11/02/2026

പ്രണയഗീതം 15

ഭാഗം 15

എങ്ങനെയെങ്കിലും ഹോസ്പിറ്റലിൽ അരികിലേക്ക് എത്തിയാൽ മതിയെന്നായിരുന്നു മരിയയ്ക്ക്…  വണ്ടി നിർത്തിയതും അപർണയുടെ കയ്യിൽ പിടിച്ച് ഇറങ്ങി ഓടുകയായിരുന്നു എന്ന് തന്നെ പറയാം,അവളുടെ ഓട്ടം കണ്ടതും ചിരി വന്നു പോയിരുന്നു സോളമന്. ചിരിയോട് ബസ്സിൽ നിന്ന് ഇറങ്ങി അവനും ഹോസ്പിറ്റലിലേക്ക് നടന്നു

ബസ്സിൽ നിന്നിറങ്ങിയതും ഒന്ന് മിന്നായം പോലെ കണ്ടതേയുള്ളൂ. അപ്പോഴേക്കും അവൾ ഓടി ഡിപ്പാർട്ട്മെന്റിൽ എത്തിയിരുന്നു…  അപർണ്ണ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ അവളുടെ മനസ്സ് അവിടെ എങ്ങും ആയിരുന്നില്ല,  എന്തിനാണ് അവൻ തന്നെ ഇങ്ങനെ പിന്തുടരുന്നത് എന്നാണ് അവള് ചിന്തിച്ചത്,  ആരുമില്ലെന്ന് അറിഞ്ഞിട്ടുള്ള മുതലെടുപ്പ് തന്നെയാവും  ഉദ്ദേശം എന്ന് അവൾക്ക് ഉറപ്പായിരുന്നു…  അമലയോട് പറയാമെന്ന് അവൾ തീരുമാനിച്ചു,  അടുത്ത നിമിഷം തന്നെ അവൾ അതിന്റെ മറുവശത്തെക്കുറിച്ച് ചിന്തിച്ചു..  കുഴപ്പം ആളുടെ ഭാഗത്താണെങ്കിൽ പോലും അമല എന്ന അമ്മ ഒരിക്കലും മകന്റെ കൂടെ അല്ലാതെ തന്റെ കൂടെ നിൽക്കാൻ പോകുന്നില്ല,  ഒരു മാസം കൂടി എങ്ങനെയെങ്കിലും കടിച്ചുപിടിച്ചു നിൽക്കാം അതിനുശേഷം ഹോസ്റ്റലിലേക്ക് മാറാമെന്ന് അവൾ വിചാരിച്ചിരുന്നു. ഹോസ്പിറ്റലിന്റെ കോറിഡോറിൽ തന്നെ നിൽപ്പുണ്ടായിരുന്നു വിനോദ്…  ബാഗും ഒക്കെ തൂക്കി ഒരു സ്വപ്നലോകത്ത് എന്നത് പോലെ നടന്നുവരുന്ന സോളമനെ കണ്ടതും അത്ഭുതത്തോടെ അവൻ നോക്കി…  പിന്നെ അവൻ ഈ ലോകത്ത് തന്നെയാണെന്ന് ഉറപ്പാക്കാൻ കൈകൾ കൊണ്ട് ഞൊട്ടയിട്ടു…

”  സാർ ഇവിടെ അല്ലെന്നു തോന്നുന്നല്ലോ…

അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

” ഇന്നന്തെ ബസ്സിൽ ഒക്കെ…?

വിനോദ് ചോദിച്ചപ്പോൾ ഒരു കണ്ണ് ഇറുക്കി കാണിച്ച് ഒരു കുസൃതി ചിരി ചിരിച്ചവൻ… അവന്റെ ആ ചിരിയുടെ അർത്ഥം അറിഞ്ഞിട്ട് എന്നതു പോലെ വിനോദ് അവനെയൊന്ന് കൂർപ്പിച്ച് നോക്കി,

” ആ കൊച്ച് ഇന്ന് ബസിനായിരുന്നു അല്ലെ…?

