രചന – ശ്രീതു ശ്രീ
തനിക്കും സംഭവിക്കാറുള്ള അബദ്ധമായത് കൊണ്ട് അവനൊന്നും പറയാതെ അവളിൽ നിന്നെടുത്ത മിഴികളെ ജനലിലൂടെ പുറത്തേയ്ക്ക് പറഞ്ഞു വിട്ടു… വാങ്ങുന്നില്ലെന്ന് കണ്ട് നേഹ അവന് നേരെ നീട്ടിയ ഫോണും പിൻവലിച്ചു…. അവൾ തിരികെ നടക്കാൻ തുടങ്ങിയപ്പോൾ അവന്റെ പിൻവിളിയെത്തി… “ഡോ…. “മ്മ്… എന്നതാ ഇച്ചായാ… ഫോൺ വേണോ…? “ങ്ഹാ… അതിങ്ങു തന്നേര്….. അവന്റെ കയ്യിൽ ഫോൺ കൊടുത്തിട്ടവൾ സന്തോഷത്തോടെ മുറി വിട്ടുപോയി……. ഇറങ്ങും മുൻപ് ജോണിയുടെ ഫോൺ ചാർജ് ആകുന്നുണ്ട് എന്ന് ഒന്നുകൂടെ നോക്കി ഉറപ്പ് വരുത്തിയിരുന്നു..അവളത് നോക്കുന്നത് കണ്ടപ്പോൾ ജോണിക്ക് ചിരി വരാതിരുന്നില്ല…. വൈകുന്നേരം കുളി കഴിഞ്ഞ് നേഹ ജോണിയുടെ അടുത്ത് ചെന്നിരുന്നു….
അവൻ കണ്ണുകൾക്ക് മേലെ കൈവച്ച് വെറുതെ കിടക്കുക ആയിരുന്നു….. “ജോണിച്ചായോ….. ഒരു കാര്യം പറയാനുണ്ട്… “മ്.. പറ….. “ഫാദറിന്ന് വിളിച്ചിരുന്നു… റോഹനെയും ജനിയെയും സ്കൂളിൽ വിടുന്ന കാര്യം പറയാൻ….. “ഞാൻ അത് ഫാദറിനോട് സംസാരിച്ചിരുന്നു…. എല്ലാമൊന്ന് തിരക്കിയിട്ടു പറയാമെന്നാ എന്നോട് പറഞ്ഞത്…… എന്നോട് പറഞ്ഞു നാളെത്തന്നെ കുട്ടികളെ കൊണ്ടുപോയി വിടാൻ… ഫാദറും കൂടിയാണല്ലോ സ്കൂള് നോക്കുന്നത്…..പിന്നെ വേറെന്തോ ഒരു കാര്യം കൂടിയുണ്ട്… അടിച്ചായനോട് പറഞ്ഞോളാം എന്നും പറഞ്ഞു…. “റോഹനെ അവിടെ യു കെ ജി യിൽ വിട്ടോണ്ട് ഇരുന്നതല്ലേ…. നീ നാളെപ്പോയി ടി സി വാങ്ങ്…….പിള്ളാരെ രണ്ടിനെയും സ്കൂളിൽ വിട്ടിട്ട് പോയാൽ മതി…. എന്റെ കാലിനി കരിയാൻ ഒരാഴ്ച പിടിക്കും……
