20/04/2026

കൊട്ടും കുരവയും നിറപറയും ഏഴ് തിരിയിട്ട നിലവിളക്കിനെയും സാക്ഷിയാക്കി തന്റെ പ്രണയം തന്റെ കഴുത്തിൽ താലി ചാർത്തി…

രചന – ആതിര സദാശിവൻ

മുറിവേറ്റവൾ

കൊട്ടും കുരവയും നിറപറയും ഏഴ് തിരിയിട്ട നിലവിളക്കിനെയും സാക്ഷിയാക്കി തന്റെ പ്രണയം തന്റെ കഴുത്തിൽ താലി ചാർത്തി… നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിന്റെ സാക്ഷാൽക്കാരം സന്തോഷത്തിൽ മതിമറന്ന ദിവസം.. എന്നാൽ തന്റെ ജീവിതത്തിലെ അവസാന സന്തോഷം ആയിരുന്നു എന്നവൾ അറിഞ്ഞിരുന്നില്ല…. തന്റെ വലതുകരം നല്ല പാതിയുടെ കൈയിൽ പിടിച്ചു അച്ഛൻ ഏൽപ്പിക്കുമ്പോൾ ഒരുതരം വാശിയായിരുന്നു അവളിൽ നിറഞ്ഞത്.. ഒടുവിൽ തന്റെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരത്ത് കണ്ണുകൾ നിറഞ്ഞൊഴുകിയത് എന്തിനെന്ന് തനിക്ക് ഇപ്പോഴും ഓർമ്മയില്ല.തൻ്റെ നല്ലപാതിയുടെ വീട്ടിലേക്ക് ഏഴുതിരിയിട്ട നിലവിളക്കുമേന്തി വലതുക്കാൽ വച്ചു കയറിയപ്പോൾ എന്തെന്നറിയാത്ത ഒരു വികാരം അവളിൽ വന്നു നിറഞ്ഞതും എന്തിനാണെന്ന് ഒരു ചോദ്യചിഹ്നമായിരുന്നു..

പുതുപ്പെണ്ണിനെ കാണാൻ ബന്ധുക്കളും അയൽക്കാരും തിരക്കുകൂട്ടി വന്നപ്പോഴും തൻ്റെ അച്ഛൻ്റെ അധ്വാനഫലം ആയി തൻ്റെ ശരീരത്തിൽ കിടക്കുന്ന സ്വർണ്ണത്തിൻ്റെ തൂക്കം കണ്ണുകളാൽ അളന്നപ്പോഴും അന്നാദ്യമായി തൻ്റെ തൊണ്ടയിൽ ഗദ്ഗദം നിറഞ്ഞതവൾ അറിഞ്ഞു. ആളും ആരവവും ഒഴിഞ്ഞപ്പോഴും ഏകാന്തതയിൽ മുഴുകിയപ്പോഴും അന്നാദ്യമായി അവളുടെ മനസ്സിൽ മുറിവേറ്റു. അച്ഛനും അമ്മയും അനിയനും അടങ്ങിയ സന്തോഷകരമായ തൻ്റെ സ്വർഗ്ഗതുല്യമായ വീടവൾക്കോർമ്മ വന്നു… അന്നാദ്യമായി തൻ്റെ മാതാപിതാക്കളെയോർത്ത് അവളുടെ കണ്ണുനിറഞ്ഞു. ഏകാന്തതയ്ക്കവസാനമായി തീർത്തും പരമ്പരാഗത രീതിയിൽ ഒരു പാൽഗ്ലാസ്സുമായി തൻ്റെ പ്രിയതമൻ്റെ മുറിയിലെത്തിയപ്പോൾ കല്യാണത്തിരക്കിൻ്റെയും യാത്രയുടെയും ക്ഷീണം വല്ലാതെ അവളെ തളർത്തിയിരുന്നു. മുറിയാകെ ഒന്നവൾ കണ്ണോടിച്ചു. തൻ്റെ പ്രാണനെ ഒരു നോക്കു കാണുവാൻ എന്നാൽ നിരാശയായിരുന്നു ഫലം…