” അത് അല്ലടാ… മിക്കവാറും ഞാൻ വണ്ടി കൊടുക്കുന്ന ലക്ഷണമാണ്,  ഇപ്പോഴത്തെ പെട്രോൾ വിലക്ക് ബസ്സിന് പോകുന്ന തന്നെയാണ് അളിയാ ലാഭം…

”  മോനെ സോളമ നീ എന്ത് വിചാരിച്ചാണ് ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. നീ ഇന്നലെ പറഞ്ഞ കഥകളൊക്കെ വച്ച് നോക്കുകയാണെങ്കിൽ ഒരു പാവം പിടിച്ച കൊച്ചാണത്..  വെറുതെ അതിന്റെ ജീവിതം നീ ആയിട്ട് തുലയ്ക്കരുത്.  ഒരു ജീവിതം മാർഗത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതല്ലെടാ,  മറ്റുള്ളവരോട് കാണിക്കുന്നത് പോലെയുള്ള തമാശയൊന്നും നീ അതിനോട് കാണിക്കേണ്ട..

”  നീയും  എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നത്…?  എടാ ഞാനൊരു ഫ്ലർട്ട് ആണെന്നുള്ളതൊക്കെ സത്യം ആണ്… പക്ഷേ അതിനർത്ഥം എനിക്ക് മനസ്സാക്ഷി ഇല്ലെന്നല്ല, നീ വിചാരിക്കുന്നത് പോലെ കാര്യം കണ്ട് അവളെ പറ്റിച്ചു പോകാൻ ഒന്നുമല്ല ഞാൻ ഉദ്ദേശിക്കുന്നത്…

” പിന്നെ എന്താ നിന്റെ ഉദ്ദേശം
കല്യാണം കഴിച്ച് ഭാര്യയാക്കാനോ…?

”  എന്താ ഞാൻ വിചാരിച്ച അത് നടക്കില്ലെന്ന് തോന്നുന്നുണ്ടോ.

” അങ്ങനെയൊന്നും എനിക്കൊരു തോന്നലില്ല പക്ഷേ സംഭവിക്കാൻ പോകുന്ന ഒരു കാര്യം ഞാൻ പറയാം…  നീ എന്തെങ്കിലുമൊക്കെ പറഞ്ഞു ആ കൊച്ചിനെ വളച്ച് കുപ്പിയിലാക്കി എന്ന്  ഇരിക്കട്ടെ,  നിന്റെ പപ്പയും മമ്മിയും ഈ കല്യാണത്തിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.?  ഒന്നാമത് നീ അവരുടെ ഒറ്റ മോനാ നിന്റെ വിവാഹത്തെപ്പറ്റി അവർക്ക് ഒരുപാട് കണക്കുകൂട്ടലുകൾ കാണും.  നിന്റെ അമ്മയുടെ കൂട്ടുകാരിയുടെ മോളാണെന്ന് പറഞ്ഞാലും ഇങ്ങനെയുള്ള ഒരു ബാഗ്രൗണ്ടിൽ നിന്നും ഉള്ള ഒരു കുട്ടിയെ മരുമകൾ ആക്കാൻ നിന്റെ അമ്മയോ അച്ഛനോ സമ്മതിക്കില്ല..

” പപ്പ എതിർക്കാരിക്കും,  അതോടൊപ്പം പക്ഷേ മമ്മ എന്റെ കൂടെ കട്ടയ്ക്ക് നിൽക്കും എനിക്ക് ഉറപ്പാ..!

“അത് നിന്റെ വെറും തോന്നലാണ്.  ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ എതിർപ്പ് കാണിക്കാൻ പോകുന്നത് നിന്റെ അമ്മ ആയിരിക്കും,  അത് നിന്റെ വെറും തോന്നലാ.

”  മമ്മ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട് അവളെ മോളെപ്പോലെ കരുതുന്നു ഇന്ന് അവളെ സ്വന്തം മോളെ പോലെ സ്നേഹിക്കുന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ട്,

”  എടാ അത് നീ ട്രാക്ക് മാറ്റാൻ വേണ്ടി മമ്മ പറഞ്ഞതാ. അതായത് നീ അവളെ ഒരു പെങ്ങളെ പോലെ കാണാൻ വേണ്ടി…

” നീയെന്റെ ആത്മധൈര്യം ഇങ്ങനെ കളയല്ലേ വിനോദെ, എന്താണെങ്കിലും കുറച്ചു പ്രശ്നങ്ങളൊക്കെ ഉണ്ടായാലും എന്റെ ഇഷ്ടം അതാണെന്ന് അറിഞ്ഞാൽ പപ്പയും മമ്മിയും എതിർക്കുത്തോന്നുമില്ല…  അവളെ പട്ടിണികിടാതെ നോക്കാനുള്ള ഒരു മാർഗം എനിക്കില്ലെ…?..

