08/04/2026

ഓർമ്മകളിലൂടെ : ഭാഗം 30

രചന – മിയ അവ

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് എനിക്കൊരു ഫോൺ കോൾ വന്നത്. എങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി ഞാൻ എഴുന്നേറ്റു കൈ കഴുകി ഫോണുമായി പുറത്തേക്കിറങ്ങി.

“ഹാ ശ്യാം… എന്തായി കാര്യങ്ങൾ.. എല്ലാം സെറ്റല്ലേ…”

“എവരിത്തിങ് ഓക്കേ മനു.. നീ പറഞ്ഞ പോലെ നിങ്ങളൊന്നിച്ചുള്ള ഫോട്ടോസും നിന്റെ കത്തും നിങ്ങടെ വിവാഹ ക്ഷണക്കത്തും എല്ലാം ഞാൻ ഭദ്രമായി അവളുടെ ഭർത്താവിന്റെ കയ്യിൽ എത്തിച്ചിട്ടുണ്ട്…അയാളൊരു മുരടനാണെന്നാ കേട്ടത്.. അപ്പോ പിന്നെ ഇനി അവളുടെ ലൈഫ് അവൻ തീരുമാനിച്ചോളും… ഹ ഹ ഹ…”

“അത്രയും മതി… ഞാൻ അനുഭവിച്ച വേദനയുടെ കുറച്ചെങ്കിലും അവൾക്ക് കൊടുക്കണ്ടേടാ…സ്വത്തിന് വേണ്ടി അവൾ കാണിച്ച കളികളും എന്നോട് ചെയ്ത ചതികളും വിശദമായി തന്നെ ആ കത്തിലുണ്ടല്ലോ… അവൾക്കൊരിക്കലും സമാധാനത്തോടെ ഒരു ജീവിതം ഇനിയുണ്ടാവരുത്…”

“അത് ഉറപ്പാടാ..ഞാൻ അന്വേഷിച്ചിടത്തോളം അവന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ മുൻപ് ഒരു റിലേഷൻ ഉണ്ടെന്നും അത് കല്യാണം വരെ എത്തി ഒഴിവായി പോയതാണെന്നും അറിഞ്ഞാൽ തന്നെ അവൾക്ക് അവിടെ മനസമാധാനം അവൻ കൊടുക്കില്ല… അതിന്റെ കൂടെ സ്വല്പം സംശയരോഗം കൂടി കുത്തി കൊടുത്താൽ സംഗതി കുശാൽ… നരകിക്കും അവൾ അവിടെ കിടന്നു.. അത് കണ്ടാൽ പോരെ നിനക്ക്…”

“മതിയെടാ… ഒരുപാട് നന്ദിയുണ്ട് ശ്യാം…ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ അവൾക്ക് മുന്നിൽ ഒരു വിഡ്ഢിയായി പോയേനെ…”

“ഏയ്‌ നന്ദിയൊന്നും വേണ്ട മനു… നിന്നോട്‌ ഈ ചതി ചെയ്തവളെ വെറുതെ വിടരുതെന്ന് ഞാനും ഉറപ്പിച്ചതാ.. കോളേജിൽ പഠിക്കുമ്പോൾ കുറെ ഞങ്ങളുടെ മുന്നിലും ഒരു പൂച്ചക്കുട്ടിയായി തകർത്തു അഭിനയിച്ചതല്ലേ അവൾ… ഇത് ഞങ്ങടെ കൂടി വാശിയായിരുന്നു… നീ ആമിയുമൊത്ത് വഴക്ക് ഒക്കെ നിർത്തി അടിച്ചു പൊളിക്കെടാ… നിങ്ങൾക്കിടയിൽ ഇനി അമ്മു ഒരു തടസ്സമാവില്ല…”

“ഹാ.. അത് അങ്ങനെ ഒന്നും തീരുന്ന ലക്ഷണം ഇല്ല.. ആമിയെ നിങ്ങൾക്ക് അറിയാലോ… മാക്സിമം എന്നെ ഇട്ടു വെള്ളം കുടിപ്പിച്ചിട്ടേ അവൾ യുദ്ധം നിർത്തൂ…”

“ഹ ഹ ഹ.. അത് നീ അർഹിക്കുന്നതാ മനു.. വാങ്ങി കൂട്ടിക്കോ ഒരെണ്ണം പോലും മിസ്സ്‌ ആക്കാതെ….”

