രചന – രോഹിത വിജേഷ്
ഒരു സ്വയംവര പുഷ്പാഞ്ജലി ഇന്ദു ചിത്തിര നക്ഷത്രം…” “ആഹാ ആരിത് ജാനകിയേടത്തിയോ?? സുലോചന…ജാനകിയുടെ അകന്ന ബന്ധു കൂടിയാണ്.. പുഷ്പാഞ്ജലിയുടെ ശീട്ടു വാങ്ങി കയ്യിൽ വെച്ചോണ്ട് ജാനകി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. “ഇത് വരെ ശരിയായില്ലേ ഏടത്തി ഇന്ദുകുട്ടീടെ കല്യാണൊന്നും….. ” എല്ലാമറിഞ്ഞിട്ടും സുലോചന തന്നെ വേദനിപ്പിക്കാൻ വേണ്ടി പിന്നെയും ആ ചോദ്യം ചോദിക്കുകയാണെന്നു അവർക്ക് മനസ്സിലായി.. “ഇതിപ്പോ പെണ്ണിന് 27 ആയില്ലേ? അതേയതെ….ന്റെ നിഷടെ ഒപ്പല്ലേ അവൾക്കും.. ഓരോരോ യോഗം ന്നല്ലാണ്ട് ന്താപ്പോ പറയാ ഏടത്തി…. നിങ്ങള് വിഷമിക്കണ്ട.. ഒക്കെ ശരിയാവും.. ഞാൻ നടക്കട്ടെ.. വീട്ടില് നിഷേം ഉണ്ണിം വന്നിട്ടുണ്ടെ… അവൾക്ക് രണ്ടാമതും വിശേഷണ്ടത്രേ … ഒന്നര മാസം… ” സുലോചന ചിരിച്ചു കൊണ്ട് തിരിച്ചു നടന്നു.. ഇന്ദു അപ്പോൾ സ്കൂട്ടി ഒതുക്കി നിർത്തുകയായിരുന്നു… “ആ ഇന്ദുട്ടി എപ്പോഴെങ്കിലും അങ്ങോട്ടേക്കിറങ്… നിഷ വന്നിട്ടുണ്ട് ട്ടോ.. ” “അതിനെന്ത അമ്മായി വരാലോ….” ഇന്ദു നടക്കലെത്തിയതും ജാനകി കണ്ണ് തുടച്ചു… “എന്റെ അമ്മക്കുട്ടി, അമ്മായിയെ കണ്ടപ്പോഴേ ഞാനൂഹിച്ചു…
ഇവിടെ കണ്ണീര് തുടങ്ങിട്ടുണ്ടാവും ന്ന്… അവർക്കറിയില്ലല്ലോ ഞാൻ പോയ ന്റെ പാവം അമ്മക്കും അച്ഛനും വേറെ ആരും ല്യാന്ന്?? അതൊണ്ടല്ലേ ദേവി ഇങ്ങനൊരു ദോഷം ജാതകത്തില് തന്നെ… പറയുന്നൊരു പറയട്ടെ..നിക്കതില് ഒരു സങ്കോടല്യ… ന്റെ അമ്മ വിഷമിക്കാണ്ടിരുന്ന മതി”.. “മോളെ!!!! അമ്മയെങ്ങനാ സങ്കടപെടാണ്ടിരിക്കാ… നിന്റെ പ്രായത്തിലുള്ളൊരുടെ ഒക്കെ കല്യാണോം കഴിഞ്ഞു കുട്ട്യോളായി.. ന്റെ കുട്ടിക്ക് മാത്രം ഇങ്ങനെ ഒരു വിധി കൊടുത്തൂലോ ദേവി….” “അമ്മേ… കണ്ണ് തുടക്കു.. ആരേലും കാണും.. ഇതാ ഞാൻ അമ്മേടെ കൂടെ വരാത്തെ.. ഇവിടെ ചിണുങ്ങി നിന്നാലേ സ്കൂളിലെത്താൻ വൈകും..അല്ലെങ്കിലെ ടെംപററി പോസ്റ്റാ.. വൈകി പോയി ഉള്ള ജോലി കൂടി കളയാൻ നിക്ക് വയ്യ.. ” അമ്മയെ വീട്ടിലാക്കി അവൾ സ്കൂട്ടിയുമെടുത്ത് സ്കൂളിലേക്ക് പുറപ്പെട്ടു.. പാവം അമ്മേം അച്ഛനും, തന്നെ ഓർത്തു തീ തിന്നാനെ അവർക്കെന്നും നേരമുള്ളു.. തന്റെ ജാതകത്തിൽ വൈധവ്യ ദോഷമുണ്ടെന്നു അറിഞ്ഞത് മുതൽ അമ്മ കയറിയിറങ്ങാത്ത അമ്പലങ്ങളില്ല.. നേരാത്ത വഴിപാടുകളില്ല… പക്ഷെ എന്ത് പ്രയോജനം ജ്യാത്യാലുള്ളത് തൂത്താൽ പോവില്ലല്ലോ.. ആദ്യമൊക്കെ ഒരുപാടാലോചനകൾ വന്നിരുന്നു.. വൈധവ്യ ദോഷമുണ്ടെന്നു അറിയുമ്പോഴേ എല്ലാരും കൈ മലർത്തും..
