രചന – കണ്ണന്റെ മാത്രം
ഇത് എന്റെ പപ്പയാണ്. എന്റെ അപ്പച്ചനെപ്പോലെ തന്നെ ഞാൻ സ്നേഹിക്കുന്ന മനുഷ്യൻ. അപ്പൊ എന്റെ ജീവിതത്തിൽ എന്തു നല്ലകാര്യം നടക്കുന്നുണ്ടെങ്കിലും പപ്പയും വേണം എന്റെ ഒപ്പം. അതുകൊണ്ട് മറ്റു കാര്യങ്ങൾ ഒന്നും ആരും ഇവിടെ പറയണ്ട.. ജെനി ദൃഢമായ ശബ്ദത്തിൽ പറഞ്ഞു.
മറിയെ ജെനി പറഞ്ഞതേ എനിക്കും പറയാൻ ഉള്ളൂ. ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാൻ നിൽക്കണ്ട.. കേട്ടല്ലോ.. മാത്യു അവരെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.
മറിയക്ക് ദേഷ്യം വന്നെങ്കിലും മാത്യുവിനെ പേടിയുള്ളതുകൊണ്ട് ഒന്നും മിണ്ടിയില്ല. ബാക്കി ഉള്ളവരെ പോലെ ഒന്നും അല്ല ഇപ്പോഴും പറ്റാത്തത് എന്തെങ്കിലും പറഞ്ഞാൽ കണ്ണുപൊട്ടുന്ന ചീത്തപറയും ആള്. അതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി. അവരുടെ പിന്നാലെ വിനിയും പോയി.
അടുക്കളയിൽ പെണ്ണുങ്ങൾ എല്ലാവരും കൂടി അവർ വരുമ്പോൾ കഴിക്കാൻ കൊടുക്കാൻ ഉള്ളത് ഒക്കെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. അപ്പോഴാണ് അങ്ങോട്ട് മറിയയും വിനിയും വന്നത്.
മേരി ക്രിസ്റ്റിക്ക് എന്നാ പോകേണ്ടി വരാ. പെട്ടന്നാവോ.. ലിസമ്മ ചോദിച്ചു.
അറിയില്ല ചേട്ടത്തി. ഡേറ്റ് അറിഞ്ഞിട്ടില്ല. അതിന് മുൻപ് ജെനിമോളുടെ കെട്ട് നടത്തണം എന്നാ അവൻ പറയുന്നത്. ട്രൈനിങ്ങിന് പോയാൽ പിന്നെ ഒന്നൊന്നര കൊല്ലം ഒക്കെ കഴിയും ചിലപ്പോ എത്താൻ എന്നാ അവൻ പറയുന്നത്..
അതു ശരിയാ. അവൻ പോകുമ്പോഴേക്കും അതങ്ങ് നടന്നാൽ അവനും സമാധാനം ആവുമല്ലോ.. ബെന്നിയുടെ ഭാര്യ ബീന പറഞ്ഞു.
അതു പറഞ്ഞപ്പോഴാ നമ്മുടെ വീടിന്റെ അടുത്തുള്ള വറീത് ചേട്ടായി ഇല്ലേ അങ്ങേരുടെ ഭാര്യ എന്നോട് ക്രിസ്റ്റിയുടെ ന്യൂസ് ഒക്കെ അറിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചോദിക്കാണ് ഇവന് പെണ്ണ് നോക്കുന്നുണ്ടോ എന്ന്. അവരുടെ ഇളയമോൾക്ക് നോക്കാൻ ആണത്രേ. ആ കുട്ടി ടീച്ചറോ മറ്റോ ആണ്. അപ്പൊ ഞാൻ പറഞ്ഞു അവന് അതിനും മാത്രം പ്രായം ഒന്നും ആയിട്ടില്ല എന്ന്. അവനെ കണ്ടാലും അത്യാവശ്യം എടുപ്പ് തോന്നുന്നത് കൊണ്ട് അവന് നല്ല പ്രായം ഉണ്ടെന്നാ ആളുകളുടെ വിചാരം..
മ്മ്.. ഇച്ചായനും പറഞ്ഞു ആരൊക്കെയോ ചോദിച്ചുപോലും അവന് കെട്ട് നോക്കുന്നുണ്ടോ എന്ന്. ഇപ്പൊ ഇല്ല സമയം ആവുമ്പോ പറയാം എന്ന് പറഞ്ഞത്രേ ഇച്ചായൻ.. മേരിയമ്മ ചിരിയോടെ പറഞ്ഞു.
