രചന – കണ്ണന്റെ മാത്രം
ഇച്ചായൻ എന്താണാവോ ഇത്രേം വൈകുന്നത്. ഇന്ന് ചെക്കപ്പിന് പോണം എന്നുള്ളത് രാവിലെ ഞാൻ പറഞ്ഞിരുന്നതാണല്ലോ… ജെനി ആലോചിച്ചു.
മോളെ ജെനി ഇത്രേം നേരം ആയില്ലേ. ഇനിയും അവനെ കാത്തിരുന്നു നേരം കളയണ്ട. അവൻ വല്ല തിരക്കിലും പെട്ടുകാണും. മമ്മി വരാം മോൾടെ കൂടെ ഡോക്ടറുടെ അടുത്തേക്ക്. എന്തായാലും ചെക്കപ്പ് മുടക്കേണ്ട. ഡോക്ടറുടെ വീട്ടിൽ അല്ലെ പോകുന്നത്. ആനിയമ്മ ചോദിച്ചു.
അതേ മമ്മി. സ്കാനിങ് ഉള്ളപ്പോൾ മാത്രേ ഹോസ്പിറ്റലിൽ പോകാറുള്ളൂ. അല്ലേൽ വീട്ടിൽ പോയാൽ മതി. അതാവുമ്പോ വൈകിട്ട് പോയാൽ മതിയല്ലോ.. ജെനി പറഞ്ഞു.
മ്മ്.. എന്നാ മോള് പോയി എന്താന്നുവച്ചാൽ എടുത്തിട്ട് വായോ.. ഇനിയും വൈകണ്ട… അവൻ ഇന്ന് ഇങ്ങോട്ട് വരട്ടെ. നിന്നെലും വലിയ എന്തു തിരക്കാ അവന് ഉള്ളതെന്ന് എനിക്കൊന്നറിയണം. ആനിയമ്മ ദേഷ്യത്തിൽ പറഞ്ഞു.
അതു സാരമില്ല മമ്മി. ഇച്ചായനെ ഒന്നും പറയണ്ട. എന്തേലും തിരക്കിൽ പെട്ടുകാണും. അല്ലേൽ എന്തായാലും വന്നേനെ.. ജെനി പറഞ്ഞു.
ആ.. വന്നു അവൾ അവനെ ന്യായീകരിക്കാൻ. ഞാൻ ഒന്നും പറയുന്നില്ല നിന്റെ കെട്ടിയോനെ. പോയി റെഡി ആയി വായോ നമുക്കിറങ്ങാം.. അതുംപറഞ്ഞ് ആനിയമ്മ അവരുടെ റൂമിലേക്ക് പോയി യാത്രയാവാൻ.
ജെനി ഒന്നുകൂടി അലക്സിയുടെ ഫോണിലേക്ക് ട്രൈ ചെയ്തുകൊണ്ട് റിപ്പോർട്ടും മറ്റും എടുക്കാൻ അവരുടെ റൂമിലേക്ക് പോയി.
ഇതാണ് ചിറയത്ത് തറവാട്. അത്യാവശ്യം ഭൂസ്വത്തും ബിസിനസ്സും ഒക്കെ ആയി ഒരു കുടുബം. ഇവിടത്തെ കാരണവർ വർഗീസ്. അങ്ങേരുടെ ഭാര്യ ത്രേസ്സ്യാമ്മച്ചി. അവർക്ക് രണ്ടുമക്കൾ.
ജോസഫ് ഭാര്യ ആനി.