” നീ ഇപ്പൊ നിന്റെ പപ്പയും മമ്മിയും ഒക്കെ ധിക്കരിച്ച് അവളെ കല്യാണം കഴിച്ചു എന്ന് ഇരിക്കട്ടെ,  നീ ജീവിതത്തിൽ ഒട്ടും ഹാപ്പി ആയിരിക്കില്ലല്ലോ..! നിന്റെ അച്ഛന്റെ അമ്മയുടെയും കണ്ണ് നിറയുകയാണെങ്കിൽ ഒരു രാത്രി എങ്കിലും സമാധാനത്തോടെ ജീവിക്കാൻ നിന്നെക്കൊണ്ട് കഴിയൂമോ.? എനിക്ക് അവളെ മറക്കാൻ പറ്റില്ല അത്രയ്ക്ക് അവൾ എന്റെ ചങ്കിൽ കയറിപ്പോയി. ഇനി അവിടെ നിന്നും അവളെ മാറ്റാൻ പറ്റില്ല,ഞാൻ വെറുതെ പറയുന്നതല്ല ഇത്രയും എന്നെ സ്വാധീനിച്ചിട്ടുള്ള ഒരു പെൺകുട്ടി ഇതുവരെ ഉണ്ടായിട്ടില്ല… അവളുടെ കഥകളറിഞ്ഞോ അവളോടുള്ള സഹതാപമോ ഒന്നുമല്ല എനിക്ക് അവളെ ഒത്തിരി ഇഷ്ടം  ആണ്… ഒരു കാരണങ്ങളും ഇല്ലാത്ത ഒരു ഇഷ്ടം.

” എനിക്ക് എന്തോ ഇത് സെറ്റ് ആവുമെന്ന് തോന്നുന്നില്ല…  എന്താണെങ്കിലും നിനക്ക് സ്വന്തമായിട്ട് ഒരു തീരുമാനം ഉണ്ടല്ലോ, ആ തീരുമാനത്തിൽ തന്നെ നീ മുൻപോട്ട് പോയാൽ മതി..  ഞാനായിട്ട് നിന്നെ മടിപ്പിക്കാൻ വരുന്നില്ല…

”  മടുപ്പിക്കില്ല എന്ന് മാത്രമല്ല നീ എനിക്ക് കട്ട സപ്പോർട്ട് ആയിട്ട് എന്റെ കൂടെ വേണം.

”  ആകപ്പാടെയുള്ള ഒരേയൊരു കൂട്ടുകാരനല്ലേ അതുകൊണ്ട്  ഇനി ഞാനെന്തു പറയാനാ നിന്റെ ഇഷ്ടം പോലെ നടക്കട്ടെ…

” നീ കാര്യം അവളോട് പറഞ്ഞൊ…

“പറയുക മാത്രമല്ല വേറൊരു സംഭവം കൂടി നടന്നു..

” അതെന്താ…?

വിനോദ് ചോദിച്ചപ്പോൾ നടന്ന സംഭവത്തെക്കുറിച്ച് അവൻ വിശദീകരിച്ച് പറഞ്ഞു…  ഒരു നിമിഷം അവനെ തന്നെ അമ്പരന്ന് വിനോദ് നോക്കിയിരുന്നു.

” അഡ പാപി , നീ ആദ്യം തന്നെ ആ കൊച്ചിനെ പിടിച്ച് കിസ്സ് അടിച്ചോ. അത് വേണമെന്ന് വച്ച് ചെയ്തതല്ലടാ…   അപ്പോഴത്തെ ഒരു മൂഡില് പറ്റി പോയതാ,

” ഏതായാലും അവൾ മിടുക്കി ആണ് അതല്ലേ നിന്റെ കരണം പുകച്ചു തന്നത്.

” അതുകൊണ്ടല്ലേ എനിക്ക് അവളെ കൂടുതൽ ഇഷ്ടമായത്…

”  ഇനി നീ അങ്ങനെ പറഞ്ഞാൽ മതി. നിന്റെ അവലക്ഷണം കേട്ട മോന്ത കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യം മനസ്സിലായി. നീ മഹാ ഉടായിപ്പ് ആണെന്ന്..  അതുകൊണ്ട് ആ കൊച്ച് ജീവനും കൊണ്ട് ഓടിയത് ആണ്… നീയതിനെ പറ്റിക്കാൻ ആണെന്ന് കരുതി കാണും. നീ ആദ്യം ആ കുട്ടിയോടെ ഉള്ള കാര്യം തുറന്നു പറ… നിനക്ക് സീരിയസ് ആയിട്ട് ഇഷ്ടമാണെന്ന് പറയണം,  അതിന്റെ കൂടെ ഇനി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചും പറയണം..  എന്തുവന്നാലും കൈവിടില്ല എന്ന് ഒരു ഉറപ്പു കൂടി കൊടുക്കണം,  എന്നിട്ട് അവളുടെ റിപ്ലൈ എന്താണെന്ന് അറിയു..  അതിനുശേഷം വലിയ മനക്കോട്ടൊക്കെ കെട്ടിയാൽ മതി.

