15/02/2026

പ്രണയരാഗം : ഭാഗം 04

രചന – സുധീ മുട്ടം

മോളൊന്നും പറയണ്ടാം.ഹരിയെ പെട്ടെന്ന് മറക്കാൻ കഴിയില്ലെന്ന് അമ്മക്ക് അറിയാം..അവര് വന്ന് കണ്ടിട്ട് പോകട്ടെ..ഒരുവർഷം കഴിഞ്ഞു മതി വിവാഹം. നീ എഴുതിയ ഏതെങ്കിലും പി എസ്‌ സി ടെസ്റ്റിന് ഏതെങ്കിലും ഒന്നിന് ഫലമില്ലാതാകില്ല”

എന്റെ കയ്യിൽ നിന്നും ഫോട്ടോ നിലത്തേക്ക് തെറിച്ചു.. ഞാനമ്മയെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു.

“എനിക്ക് കല്യാണം വേണ്ടമ്മേ.”

അമ്മയുടെ മടിത്തട്ടിൽ കിടന്ന് ഒരുപാട് കരഞ്ഞു.എന്റെ സങ്കടം അമ്മക്ക് മനസ്സിലായ പോലെ മുടിയിഴകളിൽ തലോടി..

“ഞാൻ പറഞ്ഞിട്ട് അവർ വന്നാൽ മതി കേശവാ.എന്റെ മകളുടെ ആഗ്രഹം പോലൊരു ജോലി ലഭിക്കട്ടെ”

നല്ലൊരു ലോട്ടറി കൈവിട്ട നിരാശ കേശവന്റെ മുഖത്ത് പ്രകടമായി.

“ശരി അങ്ങനെ ആകട്ടെ ലക്ഷമിയമ്മേ”

കേശവൻ പടി ഇറങ്ങിയോടെ ലക്ഷമിയമ്മ എന്റെ മുഖം കയ്യിലെടുത്തു.

“സന്തോഷമായല്ലോ എന്റെ കുട്ടിക്ക്”

ഞാനമ്മയെ നിറഞ്ഞ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു തലയാട്ടി

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ഒരുമാസം പെട്ടന്നാണ് കടന്നു പോയത്..ഒരുദിവസം പോസ്റ്റ്മാൻ ഇന്റർവ്യൂ കാർഡ് അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു. ട്രിവാൻഡ്രത്ത് ആയിരുന്നു ഇന്റർവ്യൂ..അമ്മ ആയിരുന്നു ഒപ്പം വന്നത്.

ഇതിനിടയിൽ രണ്ടു മൂന്നു പ്രാവശ്യം ഹരിയേട്ടൻ വീട്ടിൽ വന്ന് പോയി..കാണാതിരിക്കാൻ ശ്രമിച്ചെങ്കിലും ചിലപ്പോഴൊക്കെ ആൾക്ക് മുന്നിൽ പെട്ടുപോയി..

ഒരുദിവസം വെറുതേ അമ്മയുമായി സംസാരിച്ച് ഇരിക്കുമ്പോൾ  സങ്കടങ്ങൾ കുന്നുകൂടി.

“ഞാനൊന്ന് കിടക്കട്ടെയമ്മേ”

അമ്മയുടെ അനുമതി കിട്ടും മുമ്പേ ഞാൻ മുറിയിലേക്ക് പോയി.കട്ടിലിൽ കിടന്ന് കുറച്ചു നേരം കരഞ്ഞു.അപ്പോൾ മനസിനു കുറച്ചു സമാധാനം കൈവന്നു….

കിടന്ന കിടപ്പിലൊന്നു മയങ്ങിപ്പോയി.അമ്മ വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്…

“എന്തൊരു ഉറക്കമാ മോളേ എഴുന്നേറ്റു ഭക്ഷണം കഴിക്ക്”

“എനിക്ക് വേണ്ടമ്മേ വിശപ്പില്ല”

“അതെന്ത് പറ്റി..പനിയുണ്ടോ നിനക്ക്”

അമ്മ നെറ്റിയിൽ കൈവെച്ചു…

“,ഈശ്വരാ നല്ല ചൂടുണ്ടല്ലോ.മോളു കിടന്നോ.അമ്മ ചുക്കു കാപ്പിയിടാം”

അമ്മ എഴുന്നേറ്റു പോകാൻ ഭാവിച്ചതോടെ ഞാനാ കൈകളിൽ മുറുക്കിപ്പിടിച്ചു…

“അമ്മ കുറച്ചു നേരമിവിടെയിരിക്ക്..ഞാനാ മടിയിൽ തല ചായിച്ചൊന്ന് കിടക്കട്ടെ.എന്റെ പനിയെല്ലാം പമ്പ കടക്കും”

അമ്മയെ അവിടെയിരുത്തി ഞാനാ മടിയിൽ തല ചായിച്ചു കിടന്നു.ഞാൻ ഒരു കൊച്ചുകുട്ടി ആയതുപോലെ….