അത് ഒളിച്ചു വെച്ചോണ്ട് ഒരു ജീവിതം തുടങ്ങാൻ താനോ തന്റെ വീട്ടുകാരോ ഒരുക്കവുമല്ലായിരുന്നു… ഇപ്പൊ ആലോചനകളൊന്നും വരാറില്ല.. തന്നെ മനസ്സിലാക്കുന്ന ഒരാളെയും കണ്ടെത്താനും കഴിഞ്ഞില്ല.. താനും ഈ ജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.. എങ്കിലും നാട്ടുകാരുടെ സഹതാപവാക്കുകളും ബന്ധുക്കളുടെ കുത്തുവാക്കുകളും അമ്മയുടെ കണ്ണീരും കാണുമ്പോൾ താനും ചില സമയങ്ങളിൽ വെറുമൊരു പെണ്ണായി മാറാറുണ്ട്.. തന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും കുഴിച്ചു മൂടാൻ വിധിച്ച ദൈവത്തെ ശപിക്കുന്ന പെണ്ണ്.. … സ്കൂളിലെത്താനുള്ള വളവ് തിരിഞ്ഞതും, എതിരെ വന്ന ബൈക്കിൽ വണ്ടിയിടിച്ചതും ഒന്നിച്ചായിരുന്നു.. അവൾ സ്കൂട്ടിയോടൊപ്പം ചെരിഞ്ഞു വീണു…. ഭാഗ്യത്തിന് വലിയ അപകടമൊന്നും പറ്റിയില്ല.. കാലൊന്നു ചിരകി പൊളിഞ്ഞു ന്നു തോന്നുന്നു.. നല്ല വേദന .. അവൾ മെല്ലെ എണീറ്റു.. “സോറി സർ” “നീയൊക്കെ എന്ത് മനോരാജ്യം കണ്ടോണ്ടാടി വണ്ടിയോടിക്കുന്നെ?? ബാക്കിയുള്ളോർക്ക് പണിയുണ്ടാക്കാൻ… രാവിലെ തന്നെ ഇറങ്ങിക്കോളും ഓരോന്ന്.. അറിയാൻ മേലെങ്കി ഓടിക്കാതിരുന്നൂടെ ടി പുല്ലേ?? ”
“ഹലോ മിസ്റ്റർ, കുറച്ചു കൂടി മാന്യമായി സംസാരിക്കണം.. എടി പോടീ ന്നൊക്കെ വിളിക്കാൻ ഇയാളുടെ മടിയിലിട്ടിട്ടല്ലല്ലോ എനിക്ക് പേരിട്ടത്… പിന്നെ അറിയാതെ ഒന്ന് മുട്ടി,പക്ഷെ വീണതും ഞാനാ ,കുഴപ്പം പറ്റിയതും എന്റെ വണ്ടിക്കാ.. പിന്നേം ഇയാള് കിടന്നു ചൂടാവുന്നതെന്തിനാ ??” “അത് ശരി, നീയാള് കൊള്ളാലോടി …. തട്ടിയതും പോരാ ന്യായം പറയുന്നോ?? അഹങ്കാരി!!! ട്ടേണിംഗ് ചെയ്യുമ്പോ ഹോൺ അടിക്കണം ന്നു അറിയില്ലെടി …അല്ലെങ്കി എതിരെ വരുന്ന വണ്ടിടെ ഹോൺ ശ്രദ്ധിക്കണം, ചെവി പൊട്ടി പോയിട്ടൊന്നും ഇല്ലല്ലോ… നിനക്കൊക്കെ ആരാടി ലൈസെൻസ് തന്നെ?? അതോ അതില്ലെ??” … “താൻ പോടോ, സ്ത്രീകളോട് മാന്യമായി സംസാരിക്കാൻ അറിയാത്ത വൃത്തികെട്ടവൻ” …. “ടി… കോപ്പേ, ഞാൻ വല്ലോം പറഞ്ഞ ഏറും…” “എന്താ….. എന്താ ടീച്ചറെ പ്രശ്നം” സ്കൂളിലെ പ്യൂൺ രാമേട്ടനായിരുന്നു അത്….. “വണ്ടി വീണോ?”.. “അതെ, ഒന്ന് വീണു രാമേട്ടാ!! ഒന്ന് നിവർത്തി വെച്ച് തരോ??” “അതിനെന്താ കുഞ്ഞേ” “അല്ല, അനിക്കുട്ടനോ?? എപ്പോ നാട്ടിലെത്തി ?” “ഇന്നലെ എത്തി രാമേട്ട” അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് അവളെ നോക്കി പറഞ്ഞു
