17/04/2026

സന്ധ്യാംബരം : ഭാഗം 11

രചന – സിന്ധു അപ്പുക്കുട്ടൻ

വൈകുന്നേരത്തെ ഭക്ഷണമൊരുക്കി കഴിഞ്ഞു സന്ധ്യ തന്റെ മുറിയിൽ വന്ന് വെറുതെ ചുറ്റി നടന്നു. ദീപ്തി കുട്ടികളെയും കൂട്ടി പുറത്തു പോയിരിക്കുന്നു. രാവിലെ മുതൽ വല്ലാത്തൊരു തലവേദന ശല്യം ചെയ്തിരുന്നത് കൊണ്ട് സന്ധ്യ ഒഴിഞ്ഞു മാറി.

മനസ്സ് എന്തുകൊണ്ടോ സന്തോഷിക്കാൻ കൂട്ടാക്കുന്നില്ല എന്നവൾക്ക് തോന്നി. എത്ര കാലം ഇവിടെ കഴിഞ്ഞു കൂടാൻ പറ്റും. നാളെ താനും മോളും ഇവിടെ അധികപറ്റായാൽ എങ്ങോട്ടിറങ്ങി പോകും, ആരുണ്ട് തങ്ങൾക്കൊരു തുണ.

നെഞ്ചു നീറ്റുന്ന ആകുലതകൾ സ്വയ്ര്യം കെടുത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ദീപ്തിയോട് ഒന്നും തുറന്നു പറയാനും കഴിയുന്നില്ല.

നിലക്കണ്ണാടിയിൽ തന്റെ രൂപം ഇമ ചിമ്മുന്നത് കണ്ട് സന്ധ്യ അതിനരികിലേക്ക് നീങ്ങി നിന്നു.

കണ്ണിനു കീഴെയുണ്ടായിരുന്ന കറുപ്പ് നിറം ക്രമാതീതമായി പടർന്നു കയറിയിരിക്കുന്നു.

നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിച്ചുരുളുകളിൽ ചിലതൊക്കെ വെളുത്തു തുടങ്ങിയിട്ടുണ്ട്.

എന്തിനായിരുന്നു ദൈവം ഇങ്ങനെയൊരു ജീവിതം തനിക്കു വെച്ചു നീട്ടിയത്.

ഒരിക്കലെങ്കിലും നല്ലൊരു സാരിയുടുക്കാൻ കഴിഞ്ഞിട്ടുണ്ടോ, കൗതുകം പൂണ്ട മനസ്സുമായി ഒരു യാത്ര പോകാൻ കഴിഞ്ഞിട്ടുണ്ടോ.. അത്രയേറെ ഇഷ്ടത്തോടെ ഒരു പുരുഷനെയറിയാൻ കഴിഞ്ഞിട്ടുണ്ടോ..വേദനകളും കൊടിയ പീഡനങ്ങളും ഏറ്റു വാങ്ങി ശരീരവും മനസ്സും തളർന്നു പോയിരിക്കുന്നു.

നീയെന്ത് പാപം ചെയ്തു മോളേ.?

കണ്ണാടിയിൽ നോക്കി അവൾ ചോദിച്ചുകൊണ്ടിരുന്നു.

ആ കൊടിയ നരകത്തിൽ നിന്നും രക്ഷപെടാനൊരു മാർഗം കാണിച്ചു തന്നതാണോ ദൈവം. ദീപ്തിയുടെ രൂപത്തിൽ.

എത്ര കാലം ഈ സ്വർഗത്തിൽ തനിക്കു നിലനിൽപ്പുണ്ട്..

ഭ്രാന്ത്‌ പിടിക്കുന്ന ചിന്തകളോടെ സന്ധ്യ കട്ടിലിൽ കയറി കിടന്നു.