അമ്മയുടെ കൈവിരൽ എന്റെ നെറ്റിയിലും മുടിയിഴകളും തലോടിക്കൊണ്ടിരുന്നു.ചുട്ടുപഴുത്ത മനസ്സ് ശാന്തമായി തുടങ്ങി…

കുറെസമയം അങ്ങനെ കടന്നു പോയി. ഞാൻ പതിയെ എഴുന്നേറ്റു . ചിന്തകളെ മറക്കാൻ ശ്രമിച്ചു .പൂർണ്ണമായും അമ്മയുടെ മകളായി…

കഴിഞ്ഞു പോയതിനെ കുറിച്ച് ഓർത്ത് എന്തിനാ വെറുതെ ടെൻഷനടിച്ചു ഞാൻ സമയം കളയുന്നത്…

മനസാക്ഷിയോട് ചോദിച്ചപ്പോൾ എനിക്ക് അങ്ങനെയാണ് ഉത്തരം ലഭിച്ചത്….

പിറ്റേദിവസം മുതൽ ഞാൻ കൂടുതൽ ഊർജ്ജസ്വലയായി. അമ്മയുടെ കൂടെ ആയിരുന്നതിനാൽ എനിക്ക് ഒരുപ്രശ്നവും ഉണ്ടായിരുന്നില്ല…

ദിവസങ്ങൾ വളരെവേഗം കടന്നുപോയി.ഹരിയേട്ടൻ വല്ലപ്പോഴും വന്നെങ്കിലായി.വന്നാൽ കഴിവതും ഉടനെ മടങ്ങും.എനിക്ക് മുഖം തരില്ല…

രണ്ടു മാസങ്ങൾ പെട്ടെന്ന് കടന്നുപോയി.ഒരുദിവസം അപ്രതീക്ഷിതമായി ഹരിയേട്ടൻ ഹരിമംഗലത്തെത്തി.എന്താണ് കാരണമെന്ന് എനിക്ക് മനസ്സിലായില്ല.ഞാൻ അതിനെപ്പറ്റി തിരക്കാനും മിനക്കെട്ടില്ല…

മൂന്നുദിവസം മുമ്പ് വന്നിട്ടുപോയതെയുളളൂ.അതിനിടയിൽ വരണമെങ്കിൽ എന്തെങ്കിലും അർജന്റ് കാണുമായിരിക്കും…

പിറ്റേന്നും ഹരിയേട്ടൻ വീണ്ടും ഉണ്ടായിരുന്നു. ഞാൻ അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോൾ അമ്മ കയറി വന്നു….

“എന്തുപറ്റി ലച്ചു മുഖത്തിനൊരു വാട്ടം”

എന്നെത്തെയും പോലെ തമാശയോടെ ഞാൻ ചോദിച്ചു…

“മോളേ അമ്മയൊരു കൂട്ടം പറഞ്ഞാൽ സങ്കടപ്പെടരുത്”

“അമ്മ പറഞ്ഞോളൂ..സങ്കടമായാലും സന്തോഷമായാലും എനിക്ക് ഒരുപോലെയുള്ളൂ ഇപ്പോൾ”

എനിക്ക് ഇപ്പോൾ അങ്ങനെയാണ്. വികാരങ്ങൾ മരിച്ചു കഴിഞ്ഞു. അമ്മയൊഴികേ ആരോടും അത്ര മമതയില്ല…

“മോളേ ഹരിക്കൊരു ആലോചന.അവന്റെ കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ തന്നെയാണ്”

എന്തായാലും ഒരുപോലെയുള്ളൂന്ന് അമ്മയോട് പറഞ്ഞെങ്കിലും ഹരിയേട്ടൻ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാൻ പോകുന്നൂന്ന് കേട്ടതും ഞാൻ തളർന്നുപോയി…

മനസ്സിനാൽ ഒരുപാട് സ്നേഹിച്ചയാളാണ്.ഒരുമിച്ച് ജീവിക്കാൻ കൊതിച്ചതുമാണ്….

