് ഇരുണ്ടപാതയിലേക്ക് നീങ്ങിത്തുടങ്ങിയത് അമ്പരപ്പോടെ അവൻ ഉറ്റുനോക്കി……..
……….തുടരും…………………..
എനിക്കായി ഒരു വരി 😁❤️
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)