17/04/2026

ചേട്ടായി എന്നോട് ക്ഷമിക്കണം… കയ്യിലൊരു മാണിക്യമുള്ളപ്പോൾ നമ്മളെന്തിനാണ് മുക്കുപണ്ടം തേടി പ്പോകുന്നെ “

രചന – പ്രിയ ബിജു

ചെറുകഥ : പെണ്ണ്
********************

” എന്താടീ നിനക്കിത്രയും ദേഷ്യം… ”

പെൺപിള്ളേർക്ക് ഇത്രയും ദേഷ്യം പാടില്ല….

“അതെന്താ പെൺപിള്ളേർ ദേഷ്യപ്പെട്ടാൽ”

“അതു നിനക്ക് വഴിയേ മനസ്സിലാകും..കെട്ടികൊണ്ട് പോകുന്നവന്റെ കയ്യിൽ നിന്നും കിട്ടുമ്പോൾ പഠിക്കും…..”

” കെട്ടിച്ചു വിട്ടില്ല അതിനു മുൻപേ നീ പെണ്ണിനെ പ്രാകുവാണോ സുധേ ”

അയൽവീട്ടിലെ ജാനമ്മേടത്തി വിളിച്ചു ചോദിച്ചു ചോദിച്ചു….

” പെണ്ണെന്നും പെണ്ണ് തന്നെയാ ചേച്ചി… അടുക്കളയിൽ വച്ചുവിളമ്പി കെട്ട്യോനും മക്കൾക്കും കൊടുത്ത് അവരുടെ കാര്യങ്ങളും അവന്റെ തന്തേടെയും തള്ളേടെയുമൊക്കെ കാര്യങ്ങളും നോക്കി അടങ്ങിയൊതുങ്ങി കഴിഞ്ഞോളണം ”

” എന്നാരു പറഞ്ഞു… ഈ ചിന്തയാണ് ആദ്യം മാറേണ്ടത് ”

അർച്ചനയ്ക്ക് ദേഷ്യം വന്നു തുടങ്ങി

“ദേ അമ്മേ… എനിക്കിതൊന്നും കേട്ടുനിൽക്കാൻ സമയം ഇല്ല… ചോറ് പൊതിഞ്ഞെങ്കിൽ ഇങ്ങോട്ടെടുക്ക് ഇല്ലെങ്കിൽ വേണ്ട… ഞാൻ ഉച്ചക്ക് കഴിക്കുന്നില്ല ”

” അയ്യോടി… അങ്ങനെ ഇപ്പോൾ എന്റെ മോള് പട്ടിണി ഒന്നും ഇരിക്കേണ്ട.. അതും ഞാൻ ജീവനോടെ ഇരിക്കുമ്പോ…. ”

സുധാമണി അകത്തേക്ക് പോയി ചോറുപൊതി കൊണ്ടു വന്നു അർച്ചനയുടെ കയ്യിൽ കൊടുത്തു… ”

” ദൈവമേ സമയം വൈകി…. ഇന്നാ സത്യൻ സാർ എന്നെ പൊരിക്കും… ”

അർച്ചന തിടുക്കത്തിൽ സ്കൂട്ടിയിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു പോയി…

സത്യൻ സാറിന്റെ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻസ്‌ട്രക്ടർ ആണ് അർച്ചന….

കമ്പ്യൂട്ടർ മാത്രമല്ല… ഫാഷൻ ഡിസൈനിങ്… ഓർണമെൻറ്സ് മേക്കിങ് എല്ലാം വഴങ്ങും അർച്ചനയ്ക്ക്…

ഡിഗ്രി ചെയ്തിട്ട് നിൽക്കുമ്പോഴാണ് ഒരു കമ്പ്യൂട്ടർ കോഴ്സ് ചെയ്യാൻ സത്യൻ സാറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്… പിന്നെ അവൾ അവിടെത്തന്നെ ജോലിയും ചെയ്യാൻ തുടങ്ങി…

