രചന – ആൻസിയ ഷെറി
“എല്ലാം ഉറപ്പിച്ച സ്ഥിതിക്ക് ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം” വിശാലിന്റെ അമ്മ അത് പറഞ്ഞതും അയാളുടെ നോട്ടം തന്റെ മകളിലേക്ക് നീണ്ടു. “കൂടുതലൊന്നും വേണ്ട.എന്റെ മൂത്തമകന്റെ ഭാര്യ വീട്ടിൽ നിന്ന് തന്നെ 100 പവൻ സ്ത്രീധനമായിരുന്നു കിട്ടിയത്.അത്രയൊന്നും നിങ്ങളെക്കൊണ്ട് താങ്ങില്ലെന്ന് അറിയാം.അത് കൊണ്ട് ഒരു 50 പവൻ മതി” ദീപയുടെ മിഴികൾ വിശാലിലേക്ക് നീണ്ടു.അവനവളെ നോക്കി പുഞ്ചിരിച്ചതും ആ ചിരിയെന്തോ അസ്വസ്ഥത നൽകുന്ന പോലെ തോന്നിയപ്പോൾ അവൾ മിഴികൾ വെട്ടിച്ചു. “നിങ്ങളൊന്നും പറഞ്ഞില്ല” “ഞങ്ങളെന്ത് പറയാനാ.എന്റെ മോൾടെ ഇഷ്ടമാണ് എന്റെയും.ഇവര് തമ്മിൽ ഇഷ്‌ടത്തിലാണെന്ന് പറഞ്ഞപ്പോൾ തന്നെ ഞാനായിട്ട് ഇതിന് ഒരു മുടക്ക് വരുത്തില്ലെന്ന് ഉറപ്പിച്ചതാണ്” അച്ഛനത് പറയുമ്പോഴും അയാളുടെ മിഴികളിൽ മറഞ്ഞു കിടക്കുന്ന വെപ്രാളം അവൾ കണ്ടിരുന്നു.
“അങ്ങനെയെങ്കിൽ ഉറപ്പിക്കാം അല്ലെ” “ഒരു മിനിറ്റ്..എനിക്ക് വിശാലിനോട് തനിച്ചൊന്ന് സംസാരിക്കണം” വിശാലിലേക്ക് മാത്രം മിഴികൾ നീട്ടി അവൾ പറഞ്ഞതും എല്ലാവരുടെ മുഖത്തും സംശയം നിറഞ്ഞു. “അതെന്തിനാ മോളെ.നിങ്ങൾക്ക് മുമ്പേ പരിചയം ഉള്ളതല്ലേ.ഇനി ഒരു സംസാരത്തിന്റെയൊക്കെ ആവശ്യം ഉണ്ടോ?” “ഒരു അഞ്ച് മിനിറ്റ്.ഒരു ചെറിയ കാര്യം സംസാരിക്കാൻ ആണ്” മറുപടിക്ക് കാക്കാതെ അവൾ മുറിയിലേക്ക് കയറിപ്പോയതും വിശാൽ തന്റെ അമ്മയെ ഒന്ന് നോക്കി.അവര് കണ്ണ് കൊണ്ട് പോകാൻ ആംഗ്യം കാണിച്ചതും ആവൻ അവൾക്ക് പിറകെ മുറിയിലേക്ക് കയറി.
“എന്താ ദീപു സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്” തിരിഞ്ഞു നിൽക്കുന്നവളെ പിറകിലൂടെ ചേർത്ത് പിടിച്ച് വിശാൽ ചോദിച്ചതും അവൾ പെട്ടെന്ന് ആ കൈകൾ തട്ടിമാറ്റിക്കൊണ്ട് തിരിഞ്ഞ് അവനെ രൂക്ഷമായി നോക്കി. “എന്താ വിശാൽ ഇതൊക്കെ?” “എന്ത്?”ഒന്നും മനസ്സിലാകാതെ അവൻ അവളെ നോക്കി. “ഈ നടക്കുന്നതൊക്കെ എന്താണെന്ന്.നീ ഇഷ്‌ടം പറഞ്ഞ് എന്റെ പിറകെ വന്നപ്പോൾ ഞാൻ നിന്നോട് രണ്ടേ രണ്ട് കാര്യം മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളു. ഓർമ്മയുണ്ടോ നിനക്കത്?” അവനൊന്ന് ചിന്തിച്ചു.ശേഷം ഇല്ലെന്ന് തലയാട്ടി.അത് കണ്ടതും അവളൊന്ന് പുച്ഛിച്ചു ചിരിച്ചു. “ഓർമ്മ കാണില്ല നിനക്ക്.എന്നാ എനിക്കോർമ്മയുണ്ട്അ തെന്താണെന്ന്.എനിക്ക് പഠിക്കണം.അത് പോലെ തന്നെ സ്ത്രീധനം ഒരു നുള്ള് പോലും ചോദിക്കരുത്. അത് തരാൻ എന്റെ അച്ഛനെ കൊണ്ട് കഴിയില്ലെന്നും ഞാൻ പറഞ്ഞതല്ലേ” അവന്റെ മുഖം വിളറി.