ഹരിയേട്ടൻ എന്നെ മനപ്പൂർവം ഒഴിവാക്കാൻ ശ്രമിച്ചതിന്റെ പൊരുൾ എനിക്ക് ഇപ്പോൾ മനസ്സിലായി…

“സാരമില്ല… ഹരിയേട്ടൻ ആഗ്രഹിക്കുന്നതു പോലെയൊരു ജീവിതം അദ്ദേഹത്തിനു ലഭിക്കട്ടെ…

അമ്മയുടെ മുഖം സങ്കടത്താൽ നിറഞ്ഞൊഴുകയാണ്…

“എനിക്ക് വിഷമമില്ലമ്മേ..അമ്മയിങ്ങനെ സങ്കടപ്പെടുന്നതാണു എനിക്ക് സഹിക്കാൻ പറ്റാത്തേ”

ഞാൻ അമ്മക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചു…

“ഒരുപാട് കൊതിച്ചതാണു ഞാൻ നിന്നെ ഹരിയുടെ വധുവായി.നിന്നെപ്പോലെ നന്മയുള്ളൊരു കുട്ടിയെ അവനു വിധിച്ചിട്ടില്ല”

“സാരമില്ല അമ്മേ..നമുക്ക് ഹരിയേട്ടന്റെ സന്തോഷമല്ലേ വലുത്”

അമ്മയെ ഒരുവിധത്തിൽ ഞാൻ പറഞ്ഞു സമാധാനിപ്പിച്ചെങ്കിലും എന്റെ നെഞ്ചകം നീറിപ്പുകയുകയായിരുന്നു…

“ഇത്രയും സ്നേഹിച്ചയാളെ പെട്ടന്നിറക്കി വിടാൻ എങ്ങനെ കഴിയും….

കരയില്ലെന്ന് തീരുമാനിച്ചെങ്കിലും മനസ്സിൽ പെരും മഴ പെയ്യുകയായിരുന്നു.കാറും കോളും നിറഞ്ഞ അന്തരീക്ഷം മനസാകെ ഇളക്കി മറിച്ചു…

രാത്രിയിൽ ഒരുപാട് ഞാൻ കരഞ്ഞു.ഇനിയൊരിക്കലും കരയില്ലെന്ന് ഞാൻ ഉറച്ചൊരു തീരുമാനം എടുത്തു….

അമ്മ പറഞ്ഞതുപോലെ ഹരിയേട്ടന്റെ കൂടെ ജോലി ചെയ്യുന്ന വർഷയുടെ വീട്ടുകാർ വീട്ടിൽ വന്നു വിവാഹം ഉറപ്പിച്ചു. ഞാൻ ആരെന്ന ചോദ്യം അവർക്കിടയിൽ ഉയരുകയും ചെയ്തു…

എന്നെ അവിടെ നിന്ന് വിവാഹത്തിനു മുമ്പ് അവിടെ നിന്ന് ഒഴിവാക്കണമെന്ന് ഹരിയേട്ടൻ അമ്മയോട് പറയുന്നത് കേട്ട് ഞാൻ ഞെട്ടിപ്പോയി. വർഷക്കും വീട്ടുകാർക്കും അത് ഇഷ്ടമല്ലെന്ന് ഹരിയേട്ടൻ പറഞ്ഞു..

അമ്മക്ക് എന്നോടത് നേരിട്ട് പറയാൻ കഴിയാത്തതിനാൽ ഹരിയേട്ടൻ തന്നെ ആവശ്യപ്പെട്ടു…

” സാരമില്ല ഹരിയേട്ടാ..ഏട്ടന്റെ വിവാഹം കഴിയുന്ന നിമിഷം ഞാൻ ഇവിടെ നിന്ന് ഒഴിവായി തരാം”

അമ്മയെ പിരിയാനെ എനിക്ക് സങ്കടമുളളൂ..അമ്മക്കും അങ്ങനെ തന്നെയാണ്.. മ

ഹരിയേട്ടന്റെ വിവാഹത്തിനു ഹരിമംഗലം ഒരുങ്ങിക്കഴിഞ്ഞു..ഏകദേശം ഒരാഴ്ചക്ക് മുമ്പ് പോസ്റ്റുമാൻ രജിസ്റ്റേർഡ് ലെറ്ററുമായി എന്നെ തേടിയെത്തി…

“എന്തുവാ മോളേ…”

അമ്മ കൂടെ ഉണ്ടായിരുന്നു.. ലെറ്റർ പൊട്ടിച്ചു വായിച്ചതും സന്തോഷത്താൽ എന്റെ മുഖം വിടർന്നു..