ഒരു ചെറിയ വരുമാനം…

അമ്മയും മകളും അടങ്ങുന്ന ആ കുഞ്ഞു കുടുംബത്തിന് കഴിയാൻ അത് ധാരാളം…

എന്നാലും സുധാമണിക്ക് വേവലാതി ആണ്… മോളെ നല്ലൊരു ചെറുപ്പക്കാരന്റെ കയ്യിൽ പിടിച്ചേൽപ്പിക്കണം… എന്നിട്ട് വേണം തനിക്കു സമാധാനത്തോടെ കണ്ണടയ്ക്കാൻ…

അർച്ചനയുടെ കുഞ്ഞു പ്രായത്തിൽ മരിച്ചുപോയതാണ് അവളുടെ അച്ഛൻ മോഹനൻ……
തയ്യൽ ജോലി ചെയ്തും പശുവിനെ വളർത്തിയുമൊക്കെ മോളെ ഇത്രയും വളർത്തി.. അത്യാവശ്യം പൊന്നൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്…

ആലോചനകളൊക്കെ വരുന്നുണ്ട്

വരുന്നവരൊക്കെ ചോദിക്കുന്നത് കൊടുക്കാൻ തങ്ങൾക്കു ഗതിയില്ല… സഹായിക്കാനും ആരുമില്ല.. ബന്ധുക്കളൊക്കെ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല….

ഒരു ഗവണ്മെന്റ് ജോലിക്കാരൻ കെട്ടിയാൽ തന്റെ മോളുടെ ജീവിതം ശോഭനമായി….

അങ്ങനെ ഇപ്പോൾ ഒരെണ്ണം വന്നിട്ടുണ്ട്.. ചോദിക്കുന്നത് കൂടുതൽ ആണ്….. പെണ്ണിനെ അവർക്കിഷ്ടമായി… പക്ഷെ അതുകൊണ്ടായില്ലല്ലോ……. പിന്നീട് അറിയിക്കാമെന്നാണ് അവർ പറഞ്ഞിരിക്കുന്നത്….

ഈ വീടും സ്ഥലവും വിറ്റിട്ടായാലും ഈ കല്യാണം നടത്തണം

സ്ത്രീധനം ചോദിക്കുന്ന ഒരുവനെ തനിക്കു വേണ്ട എന്ന നിലപാടിലാണ് അർച്ചന.. അവൾ അങ്ങനെ ആണ്.. സ്വന്തമായി നിലപാടുകൾ ഉള്ളവൾ….. അതുകൊണ്ട് തന്നെ ഒരുപാട് ആലോചനകൾ അവൾ തള്ളിക്കളഞ്ഞു…….

സുധാമണിയുടെ സഹോദരനായ സുരേന്ദ്രൻ അയാളുടെ ഭാര്യാസഹോദരന്റെ മകൻ രാജീവനു വേണ്ടി അർച്ചനയെ ചോദിച്ചതാണ്..

അവന് അർച്ചനയെ കണ്ടിട്ടുണ്ട്.. ഒരുപാട് ഇഷ്ടമായി അവളെ.. അഞ്ചു പൈസ പോലും സ്ത്രീധനം വേണ്ടാന്നു പറഞ്ഞു. മാത്രമല്ല… അവൾക്കു തുടർന്ന് പഠിക്കണമെങ്കിൽ വിവാഹ ശേഷം പഠിപ്പിക്കാമെന്നും രാജീവും അമ്മയും അച്ഛനും അറിയിച്ചു

.അർച്ചനയ്ക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല സുധാമണിക്ക് താല്പര്യം ഇല്ല…

അർച്ചന മോളെ കെട്ടാൻ അവന് എന്താണ് യോഗ്യത… കറുത്തിട്ട്, കാണാനും ഭംഗിയില്ല… നല്ല ഒരു ജോലിയുമില്ല..