“ഉവ്വേ… അപ്പോ ശരി ടാ നമുക്ക് കാണാം…”

“ഓക്കേ ടാ.. വിൽ മീറ്റ് യു സൂൺ… ഗുഡ്‌നൈറ്റ്…”

“ഗുഡ് നൈറ്റ്…”

കോൾ കട്ട്‌ ചെയ്തു തിരിച്ചു വന്നപ്പോഴേക്കും എല്ലാവരും ഫുഡ് കഴിച്ചു എഴുന്നേറ്റിരുന്നു. ഞാൻ പിന്നെ നേരെ മുകളിലേക്ക് പോയി. റൂമിൽ നോക്കിയപ്പോൾ ആമിയെ കണ്ടില്ല.. ഇവൾ എവിടെ പോയി എന്ന് ചിന്തിച്ചപ്പോഴാണ് ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു കിടക്കുന്നത് കണ്ടത്. പുറത്തു മഴ പതിയെ പെയ്തു തുടങ്ങിയിരുന്നു. ബാൽക്കണിയുടെ ഡോറിന്റെ അടുത്ത് പോയി നോക്കിയപ്പോൾ ചാരു പടിയിൽ ഇരുന്നു മഴയെ നോക്കി ആസ്വദിക്കുകയായിരുന്നു അവൾ. അഴിച്ചിട്ട മുടി കാറ്റിനൊത്ത് പാറി കളിക്കുന്നുണ്ട്. താഴോട്ട് നോക്കിയപ്പോൾ ഞാൻ കെട്ടിയ താലി ആ കൈകൾക്കുള്ളിൽ ഭദ്രമായി മുറുക്കെ പിടിച്ചിട്ടുണ്ട്. ആള് ഈ ലോകത്തൊന്നും അല്ലെന്ന് തോന്നി എനിക്ക്. ഞാൻ അടുത്തെത്തിയിട്ടും അറിയാതെ മഴയിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്.

“ഇതെന്താ സഖാവേ.. ഇന്ന് ഉറങ്ങാൻ ഉദ്ദേശം ഇല്ലേ…”

ഞെട്ടി തിരിഞ്ഞാണ് നോക്കിയത്.. എന്തോ കാര്യമായ ചിന്തയിൽ ആയിരുന്നുവെന്ന് തോന്നുന്നു.

“മ്മ്… ഉറങ്ങണം…”

“എന്നാ വെറുതെ തണുപ്പത്ത് ഇരിക്കാതെ ഉള്ളിലേക്ക് കയറേടോ…”

“അതൊരു സുഖല്ലേ.. ഇങ്ങനെ ഇരുന്നു ഈ ചാറ്റൽ മഴ നനയാൻ… നേതാവ് ഇരുന്നിട്ടുണ്ടോ ഇങ്ങനെ….”

“മ്മ്ഹ്.. ഇല്ല…”

“എന്നാ ഒന്ന് ഇരുന്നു നോക്കിക്കേ.. അപ്പോ അറിയാം… കണ്ണടച്ച് മുഖത്തേക്ക് പതിക്കുന്ന ഈ ചാറ്റൽ മഴയും ആസ്വദിച്ചു ഇങ്ങനെ ഇരിക്കുമ്പോൾ നമ്മൾ മറ്റൊരു ലോകത്ത് എത്തിയ പോലെ തോന്നും… ശരിക്കും ഒന്ന് റീലാക്സ്ഡ് ആവും മൈൻഡ്…”

എന്റെ മുഖത്തു നോക്കാതെയാണ് അവൾ അത്രയും പറഞ്ഞത്. അവളെ നോക്കി ഒരു പുഞ്ചിരിയോടെ ഞാനും അടുത്തായി ഇരുന്നു. കൈകൾ രണ്ടും ചാരുപ്പടിയിൽ വെച്ച് അതിന് മേൽ താടി കുത്തി പരസ്പരം നോക്കാതെ കണ്ണുകളടച്ച് ഞങ്ങൾ രണ്ടു പേരും കുറെ നേരമങ്ങനെ ചാറ്റൽ മഴ നനഞ്ഞു. അത്രയും സമയം ഞങ്ങൾക്കിടയിൽ മൗനം കഥ പറഞ്ഞു.

“അച്ഛയെ കാണാൻ തോന്നുന്നു…”

അവിടം തളം കെട്ടി നിന്ന മൗനത്തെ കീറി മുറിച്ച് അവൾ തന്നെ സംസാരിച്ചു തുടങ്ങി.

“അതിനെന്താ പോവാലോ…”

“എന്റെ കൂടെ വരോ…”

“മ്മ്.. വരും….”

പിന്നെ വീണ്ടും അല്പ നേരത്തേക്ക് ഞങ്ങൾക്കിടയിൽ മൗനം വാചാലമായി.

“അമ്മുവിന്നിട്ട് എന്ത് പണിയാ പ്ലാൻ ചെയ്തേ…”

“ഏഹ്… ആര്.. എപ്പോ…”

“ഉവ്വ.. ഉരുളണ്ടാ… നിങ്ങൾ അവളെ അങ്ങനെ വെറുതെ വിടില്ലെന്ന് എനിക്കറിയാലോ…”

“ഈഈഈ… ചെറിയൊരു പണിക്കുള്ള മരുന്ന് കൊടുത്തിട്ടുണ്ട്.. എന്താവുമെന്ന് നോക്കട്ടെ.. എന്നിട്ട് പറയാം…”

“മ്മ്…..”

