12/03/2026

പ്രണയവർണ്ണങ്ങൾ : ഭാഗം 04

രചന – സിന്ധു അപ്പുക്കുട്ടൻ

“ആന്റി….

ചെടികൾ നനച്ചുകൊണ്ടുനിന്ന കവിത ഗേറ്റിനരികിൽ ആരോ വിളിക്കുന്ന കേട്ട് മുഖമുയർത്തി.

പിന്നെ നടന്നു ചെന്ന് ഗേറ്റിന്റെ ഓടാമ്പൽ നീക്കി.

ആതിര അവരെനോക്കി മനോഹരമായി പുഞ്ചിരിച്ചു.

അപരിചിതത്വമാണ് ആ മിഴികളിൽ ആതിരക്കാദ്യം കാണാനായത്.

ഒരു നിമിഷത്തിന്റെ ഇടവേളക്കപ്പുറം തിരിച്ചറിവിന്റെ മിന്നലൊളികൾ വിരിഞ്ഞതും കവിത സാരിത്തലപ്പുകൊണ്ട് മുഖം തുടച്ചു. എന്തോ മറക്കാൻ പണിപ്പെട്ടുകൊണ്ട്.

“ആ.. മോളായിരുന്നോ. കയറി വാ

ഉള്ളിൽ അലയടിച്ച വിറയൽ അടക്കികൊണ്ട് അവർ അവളുടെ കൈപിടിച്ചു. പിന്നെ ബൈക്കിലിരിക്കുന്ന അരുണിനെ നോക്കി പുഞ്ചിരിച്ചു.

“വണ്ടി അകത്തേക്ക് കയറ്റിക്കോളൂ.”

അരുൺ ഒരു മറു ചിരി സമ്മാനിച്ചു കൊണ്ട് ബൈക്ക് മുന്നോട്ടെടുത്തു.

കവിത ടാപ്പിനരികിൽ ചെന്ന് അതടച്ചു.

“”മോള് ആ കുട്ടിയേം വിളിച്ച് അകത്തേക്കു വാ. അമ്മ ചായയിടാം.”

ശരിയെന്ന് അവരോടു തലയാട്ടുമ്പോഴും,
ആതിരയുടെ കണ്ണുകൾ വെള്ളത്തുള്ളികളിറ്റിച്ചു നിൽക്കുന്ന പൂവിതളുകളിലും, ചെടിത്തലപ്പുകളിലുമായിരുന്നു.

പിങ്കി, പൊന്നു, അമ്മാളു, വാവ

എല്ലാം പൂത്തുലഞ്ഞു നിൽക്കുന്നു.

“വീട്ടിലെ പൂച്ചെടികൾക്ക് തേച്ചിട്ട് പോയ കാമുകിമാരുടെ പേരിടാൻ നിന്റെ തലക്ക് ഓളമാണോ പിശാശ്ശെ.

പാർക്കിലെ, കാറ്റാടിത്തണലിൽ ആതിരയുടെ മടിയിൽ തല വെച്ചു കിടന്നിരുന്ന വിഷ്ണു മുഖം അവളുടെ വയറിലേക്കമർത്തി രണ്ടു കൈകളും മുതുകിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ട് കുടുകുടെ ചിരിച്ചു

“ശ്ശെ… ഈ വൃത്തികെട്ടവൻ ന്തുട്ടായീ കാട്ടണേ… വയറിൽ ഇക്കിളിയിടുന്ന അവന്റെ മുഖം പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് ആതിര അവന്റെ മുതുകിൽ ഇടിക്കാൻ തുടങ്ങി.

“വിഷ്ണു… മാറ്… ആരെങ്കിലും കാണും..