അവർക്ക് ഒരേ ഒരു മകൻ അലക്സ് ജോസഫ് 33 വയസ്സ് . നല്ല വെളുത്ത് കാണാൻ സുന്ദരൻ ആയ ഒരുത്തൻ ആണ് അലക്സി.അവരുടെ സൂപ്പർ മാർക്കറ്റ് നോക്കി നടത്തുന്നത് അവനാണ്. അവന്റെ ഭാര്യയാണ് നമ്മൾ ഇപ്പോൾ കണ്ട ജെനിഫർ എന്ന എല്ലാവരുടെയും ജെനി 24 വയസ്സ് . അധികം വണ്ണവും കളറും ഒന്നും ഇല്ലാത്ത ഒരു സാധാ പെൺകുട്ടി. പക്ഷേ നല്ല പട്ടുപോലത്തെ സ്വഭാവം ആണ് അവളുടേത്. അതുകൊണ്ട് തന്നെ എല്ലാവർക്കും വളരെ ഇഷ്ടമാണ് അവളെ.അവരുടെ കല്യാണം കഴിഞ്ഞിട്ട് 6 വർഷം കഴിഞ്ഞു. കുട്ടികൾ ആയിട്ടുണ്ടായില്ല. എല്ലാവരുടെയും നേർച്ചയുടെയും കാഴ്ചയുടെയും ഫലം ആയി അവൾ ഇപ്പോൾ ഗർഭിണി ആണ്. 4 മാസം ആയി. എല്ലാവർക്കും അവളെ വലിയ കാര്യം ആണ്. ആനിയമ്മക്ക് അലക്സിനെക്കാൾ പ്രിയം ജെനിയെ ആണെന്ന് പറഞ്ഞാലും അതിൽ അതിശയം ഇല്ല.
ജോസഫിനു താഴെ ഒരു പെങ്ങളാണ്. ആലീസ് എന്ന എല്ലാരുടെയും കുഞ്ഞോൾ. ഭർത്താവ് തോമസ്. ഒരു മകളാണ് അവർക്ക് ആൻമേരി എന്ന എല്ലാരുടെയും അന്നമ്മ. ജെനിയുടെ ചങ്കും കരളും എല്ലാം അന്നമ്മ ആണ്. അവർ ഒരുമിച്ചു പഠിച്ചതാണ്. അന്നമ്മ കാണാൻ സുന്ദരി ആണ്. വെളുത്ത് ഒരുപാടു ഉയരം ഒന്നും ഇല്ലാതെ എന്നാൽ ആവശ്യത്തിന് വണ്ണത്തിൽ നല്ലൊരു സുന്ദരി കൊച്ച്. അന്നമ്മ പഠിച്ചതൊക്കെ ഈ തറവാട്ടിൽ നിന്നിട്ടായിരുന്നു. അപ്പൊ അവളുടെ കൂടെ ജെനി ഇങ്ങോട്ട് വരുമായിരുന്നു. അങ്ങനെ ആനിയമ്മക്ക് അവളുടെ സ്വഭാവവും മറ്റും കണ്ടിഷ്ടപ്പെട്ടിട്ടാണ് അവളെ അലക്സിനു വേണ്ടി ആലോചിക്കുന്നത്. എല്ലാർക്കും അതിൽ താല്പര്യം ആയിരുന്നു. പക്ഷെ അലക്സിനു വലിയ താല്പര്യം ഒന്നും ഉണ്ടായില്ല ഈ ബന്ധത്തിൽ. അവന്റെ സങ്കല്പത്തിൽ ഉള്ളത് നല്ല വെളുത്ത് തുടുത്ത പെണ്ണിനെ ആണ്. പിന്നെ എല്ലാരും കൂടി നിർബന്ധിച്ചപ്പോ സമ്മതിച്ചു എന്ന് മാത്രം. അവരുടെ കല്യാണം കഴിഞ്ഞ് ആദ്യം കുറച്ചുനാൾ അവളോട് അടുത്തില്ലെങ്കിലും പിന്നെ അവളുടെ സ്വഭാവവും മറ്റും കണ്ടപ്പോൾ അവൻ അവളെ സ്നേഹിച്ചു തുടങ്ങി.
……….