വണ്ടിമെക്കാനിക്കായ അവനു തന്റെ വെളുത്തു തുടുത്തു ഡിഗ്രികാരിയായ മോളെ കൊടുക്കാനോ… എത്ര കഷ്ടപ്പെട്ടിട്ടാണേലും ഒരു സർക്കാർ ജോലിക്കാരനെ കൊണ്ടു അർച്ചനയെ വിവാഹം കഴിപ്പിക്കണം….

ഇങ്ങനെ ഒക്കെയാണ് സുധാമണിയുടെ ചിന്ത….

“ഇവിടാരുമില്ലേ ”

മുറ്റത്താരുടെയോ ശബ്ദം കേട്ട് അവരുടെ ചിന്തകൾ മുറിഞ്ഞു….

അപ്പുറത്തെ ജാനമ്മ ചേച്ചിയാണ്….

” കൊച്ച് പോയോടി പെണ്ണെ ”

” പോയി ചേച്ചി ”

” നീയറിഞ്ഞോ.. നമ്മുടെ പള്ളിക്കലെ രാജേന്ദ്രന്റെ മോള് മരിച്ചുന്ന് ”

” അയ്യോ… എങ്ങനെ ”

“‘കെട്ടിയോന്റെ വീട്ടിലെ കിണറ്റിൽ മരിച്ചു കിടക്കുവായിരുന്നു… കൊന്നതാണെന്നും ആത്മഹത്യയാണെന്നും ഒക്കെ പറയുന്നുണ്ട്…”

” ന്റെ ദൈവമേ.. ഞാനെന്താണീ കേൾക്കുന്നത്… അവർ പൊന്നും പണവും ഒക്കെ വാരിക്കെട്ടിക്കൊടുത്തല്ലേ അതിനെ വിട്ടത്.. പിന്നെന്താ പറ്റിയെ ”

” ഒന്നും പറയേണ്ട… കൊടുത്തത് പോരാ പോരാ എന്നും പറഞ്ഞു അതിനെ ദവസോം ഉപദ്രവിക്കുമായിരുന്നൂന്ന്… നല്ല സുന്ദരി കൊച്ചാല്ലാരുന്നോ… പാവം… ”

” അവൻ ജോലിക്കാരനല്ലായിരുന്നോ ”

“പിന്നല്ലേ.. നല്ല ഒന്നാതരം ഗവണ്മെന്റ് ജോലിക്കാരൻ… പൈസായ്ക്കും കൊറവൊന്നും ഇല്ലായിരുന്നു… ങ്ങാ അതിന്റെ ഒരു വിധി.. അല്ലാതെന്താ… ”

” നീയും അർച്ചനകൊച്ചിനെ കൊലയ്ക്ക് കൊടുക്കണ്ട.. ഈ സ്ത്രീധനം ഒക്കെ ഒരുപാട് ചോദിക്കുന്നവരൊക്കെ മനുഷ്യത്വം ഇല്ലാത്തവരാ പെണ്ണെ…. ആണിന് പെണ്ണിനെ പോറ്റാൻ ചങ്കൂറ്റം ഉണ്ടേൽ പിന്നെ എന്തിനാ പൈസ വാങ്ങി കെട്ടുന്നേ…. ”

സുധാമണി ചിന്താധീനയായി…

” പൈസ അങ്ങോട്ട് കൊടുത്ത്… പെണ്ണിനേം കൊടുത്ത്… ഒടുവില് കെണറ്റിലോ കൊളത്തിലോ ഉത്തരത്തിലോ അതുമല്ലെങ്കിൽ ഗ്യാസ് പൊട്ടിത്തെറിച്ചോ ഒക്കെ ജീവനും ഒടുങ്ങി നമ്മുടെ പെണ്മക്കള് ഇല്ലാതാവുമ്പോ നെഞ്ചുപൊട്ടിക്കരയാനെ നമുക്ക് പറ്റത്തൊള്ളൂ… ”

സുധാമണി വിഹ്വലതയോടെ അവരെ നോക്കി….