അതിപ്പോ എന്തിനാ പുറത്തുനിന്ന് പെണ്ണ് നോക്കുന്നത് നാത്തൂനേ . ദേ ഇവളെ നോക്കിയപോരെ ക്രിസ്റ്റിക്ക്.. മറിയ വിനിയെ കാട്ടികൊണ്ട് പറഞ്ഞു. വിനി നാണത്തോടെ തല കുനിച്ചു
അവിടെ നിന്ന എല്ലാവരും കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടപ്പോലെ അവരെ ഞെട്ടി നോക്കി.
നീ ഇത് എന്ത് ദൈവദോഷം ആണ് പറയുന്നത് എന്റെ മറിയേ.. നമ്മുടെ കൂട്ടത്തിൽ അങ്ങനെ കല്യാണം കഴിക്കത്തില്ല എന്ന് നിനക്ക് അറിയാന്മേലെ… ലിസമ്മ ദേഷ്യത്തോടെ ചോദിച്ചു.
അങ്ങനെ കെട്ടാൻ പാടില്ല എന്ന് ബൈബിളിൽ പറഞ്ഞിട്ടൊന്നും ഇല്ലല്ലോ. അതുമല്ല ഇപ്പൊ ചിലടത്ത് അങ്ങനെ ആളുകൾ കല്യാണം കഴിക്കുന്നും ഉണ്ട്. പിന്നെ എന്താ.. മറിയ പറഞ്ഞു.
പലയിടത്തും പലതും നടക്കുന്നുണ്ടാവും അതെല്ലാം നമ്മുടെ വീട്ടിലും നടക്കണം എന്നുണ്ടോ. പണ്ട് മുതലേ നമ്മൾ ശീലിച്ചിട്ടുള്ളത് ഇങ്ങനത്തെ ബന്ധങ്ങൾ ആങ്ങളപ്പെങ്ങൾ ബന്ധം ആണ് എന്നാണ്. അങ്ങനെ ഉള്ളവർ കല്യാണം കഴിക്കാൻ പാടില്ല എന്നാണ്. അതിന് ഇനിയും ഇവിടെ മാറ്റം ഒന്നും ഇല്ല. നീ ഇതിവിടെ പറഞ്ഞത് പറഞ്ഞു. നിന്റെ ചേട്ടായിടെ മുന്നിൽ ഒന്നും ചെന്നുനിന്ന് പറയണ്ട കേട്ടല്ലോ. നന്നായി അറിയാലോ നിനക്ക് ഇച്ചായന്റെ സ്വഭാവം അതുകൊണ്ട് വേണ്ടാത്ത വർത്താനങ്ങൾ ഒന്നും വേണ്ട… മേരിയമ്മ ഒരു താക്കീതോടെ പറഞ്ഞു നിർത്തി..
ദേ കൊച്ചേ നിന്റെ അമ്മച്ചി ബോധം ഇല്ലാതെ പലതും പറയും. അതൊന്നും കേട്ട് നീ ആവശ്യമില്ലാത്ത ഒന്നും ചിന്തിച്ച് കൂട്ടണ്ട. അവൻ നിനക്ക് ആങ്ങള ആണ് നീ അവന് പെങ്ങളും.. കേട്ടല്ലോ.. ലിസമ്മ വിനിയെ നോക്കി ഗൗരവത്തോടെ പറഞ്ഞു.
വിനി പേടിയോടെ അവരെ നോക്കി തലയാട്ടി..
ആ സമയത്താണ് പുറത്ത് മൂന്നാല് കാറുകൾ വന്ന് നിൽക്കുന്ന ശബ്ദം അവർ കേട്ടത്. അതോടെ എല്ലാവരും കൈ എല്ലാം കഴുകി തുടച്ച് മുന്നിലേക്ക് പോയി. മുന്നിലേക്ക് ചെല്ലുമ്പോൾ എല്ലാവരും കാണുന്നത് നിരന്ന് നിൽക്കുന്ന മൂന്ന് വണ്ടികൾ ആണ്. ആദ്യത്തെ കാറിൽ നിന്ന് അന്നയും എബിയും അടക്കമുള്ള പിള്ളേര് പട മുഴുവൻ ഇറങ്ങി. രണ്ടാമത്തെ കാറിൽ നിന്നും ജെയിംസും എൽസിയും ജേക്കബും റാണിയും ഇറങ്ങി. അവസാനത്തെ കാറിൽ നിന്നും ഡേവിയും വല്യമ്മച്ചിയും ജോണും റീനാമ്മയും ജാനി മോളും ഇറങ്ങി. ഡേവി ഇറങ്ങി വന്ന് ജാനി മോളെ റീനാമ്മയുടെ കൈയിൽ നിന്ന് വാങ്ങി പിടിച്ചു.
