12/03/2026

പെയ്തൊഴിയാതെ : ഭാഗം 11

രചന – മിയ അവ

“അപ്പൊ സർ പറ… എന്താ പ്ലാൻ.. ഞാൻ എന്താ ചെയ്യേണ്ടത്…”

“മ്മ്.. പറയാം… നമുക്ക് ഇവിടുന്ന് ഇറങ്ങിയാലോ… പുറത്തു പോയി ഒരു കോഫി കുടിക്കാം.. എന്നിട്ട് ആവാം ഡിസ്കഷൻ….”

“ഒഹ്.. ഓക്കേ സർ.. ഞാൻ എന്നാ പോയി ബാഗ് എടുത്തിട്ട് വരാം…”

“ശരി…”

പാറു ബാഗ് എടുത്തു പുറത്തു ഇറങ്ങിയപ്പോഴേക്കും ശിവ കാർ സ്റ്റാർട്ട്‌ ആക്കി നിർത്തിയിരുന്നു. അവൾ വേഗം തന്നെ പോയി കാറിൽ കയറി. ടൗണിന്റെ

നടുക്ക് തന്നെയുള്ള അത്യാവശ്യം വലിയൊരു കോഫീ ഷോപ്പിലേക്കാണ് അവർ പോയത്.

“തനിക്ക് കോഫിയ്ക്ക് ഒപ്പം കഴിക്കാൻ എന്താ വേണ്ടത്…”

“അയ്യോ.. ഇപ്പോ ഒന്നും വേണ്ട സർ.. കോഫി മാത്രം മതി…”

“ഓക്കേ എന്നാ രണ്ടു കോഫി…”

ശിവ വെയ്റ്ററെ നോക്കി കോഫി ഓർഡർ ചെയ്ത് പാറുവിന്റെ എതിർ വശത്തുള്ള ചെയറിലേക്ക് ഇരുന്നു.

“അപ്പൊ പാർവതി നാളെ ഓഫീസിൽ വരണ്ട ലീവ് എടുത്തോ…”

“അയ്യോ ലീവോ.. അതെന്താ സർ …”

“ഓഹ് നാളെ ലീവ് എടുത്തെന്നു കരുതി ഞാൻ നിന്റെ സാലറി ഒന്നും കട്ട്‌ ചെയ്യില്ലെടോ… നമുക്ക് അവൾക്കൊരു പണി കൊടുക്കാനാ…”

“പണിയോ.. അപ്പൊ സർപ്രൈസ് അല്ലേ…”

“ഈൗ.. സർപ്രൈസ് തന്നെ ഒരനീ പണിയാണല്ലോ….”

“എന്ന് വെച്ചാൽ…”

“ആ കുരിപ്പ് കഴിഞ്ഞ തവണത്തെ എന്റെ ബർത്ത് ഡേയ്ക്ക് എന്നെയിട്ട് കുറെ വട്ടം തിരിപ്പിച്ചതാ…അപ്പൊ തിരിച്ച് ചെറുതായെങ്കിലും ഒന്ന് ചുറ്റിച്ചില്ലെങ്കിൽ എനിക്ക് ഒരു സമാധാനം കിട്ടില്ലല്ലോ….”

“അത് ശരി.. അപ്പോ ചേച്ചിയെ വട്ടം കളിപ്പിക്കാനാണോ എന്നെ കൂട്ട് പിടിക്കുന്നത്…”

“ഈൗ.. അവളെ ചുറ്റിപ്പിക്കാൻ നീ കൂട്ട് നിൽക്കില്ലന്ന് എനിക്കറിയായിരുന്നു.. അതോണ്ടല്ലേ ഞാൻ സർപ്രൈസ് എന്ന് പറഞ്ഞു വിളിപ്പിച്ചത്… എന്തായാലും കൂടെ നിൽക്കാമെന്ന് നീ വാക്ക് തന്ന സ്ഥിതിക്ക് ഇനി കാലു മാറാൻ പറ്റില്ല….”

“വാക്കോ. ഞാൻ എപ്പോ വാക്ക് തന്നു…”

“ഹാ നീയല്ലേ ഓഫീസിൽ നിന്ന് പറഞ്ഞത് കൂടെ നിൽക്കുമെന്ന്…”

“അത് പിന്നെ ഞാൻ….സർപ്രൈസ്…”

“ആ.. ഇതും ഒരു സർപ്രൈസ് തന്നെ…നീ

പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി….”

