11/04/2026

സ്പന്ദനം- ഭാഗം 10

രചന : ഗായത്രി സുരേന്ദ്രൻ

“കുഞ്ഞേട്ടനോ?”തെല്ലൊരു സംശയത്തോടെ ചോദിച്ചു.”ആ ഞാൻ അങ്ങനാ വിളിക്കാറ് താൻ വാ….”മുൻപായിരുന്നുവെങ്കിൽ ഏതു വിധേനയും ആ ക്ഷണം നിരസിച്ചേനേ…. പക്ഷേ ഇനിയില്ല…ചിരിയോടെ ദ്രുപതിനെ അനുഗമിച്ചു മുന്നോട്ടേയ്ക്കു നടന്നു….ഹൃദയസ്പന്ദനം ഓരോ കാൽവയ്പ്പിലുംവേഗതയാർജിക്കുന്നതറിഞ്ഞു…………………ആളുടെ അടുത്തേയ്ക്ക് എത്താറായിട്ടും തങ്ങളെ കണ്ണിൽ പിടിക്കുന്നില്ല. ചെണ്ടമേളത്തിന്റെ ഭാഗത്തോട്ടാണ് നോട്ടം മുഴുവൻ….പതിയെ ഇടം കണ്ണിട്ടു ആ ഭാഗത്തു മറ്റു തരുണീമണികൾ ഒന്നും ഇല്ലായെന്ന് ഉറപ്പാക്കിയതിനു ശേഷമാണൊന്നു നെടുവീർപ്പിട്ടത്….

“കുഞ്ഞേട്ടാ….”ദ്രുപതിന്റെ വിളികേട്ടു തിരിഞ്ഞു നോക്കിയ ആളുടെ മുഖഭാവം തന്നെ കണ്ടപ്പോൾ മാറി. ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല തന്നെ ഇവിടെ.
അവൾക്കു ചിരി വന്നു.പക്ഷേആൾ തന്നെ കണ്ടിട്ട് ഒരു പുച്ഛഭാവത്തിലാണോ അതോ ഒരു കുരുത്തംകെട്ട കുട്ടിയെ കണ്ട ടീച്ചറുടെ മുഖഭാവത്തോടെയാണോ നോക്കുന്നത് എന്നു വേർതിരിച്ചു പറഞ്ഞാൽ മാത്രം മതി…. കയ്യിലെ ബലൂണിലേക്കും നോക്കി വീണ്ടും പുച്ഛം!ഇവിടെ തന്നെയത്ര പിടിച്ചില്ല എന്നു തോന്നുന്നു.അവൾ ഒട്ടും അമാന്തിച്ചില്ല ചുണ്ടുകളിൽ നിറയെ തെളിമയോടെ മനോഹരമായ് അയാളെ നോക്കി പുഞ്ചിരിച്ചു.

അതുകണ്ടിട്ടു തിരികെ ഒരു ചിരിപോലു നൽകാതെ പതിവു ഭാവത്തിൽ തന്നെ നിൽക്കുന്നതു കണ്ട് അവൾക്കു പരിഭവം നാമ്പിട്ടു തുടങ്ങി…..ഒന്നു ചിരിച്ചാൽ മുത്തു പൊഴിഞ്ഞു താഴെ പോകുമോ ആവോ… തിരിച്ചൊരു ചിരി തരാനുള്ള സാമാന്യ മര്യാദ പോലും ഈ മനുഷ്യനില്ലേ….അവൾ അവൾക്കുള്ളിൽ തന്നെ പരിഭവങ്ങളുടെ കെട്ടഴിച്ചു വിട്ടു.എന്താടാ…നീയെന്താ ഇവിടെ? എന്തിനാ ഇങ്ങോട്ടു വന്നത്???”അവൾ ദേഷ്യം വന്നു പോയി. മൂക്കിന് തുമ്പു ചുവന്നു. എന്തിനാവന്നതെന്ന്!!!!
ഇനി ദേവിയും ഇയാളുടെ തറവാടു വക സ്വത്താണെന്നാണോ മഹാന്റെ മനസിലിരിപ്പ്??!!

