The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അലീന
മീരാവസുധ
************
ആവേശത്തോടെ അവളുടെ മേൽ പടർന്നു കയറുമ്പോഴും അവന്റെ ചിന്തകളിൽ താനായി തന്നെ വേണ്ടെന്ന് വച്ച തന്റെ ഭാര്യയുടെ ഉടഞ്ഞ ശരീരമായിരുന്നു”അവളെക്കാൾ എത്രയോ സുന്ദരിയാണിവൾ! എന്ത് ഭംഗിയാണ് ഇവളുടെ ശരീരത്തിന്! എന്ത് നിറമുള്ള ചുണ്ടുകളാണിവൾക്ക്!”അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവളിലേക്ക് ലയിച്ചു ചേർന്നു. ഒടുവിൽ കാമത്തിന്റെ തീയണഞ്ഞപ്പോൾ ഇരുവരും തളർന്നുകിടന്നു. നാളുകളായി താൻ അനുഭവിക്കാത്ത ഒരുതരം മനോഹരമായ അനുഭൂതി അവനിൽ അനുഭവപ്പെട്ടു. തന്റെ നെഞ്ചിൽ തലചേർത്ത് കിടന്ന തപസ്സ്യയുടെ തലമുടിയിൽ അവൻ തലോടിക്കൊണ്ടേയിരുന്നു.
“എങ്ങനെ ഉണ്ടായിരുന്നു…?”തപസ്സ്യ യാതൊരു അങ്കലാപ്പും ഇല്ലാതെ ചോദിച്ചു. അവളുടെ കൂസലില്ലായ്മ അരുണിൽ ഒരുതരം അത്ഭുതം സൃഷ്ടിച്ചു. ആദ്യരാത്രിയിൽ സ്നേഹപ്രകടനങ്ങൾക്ക് ശേഷം തന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്ന മീരയുടെ മുഖം അവന്റെ മനസ്സിലേക്ക് കടന്ന് വന്നു.”എങ്ങനെ ഉണ്ടായിരുന്നു…?” എന്ന് താൻ ചോദിച്ചപ്പോൾ കൊലുസ്സിൻ കിലുക്കം പോലെ അലസമായി ചെറുചിരിയോടെ നാണത്താൽ പരവശയായവൾ തന്നിലേക്ക് കുറച്ച് കൂടി ചേർന്നുകിടന്നത് അരുണിന്റെ ഓർമ്മയിലേക്ക് വന്നു.
“ഹലോ?”തപസ്സ്യ അരുണിന്റെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചുകൊണ്ട് ചോദിച്ചു.”കൊള്ളാമായിരുന്നു…”അരുൺ വശ്യമായ ചിരിയോടെ എന്നാൽ അത്ഭുതത്തോടെ പറഞ്ഞു.”ഉം… ഞാൻ ഒന്ന് വാഷ്‌റൂമിലേക്ക് പോയിട്ട് വരാം…”എന്ന് പറഞ്ഞുകൊണ്ടവൾ നഗ്നത മറയ്ക്കുവാൻ പോലും മെനക്കെടാതെ എഴുന്നേറ്റ് വാഷ്‌റൂമിലേക്ക് പോവുന്നത് അങ്ങേയറ്റം അത്ഭുതത്തോടെ നോക്കി കിടക്കുകയായിരുന്നു അരുൺ. കല്യാണം കഴിഞ്ഞ് തന്റെ കുഞ്ഞിനെ പ്രസവിച്ച മീരയ്ക്ക്, പിരിയുന്നതിന് മുൻപ് പോലും അർധനഗ്നയായി തന്റെ മുൻപിൽ നിൽക്കുവാൻ നാണമായിരുന്നു എന്ന് അരുൺ ഓർത്തു പോയി.മീരാവസുദ… തന്റെ സ്വന്തം വസു… അവൾ ഒരു മഴ പോലെ തന്റെ ജീവിതത്തിലേക്ക് വന്നത് പെട്ടെന്നായിരുന്നു. ആർത്ത് പെയ്തൊരു മഴയത്ത് കൂട്ടുകാരന്റെ വീട്ടിലേക്ക് ബൈക്കിൽ പോകവേ വഴിയിലൂടെ കുടയും ചൂടി നടന്നുപോയ ഒരു പെൺകുട്ടിയുടെ ദേഹത്തേക്ക് വെള്ളം തെറിച്ചു. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് കണ്ണാടിയിലൂടെ ചെളിയിൽ നനഞ്ഞ ആ ഇളംമഞ്ഞ നിറത്തിലുള്ള ചുരിദാർ അണിഞ്ഞ പെൺകുട്ടി നിസ്സഹായായി കരച്ചിലിന്റെ വക്കിൽ എത്തി നിൽക്കുന്നത് അവൻ കണ്ടത്. വണ്ടി തിരിച്ച് ആ പെൺകുട്ടിയുടെ അടുത്തേക്ക് എത്തിയപ്പോഴാണ് ആ പെൺകുട്ടിയുടെ നിറഞ്ഞ വെള്ളാരംകണ്ണുകളും ചുവന്ന ചൊടികളും അവൻ ശ്രദ്ധിച്ചത്. ചുവന്ന ചുണ്ടുകളിൽ പറ്റിയിരിക്കുന്ന മഴത്തുള്ളികൾ അവന്റെ അകക്കണ്ണിൽ പതിച്ചു. ഏതോ ഉൾപ്രേരണയാൾ അവൻ ആ മഴത്തുള്ളികൾ തന്റെ വിരലുകൾ കൊണ്ട് തൊട്ടു. തന്റെ പ്രവർത്തിയിൽ ദേഷ്യം തോന്നിയ പെണ്ണ് കൈ തട്ടി മാറ്റി മുന്നിലേക്ക് നടന്നു.
