രചന – സിന്ധു അപ്പുക്കുട്ടൻ
ടക് ടക് ശബ്ദത്തോടെ തലയ്ക്കു നേരെ മുകളിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ഇതളുകളിലേക്കാണ് ആതിര മിഴികൾ തുറന്നത്.
അല്പനേരത്തെ നിശ്ചലതക്കു ശേഷം ആ കണ്ണുകൾ മെല്ലെ മെല്ലെ ചുറ്റിലും പരതി നടന്നു.പിന്നെയവ ഭ്രാന്തമായൊരു വേഗം പൂണ്ടു
കട്ടിലിനരികിൽ കൈകളിൽ മുഖം താങ്ങി കണ്ണടച്ചിരുന്ന കൃഷ്ണനുണ്ണി അവളുടെ വിഹ്വലമായ ശ്വാസനിശ്വാസങ്ങൾ കേട്ട് മുഖമുയർത്തി.
ആതിര അയാളെ തുറിച്ചു നോക്കി.
താടി രോമങ്ങൾ വളർന്നു തിങ്ങിയ മുഖത്തും കുഴിയിലാണ്ടു പോയ കണ്ണുകളിലും ഏറെ നേരം ആതിരയുടെ മിഴികൾ അപരിചിതത്വത്തോടെ തങ്ങി നിന്നു.
പിന്നെയവൾ ഒരു പുലമ്പലോടെ ചാടിയെഴുന്നേറ്റു.
“അച്ഛാ… വിഷ്ണു…. എനിക്ക് കാണണം… വിഷ്ണുനെ വിളിക്കച്ചാ.. എനിക്ക് കാണണം.. എന്നെയാരാ ഇവിടെ കൊണ്ടിട്ടെ… എന്റെ ഫോണെവിടെ… ഞാനൊന്നു വിളിക്കട്ടെ..””
അവൾ ഡ്രിപ്പിട്ട കൈകൾ കൊണ്ട് തലയിണക്കടിയിലും മറ്റും പരതാൻ തുടങ്ങി.
കൃഷ്ണനുണ്ണി പെട്ടന്ന് അവളുടെ കയ്യിൽ കയറിപ്പിടിച്ചു.. മോളെ കയ്യനക്കല്ലേ.. ചോര വരും.
“എന്റെ ഫോണെടുത്ത് താ.. ഞാനൊന്നു വിളിക്കട്ടെ
“അച്ഛൻ വിളിക്കാം.. മോളവിടെ കിടക്ക്.”
ആടിയുലയുന്ന ഡ്രിപ് ബോട്ടിൽ നേരെ നിർത്താനും അവളെ അടക്കി കിടത്താനും അയാൾ നന്നേ പാട് പെട്ടു.
“ഇതൊന്ന് തീർന്നോട്ടെ നമുക്ക് വീട്ടിൽ പോകാം. അതുവരെ ക്ഷമിക്ക് ആതു.”
അയാളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടപ്പോൾ അവൾ മെല്ലെ ശാന്തയായി.
“അച്ഛാ…!!!
ഏറെ നേരത്തിനു ശേഷം അവൾ മെല്ലെ വിളിച്ചു.
“എന്താ മോളെ..?
“അവൻ….. അവൻ…പോയല്ലേ.. എന്നേം അച്ഛനേം പിന്നേം തനിച്ചാക്കി അവൻ പോയല്ലേ…?
അയാൾ അതിന് മറുപടിയില്ലാതെ അവളുടെ കൈകളിലേക്കു മുഖം പൂഴ്ത്തി വെച്ചു.
കണ്ണിൽ നിന്നും അടരുന്ന തുള്ളികൾ അവളുടെ കൈത്തണ്ടയെ പൊള്ളിച്ചു കൊണ്ട് ബെഡ്ഷീറ്റിലേക്കു ഒഴുകി വീണു.
“എനിക്കൊന്ന് കാണാൻ പറ്റോ അവനെ.”
