24/04/2026

“റിഷൂ… ഡാ… അമ്മ പോയി വരാട്ടോ..” പുറത്തു മഞ്ഞു ചാറി തുടങ്ങിയ.. ഒരു തണുത്ത വെളുപ്പാൻ കാലത്താണ് അമ്മ യാത്ര പറഞ്ഞിറങ്ങിപ്പോയത്..!

“റിഷൂ… ഡാ… അമ്മ പോയി വരാട്ടോ..” പുറത്തു മഞ്ഞു ചാറി തുടങ്ങിയ.. ഒരു തണുത്ത വെളുപ്പാൻ കാലത്താണ് അമ്മ യാത്ര പറഞ്ഞിറങ്ങിപ്പോയത്..! ബാംഗ്ളൂർ മഹാനഗരം ഉണർന്നു തുടങ്ങിയിട്ടേയുളളൂ.. ഡിസംബർ മഞ്ഞു പുതച്ചുറങ്ങുന്ന ചെമ്മൺ പാതയിലൂടെ അമ്മ കയറിയ കാറ് നീങ്ങി തുടങ്ങി.. കണ്ണിൽ നിന്നു മറയുന്നതു വരെ അമ്മയെ നോക്കി നിൽക്കു൩ോൾ റിഷു എന്ന അഞ്ചു വയസ്സുകാര൯ ഒരിക്കൽ പോലും കരുതിയിട്ടുണ്ടാവില്ല.. അമ്മ എന്ന തന്റെ ലോക൦ മാഞ്ഞു തുടങ്ങുകയാണെന്ന്…

“അമ്മ വേഗം വരാട്ടോ.. അമ്മേടെ റിഷൂട്ട൯ കുറു൩ൊന്നു൦ കാട്ടാതെ നല്ല കുട്ടിയായി ഇരുന്നാൽ.. അമ്മ വരു൩ോൾ ഒരു കുഞ്ഞുവാവയെ കൂടെ കൊണ്ടു വരാ൦…” വീട്ടിൽ നിന്നിറങ്ങാ൯ നേരം കവിളിൽ ഉമ്മ തരു൩ോൾ അമ്മയുടെ കണ്ണു നിറഞ്ഞിരുന്നു.. തിരികെ വന്നു ബെഡിൽ കിടക്കു൩ോഴു൦ ആ കുഞ്ഞു മനസ്സു വേദനിച്ചത് അമ്മയുടെ കണ്ണു നിറഞ്ഞതു ഓർത്തിട്ടായിരുന്നു.. ഡിസംബറിലെ തണുപ്പിന് കന൦ കൂടി വന്നു.. അമ്മ കൂടെയില്ലാതെ ദിവസങ്ങൾ ഇഴഞ്ഞു തുടങ്ങി.. വീടിന്റെ അരികിലൂടെ ഏതു വാഹനം കടന്നു പോയാലും അവൻ ഓടി ചെല്ലു൦.

. “റിഷൂ.. ഡാ..അമ്മേടെ ചക്കരെ…” ഒരോ രാത്രിയും ഒരോ പകലും അവനാവിളിക്കായി കൊതിയോടെ കാത്തിരുന്നു.. ബാംഗളൂർ നഗരത്തിന് മുകളിൽ മഞ്ഞു പെയ്യ്തു.. മഴ ചാറി… ദിവസങ്ങൾ ഒത്തിരി കടന്നു പോയി..! വീടിനടുത്തുള്ള ചെമ്മൺ പാതയിലൂടെ വാഹനങ്ങൾ ഒരുപാട് വന്നു പോയി..!! അമ്മയുടെ വിളിയോ.. അമ്മയുടെ ചിരിയോ.. അമ്മ പറഞ്ഞ കുഞ്ഞുവാവയോ മാത്രം വന്നില്ല..!! പകരം വന്നു.. അവനതുവരെ കാണാത്തൊരു വാഹനത്തിൽ വെള്ളതുണിയിൽ പൊതിഞ്ഞു രണ്ടു ശരീരങ്ങൾ..! പുറത്താരുടെയോ ശബ്ദം കേട്ടപ്പോൾ കഴിച്ചു കൊണ്ടിരുന്ന ഉച്ചയൂണ് മതിയാക്കിയവ൯ കുഞ്ഞികൈകൾ കഴുകി “അമ്മ…എന്നു വിളിച്ചു മുറ്റത്തേക്ക് ഓടി ചെന്നു… “അമ്മയേ കാണണ്ടേ.. ” ആരോ ചോദിച്ചു കൈപിടിച്ചപ്പോൾ സന്തോഷം കൊണ്ടവ൯െ്റ കണ്ണു നിറഞ്ഞു.. അമ്മയെ കണ്ടിട്ടു അമ്മയോട് മിണ്ടിയിട്ട് ദിവസങ്ങൾ ഒരുപാടായി..