ഇന്നും മതിലിനപ്പുറം ദീപ്തിയുടെ അമ്മയെ കണ്ടിരുന്നു. ഒരു സ്ത്രീക്ക് സ്വന്തം മക്കളെ കളഞ്ഞു കൊണ്ട് ഇങ്ങനെയൊക്കെ ജീവിക്കാനാകുമോ. തനിക്കെന്തേ അതിനൊന്നും കഴിയാതെ പോയി.

എല്ലാ പെണ്ണും ഒരുപോലെയല്ല.

അവൾക്കുള്ള മറുപടി അവൾ തന്നെ പറഞ്ഞു കൊടുത്തു.

അവരെക്കുറിച്ച് ബാക്കി കൂടി അറിയണം എന്ന് സന്ധ്യ മനസ്സിലുറപ്പിച്ചു.

“സന്ധ്യേ… എന്റെ നീല ഷർട്ട്‌ അയെൺ ചെയ്തിട്ട് എവിടെ കൊണ്ടോയി വെച്ചു.?

വാതിൽക്കൽ നിന്ന് ജയകൃഷ്ണന്റെ ചോദ്യം കേട്ട് സന്ധ്യ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു.

അയാൾ വന്നത് താനറിഞ്ഞില്ല ല്ലോ എന്നവൾ ലജ്ജയോടെ ഓർത്തു. ബൈക്കിന്റെ ശബ്ദം കേട്ടതേയില്ല. അത്രയേറെ ഗഹനമായ ചിന്തകളായിരുന്നല്ലോ മനസ്സിൽ.

“ഞാൻ നോക്കട്ടെ ഏട്ടാ.അനന്തു വിന്റെ ഡ്രെസ്സുകൾ മടക്കി വെച്ചതിന്റെ കൂട്ടത്തിൽ പെട്ടു കാണും ”

അവൾ അയാളെ കടന്ന് അനന്തുവിന്റെ മുറിയിലേക്ക് നടന്നു.

ഏറെ നേരം തിരഞ്ഞിട്ടാണ് അവൾക്കത് കിട്ടിയത്.

ഷർട്ടുമായി വരുമ്പോൾ ജയകൃഷ്ണനെ അവിടെ കണ്ടില്ല.

മുകളിലേക്ക് പോയി കാണും അങ്ങോട്ട് കൊണ്ടു കൊടുക്കണോ എന്നാലോചിച്ചു കൊണ്ട് സന്ധ്യ മെല്ലെ പടികൾ കയറാൻ തുടങ്ങി.

“താനെങ്ങോട്ടാ വയ്യാത്ത കാലും വെച്ച്. ഞാനിവിടുണ്ട്. ഇങ്ങോട്ട് തന്നേക്ക്‌.”

ജയകൃഷ്ണൻ പടികൾക്ക് താഴെ നിന്ന് വിളിച്ചു പറഞ്ഞു.

സൂക്ഷിച്ചു ഇറങ്ങിയിട്ട് പോലും ഒരു നിമിഷം സന്ധ്യക്ക് കാലിടറി. അമ്മേയെന്ന അമർത്തിയ വിളിയോടെ അവൾ താഴേക്കു മറിഞ്ഞു.

സ്തബ്ദനായി നിന്ന ജയകൃഷ്ണൻ പടികൾ ഓടിക്കയറി അവളെ കൈകളിൽ താങ്ങി.

എന്തിനെന്നറിയാതെ ഒരേങ്ങലോടെ സന്ധ്യ അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു കിടന്നു.

അടർത്തി മാറ്റാൻ മിനക്കേടാതെ അവനും അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട്.

********-****-******************

ദീപ്തി വരുമ്പോൾ സന്ധ്യ കിടക്കുകയായിരുന്നു.നീരു വന്നു വീർത്ത കാലിൽ ഒരു ബാന്റെജും കെട്ടി.ജയകൃഷ്ണൻ കൊടുത്തതായിരുന്നു അത്

കാലിലെ കെട്ട് കണ്ട് ദീപ്തി ഓടി വന്ന് അവൾക്കരികിലിരുന്നു.