“ഒഹ്.. മ്മ്… ഓക്കേ.. സർ പറ ഞാൻ എന്താ ചെയ്യേണ്ടത്….”

അവളുടെ പെട്ടന്ന് വാടിയ മുഖം നോക്കി ഒന്ന് ചിരിച്ചു കൊണ്ട് തന്നെ അവൻ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി.

“അതായത് സംഭവം ആ കുരിപ്പിന്റെ പ്ലാൻ നാളെ അവൾ ലീവ് എടുത്ത് നിന്നോട് അവൾക്ക് ഒട്ടും വയ്യ പനിച്ചു കിടക്കുവാന്നൊക്കെ കള്ളം പറയാനും എന്നോട് ഓഫീസ് ടൈം കഴിഞ്ഞ് നിന്നെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോവാനുമാണ്. എന്നിട്ട് അവിടുത്തെ ഗ്രാൻഡ് അറേഞ്ച്മെന്റസ് ഒക്കെ കണ്ടു നീ അന്തം വിട്ട് നിൽക്കുന്നത് കാണാനും നിന്റെ ഒപ്പം നിന്നെ ചേർത്ത് നിർത്തി കേക്ക് കട്ട്‌ ചെയ്യണം.. ഇതൊക്കെയാണ് നിന്റെ ചേച്ചിയുടെ പ്ലാൻ….”

“ഓഹോ… ചേച്ചി എന്നെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ സർ… ഇങ്ങനെ സ്നേഹിച്ച്…”

സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് കണ്ട് ശിവയ്ക്കും ഉള്ളിലെവിടെയോ ഒരു സന്തോഷം തോന്നി.

“മ്മ്.. അവൾ അങ്ങനെ തന്നെയാണ്..ആരെയെങ്കിലും സ്നേഹിച്ചു തുടങ്ങിയാൽ അയാൾക്ക് വേണ്ടി അവൾ അവളുടെ ജീവൻ കൊടുക്കാൻ പോലും തയ്യാറാവും…..”

“മ്മ്.. ദൈവം ആയിട്ടാ എനിക്ക് ആ ചേച്ചിയെ തന്നത്… ആരും ഇല്ലാത്ത എനിക്ക് സ്വന്തമെന്ന് പറയാൻ ഒരു ചേച്ചിയെ കിട്ടിയ പോലെ….”

ചേച്ചി മാത്രമല്ല താങ്ങാവാൻ താനും ഏട്ടനായിട്ട് ഉണ്ടെന്ന് പറയാൻ തോന്നിയെങ്കിലും എന്തു കൊണ്ടോ ശിവയത് പറഞ്ഞില്ല.

“മ്മ്.. അപ്പൊ നമ്മുടെ പ്ലാൻ അവളെ ചെറുതായി ഒന്ന് ചുറ്റിക്കുക എന്നുള്ളതാണ്…”

“മ്മ്.. വോകെ… അതിന് ഞാൻ ലീവ് എടുത്തിട്ട് എന്ത് ചെയ്യണമെന്ന് പറ….”

“നീ നാളെ ലീവ് എടുക്കുമ്പോൾ ഞാൻ അവളെ വിളിച്ചിട്ട് പറയും നിനക്ക് തീരെ സുഖമില്ല..ഓഫീസിൽ വന്നില്ല.. ഫങ്ക്ഷനും നീ കാണില്ലന്ന്… അപ്പൊ നിന്നെ ചേർത്ത് പിടിച്ചു കേക്ക് കട്ട്‌ ചെയ്യാൻ വേണ്ടി

ആഗ്രഹിച്ചു നിൽക്കുന്ന അവൾക്ക് സ്വാഭാവികമായിട്ടും നല്ല സങ്കടം വരും… മാത്രവുമല്ല അത് കേട്ട പാടെ അവൾ നിന്നെ കാണാൻ നിന്റെ വീട്ടിലോട്ട് വിടുകയും ചെയ്യും….”

“മ്മ്.. എന്നിട്ട്…”

“എന്നിട്ട് അവൾ അവിടെ എത്തുമ്പോഴേക്കും നീ അവിടെ നിന്നും ഇറങ്ങിയിട്ടുണ്ടാവണം..നിങ്ങൾ തമ്മിൽ ഒരിക്കലും അവിടെ വെച്ച് കണ്ടു മുട്ടരുത്….”