ഒറ്റ മൂളലിൽ പലതും ഒളിപ്പിച്ചു എവിടേക്കോ മിഴി നട്ടിരിക്കുന്നവളെ ഞാൻ ഒന്ന് നോക്കി.

“എന്നാ നാളെ തന്നെ കോഴിക്കോട് പോവാൻ റെഡി ആയിക്കോ…”

“നാളെ തന്നെയോ…”

“മ്മ്…”

“ഉറപ്പായും?..”

“ആന്നെ….”

“വോക്കെ.. എന്നാ പോയി ഉറങ്ങട്ടെ…”

അതും പറഞ്ഞു ഓടി ചാടി പോയവൾക്ക് പിന്നാലെ ഒരു ചിരിയോടെ ഞാനും പോയി. ബെഡിൽ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുന്നവളെ നോക്കി കൊണ്ട് തന്നെ ഞാൻ സോഫയിലേക്ക് ചാഞ്ഞു.

പിറ്റേന്ന് കാലത്തു തന്നെ എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി. ട്രെയിനിൽ അവൾക്ക് ഓപ്പോസിറ്റ് ആയി ഇരിക്കുമ്പോഴും ഇറങ്ങാൻ നേരം അമ്മ പറഞ്ഞ വാക്കുകളിൽ ആയിരുന്നു മനസ്സ്.

“മോള് ധൃതി പെട്ട് തിരിച്ചു വരുവൊന്നും വേണ്ട.. കുറച്ചു ദിവസം അച്ഛേടേം അമ്മേടേം കൂടെ നിന്ന് സാവകാശം വന്നാൽ മതി…”

എന്തോ അവൾ ഇല്ലായ്മ താങ്ങാൻ എന്റെ മനസ്സിന് ഇനി ശക്തിയില്ലാത്ത പോലെ തോന്നി. എങ്കിലും അത് പുറത്തു കാണിച്ചില്ല. വീട്ടിൽ ഉള്ള എല്ലാവരോടും വാ തോരാതെ സംസാരിക്കുന്ന ആമി ട്രെയിനിൽ എനിക്കൊപ്പം തീർത്തും മൗനമായി ഇരിക്കുന്നതും ഉള്ളിൽ നോവ് പടർത്തി. ഞാൻ ചെയ്ത തെറ്റുകൾ എല്ലാം പൊറുക്കാനും എന്നെ പൂർണമായി അംഗീകരിക്കാനും അവൾക്ക് സമയം വേണ്ടി വരുമെന്ന് എനിക്കറിയാം. എന്നാലും അത്രയും നേരത്തെ അവളുടെ മൂകത… ചോദിക്കുന്നതിന് മാത്രം ഒന്നോ രണ്ടോ വാക്കുകളിലോ മൂളലിലോ ഒതുക്കി തീർക്കുന്ന മറുപടികൾ എല്ലാം.. എല്ലാം എന്നോട് ഒരു അകലം സൂക്ഷിക്കുന്ന പോലെ… ഇന്നലത്തെ സന്തോഷം ഇന്ന് ആയപ്പോഴേക്കും കെട്ടടങ്ങിയോന്നൊരു ആന്തൽ… കണ്ണുകളടച്ച് സമയത്തെ കൊന്നു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴേക്കും ഞാനൊന്ന് മയങ്ങി പോയിരുന്നു. അവൾ എന്നെ തട്ടി വിളിച്ചപ്പോൾ വെറുതെ ആ കണ്ണുകളിലേക്ക് ഒന്ന് നോക്കി. എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്ന പോലെ അവൾ മുഖം തിരിച്ചു. അറിയില്ല ആ മനസ്സിൽ എന്താണെന്ന്.. ഇന്നലെ ഞാൻ കണ്ട ആമിയെ അല്ലാന്ന് തോന്നിപ്പോയി. പിന്നെ ഒന്നും മിണ്ടാതെ ഞാനും അവളുടെ മൗനത്തിൽ പങ്ക് ചേർന്നു. ഒരു ഓട്ടോ വിളിച്ചു വീടിന്റെ ഉമ്മറത്തു വന്നിറങ്ങിയതും ഓട്ടോയിൽ നിന്നും ചാടിയിറങ്ങി അമ്മിണിയേന്ന് വിളിച്ചു നേരെ അവൾ ആ തൊഴുത്തിലേക്ക് ആണ് പോയത്. ആ പശുവിനോട് നിർത്താതെ കഥ പറയുന്ന അവളെ ഞാൻ വേദനയോടെ നോക്കി.

“ആഹാ മനു.. നീയെന്താ ഒന്ന് പറയുക പോലും ചെയ്യാതെ.. കേറി വാ മോനേ…”

“ഞാൻ മാത്രം അല്ല അമ്മേ.. ആമിയും ഉണ്ട്…ദേ…”

തൊഴുത്തിലേക്ക് വിരൽ ചൂണ്ടിയതും സരസ്വതിയമ്മയുടെ കുശുമ്പ് പുറത്തു വന്നിരുന്നു.