ഹഹഹ….. എടി മരപ്പൊട്ടി
അവളുമാരോന്നും എന്നെയല്ല തേച്ചത്. ഞാൻ അങ്ങോട്ട് തേച്ചൊട്ടിച്ചതാ. പാവങ്ങൾ, കരഞ്ഞോണ്ടാ എന്റെടുത്തുന്ന് ഇറങ്ങിപ്പോയെ. പാപം കിട്ടണ്ടന്ന് കരുതിയാ ആ മഞ്ഞ റോസക്ക് പിങ്കിന്നും, ചോന്ന റോസിന് പൊന്നുന്നുമൊക്കെ പേരിട്ടത്.ഇടക്ക് അവളുടെയൊക്കെ അടുത്ത് ചെന്ന് തഴുകിത്തലോടി ഒരുമ്മയൊക്കെ കൊടുക്കുമ്പോ മനസ്സിനൊരു സമാധാനം.. അത്രന്നെ.

“ഉവ്വ്… നിന്റെ തഴുകലും തലോടലും.. ഞാനങ്ങു വരട്ടെ എല്ലാം തീർത്ത് തരുന്നുണ്ട്… മുഴുവനും വെട്ടി തീയിടും ഞാൻ… നോക്കിക്കോ.

“അതിനും മുന്നേ നിന്നെ തേച്ച് ഒരു സുന്ദരിക്കുട്ടിയേം കൊണ്ട് ഞാനങ്ങു പോവില്ലേ പെണ്ണേ…..

ഉവ്വ്… നീ പോകും.. അന്ന് നിന്റെ അന്ത്യമാ എന്റെ കയ്യോണ്ട്…

ഹഹഹ… വിഷ്ണു പിന്നെയും അവളെ ഇക്കിളിയിടാൻ തുടങ്ങി.

ഛീ… മാറ്.. വിഷ്ണു.. വേണ്ട

അവൾ പിന്നെയും അവന്റെ മുതുകിൽ ഇടിക്കാനാഞ്ഞു.

“എന്തുപറ്റി ആതു.. പൂക്കളോട് കലിപ്പ്.

അരുൺ വന്ന് അവളുടെ കയ്യിൽ പിടിച്ചു

“ഹേയ്… ഒന്നൂല്യ

ഓർമ്മകളിൽ നിന്നും പിടഞ്ഞുണർന്ന ആതു അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു പക്ഷേ അതൊരു വിളറിയ ചിരിയായിരുന്നു.

അരുണിനൊപ്പം അകത്തേക്ക് കയറുമ്പോൾ ചെറിയൊരു തണുപ്പ് തന്നെ വന്നു പൊതിയുന്നതായി ആതിരക്ക് തോന്നി.

ഡൈനിങ് റൂമിന്റെ മൂലയിൽ, വിഷ്ണുവിന്റെ സ്വകാര്യ സമ്പാദ്യമായ പഴയ മോഡൽ ടേപ്പ് റെക്കോർഡറും, സ്വർണ്ണ നിറത്തിലുള്ള കോളാമ്പി പാട്ടുപെട്ടിയും, ചുവരലമാരയിലെ പഴയ കാസറ്റ് കളക്ഷനുമെല്ലാം പൊടി തട്ടി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.

അതിലേക്കു നോക്കിയിരിക്കെ തനിക്കു മാത്രം കേൾക്കാനായി അത് തനിയെ പാടുന്നുണ്ടെന്ന് അവൾക്ക് തോന്നി

സുഖമോ ദേവി… സുഖമോ ദേവി… സുഖമോ ദേവി……

വിഷ്ണുവിനൊപ്പം എപ്പോഴുംകേട്ട് കേട്ട് അവളും ആ പാട്ടിനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.പക്ഷേ ഇന്നത് ഓർമ്മകളുടെ തീത്തുള്ളികളാണ് കാതിലേക്കിറ്റിക്കുന്നത്.

ആതിരയുടെ കണ്ണിൽ നിന്നടർന്നതുള്ളികൾ, അവൾക്ക് നേരെ നീട്ടിയ ചായക്കപ്പിലേക്ക് ഇറ്റ് വീണത് കണ്ട് കവിതയും ഒരേങ്ങലോടെ പെട്ടന്ന് പിന്തിരിഞ്ഞു നടന്നു.