എന്തു പറ്റിയെടി…എവിടേലും വീണോ നീ?

ദീപ്തിയുടെ കരച്ചിൽ പോലുള്ള ചോദ്യം കേട്ട് സന്ധ്യ മുഖം കുനിച്ചു.

ഉണ്ടായത് അതേപോലെ പറയാൻ അവൾക്കാകുമായിരുന്നില്ല.

“അത് പിന്നെ… സ്റ്റെപ് കയറിയപ്പോ…

“നിന്നോട് പലപ്രാവശ്യം പറഞ്ഞതാ വയ്യാത്ത കാലും കൊണ്ടു മുകളിൽ കയറാൻ പോകരുതെന്ന്. എന്നിട്ടും നീയിങ്ങനെ അനുസരണയില്ലാതെ…

ദീപ്‌തി സങ്കടവും ദേഷ്യവും കൂട്ടിക്കലർത്തി എണ്ണിപ്പെറുക്കി

അവളുടെ കരച്ചിൽ കണ്ട് സന്ധ്യക്ക് വല്ലാത്ത കുറ്റബോധം തോന്നി.

ജയകൃഷ്ണന്റെ നെഞ്ചിൽ ചേർന്ന് കിടന്നതും, മനസ്സിലെ ഭാരം മുഴുവൻ കരഞ്ഞു തീർത്തതും ദീപ്തിയറിഞ്ഞാൽ എന്തായിരിക്കും അവളുടെ പ്രതികരണം എന്ന വേവലാതിയായിരുന്നു സന്ധ്യക്ക്‌.

അവൾ മൗനത്തിന്റെ മൂടുപടമണിഞ്ഞ് തല താഴ്ത്തിയിരുന്നു.

ഏതോ ഒരു നിമിഷത്തിൽ ജയകൃഷ്ണന്റെ പാട്ടുകൾ തന്റെ മനസ്സിലൊരു ചലനം സൃഷ്ടിച്ചു കടന്നു പോയിരിക്കുന്നു. അതിന്റെ ബഹിർസ്ഭുരണമായിരുന്നു ആ കണ്ണീർ വാർക്കൽ.

ഛെ.. വേണ്ടായിരുന്നു..

സന്ധ്യക്ക് സ്വയം വല്ലാത്തൊരു വെറുപ്പ് തോന്നി.

**************************************

“സന്ധ്യാ… തന്നെ ഞാൻ വിവാഹം ചെയ്യട്ടെ..?

ദിവസങ്ങൾക്ക് ശേഷമുള്ളോരു പകലിൽ ജയകൃഷ്ണൻ സന്ധ്യയോട് ചോദിച്ചു.

കാലിലെ വേദനയും നീരും മാറാത്ത കൊണ്ടു രണ്ടു ദിവസമായിരിക്കുന്നു അവൾ ദീപ്തിക്കൊപ്പം ഷോപ്പിൽ പോയിട്ട്.

കാതിൽ വന്നു വീണ വാക്കുകളുടെ പൊരുൾ വേർതിരിച്ചെടുക്കാനാകാതെ സന്ധ്യ ഞെട്ടലോടെ അയാളെ തുറിച്ചു നോക്കി.

“എന്തുപറ്റിയെടോ..?
താനെന്താ ഇങ്ങനെ നോക്കുന്നെ.?

അവളുടെ ഭാവം കണ്ട് ചിരിയോടെ ജയകൃഷ്ണൻ അവളുടെ തോളിൽ തട്ടി.

“ഹേയ്… ഒന്നുമില്ല… പിന്നെ… അതൊന്നും ശരിയാകില്ല ഏട്ടാ.

കേൾക്കാൻ കൊതിച്ചതായിരുന്നിട്ടു കൂടിയും തൊണ്ടയിൽ വാക്കുകൾ വിക്കി.