“അത്…. കുഞ്ഞേട്ടാ…. ഇത് സ്പന്ദ…
ഏട്ടന്റെ ക്ലാസിലെ കുട്ടിയല്ലേ ഇവിടെ കണ്ടപ്പോ… സംസാരിച്ചപ്പോ….ആരും കൂടെ വന്നില്ലേന്നു ചോദിച്ചപ്പോ…ഏട്ടനെകാട്ടിക്കൊടുത്തിട്ട്……”ദ്രുപത് എന്തൊക്കെയോ പറയുന്നു. പുരികക്കൊടികൾ വില്ലു പോലെ വളച്ച് താൽപര്യമില്ലാത്ത മുഖഭാവത്തോടെ ആളതു കേൾക്കുന്നു… “ഉം…. സംസാരിച്ചു കഴിഞ്ഞില്ലേ….ഡാ നീ തൊഴുതു കഴിഞ്ഞില്ലേ…
ഇപ്പൊ തന്നെ വൈകുന്നേരം ആവാറായി..
വരുന്നുണ്ടോ?എല്ലാം കണ്ടുകഴിഞ്ഞെങ്കീ പോവാം…”
പഴയ അതേ പരുക്കൻ മട്ട്. ഇങ്ങനെയുള്ള ഈ മനുഷ്യനെ ഞാനെങ്ങനെ നേരയാക്കും ദേവീ…..
കാണണില്ലേ നീയ്യ്??വൈകുന്നേരാത്രെ ഇത്!!!!
ഒരു രണ്ടേമുക്കാൽ മൂന്നു മണിയാകുന്നു അതിനാണ്… അവൾ കൂർത്തനോട്ടത്തോടെ ആളെ നോക്കി.അവിടെ യാതൊരു കുലുക്കവും ഇല്ല.

“സ്പന്ദേ…. അപ്പൊ എന്നാ…. ഞങ്ങള്….”
ദ്രുപത് കിടന്നു വിക്കുന്നതു പോലെ തോന്നി.
ഇവിടിത്രത്തോളം വന്നതല്ലേ ദ്രുപത്…. ന്റെ വീട് രണ്ടു പറമ്പപ്പുറാണ്… വരൂ കേറീട്ടു പോവാം…
ഇവിടം വരെ വന്നിട്ട് കയറാതെ പോവരുത്….”
പെട്ടന്നു കൈവന്ന ധൈര്യത്തിൽ അങ്ങനെ പറയാനാവും തോന്നിയത്. നേരാംവണ്ണം ഒന്നു കാണാൻ പറ്റിയില്ല.അല്ലെങ്കിൽ തന്നെ വീർപ്പിച്ച ബലൂൺ പോലെയാക്കും മുഖം . എപ്പോൾ പിന്നെ ഈ ഒരു വഴിയേ കണ്ടുള്ളൂ….”ഏയ് അതൊന്നും ശരിയാവില്ല കുട്ടീ…ദ്രുപത് പിന്നെ ഒരിക്കൽ വീടും കാണാൻ വന്നോട്ടെ.ഇന്നെനിക്കു നേരത്തെ പോയിട്ടൽപം തിരക്കുണ്ട്….”ദ്രുപതിനെ കാണാനല്ല ഇയാളെ കാണാനാണ് ഇഷ്ടം എന്നു ഉറക്കെ വിളിച്ചു പറയാൻ തോന്നി.”കുഞ്ഞേട്ടാ സ്പന്ദ വിളിച്ചതല്ലേ…നേരംആയില്ലല്ലോ…..അതുകൊണ്ട്…..”

