18/04/2026

പാർവ്വതി പരിണയം : ഭാഗം 39

രചന – മഴ

രാത്രി പന്ത്രണ്ടു മണിയോട് അടുത്തിട്ടും മഹി വീട്ടിൽ എത്തിയിരുന്നില്ല. അച്ഛനോടും അമ്മയോടും കോളേജിലെ പരിപാടിയുടെ ആവശ്യത്തിനായി പോയതാണെന്ന് പറഞ്ഞതിനാൽ അവർ നേരത്തെ കിടന്നിരുന്നു. മഹിയെ പ്രതീക്ഷിച്ച് അക്കുവും കുട്ടനും ജോഷിയും ഉമ്മറത്ത് തന്നെ ഇരുന്നു. മഹിക്ക് പിന്നാലെ കുട്ടനും പോയിരുന്നെങ്കിലും കണ്ടുപിടിക്കാൻ സാധിച്ചിരുന്നില്ല. അന്വേഷിക്കാവുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു വന്നിട്ടാണ് ഈ കാത്തിരിപ്പ്. ഏറെ നേരം കഴിഞ്ഞപ്പോൾ മഹി എത്തി. പോർച്ചിലേക്ക് ബൈക്ക് വെച്ച് പടികൾ കയറും മുന്നേ ആയി ജോഷി വന്നു മഹിയുടെ കവിളിൽ ആഞ്ഞടിച്ചിരുന്നു.

” ആരുടെ അമ്മൂമ്മയെ കെട്ടിക്കാൻ പോയതാടാ നീ ഈ നേരം വരെ…? ” ജോഷി മഹിക്ക് നേരെ ചീറി. ജോഷിയുടെ പ്രഹരത്തിൽ വേച്ച് വീഴാൻ പോയ മഹിയെ കുട്ടനും അക്കുവും താങ്ങിപ്പിടിച്ചു. ഒന്നും മിണ്ടാതെ അവരിൽ നിന്നും പിടി വിടുവിച്ച് ഒരു ചിരിയോടെ അവൻ തറയിലേക്ക് ഇരുന്നു. അവനിൽ നിന്നും വമിക്കുന്ന മദ്യത്തിൻറെ ദുർഗന്ധം അതുവരെ അവൻ എവിടെയായിരുന്നു എന്ന് അവരെ ബോധ്യപ്പെടുത്തി. ” മഹി… നീ കാര്യമറിയാതെ……. ” അക്കു അവൻറെ ചുമലിൽ കൈവച്ചു.

മഹി അവൻറെ കൈ തട്ടിയെറിഞ്ഞു. ” എന്ത് കാര്യമാണ് അറിയേണ്ടത്..? ” കത്തുന്ന കണ്ണുകളോടെ മഹി അക്കുവിനെ നോക്കി. അവൻറെ നോട്ടം തന്നെ നേരിടാനാവാതെ അക്കു മുഖം കുനിച്ചു. കുട്ടനും അക്കുവിനെ ദേഷ്യത്തോടെ നോക്കി. മഹി ചുവരിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു. പിന്നെ ഏതോ ഓർമയുടെ പൊള്ളലിൽ തല കുടഞ്ഞു. ” നീ കണ്ടില്ലല്ലോ.. ആ പുന്നാര മോന്റെ കണ്ണുകൾ അവളുടെ ശരീരത്തിലൂടെ പാഞ്ഞു നടന്നത്….? പ്രതികരിച്ചു ചേർത്തു നിർത്തിയ എൻറെ കൈകൾ തട്ടിയെറിഞ്ഞു അവൾ ആ ആഭാസന്റെയൊപ്പം പോയി നിന്നത്…. എൻറെ സ്ഥാനത്ത് നീ ആയിരുന്നുവെങ്കിൽ സഹിക്കുമായിരുന്നോ…? ക്ഷമിക്കുമായിരുന്നോ…? ”

ഉറച്ച ശബ്ദത്തിൽ മഹി അക്കു വിനോട് ചോദിക്കുമ്പോൾ എല്ലാവരുടെയും മുഖം കുനിഞ്ഞിരുന്നു. ” അവൾ എൻറെ കാമുകി മാത്രമല്ലടാ.. ഭാര്യ കൂടിയാണ്….. ” ഇടറിയ ശബ്ദത്തിൽ മഹി അത് പറയുമ്പോൾ മൂവരും ചേർന്ന് അവനെ പൊതിഞ്ഞ് പിടിച്ചിരുന്നു. പിന്നിലെ ബെഞ്ചിൽ അശ്വതിക്കൊപ്പം ഫോണിൽ എന്തോ കാണിച്ചു സംസാരിച്ചുകൊണ്ടിരുന്ന ദേവിയുടെ കയ്യിൽ പിടിച്ചുവലിച്ച് ക്ലാസിന് പുറത്തേക്ക് ഇറക്കുമ്പോൾ മുന്നിലിരുന്ന മീരയോടും ഒപ്പം വരാൻ പറഞ്ഞിരുന്നു അക്കു. പിടി വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ദേവിയെ ഒരിക്കൽപോലും അക്കു തിരിഞ്ഞു നോക്കിയിരുന്നില്ല. ഒടുവിൽ ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് പിടിച്ചുതള്ളി. അതിൻറെ ആഘാതത്തിൽ ഒന്നു വീഴാൻ പോയെങ്കിലും അടുത്തു കിടന്ന ഡസ്കിൽ പിടിമുറുക്കിയിരിക്കുന്നു അവൾ. മുഖമുയർത്തി നോക്കുമ്പോഴാണ് കുട്ടനെയും പ്രിയയെയും ജോഷിയെയും മഹിയെയും കണ്ടത്. മഹിയുടെ മുഖം കണ്ടാലറിയാം നിർബന്ധിച്ചുകൊണ്ടിരുത്തിയത് ആണെന്ന്. അവൾ തിരിഞ്ഞ് അക്കുവിനെ നോക്കുമ്പോഴേക്കും അവനും മീരയും അകത്തേക്ക് കയറിയിരുന്നു.