നമ്മുടെ കൊച്ചിനെ സ്നേഹിക്കാനും പൊന്നുപോലെ നോക്കാനും കഴിവുള്ള ഏതെങ്കിലും പാവപെട്ടവനെ നോക്കുന്നതല്ലേ നല്ലത്…

പിന്നെ അതിപ്പോ സർക്കാർ ജോലിക്കാരനാണെന്നോ കൂലിപ്പണിക്കാരനാണെന്നോ നോക്കേണ്ട സുധേ… പെണ്ണാണ് ധനം എന്നു കരുതി ചോദിക്കുന്നവന് കെട്ടിച്ചുകൊടുക്കണം…..നല്ല മനസ്സുള്ള എത്രയോ ചെറുപ്പക്കാരുണ്ടാകും, അവരുടെ മാതാപിതാക്കളുണ്ടാകും

ചെക്കന്റെ ജോലി മാത്രമല്ല പ്രധാനം… അവന്റെ സ്വഭാവം.. ചുറ്റുപാടു ഒക്കെ നോക്കി വേണം പെണ്ണ് കൊടുക്കാൻ ”

നീ ഒന്നോർത്തു നോക്കിക്കേ… ഇപ്പോൾ ഒരു പണക്കാരൻ മോളെ കെട്ടിയാലും അതിനു സമാധാനം ഇല്ലേൽ പിന്നെ നമ്മൾ എന്തു ചെയ്തിട്ടെന്താ…

നമ്മുടെ മക്കള് മാളികയിൽ നരകിച്ചു ജീവിക്കുന്നതിലും ഭേദമല്ലേ ഒരു നേരം ആഹാരം കുറഞ്ഞാലും സമാധാനത്തോടെ സ്നേഹത്തോടെ ആണൊരുത്തന്റെ കൂടെ ജീവിക്കുന്നത്….

ഞാൻ പറഞ്ഞെന്നേയുള്ളൂ…. നിന്റെ മോള്.. നിന്റെ ജീവിതം…. ഒരു
അയലുപക്ക സ്നേഹം കൊണ്ടു പറഞ്ഞെന്നേയുള്ളൂ കേട്ടോ… എന്തായാലും അർച്ചന മോള് എന്റെയും മോളെപ്പോലെയാ… ആ മോൾക്ക് നല്ലൊരു ജീവിതം ഉണ്ടായിക്കണ്ടാൽ മതി….

അവർ എഴുനേറ്റു….

അവർ പോയിക്കഴിഞ്ഞു.. അവർ സുരേന്ദ്രൻ ചേട്ടന്റെ നമ്പറിൽ വിളിച്ചു….

” ചേട്ടായി… അവരോട് ഈ ആഴ്ച പെണ്ണുകാണാൻ വരാൻ പറഞ്ഞോ കേട്ടോ…”

“എന്താ പെട്ടെന്ന് നിനക്കൊരു മനംമാറ്റം ”

” ചേട്ടായി എന്നോട് ക്ഷമിക്കണം… കയ്യിലൊരു മാണിക്യമുള്ളപ്പോൾ നമ്മളെന്തിനാണ് മുക്കുപണ്ടം തേടി പ്പോകുന്നെ ”

അയാൾക്ക്‌ സന്തോഷമായി….

അങ്ങനെ ആ ചിങ്ങത്തിൽ രാജീവ്‌ അർച്ചനയുടെ കഴുത്തിൽ താലികെട്ടി….. വിവാഹം കഴിഞ്ഞു മകൾ ചെക്കനോടൊപ്പം കാറിൽ കയറിപ്പോകുന്നത് കണ്ട് നിറഞ്ഞമനസ്സോടെയും നിറകണ്ണുകളോടെയും സുധാമണി നോക്കിനിന്നു…. തൊട്ടപ്പുറത്തുണ്ടായിരുന്ന ജാനമ്മ ചേച്ചിയെ അവർ നന്ദിയോടെ നോക്കി… തന്റെ കണ്ണ് തുറപ്പിച്ചതിന്…….