രചന – മഴ
“മഹിയേട്ടാ……” ദേവി ഉറക്കെ കരഞ്ഞു വിളിച്ചു കൊണ്ട് ഓടി വന്നു.മഹി തല ചരിച്ച് ഒന്നു നോക്കി.കുത്തിയവൻറെ കൈത്തണ്ടയിൽ പിടിച്ചു കറക്കി മുന്നിലേക്ക് നിർത്തി നെഞ്ചിൽ ആഞ്ഞൊരു ചവിട്ടു നൽകി. കത്തി വലിച്ചൂരി മുറിവിൽ അമർത്തി പിടിക്കുമ്പോഴും പുറത്തേക്ക് കൊഴുത്ത ചോരഒഴുകുന്നുണ്ടായിരുന്നു.ആരൊക്കെയോവിളിക്കുന്നത്കേൾക്കുന്നുണ്ടായിരുന്നു.. കണ്ണുകൾ പതിയെ അടഞ്ഞു. തറയിലേക്ക് ഇരിക്കാൻ ശ്രമിച്ചതും വീണുപോയി. ഒപ്പം ആരുടെയോ മടിയിൽ തലവച്ചതും അറിഞ്ഞു.ഇടയ്ക്കെപ്പോഴോ കണ്ണുകൾ തുറന്നപ്പോൾ വണ്ടിയിൽ ആണെന്ന് തോന്നി. ദേവിയുടെ മടിയിലാണ് തലവെച്ച് കിടക്കുന്നത് എന്നും മനസ്സിലായി. അവളുടെ കണ്ണുനീർ മുഖത്തേക്ക് ഇറ്റു വീഴുന്നുണ്ടായിരുന്നു.”മഹിയെട്ടാ…” കരഞ്ഞു വിളിക്കുന്ന ദേവിയുടെ ശബ്ദവും തിരിച്ചറിഞ്ഞു.വേദനയിലും ഞാൻ ഒന്ന് പുഞ്ചിരിച്ചു. കണ്ണുകൾ വീണ്ടും പതിയെ അടഞ്ഞു വരുന്നതും അറിയുന്നുണ്ടായിരുന്നു.
പിന്നീട് കണ്ണുകൾ തുറന്നപ്പോൾ ഹോസ്പിറ്റൽ റൂമിൽ ആയിരുന്നു. ചുറ്റും എല്ലാവരും ഉണ്ട് അമ്മയും ലച്ചുവും കരഞ്ഞുകൊണ്ട് മുൻപന്തിയിൽ നിൽക്കുന്നുണ്ട്.”എനിക്കൊന്നുമില്ല അമ്മേ…” പുഞ്ചിരിയോടെ പറഞ്ഞു.അതൊന്നും ഏൽക്കാതെ കരഞ്ഞുകൊണ്ട് അമ്മ എൻറെ അരികിലിരുന്ന് നെറുകയിൽ തലോടി. ജോഷിയുടെയും അക്കുവിൻറെയും കുട്ടൻറെയും പ്രിയയുടെയും മുഖത്തൊക്കെ വിഷാദം കണ്ടു.അവർക്കൊക്കെയും പുഞ്ചിരി സമ്മാനിച്ചിരുന്നു എങ്കിലും കണ്ണുകൾ തിരഞ്ഞത് മറ്റൊരു മുഖമാണ്.ഒടുവിൽ കണ്ടു ഏറ്റവും പിന്നിലായി കരഞ്ഞു വീങ്ങിയ കണ്ണുകളും പാറിപ്പറന്ന മുടിയുമായി നിൽക്കുന്ന ദേവിയെ.