“ഹോ.. അല്ലെങ്കിലും ഇവിടുള്ളോരേ കാണാനൊന്നും അല്ലല്ലോ അവൾക്ക് ധൃതി… നമ്മളെയൊക്കെ ആർക്ക് വേണം…”

“വോവോ.. കുശുമ്പി പാറു സരസ്വതിയമ്മേ.. നിങ്ങൾക്ക് മനസ്സ് വെച്ചാൽ എന്നെ കാണാൻ അവിടേക്ക് വരാലോ.. അതുപോലെ ആണോ എന്റെ അമ്മിണി കുട്ടി.. ഞാൻ ഇവിടെ വരുമ്പോഴല്ലേ അവൾക്ക് എന്നെ കാണാൻ പറ്റൂ.. അപ്പോ ആദ്യം പോവേണ്ടത് അവളുടെ അടുത്തേക്ക് തന്നല്ലേ…”

“വോ.. മോൻ കയറി ഇരിക്ക്…”

“അതെന്ത് അപ്പോ എനിക്ക് ക്ഷണണം ഇല്ലേ…”

“ഓ നീ തന്നെ അങ്ങ് കേറിയാൽ മതി..ക്ഷണിച്ച് ഇരുത്താനും കാല് കഴുകി തരാനൊന്നും ഇവിടെ ആരും ഇല്ല…”

“ഹാ.. ഇത് കുശുമ്പ്.. ഇത് കുശുമ്പ് തന്നെ…”

“ആണെങ്കിൽ അങ്ങനെ തന്നെ..ഒന്ന് പോടീ അവിടുന്ന്.. മോൻ ഉള്ളോണ്ട് കൂടുതൽ ഒന്നും പറയുന്നില്ല ഞാൻ…”

“വോ ഇപ്പോ എല്ലാർക്കും മോൻ മതിയോ..”

“ആ മതി….നീ കൂടുതൽ കിന്നാരിക്കാതെ അച്ഛയെ പോയി വിളിച്ചിട്ട് വാ…”.

“അച്ഛാ എവിടെ പോയി…”

“പാടത്ത് പോയതാ.. എന്തൊക്കെയോ നടാൻ…”

“ആ എന്നാ പോയി ഒന്ന് ഞെട്ടിച്ചിട്ട് വരാം..”

അതും പറഞ്ഞു അവൾ പാടത്തേക്ക് ഓടി.

“ഇതെന്താ ഇപ്പോ പെട്ടെന്ന് ഒരു വരവ്.. യുദ്ധം അവസാനിച്ചോ രണ്ടു പേരുടെയും..”

“അറിയില്ലന്നേ ഒരു പിടി കിട്ടുന്നില്ല.. പിന്നെ അവൾക്ക് അച്ഛയെ കാണണം പറഞ്ഞപ്പോൾ വന്നു…”

“ആ അത് അങ്ങനെയാ.. മനസ്സിൽ സങ്കടോ സന്തോഷോ തോന്നുമ്പോൾ അവൾക്ക് അച്ഛയെ കാണണം.. അത് പണ്ടേ അങ്ങനെ തന്നെ.. സങ്കടപ്പെടാൻ അവിടെ ഒന്നും ഉണ്ടായില്ലല്ലോ അല്ലേ മോനേ…”

“ഏയ്‌.. ഇല്ല അമ്മേ… ഇന്നലെ ഒക്കെ നല്ല പോലെയാ എന്നോട്…”

“ആ എന്നാ കാര്യം ആക്കണ്ട…അത് അങ്ങനെ ഒക്കെ ആണ്.. മോൻ ഇരിക്ക് അമ്മ ചായ എടുക്കാം…”

അമ്മ കൊണ്ട് വെച്ച ചായ ഊതി കുടിക്കുമ്പോഴാണ് അച്ഛയോടു കഥ പറഞ്ഞു ചിരിച്ചു വരുന്ന ആമിയെ കണ്ടത്. ഇവിടെ എത്തിയപ്പോൾ അവൾ ആ പഴയ ആമിയായി മാറി. അപ്പോൾ അകൽച്ച എന്നോട് മാത്രമാണെന്ന് ഞാൻ മനസിലാക്കുകയായിരുന്നു. ചായ തൊണ്ട കുഴിയിൽ തങ്ങി നിൽക്കുന്ന പോലെ തോന്നി. നോവ് കണ്ണുകളിൽ വലയം തീർക്കുന്ന പോലെ തോന്നിയപ്പോൾ വാഷ് റൂമിലേക്കെന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു.
ഒന്ന് ശാന്തമായപ്പോഴാണ് തിരിച്ചു വന്നത്. അവിടെ കളി പറഞ്ഞു ഇരുന്നു ചായ കുടിക്കുന്നുണ്ട് അവൾ.