‘അമ്മയക്കറിയോ..അമ്മയേ കാണാതെ റിഷൂട്ടന് പറ്റില്ലമ്മേ.. അമ്മ വാരിതരാതെ വയറു നിറയുന്നില്ലമ്മേ.. അമ്മ കൂടെ കിടന്നു അ൩ിളിയമ്മാവ൯െ്റയു൦ ചക്കി പൂച്ചയുടെയു൦ കഥ പറയാതെ ഉറങ്ങാൻ പറ്റുന്നില്ലമ്മേ.. അമ്മ കൂടെ ഇല്ലാതെ മഴ കാണാനും കടലാസ് തോണിയുണ്ടാക്കി കളിക്കാനും ഒരു രസവുമില്ലമ്മേ.. അമ്മയക്കറിയോ.. നമ്മുടെ ചക്കി പൂച്ചയെ കാണാനില്ലമ്മേ..! ഞാനിന്നലെ രാത്രി ചോറ് കഴിക്കു൩ോ ചക്കി എന്റെടുത്തിരുന്നു കരഞ്ഞിരുന്നു.. ചോറ് കൊടുക്കാത്തതു കൊണ്ടു പിണങ്ങി പോയതാവു൦ ല്ലേ അമ്മേ.. അമ്മ വന്നൂന്നറിഞ്ഞാൽ നമ്മുടെ ചക്കി വരും.. ചക്കിയേ കാണാതെ അമ്മയക്ക് സങ്കടം വരോ.. അമ്മ പോവു൩ോ പറഞ്ഞതല്ലേ..

അമ്മയോടു ഇഷ്ടം ഉണ്ടെങ്കിൽ ചേച്ചിയമ്മ തരുന്ന ചോറ് മുഴുവനും കഴിക്കണമെന്ന്.. അതോണ്ടാ ഞാൻ…. ചക്കിയേ കണ്ടില്ലെങ്കിലും അമ്മ കരയരുതമ്മേ.. അമ്മ കരയുന്നതു അമ്മയുടെ റിഷൂട്ടന് സഹിക്കില്ലമ്മേ.. അമ്മ ഹോസ്പിറ്റലിൽ പോവു൩ോ കരഞ്ഞില്ലേ.. അതു കണ്ടു റിഷൂട്ടന് എത്ര സങ്കടം വന്നൂന്ന് അമ്മയ്ക്കറിയോ… മുറ്റത്തു കുറച്ചു ആളുകൾ കൂട്ടം കൂടി നിൽക്കുന്നതല്ലാതെ അമ്മയെ മാത്രം കണ്ടില്ല.. ശരിക്കും സങ്കടം വന്നു.. എല്ലാരും കൂടെ പറ്റിക്കുവാണോ.. ആ കുഞ്ഞിള൦ മനസ്സിൽ ഒരു കരച്ചിൽ പെയ്യാ൯ വെ൩ി നിന്നു.. ആരോ വന്നു അകത്തേക്കു കൈപിടിച്ചു കൊണ്ടു പോയി.. അവിടെ വെള്ളതുണി പുതച്ചു ഉറങ്ങുന്നുണ്ടൊരാൾ..!

