23/04/2026

കാണാൻ പോയിട്ട് വന്നപ്പോഴാണ് അറിഞ്ഞത് പെണ്ണിന് ജാതകദോഷം.. വിവാഹം നടക്കില്ല..

രചന – ആബിദ് മണ്ണാർക്കാട്

ഇതിനൊന്നും മറുപടി പറയാൻ എനിക്ക് വയ്യച്ചാ.. നിങ്ങൾ അച്ഛനും മകനും തമ്മിലുള്ളത് നിങ്ങൾ തന്നെ പറഞ്ഞുതീർത്തു കൊള്ളണം… ചുണ്ടുകളിൽ നിന്ന് പുറത്തേക്ക് വന്ന കള്ളച്ചിരി കടിച്ചമർത്തിക്കൊണ്ട് ഷിനി അകത്തേക്ക് നടന്നു..കപട ഗൗരവം നടിച്ചു കൊണ്ട് പുറകെ ശ്രീമതിയും.. ശ്രീ… പ്രയതമന്റെ വിളി കേട്ട് ചോദ്യഭാവത്തിൽ ശ്രീമതി തിരിഞ്ഞു നിന്നു.. “ഇതിപ്പോ ഞാൻ എന്താ ചെയ്യണ്ടേ”?.. “കൊണ്ടോയി അലമാരിയിൽ വയ്ക്ക്.. പിന്നെ നിന്റെ മോൻ വൈകിട്ട് വിളിക്കുമ്പോ ഒറ്റയെണ്ണം ഫോൺ എടുത്തേക്കരുത്. എനിക്ക് പറയാനുണ്ട് അവനോട് ചിലത്”.. കൈയിലിരിക്കുന്ന ആധാരകെട്ട് ഭാര്യയെ ഏല്പിച്ചിട്ട് അയാൾ ഇത്രയും പറഞ്ഞു കൊണ്ടു ചാരുകസരലേക്ക് ചാഞ്ഞു കിടന്നു.. ആ കിടപ്പു നോക്കി കുറെ സമയം നിന്നിട്ട് അവർ ആധാരകെട്ടുമായി അകത്തേക്ക് നടന്നു..
******
“നീ ഇവിടെ നോക്ക്.,. ആറു മാസം മുൻപ് ആ മേലെത്തെ പറമ്പ് വാങ്ങുമ്പോൾ ഞാൻ നിന്നോട് പറഞ്ഞതല്ലേ അത് നിന്റെയോ ഷിനിയുടെയോ പേരിൽ ആധാരം ചെയ്തോളാൻ. അന്ന് അത് കേട്ടില്ല.. ദേ ഇപ്പൊ ആ പീടിക മുറി.. അതും നീ എന്റെ പേരിൽ രെജിസ്റ്റർ ചെയ്തത് എന്തിനാണ്? നീ ജോലി ചെയ്തു വാങ്ങിച്ചു കൂട്ടുന്നതെല്ലാം എന്തിനാ എന്റെ പേരിൽ വാങ്ങുന്നത് . എന്റെ പേരിൽ വേണമെന്ന് ഞാൻ പറഞ്ഞോ”?.. മുന്നിലിരിക്കുന്ന ലാപ്ടോപിൽ മകന്റെ മുഖത്തേക്ക് നോക്കി തെല്ലു ദേഷ്യത്തിൽ തന്നെയാണ് വാസുദേവൻ അത്രയും പറഞ്ഞത്… അച്ഛന്റെ ഇടതു സൈഡിൽ നിൽക്കുന്ന അമ്മയെ നോക്കി കണ്ണിറുക്കിയിട്ടാണ് ശ്രീകുട്ടൻ പറഞ്ഞു തുടങ്ങിയത്… “എന്റെ അച്ഛാ.. എന്റെ ജനനത്തിന് ശേഷം അച്ഛൻ ജോലി ചെയ്ത് വാങ്ങിയതൊക്കെയും ആർക്കു വേണ്ടിയായിരുന്നു.. പറ… “അതിപ്പോ…അന്ന് എന്റെ തുച്ഛമായ വരുമാനത്തിൽ നിനക്ക് അവശ്യമുള്ളതൊക്കെ ഞാൻ വാങ്ങി നൽകി .. അത് പോലെയാണോ ഇത്‌..”