രണ്ടു മൂന്നു ദിവസത്തെ ഉറക്കക്ഷീണവും വീഡിയോയ്ക്കും ഫോട്ടോയ്ക്കും ക്യാമറാമാൻ പറഞ്ഞതനുസരിച്ച് ചാഞ്ഞും ചരിഞ്ഞും നിന്നുകൊടുത്തതിൻ്റെയും നീണ്ട യാത്രയുടെ ക്ഷീണത്താലും തൻ്റെ കണ്ണുകൾ അടയുന്നുണ്ടായിരുന്നു…. അവൾ തൻ്റെ പ്രിയനേയും പ്രതീക്ഷിച്ച് കട്ടിലിൽ ചാരിയിരുന്നു… അറിയാതെ തൻ്റെ കണ്ണുകളടഞ്ഞു തുടങ്ങിയ നേരാത്താണ് ശരീരത്തിലൂടെ എന്തോ ഇഴയുന്നതായി തോന്നിയതും അവൾ ചാടി എഴുന്നേറ്റു. എന്താ സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയുന്നതിനു മുന്നേ തന്നെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അയാൾ. തന്നിൽ നിന്നും വേർപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അവൾക്ക് മനസ്സിലായിരുന്നു അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടെന്നു . ഒരുപ്പാടു എതിർത്തു നിന്നെങ്കിലും അവസാനം അയാൾ കീഴ്പ്പെടുത്തുമ്പോൾ അന്നാദ്യമായി അവളുടെ ഹൃദയത്തിന് മുറിവേറ്റതവൾ അറിഞ്ഞു. ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളുമായി കയറി വന്ന മുറിയിൽ നിർവികാരയായി കിടക്കുമ്പോൾ അവൾക്ക് സ്വയം പുച്ഛം തോന്നി… തുടർന്നു ഓരോ ദിവസം കഴിയുന്തോറും അവൾ തിരിച്ചറിയുകയായിരുന്നു അഞ്ചു വർഷം പ്രണയിച്ച് വിവാഹം ചെയ്ത പ്രിയൻ്റെ യഥാർത്ഥ സ്വഭാവം.

എന്നും മദ്യപാനവും അനാവശ്യമായ കൂട്ടുക്കെട്ടിൽ ചെന്നു ചാടിയുള്ള വഴി തെറ്റിയ പോക്കുമെല്ലാം അവളെ നന്നായി വേദനിപ്പിച്ചു. എന്നാലും ഇന്നല്ലെങ്കിൽ നാളെ ശരിയാകും എന്ന പ്രതീക്ഷയിൽ അവൾ ഓരോ ദിവസവും തള്ളി നീക്കി… നിരന്തമായ വഴക്കിനും ദേഹോപദ്രവത്തിനും പുറമേ ഭർത്താവിൻ്റെ അമ്മയുടെയും അച്ഛൻ്റെയും പെങ്ങളുടെയും കുത്തുവാക്കുകളും അവളെ നന്നായി വേദനിപ്പിക്കുന്നുണ്ടെങ്കിലും ഭർത്താവ് എന്നെങ്കിലും തന്നെ തിരിച്ചറിയും എന്ന വിശ്വാസത്തിൽ അവൾ മുന്നോട്ടു നീങ്ങി… എന്നാൽ നിരാശ മാത്രമായിരുന്നു ഫലം… തൻ്റെ അച്ഛനും അനിയനും ഫോൺ വിളിച്ചാൽപ്പോലും അതിലും അവിഹിതം കണ്ടെത്തി തൻ്റെ മകൻ്റെ മുന്നിൽ അവതരിപ്പിക്കുന്ന ആ അച്ഛനോടും അമ്മയോടും തീർത്തും പുച്ഛം മാത്രമായിരുന്നവൾക്ക്…

എന്നാലും തൻ്റെ പാതിയിൽ അവൾ അവസാന പ്രതീക്ഷ നൽകി.എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി അവർ പറഞ്ഞതെല്ലാം വിശ്വസിച്ച് അറപ്പുളവാക്കുന്ന വാക്കുകളാൽ തൻ്റെ പ്രിയൻ മോശമായി പെരുമാറിയപ്പോൾ രണ്ടാമതും അവളുടെ ഹൃദയത്തിനു മുറിവേറ്റു.. തുടർന്നു ഒരു പുരുഷനും തൻ്റെ ഭാര്യയോടു സംസാരിക്കാൻ പാടില്ലാത്ത വാക്കുകൾ പറഞ്ഞു വേശ്യ എന്ന് വിളിച്ചപ്പോൾ വീണ്ടും മുറിവേറ്റത് അവളുടെ ഹൃദയത്തിനു തന്നെയായിരുന്നു. ഇനിയും മുറിവേറ്റു ബാക്കിയാവാൻ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായതിനാൽ അന്നാ വീടുവിട്ടവൾ ഇറങ്ങിയപ്പോൾ മനസ്സിലൊന്ന് തീരുമാനിച്ചിരുന്നു. ഇനിയും മുറിവേറ്റു തളരാതെ തന്നെ അടിച്ചേൽപ്പിച്ചവരുടെ മുന്നിൽ തലയുയർത്തി തന്നെ ജീവിച്ചു കാണിക്കുമെന്നും ധൈര്യത്തോടെ മുന്നേറുമെന്നും ചെറുപുഞ്ചിരിയുമായി………