“ഹാ.. എന്താടോ യാത്രയൊക്കെ സുഖമല്ലായിരുന്നോ…”

“ഉവ്വ് അച്ഛാ നന്നായിരുന്നു…”

എന്റെ അച്ഛാ വിളി കേട്ടിട്ടാവും അവളൊന്നു തല പൊക്കി എന്നെ നോക്കി അതുപോലെ തന്നെ മുഖം തിരിക്കുകയും ചെയ്തു. അച്ഛനുമായി കുറച്ചു നേരം ഓരോന്നും സംസാരിച്ചപ്പോഴേക്കും അമ്മ ഭക്ഷണം വിളമ്പിയിരുന്നു. ആ സ്വാദ് രണ്ടാം തവണയാണ് നുണയുന്നത്. സ്നേഹത്തിന്റെ നനവ് അറിയുന്ന ഭക്ഷണം. കൊതിയോടെ തന്നെ കഴിച്ചു. അവൾ ഇപ്പോ വരാമെന്നു പറഞ്ഞു എവിടേക്കോ ഇറങ്ങി പോയി. അടുത്തുള്ള വീട്ടിലേക്കാവുമെന്ന് അമ്മ പറഞ്ഞു. ഞാൻ എന്തോ ചിന്തിച്ചു ഉമ്മറത്തു ഇരുന്നപ്പോഴാണ് അച്ഛാ വിളിച്ചത്.

“എന്ത് പറ്റി മനു.. മുഖം വല്ലാതെ ഇരിക്കുന്നല്ലോ…”.

“ഏയ്‌.. ഒന്നും ഇല്ല.. ഞാൻ വെറുതെ…”

“എന്തിനാ കുട്ടി കള്ളം പറഞ്ഞു തോൽക്കാൻ നിൽക്കുന്നെ… എനിക്ക് നിങ്ങടെ ഒക്കെ മുഖം കണ്ടാൽ പെട്ടെന്ന് മനസ്സിലാവും…”

“ഒന്നും ഇല്ല അച്ഛാ എന്തോ ഒരു വേദന.. എന്നോട് മാത്രം ഒരു അവഗണന…”

“ആർക്ക്.. ആമിയ്ക്കോ…”

“മ്മ്…”.

“ഹ ഹ ഹ… അതൊക്കെ അവളുടെ അടവ് ആണ് കുഞ്ഞാ…ഞാൻ പറഞ്ഞില്ലേ അവൾ അങ്ങനെ ഒന്നും പിടി തരില്ല…തന്നെ ഒന്ന് ടെസ്റ്റ്‌ ചെയ്യുന്നതാ ഇതൊക്കെ..അതിൽ മനപ്രയാസം വേണ്ട.. തന്നെ ഇപ്പോ ഞങ്ങളെക്കാൾ ജീവനാണ് അവൾക്ക്.. ഇല്ലെങ്കിൽ താൻ നോക്കിക്കോ…”

വേദനയിൽ കുതിർന്ന ഒരു ചിരി പകരം കൊടുത്തു ഞാൻ.

“എന്നാ ഞാൻ ഇറങ്ങട്ടെ അച്ഛാ.. ഇപ്പോ ഇറങ്ങിയ ഇരുട് ആവുമ്പോഴേക്കും അവിടെ എത്താം…”

“അല്ലാ.. അപ്പോൾ മോൾ വരണ്ടേ…”

“അവൾ ഇവിടെ തങ്ങുവാണെന്ന് തോന്നുന്നു…”

“ആര് പറഞ്ഞു…”

പിന്നിൽ നിന്നുമുള്ള ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. മുറ്റത്തു നിന്ന് കയറി വരുന്നുണ്ട് അവൾ. നടന്നു എന്റെ അടുത്ത് വന്നു നിന്ന് പറഞ്ഞു.

“ഞാനും വരുന്നുണ്ട്… ഒരു മിനിറ്റ്…”

താനേ എന്റെ ഉള്ളിലെ സന്തോഷത്തിന്റെ പറവകൾ സട കുടഞ്ഞ് എഴുന്നേറ്റ പോലെ തോന്നി. അവളെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു ഞാൻ.
ഇപ്പോ എങ്ങനുണ്ട് എന്നാ അർത്ഥത്തിൽ അച്ഛൻ എന്നെ നോക്കി ചിരിക്കുന്നുണ്ട്. ഞാനും മനോഹരമായി ചിരിച്ചു. പിന്നെ രണ്ടു പേരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.

തിരിച്ചു വരുമ്പോൾ ട്രെയിനിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. ജനറൽ കമ്പാർട്മെന്റ് മതിയെന്ന് പറഞ്ഞു അവളാണ് ടിക്കറ്റ് എടുത്തത്. തിക്കിയും ഞെരുങ്ങിയും ഒരുവിധം ആലപ്പുഴ വന്നിറങ്ങി. സ്റ്റേഷനിൽ നിന്നും കാറെടുത്ത് സ്റ്റാർട്ട്‌ ആക്കി ഞാൻ അവളെ നോക്കി.

