The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
“എന്നാൽ ശെരിയെടാ …നീ ഫോൺ വെച്ചോ… എനിക്ക് ഉറക്കം വരുവാ…”
“കുറച്ചു നേരം കൂടി മിണ്ടെടി….”
“പോടാ കൊരങ്ങാ.. എനിക്ക് രാവിലെ ജോലിക്ക് പോകാണുള്ളതാ.ക്വാറന്റയിനിൽ ആയോണ്ടു നിനക്ക് ഉച്ച വരെ കിടന്നുറങ്ങാമല്ലോ.”
“ഡീ…”
“എന്താടാ”..
“എനിക്ക് നിന്നോടൊരു കാര്യം പറയണം..”
“വേഗം പറയ്.. എനിക്കുറങ്ങണം…”
“ഓ… എങ്കിൽ പോയികിടന്നുറങ്… അവളുടെയൊരു ഉറക്കം… നീയാരാടി കുംഭകർണന്റെ അനിയത്തിയോ..?”
“കാര്യം പറയുന്നുണ്ടോ ഇല്ലയോ…”
“അതങ്ങനെ പ്രത്യേകിച്ചു കാര്യം ഒന്നൂല്ല… എനിക്ക് ഉറക്കം വരുന്നില്ല… ഉറക്കം വരും വരെ നീ എന്നോട് മിണ്ടിക്കൊണ്ടിരിക്ക്..”
“പോടാ അലവലാതി… ”
“ഞാൻ ശെരിക്കും പറയുവാടി… ഇന്ന് മാത്രമല്ല എന്നും ഇങ്ങനെയാ… കിടന്നാൽ ഉറക്കം വരുകയേയില്ല… കുറച്ചു നേരം ഫേസ്‍ബുക് ഒക്കെ നോക്കും.. പിന്നെ എത്ര നേരം തിരിഞ്ഞും മറിഞ്ഞും കിടക്കുമെന്നോ… ഉറങ്ങാൻ വല്യ പാടാ..”
“ശ്ശെടാ….അപ്പൊ ഇത്ര ദിവസം നീയെങ്ങനെയ ഉറങ്ങിക്കൊണ്ടിരുന്നത്?”
“ഇത്ര നാൾ പബ്‌ജി ഉണ്ടായിരുന്നല്ലോ…”
“ഈശ്വരാ… പബ്‌ജി നിരോധിച്ചവൻ തല മൊട്ട അടിക്കുമ്പോൾ കല്ലുമഴ പെയ്യണമേ”
“നീ അങ്ങേരെ പ്രാകാതെ എനിക്ക് കമ്പനി താ… അല്ലേൽ എനിക്കുറങ്ങാൻ വഴി പറഞ്ഞു താ..”
“ഒക്കെ… ഞാൻ ഐഡിയ പറഞ്ഞു തരാം.. സാധാരണ എനിക്കങ്ങനെ ഉറങ്ങാൻ ബുദ്ധിമുട്ടൊന്നുമില്ല….”
“എനിക്കറിയാം നീ കട്ടിൽ കണ്ടാൽ അപ്പൊ കമന്നടിച്ചുറങ്ങുന്ന ടീമല്ലേ”
“പോടാ ഞാൻ പറയുന്നില്ല…”
“പറയെടി കൊരങ്ങത്തീ….”
“അത് നിന്റെ മറ്റവൾ…”..
“ഹാ അങ്ങനെ ആരേലുമുണ്ടായിരുന്നേൽ എനിക്ക് നിന്നോടൊക്കെ ഇങ്ങനെ കെഞ്ചി നിൽക്കണമായിരുന്നോ…?”