ആനിയമ്മയും ജെനിയും റെഡി ആയി ഇറങ്ങുന്ന നേരത്താണ് വർഗീസും ത്രേസ്യാമ്മച്ചിയും വരുന്നത്. ( അവരെ ഇനി വല്യപ്പച്ചൻ വല്യമ്മച്ചി എന്ന് വിളിക്കാം ) അവർ ആലീസിന്റെ വീട് വരെ പോയതായിരുന്നു. അന്നമ്മയുടെ കല്യാണകാര്യവും ആയി ബന്ധപ്പെട്ട്.
എന്നാടി മോളെ ഈ പ്രാവശ്യവും അവൻ എത്തിയില്ല്യയോ നിന്റെ ചെക്കപ്പിന് പോകാൻ… വല്യപ്പച്ചൻ ജെനിയോടായി ചോദിച്ചു.
ഇച്ചായൻ എന്നേലും തിരക്കിൽ പെട്ടിട്ടുണ്ടാവും വല്യപ്പച്ചാ.. അല്ലെങ്കിൽ എന്തായാലും വന്നേനെ.. ജെനി ഒരു പരുങ്ങലോടെ പറഞ്ഞു.
മ്മ്.. അവന്റെ തിരക്ക് എനിക്കൊന്നറിയണം. നിനക്ക് വയറ്റിലായിട്ട് മൂന്നുമാസം കഴിഞ്ഞു. ഇതുവരെ നിന്റെ കൂടെ ഒരു ചെക്കപ്പിന് വരാൻ അവന് പറ്റിയോ.. എല്ലാ പ്രാവശ്യവും ഓരോ ഒഴിവുകഴിവ്.. അയാൾ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു.
വല്യപ്പച്ച അതു പിന്നെ കഴിഞ്ഞ പ്രാവശ്യം…
ജെനി പറഞ്ഞുതുടങ്ങിയപ്പോഴേക്കും വല്യപ്പച്ചൻ അതിനെ തടഞ്ഞിരുന്നു…
വേണ്ട മോളെ നീ അവനെ ന്യായീകരിക്കാൻ നോക്കണ്ട. കഴിഞ്ഞ പ്രാവശ്യവും അവൻ ചെക്കപ്പിന്റെ സമയത്ത് വരാത്ത കാരണം നീ നിന്റെ അമ്മയെ കൂട്ടിയാണ് പോയതെന്ന് ഞാൻ അറിഞ്ഞിരുന്നു…
അതുകേട്ടതും ജെനി ഒന്നും പറയാതെ തല കുമ്പിട്ടതെ ഉള്ളൂ…
ആഹാ അപ്പൊ കഴിഞ്ഞ പ്രാവശ്യം അവൻ വന്നില്ലായിരുന്നോ. പിന്നെ എന്നാത്തിനാ കൊച്ചേ നീ ഞങ്ങളോട് അവൻ വന്നിരുന്നു എന്ന് നുണപറഞ്ഞത്… വല്യമ്മച്ചി ചോദിച്ചു. ആനിയമ്മയും അവളെ സംശയത്തോടെ നോക്കി.
അതുപിന്നെ വല്യമ്മച്ചി ഇച്ചായൻ എന്നോട് അന്ന് വൈകിട്ട് വിളിച്ചുപറഞ്ഞിരുന്നു തിരക്കിൽ പെട്ടതുകൊണ്ടാ വരാൻ പറ്റാഞ്ഞേ എന്ന്. പിന്നെ അതിന്റെ പേരിൽ ഇവിടെ ഒരു വർത്താനം വേണ്ടല്ലോ എന്നാലോചിച്ചാ ഞാൻ അങ്ങനെ പറഞ്ഞത്.
മ്മ്.. എന്തായാലും ഇപ്പൊ നിങ്ങൾ പോകാൻ നോക്ക്. ഇനിയും നിന്ന് വൈകണ്ട.. വല്യപ്പച്ചൻ പറഞ്ഞു.