“അമ്മേ ജോലിക്കുളള അപ്പോയ്മെന്റ് ഓർഡറാണ്..

അമ്മയെ ഞാൻ കെട്ടിപ്പിടിച്ചു …

“എന്റെ ദേവീ നീ കാത്തു.നിനക്ക് നന്മയെ വരൂ  മോളേ.സുന്ദരനായൊരു രാജകുമാരൻ നിന്നെ തേടിയെത്തും..സ്വഭാവഗുണങ്ങളുളള നല്ലൊരു പയ്യൻ”

അമ്മയെന്നെ ചേർത്തു പിടിച്ചു നിറുകയിൽ ചുംബിച്ചു….

“അമ്മേ ഹരിയേട്ടന്റെ വിവാഹദിവസമാണ് എനിക്ക് ജോയിൻ ചെയ്യേണ്ടത്…”

ഞങ്ങളെ ശ്രദ്ധിച്ചു നിന്ന ഹരിയേട്ടനെ നോക്കി ഞാൻ പറഞ്ഞു.. ഹരിയേട്ടന്റെ മുഖം മാറി…

“അതെന്തായാലും നന്നായി…നിന്നെ ഇറക്കി വിട്ടൂന്നൊരു ശാപം അമ്മക്ക് കിട്ടില്ലല്ലോ”

“ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണു അമ്മേ സ്ഥലം.. അവിടെയെവിടെങ്കിലും താമസം ശരിയാക്കണം”

“മണ്ണാറശ്ശാലക്ക് സമീപമല്ലേ..സർപ്പദൈവങ്ങളുടെ അനുഗ്രഹവും മോൾക്ക് കിട്ടും”

“ഹരീ…” അമ്മ നീട്ടി വിളിച്ചു…

“നിന്റെ വിവാഹം കഴിഞ്ഞു നീ ഭാര്യയുമായി ജോലിസ്ഥലത്തേക്ക് പോവല്ലേ.ഞാനിവിടെ ഒറ്റക്കാകും.നിന്റെ കെട്ടു കഴിഞ്ഞാൽ ഞാനും മോളുടെ കൂടെ ഹരിപ്പാടിനു പോകും”

ഉറച്ച ശബ്ദത്തോടെ അമ്മ പറയുന്നത് ഞാൻ കേട്ടു.എനിക്ക് ഇതിൽപ്പരമൊരു സന്തോഷം വേറെയില്ലായിരുന്നു…..

“ഹരിപ്പാട് എന്റെ സ്വപ്നങ്ങൾക്ക് നിറമേകും..കാരണം പുതിയ സ്ഥലം.. ഞാനും പുതിയ ഒരാളായി മാറാൻ തീരുമാനം എടുത്തു

*************”””

ഹരിയേട്ടന്റെ വിവാഹദിവസം   എനിക്കായുളളതെല്ലാമെടുത്ത് ബാഗിൽ എടുത്തു വെച്ചു…..

കുറച്ചു തുണികളും പുസ്തകളും മാത്രം. അല്ലാതെ എനിക്ക് സ്വന്തമായിട്ട് അമ്മയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല…

കല്യാണത്തലേന്ന് വീട്ടിലാകെ തിരക്കായിരുന്നു.ഹരിമംഗലത്തെ അകന്ന ബന്ധത്തിലുളളവർ വരെ തലേദിവസമെത്തിയിരുന്നു.ചിലരുടെയൊക്കെ അർത്ഥംവെച്ചുളള മിഴിമുന എത്തിയതോടെ ഞാനാകെ അസ്വസ്ഥമായി…

എല്ലാം എടുത്തു ഭദ്രമാക്കിയശേഷം ഞാൻ അമ്മയെ തിരഞ്ഞ് അടുക്കളയിലെത്തി…

“നീയിപ്പോഴും ഇവിടെത്തന്നെയാണോടീ.നിന്റെ വീട്ടിലൊന്നും പോകാറില്ലേ”