പൈസ ആ മേശയില് ചെറിയ ഒരു നീല ബാഗിൽ കാണും… ഒരു മൂവായിരത്തോട് അടുപ്പിച്ച് കാണും…. അതീന്നു എടുക്ക്…. എന്തേലും സാധനങ്ങള് വാങ്ങാനുണ്ടേലും വാങ്ങിക്ക്…… അല്ലേൽ പിന്നെ അതിനായിട്ട് പോകണ്ടേ….. “പൈസ ഇപ്പൊ എന്റെ കയ്യിലുണ്ട്.. ആവശ്യമുള്ളപ്പോൾ എടുക്കാം….. പിള്ളാരെ കൊണ്ടുപോകണ്ടേ… ആ സിജുവിന്റെ ഓട്ടോ ഒന്നു വിളിക്കട്ടെ….? “നിനക്ക് ടു വീലർ ഓടിക്കാനറിയാമോ…? “അറിയാം…. “എങ്കിൽ തെക്കേ വീട്ടില് കാണും… അവിടുന്ന് അതെടുത്തിട്ട് പോ….മടിക്കണ്ട.. അതെന്റെ വണ്ടിയാ… ഞാൻ ഓടിക്കുന്നത് അവിടുത്തെ നോവിന്റെ ബൈക്കാ … അവൻ ഗൾഫിൽ പോയപ്പോൾ അത് കേടാകാതിരിക്കാൻ എന്നോട് ഓടിക്കാൻ പറഞ്ഞതാ…. എന്റെ ആക്ടിവ ആകുമ്പോൾ അവന്റെ ഭാര്യക്കും ഓടിക്കാമല്ലോ… “ഈ നോവിൻ ഇച്ചായന്റെ ആരാ ബന്ധുവാണോ….? ” അപ്പച്ചന്റെ വഴി ഒരു അകന്ന ബന്ധത്തിലുള്ളതാ… എന്റെ കസിനായിട്ട് വരും…. വൈകിട്ട് ചപ്പാത്തിയും ഉള്ളിക്കറിയും ആയിരുന്നു….. ജോണിക്കുള്ളത് കൊണ്ടു നേഹ അവന്റെ അടുത്തെത്തി……
“എനിക്ക് ഈ ചപ്പാത്തി എല്ലാം കൂടൊന്നും വേണ്ട…. ഞാൻ രണ്ടെണ്ണമേ തിന്നൂ… “അതൊക്കെ നേരത്തെ അല്ലെ..?ഇപ്പൊ എത്ര ഗുളിക തിന്നാനുണ്ട്…. കുറഞ്ഞത് മൂന്നെങ്കിലും കഴിച്ചേ പറ്റൂ…. അവൾ വാശിയോടെ … അതിലേറെ സ്നേഹത്തോടെ അവന് നേരെ നീട്ടിയപ്പോൾ ജോണിക്ക് അതത്രയും കഴിക്കാതിരിക്കാൻ കഴിഞ്ഞില്ല….. നേഹയുടെ കഴുത്തിൽ കിടക്കുന്ന മിന്നിനെക്കാൾ ശക്തമായൊരു കാണാചരടിൽ തങ്ങളെ പരസ്പരം മറ്റെന്തോ ബന്ധിച്ചിട്ടുണ്ടെന്ന് ജോണിക്ക് തോന്നി…. എഴുന്നേൽക്കാറായപ്പോൾ നേഹ പറഞ്ഞു : “മുറിവൊക്കെ കരയുന്നത് വരെ കുട്ടികള് അപ്പുറത്തെ കട്ടിലിൽ കിടക്കട്ടെ…. അല്ലേല് രാത്രിയിൽ അവരുടെ കയ്യും കാലുമൊക്കെ മുറിവിൽ കൊള്ളും…. അവന്റെ കയ്യിൽ നിന്നും അത് സമ്മതമാണെന്ന് അറിയിച്ചുകൊണ്ട് ഒരു മൂളൽ മാത്രം ഉണ്ടായി…….