“അച്ഛൻ അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ടു നേടിതന്നതല്ലേ ഈ കാണുന്ന ജോലിയും സ്വത്തും എല്ലാം.. അപ്പോൾ ഞാൻ അത് വാങ്ങേണ്ടത് അച്ഛന്റെ പേരിലല്ലേ “.. ഇവനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന മട്ടിൽ അയാൾ തല ചെറുങ്ങനെ വെട്ടിച്ചു.. അപ്പോൾ ലാപ്ടോപ്പിൽ മകന്റെ ചിരിക്കുന്ന മുഖം നോക്കി കൊണ്ടു ശ്രീമതി നിന്നു.. “ഡാ.. ഞാൻ പറയട്ടെ നീ താലി കെട്ടി കൊണ്ടു വന്ന ഒരു പെണ്ണുണ്ട് ഈ വീട്ടിൽ.. അവളെന്താ കരുതുക.. നീ സമ്പാദിക്കുന്നതെല്ലാം അച്ഛന്റെ പേരിൽ ഇങ്ങനെ ആയാൽ . ആ കുട്ടി ഒരു പാവമായത് കൊണ്ടല്ലേ…” അയാൾ ശബ്ദം താഴ്ത്തിയാണ് അത് പറഞ്ഞത്.. “അതിനു എന്റെ പേരിൽ സ്വത്ത്‌ വേണമെന്ന് പറഞ്ഞാണോ അച്ഛാ ഞാൻ ഇങ്ങോട്ട് വന്നത്.. ഇത്രയും സ്നേഹമുള്ള ഈ കുടുംബം തന്നെയല്ലേ എന്റെ സ്വത്ത്‌… അകത്തു നിന്ന് പുറത്തേക്ക് വന്ന ഭാര്യയുടെ വാക്കുകൾ കൂടെ കേട്ടപ്പോൾ ശ്രീക്കുട്ടൻ ഉറക്കെ ചിരിച്ചു.. ആ ചിരി ഭാര്യയും മരുമകളും ഏറ്റെടുത്തതോടെ അയാൾക്ക് പിന്നെ ഒന്നും പറയാനുണ്ടായില്ല.. ഇത്രയും സ്നേഹമുള്ള ഒരു മകനെയും കുടുംബവും ലഭിച്ചതിൽ ജഗദീശ്വരനോട് അയാൾ നന്ദി പറഞ്ഞു.

വാസുദേവൻ കണ്ണുകളടച്ചു വെറുതെ കിടന്നു.. വയസ് 70 കഴിഞ്ഞു. ചെറിയ ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നത് ഒഴിച്ചാൽ ശരീരികമായി വേറെ കുഴപ്പമൊന്നുമില്ല.. ഉള്ളത് രണ്ടു മക്കൾ ഒരാണും ഒരു പെണ്ണും.. രണ്ടു പേർക്കും വിദ്യാഭ്യാസവും ജോലിയുമുണ്ട്.. വിവാഹം കഴിഞ്ഞു സന്തോഷമായി ജീവിക്കുന്നു.. മരുമക്കളും കൊച്ചു മക്കളും എല്ലാം കൂടെ ജീവിതം സുഖം.. മക്കളാണെങ്കിൽ സ്നേഹിക്കാൻ പരസ്പരം മത്സരിക്കുന്നു.. സുകൃതം ചെയ്ത ദമ്പതികൾ.!! നാട്ടുകാരും വീട്ടുകാരും പറയുന്നതിതാണ്.. അത് കേൾക്കുമ്പോ ചിരി വരും..
**—-*******