” പറയ്… എന്താ നിൻറെ പ്രശ്നം…? ” കൈകൾ രണ്ടും നെഞ്ചിൽ പിണച്ചു വെച്ചുകൊണ്ട് അക്കു ചോദിച്ചു. ദേവി ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. ” പറയ് ദേവി… ഇനിയും ഇതിങ്ങനെ മുൻപോട്ടു കൊണ്ടുപോകാൻ ഞങ്ങൾക്കാർക്കും താല്പര്യമില്ല.. ഇന്നത്തോടെ എല്ലാം പറഞ്ഞു അവസാനിപ്പിക്കണം…. ” ദേവി ഒന്നും മിണ്ടാതെ നിന്നു കരഞ്ഞു. മറുപടി ഇല്ലാതെയുള്ള അവളുടെ കരച്ചിൽ ഒരുപരിധിവരെ എല്ലാവരുടെയും ക്ഷമയെ നശിപ്പിച്ചിരുന്നു. എല്ലാവരെയും ഒന്ന് നോക്കിയശേഷം മീര വന്നു ദേവിയുടെ കൈകൾ പിടിച്ചു. ” പറയടാ… എന്താ നിൻറെ പ്രശ്നം..? ”

ദേവി ദേഷ്യത്തോടെ അവളുടെ കൈകൾ കുടഞ്ഞെറിഞ്ഞു. ” എന്താ പ്രശ്നം എന്നോ….? ഇപ്പോ എനിക്ക് ആയോ പ്രശ്നം….? നീയാ… നീയാ ന്റെ പ്രശ്നം.. നീ ഇല്ലാതായാൽ തീരുന്ന പ്രശ്നമേ എനിക്കുള്ളൂ… ” കോപം അടക്കാനാവാതെ ദേവി പറഞ്ഞു. മീര ഞെട്ടി തരിച്ചു നിന്നു. മഹിയും ജോഷിയും കുട്ടനും കാര്യം മനസ്സിലാവാതെ ദേവിയിൽ തന്നെ നോട്ടം ഉറപ്പിച്ചുകൊണ്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. ” മനസ്സിലായില്ല…. ” ജോഷി മുന്നോട്ട് വന്ന് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. ” ഇവളും മഹി ഏട്ടനും തമ്മിൽ ആരുമറിയാത്ത എന്ത് ബന്ധമാണുള്ളത്…? ” നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി ഓരോരുത്തരും നിന്നു.

” നീ എന്താ ഉദ്ദേശിക്കുന്നത്…? ” ജോഷി നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു. ” ചോദിച്ചു നോക്ക് കാമുകിയോട്…. പൊൻമുടിയിൽ പോയിട്ടു വന്നതിന്റെ പിറ്റേന്ന് നാട്ടിലേക്ക് പോവാൻ രാവിലെ സ്റ്റേഷനിൽ കൊണ്ടു വിട്ടതാ ഇവളെ ഞാൻ.. പിന്നെ എപ്പോഴാണ് നാട്ടിലേക്ക് പോയതെന്ന് ചോദിച്ചു നോക്ക്…” ജോഷിയുടെ നോട്ടം മീരയിലേക്ക് നീണ്ടു. മീരയുടെ മിഴികൾ അപ്പോഴേക്കും പെയ്തു തുടങ്ങിയിരുന്നു. ” അന്ന് മഹി ഏട്ടൻ എന്തിന് ഇവളെ കാണാൻ സ്റ്റേഷനിൽ വന്നു…? പറയ്…. ” ദേവി ദേഷ്യത്തോടെ മീരക്ക് മുന്നിൽ വന്നു നിന്ന ചോദിച്ചു. മീര ഇരുകൈകൾകൊണ്ടും മുഖം പൊത്തി കരഞ്ഞു.

” നിനക്ക് ഉത്തരം ഇല്ല അല്ലേ….? ദേവിയിൽ നിന്നും വീണ്ടും വാക്കുകൾ ഉതിർന്നു. “അവിടുന്ന് രണ്ടുപേരുംകൂടി ഹോട്ടലിൽ പോയി റൂം എടുത്ത് വൈകുന്നേരം വരെ അവിടെ ചിലവഴിച്ചു.. അതും പോരാത്തതിന് അവളെ കെട്ടിപിടിച്ചു ഇരുന്നു നാട്ടിൽ വരെ കൊണ്ടു വിടുകയും ചെയ്തു. ഫോട്ടോ സഹിതം ഉണ്ട് എൻറെ കയ്യിൽ… എന്നിട്ടും……..” ദേഷ്യം കൊണ്ട് പാഞ്ഞടുത്ത മഹിയെ ഒരുനിമിഷം ജോഷി തടഞ്ഞു. ശേഷം മീരയ്ക്ക് മുന്നിലായി വന്നു നിന്നു. കോപം കൊണ്ട് ജ്വലിച്ചു നിൽക്കുന്ന ജോഷിയുടെ മുഖത്തേക്ക് മീര നോക്കി.