20/04/2026

” കംപ്യൂട്ടർ ക്ലാസുണ്ട് അമ്മേ എനിക്ക് , ഈ അമ്മ കുറേ നേരമായല്ലോ തെക്കോട്ടും നോക്കി ചുമരും ചാരി ഇരിക്കുന്നത്?”

രചന – ഉഷ ദാസ്

ജവാന്റെ പെണ്ണ്
*****************
ചെറുകഥ
************
” കംപ്യൂട്ടർ ക്ലാസുണ്ട് അമ്മേ എനിക്ക് , ഈ അമ്മ കുറേ നേരമായല്ലോ തെക്കോട്ടും നോക്കി ചുമരും ചാരി ഇരിക്കുന്നത്?”

കാർത്തിക പറഞ്ഞതും പോയതും യമുന അറിഞ്ഞില്ല.

ഓർമ്മകൾ
യമുനയെ
തെക്കേപ്രത്തെ ആഞ്ഞിലിയുടെ മുറിച്ച കടക്കുറ്റിയിൽ തടവിലാക്കിയിരിക്കുന്നു. ….

ആഞ്ഞിലി മരത്തിന്റെ തുക തരാൻ അധികാരികൾ വന്നപ്പോൾ അത് വാങ്ങാനുള്ള ഭാഗ്യം ഗോപേട്ടന്റെ അമ്മക്ക് ഉണ്ടായില്ല.
അത് നട്ടു വളർത്തിയ ആൾ ഇല്ലാണ്ടായിട്ട് ആറ് വർഷം കഴിഞ്ഞു. അമ്മയുണ്ടായിരുന്നെങ്കിൽ ആഞ്ഞിലി മുറിക്കാൻ അമ്മ സമ്മതിക്കില്ലായിരുന്നു….

കല്യാണം കഴിഞ്ഞു വന്ന അന്ന് യമുനയുടെ ശ്രദ്ധയിൽ പെട്ടത് അദ്ദേഹത്തിന്റെ വീടിന്റെ തെക്കേ അതിരിലെ ആ കൂറ്റൻ വൃക്ഷമായിരുന്നു. മരത്തിന് താഴെ ഒരു ആത്തച്ചക്കയോളം വലിപ്പമുള്ള പഴുത്തതും അല്ലാത്തതുമായ ധാരാളം ചക്കകൾ വീണു കിടക്കുന്നു. വെളുത്ത കുഞ്ഞു മണികൾ ചുറ്റും ചിതറി കിടക്കുന്നു. തലേ ദിവസത്തെ മഴ കൊണ്ടിട്ടാകണം എല്ലാം മണ്ണ് പുരണ്ടിരുന്നു. പല തരം കിളികളും അണ്ണാറൻ കുഞ്ഞുങ്ങളും ഓടിയും ചാടിയും പറന്നും
കളിക്കുന്ന കാഴ്ചകണ്ട് യമുന അന്തം വിട്ടു നിന്നു . ഇങ്ങനെ ഒരു വൃക്ഷം ജീവിതത്തിലാദ്യമായി കാണുന്നു. വേനലവധിക്കാലങ്ങളിൽ അമ്മ വീട്ടിൽ പോകുമ്പോഴൊന്നും കാണാത്ത തരം മരം.

“യമുന വരു. അമ്മ വിളിക്കുന്നുണ്ട്. ” ഗോപേട്ടനാണ്.

വിരുന്നുകാരുടെ തിരക്കൊഴിഞ്ഞു എന്ന് തോന്നുന്നു.

“എടോ താൻ ഈ മരം മുൻപ് കണ്ടിട്ടില്ലേ? ഇതാണ് ആഞ്ഞിലി . ഇതിന്റെ ചക്ക പഴുത്താൽ നല്ല രുചിയാണ്. താഴെ കാണുന്നതെല്ലാം ആഞ്ഞിലി ചക്കകളും അതിന്റെ കുരുക്കളുമാണ്. കുരു വറുത്തു കഴിച്ചാൽ താൻ പിന്നെ ഈ മരത്തിന്റെ ചുവട്ടിൽ താമസമാക്കും. ” .

ആഞ്ഞിലിയുടെ ചുവട്ടിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി, ഗോപേട്ടനോടൊപ്പം അടുക്കളയിലേക്ക് കയറുമ്പോൾ

“മോള് ചായ
കുടിക്ക് , ”

അദ്ദേഹത്തിന്റെ അമ്മ ഒരു പാത്രത്തിൽ ചക്ക വറുത്തതും പിന്നെ നല്ല ചൂടുള്ള പഴം പൊരിയും മേശപ്പുറത്ത് വച്ചു. അമ്മയുണ്ടാക്കിയതാത്രെ !! നല്ല രുചി …….