“ഇപ്പോ എന്നോടുള്ള സഹതാപം കൊണ്ടാകും ഏട്ടന് ഇങ്ങനെയൊക്കെ തോന്നുന്നത്. കുറെ കഴിയുമ്പോ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നും. പിന്നേം എന്റെ ജീവിതം പിഞ്ഞിപ്പറിഞ്ഞു പോകും. പിന്നീട് ഒരിക്കലും എനിക്കതു തുന്നിക്കൂട്ടിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല.

“എന്നേക്കാൾ യോഗ്യതയുള്ള, ഏട്ടന് ചേർച്ചയുള്ള ഒരു കുട്ടിയെ കണ്ടെത്താൻ ശ്രമിക്കൂ. അതല്ലേ നല്ലത്”

“എന്റെ മനസ്സിൽ തനിക്കിപ്പോ വലിയൊരു സ്ഥാനമുണ്ട് . അതെന്താന്ന് ചോദിച്ചാൽ അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തു പാകപ്പെട്ടൊരു മനസ്സ് തനിക്കുണ്ട്. അങ്ങനെയൊരാൾക്കേ എന്നെ മനസ്സിലാക്കാൻ കഴിയൂ എന്നൊരു തോന്നൽ.

മോൾക്ക്‌ വേണ്ടി ഇത്രയുമൊക്കെ അനുഭവിച്ചു എന്നറിഞ്ഞപ്പോ തന്നിലെ അമ്മയോട് വല്ലാത്ത ബഹുമാനമായിരുന്നു.. പിന്നെയത് സ്നേഹമായി… ഇപ്പോ വല്ലാത്തൊരു ഇഷ്ടവും

അവന്റെ മിഴികൾ ആർദ്രമാകുന്നത് സന്ധ്യയറിഞ്ഞു.

ദീപു പറഞ്ഞില്ലേ നമ്മുടെ അയല്പക്കത്തെ പുതിയ താമസക്കാരിയെക്കുറിച്ച്..?

ഉം….

നിന്ദയോടെയുള്ള ആ ചിരിയും ചോദ്യവും കേട്ട് സന്ധ്യയൊന്നു മൂളി.

“അവർ അമ്മ എന്ന പേരിനു പോലും അർഹയല്ല. അച്ഛൻ അത്ര നല്ലവനൊന്നും ആയിരുന്നില്ല. അയാൾക്ക് പണത്തിനോടായിരുന്നു ആർത്തി. അതിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരാൾ.

അവർക്ക്‌ പരസ്പരം സ്നേഹിക്കാനോ, മനസ്സുകൾ തമ്മിൽ ഉൾക്കൊള്ളാനോ കഴിഞ്ഞില്ലായിരിക്കും. എന്നിരുന്നാലും രണ്ടു മക്കൾക്ക് ജന്മം കൊടുത്തു പോയല്ലോ എന്നോർത്ത് കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു.

പക്ഷേ അവരത് ചെയ്തില്ല. അമ്മ അവരുടെ സന്തോഷങ്ങൾ സ്വയം കണ്ടെത്തി.അച്ഛൻ അച്ഛന്റേതും.

ഡിവോഴ്സ് കഴിഞ്ഞു ഞങ്ങളെ പങ്കു വെച്ച് രണ്ടു പേരും അവരുടെ സന്തോഷങ്ങളിലേക്കു കൂടുമാറി.

ജീവനോടെ പൊള്ളിപ്പിടഞ്ഞത് ഞാനും ദീപുവുമായിരുന്നു.

അച്ഛന്റെ കൂടെ നിൽക്കുമ്പോഴും ദീപുവിനെ ഓർത്തായിരുന്നു എനിക്ക് ഭയം. കാരണം അമ്മയെ തേടി വരുന്നവർ അവരിൽ സുഖം തീരാഞ്ഞിട്ട് ദീപുവിനെ ഉപദ്രവിക്കുമോ എന്ന പേടി.