ഉള്ളിൽ ഒരു തണുപ്പ് നിറയുന്നത് അറിഞ്ഞു. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“അമ്മയും ലച്ചുവും വാ… ഞാൻ ഫുഡ് വാങ്ങിത്തരാം.. ഈ നേരം വരെ ഒന്നും കഴിച്ചില്ലല്ലോ…”ഞാൻ ദേവിയെ നോക്കുന്നത് കണ്ടിട്ടാകണം ജോഷി അവരെയും കൂട്ടി ക്യാന്റീനിലേക്ക് നടന്നു. ഒപ്പം കുട്ടനെയും അക്കുവിനെയും പ്രിയയെയും കണ്ണു കാണിച്ചു. കാര്യം മനസ്സിലായില്ലെങ്കിലും അവരും പുറത്തേക്കിറങ്ങി.” നിങ്ങൾ സംസാരിക്ക്.. ഞാൻ ഇപ്പോൾ വരാം…” മഹിയെയും ദേവിയെയും മാറിമാറി നോക്കി പുഞ്ചിരിച്ചു കൊണ്ട് മീര പറഞ്ഞു.ദേവിയെ ബെഡിനു അരികിലേക്ക് നീക്കി നിർത്തിയിട്ട് അവളും പുറത്തേക്കിറങ്ങി.കണ്ണിമചിമ്മാതെ മഹിയെ നോക്കുന്ന ദേവിക്ക് നേരെ അവൻ കൈ നീട്ടി. അവൻറെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ ആ ബെഡിന്റെ ഓരത്തേക്ക് ഇരുന്നു.”മ്മ്മ്… എന്തേ..? ” അവൻ പുരികം ഉയർത്തി അവളെ നോക്കി ചോദിച്ചു.” പേടിച്ചുപോയി…” ഇടറുന്ന ശബ്ദത്തോടെ അവൾ പറഞ്ഞു.മഹി ഒന്ന് ചിരിച്ചു”എന്തിന്…? ഞാൻ മരിച്ചു പോ…….”വാക്കുകൾ മുഴുമിപ്പിക്കും മുന്നേ അവൾ അവൻറെ വായപൊത്തി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
” മഹിയേട്ടന് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ല.. ഈ ദേഹത്ത് ഒരുതരി മണ്ണു വീണാൽ കൂടി സഹിക്കില്ല ഞാൻ…” കരഞ്ഞുകൊണ്ട് അവൾ പറഞ്ഞുമഹി പുഞ്ചിരിച്ചു കൊണ്ട് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.” മതി കരഞ്ഞത്.. എനിക്കൊന്നും പറ്റിയില്ലല്ലോ…” അവളുടെ കവിളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞു.അപ്പോഴേക്കും അക്കുവും പ്രിയയും റൂമിലേക്ക് വന്നു.” ദേവി………” അക്കു ദേഷ്യത്തോടെ വിളിച്ചു.മഹിയും ദേവിയും ഞെട്ടലോടെ അവനെ നോക്കി.” എന്താടാ…? ” മഹി ചോദിച്ചു.അക്കു ഒന്നു പരുങ്ങി. പ്രിയയും അവനെ ഞെട്ടി നോക്കി.” നേരം ഒരുപാടായി.. അവൾക്ക് വീട്ടിൽ പോകണ്ടേ…? ” അവൻ പറഞ്ഞൊപ്പിച്ചു.” ശരിയാ.. നീ പൊയ്ക്കോ.. എന്നിട്ട് നാളെ വന്നാൽ മതി…” ഒരു കുസൃതി ചിരിയോടെ മഹി ദേവിയോട് പറഞ്ഞു.അവളും ചിരിച്ചു. അക്കുവിന് ഒപ്പം യാത്ര പറഞ്ഞിറങ്ങിയ അവളെ പ്രണയത്തോടെ അവൻ നോക്കി. അവളും പ്രണയത്തിൽ പൊതിഞ്ഞ പുഞ്ചിരി അവനു നൽകി.