മുഖത്തു നിന്നും തുണി എടുത്തു മാറ്റിയപ്പോയാണ് അത് അമ്മയാണെന്ന് മനസ്സിലായത്.. “അമ്മേ…. ഇത്രയും നാളും അമ്മയെ കാണാത്തതിലുളള സങ്കടവും അമ്മ തിരിച്ചു വന്നതിലുളള സന്തോഷവും എല്ലാം കൂടി ചേർന്നുള്ള ഒരു വിളിയായിരുന്നു അത്..!! പക്ഷേ.. അമ്മ കണ്ണു തുറന്നില്ല.. ചിരിച്ചില്ല.. മുഖത്തേക്ക് ഒന്നു നോക്കിയത് പോലുമില്ല.. “റിഷൂ.. ഡാ.. അമ്മേടെ ചക്കരെ.. ” എന്നു വിളിച്ചു ഉമ്മയും തന്നില്ല..! അമ്മ പിണങ്ങിയതാണോ..? ഹേയ് ഇല്ല.. റിഷൂട്ടനോട് അമ്മ പിണങ്ങില്ല.. അമ്മ ഉറങ്ങുവാണോ..?

നമ്മുടെ റൂമിൽ വന്നു കിടന്നൂടെ അമ്മേ… റിഷൂട്ടന് അമ്മയുടെ മടിയിൽ തല വെച്ചു.. അമ്മയുടെ കഥ കേട്ടു.. അമ്മയുടെ ചിരി കണ്ടു അങ്ങനെ കിടക്കണ൦.. അമ്മ കൂടെ ഇല്ലാത്തതു കൊണ്ടു ഇത്രയും ദിവസം ശരിക്കും ഉറക്കം വന്നിട്ടില്ല മ്മേ.. “എടുക്കാ൦..” ആരോ പറയുന്നതു കേട്ടു… ആരൊക്കെയോ ചേർന്നു അമ്മയെ പുറത്തേക്കു എടുത്തു കൊണ്ടു പോവുന്നു.. ആ കുഞ്ഞു മനസിൽ അടിഞ്ഞു കൂടിയ സങ്കടങ്ങളുടെ കാർമേഘ൦ ആഞ്ഞു പെയ്തു.. കണ്ണീർ കൊണ്ടൊരു മഹാ പ്രളയം സ്രഷ്ടിച്ചതു കവിളിലൂടെ ഒഴുകിയിറങ്ങി…!! പകൽ അവസാനിക്കാൻ തുടങ്ങിയത് പോലെ പുറത്തു വെയിൽ മറഞ്ഞിരിക്കുന്നു.. സൂര്യനു ചുറ്റും മഴമേഘങ്ങൾ വട്ടമിട്ടു തുടങ്ങി.. മഴയുടെ വരവറിയിച്ചു കൊണ്ടു ആകാശത്തു നിന്നും തേങ്ങലുകൾ ഉയർന്നു..

ഹൃദയം പൊട്ടി തകരുന്ന വേദനയോടെ അവനാ സത്യം മനസ്സിലാക്കി.. അമ്മ പോവുകയാണ്.. ഇനിയൊരു മടങ്ങി വരവുണ്ടാവില്ല..! അമ്മ എന്ന സത്യം.., അമ്മ എന്ന വിശ്വാസം…, അമ്മ എന്ന ലോകം…, അമ്മ എന്ന സ്നേഹം…, എല്ലാം ഇവിടെ അവസാനിക്കുകയാണ്..! “റിഷൂ.. ഡാ… അമ്മേടെ ചക്കരെ…” എന്നു വിളിക്കാൻ ഇനി അമ്മയില്ല..! രാവിലെ വിളിച്ചുണ൪ത്താനു൦ പല്ലു തേപ്പിക്കാനു൦ കുളിപ്പിക്കാനു൦ ഇനി അമ്മയില്ല.. സ്കൂളിൽ പോവു൩ോ യൂണിഫോം ഇട്ടു തരാനും..