ഒരു പട്ടാളക്കാരന്റെ ആലോചനയുമായി മൂന്നാൻ കണാരേട്ടൻ വീട്ടിൽ വന്നപ്പോൾ തന്റെ മനസ്സിൽ തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം തുടി കൊട്ടി. കല്യാണം സ്വപ്നം കാണാൻ തുടങ്ങിയപ്പോൾ മുതൽ ,
കൊടും തണുപ്പിൽ അതിർത്തിയിൽ കാവലാളായ പട്ടാളക്കാരെയാണ് ഓർമ്മ വന്നത്. ഓർമ്മ വെച്ച കാലം മുതൽ ജവാന്മാരോട് വലിയ ബഹുമാനമായിരുന്നു. പട്ടാളക്കഥകൾ പറയുന്ന മുത്തച്ഛനോട് കടുത്ത ആരാധനയായിരുന്നു. അവരെ കുറിച്ചറിയാൻ കൂടുതൽ പുസ്തകങ്ങൾ വായിക്കും. യുദ്ധ സിനിമകൾ കാണുമായിരുന്നു. കൂട്ടുകാരികൾ കളിയാക്കും

” ദേ വരുന്നു ജവാന്റെ പെണ്ണ്. ”

നാണം കൊണ്ടും അഭിമാനം കൊണ്ടും കുളിരു കോരിയ നിമിഷങ്ങൾ.

വിവാഹം സ്വപ്നം കാണാൻ തുടങ്ങിയപ്പോൾ ഒരു പട്ടാളക്കാരന്റെ ഭാര്യയാകാൻ ഏറെ മോഹിച്ചു. പലരും ഉപദേശിച്ചു. പട്ടാളക്കാർ അത്ര നല്ലവരല്ല, മദ്യപാനികളാവും.അവർക്ക് ആയുസ്സ് കുറവായിരിക്കും എന്നെല്ലാം …..

“അവരുടെ കുടുംബ ജീവിതം അത്ര സുഖാവില്ല്യ
കുട്ട്യേ ” എന്ന് മുത്തശ്ശി പറഞ്ഞപ്പോൾ വല്ലാതെ നൊന്തു. ഏറെ അനുഭവങ്ങളും ഓർമ്മകളും മുത്തശ്ശിക്കും കാണും.
എന്നാലും താൻ വാശി പിടിച്ചു നിന്നു. ഒരു പട്ടാളക്കാരൻ മതി,…. കൊടുoതണുപ്പിൽ തോക്കും പിടിച്ച് അതിർത്തി കാക്കുന്ന തന്റെ മാത്രം ജവാൻ.

അച്ഛൻ കണാരേട്ടനോട് പയ്യൻ വന്ന് യമുനയെ കണ്ടിട്ട് പൊയ്ക്കോട്ടെ കണാരാ, എന്ന് പറഞ്ഞതും പിറ്റേ ദിവസം കണാരേട്ടനും ചെക്കനും തന്നെ പെണ്ണ് കാണാൻ വന്നു. അവർ പടി കടന്ന് വരുന്നത് തെക്കിനിയുടെ ജനലിലൂടെ കണ്ടു. കണ്ട നേരം എന്തോ വല്ലാത്ത പരിഭ്രമം തോന്നി. ആദ്യത്തെ പെണ്ണുകാണൽ. പരസ്പരം സംസാരിക്കാൻ അനുമതി തന്നപ്പോൾ അടുത്തറിയാൻ സൗകര്യവും കിട്ടി. അടുത്തറിഞ്ഞപ്പോൾ ഈ പട്ടാളക്കാരൻ തന്നെ മതി തനിക്ക് എന്ന ഉറച്ച തീരുമാനത്തിലെത്തി. ആരൊക്കെ ഉപദേശിച്ചിട്ടും താൻ വഴങ്ങിയില്ല. ഈ പട്ടാളക്കാരൻ തന്നെ തന്റെ ഭാവി വരൻ എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുമ്പോഴാണ്

“ഏഴിൽ അഞ്ച് പൊരുത്തമുണ്ട്, എന്നാലും ചില ദശാസന്ധികൾ പയ്യന്റെ ജാതകത്തിൽ കാണാനുണ്ട് ”
എന്ന് ഭാസ്കരൻ പണിക്കർ പറഞ്ഞപ്പോൾ അമ്മയും എതിർത്തു. പരിഹാരമായി പയ്യന്റെ ജന്മനക്ഷത്രത്തിൽ ശിവങ്കൽ വിളക്കും, ധാരയും , മൃത്യുഞ്ജയപുഷ്പാഞ്ജലിയും പണിക്കർ നിർദ്ദേശിച്ചു. വിവാഹ ആലോചനയിൽ നിന്ന് താൻ മാത്രം പിൻമാറിയില്ല.