ദ്രുപത് അനുകൂലമായ് സംസാരിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആളത് ശ്രദ്ധിക്കുന്ന മട്ടില്ല. ഇതിനു പിടിവാശിയെന്നാണ് പറയുക.”ഏയ് നീ പറയും പോലെയല്ല…അത് പറ്റില്ല കുട്ടീ കാരണം……………””കുഞ്ഞോളേ…. പോവണ്ടേ…”സാറിന്റെ വാക്കുകളെ ഖണ്ഡിച്ചു കൊണ്ട് അച്ഛന്റെ ശബ്ദം കർണപടത്തിലെത്തി.
ഓരോന്നു വാങ്ങാൻ പോയിട്ടു പിന്നെ തന്റെ വിവരമേ ഇല്ലാത്തതു കൊണ്ടു വന്നതാവും…. അച്ഛനും ആളെ കണ്ടു കഴിഞ്ഞു. അപരിചിതത്വം ആ മിഴികളിലുണ്ടായിരുന്നു….”അച്ഛാ ഇത് ന്റെ സാറാണ് ട്ടോ…. ന്റെ ക്ലാസിലു പഠിപ്പിക്കണത്.
ഇത് സാറിന്റെ അനിയനാ ദ്രുപത്. ന്റെ കോളേജീത്തന്നെ പഠിക്കണതാ….”

സാറിനെ പരിചയപ്പെടുത്തുവാനായിരുന്നു കൂടുതൽ ഉത്സാഹം. ചെറിയൊരു പരിഭ്രമവും ഉള്ളിന്റെ ഉള്ളിൽ വരാതിരുന്നില്ല…അതെയോ… എനിക്കറിയില്ലാർന്നു മാഷെ..മാഷെ വീട് ഇവിടടുത്തന്യാണോ??””അല്ല, ഇത് കുടുംബക്ഷേത്രവാണ്. ദാ ഇവനു വേണ്ടി വന്നതാണ്…..നേരം വൈകീ തോന്നുന്നു..
ഞങ്ങൾ പോവ്വാണ്… ശരിയപ്പോ…”അച്ഛനോടു മിണ്ടുവാൻ ആ വായിൽ നാക്കുണ്ടല്ലേ….
എങ്ങനെയെങ്കിലും അങ്ങു തടിതപ്പാനാണോ ദേവി ഇങ്ങേരിതു തിരക്കാണ് തിരക്കാണ്ന്നു പറയണത്?
ഇതിനും മാത്രം ന്താപ്പോ തിരക്ക്?!!!”ദ്രുപത് വീടിനിത്രടം വന്നതല്ലേ അവിടന്നു ചായ കുടിച്ചിട്ടു പോകാം….മുടക്കു പറയാതെ….”അവസാന വാചകം ആളെ നോക്കിയിട്ടാണ് പറഞ്ഞു തീർത്തത്.
എന്തെങ്കിലും ഭാവഭേദമുണ്ടോന്നറിയാൻ… എവിടെ… വാശി തന്നെ….

“കുഞ്ഞോളു പറഞ്ഞതു പോലെ ഇവിടത്തോളം വന്നതല്ലേ വീട്ടിൽ കയറിയിട്ടും പോവാം മാഷേ…..”
സാർ വീണ്ടും മുടക്കു പറയാന് വാ തുറന്നപ്പോഴേക്കും അച്ഛനതു പറഞ്ഞുകഴിഞ്ഞു.അച്ഛനോട് നന്ദി പറയാൻ തോന്നി. പക്ഷേ പറയാൻ പറ്റില്ല….പിന്നീടാളൊന്നും എതിർപ്പു പറഞ്ഞില്ല. വരാമെന്നു സമ്മതിച്ച മാതിരി തലയാട്ടി. സന്തോഷം മനസ്സിൽ തിരതല്ലി….
ആകാശത്തോളം ആശകളുയർന്നു. ആ സാമീപ്യം ഒരു നിമിഷമെങ്കിൽ ഒരു നിമിഷം കൂടുതൽ കൊതിച്ചു പോവുകയാണ്. മനസ്സിനെ അടക്കുവാൻ പാടുപെട്ടുപോകുന്നൂ….കൈയ്യിൽ പിടിച്ചിരുന്ന പാലൈസ് അലിയുവാനാകും മുന്നേ അതിലൊന്നും ദ്രുപതിനു നേരേ നീട്ടി. ആളോടു പിന്നെ ഇതു കഴിക്കുവാൻ കൊടുത്താൽ ആ കണ്ണുകൾ കൊണ്ടു കരിച്ചു കളഞ്ഞാലോ….അതുകൊണ്ട് ചോദിച്ചില്ല.