അവൾ ഇറങ്ങിയതും പ്രിയ അവൻറെ അരികിലിരുന്നു.” വേദനയുണ്ടോടാ…? “” ഇല്ല കുട്ടാ…” മഹി അവളെ ആശ്വസിപ്പിച്ചു.” അതിൻറെ സന്തോഷമാണോ മുഖത്ത്…? എങ്കിൽ അതങ്ങു മാറിക്കോളും.. പെയിൻ വരാതിരിക്കാൻ ഇഞ്ചക്ഷൻ എടുത്തിരുന്നു. കുറച്ചുകഴിയുമ്പോൾ അതങ്ങു മാറും….”” അല്ലടാ കുട്ടാ…. ഇത് പ്രണയിക്കപ്പെടുന്നതിന്റെ സന്തോഷമാണ്… പ്രണയിക്കുന്നതിന്റെയും…. “”ങേ…….. ” പ്രിയ കണ്ണും തള്ളിയിരുന്നു.ഒരു ചിരിയോടെ അവൻ തലകുലുക്കി.കുറച്ചു ദിവസങ്ങൾക്കുശേഷം മഹി ഹോസ്പിറ്റൽ വിട്ടു. അതുവരെ ദിവസവും രാവിലെയും വൈകുന്നേരവും ദേവിയും മീരയും മഹിയെ കാണാൻ ഹോസ്പിറ്റലിൽ എത്തുമായിരുന്നു. കുറച്ചു നാൾ വീട്ടിലും റസ്റ്റ് എടുത്തതിനുശേഷം കോളേജിൽ പോയി തുടങ്ങി.
ഇതിനിടയിൽ മഹിയെ കുത്തിയ ഗുണ്ടയെയും കോളേജിൽ ഗുണ്ടകളെ ഇറക്കിയ ശൈലേഷിനെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ദേവിയും മഹിയും പ്രണയത്തിലായത് അറിഞ്ഞപ്പോൾ മുതൽ ജോഷിയെയും മീരയെയും സെറ്റ് ആക്കണം എന്ന് കുട്ടൻ പ്രിയയോടും അക്കുവിനോടും മഹിയോടും പറഞ്ഞു.അതിനായി മീരയും ജോഷിയും അറിയാതെ പല പ്ലാനുകളും ഇവർ നടത്തിയിരുന്നെങ്കിലും ഒന്നിലും വിജയം കണ്ടില്ല. അവസാനം ജോഷിയോട് നേരിട്ട് തന്നെ സംസാരിക്കാമെന്ന അഭിപ്രായം വെച്ചത് മഹിയാണ്.അങ്ങനെ ഒരു ദിവസം ആൽമരച്ചുവട്ടിൽ അവർ അഞ്ചുപേരും ഇരിക്കുമ്പോഴാണ് മഹി ഈ വിഷയം എടുത്തിടുന്നത്.
” ജോ… മീരയുടെ കാര്യത്തിൽ എന്താ നിൻറെ തീരുമാനം…? “” എന്തു തീരുമാനം….? ” ജോഷി സംശയത്തോടെ ചോദിച്ചു.”നീ അവളെ ഇഷ്ടമാണെന്ന് പറഞ്ഞതല്ലേ..? അവൾ ഒന്നും തിരിച്ചു പറഞ്ഞില്ലല്ലോ… ആ കാര്യമാണ് ചോദിച്ചത്…? കുട്ടൻ പറഞ്ഞു.അവൾ പറഞ്ഞത് ഇത്ര നാളായിട്ടും അവരോട് സൂചിപ്പിച്ചത് പോലുമില്ല എന്ന് അവൻ ഞെട്ടലോടെ ഓർത്തു.” എടാ…. അത്….”ജോഷി വിക്കി തപ്പി.”നിൻറെ അഭിപ്രായം പറഞ്ഞാൽ മതി.. ഞങ്ങൾ സംസാരിക്കാം അവളോട്…. “അക്കു പറഞ്ഞു.”എടാ… അതല്ല… അവൾക്കും എന്നെ ഇഷ്ടമാണ്.. എന്നോട് പറഞ്ഞിരുന്നു…”
” എപ്പോ……? ” അവർ നാല് പേരും ഒരേ സ്വരത്തിൽ ചോദിച്ചു.ജോഷി പതിയെ എഴുന്നേറ്റു അവർക്കെതിരെ നിന്നു. അവർ നാല് പേരും അവനെ തന്നെ നോക്കിയിരുന്നു. ജോഷി രണ്ടടി പിന്നിലേക്ക് വെച്ചു.” ഒന്നു രണ്ടുമാസമായി…”എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഒറ്റ ഓട്ടം. അവർ നാല് പേരും അവന്റെ പിന്നാലെ ഓടി.ഒടുവിൽ കാന്റീനിൻറെ മുന്നിൽ അവനെ വളഞ്ഞു പിടിച്ചു ഇടിച്ചു. കുറെ നേരത്തെ കലാപരിപാടിക്ക് ശേഷം അവർ നാലുപേരും പടിക്കെട്ടിലേക്ക് ഇരുന്നു.” ഇനി പറയാനുള്ളത് പറ… “കുട്ടൻ കിതച്ചുകൊണ്ട് പറഞ്ഞു.അടികൊണ്ട് അവശനായ ജോഷി അന്നുണ്ടായ കാര്യം പറഞ്ഞു. അഞ്ചു പേരുടെയും കണ്ണുകൾ അപ്പച്ചന്റെയും അമ്മച്ചിയുടെയുംജെസ്സി മോളുടെയും ഓർമ്മയിൽ നിറഞ്ഞിരുന്നു.