“കുട്ടീടെ ഇഷ്ടല്ലേ , നീയങ്ങട് നടത്തിക്കൊടുക്കു കൃഷ്ണാ . “.. മുത്തശ്ശിയോട് കൂടുതൽ സ്നേഹം തോന്നിയ നിമിഷം.

ഗോപേട്ടന്റെ മണവാട്ടിയായി വന്ന അന്ന് മുതൽ പണിക്കർ പറഞ്ഞ വഴിപാടുകൾ ചെയ്തു പോന്നു.

ആ കാലം മുതൽ താൻ ഈ ആഞ്ഞിലിയെ സ്നേഹിക്കാൻ തുടങ്ങിയതാണ്. എത്രയോ പക്ഷികളുടെ വിഹാരരംഗമാണീ പടുകൂറ്റൻ മരം. ആഞ്ഞിലി ചക്കകൾ പഴുത്ത് നിൽക്കുന്ന കാഴ്ച മനോഹരം തന്നെ …

.പിന്നെയും വർഷവും വേനലും എത്രയോ കടന്നു പോയി. ഗോപേട്ടൻ എല്ലാ ഓണത്തിനും ലീവിന് വരുമായിരുന്നു. പലപ്പോഴും മോഹിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും കുറച്ചു നാൾ ഗോപേട്ടനോടൊപ്പം ജോലി സ്ഥലത്തേക്ക് പോകാൻ. പഞ്ചാബ്, ലഡാക്ക്, രാജസ്ഥാൻ, കശ്മീർ , വിശേഷങ്ങൾ കേട്ട് കിടക്കും. അമ്മയെ തനിച്ചാക്കി എവിടേയും പോകാൻ കഴിയില്ലല്ലോ. പിന്നെ കുട്ടികളും വളർന്നു വരുന്നു.

അവധി ദിനങ്ങൾ കുട്ടികൾ ആഞ്ഞിലിയുടെ ചുവട്ടിൽ കൂട്ടുകാരോടൊത്ത് പലതരം കളികളിലേർപ്പെടും. ആഞ്ഞിലിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കുളത്തിൽ കുളിക്കുന്ന സുഖം പറഞ്ഞാൽ തീരില്ല. ചുറ്റും കൈതയും മൈലാഞ്ചിയും വരിയൊത്ത് കുളത്തിന് മറയൊരുക്കിയ കാഴ്ച എങ്ങനെ മറക്കും. കൈതപ്പൂവിന്റെ ഗന്ധം ശ്വസിക്കുന്ന രാത്രികൾ തനിക്കും ഗോപേട്ടനും ശിവരാത്രി. പുലരുവോളം പറഞ്ഞാൽ തീരാത്ത വിശേഷങ്ങൾ. ഗോപേട്ടൻ കേൾവിക്കാരൻ മാത്രം. ഇടക്കുള്ള മൂളൽ നിലച്ചാലറിയാം ഗോപേട്ടൻ ഉറങ്ങിയെന്ന്.

ഗോപേട്ടൻ ലീവിന് വന്നാൽ കുട്ടികളോടൊപ്പം നീന്തിക്കുളിച്ച് ആർമാദിക്കും. സന്ധ്യ വിളക്ക് കൊളുത്താറാകുമ്പോൾ അമ്മ വന്ന് വഴക്ക് പറഞ്ഞാലേ അച്ഛനും മക്കളും കുളിയും കളിയും അവസാനിപ്പിക്കു. എല്ലാം കണ്ട് കുളക്കടവിലേക്ക് എത്തിനോക്കുന്ന ഗന്ധരാജൻ ചെടിയുടെ ചുവട്ടിൽ താനിരിക്കും.

ഒറ്റ മോളായതിനാൽ സ്വന്തം വീട്ടിലേക്ക് പോകാൻ തനിക്കും കുട്ടികൾക്കും താൽപര്യമില്ല. എന്നാലും ഇടക്ക് പോകും. ഗോപേട്ടന്റെ പെങ്ങളും കുട്ടികളും വേനലവധിക്കാലങ്ങൾ ചെലവഴിക്കാൻ വീട്ടിൽ വരുമ്പോൾ ഒരു ഉത്സവത്തിമർപ്പാണ്.