അവർ വന്ന കാറുകളും കാറിൽ നിന്ന് ഇറങ്ങിയവരുടെ ആഢ്യത്വവും ഒക്കെ കണ്ടപ്പോൾ മറിയക്കും കറിയാച്ചനും അസൂയ മൂത്തു. കണ്ടാൽ വലിയ പ്രത്യേകതകൾ ഒന്നും ഇല്ലാത്ത സാദാ ഒരു പെൺകുട്ടി. ഇവൾക്കെങ്ങനെയാ ഇത്ര നല്ല ബന്ധുതകൾ വരുന്നത്. ആദ്യത്തേതും മോശം ആയിരുന്നില്ല പണത്തിൽ ഇപ്പൊ ഇവർ കോടീശ്വരന്മാർ ആണെന്ന് അവരുടെ കാറുകൾ കണ്ടാൽ തന്നെ അറിയാം… മറിയ ജെനിയെ നോക്കികൊണ്ട് മനസ്സിൽ നിറഞ്ഞ കുശുമ്പോടെ ആലോചിച്ചു.
മാത്യൂസും ജോസഫും ബാക്കി ആണുങ്ങളും കൂടി അവരെ ഉള്ളിലേക്ക് കയറ്റി ഇരുത്തി. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും അറിയാത്തവർക്ക് പരിചയപ്പെടുത്തലും കാര്യങ്ങളും ആയിരുന്നു കുറച്ചുനേരം.
ആ ഇനീപ്പോ ജെനിമോളെ വിളിക്കാം അല്ലേ… മാർക്കോസ് ചോദിച്ചു.
ജെനി മോളെ ഞങ്ങൾക്ക് ഒക്കെ അറിയാവുന്നതാണ്. പിന്നെ ഇതൊരു ഔപചാരിക ചടങ്ങ് മാത്രം…വല്യമ്മച്ചി പറഞ്ഞു.
അപ്പോഴേക്കും അന്നയുടെ കൂടെ ജെനി അങ്ങോട്ട് വന്നു. ജെനിയെ കണ്ടതും ജാനിമോള് ഡേവിയുടെ കൈയിൽ നിന്നും ഇറങ്ങി ജെനിയുടെ അടുത്തേക്ക് പോയി. ജെനി വേഗം മോളെ കൈയിൽ എടുത്ത് കൊഞ്ചിച്ചു. ജാനിയും എന്തൊക്കൊയോ അവളോട് പറയുന്നുണ്ട്. ജെനി അതൊക്കെ സമ്മതിച്ച് കൊടുക്കുന്നും ഉണ്ട്.
ഇനിയിപ്പോ എങ്ങനെയാ ബാക്കി കാര്യങ്ങൾ ഒക്കെ… മാർക്കോസിന്റെ ശബ്ദം ആണ് അവരെ തന്നെ ശ്രദ്ധിച്ച് നിന്നിരുന്ന എല്ലാവരുടെയും ശ്രദ്ധ തെറ്റിച്ചത്.
ഞങ്ങൾക്ക് എത്രേം വേഗം കെട്ട് നടത്തണം എന്നാണ് ആഗ്രഹം… അല്ലേ ജോണേ.. വല്യമ്മച്ചി പറഞ്ഞു.
ഞങ്ങളും അതു പറയണം എന്ന് കരുതി ഇരുപ്പായിരുന്നു. ക്രിസ്റ്റിക്ക് എന്നാണ് ട്രൈനിങ്ങിന് പോകേണ്ടി വരിക എന്ന് അറിയില്ല. അപ്പൊ അതിന് മുന്നായി കെട്ട് വേണം എന്നാണ് അവൻ പറയുന്നത്… മാത്യൂസും പറഞ്ഞു.