“അത് പിന്നെ അന്നങ്ങനെയൊക്കെ പറഞ്ഞെന്ന് വെച്ച് നടക്കുന്ന കാര്യമല്ലല്ലോ ഇത്.വെറുതെ ഒന്നുമില്ലാതെ നിന്നെ ഞാൻ കെട്ടിയാൽ അത് മോശമല്ലേ” “മോശമോ? എന്നെ കെട്ടുന്നത് സ്നേഹമുണ്ടായിട്ടോ അതോ പണത്തിൻ വേണ്ടിയോ?” “ദീപു നീ എന്താ ഈ പറയുന്നത്”അവൻ ദേഷ്യപ്പെട്ടു കൊണ്ട് അടുത്തേക്ക് വന്നതും അവളവനെ കയ്യുയർത്തി തടഞ്ഞു. “നീയെന്നെ സ്നേഹിക്കുന്നില്ല വിശാൽ. നിനക്കും നിന്റെ വീട്ടുകാർക്കും വേണ്ടത് പണമാണ്.പിന്നെ നിങ്ങളെല്ലാം പറയുന്നത് കേട്ട് ചലിക്കാൻ ഉള്ള ഒരു കളിപ്പാവയും.അല്ലെന്ന് പറയാൻ നിനക്ക് കഴിയില്ല. കാരണം വീട്ടിലും ഒരാൾ ഉണ്ടല്ലോ.100 പവൻ വാങ്ങിയിട്ട് വീട്ടിലെ അടുക്കളയിൽ തളച്ചിട്ട നിന്റെ ഏട്ടത്തി” പരിഹാസച്ചിരിയോടെ അവളത് പറയുമ്പോൾ മറുപടി എന്ത് പറയണം എന്നറിയാതെ അവന്റെ തല താണു.
“ഞാനിപ്പോ വിളിച്ചത് വേറൊരു കാര്യത്തിനാ. ഈ കല്യാണം നടക്കില്ല.എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് എന്റെ അച്ഛനിതിൻ സമ്മതിച്ചത്.തന്റെ കുഞ്ഞിന്റെ അമ്മയാകേണ്ടവളെ വിലക്ക് വാങ്ങുന്ന നിങ്ങളോടൊക്കെ ഒന്നും മിണ്ടാതിരിക്കുന്നതാ നല്ലത്. നിനക്ക് പോകാം. നമ്മൾ തമ്മിലുള്ള ബന്ധം ഇവിടെ അവസാനിച്ചു മറുപടിക്ക് കാക്കാതെ അവൾ തിരിഞ്ഞു നിന്നതും അവൻ തല താഴ്ത്തി പുറത്തേക്ക് നടന്നു.
കാറകന്നു പോകുന്ന ശബ്ദം കേട്ടപ്പോഴും അവൾ അനങ്ങിയില്ല. തോളിൽ കരസ്പർശം പതിഞ്ഞതും ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ അച്ഛൻ. അത്രയും നേരം അടക്കി നിർത്തിയ സങ്കടം മുഴുവൻ അവൾ അയാളുടെ നെഞ്ചിൽ കരഞ്ഞു തീർത്തു. “തെറ്റ് പറ്റി അച്ഛാ. പെണ്ണിനെ സ്നേഹിക്കുന്നതിന് പകരം പണം മോഹിച്ചവനാണ് അവൻ എന്നറിയാൻ വൈകിപ്പോയി. എല്ലാം ഇന്നലെ അവന്റെ ഏട്ടത്തി വിളിച്ചപ്പോഴാ അറിഞ്ഞത്” അയാൾ മറുപടിയൊന്നും പറയാതെ അവളുടെ നെറുകിൽ തലോടി ആശ്വസിപ്പിച്ചു. സ്ത്രീധനം വാങ്ങി നാലാൾക്ക് മുന്നിൽ വിലസുമ്പോഴല്ല സ്ത്രീ തന്നെ ധനമാണെന്ന് പറഞ്ഞ് അവളെ ചേർത്ത് പിടിക്കുമ്പോഴാണ് അഭിമാനിയാകുന്നത്..!

by