“അതെങ്ങനെ പോകും ഹരിയെക്കെട്ടി ഇവിടെയങ്ങ് കഴിയാമെന്നായിരുന്നു ധാരണ.അതിനു ലക്ഷമിയെ പാട്ടിലാക്കാനും ശ്രമിച്ചു. എന്നിട്ടെന്തായി ഹരി ഇടഞ്ഞതോടെ സ്വപ്നങ്ങൾ കൈവിട്ടുപോയില്ലേ”

അടുക്കളയിൽ കൂടിയിരുന്ന പ്രായമുള്ള സ്ത്രീകൾ ഓരോന്നും പറഞ്ഞു ചിരിക്കുമ്പോൾ സമനില കൈവിടാതെ ഞാൻ പുഞ്ചിരിയോടെ എതിരേറ്റു…

അമ്മയെ അവിടെങ്ങും കാണാതെയായപ്പോൾ ഞാൻ പുറത്തേക്കിറങ്ങി.ശ്രീധരൻ മാമയോട് സംസാരിച്ചു നിൽക്കുന്ന അമ്മയെ ഞാൻ കണ്ടു.അവർക്ക് അരികിലേക്ക് ഞാൻ ചെന്നു..

“അമ്മ ഒന്ന് വന്നെ..എനിക്കൊരു കൂട്ടം പറയാനുണ്ട്”

കുറച്ചു മാറ്റി നിർത്തി ഞാൻ അമ്മയോട് കാര്യം അവതരപ്പിച്ചു…

“എല്ലാവരും വന്നിട്ടുണ്ട്. ഞാൻ വീട്ടിലേക്ക് പോകുവാണ്.വെളുപ്പിനെ ഉണർന്നു എനിക്ക് പോവുകയും ചെയ്യാം. അമ്മ എന്നെ തടയാതിരുന്നാൽ മതി”

അമ്മ ചിലപ്പോൾ തടസ്സം പറഞ്ഞാലോ എന്ന് ഞാൻ ഭയപ്പെട്ടു…

“അമ്മ തടയില്ല.നീയെടുത്ത തീരുമാനമാണ് ശരി.ഇവിടെ പലർക്കും നിന്നെ കാണുന്നത് കണ്ണുകടി ആണ്”

അമ്മയുടെ കണ്ണുകളിൽ എന്നെ പിരിയുന്നതിന്റെ വേദന വല്ലാതെയലട്ടി.ഞാനത് പുറമേ കാണിച്ചില്ല…അമ്മ കരയാനും കൂടെ ഞാനും കരയാനുമൊരു കാരണം വേണ്ട…

“അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും എപ്പോഴും കൂടെയുണ്ടാകണം”

എന്നെ അമ്മ ചേർത്തു പിടിച്ചു നിറുകയിൽ ചുംബിച്ചു..

“പോയിവരൂ..അമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും എന്റെ കുട്ടിയുടെ കൂടെയുണ്ട്.ഒരാഴ്ച കഴിഞ്ഞു താമസ്ഥലവും ശരിയാക്കി വേഗം വരണം”

“അതൊക്കെ ഞാനേറ്റൂ..അമ്മയെന്റെ കൂടെ വരുന്നതിൽ കൂടുതൽ എനിക്ക് എനിക്ക് മറ്റെന്താണ് വേണ്ടത്”

തിരികെ മുറിയിലേക്ക് നടക്കുമ്പോൾ ഞാൻ ചിന്തിച്ചതും അത് തന്നെയാണ് .അതിനാൽ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അധികം സങ്കടം അനുഭവപ്പെട്ടില്ല…

എടുക്കാനുളള ബാഗുമെടുത്ത് ഞാൻ വീട്ടിലേക്ക് പോയി.ഹരിമംഗലത്ത് ഇറങ്ങുമ്പോൾ മനസ്സ് ശൂന്യമായത് പോലെ…

ഒരിക്കലും ഹരിമംഗലത്ത് അവകാശവും പറഞ്ഞു ചെന്ന് കയറാൻ തനിക്ക് ആവില്ല.ഇത്രയും വർഷത്തെ ഓർമ്മകൾ തന്നത് തന്നെ വലിയ കാര്യമാണ്…

ഞാൻ ഇറങ്ങാൻ നേരം അമ്മ മനപ്പൂർവം വന്നില്ല.സങ്കടപ്പെടാൻ ഞാനും ആഗ്രഹിക്കുന്നില്ല…

“അല്ലെങ്കിൽ ഇനിയെന്തിനാ സങ്കടപ്പെടുന്നത്.ഹരിമംഗലത്തെ പുണ്യം തനിക്ക് മാത്രം സ്വന്തം.. എങ്കിലും കണ്ണുകളിൽ നനവ് പടർന്നിരുന്നു….