“പിള്ളേരെ പഠിപ്പിക്കാൻ പറ്റിയ സാധനം”… അവളവനെ രൂക്ഷമായൊന്നു നോക്കി മനസ്സിലോർത്തു, ഓ !!ഗൾഫ്കാരന്റെ ജാഡ.. “ഗൾഫിൽ നിന്ന് വന്നു ന്നു വിചാരിച്ച ഇത്രേം അഹങ്കാരം പാടുണ്ടോ രാമേട്ട?” ” ഗൾഫോ? എന്താ കുട്ടി പറയണേ, അവൻ മിലിട്ടറിയിലാ… നമ്മടെ വാര്യര് മാഷ്ടെ മോനാ.. നല്ല സ്വഭാവാ.. ഒരു പാവം” “പട്ടാളക്കാരെ പറയിപ്പിക്കാൻ …. പാവം പോലും പാവം ഹും”… അവൾ പതുക്കെ പറഞ്ഞു… സ്കൂട്ടിയുമെടുത്തു സ്കൂളിലേക്ക് പോയി.. അന്നത്തെ ദിവസം മുഴുവനും അവനോടുള്ള വെറുപ്പുമായി കടന്നു പോയി.. പിന്നീടങ്ങോട്ട് അവൾ പോവുന്ന വഴികളിലെല്ലാം അവനുണ്ടായിരുന്നത് പോലെ തോന്നി അവൾക്ക്. അവനും അങ്ങനെ തന്നെയായിരുന്നു.. കല്യാണ വീടുകളിലും അമ്പലങ്ങളിലും കാവിലെ ഉത്സവത്തിനുമൊക്കെ അവർ പരസ്പരം കണ്ടു കൊണ്ടേയിരുന്നു.. ഓരോ തവണ കാണുമ്പോഴും അവൻ അവളെ കളിയാക്കി കൊണ്ടേയിരുന്നു.. അവൾ തിരിച്ചും… പരസ്പരം കൊണ്ടും കൊടുത്തും അവർ തമ്മിൽ എന്തോ ഒരു ബന്ധം , പേരറിയാത്ത എന്തോ ഒരു ബന്ധം ഉടലെടുക്കുകയാണെന്നു അവൾക്കു തോന്നി…
അവൾ തന്റെ മനസ്സിന്റെ ,ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്നത് പോലെ അവനും അനുഭവപ്പെട്ടു.. പ്രണയത്തിന്റെ തീനാളങ്ങൾ അവരുടെ ഹൃദയങ്ങളെ കീഴ്പെടുത്തുന്നത് അവർ പരസ്പരം തിരിച്ചറിയുകയായിരുന്നു… ആ തിരിച്ചറിവ് അവളുടെ മനസ്സിൽ വലിയൊരു തിരയിളക്കം തന്നെ സൃഷ്ട്ടിച്ചു..തനിക്കൊരിക്കലും അറിഞ്ഞു കൊണ്ട് ഒരാളുടെയും വധുവാകാൻ സാധിക്കുകയില്ല.. പിന്നെ താനെങ്ങനെ പ്രണയിക്കും?? ഇല്ല, ഇനി അദ്ദേഹത്തെ കാണുമ്പോൾ മുഖം തിരിച്ചു നടക്കണം.. അവൾ മനസ്സ് കൊണ്ടാണയിട്ടു.. അനിലിന് സ്വസ്ഥത നഷ്ടപ്പെട്ടിട്ടു കുറച്ചു ദിവസമായി.. ഇത് വരെ സംസാരിച്ചിരുന്ന അവളിപ്പോൾ പെട്ടെന്ന് നിശബ്ദ്ധയായി.. തന്നെ മനഃപൂർവം ഒഴിവാക്കുകയാണെന്നു അവനു ബോധ്യമായി.. അവളുടെ മൗനം തന്നെ ഭ്രാന്തു പിടിപ്പിക്കുകയാണെന്നു അവൻ തിരിച്ചറിഞ്ഞു.. ഇനിയും ഈ പ്രണയാഗ്നിയിൽ വെന്തുരുകാൻ തനിക്കാവില്ല.. ഓരോ തവണ ലീവിന് വരുമ്പോഴും കൂട്ടുകാരോടൊത്തു അടിച്ചു പൊളിച്ചു കുറെ നല്ല ഓർമകളുമായി തിരികെ പോവാറാണ് പതിവ്. പക്ഷെ ഇത്തവണ അവൾ മാത്രമാണ് മനസ്സിൽ.. ഇനി പറയാതെ വയ്യ.. അമ്പലത്തിലെ ആൽമരച്ചുവട്ടിൽ അവൾക്കായി കാത്തിരുന്നു..