കാർത്തിക എട്ടിലും ഹരിക്കുട്ടൻ പത്തിലും പഠിക്കുന്ന സമയം. ആ കൊല്ലം ഓണത്തിന് വരാൻ ഗോപേട്ടന് ലീവ് കിട്ടിയില്ല. അതിർത്തിയിൽ പ്രശ്നങ്ങൾ. പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റക്കാർ ഇന്ത്യൻ പട്ടാളക്കാർക്ക് സ്ഥിരം തലവേദന. ഒരു യുദ്ധത്തിനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്നാണ് ഗോപേട്ടൻ പറഞ്ഞത്. അന്നോളം ചിന്തിക്കാത്ത ഒരു ഭയം മനസ്സിൽ കടന്നു കൂടി. കല്യാണത്തിന് മുമ്പ് മുത്തശ്ശിയും പണിക്കരും പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. ഇല്ല ഗോപേട്ടന് ഒന്നും സംഭവിക്കില്ല. പക്ഷേ അതിർത്തിയിലെ സംഘർഷം വർദ്ധിച്ചു. ഗോപേട്ടന്റെ വിളിയും ഇല്ലാതായി. ശിവക്ഷേത്രത്തിൽ ഗോപേട്ടന് വഴിപാടുകളുടെ പെരുമഴക്കാലം. മാണിയം കാവിലമ്മേ, ഗോപേട്ടനെ കാത്തോളണേ , മനസ്സുരുകി പ്രാർത്ഥിച്ചു. പക്ഷേ, മാണിയം കാവിലമ്മയും മഹാദേവനും തന്റെ പ്രാർത്ഥന മാത്രം കേട്ടില്ല.

എത്ര പെട്ടെന്നാണ് എല്ലാം അവസാനിച്ചത്. ഗോപട്ടേനില്ലാത്ത ജീവിതം കുഞ്ഞുങ്ങളോടൊപ്പം അവസാനിപ്പിക്കാൻ തോന്നിയ നിമിഷങ്ങൾ. പാവം കുഞ്ഞുങ്ങൾ, ഗോപേട്ടന്റെ അമ്മ, തനിക്ക് പ്രിയപ്പെട്ടവർ എല്ലാവരേയും ഉപേക്ഷിച്ച് മരണത്തെ പുൽകാൻ കഴിഞ്ഞില്ല.

യുദ്ധത്തിൽ മരിച്ച പട്ടാളക്കാരന്റെ കുടുംബത്തിന് കിട്ടേണ്ട എല്ലാ ആനുകൂല്യങ്ങളും കിട്ടി. അതിന് പുറമേ അടുത്തുള്ള സർക്കാർ സ്കൂളിൽ ക്ലർക്കിന്റെ നിയമനവും ….

എന്തൊക്കെ ഉണ്ടായാലും ഗോപേട്ടനില്ലല്ലോ. കഴിഞ്ഞ വർഷമാണ് ഗോപേട്ടന്റെ അമ്മ മരിച്ചത്. ഗോപേട്ടന്റെ മരണം അമ്മക്ക് താങ്ങാവുന്നതിലും വലുതായിരുന്നു. അമ്മ മാറാ രോഗത്തിലേക്ക് വഴുതി വീണു. മരിക്കുവോളം ഗോപേട്ടന്റെ അടുത്ത് വേഗം എത്തണം എന്ന ഒറ്റ വിചാരമായിരുന്നു അമ്മക്ക്.

റോഡ് വികസനത്തിന്റെ ഭാഗമായി ആഞ്ഞിലി മുറിച്ചു മാറ്റേണ്ടി വന്നു. ഗോപേട്ടന്റെയും മക്കളുടെയും പ്രിയപ്പെട്ട കുളം റോഡിന് വേണ്ടി മണ്ണിട്ട് നികത്തി. പറമ്പിന്റെ അതിരിനോട് ചേർന്ന് പുതിയ റോഡ് വന്നു. പുതിയ കടകൾ, ആശുപത്രി, പോസ്റ്റാഫീസ് , സിനിമാ തിയ്യറ്റർ, കല്യാണ മണ്ഡപം അങ്ങനെ എല്ലാം നാടിന്റെ മുഖഛായ മാറ്റി. ഗോപേട്ടന്റെ ആത്മാവ് നാടിന്റെ വികസനം കണ്ട് സന്തോഷിക്കട്ടെ. മെഡിസിന് പഠിക്കുന്ന ഹരിക്കുട്ടൻ പുതിയ വഴിയിലൂടെ കാറോടിച്ച് വരുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവും ആണ്. കാർത്തിക മോൾക്ക് വിവാഹാലോചനകൾ വന്ന് തുടങ്ങി.