“നമ്മുക്കൊരിടം വരെ പോയാലോ…”

“എവിടേക്ക്…”

“തന്റെ മറ്റൊരു ശത്രുവിന്റെ ഫ്ലാറ്റിലേക്ക്…”

ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവൾ സംശയത്തോടെ എന്നെ നോക്കി.
എന്നിട്ട് പുരികം പൊക്കി സംശയത്തോടെ

“കിഷോർ..?..”

“മ്മ്….”

“വോ.. ഞാനെങ്ങും വരുന്നില്ല… അങ്ങേർക്ക് എന്നെ കാണുന്നത് തന്നെ കലിപ്പ് ആണ്…”

“ഹേയ്.. അവൻ ഒരു പാവമാണ്… എന്നോട് ബാക്കി ഉള്ളവരേക്കാൾ കുറച്ചധികം സ്നേഹം ആണ്.. ഡിഗ്രി തൊട്ട് അങ്ങനെയാ… ഞാൻ വേദനിച്ചാൽ എന്നെക്കാൾ വേദന അവനാണ്.. എന്നോട് ആരെങ്കിലും എതിര് നിന്നാൽ അവരോട് എന്നെക്കാൾ കലിപ്പും അവനാവും… ഞാനാണ് അവന് എല്ലാം…”

“മ്മ്….”

വെറുതെ ഒന്ന് മൂളി അവൾ. മൗനം സമ്മതമായി കണ്ട് ഞാൻ വണ്ടി കിഷോറിന്റെ ഫ്ലാറ്റിലേക്ക് വിട്ടു. ബെല്ലടിച്ചതും ഡോർ തുറന്നത് കിഷോർ ആണ്.

“ടാ മനു.. നീ..”

പെട്ടെന്നാണ് അവൻ ആമിയെ ശ്രദ്ധിച്ചത്. ഒന്നും മിണ്ടാതെ കയറെന്ന് പറഞ്ഞു അവൻ തിരിഞ്ഞു.

“ഡോ.. തനിക്കെന്താ എന്നെ പിടിച്ചില്ലേ…”

ആമിയാണ്.

“അയിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…”

“പറയാത്തത് കൊണ്ടാണല്ലോ ചോദിച്ചത്.. ഒരു വീട്ടിൽ കയറി വരുമ്പോ ഇങ്ങനെയാണോടോ…”

“ആ എനിക്ക് ഇത്രയൊക്കെയേ ആദിത്യ മര്യാദയുള്ളൂ…”.

“ആ അതേ കാണൂ.. തന്റെ സ്വഭാവം അതാണല്ലോ….”

“ദേ.. മനു.. ഇവൾ വീണ്ടും ഒടക്കാൻ തന്നാണോ…”

“അതേലോ.. എന്റെ വീട്ടിൽ വന്നു എന്നെ കൊണ്ട് കുക്കിംഗ്‌ ചെയ്യിക്കാൻ സർ കുറെ മെനക്കെട്ടതല്ലേ… ഇന്ന് തന്റെ കൈപ്പുണ്യം അറിയാനാ ഞാൻ ഇങ്ങോട്ട് വന്നത്.. പോയി ഒരു ചായ ഇട്ടു വന്നേ…”

“അയ്യടി മോളെ.. നിന്റെ കല്പന കേട്ട് കിഷോർ അങ്ങ് തൊഴുത് നിൽക്കുമെന്ന് കരുതിയോ… അതിന് വേറെ ആളെ നോക്കണം… ചായ വേണേൽ തന്നെ ഇട്ടു കുടിക്കണം ഇല്ലെങ്കിൽ ഷോണി ഇപ്പോ വരും എന്നിട്ട് കുടിച്ചാൽ മതി… അവളുടെ ഒരു പ്രതികാരം…”

“അങ്ങനെ ഷോണി ചേച്ചി ഇട്ടു തരുന്ന ചായ എനിക്കിപ്പോ വേണ്ട… താൻ തന്നെ ഇട്ടു തരണം.. ഇല്ലാതെ ഞാൻ ഇവിടുന്ന് പോവുമെന്ന് താൻ കരുതണ്ട… ആമി പറഞ്ഞാൽ പറഞ്ഞതാ…”

“ഈ പന്നി.. ദേ മനു ഇവൾ മനഃപൂർവം സീൻ ആക്കുവാണേ…നീ ഇത് കേട്ടിട്ടും എന്ത് ഒന്നും മിണ്ടാതെ നിൽക്കുന്നെ…ചുട്ട മറുപടി കൊടുത്തേ ഇവൾക്ക്…”

“ഈൗ.. നീയാ ചായ അങ്ങ് ഇട്ടു കൊടുത്തേക്ക് അളിയാ…”

“ഏഹ്.. എന്തോന്ന്…നീ അപ്പോൾ ഇവളുടെ സൈഡ് ചാടിയോ…”

അവനെ നോക്കി നന്നായൊന്ന് ഇളിച്ചു കൊടുത്തിട്ട് അടുത്ത് പോയി കാതിൽ പറഞ്ഞു.