“ടോ… നിൽക്ക്… ഞാൻ കൊണ്ട് വിടാം…”
അരുൺ പുറകേ വിളിച്ചു. ഒന്ന് തിരിഞ്ഞ് നോക്കി കണ്ണുരുട്ടിയ ശേഷം അവൾ വേഗത്തിൽ നടന്നകന്നു. അവളുടെ പോക്ക് ഒരു ചെറുചിരിയോടെ നോക്കിക്കൊണ്ട് അവൻ സുഹൃത്തിന്റെ വീട്ടിലേക്ക് വിട്ടു. എങ്കിലും അവന്റെ മനസ്സ് മുഴുവൻ അവളായിരുന്നു. ആ മഞ്ഞ ചുരിദാർ അണിഞ്ഞ മഞ്ഞക്കിളി.മഞ്ഞക്കിളി…”ഇടയ്ക്കെപ്പോഴോ ഒരു സ്വപ്നത്തിൽ എന്ന പോലെ അവൻ ആ വാക്ക് ഉച്ചരിച്ചതും സംശയം നിറഞ്ഞ തന്റെ സുഹൃത്തുക്കളുടെ കണ്ണുകൾ അവന് നേരെ നീണ്ടു. ചോദ്യങ്ങളുടെ അശ്വമേധം പരിധി വിട്ടപ്പോൾ അരുൺ ആ “മഞ്ഞക്കിളിയെ” കുറിച്ച് അവരോട് വെളിപ്പെടുത്തി. എല്ലാവരും ആ മഞ്ഞക്കിളിയെ കണ്ടെത്തുവാൻ കൂടെ നിൽക്കാൻ തയ്യാറാണെന്ന് അറിയിച്ചതും അവന്റെയുള്ളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ കിളിർത്തു. ആ വെള്ളാരംകണ്ണും ആ ചെഞ്ചൊടിയും തന്റെ ഹൃദയം അത്രമേൽ കൊത്തിവലിക്കുന്നുണ്ടായിരുന്നു.
നാളുകളുടെ പരിശ്രമത്തിനൊടുവിൽ ആ പെൺകുട്ടി പഠിക്കുന്ന കോളേജും വീടും സ്ഥലവും കോളേജിലേക്ക് പോകുന്ന ബസും എല്ലാം കണ്ടു പിടിച്ചു. അവളെ കാണാതെ ഒരു നാൾ പോലും നീക്കാൻ കഴിയില്ലെന്ന അവസ്ഥയിൽ എത്തിയിരുന്നു അരുൺ. തന്റെ പിറകെ നടക്കുന്നവനെ മീരയും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. തുറിച്ച് നോട്ടത്തിൽ നിന്നും ഒരു നേർത്ത പുഞ്ചിരിയിലേക്ക് അത് വഴി മാറി. കോളേജ് പഠനം അവസാനിച്ച ശേഷം അവളെ കാണാനായി പല വഴികളും സ്വീകരിച്ചു. ഒടുവിൽ യാദൃശ്ചികമായി അമ്പലനടയിൽ വച്ച് കണ്ട് മുട്ടുകയും അവളോടുള്ള പ്രണയം വിറയ്ക്കുന്ന കാലടികളോടെ പറയുകയും ചെയ്തപ്പോൾ അവളുടെ കണ്ണുകളും വിടർന്നിരുന്നു.”വീട്ടിൽ വന്ന് സംസാരിക്കൂ…” എന്നവൾ മുഖത്തേക്ക് നോക്കാതെ പറഞ്ഞപ്പോൾ അമ്പല നടയാണെന്ന് കൂടി ഓർക്കാതെ കവിളിൽ ചുംബിച്ച് കൊണ്ട് ഓടിയപ്പോഴും അവളുടെ കവിളിൽ തന്റെ ചുംബനമേറ്റിടത്ത് ചുവന്നരാശി പടർന്നതും അവൻ കണ്ടിരുന്നു. വീട്ടുകാർ തമ്മിൽ പരിചയപ്പെടുവാൻ വേണ്ടി പെണ്ണുകാണൽ ചടങ്ങ് നടത്തിയപ്പോഴും അവൾ തന്റെ മുഖത്തേക്ക് നോക്കിയതേയില്ല. വീട്ടുകാർ തമ്മിൽ കല്യാണം ഉറപ്പിച്ചപ്പോൾ പോലും തലയുയർത്തി തന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ, ദുപ്പട്ടയുടെ അറ്റം വിരലുകളാൽ കോർത്ത് കട്ടിളപ്പടിയോട് ചാരി നിന്ന അവളുടെ മുഖത്തെ പരിഭ്രമം കണ്ട് അവന് ചിരി വന്നിരുന്നു. കല്യാണദിവസം ആലിലത്താലിയും ചാർത്തി നെറ്റി സിന്ദൂരത്താൽ ചുവപ്പിച്ചപ്പോൾ പോലും അവൾ കണ്ണുകൾ ഇറുക്കിയടച്ചിരുന്നതേയുള്ളു. പിന്നീട് തുറന്ന കണ്ണുകളിൽ താൻ കണ്ടത് തന്നോടുള്ള പ്രണയത്തിന്റെ നീർത്തിളക്കം ആണെന്ന് തോന്നി പോയിരുന്നു. ആദ്യരാത്രിയിൽ തീർത്തും ക്ഷീണിതയായിരുന്നിട്ട് കൂടി തന്റെ ആഗ്രഹപ്രകാരം അവളെ സ്വന്തമാക്കിയപ്പോഴും അവൾ അവന്റെ മുഖത്തേക്ക് നോക്കുവാൻ നന്നേ പാടുപെട്ടിരുന്നു. തന്റെ പ്രണയം അവളുടെമേൽ പെയ്തിറങ്ങിയപ്പോൾ അവളുടെ നെറ്റിയിലാകെ പടർന്ന താൻ അണിയിച്ച സിന്ദൂരം അവളുടെ മാറ്റ് വല്ലാതെ കൂട്ടിയതായി അവന് തോന്നിയിരുന്നു. വർഷങ്ങൾക്ക് ഇപ്പുറവും ആ ഓർമ്മകൾക്ക് എന്ത് തിളക്കമെന്ന് അവൻ അറിയാതെ ഓർത്തുപോയി. ആ ഓർമ്മകളിൽ ലയിച്ചിരിക്കവേ തപസ്സ്യ വാഷ്‌റൂമിൽ നിന്നും പുറത്തേക്കിറങ്ങി വന്നു.