അവളെ രക്ഷിക്കാൻ യാതൊരു മാർഗവും കണ്ടെത്താനാകാത്ത നിസ്സഹായത.

അന്ന് വെറുമൊരു ഹൈ സ്കൂളുകാരനായിരുന്നു എന്നിട്ടു കൂടിയും
വല്ലാതെ ഭ്രാന്ത്‌ പിടിച്ചു പോയി ഞാൻ. അമ്മയോടും രവിയങ്കിളിനോടും എനിക്ക് തീർത്താൽ തീരാത്ത വെറുപ്പായി. കൊല്ലണം എന്ന് വരെ തോന്നിയിട്ടുണ്ട്. ഒരിക്കൽ ഞാനവരുടെ വീട്ടിൽ കയറിച്ചെന്ന് ബഹളമുണ്ടാക്കി. അയാളോട് ആ വീട്ടിൽ നിന്നിറങ്ങി പോകാൻ പറഞ്ഞു. പക്ഷേ അമ്മയെന്ന ആ സ്ത്രീ എന്നെ പട്ടിയെപ്പോലെ ചീത്ത പറഞ്ഞോടിച്ചു.

അമ്മയാണത്രേ അമ്മ… പത്തുമാസം ചുമന്ന് നൊന്തുപെറ്റ അമ്മ… ത്..ഫൂ…

ജയകൃഷ്ണൻ അടക്കി നിർത്താനാകാത്ത ദേഷ്യത്തോടെ കാർക്കിച്ചു തുപ്പി.

“ഏട്ടാ… എന്തായിത്. അതൊക്കെ കഴിഞ്ഞു പോയില്ലേ. പിന്നെയെന്തിനാ ഇങ്ങനെ ഇമോഷണലാകുന്നെ..?

സന്ധ്യ അവന്റെ കൈകളിൽ മെല്ലെ തൊട്ടു.

“കാലങ്ങൾ എത്ര കഴിഞ്ഞാലും അവരെക്കുറിച്ച് പറഞ്ഞാൽ ഞാൻ ഇങ്ങനെതന്നെയാകും സന്ധ്യേ. അത്രക്കും വെറുത്തു പോയി ഞാനവരെ.

കൂട്ടുകാർക്കു മുന്നിൽ എത്രയോവട്ടം തല കുനിക്കേണ്ടി വന്നിട്ടുണ്ട് എന്നറിയോ. അവരുടെ മുന്നിൽ ഞാനൊരു കോമാളിയായിരുന്നു.അവർക്ക് കുത്തി നോവിക്കാനും , പറഞ്ഞു രസിക്കാനുമുതകുന്നൊരു ജീവിതം സ്വന്തമായുള്ളവൻ.

റെയ്‌ഡിൽ അവർ പോലീസിന്റെ പിടിയിലായി എന്നറിഞ്ഞപ്പോ ഞാൻ അച്ഛന്റെ കാല് പിടിച്ചു.ദീപുവിന് വേണ്ടി.

എന്തോ അച്ഛനത് സമ്മതിച്ചു. പക്ഷേ അതൊരിക്കലും നല്ല മനസ്സോടെയൊന്നുമായിരുന്നില്ല.അതിന്റെ പേരിൽ ഒരുപാട് വഴക്കിടേണ്ടി വന്നു എനിക്ക്.

ഏതൊരു മാതാപിതാക്കൾക്ക് കഴിയും സ്വന്തം മക്കളുടെ ജീവിതമിങ്ങനെ തല്ലി തകർക്കാൻ.