“മ്മ്.. ഓക്കേ…”

“ആ.. നീ വീട്ടിന്ന് ഇറങ്ങിയിട്ട് എന്നെ വിളിക്കണം… ഞാൻ അപ്പോഴേക്കും അവിടെ എത്താം.. എന്നിട്ട് നമുക്ക് രണ്ടു പേർക്കും കൂടി അവളുടെ വീട്ടിലേക്ക് പോവാം…അവൾ നിന്നെ വീട്ടിൽ കാണാഞ്ഞിട്ട് ഹോസ്പിറ്റലിൽ പോയോ എന്നൊക്കെ ഓർത്ത്‌ കുറച്ചു നേരം സിറ്റി മൊത്തം ഒന്ന് ചുറ്റി കറങ്ങി ടെൻഷൻ ആയി പയ്യെ വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും നമ്മൾ അവളുടെ വീട്ടിൽ എത്തി അവിടുത്തെ പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത് കണ്ടു പ്ലിംഗ് അടിച്ചു നിൽക്കുന്ന അവളുടെ മുഖം ഓർക്കുമ്പോ

തന്നെ എനിക്ക് കുളിർ കോരുന്നു.. ഹോ…”

“ശൊ.. ചേച്ചി വല്ലാതെ ടെൻഷൻ ആവും സർ എന്നെ കാണാഞ്ഞ്…”

“ആവും… ആവണല്ലോ…കുറെ ടെൻഷൻ അടിച്ച് ഒടുക്കം നിന്നെ അവിടെ വെച്ച് കാണുമ്പോൾ അവൾക്ക് ഒത്തിരി സന്തോഷവും ആവൂലോ…അല്പം വിഷമിപ്പിച്ചു പിന്നെ ഒത്തിരി സന്തോഷിക്കുന്നതിൽ അല്ലേ ത്രില്ലുള്ളു….”

“ഓഹോ…മ്മ് …എന്നാ ഓക്കേ.. സാറിന്റെ പ്ലാൻ ഞാനായിട്ട് പൊളിക്കുന്നില്ല… ഞാൻ ഏറ്റു…”

“അതാണ്.. അപ്പൊ നാളെ പറഞ്ഞത് പോലെ.. ഞാൻ വിളിക്കാം അവൾ ഇറങ്ങുന്ന സമയം അറിഞ്ഞിട്ട്…”

“ഓക്കേ സർ…. എന്നാപ്പിന്നെ ഞാൻ ഇറങ്ങട്ടെ സർ…”.

“ആ.. ഷുവർ…ഏയ്‌.. അല്ലെങ്കിൽ നിൽക്ക്.. ഞാനാ ബസ് സ്റ്റോപ്പ്‌ വരെ വിട്ടു തരാം….”

പോവാനിറങ്ങിയ പാറുവിനെ ശിവ പിന്നിൽ നിന്ന് വിളിച്ചു അവളെയും കൂട്ടി കാറിന്റെ അടുത്തേക്ക് നടന്നു.  ഇരുവരും കാറിൽ

കയറി പോവുന്നത് നോക്കി കുറച്ചപ്പുറം മാറി ഒരു ജീപ്പിൽ ചാരി നിൽക്കുന്നവനെ രണ്ടു പേരും ശ്രദ്ധിച്ചില്ല.

പിറ്റേന്ന് ശിവ പറഞ്ഞത് പോലെ ലീവ് എടുത്തു പാറു തന്റെ വീട്ടിലെ പണികളെല്ലാം ഓരോന്നായി തീർത്തു കൊണ്ടിരിക്കുമ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്. അവൾ വേഗം തന്നെ കോൾ എടുത്തു നോക്കി. ശിവയാണ്. അവൾ ഫോൺ ചെവിയിൽ വെച്ചതും അവന്റെ ശബ്ദം കേട്ടു.

“പാർവതി… താൻ റെഡിയല്ലേ… ഞാൻ ദേ തന്റെ വീട്ടിലോട്ട് തിരിയുന്ന ഈ വളവിലുണ്ട്… വേഗം ഡോർ അടച്ചു ഇറങ്ങിക്കോ… അവൾ അവിടെ നിന്നും തിരിച്ചിട്ടുണ്ട്….”