അവളുടെ നഗ്നമായ മേനിയിൽ നിന്നും ഫോറീൻ സോപ്പിന്റെ ഗന്ധം പരക്കുന്നത് അരുൺ അറിയുന്നുണ്ടായിരുന്നു. ഇത്തവണയും നഗ്നത മറയ്ക്കുവാൻ പാടുപെടാതെ അവൾ അവനരികിലേക്ക് കിടന്നു. അവളിലെ മത്ത് പിടിപ്പിക്കുന്ന ഗന്ധം അവനിലെ പുരുഷനെ വീണ്ടും ഉണർത്തുന്നത് അവൻ അറിഞ്ഞിരുന്നു. അതുവരെ മനസ്സിൽ നിറഞ്ഞുനിന്ന തന്റെ വസുവിനെ ഒരു മൂലയ്ക്ക് മാറ്റി നിർത്തി അവൻ വീണ്ടും തന്നിലെ പുരുഷനെ തൃപ്തിപ്പെടുത്തി. എന്നാൽ ഇത്തവണ അവന് അവളുടെ പ്രവർത്തികളിൽ പ്രണയം അനുഭവിക്കാൻ സാധിച്ചില്ല. സ്വന്തം ശരീരത്തിന്റെ ആവശ്യത്തെ പ്രീതിപ്പെടുത്തുവാൻ വേണ്ടി അവൾ അവനെ ഭോഗിക്കുന്നതായാണ് അവന് തോന്നിയത്. ആ ചേഷ്ടകളിൽ അവന് തൃപ്തി തോന്നുന്ന ഒന്നും തന്നെയില്ലെന്ന് അവന് മനസ്സിലായിരുന്നു.
കെട്ടടങ്ങി അവൾ തളർന്ന് ഉറങ്ങിയപ്പോൾ പോലും സ്നേഹത്തോടെ ഒരു നോട്ടമോ സ്പർശമോ തനിക്ക് നേരെ ഉണ്ടാവാഞ്ഞത് അവനെ വല്ലാതെ സങ്കടപെടുത്തിയിരുന്നു. മനസ്സിനെ അത് വല്ലാതെ ഉലച്ചുകൊണ്ടേയിരുന്നു. തന്റെ പ്രണയം തൊട്ടരികിൽ ഉണ്ടെങ്കിലും തൃപ്തി തോന്നാത്തതിൽ അസ്വസ്ഥത അനുഭവിക്കുകയായിരുന്നു അരുൺ. ഒടുവിൽ നിദ്ര തന്നെ പുൽകാഞ്ഞതിനാൽ കിടക്കയിൽ നിന്നും എഴുന്നേറ്റ് ബാൽക്കണിയിലേക്ക് അവൻ ഇറങ്ങി. കയ്യിലിരുന്ന സിഗരെറ്റിനെ ചുംബിക്കുമ്പോൾ പോലും തന്റെ മനസ്സ് തപസ്സ്യയിൽ നിന്നും മീരയിലേക്ക് കുതറിയോടിക്കൊണ്ടിരിക്കുകയായിരുന്നു.
ഇരുപത്തിയൊന്ന് വയസ്സുള്ള ഒരു ചെറിയ പെണ്ണിൽ നിന്നും തന്റെ ഭാര്യയിലേക്കുള്ള ചുവട് വയ്ക്കൽ നിഷ്പ്രയാസം നടത്തിയവളാണ് വസു. വിവാഹത്തിന്റെ ആദ്യനാളുകൾ പ്രണയത്തിന്റെയും സന്തോഷത്തിന്റെയും നിറങ്ങൾ ആവോളം നിറഞ്ഞതായിരുന്നു. ഇരുവരും മാത്രം നിറഞ്ഞുനിന്ന ജീവിതത്തിലേക്ക് പെട്ടെന്നാണ് ഒരഥിതി വന്നത്. “ക്ഷണിക്കപ്പെടാത്ത അഥിതി!” എങ്കിലും മാതാപിതാക്കൾ ആകാൻ പോകുന്നതിന്റെ സന്തോഷവും ആവേശവും അവർ നന്നായി ആസ്വദിച്ചു. ഓരോ മാസം കഴിയുംതോറും വലുതാവുന്ന വയറും, വസുവിന് വരുന്ന മറ്റ് മാറ്റങ്ങളും ഇരുവരും ഒരേപോലെ ആകാംഷയോടെ വീക്ഷിച്ചു. അവൾ ഒരാൺകുഞ്ഞിനെ ആഗ്രഹിച്ചപ്പോൾ അവൻ ഒരു പെൺകുഞ്ഞിനെ ആഗ്രഹിച്ചു. ആണായാലും പെണ്ണായാലും ഇടാൻ പേരും കണ്ടുപിടിച്ചു. അവളുടെ വേദനകളിൽ താങ്ങായും തലോടലായും അവൻ കൂടെ നിന്നു. എങ്കിലും അവന്റെ ശരീരത്തിന്റെ ആവശ്യങ്ങൾ അവനെ ബുദ്ധിമുട്ടിച്ചിരുന്നു. നീണ്ട ഒമ്പത് മാസങ്ങൾക്ക് ശേഷം പേറ്റുനോവ് വന്ന വസുവിനെ ലേബർ റൂമിലേക്ക് കയറ്റിയപ്പോഴും അവൻ അസ്വസ്ഥനായി മുറിക്ക് വെളിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കുഞ്ഞുമായി വെളിയിലേക്ക് വന്ന നഴ്സിനെ കണ്ടപ്പോഴും ആദ്യം അന്വേഷിച്ചത് വസുവിനെകുറിച്ചായിരുന്നു. വസു തന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞിനെ തന്നെ പ്രസവിച്ചു എന്നറിഞ്ഞതും അവന് അവളോടുള്ള സ്നേഹം കൂടി. ദിവസങ്ങൾക്ക് ശേഷം കുഞ്ഞുമായി തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും തോളിൽ ചാരി കിടന്ന വസുവിന്റെ നെറുകയിൽ മുത്താൻ അരുൺ മറന്നിരുന്നില്ല.