അല്ല അപ്പച്ചാ പോയ കാര്യം എന്തായി… ആനിയമ്മ ചോദിച്ചു.
അത് വന്നിട്ട് പറയാം കുറച്ചുപറയാൻ ഉണ്ട്. ഇപ്പൊ തല്കാലം ചെക്കപ്പിന് വൈകണ്ട.. വല്യപ്പച്ചൻ പറഞ്ഞു.
……………..
ആനിയമ്മയും ജെനിയും ഡോക്ടറുടെ വീട്ടിൽ എത്തുമ്പോളേക്കും അവസാന പേഷ്യന്റ് ഇറങ്ങുന്ന സമയം ആയിരുന്നു. അവർ വേഗം
Dr. നിഖില എന്നെഴുതിയ റൂമിലേക്ക് കയറി.
ആഹാ ആരിത് ജെനിഫറോ .. എന്താ വൈകിയെ.. ഡോക്ടർ ഒരു ചിരിയോടെ ചോദിച്ചു…
അതു വീട്ടിൽ നിന്നും ഇറങ്ങാൻ കുറച്ചു ലേറ്റ് ആയി ഡോക്ടർ. പിന്നെ ഈ സമയത്തെ ട്രാഫിക്കും.. ജെനി ഒരു ചിരിയോടെ പറഞ്ഞു
ട്രാഫിക് ഒരു രക്ഷയും ഇല്ല ഇപ്പൊ… അതുംപറഞ്ഞു അവർ ജെനിയുടെ റിപ്പോർട്ട് എല്ലാം നോക്കി. എന്നിട്ട് ജെനിയോട് ഗൗരവത്തോടെ ചോദിച്ചു.
ജെനിഫർ എവിടെ തന്റെ ഹസ്ബൻഡ്. ഇപ്രാവശ്യം എന്തായാലും എനിക്കാളോട് സംസാരിക്കണം എന്ന് പറഞ്ഞതല്ലേ..
അത് പിന്നെ ഡോക്ടർ ഇച്ചായന് പെട്ടന്ന് ഒരു തിരക്ക് വന്നതുകൊണ്ട് വരാൻ പറ്റിയില്ല… ജെനി തലകുമ്പിട്ട്കൊണ്ട് പറഞ്ഞു.
എന്താടോ ഇത്. താൻ പ്രെഗ്നന്റ് ആയിട്ട് മൂന്നുമാസം ആയില്ലേ. എന്നിട്ട് ഇന്നത്തെ വരെ തന്റെ ഹസ്ബൻഡ് ഒരു വിസിറ്റിനു പോലും വന്നില്ലല്ലോ. നാട്ടിൽ ഇല്ലാത്ത ആളാണെങ്കിൽ കുഴപ്പം ഇല്ല. ഇതിപ്പോ ഇവിടെ ഉള്ള ആളല്ലേ.. ഡോക്ടർ ചോദിച്ചു.
അതിന് അവൾ ഒന്നും പറയാതെ തലകുമ്പിട്ട് ഇരുന്നേ ഉള്ളൂ..
എന്താ ഡോക്ടർ…
എന്തേലും പ്രശ്നം ഉണ്ടോ… ആനിയമ്മ ടെൻഷനോടെ ചോദിച്ചു.
നിങ്ങൾ ആരാണ്… ഡോക്ടർ അവരോടായി ചോദിച്ചു.
ഞാൻ ഇവളുടെ അമ്മയാണ്. അതായത് അവളുടെ ഹസ്ബന്റിന്റെ അമ്മയാണ്..ആനിയമ്മ പറഞ്ഞു.