“ഒഹ്.. ആണോ.. ഓക്കേ സർ. ദേ.. ഞാൻ ഇറങ്ങി…”

പാറു ഉടനെ തന്നെ വീട്ടിൽ നിന്നിറങ്ങി വെളിയിലേക്ക് ഓടി. അവിടെ പുറത്ത് ശിവയുടെ കാർ കണ്ടതും അവൾ ഓടിചെന്ന് കാറിൽ കയറി ഇരുന്നു.

“ഹാ.. അവൾ തന്നെ വിളിച്ചായിരുന്നോ…”

“ഉവ്വ്.. മൂന്നാല് വട്ടം വിളിച്ചു… പക്ഷെ സർ എടുക്കരുത് പറഞ്ഞത് കൊണ്ട് ഞാൻ കോൾ എടുത്തില്ല… പാവം നല്ല ടെൻഷൻ ആയിക്കാണും…”

“ഏയ്‌.. നിനക്ക് ഒട്ടും വയ്യാഞ്ഞിട്ട ഫോൺ എടുക്കാത്തതെന്ന് കരുതിക്കോളും…അതോണ്ട് തന്നെ ആണല്ലോ അവൾ ആ തിരക്കിലും ഓടി പിടച്ചു നിന്റെ അടുത്തേക്ക് ഇറങ്ങിയതും…താൻ പേടിക്കണ്ട… ഒടുക്കം സർപ്രൈസ് പൊളിയുമ്പോൾ വഴക്ക് പറയുവാണെങ്കിലും അത് എനിക്കേ കിട്ടൂ… നിനക്ക് കിട്ടില്ല.. സോ കൂൾ… പോവാം നമുക്ക്…?…”

“മ്മ്.. ഓക്കേ സർ…”

ഇതേ സമയം ശിവ വിളിച്ച് പാറു ലീവാണെന്നും പനിച്ച് വിറച്ച് ഒട്ടും വയ്യാതെ കിടക്കുവാണെന്നുമൊക്കെ കേട്ട് ആകെ പരിഭ്രാന്തിയിലായിരുന്നു മായ. കുറെ തവണ അവളെ ഫോണിൽ വിളിച്ചിട്ടും കിട്ടാതായപ്പോൾ മറ്റൊന്നും ഓർക്കാതെ അവൾ കാറും എടുത്തു പാറുവിന്റെ വീട് ലക്ഷ്യമാക്കി വിട്ടു.

അവൾ കാർ ഒതുക്കി പാറുവിന്റെ വീട്ടിലേക്ക് നടന്നു. പുറത്തൊന്നും

ആരെയും കണ്ടില്ല.

“അല്ലെങ്കിലും ആരോരും തുണയില്ലാതെ ഒറ്റയ്ക്ക് കഴിയുന്നവൾക്ക് വയ്യാതെയായാലും കൂട്ടിനു ആരുണ്ടാവാനാ.. അച്ഛനെന്ന് പറയുന്നവൻ പോലും തിരിഞ്ഞു നോക്കുന്നില്ല ആ കൊച്ചിനെ.. പിന്നെയാ…”

അവൾ ഉള്ളിൽ ഓർത്തു വീടിന്റെ അകത്തേക്ക് കയറി. പാറുവിന്റെ വീടിന് ലോക്കോ ഉറപ്പോ ഉള്ള നല്ല ഡോർ ഒന്നും ഇല്ലാത്തത് കൊണ്ട് അതിനുള്ളിൽ കയറാൻ അവൾക്ക് പ്രയാസമൊന്നും ഉണ്ടായില്ല. ആകെ ഒറ്റ മുറി മാത്രമുള്ളതിനാൽ ഉള്ളിൽ കയറിയതും മായ പാറുവിനെ പേരെടുത്തു വിളിക്കുന്നുണ്ടായിരുന്നു.

“പാറു…. പാറു.. എവിടെയാ നീ…ഏഹ്.. ഇവിടെയൊന്നും ആ കൊച്ചിന്റെ വിരിപ്പ് പോലും കാണുന്നില്ലല്ലോ… പിന്നെ ഇവളിത് എവിടെയാ വയ്യാതെ കിടക്കുന്നെ… ഇതിനുള്ളിൽ ഈയൊരു മുറി മാത്രമല്ലെ ഉള്ളു…. ഇനി വയ്യാതെ വന്നപ്പോ അപ്പുറത്ത്.. ആ തെരുവിലെ ആളുകളുടെ അടുത്തേക്ക് എങ്ങാൻ പോയി കാണുമോ…. ഓക്കേ എന്തായാലും അവിടെയൊന്നു അന്വേഷിച്ചേക്കാം…..”