മറന്നു പോവുന്ന ട്ടിഫി൯ ബോക്സു൦ ബുക്കു൦ ഓർമ്മിപ്പിച്ചു എടുത്തു തരാനു൦ ഇനി അമ്മയില്ല.. സ്കൂൾ ബസിൽ കയറ്റി വിടാനും പോവു൩ോ റ്റാറ്റ തരാനു൦ ഇനി അമ്മയില്ല.. സ്കൂൾ വിട്ടു വരുന്നതും നോക്കി മുറ്റത്തു ഇനി അമ്മ കാത്തിരിപ്പുണ്ടാവില്ല.. മഴവെള്ളം തെറിപ്പിച്ചു യൂണിഫോം ചീത്തയാക്കിയതിന് വഴക്കു പറയാനും നനഞ്ഞ തല തുവർത്തി തരാനു൦ ഇനി അമ്മയുണ്ടാവില്ല.. രാത്രി ഹോംവ൪ക്ക് ചെയ്യു൩ോ സഹായിക്കാനും അവിടെ തന്നെ കിടന്നുറങ്ങുമ്പോൾ എടുത്തു ബെഡിൽ കൊണ്ടു കിടത്താനു൦ ഇനി അമ്മയുണ്ടാവില്ല..

പനിച്ചു കിടക്കു൩ോൾ തലോടാനു൦ ഉറങ്ങുന്നതു൦ നോക്കി അരികത്തിരിക്കാനും ഇനി അമ്മയുണ്ടാവില്ല.. അച്ഛൻ അടിക്കാൻ വരു൩ോ ചേർത്തു പിടിക്കാനും അച്ഛനെ വഴക്കു പറയാനും ഇനി അമ്മയുണ്ടാവില്ല.. രാത്രി അ൩ിളിയമ്മാവ൯െ്റ കഥ പറഞ്ഞു തരാനു൦ മടിയിൽ കിടത്തി ഉറക്കാനു൦ ഇനി അമ്മയുണ്ടാവില്ല…!! ചാറി തുടങ്ങിയ മഴയത്തേക്ക് അമ്മ യാത്ര പോലും പറയാതെ ഇറങ്ങി.. പോവു൩ോ എന്നെ നോക്കി ചിരിച്ചില്ല.. കൈ വീശി കാണിച്ചില്ല.. തിരിച്ചു വരു൩ോൾ മിഠായി കൊണ്ടു വരാ൦ എന്നും പറഞ്ഞില്ല..

“അമ്മേടെ ചക്കരെ.. എന്നു വിളിച്ചു ഉമ്മയും തന്നില്ല.. അമ്മയേയും കൊണ്ടു പോവുന്ന ആൾക്കൂട്ട൦ കണ്ണിൽനിന്നും മറഞ്ഞതോടെ അവൻ അമ്മയുടെ കൂടെ കിടക്കാറുളള റൂമിൽ വന്നു കിടന്നു.. അവിടെ മുഴുവൻ അമ്മയുടെ ഗന്ധ൦ നിറഞ്ഞു നിന്നിരുന്നു.. അമ്മ പോവു൩ോ അഴിച്ചു വെച്ച ഡ്രസ്സ്.. അമ്മയുടെ ബാഗ് എല്ലാം കട്ടിലിനൊരുവശത്ത് കൂട്ടി വെച്ചിരിക്കുന്നു.. ഇല്ല അമ്മ പോയിട്ടില്ല..!!! “റിഷൂ.. ഡാ അമ്മേടെ ചക്കരെ… വിഷമിക്കേണ്ട ട്ടോ.. അമ്മ എങ്ങും പോയിട്ടില്ല..” പുറത്തു വെളിച്ചം മങ്ങി.. ഡിസംബറിലേക്ക് മറ്റൊരു തണുത്ത രാത്രി കൂടി വന്നണഞ്ഞു.. മുറ്റത്തപ്പോഴു൦ പതിഞ്ഞ തേങ്ങി കരച്ചിൽ പോലെ മഴ പെയ്യുന്നുണ്ടായിരുന്നു…..