പാറുവിനു വീണ്ടും വാങ്ങി നടന്നു തുടങ്ങി. അച്ഛൻ സാറോട് കോളേജിനെപ്പറ്റി എന്തെല്ലാമോ ചോദിച്ചു കൊണ്ടാണ് നടത്തം.കൂട്ടത്തിൽ തന്റെ പഠനകാര്യങ്ങളെപ്പറ്റിയും ചോദിക്കുന്നതു കേട്ടു അവരുടെ സംസാരത്തിലേക്കു ശ്രദ്ധ കൂർപ്പിച്ചു….
ദ്രുപത് നാടിനേപ്പറ്റിയും ഉത്സവത്തെപ്പറ്റിയും വീടിനെപ്പറ്റിയും എന്തൊക്കെയോ ചോദിച്ചു. തൃപ്തികരമായി മറുപടി കൊടുക്കുന്നതിനിടയിലും പുറകിലെ സംസാരത്തിലായിരുന്നു പകുതി ഏകാഗ്രത….നടന്നു നടന്നു വീടത്തിയത് എത്ര പെട്ടെന്നാണ്… ആളുടെ സാമീപ്യത്തിൽ അന്തരീക്ഷത്തിലൂടെ പാദങ്ങൾ സഞ്ചരിച്ചു ചെന്നെത്തിയത്ര സരളമായ് തോന്നി ചലനം.
അച്ഛൻ ഉമ്മറത്തേയ്ക്ക് ആളെയും ദ്രുപതിനേയും ക്ഷണിച്ചിരുത്തി. കയ്യിലെ സാധനങ്ങളെല്ലാം പാറുവിനെ ഏൽപ്പിക്കാൻ വേണ്ടി ആളെ ഇടം കണ്ണിട്ടൊന്നു നോക്കി അകായിലേക്കോടി…

അവളപ്പൊഴും ആ തയ്യൽ മെഷീനും കെട്ടിപ്പിടിച്ചു ഇരിപ്പുണ്ട്. കരിവളയും ഐസും പൊരിയും എല്ലാം കൊടുത്തു. അവളുടെ ചിരി തെളിഞ്ഞു…..
അതിനു ശേഷം സാറും ദ്രുപതും വീട്ടിൽക്കു വന്ന കാര്യം പറഞ്ഞു.അവൾ സാറെ കാണാൻ വേണ്ടി ഉമ്മറത്തേക്കുള്ള ജനലഴികളിൽക്കൂടെ നോക്കി.
“എന്താ കുഞ്ഞോളെ ഗൗരവത്തിലാണല്ലോ സംസാരമൊക്കെ നീ ക്ലാസ്സിൽ വല്ല കുരുത്തക്കേടും ഒപ്പിച്ചു വച്ചുവോ??””ഏയ് അതങ്ങേരുടെ സ്ഥായീ ഭാവമാണ് പാറൂ…. ഞാനവർക്കു എന്തേലും ചായോടൊപ്പം കഴിക്കാനെടുക്കട്ടെ….”ചിരിയോടെ പറഞ്ഞു.”ഞാനുണ്ടാക്കിത്തരാം കുഞ്ഞോളേ…”
വേണ്ട ചേച്ചീ ഞാനുണ്ടാക്കിക്കോളാം… നീയാ ചുരിദാറു തയ്ച്ചു തീർക്കുവാൻ നോക്ക്. അല്ലെങ്കിൽ പിന്നെ അതും കൊണ്ട് ഇരുന്നോളം ഇരുട്ടുവോളം…”