അവിടുത്തെ കാറ്റിനു പോലും തന്റെ ഉള്ളിലെ ഉഷ്ണത്തെ കെട്ടടക്കാൻ കഴിയുന്നില്ലെന്ന് അവനറിഞ്ഞു.. ഇന്ദു വണ്ടിയൊതുക്കി നിർത്തുന്നത് കണ്ടപ്പോൾ അവനടുത്തേക്ക് നടന്നെത്തി.. അനിലിനെ കണ്ട മാത്രയിൽ ഇന്ദു വണ്ടി തിരിക്കാൻ ആഞ്ഞു.. പക്ഷെ, അവനവളുടെ കൈകളിൽ പിടിത്തമിട്ടിരുന്നു… ” എന്താ ഈ കാണിക്കണെ? ആരെങ്കിലും കണ്ടാൽ? കൈ എടുക്കൂ ട്ടോ…?” “കൈ എടുക്കാം, ആദ്യം താൻ പറയണം എന്നെ കാണുമ്പോ താൻ ഇങ്ങനെ ഒഴിഞ്ഞു മാറുന്നതെന്തിനാണെന്ന്?? തന്റെ ഈ മൗനം അതെനിക്ക് താങ്ങാനാവുന്നില്ല…” “എന്തൊക്കെയാ ഈ പറയുന്നെ, എനിക്കൊന്നും മനസ്സിലാവുന്നില്ല”…. “നിനക്കെല്ലാം മനസ്സിലാവുന്നുണ്ട്.. നിന്റെ കണ്ണുകളിലുണ്ട് ,എന്റെ കണ്ണുകളിലുള്ള അതെ അഗ്നി… അല്ലെങ്കിൽ നിന്റെ കയ്യിൽ ഞാൻ പിടിച്ച ആ നിമിഷം എന്റെ മുഖത്തൊരടി വീഴേണ്ടതാണ്…. എന്ത് കൊണ്ട് ചെയ്തില്ല, ഞാൻ നിന്നെ പ്രണയിക്കുന്നത് പോലെ നീ എന്നെയും……” അവളവനെ മുഴുമിപ്പിക്കാൻ അനുവദിച്ചില്ല..
” അനിയേട്ടാ അരുത്… അങ്ങനെയൊന്നും സ്വപ്നത്തിൽ പോലും ചിന്തിക്കാൻ അവകാശമില്ലാത്തവളാണ് ഞാൻ.. ഭാഗ്യം കെട്ടവൾ.. ശരിയാണ്… അനിയേട്ടനെ എനിക്കിഷ്ടമാണ്… ഒരുപാട്… ഇത് വരെ ആരോടും തോന്നത്തൊരിഷ്ട്ടം.. ഞാനും പെണ്ണല്ലേ, എത്ര വേണ്ടെന്നു പറഞ്ഞിട്ടും മനസ്സ് കേട്ടില്ല.. സ്നേഹിച്ചു പോയി.. പക്ഷെ പാടില്ല.. ഞാൻ അനിയേട്ടനെ അത്രക്കും സ്നേഹിക്കുന്നത് കൊണ്ടാണ് ഇപ്പൊ ഒഴിഞ്ഞു മാറുന്നത്.. എനിക്ക് മംഗല്യയോഗമില്ല അനിയേട്ടാ…. ഞാൻ കാരണം എന്റെ അനിയേട്ടന് എന്തേലും പറ്റിയാൽ പിന്നെ ഞാൻ!!!! അവൾക്കു തൊണ്ടയിടറി… അവൻ തിരിഞ്ഞു നടന്നു.. എല്ലാം അവസാനിച്ചെന്ന് അവൾക്കു തോന്നി.. സ്നേഹിച്ച പുരുഷനെ വേണ്ടെന്നു വെക്കാൻ എളുപ്പമല്ലെന്നും, തന്റെ മനസ്സ് വെന്തുരുകുകയാണെന്നും അവൾക്ക് തോന്നി.. ആൽ തറയിലിരുന്നു ഒത്തിരി കരഞ്ഞു.. മനസ്സൊന്നു ശാന്തമായപ്പോൾ ദേവിയെ വണങ്ങാനായി നടയിലെത്തി.. കണ്ണുകളടച്ചു തൊഴുതു നിന്നപ്പോൾ തന്റെ കഴുത്തിലെന്തോ വീണത് പോലെ തോന്നി അവൾക്ക്.. മെല്ലെ കണ്ണ് തുറന്നപ്പോൾ മുന്നിൽ അനിയേട്ടൻ… തന്റെ കഴുത്തിൽ അനിയേട്ടൻ താലി ചാർത്തിയിരിക്കുന്നു…