“ഇല്ല…. എല്ലാം കഴിഞ്ഞു. ഒരാഴ്ചയായി നീയീവിടെയല്ലായിരുന്നോ.ഒന്നും അറിയാത്തൊരു ഉറക്കത്തിൽ ”
പൊട്ടിപ്പിളർന്നൊരു കരച്ചിൽ അയാളുടെ ഹൃദയം നുള്ളിക്കീറിക്കൊണ്ട് അവളിൽ നിന്ന് പുറപ്പെട്ടു.
ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ അയാളും നീറി നീറിക്കരഞ്ഞു.. മൗനമായ്.
ആ കരച്ചിലടങ്ങുവോളം അയാൾ അവളുടെ നിറുകയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു..
***-******************-****-*-*–*********
“പിന്നെ….
“ഞാനും അച്ഛനും പഴയപോലെയാകാൻ ഒരുപാട് സമയമെടുത്തു.”
ആതിര അരുണിനെ നോക്കി കണ്ണ് തുടച്ചു.
“സോറി ആതു… ഞാൻ ഇതൊക്കെ ചോദിച്ചു വിഷമിപ്പിച്ചെങ്കിൽ.”
“ഹേയ്.. സാരമില്ല. ഇപ്പോഴേ എല്ലാം പറഞ്ഞു തീർക്കുന്നതല്ലേ നല്ലത്. പിന്നീട് ഓരോന്നു കുത്തിക്കുത്തി ചോദിച്ചു വന്നാൽ ഇതേപോലെ ശാന്തമായിരുന്നു സംസാരിക്കാനൊന്നും കഴിഞ്ഞില്ലന്ന് വരും. നമ്മുടെ ഫൂച്ചർ ലൈഫിൽ അതൊരു വിളളലുണ്ടാക്കും.”
കവിതാന്റിയുടെ അവസ്ഥയായിരുന്നു അതിലും ദയനീയം. കയ്യോ കാലോ വളരുന്നു എന്ന് നോക്കി വളർത്തിക്കൊണ്ട് വന്നതാ നൊന്തു പെറ്റ ഒരേയൊരു മോൻ.. അവൻ കണ്മുന്നിൽ ചലനമറ്റു കിടക്കുന്നു.
ഏതൊരമ്മക്കാ അത് സഹിക്കാൻ കഴിയുക.
ആന്റി കുറെ നാൾ ട്രീറ്റ്മെന്റൊക്കെ എടുത്തിരുന്നു. നമ്മൾ ചെന്നപ്പോ കണ്ട ആന്റിയിലേക്ക് തിരിച്ചു വരാൻ കുറെ സമയമെടുത്തു.
അച്ഛനേം അമ്മയേം ഓർത്ത് ഒരുപാട് വിഷമിച്ച വിഷ്ണു പോയത്.. ഒരുപക്ഷേ അവർക്ക് ഒന്നിക്കാൻ വേണ്ടി വഴിയൊഴിഞ്ഞു തന്നതുമാകാം. അതുകൊണ്ട് എങ്ങനേം ആന്റിയെ അച്ഛന്റെ കയ്യിലേൽപ്പിക്കണം. അത് കഴിഞ്ഞു മതി നമ്മുടെ വിവാഹം.
അരുൺ എനിക്കൊപ്പം നിൽക്കില്ലേ?
“തീർച്ചയായും..
അവൻ അവളുടെ കയ്യിൽ അമർത്തിപ്പിടിച്ചു.
ഞാൻ സംസാരിക്കാം രണ്ടു പേരോടും.പോരെ
ഉം..
ഇനി നമുക്ക് തിരിച്ചു പോയാലോ..
പോകാം.
********-*******************–*–******
“രണ്ടും കൂടി കറങ്ങാൻ പോയിട്ട് കയറി വന്ന നേരം കൊള്ളാം. ഞാനായിട്ടാ. വേറെ വല്ലവരും ആയിരുന്നെങ്കിൽ നിന്റെ കരണം പുകഞ്ഞേനെ.”
ഇരുൾ വീണു കിടക്കുന്ന മുറ്റത്തേക്ക് നോക്കി കൃഷ്ണനുണ്ണി ആതിരയെ ശകാരിച്ചു.
ഓ… ചുമ്മാ പേടിപ്പിക്കല്ലേ ഉണ്ണി കൃഷ്ണ… ഞാൻ പോയത് വേറെ ആരുടേം കൂടെയല്ലല്ലോ.. ഇവിടുന്ന് അനുവാദം ചോദിച്ചിട്ട് തന്നെയല്ലേ പോയതും.
