17/04/2026

അവർ അയാളുടെ ചേട്ടന്റെ രണ്ടാമത്തെ ഭാര്യായായിരുന്നു.

രചന – അനിത ശങ്കർ

അവർ അയാളുടെ ചേട്ടന്റെ രണ്ടാമത്തെ ഭാര്യായായിരുന്നു.

ഭാര്യയെന്ന് പറയാൻ പറ്റില്ല. ആദ്യഭാര്യ മരിച്ചപ്പോൾ കുട്ടികളെ നോക്കാൻ വേണ്ടി എവിടെനിന്നോ കൂട്ടികൊണ്ടു വന്ന ആരോരും ഇല്ലാത്ത ഒരു സാധു സ്ത്രീ. അവർക്കു കുട്ടികൾ ഉണ്ടായില്ലെങ്കിലും അയാളുടെ രണ്ടു കുട്ടികളേയും അവർ നല്ലവണ്ണം നോക്കി വളർത്തി. കുട്ടികൾ മുതിർന്നു, വിവാഹം കഴിച്ചു, അവരവരുടെ ജീവിതം നോക്കി പോയി.

അവരുടെ ഭർത്താവു മരിച്ചപ്പോൾ അവർ കരഞ്ഞില്ല. കല്ല് പോലെയിരുന്നു. അവരുടെ ഭർത്താവിന്റെ മകൻ അവർ നടത്തിക്കൊണ്ടിരുന്ന പെട്ടിക്കട ഏറ്റടുത്തു. അവരുടെ ഏക വരുമാനമായിരുന്നു അത്. പിന്നെ മകനും മകളും അവർ താമസിച്ചിരുന്ന കൂരക്കു അവകാശം പറഞ്ഞെത്തി, വഴക്കും വക്കാണവുമായി . അവസാനം രണ്ടുപേരും അത് വിറ്റു വീതം വെയ്ക്കാൻ ധാരണയായി. നിയപരമായി കല്യാണം കഴിച്ചിട്ടില്ല എന്ന കാരണം പറഞ്ഞു അവരെ അയാളുടെ മക്കൾ ഒഴിവാക്കി.

തെരുവിലേക്ക് ഇറക്കപെട്ടപ്പോഴും അവർ കരഞ്ഞില്ല . കല്ല് പോലെയിരുന്നു.

അയാൾ അവരെ, അയാളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവർ വര്ഷങ്ങളോളം വിളമ്പിയ ആഹാരത്തിന്റെ നന്ദി അങ്ങനെ കാണിച്ചു. ഒരു സ്കൂൾ മാഷായി പെൻഷൻ പറ്റിയ അയാൾ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നില്ല. നാട്ടുകാർ അവരെ പരിഹസിച്ചു ചിരിച്ചു. വയസ്സാം കാലത്തു അവർക്കിത് എന്തിന്റെ കേടാണെന്നു മുറുമുറുത്തു.

കറച്ചുനാൾ കഴിഞ്ഞു, പെട്ടന്നൊരു ദിവസം അയാൾ അവരെ രജിസ്റ്റർ ഓഫീസിലേക്ക് കൂട്ടികൊണ്ടു പോയി. എവിടെയൊക്കെയോ ഒപ്പിടീപ്പിച്ചു. എന്തിനെന്നു അവർ അന്വേഷിച്ചില്ല. പിന്നെയായാൾ എന്തിനെക്കെയോ തിരക്കിട്ടു ഓടി നടന്നു.

അന്നുമുതൽ അയാൾ ഒരു പുതു മണവാളനെപ്പോലെ അവരോട് പെരുമാറി. കഴിക്കുമ്പോൾ ഒരുരുള അവരുടെ വായിൽ വച്ച് നൽകി. അവർക്കു കാല് വേദനിക്കുമ്പോൾ തൈലം പുരട്ടിക്കൊടുത്തു അടുത്തിരുന്നു ഉഴിഞ്ഞു കൊടുത്തു. തണുപ്പുള്ള രാത്രികളിൽ ചൂട് പകർന്നു അവർക്കു അരികിൽ പറ്റിച്ചേർന്നു കിടന്നു. സ്നേഹവും പരിഗണയും എന്തെന്ന് അവർ ജീവിതത്തിൽ ആദ്യമായി അറിഞ്ഞു.

ഒരുവർഷം കഴിയുന്നതിനു മുന്നേ ആയാളും പോയി. ശവദാഹത്തിനു വന്ന, അയാളെ നോക്കിയിരുന്ന ഡോക്ടർ പറഞ്ഞു “മൂന്നു മാസമെന്നു പറഞ്ഞിട്ടും ഒരു വർഷത്തോളം ജീവിച്ചു”.

നിയപരമായി വിവാഹം കഴിച്ചതും ആശ്രിത പെൻഷൻ രേഖകളിൽ അവരുടെ പേരുചേർത്തതും അവരുടെ പേർക്ക് വിൽപത്രം എഴുതി വച്ചതുമൊക്കെ ആരൊക്കെയോ അടക്കം പറഞ്ഞു.

അയാളുടെ ചിത കത്തിയെരിയുമ്പോൾ അവർക്കു നെഞ്ചുപൊട്ടി, പിന്നെ അലമുറയിട്ടു കരഞ്ഞു.