അവളെ നിർബന്ധിച്ചു പറഞ്ഞയച്ചു. കാരണം നിർബന്ധമുണ്ടായിയുന്നു ഇന്ന് ആൾക്ക് തന്റെ കൈകൊണ്ട് എന്തെങ്കിലും വച്ചുണ്ടാക്കിക്കൊടുക്കണം എന്ന്….അവളടുക്കളയിലേക്കു നടന്നു.മട്ടയരിയുടെ അവൽ ഇരിപ്പുണ്ട്.അവൽ വിളയിച്ചത് ഉണ്ടാക്കാം അവൾ തീരുമാനിച്ചു അവലെടുത്തു വറുത്തു മാറ്റി വച്ചു. ശർക്കര ചീവിയെടുത്ത് അതും അൽപം വെള്ളം ചേർത്ത് ഉരുക്കി വച്ചു.ഒരു നാളികേരമെടുത്തു ചിരവി ചെറുതീയിൽ അതും ഒന്നും മൂപ്പിച്ചെടുത്തു.ചെറുതായി തീ കത്തിച്ചു അരിച്ച ശർക്കരപ്പാനിയിൽ ആ നാളികേരം മുഴുവനിട്ടിളക്കിക്കൊണ്ടിരുന്നു.അവസാനം തേങ്ങാ ഒരു ഭാഗത്തേയ്ക്കൊതുക്കി അതിൽത്തന്നെ അവലും ചേർത്തു എല്ലാറ്റിലും മധുരം നല്ലോണം പിടിപ്പിച്ചു ഒതുക്കി വച്ചു.

ഏറ്റവും അവസാനം അതിനു മീതേക്ക് നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും പൊട്ടുകടലയും എള്ളും താളിച്ചു ചേർത്തു ഇളക്കിയെടുത്തു….അവൽവിളയിച്ചതു ചൂടാറാനെടുത്തുവച്ചുകൊണ്ട് ചായ കൂട്ടുവാൻ തുടങ്ങി.തേയിലയും ഏലയ്ക്കാപ്പൊടിയും തൂവിയ തിളച്ച വെള്ളത്തിൽ പാലൊഴിച്ചു പഞ്ചസാര ചേർത്തു ആറ്റി ഗ്ലാസുകളിൽ പകർന്നു. അതുമെടുത്തു ഉമ്മറത്തേക്കു നടന്നു.”ഇനി ചായകുടിച്ചിട്ടാവാം….”
ചായ തിണ്ണയിൽ വച്ചു. രണ്ടാമതായി അവൽ വിളയിച്ചതു പ്ലേറ്റുകളിൽ പകുത്ത് മുന്നിൽ വച്ചു. പാറുവിനുള്ളതും തനിക്കുളാളതും പിന്നീട് കഴിയ്ക്കാനായ് അടുക്കളയിൽ ഭദ്രമായ് മൂടിവച്ചു….
ഇരുവരും അച്ഛനൊപ്പം ചായ കുടിച്ചു കൊണ്ടിരുന്നു.