വീട്ടിൽ എത്തിച്ചേർന്നപ്പോൾ ഒറ്റപ്പെട്ടു പോയത് പോലെ.എങ്കിലും മനസ്സിനെ കടിച്ചമർത്തി ഞാൻ പിടിച്ചു നിന്നു.അച്ഛന്റെയും അമ്മയുടെയും ഫോട്ടോയ്ക്ക് മുമ്പിൽ നിന്നപ്പോൾ മനസ് ശാന്തമായി…

ഒന്നുംവെച്ചുണ്ടാക്കി കഴിക്കണമെന്ന് തോന്നിയില്ല.കട്ടിലിൽ മാറിക്കിടന്നങ്ങനെ മടങ്ങിപ്പോയി. സന്ധ്യക്ക് മുമ്പായിട്ടാണു വീട്ടിൽ എത്തിയത്….

മൊബൈലിൽ അലറാം വെച്ചു കിടന്നതിനാൽ അഞ്ചുമണിക്ക് എഴുന്നേറ്റു കുളിച്ച് ഈറനണിഞ്ഞ് അടുത്തുള്ള ഭഗവതീക്ഷേത്രത്തിൽ പോയി മനസ്സുരുകി പ്രാർത്ഥിച്ചു…

എന്റെ പ്രാർത്ഥനയിൽ ഏറിയ പങ്കും ഹരിയേട്ടനും അമ്മക്കും വേണ്ടിയായിരുന്നു.. എന്നെ ഉപേക്ഷിച്ചെന്നു കരുതി ആ മനുഷ്യനു ദോഷം വരുന്നതൊന്നും ഞാൻ ആഗ്രഹിച്ചില്ല….

ക്ഷേത്രത്തിൽ നിന്ന് വീട്ടിൽ മടങ്ങിയെത്തിയ ശേഷം അച്ഛന്റെയും അമ്മയുടെയും കുഴിമാടത്തിനു മുമ്പിൽ പോയി പ്രാർത്ഥിച്ചു. അപ്പോഴേക്കും സമയം ആറു കഴിഞ്ഞിരുന്നു…

ഇപ്പോഴെങ്കിലും ഇറങ്ങിയില്ലെങ്കിൽ ശരിയാകില്ല.ഹരിപ്പാട് ആദ്യമായിട്ട് പോവുകയാണ്.പരിചയമില്ലാത്ത സ്ഥലം…

ധൃതിവെച്ചു ഞാൻ ബാഗുമായി മുറ്റത്തേക്ക് ഇറങ്ങിയതും അത്ഭുതപ്പെട്ടു…

” ലക്ഷമിയമ്മ മുറ്റത്ത് നിൽക്കിന്നു”

ഞാൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു…

“ഞാൻ പോകാൻ നേരം അമ്മ എത്തിയല്ലോ എനിക്ക് ഇതിൽ കൂടുതൽ സന്തോഷം മറ്റൊന്നുമില്ല…

” ദാ മോളേ കുറച്ചു പൈസ..വാങ്ങിക്കാൻ മടിക്കേണ്ട.ചിലവിനും പിന്നെയൊരു വാടക വീടിനും പണം വേണ്ടേ.ആവശ്യമുള്ള സാധനങ്ങൾ വാങ്ങണം.അതുകൊണ്ട് എതിരു പറയാൽ നിൽക്കണ്ട…”

എന്റെ സ്വഭാവം നന്നായി അറിയാവുന്നതിനാലാണ് അമ്മ പറഞ്ഞത്….