“ഒരു ജോലി കിട്ടിയിട്ട് മതി അമ്മേ കല്യാണമൊക്കെ. ” അവൾ പറഞ്ഞത് ശരിയാണ്. ഒരു ജോലി അവളെന്നല്ല ഏതൊരു പെൺകുട്ടിക്കും അനിവാര്യമാണ്.

അടുക്കളയിൽ അൽപം ജോലിത്തിരക്കിനിടയിലാണ് ഹരിക്കുട്ടൻ ഫോൺ വിളിച്ചു പറഞ്ഞത്.
“അമ്മേ ഉച്ചക്ക് ഭക്ഷണത്തിന് ഞാനുണ്ടാകും. കൂടെ എന്റെ കൂട്ടുകാരൻ വിനയനും ഉണ്ടാകും ഭക്ഷണത്തിന്. ”

വിനയന്റെ മുഖം ഓർമ്മ വന്നു. വർഷം കുറേ കഴിഞ്ഞതല്ലേ, ഇപ്പൊ കണ്ടാ മനസ്സിലാവുമോ എന്തോ?

പറഞ്ഞ സമയത്ത് തന്നെ ഹരിക്കുട്ടനോടൊപ്പം വിനയനും വന്നു. നല്ല പൊക്കമുള്ള സുന്ദരനായ ചെറുപ്പക്കാരൻ .

അധികം താമസിക്കാതെ ഭക്ഷണവും കഴിച്ചു. പിരിയാൻ നേരമാണ് ഹരിക്കുട്ടൻ പറഞ്ഞത്,

“വിനയൻ പട്ടാളത്തിൽ ഉയർന്ന ഉദ്ദ്യോഗസ്ഥനാണ്. നമ്മുടെ കാർത്തികയെ വിവാഹം കഴിക്കാൻ ഇഷ്ടമാണ്. അമ്മക്കും കാർത്തികക്കും ഇഷ്ടമാണെങ്കിൽ ഈ ലീവിന് തന്നെ നമുക്കത് നടത്താം അല്ലേ അമ്മേ ?”

താഴെ വീണു പോകാതിരിക്കാൻ യമുന കസേരയിൽ മുറുക്കി പിടിച്ചു. എന്തെങ്കിലും ഒന്ന് പറയുന്നതിന് മുമ്പ് വിനയൻ വാതിലിനടുത്ത് നിന്ന കാർത്തികയോട് തലയാട്ടി, തന്റെ തോളിൽ തട്ടി, “പോയ് വരാം അമ്മെ ” എന്ന് യാത്ര പറഞ്ഞിറങ്ങിയ വിനയനോട് ഒന്നും മിണ്ടാനാവാതെ യമുന ഒരു പ്രതിമ കണക്കെ നിശ്ചലയായി നിന്നു, പിന്നെ ചുമരിനോട് ചേർന്നിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടത് പോലെ…..

അപ്പോഴാണ് കാർത്തികയുടെ വാക്കുകൾ കാതിൽ പതിച്ചത്.

” വിനയേട്ടനെ അമ്മക്കിഷ്ടായോ ?, എനിക്കിഷ്ടമായി. കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോൾ അമ്പലത്തിൽ വച്ച് ഹരിയേട്ടൻ പരിചയപ്പെടുത്തിയിരുന്നു. നല്ല ആളാണമ്മേ, എനിക്ക് വിനയേട്ടൻ മതി. ജന്മനാടിനെ കാത്ത് രക്ഷിക്കുന്ന ഈ പട്ടാളക്കാരൻ മതി അമ്മേ എനിക്ക് . ” മറുപടി ഒന്നും പറയാനാവാതെ യമുന വീടിന്റെ തെക്കുഭാഗത്തേക്ക് നോക്കി. അവിടെ ആഞ്ഞിലി മരത്തിന്റെ ഉണങ്ങി തുടങ്ങിയ കാതലുള്ള
കടക്കുറ്റി ഗതകാലസ്മരണകളുടെ അടയാളമായി യമുനയെ നോക്കി ചിരിച്ചു ……😔