സാറിനെ ഒന്നു പാളി നോക്കി. തന്നോടുള്ള ഗൗരവവും അവഗണനയും ഭക്ഷണത്തോടില്ല… ആസ്വദിച്ചു കഴിക്കുന്നുണ്ട്….ഞാനെന്റെ സ്നേഹം പുരട്ടി പാകം ചെയാതതാണതെന്ന് ആ കാതോരം മൊഴിയാൻ തോന്നി….ചെറു ചിരിയോടെ പതിയെ അകത്തേക്കുൾവലിഞ്ഞു….മനസ്സിലെന്തൊക്കെയോ മോഹങ്ങൾ പൂവിടുന്നു. ഒരിറ്റു വെള്ളമോ വളമോ ആരും നൽകാതെ തന്നെ അവ വളരുന്നു…
ഹൃദയത്തിൽ പരിമളം നിറയ്ക്കുന്നു….ചായ കുടിച്ചു കഴിഞ്ഞു അവർ തീരക്കിട്ടു തന്നെ ഇറങ്ങി. കാർ റോഡിലാണ് അമ്പലത്തിനടുത്ത്. അച്ഛൻ കൂടെ അവിടേയ്ക്ക് വരാമെന്നു പറഞ്ഞെങ്കിലും സാർ സ്നേഹപൂർവ്വം നിരസിച്ചു…അച്ഛൻ വയലിലേക്കിറങ്ങുവാണെന്നു വിളിച്ചു പറഞ്ഞു അവരോടൊപ്പം ഇറങ്ങി.

പോകാൻ നേരം ഉമ്മറത്തേയ്ക്കിറങ്ങി. ദ്രുപത് യാത്ര പറഞ്ഞു. സാറിന്റെ യാത്രാനുവാദമെന്ന പോലെ ഒരു ദൃഷ്ടി തന്നിലേക്കു പ്രതീക്ഷിച്ചിരുന്നു…പക്ഷേ അതുണ്ടായില്ല….പതിവായതിനാൽ വിഷമം ഒന്നും തോന്നിയില്ല.അവർ പടി കടന്നു പോയപാടെ ഇലഞ്ഞിമരച്ചുവടോരം വരെ പിറകെ നടന്നു….
ആളുടെ നിഴൽ നാട്ടുവഴിയുടെ വളവു തിരിഞ്ഞു അപ്രത്യക്ഷമാകും വരെ കണ്ണുകൾ ചിമ്മാതെ നോക്കിക്കൊണ്ടിരുന്നു….ഒരു നിമിഷം മാത്രം ദൈർഘ്യമുള്ള നോട്ടത്തിനു വേണ്ടി. അലിവുള്ളൊരു കടാക്ഷത്തിനു വേണ്ടി….അതൊന്നും അവൾക്കായി അയാൾ സമ്മാനിച്ചില്ലായെങ്കിൽ പോലും പരിഗണിക്കാതെ ഇരുന്നപ്പോഴും ആ മുഖം കണ്ണുകളിൽ മതിവരുവോളം കണ്ടതിന്റെ ഉന്മാദത്തിൽ അവളുടെ പ്രണയം പൂത്തു തളിർത്തു…

പരിമളം അവൾക്കുള്ളിലാകെ പരത്തി….
ഏറെ നേരം അവളാ ആലസ്യത്തിൽ ആ തണൽമരച്ഛായയിലിരുന്നു….വൈകീട്ടു കുളി കഴിഞ്ഞു ഭക്ഷണം കഴിച്ചു പഠിക്കാനിരുന്നു. പൂമുല്ലയിലെ പൂക്കൾ തീരാറായിരിക്കുന്നു. പുതിയ തളിരുകൾ വന്നാലാണ് അടുത്ത പൂവിടൽ തുടങ്ങുക…വെറുതേ ഓർത്തു.പുസ്തകങ്ങൾ ഓരോന്നായി വായിച്ചു തുടങ്ങി. എല്ലാം പഠിച്ചുവെന്നു തോന്നിയപ്പോൾ അവൾ ചായക്കൂട്ടുകൾ കൊണ്ടു ചിത്രം തീർത്ത ആ നോട്ടു ബുക്കു വലിച്ചെടുത്തു…അവളുടെ മനസ്സു തുറന്ന് അയാളോടെന്ന പോലെ ആ ഛായാചിത്രത്തോടു സംവദിച്ചു.അവിടെ അവളുടെ പ്രണയം തളിരിട്ടതേയുണ്ടായിരുന്നുള്ളൂ…ആ പ്രണയത്തിന്റെമറ്റേ പകുതിയറിയാതെ പരിഭവമേതുമില്ലാതെ ഒന്നും തന്നെ ആഗ്രഹിയ്ക്കാതെ നിശബ്ദം അവൾ പ്രണയിച്ചു തുടങ്ങി…..ആ പുഞ്ചിരിക്കു വേണ്ടി നോമ്പുനോറ്റിരുന്നു. പഴയതിനേക്കാൾ പ്രയത്നിച്ചു പഠിച്ചു. അയാളുടെ പ്രീതിക്കു വേണ്ടി ആ പുഞ്ചിരിയെന്ന ലക്ഷ്യത്തിനായ് അവളറിയാതെ മാറുകയായിരുന്നു….