ആ വാക്കുകൾക്കിടയിൽ അവൾക്ക് നേരെ ഉതിർത്തിട്ട വിളറിപ്പോയൊരു ചിരി കണ്ടു സന്ധ്യ… അവളുടെ മനസ്സും അറിയാതെ തേങ്ങിപ്പോയി

അവൾ അച്ഛനൊപ്പം വന്നപ്പോൾ ഞാൻ ബാംഗ്ലൂർക്ക് പോയി.

അതിനു മറ്റൊരു കാരണവും കൂടിയുണ്ടായി. ചെറിയമ്മ എന്നോട് കാണിക്കുന്ന സ്നേഹവാത്സല്യങ്ങൾക്ക്‌ അച്ഛൻ നല്ലൊരു പേരിട്ടു. അവിഹിതം..

ഹഹഹ… സ്വന്തം മകനോട് അന്യയായ ഒരു സ്ത്രീ കാണിക്കുന്ന സ്നേഹം അതല്ലാതെ മറ്റെന്താ അല്ലേ…?

സന്ധ്യക്ക് ബോറടിക്കുന്നോ ഇതൊക്കെ കേട്ടിട്ട്..?

ഇല്ലേട്ടാ… ഏട്ടൻ പറയൂ..

അവരോരു പാവം സ്ത്രീയായിരുന്നു. ഇതിന്റെ പേരിൽ അവർ അടി വാങ്ങിക്കൂട്ടുന്ന കണ്ടപ്പോൾ സഹിച്ചില്ല. അച്ഛനെന്ന ചെറ്റയുടെ മുഖത്തു കാർക്കിച്ചു തുപ്പി ഞാനാ പടിയിറങ്ങി.

ഒരമ്മയുടെ സ്നേഹം ഞാനറിഞ്ഞത് അവരിൽ നിന്നാ.. പക്ഷേ അതും എനിക്ക് നഷ്ടപ്പെടുത്തി അച്ഛനെന്ന വൃത്തികെട്ട മനുഷ്യൻ…

പിന്നെയൊരു ആഘോഷമായിരുന്നു ജീവിതം കൊണ്ട്. കുടിച്ചു ബോധമില്ലാതെ അലഞ്ഞു നടന്നു ഞാൻ.

എന്റെയൊരു കൂട്ടുകാരനാ ആ അവസ്ഥയിൽ നിന്നെന്നെ രക്ഷിച്ചു ബാംഗ്ലൂർക്ക് കൊണ്ടു പോയത്. അവിടെ നല്ലൊരു ജോലിയും വാങ്ങിത്തന്നു. എന്നിട്ടും ഞാൻ നന്നായില്ല.. ഇടക്കൊക്കെ ഓർമ്മകളുടെ കയ്പ്പുനീര് തേട്ടി വരുമ്പോൾ ഞാൻ ബാറിലേക്കോടും. എല്ലാം മറക്കാൻ.വല്ലപ്പോഴും ദീപുവിനെ വിളിക്കും.. നടുമായുള്ള എല്ലാ റിലേഷനും അവസാനിപ്പിച്ചു ഞാൻ.

ആയിടെ അച്ഛൻ ദീപുവിന്റെ കല്യാണം നടത്തി.

അവൾ രക്ഷപെട്ടു എന്ന സമാധാനമായിരുന്നു എനിക്ക്. പക്ഷേ എരി തീയിൽ നിന്ന് വീണ്ടും എരി തീയിലേക്ക് എടുത്തെറിയപ്പെട്ടവളായി എന്റെ ദീപു…

അയാൾ വേദനയോടെ മുഖം കൈകളിൽ താങ്ങി വിങ്ങിപ്പൊട്ടി

ആ കരച്ചിൽ കണ്ട് എന്തു ചെയ്യണമെന്നറിയാതെ സന്ധ്യ വിറങ്ങലിച്ചു നിന്നു പോയി.

ആണിനും നെഞ്ചു പൊട്ടി കരയാനാകും എന്ന സത്യത്തെ മുന്നിൽ കണ്ടറിയുകയായിരുന്നു അവൾ.

തുടരും..