എങ്കിൽ പിന്നെ എത്രേം പെട്ടന്ന് കാര്യങ്ങൾ മുന്നോട്ട് നീക്കാം അല്ലേ… ജെയിംസ് ചോദിച്ചു.
അല്ല മറ്റുകാര്യങ്ങൾ ഒന്നും സംസാരിച്ചില്ലല്ലോ.. കറിയാച്ചൻ ചോദിച്ചു.
ഇതിലിപ്പോ മറ്റുകാര്യങ്ങൾ ഒന്നും സംസാരിക്കാൻ ഇല്ല. ഞങ്ങൾക്ക് ജെനിയെ മാത്രം മതി ഞങ്ങളുടെ മോന്റെ പെണ്ണായിട്ട്. വേറെ ഒന്നും വേണ്ട… വല്യമ്മച്ചി പറഞ്ഞു.
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. ഡേവി പറഞ്ഞു..
എന്താടാ.. ജേക്കബ് ചോദിച്ചു.
അത് എളേപ്പാ കെട്ട് അത്ര ആർഭാടം ആയിട്ടൊന്നും വേണ്ട എന്നാണ് എന്റെ ആഗ്രഹം. നമുക്ക് വേണ്ടപ്പെട്ടവർ മാത്രം ആയിട്ട് ഒരു ചെറിയ ചടങ്ങ് മതി. ബാക്കി ഉള്ളവർക്കായി പിന്നീട് ഒരു റിസപ്ഷൻ നടത്താം എന്നാണ് എന്റെ ആഗ്രഹം. ജെനിഫറിനും ഒക്കെ ആണെങ്കിൽ നമുക്ക് അങ്ങനെ നോക്കിക്കൂടെ..
എനിക്കും അത് തന്നെ ആണ് ആഗ്രഹം… ജെനിയും അങ്ങനെ പറഞ്ഞതോടെ പിന്നെ ചർച്ച അങ്ങനെ പോയി.
അപ്പോഴേക്കും മേരിയമ്മയും ബാക്കി ഉള്ളവരും കൂടി ചായയും മറ്റും ഊണ് മേശയിലേക്ക് എടുത്ത് വച്ചിരുന്നു. റീനാമ്മയും എൽസിയും റാണിയും അവരുടെ ഒപ്പം കൂടി. എല്ലാം എടുത്ത് വച്ചതും മേരിയമ്മ എല്ലാവരെയും ചായ കുടിക്കാൻ വിളിച്ചു. എല്ലാവരും ഉള്ള കസേരകളിൽ ഇരുന്നു. ജെനിയും അങ്ങോട്ട് പോയി. അപ്പോഴാണ് ജെനിയുടെ കൈയിൽ ഇരുന്ന ജാനി മോള് അവിടെ ഇരിക്കുന്ന ലഡ്ഡു കണ്ടത്. ആൾക്ക് ലഡ്ഡു ഒരു വീക്ക്നെസ്സ് ആണ്. മൂപ്പര് അത് എടുത്തുകിട്ടാൻ ജെനിയെ തട്ടി വിളിച്ചു. അന്നയും ആയി സംസാരത്തിൽ ആയിരുന്ന ജെനി അത് ശ്രദ്ധിച്ചില്ല. അതോടെ അവൾ ജെനിയുടെ മുഖം തനിക്ക് നേരെ ചിരിച്ചുകൊണ്ട് പറഞ്ഞു..
അമ്മേ.. അത് വേനം…
ജാനിമോളുടെ അമ്മേ എന്ന വിളിക്കേട്ടപ്പോൾ ഞെട്ടിനിൽപ്പാണ് ജെനി. നിമിഷനേരംകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവിടെ ഇരുന്ന എല്ലാവരും സത്യത്തിൽ ഞെട്ടിപ്പോയി ജാനിയുടെ അമ്മ വിളിയിൽ. പ്രത്യേകിച്ചും ജെനിയുടെ വീട്ടുക്കാർ. അവർ എല്ലാം വളരെ സന്തോഷിച്ചു. ജോസഫും..
ജെനിയുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ കണ്ടപ്പോൾ ജാനിമോൾക്കും വിഷമം ആയി. അവൾ ജെനിയുടെ കണ്ണുകൾ തുടച്ചുകൊടുത്തുകൊണ്ട് പറഞ്ഞു…
അമ്മ കരയന്റാ.. ജാനിക്ക് അത് വേന്റാ… ജാനി വിചാരിച്ചു അവൾ ലഡ്ഡു ചോദിച്ചതിന് ആണ് ജെനി കരയുന്നത് എന്ന്. ജെനി ഇതൊന്നും കേൾക്കുന്നുണ്ടായില്ല എന്നതാണ് സത്യം. അവൾ ജാനിമോളുടെ അമ്മ എന്ന വിളിയിൽ തന്നെ കുടുങ്ങികിടപ്പാണ്. അവൾ മോളുടെ മുഖം ആകെ ചുംബനംകൊണ്ട് മൂടി.
അമ്മേടെ മോൾക്ക് അമ്മ തരാലോ ലഡ്ഡു വായോ.. പിന്നെ അങ്ങോട്ട് ഒരു വല്ലാത്ത സന്തോഷവും വെപ്രാളവും ആയിരുന്നു ജെനിയുടെ പ്രവർത്തികളിൽ എല്ലാം. കുറച്ചുനേരം എല്ലാവരും അത് നോക്കി ഇരുന്നു. പിന്നെ പതിവ് ചർച്ചകളിലേക്ക് കടന്നു.
വന്നപ്പോൾ മുതൽ ക്രിസ്റ്റി ശ്രദ്ധിക്കുന്നത് ആണ് ദിയയെ. അല്ലെങ്കിൽ എപ്പോഴും ഇച്ചായാ എന്നും പിന്നാലെ വരുന്നതാണ് ഇനി അതുപറ്റില്ലെങ്കിൽ കണ്ണെടുക്കാതെ നോക്കുന്നതാണ് പെണ്ണ്. ഇന്ന് പെണ്ണ് നേരെ നോക്കുന്നുപോലും ഇല്ലാ. ഇനി അഥവാ കണ്ണുകൾ ഇടഞ്ഞാലും നിറഞ്ഞ കണ്ണോടെ കണ്ണുകൾ വെട്ടിച്ചുമാറ്റും. ക്രിസ്റ്റിയുടെ പുരികം ചുളിഞ്ഞു. അവൾക്ക് എന്ത് പറ്റിയെന്ന് അവന് മനസിലാകുന്നുണ്ടായിരുന്നില്ല. എന്തിനാവോ എന്നേ നോക്കി കണ്ണ് നിറക്കുന്നേ. അതിന് ഞാൻ ഒന്നും പറഞ്ഞുപോലും ഇല്ലല്ലോ.. അവൻ ആലോചിച്ചു.
ദിയയും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. അവൾക്ക് ക്രിസ്റ്റിയെ നോക്കാൻ പേടിയും ഉണ്ട് ഇനിയും കൂടുതൽ ആഴത്തിൽ അവൻ തന്റെ ഉള്ളിൽ പതിഞ്ഞാലോ എന്ന് വിചാരിച്ചിട്ട് എന്നാൽ നോക്കാതിരിക്കാനും കഴിയുന്നുണ്ടായില്ല. ഓരോ പ്രാവശ്യവും അവന്റെ കണ്ണുകളുമായി കണ്ണുടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…
വല്യമ്മച്ചിയുടെ ശബ്ദം ആണ് എല്ലാവരെയും അവരവരുടെ ചിന്തകളിൽ നിന്ന് മോചിത ആക്കിയത്.
അപ്പൊ അടുത്ത ഞായറാഴ്ച സമ്മതവും പിന്നത്തെ ഞായറാഴ്ച കെട്ടുകല്യാണവും വെക്കാം അല്ലേ..
അതുമതി അമ്മച്ചി.. ജോൺ പറഞ്ഞുകൊണ്ട് മാത്യൂസിനെ നോക്കി ചോദിച്ചു അല്ലേ മാത്യുസേ..
അതുമതി അല്ലേ .. അയാൾ ജോസഫിനെ അടക്കം എല്ലാവരെയും നോക്കിക്കൊണ്ട് ചോദിച്ചു.. എല്ലാവരും അയാളെ നോക്കി തലയാട്ടി അവരുടെ സമ്മതം അറിയിച്ചു.
ഇത്രേം ഒക്കെ ആയ സ്ഥിതിക്ക് ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം അല്ലേ ചേട്ടായി.. അലൻ കുസൃതിയോടെ എബിയോട് ചോദിച്ചു.