അവന്റെ കയ്യൊക്കെ കഴുകിച്ച് കട്ടിലിൽ ഇരുത്തിയിട്ട് പാത്രങ്ങളും കൊണ്ട് അവൾ അടുക്കളയിലേയ്ക്ക് പോയി…. കഴിച്ചു കഴിഞ്ഞ് പാത്രങ്ങൾ കഴുകുന്നതിന് ഇടയിൽ ജോണിക്കുള്ള മരുന്നും എടുത്തുകൊടുക്കാൻ അവൾ മറന്നില്ല ….. കുട്ടികൾക്കൊപ്പം കട്ടിലിൽ ഇരുന്ന് കഥകളും പിറ്റേന്ന് സ്കൂളിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒക്കെ പറഞ്ഞുകൊടുത്തു അവരെ അവളുറക്കി… അപ്പോഴും ജോണി ഫോണിൽ പാട്ട് കേട്ട് കൊണ്ട് കിടക്കുകയായിരുന്നു… ഉറങ്ങിയിരുന്നില്ല… പിള്ളാരെ രാവിലെ സ്കൂളിൽ വിടേണ്ടത് കൊണ്ട് അവൾ അല്പം നേരത്തെ എഴുന്നേൽക്കാം എന്നോർത്ത് ഫോണിൽ അലാറം സെറ്റ് ചെയ്തിട്ട് അതും കൊണ്ട് ജോണിയുടെ അടുത്തു തന്നെ കിടന്നു…. അവളുടെ സാമിപ്യം അറിഞ്ഞപ്പോൾ അവനൊന്നുകൂടി ഒതുങ്ങിക്കൊടുത്തു….ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല…
വെളുപ്പിനെ അലാറം അടിച്ചിട്ടും നേഹ എഴുന്നേറ്റില്ല…. അതെടുത്ത് ഓഫാക്കിയിട്ട് അവളെ വിളിക്കാം എന്ന് കരുതി അവൻ കയ്യുയർത്താൻ നോക്കിയപ്പോൾ ആണ് നേഹ തന്റെ കയ്യിൽ പിടിച്ചുകൊണ്ടാണ് ഉറങ്ങുന്നതെന്ന് അവനറിഞ്ഞത്….. ദേഷ്യമൊന്നും അവനപ്പോൾ തോന്നിയില്ല… ജോണി മെല്ലെ അവളുടെ കൈ തന്നിൽ നിന്നും വേർപ്പെടുത്തി…. ഫോൺ കയ്യിലെടുത്തു അലാറം ഓഫാക്കി…. അതിന്റെ പ്രകാശത്തിൽ അവളുടെ മുഖത്തേയ്ക്ക് വീണു കിടക്കുന്ന മുടിയിഴകളെ പതുക്കെ മാടിയൊതുക്കി. ആ മുഖത്തേയ്ക്ക് തന്നെ ജോണി കുറച്ചു നിമിഷങ്ങൾ നോക്കിയിരുന്നു….. ഇടയ്ക്കൊക്കെ പരിഭവോം ദേഷ്യവും വാശിയും സ്നേഹവും പിണക്കവും സങ്കടവും മാറിമറിയാറുള്ള ആ മുഖത്ത് ഇപ്പോൾ ഏത് ഭാവമാണെന്ന് അവനൊരല്പം ആലോചിച്ചു……
സമയം കടന്നുപോകുന്നു എന്ന് മനസിലായപ്പോൾ ജോണി നേഹയുടെ തോളിൽ തട്ടി വിളിച്ചു….. “നേഹേ….. എഴുന്നേൽക്കുന്നില്ലേ….. അവൾ കണ്ണു തുറന്നപ്പോൾ ആദ്യം തിരയാൻ പോയത് ഫോണാണ്….. അതുകണ്ടപ്പോൾ “ഞാൻ അലാറം ഓഫാക്കി “യെന്ന് പറഞ്ഞ് അവളുടെ മടിയിലേയ്ക്ക് ആ ഫോണിട്ടു കൊടുത്തു….. എഴുന്നേറ്റു ബാത്‌റൂമിൽ പോയിട്ട് വന്നിട്ട് അവനെയും കൊണ്ടുപോയി… പല്ല് തേക്കാനുള്ളത് കൂടി എടുത്തു കൊടുത്തിട്ട് ഇപ്പൊ വരാമെന്ന് പറഞ്ഞവൾ അടുക്കളയിൽ എത്തി… വേഗം അടുപ്പിലെ ചാരമൊക്കെ വാരി കഞ്ഞിക്കുള്ള വെള്ളം വച്ചു തീയും കത്തിച്ചു…… ജോണി അവൾ വരുന്നത് നോക്കി നിൽക്കാൻ തുടങ്ങിയപ്പോളേക്കും കാൽപെരുമാറ്റം അടുത്ത് വരുന്നത് കേട്ടപ്പോൾ അവളുടെ മുഖം സ്നേഹത്തോടെ ഓർത്തു…..