” എന്തായിരുന്നു ഇവിടെ ഒരു തല്ല് പിടുത്തം…? ” ചിരിയോടെ മീര ചോദിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു. ഒപ്പം ദേവിയും ഉണ്ട്.മീരയെ കണ്ടപ്പോൾ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു. മഹി എഴുനേറ്റു വന്നു അവളെ ചേർത്തു പിടിച്ചു. ഒരു ഏട്ടൻറെ വാത്സല്യത്തോടെ..”അതോ…. ജോഷിയുടെ ലൗ സ്റ്റോറി പറയുകയായിരുന്നു..”മീര ദയനീയമായി ജോഷിയെയും മഹിയെയും നോക്കി.” മാഷേട്ടാ… അത്.. ഞാൻ…”മീരിക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
” ഞങ്ങൾക്ക് സന്തോഷമേയുള്ളൂ മോളെ… അവന് താങ്ങാവേണ്ട നേരത്തു തന്നെ നീ കൂടെ ഉണ്ടായിരുന്നല്ലോ…” നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചുകൊണ്ട് മഹി പറഞ്ഞു.മീര അവൻറെ നെഞ്ചിലേക്ക് ചാരി നിന്ന് കരഞ്ഞു. അവൻ അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു. മറ്റു നാലുപേരും പുഞ്ചിരിയോടെ അവരെ നോക്കി നിന്നപ്പോൾ ദേവി മാത്രം കിളി പോയ പോലെ നിന്നു.”എന്താ ഇവിടെ നടക്കുന്നത്… ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ…? ” അവളുടെ ചോദ്യം കേട്ടതും മീര മഹിയിൽ നിന്ന് മാറി ജോഷിക്ക് അരികിലേക്ക് ഇരുന്നു.മഹി അവളുടെ തലയിൽ ഒന്നുകൊട്ടി കാര്യങ്ങൾ പറഞ്ഞു കൊടുത്തു.”എടീ ദുഷ്ടേ… കൂടെ നടന്നിട്ട് എനിക്ക് ഒരു സൂചനപോലും തന്നില്ലല്ലോ നീയ്….” അവൾ കപട ദേഷ്യത്തോടെ മീരയ്ക്ക് നേരെ തിരിഞ്ഞു.
” അതിനുള്ള സാഹചര്യം ആയിരുന്നില്ലല്ലോ.. പിന്നെ ഒരു ടിപ്പിക്കൽ കാമുകി കാമുകന്മാരെ പോലെ ആയിരുന്നില്ലല്ലോ ഞങ്ങളും…” ജോഷി ഒന്ന് പറഞ്ഞ് നിർത്തിയ ശേഷം വീണ്ടും തുടർന്നു.” ഇനിവേണം ശരിക്കൊന്നു പ്രണയിക്കാൻ…” ജോഷി മീരയെ നോക്കി പറഞ്ഞു.” ഞങ്ങൾക്കും….”മഹി ദേവിയെ നോക്കി പറഞ്ഞു.കൊച്ചുകൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ആയി അവർ തീവ്രമായി പ്രണയിച്ചു. ഏഴു പേരും ഒരുമിച്ചുള്ള കുഞ്ഞു യാത്രകളും അതിനു മാറ്റുകൂട്ടി.വരാൻ പോകുന്ന കാലത്തിൻറെ കയ്പ്പ് അറിയാതെ സന്തോഷമുള്ള ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു…..തുടരും..

by