എന്നാലും നിനക്കൊന്ന് വിളിച്ചൂടായിരുന്നോ.. ഞാൻ എന്തുമാത്രം ടെൻഷൻ ആയെന്നോ.അങ്ങോട്ട് വിളിച്ചപ്പോ ഫോൺ സ്വിച്ചൊഫ്.
അരുണിനെ വിളിച്ചപ്പോ പരിധിക്ക് പുറത്ത്…
ആ സ്വരത്തിലേ സങ്കടവും വേവലാതിയും തിരിച്ചറിഞ്ഞ ആതിര അയാളെ രണ്ടു കൈകൊണ്ടും കെട്ടിപിടിച്ചു.
സോറി ട്ടോ…ഇനി ഇങ്ങനെ ചെയ്യില്ല.
ആ കവിളിൽ ഒരുമ്മ കൂടി കൊടുത്തു അവൾ.
*******************************
അച്ഛാ… കവിതാന്റി സമ്മതിച്ചാൽ പിന്നെ അച്ഛൻ എതിര് പറയരുത്.
അരുണുമൊത്തു കവിതയെ കാണാൻ പോയ വിശേഷങ്ങൾ കൃഷ്ണനുണ്ണിയോട് പങ്കു വെക്കുകയായിരുന്നു ആതിര.
വിഷ്ണുവിൽ നിന്നും താനറിഞ്ഞ കാര്യങ്ങൾ ചോദിക്കുമ്പോൾ കൃഷ്ണനുണ്ണി ഒന്നും നിഷേധിച്ചില്ല.
ഒരുപാട് സ്നേഹിച്ചിരുന്നു, ജീവനെപ്പോലെ.
കൃഷ്ണനുണ്ണി മെല്ലെ പിറു പിറുത്തു.
നമുക്കൊരു ദിവസം പോകാമച്ചാ ആന്റിയെ കാണാൻ. അരുണും വരും. ആന്റിയെ എങ്ങനെയും സമ്മതിപ്പിച്ചേ പറ്റൂ. എങ്കിലേ വിഷ്ണുവിന്റെ ആത്മാവിനു ശാന്തി കിട്ടൂ.
ഉം… പോകാം.. അയാൾ സമ്മതമറിയിച്ചു.
****-****–********************************
“ആന്റി,…അല്ലേൽ വേണ്ട അമ്മേ ന്ന് വിളിച്ചോട്ടെ ഞാൻ.
വിളിച്ചോളു മോനേ. ആതു എന്റെയും കൂടി മോളാ. അപ്പൊ അവളുടെ ചെക്കൻ എന്നെ അമ്മേന്ന് വിളിക്കുന്നതാ ശരി.
കവിത അരുണിനെ നോക്കി പുഞ്ചിരിച്ചു.
അരുൺ വർധിച്ച സ്നേഹത്തോടെ ആ കൈകൾ കവർന്നു.
വിഷ്ണുവിന്റെ സ്ഥാനത്ത് ഇനിയെന്നും ഞാനുണ്ടമ്മേ കൂടെ. പക്ഷേ ഞാൻ പറയുന്നത് അമ്മ അനുസരിക്കണം.
അരുൺ പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിലായ പോലെ കവിത പെട്ടന്ന് അവന്റെ മുഖത്തു നിന്ന് നോട്ടം മാറ്റി.
ഇനിയെങ്കിലും ഈ ഒറ്റപ്പെടൽ മതിയാക്കിക്കൂടെ?
വിഷ്ണുവിന്റെ ആത്മാവ് ഇപ്പോഴും കരയുകയായിരിക്കും. അമ്മയെയോർത്ത്.ഈ വീട്ടിൽ നിറഞ്ഞു നിൽക്കുന്ന ശൂന്യതയോർത്ത്. അമ്മയുടെ നിസ്സഹായതയോർത്ത്.