ആ അതു തന്നെ പോയി സംസാരിക്ക് ചേട്ടായി.. എബി ഡേവിയെ നോക്കി പറഞ്ഞു. അതോടെ ഡേവി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ജെനിയെ നോക്കി. ജെനി ടെൻഷനോടെ അവളുടെ കൈയിൽ ഉള്ള മോളെ ഒന്നുകൂടി ചേർത്ത് പിടിച്ചു.
നീ ഇങ്ങോട്ട് വാടി ചിങ്കാരി നിന്റെ അപ്പയും അമ്മയും പോയി സംസാരിക്കട്ടെ.. ജെനിയുടെ കൈയിൽ നിന്നും മോളെ വാങ്ങിക്കൊണ്ട് അലൻ പറഞ്ഞു.
അതോടെ ജെനിക്ക് വേറെ വഴിയില്ലാതായി. അവൾ പതുക്കെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. അതുകണ്ടതും അവളെ ഒന്ന് നോക്കി കൊണ്ട് ഡേവി പുറത്തേക്ക് നടന്നു. അവളും പതുക്കെ അവന്റെ പിന്നിലായി പോയി.
പുറത്ത് ഗാർഡനിലേക്ക് ആണ് അവർ നേരെ പോയത്. അവിടെ എത്തിയിട്ടും രണ്ടുപേരും കുറച്ചുനേരം മിണ്ടാതെ നിന്നു. കുറച്ചുനേരമായിട്ടും ഡേവി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും ജെനി സംസാരത്തിന് തുടക്കം ഇട്ടു.
ജാനിമോൾക്ക് ഞാൻ എന്നും നല്ലൊരു അമ്മയാകും വേറെ ഒന്നും ഞാൻ സാറിൽ നിന്നും പ്രതീക്ഷിക്കില്ല. സാറ് വിഷമിക്കേണ്ട… അവന് തന്നെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് കരുതി ജെനി പറഞ്ഞു. ജെനി അങ്ങനെ പറഞ്ഞതും അതുവരെ ദൂരേക്ക് നോക്കി നിന്നിരുന്ന ഡേവി തിരിഞ്ഞ് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി എന്നിട്ട് ചോദിച്ചു..
തന്നെ ഞാൻ ഏതു ക്ലാസ്സിൽ ആണ് പഠിപ്പിച്ചിട്ടുള്ളത്… ഡേവി ഗൗരവത്തോടെ ചോദിച്ചു..
എന്താ.. അവൾ ഒന്നും മനസ്സിലാകാതെ ചോദിച്ചു.
അല്ല എന്നെ സാറെന്നൊക്കെ വിളിച്ചുകെട്ടപ്പോ എനിക്കൊരു ഡൌട്ട് തന്നെ ഞാൻ ഏതേലും ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ടോ എന്ന്… അവൻ ഒരു ആക്കി ചിരിയോടെ പറഞ്ഞു.
തന്നെ കളിയാക്കിയതാണെന്ന് മനസ്സിലായതും ജെനിയുടെ കവിൾ വീർത്തുവന്നു.
അവളുടെ വീർത്ത കവിളുകളിലേക്ക് കൗതുകത്തോടെ നോക്കികൊണ്ട് അവൻ പറഞ്ഞു.
പിന്നെ തന്നോട് ഞാൻ പറഞ്ഞോ ജാനിമോൾക്ക് ഒരു അമ്മയെ കിട്ടാൻ വേണ്ടി മാത്രം ആണ് തന്നെ കല്യാണം കഴിക്കുന്നതെന്ന്…
അവൻ പറഞ്ഞത് കേട്ടതും മിഴിഞ്ഞ കണ്ണോടെ അവൾ അവനെ നോക്കി നിന്നു.
……………
കുറിപ്പ് :-
ഇന്നലത്തെ പാർട്ടിൽ എനിക്കൊരു തെറ്റുപറ്റി. ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ അച്ഛന്റെ പെങ്ങളുടെ മക്കളെ അല്ലെങ്കിൽ അമ്മയുടെ ആങ്ങളയുടെ മക്കളെ കല്യാണം കഴിക്കില്ല എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഗൂഗിളിൽ നോക്കിയപ്പോൾ അതു prohibited അല്ലാന്ന് കണ്ടു. അതാണ് അങ്ങനെ എഴുതിയത്. പക്ഷേ നമ്മുടെ അവിടെ അങ്ങനെ ചെയ്യില്ലെന്ന് അറിഞ്ഞു. സോറി ഗയ്‌സ്…

by