  വിനോദ് പറഞ്ഞപ്പോൾ അത് ശരിയാണെന്ന് അവനും തോന്നി. തന്റെ മനസ്സ് അവൾക്ക് മനസ്സിലായിട്ടില്ല,  തന്നെ അവൾക്ക് ഭയമാണ് അതുകൊണ്ടാണ് തന്നിൽ നിന്നും അകന്നു മാറുന്നത്. എത്രയും പെട്ടെന്ന് തന്റെ ഉള്ളിലെ ഇഷ്ടം ആത്മാർത്ഥമാണെന്ന് അവളെ അറിയിക്കണമെന്ന് അവൻ തീരുമാനിച്ചു.

വൈകുന്നേരം ബസ്റ്റോപ്പിലേക്ക് പോയപ്പോഴും അവൾക്കൊരു പേടിയുണ്ടായിരുന്നു വീണ്ടും അവൻ കയറി ബസ്സിലേക്ക്  വരുമോ എന്ന ഒരു ഭയം. എന്നാൽ അവളുടെ ചിന്തകളെ ഞെട്ടിച്ചു കൊണ്ട് അവൻ ആ വണ്ടിയിൽ ഉണ്ടായിരുന്നില്ല. ഒരു ദീർഘനിശ്വാസം വിട്ടതിനു ശേഷം അവൾ അപർണയുടെ അരികിലേക്ക് ചാഞ്ഞിരുന്നു..  അവൻ ഇല്ലായെങ്കിൽ പോലും അറിയാതെ മിഴികൾ ആ ബസ്സിനുള്ളിൽ പരതുന്നു. തന്നെ കാണാനായി കയറുന്ന ഒരാൾ ഇല്ലാതെ വന്നപ്പോൾ പെട്ടെന്ന് ഒരു ഏകാന്തത പോലെ..  അല്ലെങ്കിലും മനുഷ്യർ എത്ര ദുർബലരാണ് എവിടെന്നെങ്കിലും സ്നേഹം ലഭിക്കുന്നത് പോലെ തോന്നുകയാണെങ്കിൽ പോലും അവർ അതിന് പിന്നാലെ പോകും,  താൻ എന്തൊരു മണ്ടിയാണെന്ന് ആ നിമിഷം അവൾ ചിന്തിച്ചു.  വീട്ടിലേക്ക് ചെന്നപ്പോൾ അവിടെ അവളെയും കാത്ത് രണ്ടുപേർ ഉണ്ടായിരുന്നു.  ജോണും ബെറ്റിയും,  അവളെ കണ്ടതും സ്നേഹത്തോടെ അവൾക്ക് അരികിലേക്ക് പോകാൻ ബെറ്റി എഴുന്നേറ്റു.  ജോണിന്റെ നോട്ടം കണ്ടതും അവർ ഇരുന്നിടത്ത് തന്നെ ഇരുന്നിരുന്നു.

“പപ്പയും മമ്മിയും ഉച്ചയായപ്പോൾ വന്നത് ആണ്   മോള് വരട്ടെ എന്ന് വിചാരിച്ച് ഞാൻ സണ്ണിച്ചായനെ വിളിക്കാതിരുന്നത്,

അമല അവളോട് ആയി പറഞ്ഞിരുന്നു…  അവളെല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു…

”  ചായ കുടിക്ക് മോളെ… ഇവരെ കോളേജിൽ വന്നിരുന്നു,  പിന്നെ ഹോസ്റ്റലിലെ കാര്യങ്ങളൊക്കെ തിരക്കി…  ഈ മാസം കൂടി കഴിഞ്ഞിട്ട് ഹോസ്റ്റലിൽ കിട്ടുന്നാ പറയുന്നത്…

അമല പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന അവൾക്ക് തോന്നിയിരുന്നു..  അവിടെ വരെ വന്നിട്ട് തന്നെ ഒന്ന് കാണുക പോലും ചെയ്യാതെ അവർ പോയല്ലോന്ന്, കുട്ടിക്കാലം മുതലേ നേരിടുന്നതാണ് ഈ വേദന… എപ്പോഴും കുട്ടികളെ ചേർക്കാൻ ചെല്ലുന്നത് മാതാപിതാക്കൾ ആണ്.. താൻ മാത്രം എന്നും ഒറ്റയ്ക്കാണ് പോയിട്ടുള്ളത്…..