മറ്റുള്ളവർ എന്തു പറയും എങ്ങനെ ചിന്തിക്കും എന്നൊക്കെയോർത്തു പാഴാക്കാനുള്ളതല്ല നമ്മുടെ ലൈഫ്.പെട്ടന്ന് ഒരു മാറ്റം ഉൾക്കൊള്ളാൻ കഴിയില്ലായിരിക്കും. എന്നിരുന്നാലും പിന്നീട് ആലോചിക്കുമ്പോൾ നമ്മൾ ചെയ്തതു തന്നെയാണ് ശരി എന്ന് മനസ്സിലാകും.
കൃഷ്ണനുണ്ണിയങ്കിൾ ഒരു പാവമാ. അത് ഞാൻ പറയാതെ തന്നെ അമ്മക്കറിയാലോ. ആതുവിന്റെ അമ്മ മരിച്ചതിൽപ്പിന്നെ അങ്കിളും ജീവിതസുഖങ്ങളൊന്നുമറിയാതെ മോൾക്ക് വേണ്ടി ജീവിച്ചു.
കല്യാണം കഴിഞ്ഞാൽ ഞാനും ആതുവും വല്ലപ്പോഴും കയറിച്ചെല്ലുന്ന അതിഥികൾ മാത്രമായിരിക്കും.
ആതുവിന്റെ ശൂന്യത അങ്കിളിനെ ഒരുപാട് തളർത്തിക്കളയും. ആ വീടുറങ്ങിപ്പോകും.
അത് മാത്രമല്ല ആതു ഒരിക്കലും എന്റെ കൂടെ ഹാപ്പിയാകില്ല. അതെനിക്ക് സഹിക്കില്ല. അവളില്ലാതെ ജീവിക്കാൻ എനിക്ക് കഴിയില്ല. നല്ല മനസ്സോടെ അവളേയീവിവാഹത്തിന് സമ്മതിപ്പിക്കാൻ അമ്മക്കെ കഴിയൂ… അമ്മക്ക് മാത്രം..പറ്റില്ലാന്ന് പറയല്ലേ അമ്മേ..
അരുൺ യാചനതയോടെ കവിതയുടെ കണ്ണുകളിലേക്കുറ്റ് നോക്കി.
അവ തോരാതെ പെയ്യുകയായിരുന്നു
ഇനിയും കരയല്ലേ അമ്മേ. അങ്കിളും ആതുവും കാറിലിരിക്കുവാ. ഞാൻ പോയ് വിളിച്ചിട്ട് വരാം. അമ്മ കണ്ണ് തുടക്ക്.
അരുൺ എഴുന്നേറ്റ് പുറത്തേക്ക് പോയി.
തിരികെ വന്നപ്പോൾ അവന്റെയൊപ്പം കൃഷ്ണനുണ്ണിയും ഉണ്ടായിരുന്നു.
മോളെവിടെ..?
മുഖം കഴുകി ബാത്‌റൂമിൽ നിന്നിറങ്ങി വന്ന കവിത രണ്ടു പേരോടുമായി ചോദിച്ചു.
ആദ്യം അച്ഛനും അമ്മയും തനിച്ചൊന്നു സംസാരിക്കു.. എല്ലാം പറഞ്ഞു തീരുമ്പോഴേക്കും ഞാനും ആതുവും ഇങ്ങോട്ടെത്തിക്കോളാം.
ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങിയ അവൻ വാതിൽക്കൽ എത്തിയപ്പോൾ തിരിഞ്ഞു നോക്കി കയ്യുയർത്തി കാട്ടി.
കവിത കൃഷ്ണനുണ്ണിയെ നോക്കി. അയാൾ അവളെയും..
ഒരു നിമിഷം കൊണ്ട് മനസ്സ് പത്ത്.സി. യിലെ രാധാമണി ടീച്ചറിന്റെ ഇംഗ്ലീഷ് ക്ലാസ്സിൽ ചെന്നിരുന്നു.
പിന്നെ ഓർമ്മകളുടെ കൂട്ടിപ്പെരുക്കമായിരുന്നു രണ്ടു മനസ്സുകളിലും.
എത്ര നേരം കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നു എന്ന് രണ്ടുപേർക്കും നിശ്ചയമുണ്ടായില്ല
ഡീ.. കടുകേ നീയെന്താ ഓർക്കുന്നെ.?