സന്തോഷത്തിന്റെ നാളുകൾക്ക് വിള്ളൽ വീഴുന്നത് അതിന് ശേഷമാണ്. പ്രസവത്തോട് കൂടി ശരീരത്തിന്റെ വടിവ് നഷ്ടപ്പെട്ട വസുവിനോട് അടിക്കടി തമാശരൂപേണ അരുൺ കളിയാക്കിക്കൊണ്ടേയിരുന്നു. പ്രസവസമയത്ത് കുഞ്ഞിന്റെ തല പുറത്തേക്ക് വരാൻ കഴിയാതെ ജനനേന്ധ്രിയത്തിൽ ഉടക്കിയിരുന്നതിനാൽ ബ്ലേഡ് കൊണ്ട് മുറിച്ച ശേഷം വാക്ക്യും പമ്പ് ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തേക്കെടുത്തത്. അത് മൂലം അരുണിന് പഴയത് പോലെ വസുവുമായുള്ള ശാരീരിക ബന്ധം ആസ്വദിക്കുവാൻ സാധിച്ചില്ല. അത് പതിയെ അരുണിന് വസുവുമായി മാനസികമായി അകൽച്ച ഉണ്ടാകുവാനുള്ള കാരണമായി.അങ്ങനെ അവർ തമ്മിലുള്ള സംഭാഷണങ്ങൾ കുറഞ്ഞു തുടങ്ങി. കുഞ്ഞിനോട് മാത്രം സംസാരിക്കുന്ന അരുൺ വസുവിനെ കാണുന്ന മാത്രയിൽ മുഖത്തേക്ക് പോലും നോക്കാതെ മറ്റ് തിരക്കുകളിൽ ഏർപ്പെടും. അതിനിടയിലാണ് തപസ്സ്യ തന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. അവളിൽ ആദ്യം തന്നെ ആകർഷിച്ചത് അവളുടെ ആറ്റിട്യൂട് ആയിരുന്നു. തന്റെ ഓഫീസിൽ പുതിയതായി ജോലിക്ക് കയറിയ തപസ്സ്യ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ എല്ലാവരുമായി നല്ലൊരു സൗഹൃദം ഉണ്ടാക്കിയെടുത്തു. അവളുടെ എന്തും തുറന്നുള്ള സംസാരവും ആളുകളെ കൈകാര്യം ചെയ്യുന്ന വിധവുമെല്ലാം അരുൺ ശ്രദ്ധിച്ചു. പതിയെ പതിയെ ആ ആകർഷണം മറ്റൊരു തലത്തിലേക്ക് അവന്റെ മനസ്സ് കൊണ്ടെത്തിച്ചു. ഇരുവരുടെയും സൗഹൃദം പതിയെ മറ്റ് പലതിലേക്കും വഴിമാറി. ഇരുവരും ഒന്നിച്ച് സിനിമയ്ക്കും, പാർക്കിലും, ബീച്ചിലും, പല പല പ്രോഗ്രാമുകൾക്കും, ഓഫീസ് മീറ്റിംഗുകൾക്കും ഒന്നിച്ച് പോകുവാൻ തുടങ്ങി. പലപ്പോഴും മീരയോട് കളവ് പറഞ്ഞുകൊണ്ടാണ് പോയിരുന്നതും.