ഒക്കെ എന്നാൽ അമ്മയോട് പറയാം. ജെനിഫറിന്റെ മൂന്നാംമാസത്തെ സ്കാനിംഗിൽ ചെറിയ പ്രശ്നം കാണുന്നുണ്ട്. ആൾടെ ഗർഭപാത്രത്തിനു കട്ടി കുറവാണ്. അതുകൊണ്ട് നല്ല റസ്റ്റ് വേണം. കാരണം അബോർഷൻ ടെൻഡൻസി ഇങ്ങനെ ഉള്ള കേസിൽ കൂടുതലാണ്.പിന്നെ BP ഹൈ ആണ്. അത് അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല. അതുകൊണ്ട് തീരെ ടെൻഷൻ അടിക്കരുത്. ഇനിയും BP കൂടുന്നത് അപകടം ആണ്. എപ്പോഴും മൈൻഡ് റിലാക്സ് ആക്കി വെക്കാനും ഹാപ്പി ആയിട്ടിരിക്കാനും നോക്കണം. പിന്നെ ആൾക്ക് തൂക്കക്കുറവ് ഉണ്ട്. അതുകൊണ്ട് നല്ല പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കണം…
ഭക്ഷണം കഴിക്കാൻ നല്ല മടിയാണ് ഡോക്ടർ. ആദ്യത്തെ 2 മാസം ഛർദി ആയിരുന്നു. ഇപ്പൊ അതില്ല. എന്നാലും എന്തേലും മുന്നിൽ വച്ചുകൊടുത്ത തോണ്ടി തോണ്ടി ഇരിക്കും. ഒന്നും നേരാവണ്ണം കഴിക്കില്ല…ആനിയമ്മ പറഞ്ഞു.
എന്താ ജെനി ഇത്. ഈ സമയത്ത് നന്നായി ഫുഡ് ഒക്കെ കഴിക്കണ്ടേ. കഴിഞ്ഞ തവണ തന്റെ അമ്മ വന്നപ്പോഴും ഇതേ കംപ്ലയിന്റ് ആണല്ലോ പറഞ്ഞത്…മ്മ്… ഇനി നന്നായി ഭക്ഷണം കഴിക്കണം കേട്ടോ…തല്കാലം ഞാൻ അബോർഷൻ ആവാതിരിക്കാനുള്ള ഒരു മരുന്ന് എഴുതാം. ഒരു 5 മാസം വരെ അത് കഴിക്കേണ്ടി വരും. പിന്നെ പ്രഷറിന്റെ മരുന്നും കഴിക്കണം. അത് ഡെലിവറി കഴിയുന്നവരെ കഴിക്കണം..
ശരി ഡോക്ടർ… അതുംപറഞ്ഞുകൊണ്ട് അവർ തിരിച്ചുപോകാനായി ഇറങ്ങി.
അവർ തിരികെ തറവാട്ടിലെത്തുമ്പോഴേക്കും സന്ധ്യ ആയിരുന്നു. പിന്നെ എല്ലാവരും കുരിശു വരയ്ക്കാനും മറ്റും ഉള്ള തിരക്കിൽ ആയിരുന്നു.
കുരിശ് വരച്ചു കഴിഞ്ഞ് ജെനി അടുക്കളയിൽ നിൽക്കുമ്പോൾ ആണ് ആനിയമ്മയും വല്യമ്മച്ചിയും കൂടി അങ്ങോട്ട് വരുന്നത്…
എന്തിനാ പെണ്ണേ നീ ഇവിടെ ഇങ്ങനെ നിക്കുന്നെ. നിന്നോട് റസ്റ്റ് പറഞ്ഞതല്ലേ. ആ റൂമിൽ അങ്ങാനും പോയി കിടക്ക് കൊച്ചേ.. ആനിയമ്മ പറഞ്ഞു.
എന്നാപറഞ്ഞു ഡോക്ടർന്ന പറഞ്ഞേ.. വല്യമ്മച്ചി ചോദിച്ചു.
അതമ്മച്ചി ജെനിടെ ഗർഭപാത്രത്തിന് കട്ടിപോരത്രേ. അതോണ്ട് റസ്റ്റ് പറഞ്ഞിട്ടുണ്ട്. പിന്നെ Bp യും കുറച്ച് കൂടുതൽ ആണ്. അതോണ്ട് നന്നായി ശ്രദ്ധിക്കണം എന്നാ പറഞ്ഞിട്ടുള്ളത്.