ഒടുവിൽ കൃഷ്ണനുണ്ണി മൗനം മുറിച്ചു.
ഒന്നുമില്ലെടാ കുഞ്ഞുണ്ണി…
ആ കുഞ്ഞുണ്ണി വിളിയിൽ അയാൾ കോരിത്തരിച്ചു പോയി.
ഹഹഹ.. നമ്മുടെ ഇരട്ടപ്പേര് മക്കൾ കേൾക്കണ്ട. ആതു പിന്നെ സ്ഥലകാല ബോധം പോലുമില്ലാതെ എടുത്തു വിളിക്കും.
“അച്ഛന്റെയല്ലേ മോള്.””
“കവീ…
“ഊം….
ഒരുപാട് സങ്കടപ്പെട്ടു ല്ലേ…?
“ഉം…”
“ഇനിയൊന്നു സന്തോഷിക്കണ്ടേ?
ജീവിതം,ഇന്നോ നാളെയോ എന്നറിയാതെ നമ്മെ മുന്നോട്ട് നടത്തുന്നുണ്ട്. ഇനിയുള്ള കാലം, ഹ്രസ്വമാണെങ്കിൽ കൂടിയും,എനിക്ക് നീയും നിനക്ക് ഞാനും സ്വന്തമായുണ്ടായാൽ അതിനോളം വലിയൊരു സന്തോഷം വേറെയുണ്ടാകാനില്ല എന്നൊരു തോന്നൽ. എനിക്ക് മാത്രമല്ല. മക്കൾക്കും.
കവിത നിറ കണ്ണുകളോടെ, ചുണ്ടിലൊരു പുഞ്ചിരിയെടുത്തണിഞ്ഞു. പിന്നെ ഒരു വിങ്ങിപ്പൊട്ടലോടെ അയാളുടെ തോളിലേക്ക് മുഖം ചായ്ച്ചു.
“എത്ര കൊതിച്ചതാ.. ഒന്നിച്ചൊരു ജീവിതം.”
“സാരമില്ലഡോ… വിധി നമുക്ക് നിശ്ചയിച്ച സമയം ഒത്തു വന്നത് ഇപ്പോഴാന്നു കൂട്ടിക്കോ.
അയാൾ ആ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു നിറുകിൽ ഉമ്മ വെച്ചു. പിന്നെ നിറഞ്ഞു തൂവുന്ന മിഴികളിലും.
വാതിലിനപ്പുറം അകത്തേക്ക് കടക്കാനൊരുങ്ങി പകച്ചു നിന്ന ആതിരയെ അരുൺ പിന്നെയും പുറത്തേക്കു വലിച്ചു കൊണ്ടു പോയി.
“നമ്മളിപ്പോ അങ്ങോട്ട് പോണ്ട.കുറച്ചു നേരം കൂടി അവർ അവരുടെ ലോകത്തു തനിച്ചിരിക്കട്ടെ ന്ന്… നമുക്ക് ആ കാറിലെങ്ങാനും പോയിരുന്ന് ഓരോ ഉമ്മയൊക്കെവെച്ച് ഒന്ന് പ്രേമിച്ചു കളയാം.
ഹൗ… എന്തൊരു പൂതിയാ ചെക്കന് … അവൾ അമർത്തിയ ചിരിയോടെ അവന്റെ കൈത്തണ്ടയിലേക്ക് നഖമാഴ്ത്തി.
*********************************
“കവിതേടത്തി, ആതുവിന്റെ ഒരുക്കം ഇനിയും കഴിഞ്ഞില്ലേ..?
സ്റ്റേർകേസ് ഇറങ്ങി വരുന്ന കവിതയെ കണ്ടപ്പോൾ സുമിത്ര ഓടി അരികിലെത്തി.
“ഞാനും അത് നോക്കാൻ പോയതാ.ദാ ഇപ്പൊ കഴിയും എന്ന് പറഞ്ഞു ബ്യൂട്ടിഷൻ എന്നെ ഓടിച്ചു വിട്ടു”
“ഹഹഹ… ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം. നമ്മുടെയൊക്കെ കാലത്ത് കല്യാണനിശ്ചയത്തിന് സാരിയുടുത്ത്, ഒരു പൊട്ടും തൊട്ട് തലയിൽ ഇച്ചിരി പൂവും കൂടി വെച്ചാൽ തീർന്നു ഒരുക്കങ്ങൾ.പിന്നെ ഇത്തിരി കൂടി ഒന്നൊരുങ്ങി കെട്ടുന്നത് കല്യാണത്തിനാ.. ഇതിപ്പോ നിശ്ചയത്തിനും ബ്യൂട്ടിഷൻ വേണമെന്നായി..”