“ഹോസ്റ്റലിനു ആവശ്യമുള്ള ഫീസ് ഒക്കെ കൊടുത്തിട്ടുണ്ട്.

ജോൺ അവളോടായി പറഞ്ഞിരുന്നു. ജോണും മരിയും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഓടി കിതച്ചുകൊണ്ട് സോളമൻ അവിടേക്ക് വരുന്നത്…  പെട്ടെന്ന് അവനെ കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി…  പരിചയമില്ലാത്ത ആരുടെയൊക്കെ അരികിൽ ഒറ്റപ്പെട്ടുപോകുമ്പോൾ പരിചിതമായ ഒരാളെ കാണുമ്പോൾ തോന്നുന്നത് പോലെയുള്ള ഒരു ആശ്വാസം..  അത്രമേൽ പ്രിയപ്പെട്ട ഒരാൾ എത്തിയത് പോലെ. അതിനാൽ തന്നെ അവളുടെ മുഖം തെളിഞ്ഞിരുന്നു അത് അവനും വ്യക്തമായി മനസ്സിലായി.

”  നീ എന്താണ് കിതച്ചു വരുന്നത്,

അവന്റെ നിൽപ്പും ഭാവവും കണ്ടുകൊണ്ട് അമല ചോദിച്ചു.

”  ജോഗിംഗ്….

“ഇപ്പഴോ…

”  അതിന് പ്രത്യേകിച്ച് സമയം ഒന്നുമില്ലല്ലോ,  എപ്പോ വേണമെങ്കിലും ചെയ്യാം.

”  നീ ഇന്ന് വണ്ടി കൊണ്ടുപോയില്ലേ…?

“ഇല്ല,  വൈകുന്നേരം ഒരു അർജന്റ് സർജറി വന്നു അതുകൊണ്ട് തിരിച്ച് വരാൻ പറ്റിയില്ല സോറി…

പറയുന്നത് അമലയോട് ആണെങ്കിലും അത് അവൾ കേൾക്കാൻ വേണ്ടിയാണെന്ന് മരിയയ്ക്ക് മനസ്സിലായിരുന്നു.

” അതിനു നീ എന്തിനാ സോറി പറയുന്നത്…

അമല ചോദിച്ചു അപ്പോഴാണ് മുൻപിൽ ഇരിക്കുന്നവരെ അവൻ ശ്രദ്ധിച്ചത്…  അവരെ അവൻ നോക്കുന്നത് കണ്ടുകൊണ്ട് അമല അവനോട് പറഞ്ഞു…

”  മരിയയുടെ പപ്പയും മമ്മിയും…

എല്ലാവരെയും നോക്കി അവനും ഒന്ന് ചിരിച്ചു, എന്നിട്ട് അകത്തേക്ക് കയറിപ്പോയി.

” സോളമനെ അറിയില്ലേ ജോണിന്

“പിന്നെ….

വലിയ താല്പര്യമില്ലാതെ ജോൺ മറുപടി പറഞ്ഞു…  വാതിലോളം എത്തിയവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി…  ആ നിമിഷം തന്നെ അവളും അവനെ ഒന്ന് നോക്കിയിരുന്നു..  രണ്ടുപേരുടെയും മിഴികൾ തമ്മിൽ കൂട്ടിമുട്ടി,  ആരുമില്ലാതെ ഒറ്റയ്ക്ക് നിൽക്കുന്ന ഒരു മാൻപേടയെ പോലെ തോന്നി അവളുടെ നിൽപ്പും ഭാവവും കണ്ട് അവന്… അവൻ വെറുതെ രണ്ട് കണ്ണുകളും അടച്ച് ഒന്നുമില്ല എന്ന് അവളെ കാണിച്ചു. ഒപ്പം നെഞ്ചിൽ കൈ വെച്ച് ഞാൻ കൂടെയുണ്ടെന്നും പറയാതെ പറഞ്ഞു. എന്തുകൊണ്ട് ആ നിമിഷം അവന്റെ ആ പ്രവർത്തി അവളിൽ നിറച്ചത് വലിയൊരു ആശ്വാസമായിരുന്നു..

തുടരും