ആണോ കൊച്ചേ.. പിന്നെ എന്നത്തിനാ നീ ഇവിടെ കിടന്ന് തിരിയുന്നെ ആ റൂമിലെങ്ങാനും പോയി കിടക്ക് പെണ്ണേ… വല്യമ്മച്ചി ജെനിയോടായി പറഞ്ഞു.
ഇനിപ്പോ കഴിക്കാൻ ആയില്ലേ വല്യമ്മച്ചി അത് കഴിഞ്ഞിട്ട് ഞാൻ പൊക്കോളാം..
മ്മ്.. എന്നാ വേഗം എടുത്ത് വെക്കാൻ നോക്ക്… സമയം ആയില്ലേ…വല്യമ്മച്ചി അത് പറഞ്ഞപ്പോൾ ആനിയമ്മയും ജെനിയും കൂടി കഴിക്കാനുള്ളത് കൊണ്ടുവെക്കാനും മറ്റും തുടങ്ങി.
ആ സമയത്താണ് ജോസഫിന്റെ വിളി ഹാളിൽ നിന്ന് കേട്ടത്.
ഇച്ചായൻ വന്നെന്ന് തോന്നുന്നു. ഞാൻ ഒന്ന് നോക്കട്ടെ… അതും പറഞ്ഞ് ആനിയമ്മ ഹാളിലേക്ക് പോയി.
ഈ ഇച്ചായൻ ഇതെവിടെ പോയി കിടക്കാണാവോ.. വിളിച്ചിട്ടും കിട്ടുന്നില്ലല്ലോ എന്റെ മാതാവേ… ജെനി ആലോചിച്ചു.
എല്ലാവരും കഴിക്കാൻ ഇരുന്ന നേരത്താണ് അലക്സി വന്നത്….
അലക്സി.. നീ കഴിച്ചതാണോ.. വല്യപ്പച്ചൻ ചോദിച്ചു..
ഞാൻ കഴിച്ചു വല്യപ്പച്ചാ…
മ്മ്.. എന്നാൽ പോയി ഫ്രഷ് ആയി വായോ എനിക്ക് എല്ലാരോടും കുറച്ച് സംസാരിക്കാൻ ഉണ്ട്… അയാൾ അത് പറഞ്ഞതും അവൻ ജെനിയെ ഒന്ന് നോക്കിക്കൊണ്ട് ഫ്രഷ് ആവാനായി പോയി.
ജെനി അവിടെ നിന്നും എഴുന്നേൽക്കാൻ പോയപ്പോൾ.. അവിടിരിക്ക് കൊച്ചേ അന്നത്തിന്റെ മുന്നിൽ നിന്ന് ദൈവംതമ്പുരാൻ വന്നാലും എഴുന്നേൽക്കരുതെന്ന് കേട്ടിട്ടില്ലേ. അവന് എന്നാ ഒറ്റക്ക് കുളിക്കാൻ അറിയാന്മേലെ… വല്യമ്മച്ചി ജെനിയെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു.
അതോടെ അവൾ അവിടെ തന്നേയിരുന്നു കഴിക്കാൻ തുടങ്ങി..
ജോസഫേ സൂപ്പർമാർകെറ്റിൽ എന്നേലും പ്രശ്നം ഉണ്ടോടാ … വല്യപ്പച്ചൻ ചോദിച്ചു.
എന്റെ അറിവിൽ ഇല്ലല്ലോ അപ്പച്ചാ.. എന്നാ പറ്റി..
മ്മ്..അതിന് മറുപടി പറയാതെ അയാൾ ഒന്ന് മൂളുക മാത്രം ചെയ്യ്തു.
………….
തുടരും

by