“അത് പിന്നെ ആവിശ്യം എന്റേത് ആയിപ്പോയില്ലേ അളിയാ… നീ ഒന്ന് ക്ഷമി.. ഒരു ചായയല്ലേ… ഒന്ന് ഇട്ടു കൊടുത്തേക്കേടാ… പ്ലീസ്…നീ മുത്തല്ലേ…”

“ഓഹോ.. അപ്പോ രണ്ടും കൂടി എനിക്കിട്ട് പണിയാൻ ഇറങ്ങിയതാണല്ലേ… കാണിച്ചു തരാട്ട.. വെച്ചിട്ടുണ്ട് നിനക്ക് ഞാൻ..കള്ളപന്നി ഹും..”

“ഈൗ…അത് ഞാൻ സൗകര്യം പോലെ വാങ്ങിച്ചോളാം ഇപ്പോ മോൻ ചെന്ന് ചായ ഇട്ടേ…ചെല്ല് ചെല്ല്…”.

“ഹും.. എന്നാ വാ.. ഉണ്ടാക്കി കമഴ്ത്തി കൊടുക്കാം അവൾക്ക് ഞാൻ…”.

“അതാണ്.. ന്നാ ബാ തുടങ്ങാം…”.

കിഷോറും ഞാനും കൂടി ചായയിട്ട് കപ്പിലേക്ക് പകർത്തി ചൂടോടെ അവൻ തന്നെ അവൾക്ക് കൊണ്ട് കൊടുക്കുമ്പോഴാണ് ഡോർ തുറന്നു ഷോണിമ കയറി വന്നത്.

“എന്റെ ഈശ്വരാ ഞാൻ എന്തായീ കാണുന്നെ… പുതിയ ശീലങ്ങൾ ഒക്കെ ആണല്ലോ ഇത്….”.

“ഹാ.. ചിലരെയൊക്കെ പുതിയ ശീലങ്ങൾ പഠിപ്പിക്കാനാ ചേച്ചി ഞാൻ ഇങ്ങു വന്നിരിക്കുന്നെ…”

“അടിപൊളി.. അപ്പോ ഇത് നിന്റെ പണിയാണല്ലേ ആമിസേ… അങ്ങനെ പറയ്യ്.. അല്ലാതെ ജന്മത്ത് അടുക്കളയുടെ പരിസരത്തു വരാത്തവനാ…ഇത് എന്തായാലും പൊളിച്ചു.. എനിക്കിഷ്ടപ്പെട്ടു…”.

“വോ.. വേണേൽ പോയി ചായ എടുത്തു കുടിക്കെടി…”

“പിന്നില്ലാതെ… എന്റെ കെട്ട്യോൻ ആദ്യമായിട്ട് ഒരു അടുക്കള പരീക്ഷണം നടത്തിയതല്ലേ.. അത് ഞാൻ ആസ്വദിക്കാതെ ഇരിക്കോ.. മനുവേ.. നീ കുടിച്ചോടാ ഇവന്റെ പരീക്ഷണ വിരുത്…എങ്ങനാ..പണിയാവോ…”

“ദേ ഡി കുടിച്ചോണ്ട് ഇരിക്കുവാ… മ്മ്.. വലിയ കുഴപ്പമില്ല.. ഒപ്പിക്കാം… നീ എടുത്തു കുടിക്ക്…”

“ഹോ ഭാഗ്യം…അല്ല ആമി ചായയിൽ ഒതുക്കുവാണോ പ്രതികാരം..ഇനി വല്ലതും ഉണ്ടോ… എന്റെ സഹായം എന്തെങ്കിലും…”

“മ്മ്… തത്കാലം ഈ രണ്ടു മൊതലുകളെ ഒതുക്കാൻ ഞാൻ മതി.. എന്തെങ്കിലും ആവിശ്യം വന്നാൽ ചേച്ചിയെ ഞാൻ വിളിക്കാം… എന്തായാലും ഒരു ചായ ഇട്ടു തന്നതല്ലേ… ഇന്ന് ഇതിൽ ഒതുക്കാം.. ബാക്കി അടവുകൾ പിന്നെ…”.

“ടാ മനുവേന്ന് ” വിളിച്ചുള്ള കിഷോറിന്റെ എക്സ്പ്രഷൻ കണ്ടതും അവിടെ ഒരു കൂട്ടച്ചിരിയായിരുന്നു.

“എന്നാ പിന്നെ ബാക്കി യുദ്ധം പിന്നത്തേക്ക് മാറ്റി വെച്ച സ്ഥിതിയ്ക്ക് ഇന്ന് ഇറങ്ങിയാലോ…”

ഞാൻ ചോദിച്ചതും ഒരു പുച്ഛത്തോടെ അവളെന്നെ നോക്കി ചുണ്ട് കോട്ടി.

“ചേച്ചി എന്നാ ഞങ്ങൾ ഇറങ്ങുവാ..”

“ആട..ആമി ഇനിയും ഇറങ്ങ് ട്ടാ..”

“പിന്നെ എന്തായാലും… ”

യാത്ര പറഞ്ഞു ഇറങ്ങാൻ നേരമാണ്.