മായ സ്വയം പറഞ്ഞു കൊണ്ട് അവിടെ നിന്നിറങ്ങി ചെറിയ ഊന്ന് വഴിയിലൂടെ ആ തെരുവിലേക്ക് ചെന്നു. എന്നാൽ അവിടെ ഉള്ളവർക്കൊന്നും പാറുവിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. പാറുവുമായിട്ട് അടുത്ത് അറിയുന്നവർ ആണേൽ കാലത്ത് ജോലിക്ക് പോയിരിക്കുകയും ആണ്. അവരും പാറുവിന് വയ്യാത്തതിനെ കുറിച്ചൊന്നും പറഞ്ഞു കേട്ടില്ലെന്ന് അവിടുള്ളവർ മായയോട് പറഞ്ഞു.

“ശ്ശെടാ.. അപ്പൊ പിന്നെ ഈ കൊച്ച് ഇതെവിടെ പോയി.. എന്തായാലും ഓഫീസിൽ ലീവ് എടുത്ത സ്ഥിതിക്ക് ഒട്ടും വയ്യാഞ്ഞിട്ട് തന്നെയാവും.. സാലറി കട്ട്‌ ആവുമെന്ന് പറഞ്ഞ് ഒരു ദിവസം പോലും ലീവ് ആക്കാത്തവളാ… അത്രയും വയ്യാത്തത് കൊണ്ട് തന്നെയാവും ലീവ് എടുത്തു കാണുക… പക്ഷെ എന്നിട്ട് ഇവിടെ റസ്റ്റ്‌ എടുക്കാതെ ഇവളിത് എങ്ങോട്ടാ പോയതെന്നാ മനസ്സിലാവാത്തത്…. ഇനി.. ഒഹ് ഗോഡ്… അത് ഞാൻ ഓർത്തില്ലല്ലോ… തീരെ വയ്യാതെ ആയപ്പോൾ വല്ല ഹോസ്പിറ്റലിലും പോയി കാണുവോ അവൾ… ശേ ഞാൻ എന്തേ അത് നേരത്തെ ഓർക്കാഞ്ഞത്… ശരിയാ പോയി കാണും… അവൾ അധികവും

സിറ്റിയിലുള്ള ഹെൽത്ത് സെന്ററിൽ ആണ് കാണിക്കാൻ പോവാർ വയ്യാതാവുമ്പോൾ… അവിടേക്ക് തന്നെയാവും പോയിട്ടുണ്ടാവുക….ഓക്കേ വേഗം അവിടേക്ക് പോവാം… കൂടെ ആരും ഇല്ലാഞ്ഞിട്ട് കഷ്ട്ടപ്പെടുകയാവും അവൾ…..”

ആ തെരുവിൽ നിന്നും പാറുവിന്റെ വീട്ടിലേക്ക് തിരിച്ചു നടക്കുന്നതിനിടയിൽ ഓരോ സാധ്യതകൾ ചിന്തിച്ചു നോക്കുകയായിരുന്നു മായ. പാറുവിന്റെ വീട്ടിൽ നിന്നും ഒരു കല്ലിടുക്കിലൂടെ ആ ഇടുങ്ങിയ വഴിയിലേക്ക് ഇറങ്ങിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് മായ ചെറുതായി ഒന്നമ്പരന്നു. എങ്കിലും അത് പുറത്തു കാണിക്കാതെ അവൾ അയാളെ മറി കടന്ന് പോവാൻ നോക്കിയതും അവളുടെ കയ്യിൽ അവന്റെ പിടി വീണു.

“ച്ച്ചീ.. കയ്യീന്ന് വിടെടോ… താനാരെയാടോ കയ്യിൽ കേറി പിടിക്കുന്നെ…. ബ്ലഡി….”

അവന്റെ പിടിയിൽ നിന്നും കൈ ആഞ്ഞു വലിച്ചെടുത്തു മായ.

“ഹാ.. കിടന്നു തിളയ്ക്കാതെടി… അപ്പൊ നീ തീരുമാനിച്ചു തന്നെ ഇറങ്ങിയതാണല്ലേ എനിക്ക് പണിയുണ്ടാക്കാമെന്ന്….”