“അയ്യോട സെന്റി അടിക്കാതെ ഞാൻ പറയുന്നത് കേൾക്ക്… ഉറക്കം വരാതെ കിടക്കുമ്പോൾ ഇങ്ങനെ കണ്ണടച്ചു കിടന്നിട്ടു നമ്മൾ ഒരു പൂന്തോട്ടത്തിൽ ആണെന്ന് സങ്കല്പിക്കണം… എന്നിട്ട് നമ്മൾ ഗേറ്റ് കടന്നു ആദ്യം ചെല്ലുമ്പോൾ കാണുന്നത് നല്ല ചുവന്ന റോസാപ്പൂക്കൾ… അതു കണ്ടോണ്ടു
ഇങ്ങനെ നടക്കുമ്പോൾ മഞ്ഞ മന്ദാരം.. അല്ലെങ്കിൽ സൂര്യകാന്തി പൂക്കൾ… അത് കഴിയുമ്പോൾ ഒരു ഭാഗം നിറയെ വെളുത്ത ചെമ്പകം പൂത്തു നിൽക്കുന്നു… പിന്നെ ഇങ്ങനെ നടന്നു ചെല്ലുമ്പോൾ ഒരു വെള്ളച്ചാട്ടം…അതിന്റെ താഴെ വയലറ്റു നിറമുള്ള ഏതോ കാട്ടുപൂക്കൾ നിറയെ പൂത്തു നിൽക്കുന്നു…. അതു കഴിയുമ്പോൾ….”
“അതു കഴിയുമ്പോൾ നിന്റെ ചെവിയിൽ വെക്കാനുള്ള ചെമ്പരത്തി ഇങ്ങനെ പൂത്തു നിൽക്കുന്നു…”
“പോടാ പട്ടീ… നിന്നോട് ഇതൊക്കെ പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ… ചുമ്മാതല്ലെടാ അവൾ നിന്നെ തേച്ചിട്ടു പോയത്..”
“എടി… ഈ പെണ്പിള്ളേരുടെ പോലെ പൂവും വെള്ളച്ചാട്ടവും ഒന്നും എനിക്ക് പിടിക്കില്ല…”
“പിന്നെ നിനക്ക് എന്തു പിടിക്കും”
“ബീച് ആണെങ്കിൽ ഒക്കെ..”
“എങ്കിൽ നീ കണ്ണടച്ചു ബീച് കണ്ടാൽ മതി… അല്ലെങ്കിൽ ഒരു കാര്യം പറയാം… നിനക്ക് ഏറ്റവും സന്തോഷമുള്ള ഒരു കാര്യം എന്താണോ അതോർത്ത് കിടന്നാൽ മതി… തനിയെ സമാധാനത്തോടെ ഉറങ്ങിക്കോളും..”
“ഒക്കെ ഡി… ഐ വിൽ ട്രൈ..”
“ഒക്കെ… ഗുഡ് നൈറ്റ്..”
“ഗുഡ് നൈറ്റ്..”
അവൻ ഫോൺ വെച്ചതും ഞാൻ ലൈറ്റ് അണച്ചു കണ്ണടച്ചു കിടന്നു.. എന്റെ പ്രിയപ്പെട്ട പൂന്തോട്ടത്തിലൂടെ ഇതുവരെ കണ്ടിട്ടില്ലാത്ത സങ്കല്പ കാമുകന്റെ കൈയും പിടിച്ചു ഞാൻ നടന്നു…ചുവപ്പു പൂക്കൾ കടന്നു, മഞ്ഞ പൂക്കൾ കടന്നു… വെളുത്ത പൂക്കൾ എത്തിയപ്പോഴേക്കും ഞാൻ ഉറങ്ങിപ്പോയി…
രാവിലെ എണീറ്റ് നോക്കുമ്പോൾ അവന്റെ കുറെ മെസ്സേജുകളുണ്ട്… മൊത്തം എന്നെ വിളിച്ച തെറികളാണ്… കാര്യം മനസിലായില്ലേലും ഞാൻ ആംഗ്രി സ്മൈലി രണ്ടെണ്ണം മാത്രം അയച്ചിട്ടു വേഗം ജോലിക്ക് പോകാൻ റെഡിയായി. അവനെ തിരിച്ചു തെറിവിളിച്ചോണ്ടിരുന്നാൽ ഞാൻ ജോലിക്ക് പോകാൻ വൈകും .എന്നിട്ട് മാനേജരുടെ തെറിവിളി ഞാൻ കേൾക്കേണ്ടിവരും..