അവൾ ഞെട്ടി പുറകോട്ടു മാറി ” എന്ത് അവിവേകമാ അനിയേട്ടൻ ഈ കാണിച്ചേ?? ദേവി!! “… “നിനക്കെന്നെ ഇഷ്ടമാണോ എന്നെ എനിക്കറിയേണ്ടിയിരുന്നുള്ളു.. ഞാനൊരു പട്ടാളക്കാരനാ, ഏതു നിമിഷവും മരണം മുന്നിൽ കാണുന്നവൻ… എനിക്ക് മരണത്തെ പേടിയില്ല.. ജനിച്ചാലൊരിക്കൽ മരിച്ചേ തീരൂ.. അതെന്റെ പെണ്ണിന്റെ കൂടെ ഒരു ദിവസമെങ്കിൽ ഒരു ദിവസം ജീവിച്ചിട്ട് മതി.. സ്നേഹിച്ച പെണ്ണിനെ ഏതോ ഒരു അന്ധ വിശ്വാസത്തിന്റെ പേരിൽ ഉപേക്ഷിക്കാൻ ഞാൻ ഒരു പോങ്ങനല്ല…. ഒരു പട്ടാളക്കാരനാ.. ഈ നാടിനെ സംരക്ഷിക്കുന്ന ധീര ജവാൻ… ” ” അനിയേട്ടൻ തിരിച്ചു നടന്നപ്പോ ഞാൻ വിചാരിച്ചു……., എന്നാലും വേണ്ട അനിയേട്ടാ… ശരിയാവില്ല.. എന്റെ അനിയേട്ടന് എന്റെ ദോഷം മൂലം എന്തേലും പറ്റിയ പിന്നെ ഞാൻ…എനിക്ക് …..”അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാരാധാരയായി പെയ്തിറങ്ങി….. ” ടി, പുല്ലേ. ഇനി നീ കരഞ്ഞാ തോക്കെടുക്കും ഞാൻ…”അവനവളുടെ കണ്ണുനീർ ഒരു കുഞ്ഞു മുത്തം നൽകി തുടച്ചെടുത്തു…
“ഞാൻ എല്ലാം അവസാനിപ്പിച്ച് പോയിന്നു വിചാരിച്ചോ?? നിനക്കുള്ള ആലിലത്താലി വണ്ടിയിൽ വെച്ചോണ്ടാ വന്നേ… നിനക്കിഷ്ടമില്ലെന്നു പറഞ്ഞാ അതെടുത്തു അമ്പലക്കുളത്തിൽ കളായമെന്നു വിചാരിച്ചോണ്ട്… കാരണം നിനക്ക് മാത്രമേ ആ തലയ്ക്ക് അർഹതയുള്ളൂ…. അതെടുക്കാൻ ഓടിയതായിരുന്നു… ഇന്ന് മുതൽ നീ എന്റെതാണ്…. അനിയുടെ ഇന്ദു.. അനിയുടെ മാത്രം….. അവളുടെ നിറുകയിൽ ദേവിയുടെ നടയിലെ ഇത്തിരി സിന്ദൂരമെടുത്തു ചാർത്തിയപ്പോൾ ആലിലകൾ പോലും സന്തോഷം കൊണ്ട് നൃത്തമാടുകയാണെന്നു അവൾക്കു തോന്നി… തങ്ങളുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തു നല്കിയ ദേവിയുടെ തിരുനടയിൽ അവർ കൈകോർത്തു നിന്ന് തൊഴുതു… എല്ലാ വിശ്വാസങ്ങളെയും അടിച്ചമർത്താൻ കഴിവുള്ള പ്രണയമെന്ന വിശ്വാസത്തിനു മുകളിൽ ചിറകു വിരിച്ചവർ പാറി നടന്നു… മരണത്തിനു പോലും തങ്ങളെ പിരിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ…….

by