എതിരൊന്നും പറയാതെ ഞാൻ കാശ് വാങ്ങി ബാഗിൽ ഭദ്രമായി വെച്ചു…

“അവിടെ ചെന്നിട്ട് വിളിക്കണം”

“ശരിയമ്മേ”

പാതിവഴിയിൽ അമ്മ കൂടിയെന്റെ കൂടെ വന്നു…

“അമ്മയിനി പൊയ്ക്കോളൂ..”

അമ്മയെ യാത്രയാക്കിയട്ടു ഞാൻ ബസ് സ്റ്റോപ്പിൽ വന്നു..ഏഴുമണി കഴിഞ്ഞു ബസ് കിട്ടുമ്പോൾ.. സൈഡ് വിൻഡോയിൽ ഇരുന്ന് അകന്നകന്നു പോകുന്ന എന്റെ ഗ്രാമത്തെ ഞാൻ കണ്ടു…..

ഹരിപ്പാട് എത്തുമ്പോൾ സമയം ഒമ്പത് കഴിഞ്ഞിരുന്നു. ഓഫീസ് അഡ്രസ് ഹരിപ്പാട് എന്നാണെങ്കിലും അത് സ്ഥിതി ചെയ്യുന്നത് നങ്ങ്യാർ കുളങ്ങര കവലയിൽ ആയിരുന്നു. വീണ്ടും ബസ് കയറി അവിടെ ചെന്നു…..

പത്ത് മണിയോടെ സൂപ്രണ്ട് എത്തിയപ്പോൾ അപ്പോയ്മെന്റ് ലെറ്റർ കാണിച്ചു. എനിക്കുളള ഇരിപ്പിടം എവിടെ എന്ന് അറ്റൻഡറെ വിളിച്ചു അദ്ദേഹം പറഞ്ഞു കൊടുത്തു…..

ഓഫീസിൽ എനിക്കെല്ലാം അപരിചിതരാണ്…

LD ക്ലർക്കിന്റെ സീറ്റ് ചൂണ്ടി കാണിച്ചു അറ്റൻഡർ പറഞ്ഞു…

“അതാണ് മേഡത്തിന്റെ സീറ്റ്”

അയാൾ ചൂണ്ടി കാണിച്ചു തന്ന സീറ്റിനു മുമ്പിൽ എൽ ഡി ക്ലർക്ക് എന്നെഴുതിയ ബോർഡ് ഞാൻ കണ്ടു….

“എനിക്ക് ഒന്നും പരിചയമില്ല.എല്ലാം പറഞ്ഞൊന്ന് തരണം”

“ഗായത്രി മേഡം വരുമ്പോൾ എല്ലാം ചോദിച്ചു മനസിലാക്കാം”

അറ്റൻഡർ പോയതോടെ ഞാൻ എന്റെ ഇരിപ്പടത്തിൽ അമർന്നിരുന്നു…

“സർക്കാർ ജോലി ലഭിച്ചെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല…”

ഹരിപ്പാട് എനിക്ക് പുതിയ സ്ഥലമാണ്.. സ്ഥലം മാറ്റം ലഭിക്കുന്നത് വരെ എന്റെ നാടും കൂടിയാണ്.. എല്ലാം മറന്ന് പുതിയൊരു ജീവിതം…

സഹപ്രവർത്തകരെല്ലാം വന്നു പരിചയപ്പെട്ടു.എല്ലാവരും നന്മയുളളവർ….

താമസിക്കാനൊരു സ്ഥലം എവിടെ തേടുമെന്ന് എന്നെ ആശങ്കപ്പെടുത്തി…

“അറ്റൻഡറോട് പറയാം.. എന്ന് കരുതി ഞാൻ മുഖം ഫയലുകളിൽ ഒളിപ്പിച്ചു…

” ഡീ നയനേ…അറിയുമോ നീയെന്നെ.അതോ മറന്നോ”

ഞെട്ടലോടെ മുഖമുയർത്തിയ ഞാൻ മുമ്പിൽ നിൽക്കുന്ന ആളെക്കണ്ട് അമ്പരന്നു പോയി…

“എന്റെ എല്ലാ ആശങ്കൾക്കും വിരാമിമിട്ടു കൊണ്ട് ഗായത്രി മുന്നിൽ നിൽക്കുന്നു…

” പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച പ്രിയപ്പെട്ട കൂട്ടുകാരി…ഞാൻ ഗായൂ എന്ന് സ്നേഹത്തോടെ വിളിക്കുന്ന എന്റെ ഗായത്രി….

(തുടരും)