ബസിലിരുന്നപ്പോൾ ഞാൻ അങ്ങോട്ടു വിളിച്ചു. എന്നാൽ അവൻ എടുത്തില്ല. പിന്നെ അവൻ വിളിച്ചപ്പോൾ ഓഫീസിൽ ഫോൺ സൈലന്റ് ആയതുകൊണ്ട് ഞാൻ അറിഞ്ഞതുമില്ല..
വൈകുന്നേരം അവന്റെ വിളി വീണ്ടും വന്നു.
“ഡീ… എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു..”
“എന്തേ..”
“നിന്റെ ഒരു ഐഡിയ… മറന്നതെല്ലാം വീണ്ടും ഓർമിപ്പിക്കാനായിട്ടു..”
“എന്താടാ ..”
“.എനിക്ക് അവളെ ഇപ്പൊ കാണണം..”
“ങേ… നിനക്ക് വട്ടായോടാ.. നിന്നെ തേച്ചിട്ടു പോയ അവളെ ഇനിയെന്തു കാണാനാ…അവളെ ഇനി കാണണ്ട എന്നുപറഞ്ഞല്ലേടാ നീ ചാടി തുള്ളി ബാംഗ്ലൂരിൽ നിന്നും ഇങ്ങോട്ട് കെട്ടി എടുത്തത്…”
“അതൊക്കെ ശെരിയാ… പക്ഷെ എനിക്ക് അവളെ കാണാൻ തോന്നുന്നെടി…എല്ലാത്തിനും കാരണം നീ ഒറ്റ വരുത്തിയ…”
“ഞാനോ..?”
“ആ നീ തന്നെ.. നീയല്ലേ പറഞ്ഞത് ഏറ്റവും സന്തോഷമുള്ള കാര്യം ഓർത്തു കിടക്കാൻ.. ഞാൻ അവളുമായി ബീച്ചിലൂടെ കൈകോർത്തു നടന്നത് ഓർത്തു കിടന്നെടി.. അസ്തമിക്കാൻ തുടങ്ങിയ സൂര്യന്റെ ആ മനോഹാരിതയിൽ അവളുടെ പാറിപ്പറക്കുന്ന മുടിയിഴകൾ എന്റെ മുഖത്തിങ്ങനെ തട്ടിയതും അവളുടെ സംസാരവും ചിരിയും… പിന്നെ…
“പിന്നെ???
“അതുപിന്നെ….
“ഏതു പിന്നെ….?”
“അത്…ആ നിന്നോട് എന്തിനാ മറച്ചു വെക്കുന്നെ… നീയെന്റെ ബെസ്റ്റി അല്ലെ…അവളെനിക്കന്ന് ഉമ്മ തന്നിരുന്നു… അത്രയും സ്നേഹമായിട്ടും അവളെന്നെ ഇട്ടേച്ചു പോയല്ലൊടി… അതോർത്തപ്പോ എനിക്ക് ഉള്ള ഉറക്കവും പോയി…”
“എന്തോന്നഡേ…. കഷ്ടം…”
“നിനക്കങ്ങനെനൊക്കെ പറയാം… എന്റെ സങ്കടം എനിക്കെ അറിയുള്ളൂ പുണ്യാളാ….”
“അയ്യേ… നിനക്കൊക്കെ പോയി ചത്തൂടെടാ..”
“ഡീ… ക്വാറന്റയിനിൽ കിടക്കുന്ന ഒരാളോട് ചത്തൂടെ എന്നൊക്കെ പറഞ്ഞാൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് കൊടുക്കും..”