നിശബ്ദമായ നിമിഷങ്ങൾക്കിടയിൽപ്പെട്ട് അരുണിന് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. അവൻ ചായക്കപ്പുമെടുത്തു പുറത്തേക്കിറങ്ങി. ആതിരയുടെ നോവ് കരഞ്ഞു തീരുന്നെങ്കിൽ തീരട്ടെ.

**********************************

“ഡോ… താൻ ആന്റിയോട്‌ പറയാൻ വന്ന വിഷയം അവരോട് അവതരിപ്പിച്ചോ??

തിരികെ പോരുമ്പോൾ അരുൺ ആതിരയോട് ചോദിച്ചു.

“ഉവ്വ്… പക്ഷേ ആന്റി സമ്മതിക്കുന്നില്ല. നീ സംസാരിക്കാമെന്ന് പറഞ്ഞിട്ട് എന്താ മുങ്ങിക്കളഞ്ഞേ.

നിങ്ങടെ കരച്ചിലും പിഴിച്ചിലുമൊക്കെ കണ്ടപ്പോൾ ഞാൻ പറയാൻ വന്നതൊക്കെ മറന്നു പോയ്‌. എന്തായാലും ഞാൻ വേറൊരു ദിവസം ഇങ്ങോട്ടു വരുന്നുണ്ട്. തനിയെ.അന്ന് ഞാൻ സമ്മതിപ്പിച്ചോളാം പോരാ.

ഉം…

“പക്ഷേ അതിന് മുൻപ് എനിക്കൊരു കാര്യം അറിയണം.”

എന്താ?

“വിഷ്ണുവിനെപ്പറ്റി ഞാനൊന്നും ചോദിച്ചിട്ടില്ല തന്നോട്. എനിക്കതു അറിയണമെന്ന് തോന്നിയിട്ടില്ല. പക്ഷേ ഇപ്പോ, എന്തോ എനിക്കതറിയാനൊരു ആകാംഷ.

അച്ഛനുമമ്മയും ക്ലാസ്സ്‌മേറ്റ്സ് ആണെന്നും, ഒരുകാലത്തു പ്രാണനെപ്പോലെ സ്നേഹിച്ചിരുന്നവരുമാണെന്നൊക്കെ അറിഞ്ഞോണ്ടാണോ താനും വിഷ്ണുവും ഇത്രമേൽ ഇഷ്ടത്തിലായത്..?

അരുൺ വണ്ടി ഒരു കോഫി ഷോപ്പിന്റെ മുന്നിൽ സൈഡ് ചേർത്ത് നിർത്തി.

“ഇവിടെ വേണോ അതോ ബീച്ച്ലേക്ക് പോണോ. പറയാൻ ഒത്തിരി ഉണ്ടെങ്കിൽ ബീച്ചാ നല്ലത്.

“അരുണിന്റെ ഇഷ്ടം.

അച്ഛനും ആന്റിയും ക്ലാസ്സ്‌മേറ്റ്സ് ആണെന്നൊന്നും ഞങ്ങൾക്ക് അറിയില്ലയിരുന്നു. അച്ഛന്റെ റിലേഷനിലുള്ള ഒരേട്ടന്റെ വീട്ടിൽ കല്യാണത്തിന് പോയപ്പോഴാ വിഷ്ണുവിനെ ഞാൻ ആദ്യമായിക്കണ്ടത്.

തിരകൾ ബാക്കിയാക്കിപോകുന്ന വെണ്നുരകളെ നോക്കി ആതിര പറഞ്ഞു തുടങ്ങി.