ചേർത്തു പിടിച്ചപ്പോളൊന്നും അവൻ അവളിൽ നിന്നകന്നു മാറാൻ ശ്രമിച്ചില്ല… കൂടുതൽ അടുക്കാനും…… ജോലിയൊക്കെ പതിവിലും വേഗത്തിൽ ചെയ്തു തീർത്തിട്ട് കുട്ടികളെയും അവൾ കുളിപ്പിച്ചൊരുക്കി……അവളും പോയി കുളിച്ചു….. പതിവിന് വിപരീതമായി അന്നവൾ സാരിയാണ് ഉടുത്തത്…. അത് കണ്ടപ്പോൾ ചുരിദാറിനെക്കാൾ എന്തുകൊണ്ടും അവൾക്ക് ചേരുന്നത് സാരി തന്നെ ആണെന്ന് ജോണിക്ക് തോന്നി…… സ്കൂളിൽ പോകാനിറങ്ങും നേരം രണ്ടുപേരെയും കൊണ്ട് നേഹ ജോണിയുടെ അടുത്തെത്തി….. “ദേ രണ്ടാളും സ്കൂളിൽ പോയിട്ടുവരാമെന്നു പപ്പയോടു പറ…. “പപ്പച്ചിയ്…ഞങ്ങല് ശൂലിൽ പോവാന്നേ.. എന്നിട്ട്…. പിന്നെ വരാമേ…..” ജനിയാണ് യാത്രപറയാൻ ആദ്യം തുടങ്ങിയത്…. റോഹനും ഒപ്പം ചേർന്നു.. “പപ്പ മരുന്നൊക്കെ കഴിക്കണം…. അസുഖം മാറുമ്പോ പപ്പ ഞങ്ങളെ കൊണ്ടുവിട്ടാൽ മതി….. “അപ്പൊ പപ്പയ്ക്ക് വയ്യാത്തോണ്ട് മാത്രാ രണ്ടാളും എന്റെ കൂടെ വരുന്നത്… കൊള്ളാം….” “പപ്പയ്ക്കൊരുമ്മ കൂടി തന്നിട്ട് മക്കള് മമ്മേടെ കൂടെ വേഗം ചെല്ല്…… ഇരുവരും ജോണിക്കുമ്മ കൊടുത്തു കഴിഞ്ഞപ്പോൾ റോഹൻ തിരിഞ്ഞ് നേഹയെ നോക്കി….
“മമ്മ പപ്പയ്ക്കുമ്മ കൊടുക്കുന്നില്ലേ…? ആ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ നേഹയും ജോണിയും വെറുതെ ഒന്നുനോക്കി പിരിഞ്ഞു…. റോഹൻ വീണ്ടും എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്യും മുൻപ് നേഹ ധിറുതി അഭിനയിച്ചുകൊണ്ട് ഇരുവരോടും വേഗം ഇറങ്ങാൻ പറഞ്ഞു….. അവർ ബാഗെടുത്തു തോളിലിട്ട് ഇറങ്ങുമ്പോൾ നേഹ ജോണിയോട് “ഞാൻ പോയിട്ട് വരാം…. എന്തേലും ആവശ്യമുണ്ടേൽ വിളിക്കാം….”എന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി….. നേഹ റോഹനെ പിന്നിൽ ഇരുത്തിയിട്ട് ജനിയേ മുന്നിൽ നിർത്തി വണ്ടി മുന്നോട്ടെടുത്തു…… സ്കൂളിൽ ചെന്ന് സിസ്റ്റർമാരെയും ഫാദറിനെയും ടീച്ചഴ്‌സിനെയും കണ്ട് സംസാരിച്ച് കുട്ടികളെ ക്ലാസ്സിൽ ആക്കി…. തുടർന്നവൾ റോഹന്റെ ടിസി വാങ്ങാൻ പഴയ സ്കൂളിൽ പോയി… അവിടെ നിന്നും ടിസി യും വാങ്ങി ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ മറ്റൊരു യുവതിയുമായി ഒന്ന് കൂട്ടിമുട്ടി …. ഇരുവരും പരസ്പരം സോറി പറഞ്ഞു… നേഹ നടന്നുതുടങ്ങിയപ്പോൾ ആ യുവതി അവളെ വിളിച്ചു…. “ഹേയ്… ഒന്ന് നിന്നേ…. എന്തെന്നർത്ഥത്തിൽ നേഹ അവളെ നോക്കിയപ്പോൾ “ജോണിയുടെ ഭാര്യ ആണോ” എന്ന് മാത്രം അവർ ചോദിച്ചു…. ആണെന്ന് ഉത്തരം നൽകി തിരിഞ്ഞു നടക്കുമ്പോൾ അത് ലിന്റയാണെന്ന് നേഹയ്ക്ക് മനസിലായതേ ഇല്ല.. (തുടരും )

by