“ആ നീ പോയി കൊടുക്ക്… എടാ കേസ് കൊടുക്കാൻ പോയിട്ട് നീ ആ മുറിയിൽ നിന്നു പുറത്തിരങ്ങണേൽ ഇനിയും ഏഴു ദിവസങ്ങൾ കഴിയണം. ഏഴു സുന്ദര രാത്രികൾ…. ഏകാന്ത സുന്ദര രാത്രികൾ…”
“ഓ… നിർത്തുന്നുണ്ടോ എരുമരാഗം…ഹോ…ഇങ്ങനെ ഇതിന്റകത്തു കിടക്കുന്നതിലും ഭേദം അവിടെ തന്നെ നിന്നാൽ മതിയായിരുന്നു…”
“എടുത്തു ചാടി ഓരോ തീരുമാങ്ങൾ എടുത്താൽ ഇങ്ങനെയിരിക്കും..”
“ഞാനവളെ ഒന്നൂടെ വിളിച്ചാലോഡീ…”
“അയ്യേ… നാണം ഇല്ലാത്തവൻ…”
“ഇത്തിരി നാണം കെട്ടാലും കുഴപ്പമില്ല…എനിക്കവളെ അത്രയും ഇഷ്ടമാടീ… അവളില്ലാതെ എനിക്ക് പറ്റില്ല…”
“അപ്പോൾ അവൾ തേച്ചെന്നു പറഞ്ഞതോ…”
“അതു പിന്നെ… കുടിക്കില്ലാന്നു സത്യം ചെയ്തു കൊടുത്തിട്ട് ഞാൻ കുടിച്ചു വാള് വെക്കുന്നത് കണ്ടാൽ… ഏതു പെണ്ണായാലും അങ്ങനെയൊക്കെയെ പറയു…. ”
“ആ ബെസ്റ്റ്… ഇതായിരുന്നോ കാര്യം… വെറുതെയല്ല ഞാൻ ചോദിച്ചിട്ട് കിടന്നു ഉരുണ്ടു കളിച്ചത്… ഞാൻ അവളുടെ ഭാഗത്താ…”
“ഞാനും അവളുടെ ഭാഗത്താ…എല്ലാം അവസാനിപ്പിക്കുവാ എന്നവൾ പറഞ്ഞപ്പോൾ ഒരു ആവേശത്തിൽ ചാടിത്തുള്ളി ഇങ്ങു പൊന്നെന്നെ ഉള്ളു… അവളില്ലാതെ എനിക്ക് പറ്റില്ലെടി…”
“അപ്പൊ എന്റെ മോൻ വേറൊന്നും നോക്കണ്ട… ഒരു നാണവുമില്ലാതെ അവളെ വിളിച്ചിട്ട് കരഞ്ഞു കാലിൽപിടിച്ചു മാപ്പ് പറഞ്ഞോ….”
“അത്രയും വേണോ…?”
“അത്രയുമെങ്കിലും ഇല്ലാതെ രക്ഷയില്ല മോനെ…”
“മാപ്പെങ്കിൽ മാപ്പ്… അവളെ ഞാനെന്നാൽ ഒന്ന് വിളിക്കട്ടെ…’
‘ഒക്കെ ഡാ…”
ഉറങ്ങാനുള്ള ഐഡിയ വർക്ക് ഔട്ട് ആയില്ലെങ്കിലും അവന്റെ പ്രണയം വീണ്ടും വർക്ക് ഔട്ട് ആയല്ലോ… എനിക്ക് അതുമതി. അവൻ അവളോട് മിണ്ടാൻ ആഗ്രഹിക്കുന്നപോലെ അവനൊന്നു വിളിക്കാൻ കാത്തിരിപ്പാണ് അവളും…പിന്നെ അവരുടെ ഈ ഇണക്കവും പിണക്കവുമൊക്കെ ആദ്യത്തെ സംഭവം അല്ലാത്തതിനാൽ അവനൊന്നു വിളിച്ചു സ്നേഹത്തോടെ സംസാരിക്കുമ്പോൾ അവർ വീണ്ടും പഴയപോലെ ആകുമെന്നു എനിക്കുറപ്പാണ്. ഒന്നുമില്ലെങ്കിലും അവർ രണ്ടും എന്റെ ചങ്കുകൾ ആയിട്ടു വർഷം കുറച്ചായില്ലേ..
Rose Mary