ഒരിക്കൽ ഓഫീസിലെ മീറ്റിംഗ് എന്ന് മീരയെ പറഞ്ഞ് വിശ്വസിപ്പിച്ച് തപസ്സ്യയുമായി ഊര് ചുറ്റാൻ പോയ ദിവസം കുഞ്ഞിന് വയ്യാതെയായി. നേരം ഇരുട്ടിയിട്ടും അരുൺ വീട്ടിൽ എത്തുകയോ വിളിച്ചിട്ട് ഫോൺ എടുക്കുകയോ ചെയ്യാതിരുന്നപ്പോൾ മീര ഓഫീസിലേക്ക് വിളിച്ചു. അന്ന് മുഴുവൻ ലീവ് പറഞ്ഞിരുന്ന അരുൺ സഹപ്രവർത്തകയായ മറ്റൊരു പെണ്ണിനോടൊപ്പം പുറത്ത് പോയിരിക്കുകയാണെന്ന് അറിഞ്ഞതിലും മീരയെ വിഷമിപ്പിച്ചത് അവൻ കളവ് പറഞ്ഞതിലായിരുന്നു. അവൾ കുഞ്ഞുമായി ഒരു ഓട്ടോയിൽ ആശുപത്രിയിൽ പോയി. മരുന്നിന്റെ മയക്കത്തിൽ കിടന്നുറങ്ങുന്ന തന്റെ കുഞ്ഞിനേയും തോളിലേന്തി ആ മഴയത്ത് തിരികെ വീട്ടിൽ എത്തുമ്പോഴും അരുൺ എത്തിയിട്ടുണ്ടായിരുന്നില്ല. അവൾ ഒന്ന് കരയുക പോലും ചെയ്യാതെ കുഞ്ഞിനെ കിടത്തി ഉറക്കിയ ശേഷം കിടന്നു. ഒരുപാട് വൈകി വീട്ടിൽ എത്തിയ അരുൺ ഓഫീസിലെ തിരക്കിന്റെ ക്ഷീണം അഭിനയിച്ച് കിടക്കയിലേക്ക് ചാഞ്ഞപ്പോഴും അവൾ ഒന്നും മിണ്ടാതെ കിടന്നു.
ഇടയ്ക്ക് എപ്പോഴോ നെഞ്ച് കവിഞ്ഞൊഴുകിയ വേദന കൊണ്ട് അവളിൽ നിന്നും നിലവിളി പുറത്തേക്ക് വന്നു. അവളുടെ കരച്ചിൽ കേട്ട് സംശയം തോന്നിയ അരുൺ അവളുടെ മുഖം തിരിച്ച് നോക്കിയപ്പോൾ കണ്ടത് കരഞ്ഞ് കലങ്ങിയ കണ്ണുകൾ ആയിരുന്നു. അവളോട് പറയുവാൻ ന്യായങ്ങൾ ഒന്നുമില്ലാതിരുന്ന അരുൺ ഒരു കുറ്റവാളിയെ പോലെ തലതാഴ്ത്തി നിന്നു. മണിക്കൂറുകൾ നീണ്ട നിശബ്ദതയ്ക്കൊടുവിൽ ഇരുവരും സംസാരിച്ചു.അരുണിന്റെ നാവിൽ നിന്നും കേട്ട മറുപടി മീരയെ വല്ലാതെ തളർത്തിയിരുന്നു. ഒന്നും പറയാതെ മുറിയിലേക്ക് കയറിയ മീരയെ ഒരുപാട് നേരമായിട്ടും കാണാഞ്ഞതിൽ സംശയം തോന്നിയ അരുൺ പിന്നീട് കാണുന്നത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മീരയെ ആയിരുന്നു. മുറിയിൽ തളംകെട്ടി നിന്ന മീരയുടെ രക്തവും അതിന്റെ മണവും അരുണിനെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചിരുന്നു. ആശുപത്രിയിലേക്ക് താങ്ങി കൊണ്ട് പോവുമ്പോഴും അബോധാവസ്ഥയിൽ തന്റെ പേര് ഉച്ചരിക്കുന്ന മീരയോട് അന്ന് തനിക്ക് നന്നേ ദേഷ്യം തോന്നിയിരുന്നു.
പിറ്റേന്ന് റൂമിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോൾ മീരയുടെ അച്ഛനും ചേട്ടനും ചേർന്ന് ബന്ധം അവസാനിപ്പിക്കാം എന്ന് പറഞ്ഞപ്പോഴും ഒരു പ്രതീക്ഷയോടെ എന്നപോൽ മീര അരുണിന്റെ മുഖത്തേക്ക് നോക്കി. യാതൊന്നും ആലോചിക്കാതെ അതിന് സമ്മതിച്ചപ്പോഴും വിങ്ങൽ അടക്കി പിടിച്ച മീരയുടെ ഇടംകണ്ണിൽ നിന്നും ഇറ്റ് വീണ കണ്ണുനീർ അവൻ അന്ന് കണ്ടില്ലെന്ന് നടിച്ചു. കോടതി മുറിയിൽ ഉയർന്നുകേട്ട വാഗ്‌വാദങ്ങൾക്കൊടുവിൽ വിവാഹമോചനം ലഭിച്ചപ്പോൾ മീരയുടെ കയ്യിലിരുന്ന് തന്റെ നേർക്ക് കൈനീട്ടിയുള്ള കുഞ്ഞിന്റെ നിലവിളി അവന് അവഗണിക്കേണ്ടി വന്നു. അവിടെ നിന്നും നേരെ തപസ്സ്യയുടെ ഫ്ലാറ്റിലേക്ക്.ഓർമ്മകളുടെ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയായിരുന്നു അരുൺ. അതിന്റെ പൊള്ളൽ അവനിൽ വല്ലാത്തൊരു നീറ്റൽ ഉണ്ടാക്കി കൊണ്ടേയിരുന്നു. പിറകിലൂടെ ഒരു പുതപ്പിനാൽ തന്നെ വാരി പുണർന്ന തപസ്സ്യയുടെ നഗ്നമായ മേനിയുടെ ചൂടറിഞ്ഞപ്പോഴാണ് അവൻ ഭൂതകാലത്തിൽ നിന്നും വർത്തമാനകാലത്തിലേക്ക് വന്നത്. കുറെയേറെ നേരം അവരുടെ ഇടയിൽ നിശബ്ദത തളംകെട്ടി നിന്നു. മൗനം അറുത്ത് മുറിച്ചുകൊണ്ട് അരുൺ തന്നെ സംസാരിച്ചു.”തപസ്സ്യ… നമുക്ക് എത്രയും പെട്ടെന്ന് വിവാഹം ചെയ്യണം…”അരുൺ തപസ്സയയോട് പറഞ്ഞു.