“ഇയാൾ ഇതെന്തൊക്കെയാ പറയുന്നത്.. വഴിയിന്നൊന്ന് മാറി നിൽക്കുന്നുണ്ടോ… എനിക്ക് പോണം…”

“ഹാ.. വിടാടി നിന്നെ ഞാൻ… ഭദ്രമായിട്ട് തന്നെ വിടാം.. പക്ഷെ ഒന്ന് അറിയണം… നീയാണോ… നീയാണോ എന്റെ പെണ്ണിന് കണ്ടവന്റെ കൂടെയിങ്ങനെ നിരങ്ങാനുള്ള ധൈര്യം കൊടുക്കുന്നത്… പറയെടി…”

“ഹോ.. ഇയാളെ കൊണ്ട്…”

മായ മനസ്സിൽ പറഞ്ഞതും അയാൾ…പാറുവിന്റെ ആ മുറ ചെറുക്കൻ ഷാജി.. വെട്ടു പോത്ത് ഷാജിന്നാ അവന്റെ ഇരട്ട പേര്… അയാൾ വീണ്ടും മായയ്ക്ക് നേരെ അലറി.

“എന്താടി.. നാവില്ലേ നിനക്ക്… നിന്റെ ധൈര്യത്തിലാണോ ഇപ്പോ അവൾ ഈ അഴിഞ്ഞാട്ടം മുഴുവൻ കാണിക്കുന്നതെന്ന്….”

“അതെ.. ആണെങ്കിൽ തനിക്ക് എന്തുവാടോ…എന്തായാലും തന്നെ കൊണ്ട് ഞാൻ അവളെ കെട്ടിക്കില്ല… എനിക്ക് ജീവനുള്ളിടത്തോളം തനിക്കവളെ തൊടാൻ പോലും കഴിയില്ല….”

“ഓഹോ.. അങ്ങനെയാണോ.. എന്നാപ്പിന്നെ നിന്നെയങ്ങ് ഇല്ലാതാക്കിയാൽ അവളെ എനിക്ക് തന്നെ അങ്ങ് എടുക്കാലോ അല്ലേടി…”

“വോ.. താൻ അങ്ങ് ഉണ്ടാക്ക് ഒന്ന് പോടോ…”

അവൾ അയാളെ തട്ടി മാറ്റി പോവാൻ തുനിഞ്ഞതും അയാൾ അവളുടെ മുടിയിൽ കയറി പിടിച്ചു.

“അങ്ങനെ അങ്ങ് പോവാതെടി…നിന്നെയും പിന്നെ അവളുടെ കൂടെ നടക്കുന്ന മറ്റവനെയും കൊന്ന് കുഴിച്ചു മൂടിയിട്ടാണെങ്കിലും അവളെ… ആ പാറുവിനെ ഞാൻ എന്റേത് ആക്കിയിരിക്കും….”

“ച്ചി …. വിട് … വിടെടോ…”

മായ പല തവണ അവന്റെ പിടിത്തം വിടുവിക്കാൻ ശ്രമിച്ചെങ്കിലും ആ കരുത്ത കൈകൾ അതെല്ലാം നിഷ്പ്രഭമാക്കി. മറ്റേ കൈ കൊണ്ട് അയാൾ അവളുടെ കഴുത്തിൽ പിടിച്ച് മതിലിനു മുകളിലേക്ക് ഉയർത്തിയപ്പോൾ എന്തോ ഒരു ഉൾപ്രേരണയിൽ  അവൾ കാല് കൊണ്ട്

അവന്റെ വയറിന്നിട്ട് ആഞ്ഞൊരു ചവിട്ട് കൊടുത്തു. ഹീൽസ് ചെരുപ്പ് കൊണ്ട് പെട്ടെന്നുള്ള ആ ചവിട്ടിൽ അയാളുടെ പിടി ഒന്നയഞ്ഞപ്പോൾ അവൾ കിട്ടിയ അവസരം കൊണ്ട് ശര വേഗത്തിൽ അവിടെ നിന്നും ഓടി. എന്നിട്ടും അയാൾ തന്നെ പിന്തുടരുന്നത് കണ്ട് കാർ എടുത്തു എങ്ങോട്ടെന്നില്ലാതെ അവൾ കാറിനെ പായിച്ചു. അവൾക്ക് പിന്നാലെ തന്നെ അയാളും തന്റെ ജീപ്പ് കത്തിച്ചു വിട്ടു.

(തുടരും )