“ആമി…”

കിഷോറിന്റെ വിളി കേട്ട് ഞങ്ങൾ ഒന്നിച്ചാണ് തിരിഞ്ഞത്.

“മ്മ്…ന്ത്‌…”

കുറച്ചു കനത്തിൽ തന്നെയാണ് കക്ഷി.

“അത് പിന്നെ.. ഇനിയീ യുദ്ധം വേണോ.. നമുക്ക് അങ്ങ് ഫ്രണ്ട്സ് ആയാലോ…”

“എന്തോ…എങ്ങനെ….”

“അല്ലാ.. ഇനിയും അടുക്കളയിൽ കയറേണ്ടല്ലോന്ന് കരുതിയ…”

ഒരു ഇളിഞ്ഞ ചിരിയോടെ അവൻ പറഞ്ഞത് കേട്ട് ആമിയടക്കം ഞങ്ങൾ എല്ലാവരും ചിരിച്ചു.

“മ്മ് വരട്ടെ.. ആലോചിക്കാം…”

അത് കേട്ടതും ബൾബ് കത്തിയ പോലെ അവന്റെ മുഖം തെളിഞ്ഞു.

“മതി.. അത്രയും കേട്ടാൽ മതി…അപ്പോ വീണ്ടും സന്ധിക്കും വരെക്കും .. ഗുഡ് ബൈ..”

കളിയും ചിരിയുമായി സന്തോഷത്തോടെ തന്നെ ഞങ്ങൾ മടങ്ങി.

പിന്നീടുള്ള ദിവസങ്ങൾ കടന്ന് പോയത് അതി വേഗത്തിലാണ്. പിണക്കങ്ങളും കുഞ്ഞു കുഞ്ഞു ഇണക്കങ്ങളും കുസൃതികളുമായി ഞങ്ങളുടെ ജീവിതവും അതിനൊപ്പം പാഞ്ഞു…. അങ്ങനെ…നാളെ ആമി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഒരു വർഷം ആവുകയാണ്. പ്രതീക്ഷിക്കാതെ കടന്നു വന്നവൾ ഇന്നീ വീടിന്റെ വിളക്കാണ്… എല്ലാവരുടെയും മുഖത്തു വിരിയുന്ന ചിരി പോലും അവളെ ചുറ്റിപ്പറ്റി നിൽക്കും വിധം അവൾ ഓരോരുത്തരിലും ആഴത്തിൽ ഇടം നേടിയിരുന്നു. എന്നാൽ ഇത്രയും നാളുകൾക്കുള്ളിൽ നീ എനിക്ക് പ്രാണനാണെന്നും നീയില്ലാതെ ഇനിയൊരു നിമിഷം പോലും സാധിക്കില്ലെന്നും പരസ്പരം വാക്കുകളാൽ പറഞ്ഞില്ലെങ്കിലും ഇനിയൊരിക്കലും ഒന്നിന്റെ പേരിലും തമ്മിൽ വേർപിരിയാൻ ആവില്ലെന്ന് ഞങ്ങളും മനസ്സിലാക്കി കഴിഞ്ഞിരുന്നു. അമ്മയുടെ നിർബന്ധത്തിന് നാളെ രണ്ടു പേരും കൂടി അമ്പലത്തിൽ പോവാമെന്ന് ഏറ്റത് കൊണ്ട് നേരത്തെ തന്നെ ഉറങ്ങാനായി കിടന്നു. ബെഡിൽ തൊട്ട് അടുത്തായി കിടക്കുന്നവളെ നോക്കി കണ്ണുകളടയ്ക്കുമ്പോൾ ഒന്ന് മനസ്സിലുറപ്പിച്ചു.

“….ഇനിയും ഇങ്ങനെ പോവാൻ ആവില്ല.. നാളെ..വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞ ഞങ്ങളുടെ ദാമ്പത്യത്തിന്റെ ഒരു വർഷം തികയുന്ന അന്ന്…. ഞാൻ അവൾക്ക് മുന്നിൽ തോറ്റു കൊടുക്കും… എന്റെ മനസ്സിലുള്ളത് ഞാൻ അവളോട്‌ തുറന്നു പറയും… ആമിയില്ലായ്മയിൽ മനു മരിച്ചു പോവുമെന്ന് ആ കണ്ണുകളിൽ നോക്കി എനിക്ക് പറയണം…അവളെ ഈ നെഞ്ചിലേക്ക് ചേർത്ത് വെച്ച് ആ നെറുകയിൽ എനിക്കെന്റെ പ്രണയം പകരണം….. ”

(തുടരും…)

രണ്ടു ദിവസം വൈകി പോയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു..ഈ പാർട്ട്‌ നിങ്ങളെ എത്രത്തോളം തൃപ്തിപ്പെടുത്തുമെന്ന് അറിയില്ല…എങ്കിലും എല്ലാവരും വായിച്ചു അഭിപ്രായം പറയണം..സ്നേഹത്തോടെ….