“വാട്ട്?”തപസ്സ്യ ഒന്നും മനസ്സിലാകാതെ ചോദിച്ചു.”നമുക്ക് വിവാഹം ചെയ്യാമെന്ന്…”അരുൺ പറഞ്ഞു.”വിവാഹമോ? ഫോർ വാട്ട്? എനിക്ക് വിവാഹം വേണമെന്ന് ഞാൻ പറഞ്ഞോ നിന്നോട്?”തപസ്സ്യ അല്പം ഉയർന്ന സ്വരത്തിൽ ചോദിച്ചു.അപ്പോൾ നിനക്ക് എന്നെ കല്യാണം കഴിക്കണ്ടേ? നിനക്ക് എന്നെ ഇഷ്ടമല്ലേ?”
അരുൺ അല്പം ഉയർന്നതെങ്കിലും ഇടറിയ സ്വരത്തിൽ ചോദിച്ചു.”യൂ മീൻ ലവ്? ഓഹ് ഗോഡ്… അരുൺ… എനിക്ക് നിന്നോട് പ്രണയം ഒന്നുമില്ല… നിന്റെ കൂടെ ബെഡ് ഷെയർ ചെയ്താൽ, അല്ലെങ്കിൽ ഹാങ്ഔട് ചെയ്താൽ അതിന്റെയർത്ഥം എനിക്ക് നിന്നോട് പ്രേമം ആണെന്നാണോ? വാട്ട് ദി ഹെൽ?”തപസ്സ്യയുടെ ചോദ്യത്തിന് മുൻപിൽ ചൂളി നിന്ന അരുണിന് പറയാൻ മറുപടി ഉണ്ടായിരുന്നില്ല.”ലിസ്സൺ അരുൺ… നീ എന്റെ നല്ലൊരു സുഹൃത്താണ്… പിന്നെ ഇതൊക്കെ ഇപ്പോൾ യൂഷ്വലാണ്… അല്ലാതെ സെക്സ് ചെയ്തുവെന്ന് കരുതി അയാളെ വിവാഹം ചെയ്യേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല… നീ അത്ര സ്റ്റീരിയോടൈപ് ആയിരുന്നോ അരുൺ…?”തപസ്സ്യ വശ്യമായ ഒരു ചിരിയോടെ അരുണിന്റെ കവിളുകൾ തലോടി. അവളുടെ കൈകൾ തട്ടി തെറിപ്പിച്ചുകൊണ്ട് തന്റെ വസ്ത്രങ്ങൾ തറയിൽ നിന്നും എടുത്ത് ധരിച്ച ശേഷം അരുൺ പുറത്തേക്ക് പോകാനിറങ്ങി.
“ആ ഡോർ അടച്ചേക്ക്”എന്ന് തപസ്സ്യ പുറകിലൂടെ പറഞ്ഞെങ്കിലും അത് പാടെ അവഗണിച്ചുകൊണ്ട് അവൻ ലിഫ്റ്റിലൂടെ താഴേക്ക് വന്നു. പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാറിലേക്ക് കയറി സ്റ്റാർട്ട് ചെയ്ത് പോകുമ്പോഴും അവന്റെ മനസ്സിൽ കോടതി വരാന്തയിൽ തന്നെ നോക്കി കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിന്റെയും വസുവിന്റെയും മുഖമായിരുന്നു. വണ്ടി റോഡ് സൈഡിൽ പാർക്ക് ചെയ്ത് അൽപനേരം അവൻ സ്റ്റിയറിങ്ങിൽ തല വച്ചുകിടന്നു. മനസ്സിലേക്ക് വസുവിന്റെ “അരുണേട്ടാ…” എന്ന നീട്ടിയുള്ള വിളി തെളിഞ്ഞതും ഫോൺ എടുത്ത് അവൻ അവളെ വിളിച്ചു.
“ഹലോ… വസു…”അരുൺ വിളിച്ചെങ്കിലും മറുവശത്ത് നിശബ്ദത മാത്രമായിരുന്നു.”വസു… കേൾക്കുന്നില്ലേ നീ?”അരുൺ വീണ്ടും ചോദിച്ചു.”മ്മ്… പറയ്…”വസു ഭാവഭേദമന്യേ പറഞ്ഞു.”എനിക്ക് നിന്നെ കാണണം…”
അരുൺ ഇടറിയ ശബ്ദം മറച്ചുപിടിച്ചുകൊണ്ട് പറഞ്ഞു.”ഇല്ലാ അരുണേട്ടാ… ഇനി എന്നെയോ മോളെയോ അരുണേട്ടൻ കാണില്ല… നാളെ ഞങ്ങൾ ഈ നാട്ടിൽ നിന്ന് യാത്രയാകും… എങ്ങോട്ടാണെന്ന് ചോദിക്കരുത്… പറയില്ല… അരുണേട്ടൻ ഇഷ്ടമുള്ള പെണ്ണിന്റെ കൂടെ സന്തോഷമായി ജീവിച്ചോളു… എനിക്ക് പരാതിയില്ല… എന്റെ കുഞ്ഞിന് ഇനി ഞാൻ മതി…”
അത്രേം പറഞ്ഞതും വസു ഫോൺ കട്ട് ആക്കിയിരുന്നു. തിരിച്ച് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരുന്നു. വസുവിനെ കാണാൻ വേണ്ടി വെപ്രാളപ്പെട്ട് വണ്ടി എടുത്തതും പിറകിലൂടെ വന്ന ലോറി അരുൺ ഇരുന്ന കാർ തട്ടി തെറിപ്പിച്ചതും ഒന്നിച്ചായിരുന്നു. കാരണം മറിഞ്ഞ കാറിനുള്ളിൽ ആളുണ്ടോ എന്ന് പോലും നോക്കാതെ ആ ലോറി നിർത്താതെ പോയി. ഒന്നുറക്കെ നിലവിളിക്കാൻ പോലുമാകാതെ കാറിനുള്ളിൽ അമങ്ങി ഇരുന്നപ്പോഴും ഫോണിന്റെ സ്‌ക്രീനിൽ തെളിഞ്ഞുനിന്ന വസുവിന്റെ ഫോട്ടോ അവൻ നോക്കിയിരുന്നു. ബോധം മറയുന്നത് വരെ അവന്റെ കണ്ണുകളിൽ അവളുടെ ചിത്രം നിറഞ്ഞു നിന്നു.