പണ്ട് പെണ്ണ് കാണാൻ പോയിട്ട് വന്നപ്പോഴാണ്റിഞ്ഞത് പെണ്ണിന് ജാതകദോഷം.. വിവാഹം നടക്കില്ല.. കലശലായ സങ്കടം തോന്നി. ആദ്യമായി കണ്ടതാണ് ശ്രീമതിയെ.. കണ്ടപ്പോ വല്ലാതെ ഇഷ്ടപ്പെട്ടു.ഇനി വേറൊരുപെണ്ണിനെ പറ്റി ചിന്തിക്കാൻ വയ്യ.. വീട്ടിലെ കാർന്നോൻമാരോട് പറഞ്ഞപ്പോ എല്ലാരും കൂടെ വാളും പരിചയും എടുത്ത്.. ചൊവ്വദോഷമുള്ള പെണ്ണിനെ കെട്ടിയാൽ അകാലത്തിൽ മരണം സംഭവിക്കുന്നത്രെ.. പക്ഷെ മനസിൽ തോന്നിയ ഇഷ്ടം വേണ്ടെന്ന് വയ്ക്കുന്നതെങ്ങനെ.. രണ്ടും കല്പിച്ചു ശ്രീയുടെ വീട്ടിൽ ചെന്ന് ചോദിച്ചു.. ഒന്നും നോക്കാതെ മകളെ കൈപിടിച്ചു ഏല്പിച്ചു തന്നു ആ അച്ഛൻ.. ഇന്നിപ്പോൾ തിരിഞ്ഞു നോക്കുമ്പോ ചിരി വരുന്നു.. എന്ത് ജാതകം. എന്ത് പൊരുത്തം.. പത്തിൽ പത്തു പൊരുത്തവുമായി കെട്ടിയവർ അകാലത്തിൽ മരണപെട്ടിട്ടില്ലേ.. ജീവിതം ദുരിതപൂർണമായി തീർന്നവർ എത്ര.. മക്കളുടെ വിവാഹകാര്യത്തിലും ഒന്നും നോക്കിയില്ല ശ്രീമോനാണെങ്കിൽ വിവാഹം കഴിച്ചപ്പോൾ ജാതിയോ മതമോ പോലും നോക്കിയില്ല.. കൂടെ പഠിച്ച കുട്ടിയെ തന്നേ ജീവിതസഖിയാക്കി..

മീനാക്ഷിക്ക് ഏട്ടൻ കണ്ടു പിടിച്ചു തരട്ടെ എന്റെ ചെക്കനെ എന്ന നിലപാട് ആയിരുന്നു.. അതിലും നാളോ പൊരുത്തമോ നോക്കണ്ട എന്നത് അവരുടെ തീരുമാനം ആയിരുന്നു.. അയാൾ സുഖമുള്ളൊരു ആലസ്യത്തിൽ ചാരുകസാരയിലേക്ക് ചാഞ്ഞിരുന്നു കൊണ്ടു അയാൾ മകന്റെ വാക്കുകളെ ഓർത്തു.. “എന്റെ അച്ഛാ.. അച്ഛൻ ഉള്ളിടത്തോളം കാലം എനിക്ക് അച്ഛനെക്കാൾ വലിയവനാകേണ്ട.. അച്ഛനെക്കാൾ കൂടുതൽ സ്വത്തും സമ്പാദ്യവും നേടേണ്ട..അച്ഛന്റെ മകനായി അച്ഛന്റെ ചിറകിൻ കീഴിൽ കഴിഞ്ഞാൽ മതി എനിക്ക്.. അത് കണ്ട് എന്റെ മക്കൾ വളരമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്..”” ആ ഒരു മകന് ജന്മം നൽകിയ ഞാൻ അല്ലെ ശരിക്കും സുകൃതം ചെയ്ത അച്ഛൻ.. അപ്പോഴും തന്റെ ഇടതു വശത്തു തന്റെ മുഖത്തെ ഭാവവ്യതാസങ്ങൾ സാകൂതം ചെറു പുഞ്ചിരിയോടെ വീക്ഷിച്ചു കൊണ്ടിരുന്ന ഭാര്യയെ നോക്കി അയാൾ പുഞ്ചിരിച്ചു. അപ്പോൾ അവരും അയാളെ നോക്കി നനുത്ത പുഞ്ചിരി സമ്മാനിച്ചു.. ഒരു ചൊവ്വദോഷക്കാരിയുടെ പുഞ്ചിരി.