സ്വതേ ഒതുങ്ങിയ പഴയ ഭാവത്തിൽ നിന്നു തീർത്തും വ്യത്യസ്തയായി ഊർജ്ജസ്വലയായി അവൾ കാണപ്പെട്ടു…..എല്ലാവർക്കും പ്രിയപങ്കരിയായി…പഠനത്തിൽ കൂടുതൽ മികവു പുലർത്തിയതിനാൽ പണ്ടു പല കണ്ണുകളിലും കണ്ടിരുന്ന പുച്ഛത്തിന്റെ ലാഞ്ചന ഏറെക്കുറെ അടങ്ങി….എന്നുവച്ച് ഒറ്റ ദിവസം കൊണ്ട് സ്ഥിതിഗതികൾ കീഴ്മേൽ മറിഞ്ഞതായിരുന്നില്ല…ആഴ്ചകൾ മാസങ്ങൾ നീണ്ട അവളുടെ നിശബ്ദ പ്രണയത്തിന്റെ പരിണിതഫലം.അയാളുടെ ക്ലാസുകൾ അവൾ കേട്ടമാത്ര ഹൃദിസ്ഥമാക്കുവാൻപാകപ്പെട്ടു….അയാൾ ലൈബ്രറിയിൽ നിന്നു വായിച്ചു പോകുന്ന പുസ്തകങ്ങൾ തിരഞ്ഞു പിടിച്ചു വായിച്ചു തുടങ്ങി…ക്ലാസിനവസാനം അയാൾ ക്ലാസിൽ വച്ചു മറന്നു പോയ. ടീച്ചിംഗ് നോട്ടുകൾ അവളൊരു അമൂല്യ നിധിയായി സ്വന്തമാക്കി….

അയാളുടെ ചലനങ്ങളെ ചായങ്ങളാൽ ജീവസ്സുറ്റതാക്കി നോട്ടുബുക്കിൽ കോറിയിട്ടു….
അയാൾക്കു വേണ്ടി കവിതകളെഴുതി ആ ഛായാചിത്രത്തെ പാടിക്കേൾപ്പിച്ചു. അതിനോടു പരിഭവിച്ചു…. ഇണങ്ങി….പിണങ്ങി….മനസ്സു കൈമാറി…..ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ അവൾ അയാളുടെ മുന്നിൽ തന്റെ പ്രണയം തുറന്നില്ല. ഒരിക്കൽ അയാളതു പറയാതെ തന്നെ മനസിലാക്കുകയാണ് ഉചിതമെന്നു കരുതി……അവളൊരു മഴനീർ മുത്തുപോൽ പരിശുദ്ധമായ് ആ സ്നേഹത്തെ ഹൃദയമെന്ന ചെപ്പിൽ മാനം കാണിക്കാത്ത മയിൽപ്പീലിത്തുണ്ടുപോൽ സൂക്ഷിച്ചു…..

…………തുടരും……………..
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)