ദിവസങ്ങൾക്ക് ശേഷം കണ്ണ് തുറക്കുമ്പോൾ അരുൺ ഒരാശുപത്രിയിൽ ആയിരുന്നു. തലയിലെ വലിയ കെട്ടും, ഇരുകൈകാലുകളിലെയും പ്ലാസ്റ്ററും, അവിടിവിടായി തുന്നിയ മുറിവികളും അവന്റെ ശരീരമാകെ അസഹ്യമായ വേദന നിറഞ്ഞിരുന്നു. കണ്ണുകൾ തുറക്കാനാകാതെ, ഒടുവിൽ ആയാസപ്പെട്ട് കണ്ണ് തുറന്നപ്പോഴും തലയ്ക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടിരുന്നു അരുണിന്. തൊട്ടരികിൽ സാരിയുടെ തലപ്പ് കൊണ്ട് കണ്ണ് തുടച്ചിരുന്ന അമ്മയുടെ കയ്യിൽ അവൻ തൊട്ടതും അവർ പുഞ്ചിരിയോടെ അവനെ നോക്കി.
“വസു…?”അവൻ ചോദിച്ചു.”അവൾ പോയി മോനെ… ഹൈദരാബാദിലേക്ക്… അന്ന് തന്നെ…”അമ്മ പറഞ്ഞതും അരുണിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ബെഡിലേക്ക് പതിച്ചു.”അല്ലെങ്കിൽ തന്നെ അവളെന്തിനാ ഇനി ഇവിടെ നിൽക്കുന്നത്? ഇവൻ അവളും ആയിട്ടുള്ള എല്ലാ ബന്ധങ്ങളും അറുത്ത് കളഞ്ഞതല്ലേ…? ഇവൻ ആ കുഞ്ഞിനെ കുറിച്ചെങ്കിലും ഒരു നിമിഷം ഒത്തുകൂടായിരുന്നോ?”അരുണിന്റെ അനിയത്തി അരുന്ധതി അവനെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.
“നീ ഒന്ന് ചുമ്മാതിരിക്ക്… ഈ സമയത്ത് അവനെ കൂടുതൽ…”അമ്മ പറഞ്ഞതും അവൻ കണ്ണുകൾ മുറുക്കെ അടച്ചു. കണ്ണിനുള്ളിൽ അവശേഷിച്ചിരുന്ന അവസാന തുള്ളി കണ്ണുനീരും അവന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങി.”അച്ചമ്മേ… അപ്പേ…”കുഞ്ഞിന്റെകുറുമ്പോടുകൂടിയുള്ള വിളി കെട്ടാണ് അരുൺ ഞെട്ടി എഴുന്നേൽക്കുന്നത്. അരുന്ധതിയുടെ കയ്യിലിരുന്ന് അമ്മയുടെ നേർക്ക് കൈ നീട്ടുന്ന കുഞ്ഞിനെ കണ്ടതും അരുൺ എഴുന്നേൽക്കാൻ ആഞ്ഞു. പെട്ടെന്ന് തന്നെ എഴുന്നേൽപ്പിക്കാൻ സഹായിച്ച ആ കൈകൾ അവന്റെ ശ്രദ്ധയിൽ പതിഞ്ഞു. തനിക്ക് ചാരി ഇരിക്കാനായി തലയ്ക്ക് പിന്നിലായി തലയിണ വച്ച കൈകൾ തന്റെ വസുവിന്റേത് ആണെന്ന് തിരിച്ചറിയാൻ അവന് അധിക സമയം വേണ്ടി വന്നില്ല. അവന്റെ മുഖത്തേക്ക് നോക്കാതെ അവനെ ശുശ്രൂഷിക്കുന്ന വസുവിനെ നിറഞ്ഞ കണ്ണുകളോടെ അവൻ നോക്കി കിടന്നു.
മറ്റുള്ളവർ അവരെ തനിച്ചാക്കി മുറിയിൽ നിന്നും പുറത്തേക്ക് പോയി. പിന്നീട് വന്ന നേഴ്സ് അരുണിനുള്ള മരുന്ന് കൊടുത്ത ശേഷം വസു ഒരു പുതപ്പ് കൊണ്ട് അരുണിന്റെ നെഞ്ച് വരെ മൂടിയതും അവൻ വസുവിന്റെ കൈകളിൽ പിടിച്ച് നിർത്തി. അവൾ തിരിഞ്ഞുനോക്കിയതും കാണുന്നത് നിറഞ്ഞ കണ്ണുകളോടെ വിങ്ങി പൊട്ടുന്ന അരുണിനെയാണ്. ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ അവളുടെ കൈകളുടെ മുഖത്തോടടുപ്പിച്ച് അവൻ കരഞ്ഞുപോയിരുന്നു. അവന്റെ കരച്ചിൽ കണ്ടുനിൽക്കാൻ ആവാതെ അവൾ അവന്റെ അടുക്കൽ ഇരുന്ന് അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു.