“കാലം മാറിയില്ലേ സുമിത്രെ.. ഇനിയിപ്പോ പിള്ളേരുടെ സന്തോഷത്തിനങ്ങു നിന്ന് കൊടുക്കാ. അത്രേയുള്ളൂ.
“എന്തായിവിടെ ചേട്ടത്തീം അനിയത്തീം കൂടെ ഒരു പരദൂഷണം..ഞാനും കൂടി കേൾക്കട്ടെ..
അവർക്കരികിലേക്ക് വന്ന പ്രഭാകരൻ തല ചെരിച്ച് ചെവി സുമിത്രയുടെ ചുണ്ടിനരികിലേക്ക് കൊണ്ടു വന്നു.
“ന്നാ പിടിച്ചോ…
സുമിത്ര അയാളുടെ ചെവിയിൽ പിടിച്ച് ഒന്ന് തിരുമ്മി…
കവിതക്കതു കണ്ട് ചിരിയടക്കാനായില്ല.
അപ്പോഴാണ് അകമുറിയിൽ നിന്ന് കൃഷ്ണനുണ്ണി അവളെ കൈകാട്ടി വിളിച്ചത്.
“എന്താ കുഞ്ഞുണ്ണി ?
അയാൾക്കരികിലെത്തി അവൾ ശബ്ദം താഴ്ത്തി.
“നീയിങ്ങു വന്നേ….
അയാൾ അവളെയും കൂട്ടി അകത്തേക്ക് നടന്നു.
“നീയീ കണ്ണാടിയിലൊന്നു നോക്ക്യേ.!!
അവൾ കണ്ണാടിയിലേക്ക് നോക്കി. പിന്നെ ചോദ്യഭാവത്തിൽ അയാളുടെ മുഖത്തേക്കും.
“കണ്ണാടിയുടെ കുറ്റം കണ്ടു പിടിക്കാനല്ല അതിലോട്ടു നോക്കാൻ പറഞ്ഞത്. നിന്റെ മോന്തയൊന്നു നോക്കാൻ.”
“പിന്നെ…?
കവിത വീണ്ടും കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു.
“എന്തെങ്കിലും കുറവുണ്ടോന്ന് നോക്കിയേ.??
“എന്ത് കുറവ്…. എന്താന്ന് വെച്ചാ പറയ്… മനുഷ്യനെയിങ്ങനെ വട്ടം ചുറ്റിക്കാതെ.”
അയാൾ അവളെ ഇരുതോളിലും പിടിച്ച് തനിക്കഭിമുഖമായി നിർത്തി കൈനീട്ടി മേശപ്പുറത്തിരുന്ന കുങ്കുമച്ചെപ്പെടുത്തു. പിന്നെ അതിൽ നിന്നൊരു നുള്ള് കുങ്കുമമെടുത്തു അവളുടെ സീമന്തരേഖയിൽ തൊടുവിച്ചു.
“ഇനി നോക്ക്യേ…
അവളെ കണ്ണാടിയുടെ നേരെ തിരിച്ചു നിർത്തിക്കൊണ്ട് അയാൾ ചിരിച്ചു.
“ശ്ശോ… ഞാൻ മറന്നു.. അവൾ വശ്യമായൊരു പുഞ്ചിരിയോടെ അയാളെ നോക്കി.
അനുനിമിഷം അവളുടെ കവിളുകളിലേക്കും ആ കുങ്കുമ വർണ്ണം പടർന്നു തുടങ്ങുന്നത് അയാൾ കണ്ടു…
മഷിയെഴുതിക്കറുപ്പിച്ച കണ്ണുകളിൽ ഒരായിരം പ്രണയവർണ്ണങ്ങളും…
ശുഭം… ♥️♥️

by