****-************—******-**

“ആതുമോളെ, എന്നെ അറിയോ. നിന്റെ അച്ഛനും ഞാനും പണ്ട് തറവാട്ടിൽ ഓടിക്കളിച്ചു വളർന്നവരാ. ഒക്കെ ഭാഗം വെച്ചു പിരിഞ്ഞപ്പോ കുടുംബക്കാരൊക്കെ നാനാവഴിക്കും ചിതറിപ്പോയി. പിന്നെയിങ്ങനെ എന്തെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ ആരെയെങ്കിലുമൊക്കെ കണ്ടാലായി. നിന്റമ്മ മരിച്ചെപ്പിന്നെ കൃഷ്ണനുണ്ണി ഒരു വിശേഷങ്ങൾക്കും എവിടെയും വരാതെയുമായി.

കല്യാണവീട്ടിൽ വെച്ച് കൃഷ്ണനുണ്ണിയുടെ വകയിലൊരു പെങ്ങളാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീ ആതിരയോട് വിശേഷങ്ങൾ ചോദിക്കുകയായിരുന്നു. അവൾ അതിന്മുൻപ് അവരെ കണ്ടിട്ടില്ലയിരുന്നു.

“അമ്മായ് യേ…. ഏതായീക്കുട്ടി.. ഇതിനു മുൻപ് എവിടെയും കണ്ടിട്ടില്ലല്ലാ.

അവർക്കിടയിലേക്ക് കയറിവന്ന ചെറുപ്പക്കാരൻ ആ സ്ത്രീയുടെ തോളിലൂടെ കയ്യിട്ട് ചേർന്നു നിന്നു.

അവന്റെയാ വരവും, തൃശൂർക്കാരന്റെ തനത് ശൈലിയിൽ നീട്ടിയുള്ള ആ ചോദ്യവും കേട്ട് ആതിരക്ക് ചിരി വന്നു.ആ വേഷത്തിനും പ്രൗഡിക്കും ഒട്ടും ചേരുന്നില്ലായിരുന്നു അവന്റെ ഭാവഹാവാദികൾ.

നിനക്ക് പറഞ്ഞാലൊന്നും മനസ്സിലാകില്ലടാ ചെക്കാ. ഇതെന്റെയാങ്ങള കൃഷ്ണനുണ്ണിടെ മോള് ആതിര. തൃപ്രയാറാ ഇവരുടെ തറവാട്.എന്റേം.

ഉം.. എന്നാപ്പിന്നെ ഞാൻ വിശദമായി പിന്നെയെപ്പോഴെങ്കിലും പരിചയപ്പെട്ടോളാം.

അവനാവളുടെ നേർക്ക് കണ്ണുകൾകൊണ്ടൊരു ചിരി സമ്മാനിച്ചു.

രണ്ടാഴ്ചകൾക്ക് ശേഷമൊരു ഞായാറാഴ്ച.

“”ആതു, നമുക്കിന്നു കുറച്ചു ഗസ്റ്റുണ്ട്ട്ടോ. രാവിലെ മടി പിടിച്ചിരിക്കാതെ ഒന്ന് കുളിച്ചു വൃത്തിയായി നിന്നോളൂ.

“ആരാ അച്ഛാ..?

നമ്മുടെ കുറച്ചു റിലേറ്റീവ്സാ. അവരിതിലെ വേറെ എന്തോ ആവശ്യത്തിന് പോകുന്നുത്രേ.. കൂട്ടത്തിൽ ഇവിടെയും കയറുന്നു. അത്രന്നെ.

“അതേതാ ഞാനറിയാത്ത പുതിയ കുറെ ബന്ധുക്കൾ..?

“അതൊക്കെ വരുമ്പോൾ കാണാം. നീ പറയുന്നതനുസരിക്കു.

കൃഷ്ണനുണ്ണി ധൃതിയിൽ മുറിയിൽനിന്നിറങ്ങിപ്പോയി. ആതിര ആലോചനയോടെ പിന്നെയും കുറച്ചു നേരം കൂടി ചടഞ്ഞു കൂടി കിടന്നു. ജീവിതം പുതിയൊരു വഴിയിലേക്ക് നടന്നു കയറാനൊരുങ്ങുന്നതറിയാതെ.

തുടരും..