“വസു… അയാം സോറി… ഞാൻ… ഞാൻ…”
അവൻ വിങ്ങി പൊട്ടിക്കൊണ്ടേയിരുന്നു.”നിന്നെ പോലൊരു പെണ്ണിനെ വേണ്ടെന്ന് വച്ചതിന് എനിക്ക് കിട്ടിയ ശിക്ഷയാണിത്… ഞാൻ ഒരു പാപിയാണ്… സ്നേഹിക്കുന്നവരെ കണ്ടില്ലെന്ന് നടിച്ച പാപി…”അവൻ അവളുടെ കൈകളിൽ പിടിച്ച് കരഞ്ഞുകൊണ്ടേയിരുന്നു.”അരുണേട്ടാ… കരയല്ലേ…”വസു നേർത്ത ശബ്ദത്തിൽ അവന്റെ മുഖത്തോട് അവളുടെ മുഖം അടുപ്പിച്ച് കൊണ്ട് പറഞ്ഞു.
“നിനക്ക് എങ്ങനെയാടി ഇപ്പോഴും എന്നെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നത്? ഞാൻ നിന്നെ ചതിച്ചവൻ അല്ലേ? മറ്റൊരു പെണ്ണിനോടൊപ്പം…”പറയാൻ വന്നത് മുഴുവിപ്പിക്കാൻ സമ്മതിക്കാൻ അവൾ അരുണിന്റെ ചുണ്ടിനുമീതെ അവളുടെ ചൂണ്ടുവിരൽ പതിപ്പിച്ചു.”ഞാൻ എന്നും നിന്റേതാണ് എന്ന് അരുണേട്ടൻ പണ്ട് പറഞ്ഞത് ഓർമ്മയുണ്ടോ… ആ ഒരു വാക്കാണ് എന്നെ ഇവിടെ എത്തിച്ചത്… സംഭവിച്ചതൊക്കെ നമുക്ക് മറക്കാം… പക്ഷേ അരുണേട്ടൻ അറുത്തുമുറിച്ചുമാറ്റിയ ആ ബന്ധം ഉണ്ടല്ലോ… അതെനിക്ക് തിരിച്ച് വേണം… നമ്മുടെ മോൾക്ക് അവളുടെ അച്ഛനെയും അമ്മയെയും തിരികെ കൊടുക്കണം… എനിക്ക് അത്രയും മതി…”അത്രയും പറഞ്ഞുകൊണ്ടവൾ പൊട്ടിക്കരഞ്ഞു.
“ഇപ്പോഴും അതിന് മാറ്റം ഒന്നുമില്ല… ഇനിയൊരിക്കലും മാറുകയുമില്ല… ഞാൻ നിന്റെയാണ്… നിന്റെ മാത്രം… നീ എന്റേതും… നമുക്കിടയിൽ മൂന്നാമതൊരാൾ ഇനി വരില്ല… അത് ഈ അരുൺ നിനക്ക് തരുന്ന വാക്കാണ്… എനിക്ക് നിന്നെ വേണം… നമ്മുടെ മോളെ വേണം… നമ്മുടെ ആ കുടുംബം… നമ്മുടെ സന്തോഷം… പ്രണയം… എല്ലാം എനിക്ക് വേണം… നീ എന്നെ ചേർത്ത് പിടിക്കണേ വസു… എനിക്ക് ഇനിയും നിന്നെ ചതിക്കാൻ വയ്യാ…”അരുൺ കരച്ചിലിനൊപ്പംപറഞ്ഞുകൊണ്ടേയിരുന്നു.”അരുണേട്ടാ… എന്റെ കണ്ണിലേക്ക് നോക്കിയേ…”വസു അരുണിന്റെ മുഖം തനിക്ക് നേരെ നിർത്തി കൊണ്ട് പറഞ്ഞു. അവൻ അനുസരണയുള്ള കുട്ടിയെ പോലെ അവളുടെ കണ്ണുകളിലേക്ക് നോക്കി.
“ഇനി എന്നെ വിട്ട് എങ്ങും പോവില്ലെന്ന് പറയ്… ഏട്ടന് എന്നെ മാത്രം മതിയെന്ന് പറയ്…”അവൾ ഒരു കൊച്ചുകുഞ്ഞിനെ പോലെ വാശി പിടിച്ചു.”ഞാൻ ഇനി എന്റെ വസുവിനെ വിട്ട് എങ്ങോട്ടും പോവില്ല… എനിക്ക് എന്റെ പെണ്ണിനെ മാത്രം മതി…”
അവളുടെ കണ്ണിൽ നോക്കി ഇത്രയും പറഞ്ഞ ശേഷം ആവേശത്തോടെ അവൻ അവളുടെ മുഖമാകെ ചുംബിച്ചു. മുറിഞ്ഞ ചുണ്ടുകളെ അവഗണിച്ചുകൊണ്ട് അവൻ അവളുടെ ചുണ്ടുകളിൽ ചുംബനം ചാർത്തി. ആദ്യരാത്രിയിലേതെന്ന പോലെ അവളുടെ നാണം നിറഞ്ഞ കവിളിൽ അവൻ ചുംബിച്ചുകൊണ്ട് ചേർത്ത് പിടിച്ചു. ക്ഷമിക്കുന്നതാണ് ഏറ്റവും വലിയ ശിക്ഷയെന്ന് മീരാവസുധ വസു അരുണിനെ തെളിയിച്ചു.